നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുത്യേ ചൂരൽ ഉദ്‌ഘാടനം

Laugh Neon-light Signage Turned on

" ടാ സഞ്ജയേ റേഷൻ കടയിൽ പോയിട്ട് വാടാ... " അമ്മയാണ്.
നാലിന്റെ തിരുമുറ്റത്ത് വിയർപ്പിക്കുന്ന സ്കൂളിൽ നിന്നും വൈകിട്ട് വന്നു ചായ കുടിക്കാൻ ഇരുന്നതെയുള്ളൂ അപ്പോഴേക്കും വന്നു ഓർഡർ. ഈ അമ്മ വല്ല കോടതിയിലെയും ജഡ്ജി ആണാവോന്നു ഇടയ്ക്ക് സംശയം തോന്നാറുണ്ട്. ഇടയ്ക്കിടെ ഓരോ ഓർഡറുകൾ.
" എനിക്കെങ്ങും വയ്യ " എന്ന സാധാരണ മറുപടി മനസ്സിൽ നിന്നും നാവിന്റെ തുമ്പു വരെയെത്തിയതാണ്. അപ്പോഴാണ് അലമാരയുടെ മുകളിൽ ഇരിക്കുന്ന പുതിയ ചൂരലിലേക്ക് നോട്ടം പതിഞ്ഞത്. വന്ന മറുപടി അതേ സ്പീഡിൽ വിഴുങ്ങി. വിഴുങ്ങാൻ കിട്ടാതിരുന്ന എ യ അക്ഷരങ്ങൾ പുറത്തേക്ക് ചാടിയത് അമ്മ കേട്ടത് ഏ എന്ന അക്ഷരമായിട്ടാണ്. അതുകൊണ്ട് ഞാൻ കേട്ടില്ലായിരിക്കുമെന്നു കരുതി ഒന്നൂടെ വന്നു ആ മാതാശശീരി
" നിന്നോട് റേഷൻ കടയിൽ പോകാൻ.."
" ആം " ചൂരലിൽ തന്നെ നോക്കിക്കൊണ്ടാണ് സമ്മതിച്ചത്. വേറൊന്നുമല്ല അതിന്റെ ഉദ്ഘാടനം നടത്തണ്ടല്ലോ എന്ന് കരുതി മാത്രം. ഞാൻ വലുതാവുന്നത് അനുസരിച്ചു അതിന്റെ വണ്ണവും വലിപ്പവും കൂടുന്നുണ്ട്. എന്നായാലും അതിന്റെ ഉദ്ഘാടനം ഞാൻ തന്നെ ഏറ്റു വാങ്ങേണ്ടി വരും. എന്നാലും മനസ്സോടെ അത് വേണ്ടല്ലോ.
എന്റെ സ്വഭാവം നന്നായി അറിയുന്ന ആ ചൂരൽ കടക്കാരൻ എന്നും അച്ഛനോട് ചോദിക്കും. " ചൂരൽ വേണ്ടേ മാഷേ...??? " പണ്ടാരക്കാലൻ ദുഷ്ടൻ...
അച്ഛൻ മറന്നു പോയാലും ഓർമ്മിപ്പിച്ചു വാങ്ങിപ്പിക്കും. സ്ഥിരം കസ്റ്റമർ ആയത്കൊണ്ട് അച്ഛന് ഒരു രൂപ ഡിസ്‌കൗണ്ട് കൊടുക്കുമത്രേ.... അതുകാരണം അച്ഛനും ഉത്സാഹമാണ് പഴയത് എന്റെ തുടയിൽ തല്ലിപ്പൊളിച്ചിട്ടു പുതിയത് വാങ്ങാൻ. ഓരോ അടി കിട്ടുമ്പോഴും ഞാൻ മനസ്സിൽ ഓർക്കും തന്നെ എന്നേലും എന്റെ കൈപ്പാങ്ങിന് കിട്ടുമെഡോ കച്ചോടക്കാരൻ കശ്‌മലാ.. കിട്ടാതെവിടെപ്പോകാൻ... അന്ന് ഇതിന്റെയൊക്കെ പലിശയും മുതലും ഞാൻ തീർക്കും.
എന്ത് പറയാൻ ... പശുവുള്ള വീട്ടിൽ മോര് വേണമെന്ന് പറയുന്ന പോലെ ഞാനുള്ള വീട്ടിൽ ചൂരൽ വേണം എന്നത് ഒരു നിയമം പോലെയായി. അതൊക്കെ പോട്ടെ ഇത്രേം തല്ല് കിട്ടിയിട്ടും ഞാൻ നന്നായോ..? എവിടുന്ന്.
എന്റെ ശത്രു ചൂരലും ചൂരലിന്റെ ശത്രു ഞാനും ആയി. കാരണം ഞാൻ ആ കുടുംബത്തിൽ ഇല്ലെങ്കിൽ ചൂരലിന് പണിയൊന്നും എടുക്കാതെ അലമാരയുടെ മുകളിൽ വെറുതെ ഇരുന്നാൽ മതിയല്ലോ. അതോ അച്ഛന്റെയും അമ്മയുടെയും കൈകളിൽ ഒരു മടിയുമില്ലാതെ മാറി മാറി പോകും ആ ജന്തു. അവരുടെ ആ സൂക്ഷിച്ചു വെയ്ക്കലും കയ്യിലെടുപ്പും കണ്ടാൽ തോന്നും അവർക്ക് ആദ്യം ഉണ്ടായ മോനാണ് ചൂരലെന്നു....
ചുട്ട പെട കിട്ടി വല്ലാതെ നൊന്ത് ചന്തിയും തുടയും തിരുമ്മിക്കൊണ്ടു ഞാൻ ഇടയ്ക്ക് അലമാരയുടെ ചുവട്ടിൽ ചെന്നു ചൂരലിനോട് ചോദിക്കും " നിനക്ക് നാണമാവില്ലെടാ ചൂരലേ ഇങ്ങിനെ വെയിലും മഴയും കൊള്ളാതെ എന്റെ വീടിന്റെ അലമാരയുടെ മുകളിൽ ഞെളിഞ്ഞിരിക്കാനാണെന്നു..." കുറേ കേട്ടുകഴിഞ്ഞപ്പോ ഒരുദിവസം അവൻ ഇമ്മടെ ദിലുവേട്ടന്റെ ചാന്തുപൊട്ട് സിനിമയിലെ ആ ഡയലോഗ് പറഞ്ഞു.
" സഞ്ജുവിന് എന്നെ ഇഷ്ടമല്ലെങ്കിൽ സഞ്ജു ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പൊക്കോ...!!!" ഞാൻ ഞെട്ടിപ്പോയി... !!! കുറെ ചാടി നോക്കി. പിന്നെ എനിക്ക് കയ്യെത്താത്ത ദൂരത്തെ വീട്ടുകാർ ചൂരൽ വെയ്ക്കൂ എന്നുള്ളത് കൊണ്ട് മാത്രമാണ് അന്നെന്റെ കയ്യിൽ നിന്നും അവൻ രക്ഷപ്പെട്ടത്. അഹങ്കാരി.... ഞാനോ നന്നാവില്ല എന്നാ അവനെങ്കിലും നന്നായി വല്ല കാശിക്കും പോക്കൂടെ... ഹും... അച്ഛന്റെയും അമ്മയുടെയും ഒരു പുന്നാര വന്നേക്കുന്നു.... ബാക്കിയുള്ളവനെ കരയിക്കാനായിട്ടു... പാവം ഞാൻ...
അപ്പൊ പുതിയ ചൂരലിന്റെ ഉദ്ഘാടനം തലനാരിഴയ്ക്ക് ഒഴിവാക്കി ഞാൻ റേഷൻ കടയിലേക്ക് പുറപ്പെട്ടു. കട തുറന്നിട്ടില്ല. അപ്പോഴേക്കും നല്ല തിരക്ക് ആയി. കടക്കാരൻ വന്നാൽ സ്ത്രീകൾ കൂടുതൽ നിൽക്കുന്നതിന്റെ ഇടയിലൂടെ മാത്രമേ തുറക്കാൻ പോകാറുള്ളൂ. അതെന്താണാവോ അങ്ങിനെ എന്ന് പല പ്രാവശ്യം ഞാൻ ചിന്തിച്ചിട്ടുണ്ട്. ആണുങ്ങളെ കണ്ടാൽ അങ്ങോട്ട് മാറി നിക്ക് എന്നും പെണ്ണുങ്ങളോട് ഒന്നും മിണ്ടാതെ അതിന്റെ ഇടയിലൂടെ തിക്കിതിരക്കി അകത്തേക്ക് കയറുന്ന അയാളുടെ കഷ്ടപ്പാട് കണ്ട് എനിക്ക് പലപ്പോഴും സഹതാപം തോന്നിയിട്ടുണ്ട്. അന്നേ ഞാൻ ഉറപ്പിച്ചതാണ് വലുതാകുമ്പോ ഒരിക്കലും റേഷൻ കട തുടങ്ങില്ലെന്നു. പാവം മനുഷ്യൻ.
അന്നും പതിവുപോലെ അയാൾ വന്നു കട തുറന്നു. അപ്പോൾ തന്നെ റേഷൻ കാർഡ് വയ്ക്കാനുള്ള ഇടിയാണ്. ഇമ്മള് കുഞ്ഞിതായതോണ്ട് ആൾക്കാരുടെ കാലിന്റെ ഇടയിൽക്കൂടെ നൂണ്ടുകയറി മേശപ്പുറത്ത് വെയ്ക്കും. കാര്യം അത്രയ്ക്ക് തിരക്ക് പിടിക്കേണ്ട കാര്യമൊന്നുമില്ല. റേഷൻ കടയുടെ അടുത്താണ് സിനിമോളുടെയും രേഷ്മയുടെയും വീട്. അവരെ വായ്നോക്കി അവിടെ നിൽക്കാം. പക്ഷേ രാത്രിയാകും. പിന്നെ വല്ല പ്രേതവും വന്നാലോ. അതുകൊണ്ട് പരമാവധി ഞാൻ ഇടിച്ചുകയറി ആദ്യമേ തന്നെ വെയ്ക്കും. അന്ന് പക്ഷേ ആരോഗ്യമുള്ള കുറെ ആൾക്കാരുടെ കുടഞ്ഞെറിയലിൽ പിന്നോക്കം തള്ളപ്പെട്ട് തിരമാല പോലെ വീണ്ടും ചെന്ന് വീണ്ടും തള്ളി ഒക്കെ കാർഡ് വെച്ചപ്പോഴേക്കും പത്ത് പന്ത്രണ്ട് കാർഡിനും മുകളിലായി എന്റെ കാർഡ്. ഇന്ന് പണി പാളും. പ്രേതങ്ങൾ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങുന്നതിനും മുമ്പ് കിട്ടിയാൽ മതിയായിരുന്നു.
നിരാശയോടെ തലയും കുമ്പിട്ടു പിന്നിലേക്ക് മാറുന്നതിനിടയിലാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. ദാണ്ടേ ഗാന്ധിയപ്പൂപ്പൻ അമ്പതിന്റെ പുതപ്പിൽ നിലത്ത് കിടന്നു എന്നെ നോക്കി ആ പല്ലില്ലാത്ത വാ കൊണ്ട് പുഞ്ചിരിക്കുന്നു.... പെട്ടെന്ന് തന്നെ ഞാൻ തലയുയർത്തി ചുറ്റും നോക്കി... വേറെ ആരെങ്കിലും ആ പുഞ്ചിരി കണ്ടോ എന്നറിയണമല്ലോ. ഇല്ല... ' ഞാനേ കണ്ടുള്ളൂ.. ഞാൻ മാത്രേ കണ്ടുള്ളൂ... ' എന്റെ അപ്പൂപ്പൻ...ചക്കരക്കുട്ടൻ... കയ്യിലുണ്ടായിരുന്ന സഞ്ചി ഞാൻ അപ്പൂപ്പന്റെ മുഖത്തൂടി താഴത്തേക്കിട്ടു. സഞ്ചി എടുത്തപ്പോ അപ്പൂപ്പനും കൂടി എന്റെ കയ്യിൽ തൂങ്ങി ഇങ്ങ് പോന്നു. അന്നൊക്കെ എനിക്ക് അമ്പത് രൂപ ഒരുമിച്ചു കിട്ടുക എന്നു പറഞ്ഞാൽ ഒരു കോടി രൂപ ലോട്ടറി അടിച്ചു എന്നു പറയുന്ന പോലെയാണ്.
അഞ്ചു രൂപ തികച്ചു കയ്യിൽ കിട്ടാത്തവന് ഇതാ അമ്പത് രൂപ ഒരുമിച്ചു കിട്ടിയിരിക്കുന്നു. പൂച്ചയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ട എലിയുടെ ഹൃദയം തുടിക്കുന്നത് പോലെ എന്റെ ഹൃദയം തുടിച്ചു. മനസ്സ് വേഗം ആസൂത്രണ കമ്മീഷന്റെ അടിയന്തിരയോഗം വിളിച്ചുകൂട്ടി പ്ലാനിംഗ്‌ തുടങ്ങി. ഏതോ പാവങ്ങളുടെയോ പണക്കാരുടെയോ കാശ് ആണ്. അന്നപ്പോ അതൊന്നും ചിന്തിച്ചില്ല. നേരെ അപ്പുറത്തെ കടയിലേക്ക് നടന്നു അവിടുത്തെ ചില്ലലമാരയിൽ ഇരുന്ന് എന്നെ കൊതിപ്പിച്ചിട്ടുള്ള കുറച്ചു സാധനങ്ങൾ , മുന്തിരി ജ്യൂസ് , ബാലരമ ഇതൊക്കെ വാങ്ങിയിട്ട് പിന്നെയും പൈസ ബാക്കി. അതിൽ നിന്നും ഒരു രൂപ അടുത്തുള്ള അമ്പലത്തിൽ നേർച്ചയിട്ടിട്ടു ബാക്കിക്ക് കപ്പലണ്ടി മിട്ടായിയും കൂടി വാങ്ങി കഴിച്ചു. വയറിന് ഒരു സംതൃപ്തി മനസ്സിന് അതിലും വലിയ സംതൃപ്തി... ഹോ ആരെങ്കിലും ഒരടിപൊളി പാട്ട് വെച്ചിരുന്നെങ്കിൽ അവിടെ നിന്ന് ഞാൻ അടിപൊളി ഡപ്പാം കൂത്ത് ഡാൻസ് കളിച്ചേനെ അത്രയും സന്തോഷം.
തിരികെ റേഷൻ കടയിലേക്ക് വരുമ്പോഴേ ഉളിഞ്ഞു നോക്കിക്കൊണ്ടാണ് വരവ്. ആരേലും കാശ് പോയതിന് നെഞ്ചത്തടി നിലവിളി നടത്തുന്നുണ്ടോ എന്ന്. ഏയ് ഭാഗ്യം ആരുമില്ല. കാര്യം തെളിവൊന്നും അവശേഷിപ്പിച്ചിട്ടില്ലെങ്കിലും ഒരു ഭയം....
ഒന്നുറപ്പായി എനിക്ക് ശേഷം കാർഡ് വെച്ചിട്ടുള്ള ആരുടെയോ കാശ് ആണ് പോയത്. ഇനിയത് അറിയുന്നതിന് മുമ്പ് സാധനങ്ങൾ വാങ്ങി പോകാം. അവിടെത്തിയപ്പഴേ ദേ പള്ളിക്കൂടത്തിൽ മാഷ് പേര് വിളിക്കും പോലെ കടക്കാരൻ അച്ഛന്റെ പേര് വിളിക്കുന്നു. ഞാൻ ചാടിക്കയറി ഹാജർ പറഞ്ഞു. എന്തൊക്കെയാ വേണ്ടത്. ഞാൻ സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു...
" 47 രൂപ ".
" പൈസ കാർഡിന്റെ കവറിന്റെ ഉള്ളിലുണ്ട് " ഞാൻ വിനീതനായി പറഞ്ഞു.
" ഇതിലൊന്നുമില്ലല്ലോ "
ഡിം... ആദ്യത്തെ ഞെട്ടൽ. വായിലേക്ക് കേറി വന്ന മിട്ടായിയുടെ രുചി വീണ്ടും ഇറക്കിക്കൊണ്ടു ഞാൻ പിന്നെയും പറഞ്ഞു.
" ദേ ചേട്ടാ കളിക്കല്ലേ... പൈസ അവിടെ വെച്ചിട്ടുണ്ട്... ഒന്നൂടെ ശരിക്ക് നോക്കിക്കേ..."
" ഇന്നാ നീ നോക്ക്..."
ഞാൻ വാങ്ങി തിരിച്ചും മറിച്ചും കുലുക്കിയും നോക്കി.... നോ രക്ഷ... പൈസ കാണാനില്ല...
അപ്പൊ ആ അമ്പത് രൂപ....!!!!!
ദേവ്യേയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ........!!!!
ഞാൻ എടുത്ത് അടിച്ചുപൊളിച്ചു അവലോസ്‌പൊടി ആക്കിയത് ഇമ്മടെ കുടുംബത്തിൽ നിന്നും കിട്ടിയ പൈസ... ഇനിയെങ്ങിനെ വീട്ടിലേക്ക് തിരിച്ചു പോകും... നാട് വിട്ട് പോകാൻ വരെ പത്ത് രൂപ ബാക്കി വെച്ചില്ലല്ലോ കൃഷ്ണാ...
ഇനിയിപ്പോ എന്തിനാ ബാക്കി പറയുന്നത്. പൈസ കളഞ്ഞു പോയി എന്നും പറഞ്ഞു കാലിയായ സഞ്ചിയും തൂക്കിപ്പിടിച്ചു വീട്ടിലെത്തിയ എനിക്ക് അമ്മയുടെ കൈ കൊണ്ട് തന്നെ നല്ല വൃത്തിയായി വിത്ത് പ്രസംഗത്തോട് കൂടി പുതിയ ചൂരലിന്റെ ഉദ്ഘാടനം കഴിപ്പിക്കാനായി. പാട്ടൊന്നും ഇല്ലെങ്കിലും ഇലത്താളം ഉണ്ടായിരുന്നു. അതിന് എല്ലാവിധ സഹായങ്ങളും നൽകിയത് ഇമ്മടെ സ്വന്തം തുടയും ചന്തിയുമായിരുന്നു....
അതിൽപ്പിന്നെ എവിടുന്ന് പൈസ കളഞ്ഞു കിട്ടിയാലും ഞാൻ ആദ്യം തന്നെ എന്റെ പോക്കറ്റ് തപ്പി നോക്കും. എന്നിട്ടെ വേറെ ആരോടെങ്കിലും ചോദിക്കൂ.
Sanjay Krishna.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot