Slider

വളഞ്ഞു പോയ വില്ല്

0

Image may contain: 2 people, indoor
°°°°°°°°°°°°°°°°°°°°°°°°
ഇംഗ്ലീഷ് വ്യാകരണ പുസ്തകങ്ങളിൽ
ഭാവികാലത്തിന്
ഒരു കൈത്താങ്ങായി
വരുന്ന വാക്കാണ് ' Will'...
വിൽ. .. അഥവാ വില്ല് !
വില്ലിന്റെ ആകൃതി എന്താണ് ?
നിലത്തു നിന്നുയർന്നു,
പരമാവധി മുകളിലെത്തി
വീണ്ടും ഒന്നു വളഞ്ഞു,
താഴോട്ട് വീണു,
ഭൂമിയിൽ തന്നെ തല കുത്തുന്ന,
ഒരു 'റ'.
നമ്മുടെ ഭാവിയും
ഏറെക്കുറെ അങ്ങനെത്തന്നെയല്ലേ...
വളർന്നും, വലുതായും,
പിന്നെ വളഞ്ഞൊടിഞ്ഞും,
ചിലപ്പോൾ നെടുകെ മുറിഞ്ഞും,
മണ്ണടിഞ്ഞു പോകുന്ന സ്വപ്‌നങ്ങൾ.. ;
വില്ലിൽ നിന്നു തൊടുത്തു വിട്ടിട്ടും,
ലക്ഷ്യത്തിൽ തറയ്ക്കാത്ത ശരങ്ങൾ പോലെ...!!
എങ്കിലും നമുക്ക് വളയ്ക്കാതിരിക്കാം ;
നമ്മുടെ നട്ടെല്ല്...
എങ്കിലും നമുക്ക് വളച്ചൊടിക്കാതിരിക്കാം
നമ്മുടെ വാക്കുകളും,
അന്യരുടെ വാക്കുകളും.
എങ്കിലും നമുക്ക് മുറിയാതെ സൂക്ഷിക്കാം
നമ്മുടെ സ്വപ്നങ്ങളെ...
വ്യാകരണത്തിലെ
ഭാവി കാലത്തിനുമുപരിയായി
വില്ല് പഠിപ്പിക്കുന്ന പാഠങ്ങളുണ്ട്.
എത്ര ഉയർന്നാലും
ബഹിരാകാശ പേടകങ്ങൾ പോലെ
ഒരിക്കൽ
ഭൂമിയിൽ തന്നെ തിരികെ പതിക്കും എന്ന പാഠം.
എത്ര ഉയർത്തിയാലും,
പൊക്കിയവർ തന്നെ
വലിച്ചു താഴത്തിടും
എന്ന പാഠം.
ഉയർച്ചകളിൽ
ഒട്ടും അഹങ്കരിക്കേണ്ടെന്ന പാഠം.
ഉയർന്ന സിംഹാസനങ്ങളൊന്നും
ശാശ്വതമല്ലെന്ന പാഠം.
ആവശ്യത്തിനൊഴികെ
അധികം തല പൊക്കേണ്ടെന്ന പാഠം.
മണ്ണിൽ ജനിച്ചു വളരുന്ന നാം
മണ്ണിൽ തന്നെയൊടുങ്ങുമെന്ന പാഠം.
വില്ലിന്റെ പാഠങ്ങൾ കേട്ടു ഭയന്നു പോയോ?
വില്ലിന്റെ വളവു കണ്ടു നിരാശരായോ ?
എങ്കിലിതാ ഒരു Will കൂടി !!!
ഈ വില്ല് മനസ്സാണ്,
മനോഭാവമാണ്,
മനഃശക്തിയാണ്.
ഈ വില്ലുണ്ടെങ്കിൽഏത് സ്വപ്നവും
സഫലമാക്കാം.
ഈ വില്ലിൽ തൊടുക്കുന്ന ഒരു ശരവും
ലക്ഷ്യം
ഭേദിക്കാതിരുന്നിട്ടില്ല.
നിങ്ങളുടെ ജീവിതം
മാരിവില്ലു പോലെ
മനോഹരമാകട്ടെ...
°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo