നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗോചരിതം നാലാംദിവസം.... (ചെറിയ കഥ)



രചന: ശ്രീധർ .ആർ .എൻ
"കേരളത്തിലെ തനത് പശുവിനങ്ങൾ ഏതൊക്കെയാണ് ?,
സുമേഷ് പറയൂ.
ഡസ്ക്കിലെ ലൗ ചിഹ്നത്തിന് കുറുകെയുള്ള ശൂലത്തിന്റെ അവസാനമിനുക്കുപണിയിലായിരുന്ന സുമേഷ് ഒന്നുഞെട്ടി. തന്നെ സഹതാപത്തോടെ നോക്കുന്ന കശ്മലനേത്രങ്ങളെ തൃണവത്ഗണിച്ച് ആത്മവിശ്വാസം നേടിയ അവൻ എഴുന്നേറ്റ് ചരിത്രപരമായ ആ മറുചോദ്യം തൊടുത്തു ....!
"മാഷ്ടെ വീട്ടിൽ പശുവുണ്ടോ ...? "
കാലങ്ങളായി പശുവിന്റെ ചൂടുംചൂരും പാലുംമോരും മൂത്രവുംചാണകവും എന്നുവേണ്ട സകലമാന ദ്വിമാനസമവാക്യങ്ങളുമായി നിരന്തരം മല്ലിടുന്ന എന്നോടോ ബാലാ ...!
എന്ന് മനസ്സിൽ പറഞ്ഞ അവന്റെ ആ ചോദ്യം......!
പരിസ്ഥിതി പഠനം എന്നത് ശശാങ്കൻമാഷാണ് എന്ന് സ്വയമുരുവിടുന്ന ആറാംക്ലാസുകാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു തങ്ങളുടെ ബഡാഭായി സുമേഷിന്റെ ആ ചോദ്യം ..
ലോങ്ങ് ബല്ലടിച്ചതിനാൽ തൽക്കാലം രക്ഷപെട്ട ശശാങ്കൻ മാഷിന്റെ മനസ്സിൽ സുമേഷിന്റെചോദ്യം ഒരു കീറാമുട്ടിയായി കിടന്നു.
"വാസന്തീ ... നമുക്കൊരു പശുവിനെ വാങ്ങണം . കന്നുകാലി വളർത്തലിന്റെ സാമൂഹികവശങ്ങളെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ വീട്ടിൽ പശുവില്ല എന്നത് വലിയ ഒരു ന്യൂനതയാണ് .. "
അത്താഴചർച്ചയിൽ ഈ വിഷയം ഗൗരവമായ ചർച്ചയായി പരിണമിച്ചതിനാൽ വാസന്തിയുടെ സമ്മതംനേടിയ ശശാങ്കൻമാഷ് അങ്ങിനെ പശുവിനെ വാങ്ങാൻ തീരുമാനിച്ചു.
കുട്ടിക്കാലം അച്ഛന്റെകൂടെ കൽക്കത്തയിൽ ആയിരുന്ന വാസന്തിക്ക് നാട്ടിൻപുറത്തിന്റെ നറുമണങ്ങൾ ഏറെ ഇഷ്ടമായിരുന്നുതാനും..
"എവിടെ തുടങ്ങണം ..?" മാഷ് താടിരോമങ്ങളിൽ തടവി.
"പുഷ്ബട്ടൻ ...? "
"പുഷ്ബട്ടനോ ..? റോബോട്ടല്ല ... പശു.. പശു ...!" മാഷ് അലറി.
"അതാ പറഞ്ഞത്. .. നമ്മുടെ പുഷ്ബേട്ടനോട് പറഞ്ഞാപ്പോരെ. ...? "
"നിന്റെ ഒടുക്കത്തെ ഒരു ഭാഷ ...!"
"എത്ര ഒഴിവാക്കിയാലും പേരിൽ ഒരു 'ബ ' അത് ഞങ്ങൾ ബംഗാളികൾക്ക് നിർബന്ധമാ ... ബൃന്ദ, ബിശ്വാസ് ഒക്കെപ്പോലെ .. "
മാഷ് അൽപ്പം തണുത്തു ... വാസന്തി അവളെത്തന്നെ വിളിക്കുന്നത് ബസന്തി എന്നാണെല്ലോ ...
"പുഷ്പൻ മതി, നാളെത്തന്നെ തുടങ്ങാം ഗോ യാത്ര... "
"കൂടുതൽ പാലുള്ളത് വേണോ അതോ കുറഞ്ഞത് മതിയോ ..? ജഴ്സി പോലുള്ള ഇനങ്ങൾക്ക് പാല് കൂടുതൽകിട്ടും ... "
പുഷ്പൻ മുണ്ട് അൽപ്പം കൈകൊണ്ട് വലിച്ചു കയറ്റി ശോഷിച്ചതുടയിൽ വെറുതേചൊറിഞ്ഞു ...
പാല് കൂടുതലായാൽ ബുദ്ധിമുട്ടാണ്. പിന്നെ അത് വിൽക്കാൻ നടക്കണം , അതിന്റെ പൈസക്ക് നാട്ടുകാരോട് അടിപിടികൂടണം ... മാഷ് ഒന്നു ചിന്തിച്ച ശേഷം പുഷ്പനെനോക്കി അലസമായി പറഞ്ഞു .
"കുറഞ്ഞ പാല്മതി . ... ഞങ്ങടെ ആവശ്യത്തിന് മാത്രം ."
"അങ്ങനാണേൽ കാസർഗോഡനാ നല്ലത് ... തരപ്പെടുത്താം ... "
പുഷ്പൻ രംഗംവിട്ടു.
പിറ്റേന്ന് ഒരു സുന്ദരിപശുവും കുട്ടിയും വീടിനെ അലങ്കരിച്ചു. ....
"ഇതിന് തൊഴുത്തുവേണ്ടേ?"
പുഷ്പൻ വീണ്ടും ചൊറിഞ്ഞു ....
"ആലപാല പടിഞ്ഞാറ് എന്നാണ് ....!"
വാസന്തി അന്തംവിട്ടു ... എന്തെങ്കിലും പാട്ട് ആയിരിക്കും എന്ന്കരുതി സമാധാനിച്ചു.
പുഷ്പന്റെ മേൽനോട്ടത്തിൽ അന്നുതന്നെ ചെറിയ ഒരു ആല ( തൊഴുത്ത് ) പടിഞ്ഞാറ് ഭാഗത്ത് ഒരുങ്ങി.
രാവിലെ മാഷ് ധൈര്യം സംഭരിച്ചു പശുവിനെ കറന്നു. ...കഷ്ടിച്ച് ഒരു ഗ്ലാസ് പാല് കിട്ടി ... വൈക്കോൽ കെട്ട് പത്തെണ്ണം പുഷ്പ്പൻ പെട്ടിയോട്ടോയിൽ ഇറക്കി ...
കാര്യങ്ങൾ എല്ലാം ശുഭം ... മാഷ് ആത്മവിശ്വാസത്തോടെ തന്റെ പരിസ്ഥിതി ക്ലാസുകൾ തുടർന്നു. ...
വാസന്തിയുടെ മനസ്സ് സന്തോഷിച്ചു.പശുക്കിടാവിന്റെ മണിയൊച്ച കൾ അവളെ കുളിരണിയിച്ചു ... മാഷിന് പക്ഷെ അത്ര കുളിരില്ലായിരുന്നു ... ഒരുകെട്ട് വൈക്കോലിന് 250 രൂപ ... രണ്ടു ദിവസത്തേക്ക് ഒരു കെട്ട് കഷ്ടി തികയും ...
മുൻപാണെങ്കിൽ 20 രൂപയുടെ ഒരു പേക്ക് പാലു കൊണ്ടു ദിവസം കഴിയുമായിരുന്നു. ... മിൽമാബൂത്തിലെ ഷമീറിന് ഇപ്പോ മാഷെ കാണുന്നതേ കലിയാണ് ... പാലു വാങ്ങാത്തത് പോട്ടെ ..
വാങ്ങിക്കാൻ വരുന്നവരെ ഉപദേശിച്ച് പാക്കറ്റ് പാലിന്റെ ദോഷവശങ്ങൾ അവരെയൊക്കെ ബോദ്ധ്യപ്പെടുത്താനുള്ള മാഷിന്റെ ശുഷ്കാന്തിയോടാണ് ഷമീറിന് കൂടുതൽ ദേഷ്യം ...
പൈസ കൊടുത്ത് തീറ്റ കൊടുക്കുന്നത് നിർത്താൻ മാഷിപ്പോൾ രാവിലെ 7 മണി മുതൽ 8 മണി വരെ പാടവരമ്പത്ത് മേയാൻ വിടും. ... പക്ഷെ കയറിന്റെ അറ്റം വിടാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു .. അപ്പുറത്തെ നെല്ലും വാഴയും കപ്പയും പശുവിന്റെ വീക്ക്നെസ് ആണെന്നറിയാവുന്നതുകൊണ്ടാണാ ധൈര്യക്കുറവ്. പത്രം വായനയും ഗോരക്ഷയും ഒരുമിച്ച് നടക്കും എന്നതും ഒരു പോയിന്റായിരുന്നു.
സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിച്ച നടുപ്പേജിലെ വാർത്ത വായിക്കാനുള്ള സൗകര്യത്തിന് കയറിന്റെഅറ്റം അരയിൽകെട്ടി ക്ഷാമബത്തയുടെ ക്ഷേമാന്വേഷണം നടത്തുമ്പോൾ തൊട്ടപ്പുറത്തെ തെങ്ങിൽ നിന്നും വീണ ഒരു ഉണങ്ങിയ ഓലമടലിന്റെ ശബ്ദംകേട്ട പശു വെടി കൊണ്ടപന്നിയെപ്പോലെ ഒറ്റ ഓട്ടം ...!
ബോധം തെളിഞ്ഞ മാഷിനെ HM വിലാസിനി ടീച്ചർ സഹതാപത്തോടെ നോക്കി ...
"കാര്യമായ പരിക്കൊന്നുമില്ല. കൈഒടിഞ്ഞിട്ടുണ്ട് .... ഇന്നുതന്നെ പോവാം , രണ്ടാഴ്ചത്തേക്ക് കൈ അനക്കരുത്..."
''സ്ക്കൂളിലെ ആശാരിപ്പണിക്കും പ്ലംബിങ്ങിനും വയറിങ്ങിനും തൽക്കാലം വേറെ ആളെ നോക്കണം ... " വിലാസിനി ടീച്ചറുടെ ആത്മഗതം അടുത്തു നിന്ന ഷേർലി ടീച്ചർക്ക് പക്ഷെ മനസ്സിലായി ...
വൈകീട്ട് വീട്ടിലെത്തിയ മാഷിന്റെ മുന്നിൽ കാസർഗോഡൻ ഒരു ചോദ്യചിഹ്നമായി മാറി ...!
കാണാൻ വന്ന പുഷ്പൻ സാഹചര്യം മനസ്സിലാക്കി ഒന്നു കൂടി ചൊറിഞ്ഞു കൊണ്ട് മൊഴിഞ്ഞു ...
"വയലിൽ ചെത്തിയിട്ട പുല്ല് ഉണ്ട് ... പക്ഷെ ...? "
"എന്താ ഒരു പക്ഷേ ...? " .. വാസന്തി സംശയിച്ചു. ..
"കെട്ടിപ്പിടിക്കാൻ ആളു വേണം ... "
തന്നോട് ... അതും പരസ്യമായി ... വാസന്തി അന്തം വിട്ടു ...
"കെട്ടാനും തലയിലേക്ക് പിടിച്ചു തരാനും ആളുണ്ടെങ്കിൽ ഞാൻ കൊണ്ടു വരാം ... നോക്കട്ടെ ആരെങ്കിലും കിട്ടുമോന്ന് "
പിറ്റേന്ന് രാവിലെ ആദ്യരാത്രിയിൽ പാൽഗ്ലാസുമായി നമ്രശിരസ്സോടെ മണിയറയിലേക്ക് പ്രവേശിക്കുന്ന വധുവിനെപ്പോലെ വാസന്തി തൊഴുത്തിലേക്ക് കറവയ്ക്കുള്ള പാത്രവുമായി മന്ദം പ്രവേശിച്ചു. ... ജാലകപ്പഴുതിലൂടെ സാകൂതം വീക്ഷിച്ച മാഷ് പീന്നീട് അവിടെ കണ്ടത് ഒരു യുദ്ധമായിരുന്നു. ... ഒടുവിൽ ചാണകക്കുഴിയിൽ തെറിച്ചുവീണ വാസന്തി കറവ പാത്രത്തിൽ നിറയെ ചാണകവുമായി കലി തുള്ളി ആ പ്രഖ്യാപനം നടത്തി ....
"ഈ സാധനം ഇനി ഇവിടെ വേണ്ട. ... "
പുഷ്ബട്ടൻ അങ്ങിനെ ആ അദ്ധ്യായത്തിന് തിരശ്ശീലയിട്ടു. ...
പിറ്റേന്ന് കാലത്ത് 5 മണി മുതൽ ഷമീറിന്റെ മിൽമാ ബൂത്തിൽ തലയിൽ മുണ്ടിട്ട , ഒരു കൈയ്യിൽ പ്ലാസ്റ്ററിട്ട ഒരജ്ഞാതൻ പാൽ വാങ്ങാൻ വരാൻ തുടങ്ങി ...

BY Sreedhar RN

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot