നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെള്ളിയാഴ്ചയിലെ വെള്ളിടിവെട്ടുകൾ.

Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water

വെള്ളിയാഴ്ചയുടെ ആലസ്യത്തിൽ അല്പം വൈകിയാണുർന്നത്. നാട്ടിലെ ഞായറാഴ്ച്ചയും ഇവിടത്തെ വെള്ളിയാഴ്ചയും
തമ്മിൽ എപ്പോഴും തെറ്റും. രണ്ടും അവധി ദിവസങ്ങളാണെങ്കിലും തനിക്ക് പണി വാങ്ങിത്തരാൻ
രണ്ടും തമ്മിൽ മത്സരിക്കും.
വെള്ളിയാഴ്ച കുട്ടികളെ വഴക്കും വക്കാണവും ആയി
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി അടി,തട സാമഭേദദാനദണ്ഡങ്ങളിലൂടെ
സ്കൂളിൽ വിട്ടിട്ടു വരുന്ന പ്രിയതമയോട്, ഇവിടത്തെ ഓർമ്മയിൽ വെള്ളിയാഴ്ച ഉണർന്നെണീറ്റ് ഉറക്കം തെളിയാതെ ഫോണിൽ വിളിച്ചിട്ട് പിള്ളേർ ഉറക്കമാണോ എന്ന് ചോദിച്ചാൽ ഏതു ഭാര്യയും വഴക്കു പറയും എന്നുള്ളത്
അച്ചട്ടാണ്. രണ്ട് ചീത്ത കേട്ടു കഴിയുമ്പോൾ എല്ലാം ശരിയാകും. നാട്ടിലല്ല എന്ന നല്ല ഓർമയെല്ലാം തിരിച്ചു കിട്ടും.
ഞായറാഴ്ച നേരെ തിരിച്ചാണ് ഇവിടെ എല്ലാവരും ഒഴിവു ദിവസങ്ങളുടെ ആലസ്യങ്ങളിൽ നിന്ന് മുക്തി നേടി യന്ത്രം പോലെ പ്രവർത്തനനിരതമാകുന്ന വേളകളിൽ, രാവിലെ നാട്ടിലേയ്ക്ക് വിളിക്കുന്ന നേരം അവിടെ ഒഴിവു ദിവസമാണെന്ന കാര്യം മറന്ന് പിള്ളേരെല്ലാം സ്കൂളിൽ പോയോ എന്നു ചോദിച്ചു കഴിയുന്ന നേരത്താണ് പിള്ളേർ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റ് അച്ഛന് ഒരു ഓർമ്മയും ഇല്ലേ എന്ന് തന്നോട് ചോദിയ്ക്കുന്നത്. ശരിയാണ് ഒരോർമ്മയുമില്ല, കുട്ടികൾക്കറിയില്ലല്ലോ ഉറക്കത്തിനിടയിലെ കനവുകളിലെല്ലാം അവരുടെ
സാന്നിദ്ധ്യം, സ്നേഹസാമിപ്യമായുള്ള സന്തോഷത്തിലാറാടുകയും, ഉറക്കം തീർന്ന് കൺതുറക്കുന്ന നിനവുകളിൽ വേർപാടിൻ്റെ വേദനകൾ തീർക്കുന്ന ഏകാന്ത ദുഃഖങ്ങളിലിരുന്നു
പോകുന്ന കുറെ നേരങ്ങൾ‌.
പിന്നീട് ഏകാന്തത ആക്രമിക്കാതിരിയ്ക്കാനുള്ള
തീവ്രശ്രമത്തിൽ മനസ്സും ശരീരവും ഏതെങ്കിലുമെല്ലാം പ്രവൃത്തികളിലേയ്ക്ക് മുഴുവൻ സമയവും നീക്കിവയ്ക്കുന്ന പ്രവാസികളായി മാറുകയാണ് അങ്ങിനെയുള്ള അവസരങ്ങൾ.
വെള്ളിയാഴ്ച്ചയുച്ചകൾ ബിരിയാണി മണമാർന്നതാണ്
കുറച്ചു നാളുകളായിട്ട്. മദീന ഹോട്ടലിലെ തലശ്ശേരി ദംബിരിയാണിയുടെ കാര്യമോർത്തപ്പോൾ നാവിൽ വെള്ളമൂറി, ഉള്ളിൽ ഒരു കപ്പലോടിയ്ക്കാനുള്ള വെള്ളമായി. ചുമ്മാതല്ല അങ്ങു ദൂരെയുള്ള കൂട്ടുകാരൻ മൈലുകൾ താണ്ടി ഇടയ്ക്ക് തന്നേ കാണാനും സ്വാദിഷ്ടമായ
ബിരിയാണി കഴിയ്ക്കാനുമായി വരാറുള്ളത്.
പറഞ്ഞ പോലെ ഇന്നീ ബിരിയാണി കഴിയ്ക്കാനാവില്ലല്ലോ. ഇന്ന് കൂട്ടുകാരൻ്റെ മകളുടെ ജന്മദിനം പ്രമാണിച്ച് ഉച്ചയ്ക്ക്
അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ടല്ലോ. അതോർത്ത് തീർന്നില്ല
അങ്ങാട്ട് പോകാൻ മറ്റൊരു കൂട്ടുകാരനും ഭാര്യയും കൂടെ വന്നു.
റെഡിയല്ലേ.
ഞാൻ എപ്പോഴേ റെഡി. നമുക്ക് എന്തെങ്കിലും ഗിഫ്റ്റും
കൂടി വാങ്ങിപ്പോകാം.
ശരി ഞങ്ങൾക്കും വാങ്ങാനുണ്ട്. പോകുന്ന വഴി നമ്മുടെ രണ്ടു കൂട്ടുകാരും കൂടെ സ്റ്റോപ്പിൽ നിൽക്കുന്നുണ്ടാവും. അവരേയും കൂട്ടി ഗിഫ്റ്റും വാങ്ങി നമുക്ക് പോകാം.
ഇടയ്ക്ക് വച്ച് കൂട്ടുകാരൻ്റേ വിളി വന്നു മദീന ഹോട്ടലിൽ
ആണ് ഉച്ചഭക്ഷണത്തിൻ്റെ
ബിരിയാണി ഓർഡർ കൊടുത്തിരിയ്ക്കുന്നത്
നിങ്ങൾ പോരുമ്പോൾ അതും
കൂടെ വാങ്ങിക്കൊണ്ടുവരണം എന്നു പറയാനായി വിളിച്ചതാണ്.
വെള്ളിയാഴ്ച അവധി ദിവസമായതിനാൽ ജന്മദിനത്തിന് വിളിച്ച കൂട്ടുകാരൻ്റെ സ്ഥാപനം
അടഞ്ഞുകിടക്കുകയാണ്.
സ്ഥാപനത്തിൻ്റെ അല്പം മാറിയുള്ള ഫ്ലാറ്റിലാണ് അവരുടെ താമസം. അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി റൂമിലെ ബെല്ലുകൊടുത്തിട്ട്
കാത്തുനിന്നു. വാതിൽ തുറന്നു തന്ന കൂട്ടുകാരൻ്റെ മോളോട് കൂട്ടുകാരനെ പറ്റി തിരക്കിയപ്പോൾ ഇവിടെയില്ല,
സ്ഥാപനത്തിൽ ആയിരിക്കും
എന്നു പറഞ്ഞു. അകത്തേയ്ക്ക് നോക്കിയിട്ട് ജന്മദിനത്തിൻ്റെ ഒരുക്കങ്ങൾ ഒന്നും കണ്ടില്ല. സംസാരം കേട്ടു വന്ന കുട്ടികളുടെ അമ്മയും അകത്തേയ്ക്ക് കയറി ഇരിയ്ക്കാനോ ജന്മദിനത്തിൻ്റെ കാര്യമോ ഒന്നും പറഞ്ഞില്ല. സഹിക്കെട്ട്
അങ്ങോട്ട് ചോദിച്ചു ഇന്ന്
മോളുടെ ജന്മദിനമല്ലേ.
അതേ,
കുട്ടികളുടെ അച്ചൻ ഞങ്ങളോടും പറഞ്ഞിട്ടുണ്ട്
ഉച്ചയാകുമ്പോൾ സ്ഥാപനത്തിലേയ്ക്ക് വരണമെന്ന് . കൊണ്ടുവന്ന സമ്മാനവും കൊടുത്ത് സ്ഥലം കാലിയാക്കുന്നതാണ്
നല്ലതെന്ന് ഓർത്തു. കൊണ്ടുചെന്ന സമ്മാനങ്ങളും കൊടുത്ത്
യാത്ര പറഞ്ഞിറങ്ങി.
തിരിച്ചു പോരാൻ തീരുമാനിച്ചപ്പോഴാണ് കൊണ്ടുവന്ന ഭക്ഷണം വണ്ടിയിൽ ഇരിയ്ക്കുന്നതോർത്തത്. അത് കൂട്ടുകാരൻ്റെ സ്ഥാപനത്തിൽ കൊടുത്തിട്ട്
എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് തിരിച്ചു പോകാം എന്നോർത്ത് സ്ഥാപനത്തിലെത്തി. സ്ഥാപനത്തിൻ്റെ പുറകിലെ
ചെറിയ വിശ്രമമുറിയിലെ അഴുക്കു നിറഞ്ഞ മേശപ്പുറത്ത് ഒരു ന്യൂസ് പേപ്പർ വിരിച്ചതിൻ്റെ മുകളിൽ ഒരു വലിയ കേക്കു വച്ചിട്ടുണ്ട്.
അതാണ് ആകെ ഒരുക്കം. അതു തന്നേ ബേക്കറിയുടെ ഹോം ഡെലിവറിയിൽ വിളിച്ചു പറഞ്ഞിട്ട് അവർ കൊണ്ടുവന്നതാണെന്ന് സംസാരത്തിൽ നിന്ന് മനസ്സിലായി. ജന്മദിനത്തിൻ്റെ ഒരുക്കങ്ങൾ ഒന്നും കാണുന്നില്ലല്ലോ, വീട്ടിൽ വച്ച്
നടത്തിയാൽ പോരായിരുന്നോ ഞങ്ങളുടെ
ചോദ്യത്തിനു കിട്ടിയ മറുപടി
ഞങ്ങളെ തന്നേ തണുപ്പിലാക്കി.
രമ്യയുടെ ഒന്നാമത്തെ പിറന്നാൾ ഒന്നുമല്ലല്ലോ, ഒമ്പതാമത്തെ പിറന്നാൾ
അല്ലേ അതിത്രയ്ക്ക് എല്ലാം
മതി. പിള്ളേരെ ഒന്നും നമ്മൾ
പൊക്കി തലയിൽ വയ്ക്കരുത്. അവരുടെ താളത്തിന് തുളളരുത്.
എന്തോ അതു കേട്ടപ്പോൾ
ഒരു വല്ലായ്മ. വലിയ കേക്കും
ചെറിയ മനസ്സുമായി നടത്തുന്ന ജന്മദിനത്തിൽ പങ്കെടുക്കേണ്ടായിരുന്നു എന്നു തോന്നി. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കുറെ വർണ്ണ ബലൂണുകളും, അലങ്കാരങ്ങളെല്ലാം വാങ്ങാമായിരുന്നു എന്നോർത്തു പോയി, ഇനി ഇപ്പോൾ അതിനൊന്നിനും സമയമില്ലല്ലോ.
പണ്ട് മുത്തിൻ്റെ ജന്മദിനത്തിന് കൂട്ടുകാർ ഊതിവീർപ്പിച്ച ബലൂണുകളിൽ കുറെ എണ്ണം അതിഥി മുറിയിലെ കട്ടിലിൻ്റെ
താഴെയ്ക്ക് ഫാനിൻ്റെ കാറ്റിൽ പറന്നു പോയതും, രാത്രി അതിഥിമുറിയിൽ കിടന്നുറങ്ങിയ ചേട്ടൻ ഉറക്കത്തിൽ ഇടയ്ക്കിടയ്ക്ക്
കട്ടിലിനടിയിൽ കിടന്നു പൊട്ടുന്ന ബലൂണിൻ്റെ ശബ്ദം കേട്ട് ഉറക്കത്തിൽ ഞെട്ടി ഉണർന്നത് പറഞ്ഞ്
ഇടയ്ക്കിടയ്ക്ക് കളിയാക്കുന്നത് ഓർത്തു ചിരിച്ചു. അല്ലെങ്കിലും വേദനയ്ക്കിടയിൽ ഇത്തിരി ചിരി നല്ലതാണ്.
കൂട്ടുകാരൻ്റെ ഭാര്യയും കുട്ടികളും വന്നതും കേക്കുമുറിച്ചതും തിരിച്ചു പോയതും നിമിഷങ്ങൾ കൊണ്ടു കഴിഞ്ഞു. ഞങ്ങൾ വാങ്ങി കൊണ്ടുചെന്ന തലശ്ശേരി ബിരിയാണി ഞങ്ങൾ തന്നേ വിളമ്പിക്കഴിച്ചപ്പോൾ പതിവില്ലാതെ ആദ്യമായി അതിൻ്റെ രുചിയില്ലായ്മ തൊണ്ടയിൽ ഒരു ചവർപ്പായി താഴോട്ടിറങ്ങാതെ
തടഞ്ഞു നിന്നു.
ഇടയ്ക്കെപ്പോഴോ ഒന്നു വന്നു തല നീട്ടിയ രമ്യയുടെ കണ്ണുകളിൽ ജനിച്ചോസത്തിൻ്റെ സന്തോഷങ്ങൾ കറുത്തോസത്തിൻ്റെ സങ്കടങ്ങളായി തുള്ളി തുളുമ്പി നിന്നു. ഭക്ഷണവും
നിർത്തി യാത്ര പറഞ്ഞിറങ്ങിയിട്ടും എന്തോ
ആ നീർമിഴികൾ ഇടയ്ക്കിടയ്ക്ക് ഓർമയിൽ
സജലങ്ങളായി.
എത്ര പെട്ടെന്നാണ് ഓരോ വെള്ളിയാഴ്ചകളും വീണ്ടും കടന്നു വരുന്നത്. ഒരു വെള്ളിയാഴ്ച കഴിഞ്ഞ് ഒന്നു കണ്ണടച്ചു തുറക്കുമ്പോൾ ബുധനാഴ്‌ച ആയിട്ടുണ്ടാകും.
പിന്നെ ഒരു ദിവസം കഴിഞ്ഞാൽ വീണ്ടും വെള്ളിയാഴച. പിറന്നാളും ഓണവും, വിവാഹവാർഷികങ്ങളും എല്ലാം വരുന്നത് എന്നാണെങ്കിലും
ആഘോഷിക്കുന്നത് വെള്ളിയാഴ്ചകളിൽ ആണല്ലോ. വരുന്ന വെള്ളിയാഴ്ച്ചയും ഒരു ജന്മദിനത്തിന് ക്ഷണിച്ചിട്ടുണ്ട്. അതും മറ്റൊരു കൂട്ടുകാരൻ്റെ മകളുടേതാണ്. കുറച്ച് ദൂരെയാണ്. എന്നാലും സൗഹൃദങ്ങൾക്ക് ദൂരം ഒരു പ്രശ്നമല്ലല്ലോ.
വെള്ളിയാഴ്ച രാവിലെ പോകാനായി റെഡിയായി,
കൂട്ടുകാരൻ്റെ ഫോൺ എത്തി. ഞാൻ എന്നുമിറങ്ങുന്ന സ്റ്റോപ്പിൽ ഇറങ്ങിയിട്ട് വിളിയ്ക്കാം.
അതിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. ഞങ്ങൾ
കൂട്ടുകാർ എല്ലാം ഇവിടെയൊരു രക്ത ദാന ക്യാമ്പിൽ ആണ്. ഇവിടെ ഇറങ്ങിയിട്ട് നമുക്ക് ഒന്നിച്ച് വീട്ടിലേയ്ക്ക് പോകാം. കൂട്ടുകാർ ക്യാമ്പ് കഴിഞ്ഞ്
വീട്ടിലേയ്ക്ക് വന്നോളും.
എങ്കിൽ ഞാനും രക്തദാന ക്യാമ്പിൽ പങ്കെടുക്കാം. കുറെ നാളായി രക്തം കൊടുത്തിട്ട്.
പങ്കെടുത്തോ പക്ഷെ രക്തദാനം പറ്റില്ല. ഒരു വർഷം
തുടർച്ചയായി
നാട്ടിൽ പോകാത്തവർക്ക് മാത്രമെ ഇവിടെ രക്തം ദാനം
ചെയ്യാൻ ആവുകയുള്ളു. അതാണ് ഇവിടത്തെ നിയമം.
എന്നാൽ സാരമില്ല, ഞാൻ
ഉടനേ എത്താം.
ശരി നമുക്ക് വീട്ടിലേയ്ക്ക് പോകാം അതിനു മുമ്പ് നമുക്ക് ഉപ്പേരി വാങ്ങാനുണ്ട്.
തപ്പി നടന്ന് ലുലുവിൻ്റെ ഒരു ഔട്ട്ലറ്റിൽ നിന്ന് ഉപ്പേരിയും, ശർക്കര പെരട്ടിയും കിട്ടിയപ്പോൾ കൂട്ടുകാരന് ഒത്തിരി സന്തോഷം. ഇതൊഴിച്ചുള്ള പപ്പടം, പഴം, പായസമുൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യവട്ടങ്ങൾ വീട്ടിൽ അമ്മയും ഞങ്ങളും കൂടെ തയ്യാറാക്കി. പച്ചക്കായ് കിട്ടാഞ്ഞതിനാൽ
ഉപ്പേരി വറുത്തില്ല. കിട്ടുന്ന ഇരുപത്തിനാലു മണിക്കൂറും ചെയ്താൽ തീരാത്ത തിരക്കുകൾക്കിടയിലും മകളുടെ ജന്മദിനത്തിൻ്റെ നടത്തിപ്പിനും മറ്റു പൊതുപ്രവർത്തനങ്ങൾക്കും ഉള്ള സമയം നന്നായി വിനിയോഗിക്കുകയും ഇടയ്ക്കുള്ള ചെറിയ കാര്യങ്ങൾ പോലും എത്ര കൃത്യമായി ചെയ്തു തീർക്കുകയും. ബന്ധങ്ങൾ നിലനിർത്താൻ കാണിക്കുന്ന
ആത്മാർത്ഥത എല്ലാം ഓർത്തപ്പോൾ കൂട്ടുകാരൻ്റെ
പ്രവൃത്തികളിൽ അഭിമാനം തോന്നി.
അമ്മയുടെ കുശലാന്വേഷങ്ങളും, ഇടയ്ക്ക് ചെല്ലാത്തതിൻ്റെ സ്നേഹ ശാസനകൾ കൂടിയായപ്പോൾ സ്വന്തം വീട്ടിൽ എത്തിയപ്പോലൊരു തോന്നൽ.
വർണ ശലഭങ്ങൾ പോലെ
പറന്നു നടക്കുന്ന കൂട്ടുകാരൻ്റെ കുടികളുടേയും, മറ്റു
കുട്ടിപ്പട്ടാളങ്ങളുങ്ങളുടേയും
മുഖത്ത് വിരിയുന്ന സന്തോഷ
കടലിരമ്പങ്ങളുടെ അലയൊലി കൂടി നിൽക്കുന്നവരുടേയും മനസ്സുകളിൽ ആനന്ദത്തിൻ്റെ
പൂരക്കുടമാറ്റത്തിൻ്റെ
വർണങ്ങൾ വാരി വിതറി. ജന്മദിനതൊപ്പികൾ അണിഞ്ഞ്, ജന്മദിനഗാനം പാടി കുട്ടിക്കുരുന്നുകൾ ആട്ടവും പാട്ടുമായി കേക്കു
മുറിക്കുന്ന വേളകളിൽ കൂടെ നിന്നവരും കുട്ടികളായി കഴിച്ചു തീർന്ന മധുര കേക്കിൻ്റെ ബാക്കി ഭാഗങ്ങൾ
പരസ്പരം മുഖത്തു തേയ്ക്കുമ്പോൾ ചിരിമധുരം
നിറയുന്ന മുഖങ്ങളിൽ വീണ്ടും മധുരം
നിറഞ്ഞു.
അതിഥികളെല്ലാം ഭക്ഷണം കഴിച്ചതിനു ശേഷമാണ് കൂട്ടുകാരെല്ലാം ഭക്ഷണം കഴിയ്ക്കാൻ തീരുമാനിച്ചത്.
ബാക്കിയുണ്ടായിരുന്ന ഇലകൾ ഒന്നിച്ചു കൂട്ടി ഇടുന്നതു കണ്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല. ബാക്കിയുണ്ടായിരുന്ന പത്തുമുപ്പത് ഇലകൾ ഒന്നിച്ചു കൂട്ടിയിട്ടിട്ട് അതിലേയ്ക്ക് എല്ലാ കറികളും വിളമ്പി, നടുക്ക് ചോറും വിളമ്പി എല്ലാരും ഒന്നിച്ചു കൂടിയിരുന്നു, പക്ഷെ എത്ര അടുത്തിരുന്നിട്ടും ഞങ്ങൾക്ക് അഞ്ചെട്ടുപേർക്ക് അതിനിടയ്ക്ക് ഇരിയ്ക്കാൻ
സീറ്റുകിട്ടിയില്ലെങ്കിലും തൊട്ടടുത്ത് പത്തുപേർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ
ഒമാനിപ്ലേറ്റ് വച്ച് അതിലും കറികൾ എല്ലാം വിളമ്പി ഞങ്ങളും കൂടെ ചേർന്ന് ഭക്ഷണം കഴിച്ചു തുടങ്ങി. സാവധാനം തുടങ്ങിയ ഭക്ഷണം കഴിയ്ക്കൽ പിന്നീട് വേഗത്തിലാകുകയും പാത്രങ്ങൾ വേഗത്തിൽ കാലിയാകുകയും ചെയ്ത് കൊണ്ടിരുന്നു. ഇത്ര സ്വാദിഷ്ടമായി, ആസ്വദിച്ച് കഴിച്ച ഒരു സദ്യ ജീവിതത്തിൽ ഇന്നു വരേ ഉണ്ടായിട്ടില്ല. കൊണ്ടുവന്നൊഴിയ്ക്കുന്ന പായസമെല്ലാം നിമിഷ നേരം കൊണ്ട് പരസ്പരം തട്ടിയെടുത്ത് വേഗത്തിൽ അകത്താക്കി കഴിഞ്ഞതിനു ശേഷവും മോരും രസവും കൂട്ടി ക്കഴിയ്ക്കാനായി രണ്ടാമതെ വച്ച ചൂടു ചോറിൽ മോരൊഴിച്ചിട്ട് തണുക്കാനായി കാത്തു നിൽക്കുന്ന നേരത്തും ചുടുചോർ വാരുന്ന കുട്ടിക്കു രങ്ങന്മാരായി മാറിയതിൻ്റെ
രസങ്ങൾ പറവതിനെഴുതാമോ?
വെള്ളിയാഴ്‌ച്ചയിലെ വെള്ളിടികൾ എല്ലാമീ സ്നേഹമഴ പെയ്യുന്നതിൻ്റെ മുന്നൊരുക്കങ്ങൾ ആണെന്നറിഞ്ഞില്ല. കാലാകാലങ്ങളുടെ ഓർമ്മച്ചെപ്പിലേയ്ക്ക് ഓർത്തു വയ്ക്കാവുന്ന സ്നേഹമഴയുടെ കുത്തൊഴുക്കായിരുന്നു അതെല്ലാം.
തിരിച്ചുള്ള യാത്രയിൽ കൂട്ടുകാരനോട് കൂട്ടായ ഭക്ഷണത്തിൽ നിന്നു കിട്ടിയ
അനിർവചനീയ ആനന്ദത്തോടെ ചോദിച്ചു, ഇതിനുള്ള ആശയം എവിടെ നിന്ന് കിട്ടിയതാണ്.
അത് അച്ഛനിൽ നിന്ന് കിട്ടിയതാണ്, വീട്ടിൽ എല്ലാവരും ഒന്നിച്ചു ചേരാറുള്ള സമയങ്ങളിൽ ഉച്ചയാകുമ്പോൾ അച്ചൻ ചെന്ന് വാഴയിൽ നിന്ന് ഏറ്റവും വലിയ ഇല ഒരെണ്ണം
മുറിച്ചു കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി, അതിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ഓർമ്മയിൽ നിന്ന് കിട്ടിയതാണ്.
ഒത്തിരി സന്തോഷം സുഹൃത്തേ. ആ സ്നേഹത്തിൻ്റെ വിത്തുകൾ
കളയാതെ കാത്തു സൂക്ഷിച്ച്
വളർത്തി വലുതാക്കി സ്നേഹപ്പൂമരം ആക്കുന്നതിന്. ആ ചില്ലകളിൽ ഇടയ്ക്ക് വന്നിരിയ്ക്കാൻ സാധിയ്ക്കുന്നതിന് .
മനസ്സിൽ മറക്കാതെ നിൽക്കുന്ന രണ്ട് ജന്മദിനങ്ങളുമായുള്ള യാത്ര തുടർന്നു.

By PS Anilkumar Devidiya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot