Slider

ഓർമ്മയിൽ ഒരോണം

0
Image may contain: 1 person, smiling

ഓർമ്മയിൽ എന്നുമുള്ള ഓണം, ഓർമ്മ വച്ച നാളുകളിൽ തുടങ്ങുന്നതാണ്. അമ്മയുടെ വീട്ടിൽ കുട്ടികൾ ആരുമില്ല എന്ന കാരണത്തിൽ ഒന്നിച്ചു വളർന്ന നാലു പേരിൽ നിന്ന് ഒറ്റയ്ക്ക് അടർത്തിയെടുത്ത് അമ്മ വീട്ടിലേയ്ക്ക് പറിച്ചു നട്ടെങ്കിലും അമ്മാവൻമാരും, വലിയമ്മമാരും, അവരുടെ മക്കളും, മുത്തച്ചനും, അമ്മുമ്മയും എല്ലാവരും കൂടെ ഒത്തിരി സ്നേഹം തന്നു വളർത്തിയതിനാൽ എന്നും
ഓണമായിരുന്നു.
ഒറ്റപ്പെടൽ എന്ന തോന്നലില്ലാതെ മാളികയിലെ എട്ടു കുട്ടികളും നടുക്കത്തെ വീട്ടിലെ അഞ്ചു കുട്ടികളും
കുഴുപ്പള്ളിയിലെ മൂന്നു ചേച്ചിമാരും പിന്നെ ഒത്തിരി കൂട്ടുകാരും ചേർന്നപ്പോൾ എന്നും കളിയ്ക്കാൻ ഒരോണത്തിനുള്ള കളിക്കൂട്ടുകാർ ഉണ്ടായിരുന്നു, അതിനാൽ
എന്നും സന്ധ്യമയങ്ങുന്നതു വരേ ഓണക്കളികൾ ആയിരുന്നു.
ഓണ ഓർമ്മകൾ തുടങ്ങുന്നത് മുത്തച്ഛനൊപ്പം വള്ളം കയറി അക്കരെ കടന്ന്, പിന്നെ കുറെ ദൂരം നടന്നു പോയി അത്തച്ചമയാഘോഷങ്ങൺ കണ്ട് തിരിച്ചു വരുമ്പോൾ
ചെറിയ മൺകലങ്ങളും
വാങ്ങി വരുന്നതാണ്.
ഓണത്തിന്റെ പാചകങ്ങൾ മുത്തച്ഛന്റെ മേൽനോട്ടത്തിൽ ആണ്.
കഴുകി കമഴ്ത്തിവയ്ക്കുന്ന
മൺകലങ്ങൾ ഓരോന്നായെടുത്ത് മുത്തച്ചൻ ആദ്യം അച്ചാറുകൾ ഉണ്ടാക്കിത്തുടങ്ങുന്നു. ആദ്യം ഉണ്ടാക്കുന്നത് പുളിയിഞ്ചി, പുളിയും, എരിവും, മധുരവും ചേർന്ന
അതിന്റെ രുചിയും മണവും
നാവിൽ ഇന്നും വെള്ളം നിറയ്ക്കുന്നു. ചെറുനാരങ്ങ, വടുകപുളി നാരങ്ങ, മാങ്ങ എന്നിങ്ങനെ വിവിധ തരം അച്ചാറുകൾ ഉണ്ടാക്കി മൺകലത്തിലാക്കി ന്യൂസ് പേപ്പർ നാലായി മടക്കി വാമൂടി ,വാഴനാരു കൊണ്ട് കെട്ടി മാറ്റി വച്ചിട്ട് ഉപ്പേരികൾ ഉണ്ടാക്കാൻ തുടങ്ങുകയായി, ഏത്തയ്ക്ക തൊണ്ടുകീറി
മഞ്ഞൾ വെള്ളത്തിലിട്ട് കറ കളഞ്ഞ് വട്ടത്തിൽ നുറുക്കി
പൊൻനാണയം പോലെ തിളങ്ങുന്ന വറുത്തുപ്പേരി, നാലായി നുറുക്കി വറുത്തെടുക്കുന്ന ചെറിയ ഉപ്പേരി, അല്പം കനത്തിൽ വട്ടത്തിൽ മുറിച്ചെടുത്ത്, വീണ്ടും രണ്ടാക്കി മുറിച്ചെടുത്ത് എണ്ണയിൽ വറുത്ത് കോരി, തിളപ്പിച്ച ശർക്കര പാനിയിൽ, ഏലയ്ക്ക, ചുക്ക് എന്നിവ പൊടിച്ച് ചേർത്ത് ഇളക്കിവരട്ടിയെടുക്കുന്ന സ്വാദിഷ്ടമായ
ശർക്കരപെരട്ടി. അവയെല്ലാം ഉണ്ടാക്കി അവയും മൺകലത്തിലാക്കി കെട്ടി വയ്ക്കും. പക്ഷെ ഇടയ്ക്കിടയ്ക്ക് അതിന്റെ
കെട്ടഴിച്ച് ഉപ്പേരി വാരാനുള്ള സ്വാതന്ത്യം എനിയ്ക്ക് ഞാൻ തന്നേ കൊടുക്കുകയും, അതിനുള്ള അടി കൃത്യമായി വാങ്ങി കൂട്ടുകയും ചെയ്യും, തിരിച്ച് കൃത്യമായി കെട്ടിവച്ചില്ലെങ്കിൽ കാറ്റു കേറി ഉപ്പേരി തണുത്ത് പോകും എന്നതായിരുന്നു
കാരണം. അടിയും, വാരലും
എന്നും തുടർക്കഥ. ഈർക്കിൽ കൊണ്ടുള്ള സ്നേഹ അടികൾ, നോവാറില്ലായിരുന്നു. അച്ചാറുകളുടേയും, വറുത്തുപ്പേരികളുടേയും
ഓണ ഗന്ധങ്ങൾ ഇന്നു മോണക്കാലത്ത് എന്നിലേക്ക്ഒഴുകി എത്തുന്നു.
ഓണപ്പരീക്ഷയും, ഓണപൂക്കളവും ഒന്നിച്ചു വരുമ്പോൾ കിട്ടുന്ന സമയം
രണ്ടിനും പകിത്തു കൊടുത്തിട്ട് പൂക്കളം നന്നായാൽ മാർക്കു കുറയുകയും, മാർക്ക് നന്നായാൽ കളം ചെറുതാകുകയും ചെയ്യുന്ന കടംകഥയ്ക്ക് കാലമാണ് ഉത്തരം,
സമയം ഉപയോഗിക്കുന്നതിന്റെ
അളവിലുള്ള വ്യത്യാസം പറഞ്ഞു തന്നത്. അത്തത്തിന് തുമ്പക്കുടം മാത്രവും പിന്നീട് ഓരോ ദിവസം കൂടുംതോറും ഓരോ തരം പൂവുകൾ കൂട്ടിക്കൂട്ടി ഒമ്പതു ദിവസം പൂക്കളം ഇടുകയും, പത്താം ദിവസം
ഓണത്തപ്പനെ വരവേൽക്കുന്നതിനാൽ
അന്ന് പൂക്കളം ഇടാറില്ല.
അടുത്ത വീട്ടിൽ അധികം
കുട്ടികൾ ഉണ്ടായിരുന്നതിനാൽ അവരെല്ലാം വലിയ പൂക്കളമിടുമ്പോൾ ഉള്ള പൂക്കൾകൊണ്ട് ഓണപ്പൂക്കളം ഇട്ടു പഠിച്ചതിനാൽ ഇന്നും
ഉള്ളതുകൊണ്ട് ഓണമായി
സന്തോഷമായി കഴിയുന്നു.
നീലക്കളറുള്ള അരിമണി പൂവ് എത്ര നേരം നുള്ളിയെടുത്താലാണ് ഒരു നുള്ള് പൂവ്വ് കിട്ടുന്നത്. വൈകിട്ട് പറിച്ചെടുക്കുന്ന
തുമ്പപൂവും, അരിമണി പൂവും ചേമ്പിലയിൽ വെള്ളം തളിച്ച് വാടാതെ
കാത്തുവച്ചിട്ട്, രാവിലെ
തൊടികളിൽ ചുറ്റിനടന്ന്
മഞ്ഞുകൊണ്ട് മങ്ങി വിടർന്നു വരുന്ന മുക്കുറ്റിയും, ചുവന്ന ചെത്തിപ്പൂവും, അടുത്ത വീട്ടിലെ അതിരിലുള്ള മഞ്ഞക്കോളാമ്പിയും എല്ലാം ചേർത്തിടുന്ന കൊച്ചു പൂക്കളങ്ങൾ ഉള്ളിൽ വലിയ സന്തോഷങ്ങൾ തന്നിരുന്നു. ഇന്നും ഉള്ളിൽ ഓണക്കാലത്ത് പൂവിളിയുയരുന്ന ഓണപ്പൂക്കളങ്ങളുടെ
നവ്യഗന്ധം. ഇന്നത്തെ മണമില്ലാത്ത, വാങ്ങിക്കൂട്ടുന്ന വാടിയ പൂവുകളുടെ, മറ്റു ചില പ്ലാസ്റ്റിക്ക് പൂക്കളങ്ങളുടെ
ഇടയിലും മനസ്സിൽ
തിളങ്ങുന്നു.
ഓണത്തിന്റെ അന്നു രാവിലെ പുലർകാലത്ത് കുളിച്ച് കുറി തൊട്ട് വീട്ടിലെല്ലാവരും ചേർന്ന് തൃക്കാക്കരയപ്പനെ പടിവാതിലിൽ നിന്ന് എതിരേറ്റ് ആനയിച്ചു കൊണ്ടുവരിക. മരത്തിൽ നിർമ്മിച്ച ഓണത്തപ്പനേയും മക്കളേയും കുളിപ്പിച്ച് ചന്ദനം തൊടീച്ച് അരിമാവ് കലക്കി കോരിയൊഴിച്ച് സ്വാഗതം
ഓതുന്ന ചടങ്ങുകൾ
ആരംഭിയ്ക്കുന്നു. ചെറിയ ഓണത്തപ്പനെ പടിയ്ക്ക് പുറത്ത് തൂശനിലയിൽ വച്ച്,
വിളക്കു കത്തിച്ചു വച്ച്, പൂവടയും, പൂപ്പായസവും നേദിച്ച്, പൂവിളിയോടെ, കുരുത്തോലയും ,തുമ്പയും അരിഞ്ഞതും പൂക്കളുമിട്ട് പൂവഴി ഒരുക്കി തൃക്കാക്കരയപ്പനേയും മക്കളേയും ആനയിച്ച് പൂത്തറയിൽ ഇരുത്തി, പ്രാർത്ഥിച്ച് ഐശ്വര്യ സമ്പൂർണ്ണമായ ഒരോണം
തന്നതിന് നന്ദി പറഞ്ഞ്
പൂ കൊണ്ട് മൂടും. അരിമാവിൽ കുഞ്ഞി കൈകൾ മുക്കി അറവാതിലിൽ കൈമുദ്രകൾ പതിയ്ക്കുമ്പോഴയ്ക്ക് കിഴക്ക് നിന്ന് ബാലാർക്കന്റെ അരുണകിരണങ്ങൾ ഭൂമിയേ ചുംബിച്ചു തുടങ്ങിയിരിക്കും പിന്നീട്
ഉടനെ പ്രഭാത ഭക്ഷണവും കഴിച്ച് കളിക്കൂട്ടങ്ങളിലേക്കുള്ള
പറക്കലാണ്.
അടുത്ത വീട്ടിലെ പറമ്പിലെ
മൂവാണ്ടൻ മാവിന്റെ എത്താക്കൊമ്പിൽ കെട്ടിയിരിക്കുന്ന ആകാശ ഊഞ്ഞാലിൽ ആദ്യം തൊടാനുള്ള ഓട്ടം. മാവിന്റെ ഉയരത്തിലുള്ള കൊമ്പിലെ തളിരിലകൾ ആടിച്ചെന്ന് പറിച്ചെടുക്കാനുള്ള ആവേശത്തോടെ കുതിച്ചുയരുന്ന ഉറഞ്ഞാലാട്ടങ്ങൾ. പിന്നീട്
കളിക്കൂട്ടങ്ങൾ എത്തുന്നതിന് അനുസരിച്ചുളള കളികൾ.
തീരാത്ത കളികളുടെയും, ഊഞ്ഞാലാട്ടത്തിന്റെയും ഇടയിലേക്ക്, ഉച്ചയ്ക്ക് ഓണമുണ്ണാനുള്ള മുത്തച്ഛന്റെ സ്നേഹത്തോടെയുള്ള വിളികൾ, എന്നിട്ടും ചെല്ലാതിരിയ്ക്കുമ്പോൾ
വീണ്ടും വിളിയിലുള്ള സ്നേഹം ദേഷ്യമായ് മാറുന്ന നേരം ഓണമുണ്ണാനുള്ള യാത്ര.
തൂശനിലയിൽ വലിയ പപ്പടം, ചെറിയ പപ്പടം, പഴം, പായസം, ഉപ്പേരി പലവിധം,
സാമ്പാർ, അവിയൽ, കാളൻ, തോരൻ, കിച്ചടി, പച്ചടി, പുളിയിഞ്ചി, അച്ചാർ അങ്ങിനെ വിഭവ സമൃദ്ധമായ ഓണസദ്യയും,
കഴിഞ്ഞ് ,കൈയ്യും കഴിഞ്ഞ് വീണ്ടും കളിക്കൂട്ടത്തിലേയ്ക്കുള്ള ഓട്ടം.
ഇടയ്ക്ക് അമ്മ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക്
ഓണം കൂടാനുള്ള യാത്രകൾ. അവിടെ ഓണത്തിന്റെ അന്ന് ഏറ്റവും വലിയ പൂക്കളം
ഇടുന്നതാണ് ആഘോഷം. തൃക്കാക്കരയപ്പനെ ഒന്നും എതിരേൽക്കുന്ന ചടങ്ങ് ഇല്ലെങ്കിലും അവിടെ മാവേലി ഓണം കാണാൻ വരുന്നത് രസകരം ആയിരുന്നു. ശരീരം മുഴുവനും പുഞ്ചക്കൊണ്ട് കെട്ടി മുഖം മൂടിയും അണിഞ്ഞ് മാവേലിയുടെ വരവ്
രസകരമായിരുന്നു.
മാവേലി വന്നിടുന്നല്ലോ
ആണ്ടുതോറും
വന്നിടുന്നല്ലോ
കേരള മക്കളെ
നമ്മളെ കാണാൻ
ആണ്ടുതോറും
വന്നിടുന്നല്ലോ.
വന്നേ വന്നേ
മാവേലി വന്നേ
എന്തിനു വന്നേ?
പൊന്നോണം കൂടാൻ
പോണേ പോണേ
മാവേലി പോണേ
അങ്ങിനെയങ്ങിനെ
മാവേലി അകന്നുപോയി.
ഞാനും അകന്നുപോയി.
മാവേലി ഓണം കാണാൻചെന്നാലും, പ്രവാസിയായ
എനിക്ക് ഇടയ്ക്ക് ഓണം പ്രവാസത്തിൽ തന്നേ. ഓർമ്മയിൽ ഓണം കൂടിയുള്ള അങ്ങിനെയുള്ള ഒരു ഇരുപ്പിൽ കുറിച്ചത്.

By PS ANILKUMAR
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo