
-----------------------
ഉഷ്ണം നിറഞ്ഞ ഒരു പകൽ അതിന്റെ അന്ത്യത്തോടടുക്കുകയാണ്. വെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. വേനൽക്കാലം അതിന്റെ പാരമ്യതയിൽ ആയിരുന്നതിനാൽ ചൂട് അപ്പോഴും കുറഞ്ഞിരുന്നില്ല. ക്ലോക്കിൽ മണി അഞ്ചടിച്ചു. ഫയലിലേക്ക് തലകുമ്പിട്ടിരുന്ന രാജീവ് അത് കേട്ട് തലയുയർത്തി. ഓഫീസ് ടൈം കഴിഞ്ഞിരിക്കുന്നു. അയാൾ ആലസ്യത്തോടെ സീറ്റിലേക്ക് ചാരി.
വളരെ തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു ഇന്ന്. ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടാത്തത് പോലെ ജോലിത്തിരക്ക്. അയാൾ വല്ലാതെ തളർന്നിരുന്നു.
"രാജീവ് സർ ഇറങ്ങുന്നില്ലേ...?"
സഹപ്രവർത്തകൻ മനോജിന്റെ ചോദ്യം അയാളെ എന്തൊക്കെയോ ചിന്തകളിൽ നിന്നും ഉണർത്തി.
"ഉവ്വ്. ഇറങ്ങണം."
പുഞ്ചിരിയോടെ മനോജ് യാത്ര പറഞ്ഞു. രാജീവ് മുൻപിൽ ഇരുന്ന ഫയൽ മെല്ലെ മടക്കി. കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് ക്യാബിന് വെളിയിലിറങ്ങി. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കിറങ്ങിയത് പോൽ ഓഫീസിന് പുറത്തിറങ്ങിയപ്പോൾ രാജീവിന് അസ്വസ്ഥത തോന്നി. വെയിൽ അതിന്റെ മഞ്ഞപ്രഭാവം വിട്ടിരുന്നില്ല അപ്പോഴും. അയാൾ തന്റെ കാറിനടുത്തേക്ക് നീങ്ങി.
കാറിൽ എസി ഓണാക്കി അല്പനേരം വെറുതെ ഇരുന്നു. വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല. മറ്റെവിടേക്കെങ്കിലും പോയാലോ എന്ന് ചിന്തിക്കുമ്പോഴാണ് തന്റെ മൊബൈലിനെക്കുറിച്ചോർത്തത്. അയാൾ മൊബൈൽ പോക്കറ്റിൽ നിന്നും എടുത്തു. സൈലന്റ് മോഡിൽ ആണ്. വീട്ടിൽ നിന്നും ഹേമയുടെ മെസ്സേജുകൾ തുടരെ തുടരെ വരാൻ തുടങ്ങിയപ്പോൾ സൈലന്റ് മോഡിൽ ആക്കിയതാണ്. തിരക്കുകൾ തീർന്നപ്പോഴും അത് മാറ്റുവാനോ മറുപടി കൊടുക്കുവാനോ തോന്നിയില്ല. രാജീവ് ഫോൺ അൺലോക്ക് ചെയ്ത് മെസ്സേജുകളിലൂടെ കണ്ണോടിച്ചു.
"രാജീവേട്ടാ... എനിക്ക് വല്ലാതെ മടുപ്പ് തോന്നുന്നു. ഒന്നിനും ഒരു സമാധാനം കിട്ടുന്നില്ല. ഒന്ന് റിലാക്‌സ് ആവാൻ ഞാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷെ സാധിക്കുന്നില്ല. എനിക്കിങ്ങനെ ഒറ്റക്ക് വയ്യ രാജീവേട്ടാ..."
"രാജീവേട്ടൻ തിരക്കിലാണോ...?"
"എന്താ മറുപടിയില്ലാത്തത്...?"
"തിരക്കിലാണെങ്കിൽ പറഞ്ഞോളൂ... ഞാൻ ഡിസ്റ്റർബ് ചെയ്യില്ല."
"ശരി..."
ഇത്രയുമായിരുന്നു മെസ്സേജുകൾ. ഇതിനിടയിൽ വിളിച്ച രണ്ടു കോളുകൾ. മറുപടി ഇല്ലാതായപ്പോൾ അവൾ എല്ലാം നിർത്തി. രാജീവ് ഒരു നിമിഷം ആ ഫോൺ കൈയിൽ വച്ച് അങ്ങനെ തന്നെ ഇരുന്നു. പിന്നെ വീണ്ടും ഫോൺ പോക്കറ്റിൽ ഇട്ട് കാർ സ്റ്റാർട്ട് ചെയ്ത് ഇറങ്ങി.
യാത്രക്കിടയിൽ അയാൾക്ക് വല്ലാത്ത വിഷമം തോന്നി. ഹേമയുടെ ഈ അവസ്ഥയാണ് തനിക്ക് വീട്ടിലേക്ക് പോലും പോകാൻ തോന്നാത്ത വിധം മടുപ്പുണ്ടാക്കിയത്. ഏറെ കാത്തിരുന്ന് കിട്ടിയ കുഞ്ഞ് പ്രസവത്തിൽ മരിച്ചു പോയത് മുതൽ തുടങ്ങിയതാണ്. ആ സംഭവം അവളെ വല്ലാതെ മാറ്റിയെടുത്തു. എന്ത് ചെയ്താലും പറഞ്ഞാലും എത്ര ആശ്വസിപ്പിച്ചാലും അവൾക്ക് സമാധാനം ആകില്ല. അവളൊന്ന് ചിരിച്ച് പോലും കണ്ടിട്ട് ഇപ്പോൾ ഏറെ നാൾ ആയിരിക്കുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും ഇപ്പൊൾ തനിക്കും മടുപ്പായി തുടങ്ങിയിരിക്കുന്നു.
രാജീവിന്റെ കാർ നഗരത്തിന്റെ ബഹളങ്ങൾക്കിടയിൽ ഒഴുകിക്കൊണ്ടേ ഇരുന്നു. ലക്ഷ്യം ഏതാണെന്ന് അപ്പോഴും അയാൾ നിശ്ചയിച്ചിരുന്നില്ല. മനസ്സ് മറ്റൊരു ലോകത്ത് സഞ്ചരിക്കുകയായിരുന്നു.
കുഞ്ഞിനെ നഷ്ടപ്പെട്ടതിൽ തനിക്കും ദുഃഖമുണ്ട്. കുഞ്ഞ് ഹേമയുടേത് മാത്രമല്ല. ഹേമ അമ്മയാണെങ്കിൽ താൻ അച്ഛനാണ്. ഉള്ളിലെ വേദന കടിച്ചമർത്തി അവൾക്ക് മുന്നിൽ ചിരിച്ചു നിൽക്കുന്നത് അവളെ വേദനിപ്പിക്കരുത് എന്നു മാത്രം കരുതിയിട്ടാണ്. എന്നിട്ടും അവൾ ഇത്തരത്തിൽ തന്നെ ബുദ്ധിമുട്ടിക്കുമ്പോൾ വല്ലാതെ അസ്വസ്ഥനായി പോകുന്നു.
ഹേമ പാവമാണ്. അറിയാതെ അല്ല. തന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും അതിലേറെ പ്രയാസങ്ങളും അവളും മനസ്സിലാക്കേണ്ടതല്ലേ... ഈയിടെയായി താൻ അവളോട് പലപ്പോഴായി ദേഷ്യപ്പെടുകയും ചെയ്തു. എല്ലാം തന്റെ ടെൻഷൻ കൊണ്ടാണ്. ഓഫീസിൽ പലരും മക്കളെപ്പറ്റി പറയുകയും കുഞ്ഞുങ്ങൾ ഉണ്ടായതിൽ പാർട്ടി നടത്തുകയും മറ്റും ചെയ്യുമ്പോൾ തന്റെ മനസ്സും നോവുന്നുണ്ട്. തന്നെ ഏറ്റവും നന്നായി മനസ്സിലാക്കിയിരുന്ന ഹേമ ഇപ്പോൾ ഒന്നും അറിയാത്തവളെപ്പോലെ തന്റെ മാത്രം ലോകത്ത് വിഹരിക്കുകയാണ്.
താൻ പോലും അറിയാതെ കാൽ ബ്രേക്കിൽ അമർന്നപ്പോഴാണ് അയാൾക്ക് തന്നെ സ്ഥലകാലബോധം ഉണ്ടായത്. എവിടെയാണ് എത്തിപ്പെട്ടതെന്ന് അറിയാത്തത് പോലെ രാജീവ് ചുറ്റും നോക്കി. തന്റെ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ തന്നെയാണ് എത്തിയിരിക്കുന്നത് എന്ന തിരിച്ചറിവ് അയാൾക്കുണ്ടായി.
കലുഷിതമായ മനസ്സോടെ രാജീവ് കാറിൽ നിന്നും ഇറങ്ങി ഫ്ലാറ്റിലേക്ക് നടന്നു. കൈയിലുള്ള കീ ഉപയോഗിച്ച് ഫ്ലാറ്റ് തുറന്ന് അകത്ത് കടന്നു. ഹാളിൽ എവിടെയും ഹേമയെ കണ്ടില്ല. അയാളുടെ ഉള്ളിൽ അകാരണമായ ഒരു ഭീതി ഉടലെടുത്തു. ധൃതിയിൽ അയാൾ അടുക്കളയിലേക്ക് ചെന്നു. ഇല്ല, അവിടെയും ഹേമ ഇല്ല. ഹൃദയമിടിപ്പിന്റെ താളം വർദ്ധിക്കുന്നത് രാജീവ് തിരിച്ചറിഞ്ഞു.
മുറിയിലേക്ക് അയാൾ നടക്കുകയായിരുന്നില്ല. ഓടുകയായിരുന്നു. കട്ടിലിൽ എങ്ങും ഹേമയെക്കാണാഞ്ഞ് പരിഭ്രാന്തനായാണ് അയാൾ ബാൽക്കണിയിലേക്കെത്തിയത്. ഒരു നിമിഷം അയാൾ ശക്തിയായി ശ്വസിച്ചു.
പെട്ടെന്നുള്ള അയാളുടെ കടന്നു വരവിൽ അല്പം ഭയന്ന് പോയ ഹേമ അടുത്ത നിമിഷം മനഃസംയമനം വീണ്ടെടുത്തു. പിന്നെ മെല്ലെ പുഞ്ചിരിച്ചു. ആ ചിരിയിൽ ഏറെ വിഷാദം കലർന്നിരുന്നു.
രാജീവ് മെല്ലെ അവൾക്കരികിലേക്ക് ചെന്ന് തോളിൽ കൈവച്ചു. രാജീവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ഹേമ മെല്ലെ മൊഴിഞ്ഞു.
"സോറി. തിരക്കാകും എന്നെനിക്കറിയാം. വല്ലാതെ മടുപ്പ് തോന്നിയതുകൊണ്ടാണ് ഞാൻ മെസ്സേജ് ചെയ്തത്. റിപ്ലൈ കാണാഞ്ഞപ്പോളാ വിളിച്ചത്. ബുദ്ധിമുട്ടായി അല്ലെ...?"
ക്ഷമാപണ സ്വരത്തിൽ ഉള്ള കുറ്റസമ്മതം കേട്ടപ്പോൾ രാജീവിന് അതിയായ ദുഃഖം തോന്നി. അവൻ അവളെ മെല്ലെ നെഞ്ചോട് ചേർത്തു. ആശ്വസിപ്പിക്കും പോലെ ആ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
"ഇനി ഇങ്ങനെ ശല്യം ചെയ്യില്ല. എന്നോട് ദേഷ്യം തോന്നല്ലേ രാജീവേട്ടാ... എനിക്ക് വേറെ ആരും ഇല്ലാത്തോണ്ടാ ഞാൻ..."
ഗദ്ഗദത്തോടെയുള്ള ഹേമയുടെ വാക്കുകൾ അയാൾക്കുള്ളിൽ വേദന പടർത്തി.
"സാരമില്ല. കുറച്ച് തിരക്കുണ്ടായിരുന്നു. അത്രേ ഉള്ളു. നിനക്ക് ബോറടിക്കുമ്പോഴൊക്കെ നീ വിളിച്ചോ... ഫ്രീ ഉള്ളപ്പോൾ ഞാൻ കൂടെ ഇരിക്കാം."
അയാൾ മെല്ലെ അവളുടെ നെറുകയിൽ ചുംബിച്ചു. ആ വാക്കുകൾ അവൾക്ക് നൽകിയ ആശ്വാസത്തിൽ അവൾ നിറഞ്ഞു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ രാജീവും പങ്കുചേർന്നു. അവൾ ആ നെഞ്ചിൽ മുഖം ചേർത്ത് അങ്ങനെ നിന്നു. കൂടണയാൻ വെമ്പുന്ന കിളിയെ പോലെ സായന്തന സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞുകൊണ്ടേ ഇരുന്നു.
-ശാമിനി ഗിരീഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക