Slider

എന്റെ പെണ്ണന്വേഷണ പരീക്ഷകൾ - Part 1

0
Image may contain: 1 person, indoor

ആചാരങ്ങളിലും ജാതകത്തിലും സമയങ്ങളിലും ഒന്നും വിശ്വാസമില്ലെങ്കിലും കല്ല്യാണം കഴിഞ്ഞ്‌ കൂടെ ജീവിക്കേണ്ടവരെ, ‘മനുഷ്യനെ പടച്ച്‌ വിടുമ്പോ തന്നെ തലയിൽ എഴുതി വിടും’ എന്ന് ഇപ്പൊ വിശ്വസിക്കുന്നൊരാളാണു ഞാൻ.
അതിനു ഇനി ആരൊക്കെ തടസ്സം നിന്നാലും, എവിടൊക്കെ ഒളിപ്പിച്ചാലും, എന്തൊക്കെ അത്യാഹിതങ്ങൾ ഉണ്ടായാലും ഭാര്യാ-ഭർത്താക്കന്മാരായി ഒന്നിച്ച്‌ ജീവിക്കാൻ വിധിക്കപ്പെട്ടവർ ഒന്നിച്ച്‌ ജീവിക്കുക തന്നെ ചെയ്യും.
നൂറു പെണ്ണു കണ്ട്‌ ഒടുവിൽ ആദ്യം കണ്ട, വീടിനടുത്തുള്ള പെണ്ണിനെ കെട്ടിയവനും,
കടുത്ത പ്രണയത്തിനൊടുവിൽ കല്ല്യാണതലേന്ന് മറ്റൊരുവന്റെ കൂടെ ഒളിച്ചോടി വീണ്ടും മറ്റൊരു നൂറു പെണ്ണു കണ്ടവനും,
കല്ല്യാണ ഒരുക്കങ്ങളൊക്കെ കഴിഞ്ഞ്‌ പിറ്റേന്ന് കല്ല്യാണത്തിനു അമ്പലത്തിലേക്ക്‌ പുറപ്പെടാനൊരുങ്ങുമ്പൊ, പെണ്ണു പണ്ട്‌ സ്കൂളിൽ പഠിക്കുമ്പോ ഉള്ള കാമുകന്റെ കൂടെ ഒളിച്ചോടി എന്നറിഞ്ഞ്‌ കലത്തിലെ സാമ്പാറിൽ വെള്ളം കോരിയൊഴിച്ചവനും,
പതിനാലു ജില്ലകളിൽ നിന്ന് കിട്ടാതെ കേരളത്തിനു വെളിയിൽ നിന്ന് കെട്ടിയവരും,
വിദേശ രാജ്യത്ത്‌ ജോലിക്ക്‌ പോയിടത്തെ പരിചയത്തിന്റെ ഭാഗമായി വിദേശികളായ ഇണകളോടൊപ്പം ജീവിക്കുന്നവരും ഒക്കെ മുന്നോട്ട്‌ വയ്ക്കുന്ന വലിയൊരു സത്യം ഇത്‌ തന്നെയാണു. ‘നിന്റെ കൂടെ ജീവിക്കേണ്ടവൾ അല്ലെങ്കിൽ ജീവിക്കേണ്ടവൻ ലോകത്ത്‌ എവിടെയോ, ഏതോ മൂലയിൽ കാത്തിരിക്കുന്നുണ്ട്’‌. അത്‌ കൊണ്ട്‌ ഇനിയും വിവാഹിതരാവാത്തവർ നിരാശരാവണ്ട. തലയിലൊരു പെണ്ണു വിധിച്ചിട്ടുണ്ടെങ്കിൽ ഓട്ടോ പിടിച്ചും വീട്ടിലെത്തിയിരിക്കും.
(എങ്കിലും താന്താൻ ചെയ്യേണ്ട കർമ്മങ്ങൾ താന്താൻ ചെയ്തീടുക നിർബന്ധം.)
ഇരുപത്തെട്ട്‌ കഴിഞ്ഞിട്ടും കെട്ടിക്കാൻ ആർക്കും വല്ല്യ താൽപര്യമൊന്നും കാണാത്തത്‌ കൊണ്ടും, സ്വന്തം തീരുമാനത്തിൽ പഠിപ്പ്‌ നിർത്തി, സ്വന്തം തീരുമാനത്തിൽ ജോലിക്കിറങ്ങി വിവിധമേഖലകളിൽ സ്വയം പര്യാപ്തത കൈവരിച്ചു മുന്നേറുന്നതിനാലും, നിലവിൽ “തേച്ചൂന്ന് പറയാനും തേക്കാനും” ആരും ഇല്ലാത്തതിനാലും ഞാനും ഒരു കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു.
ആരും നിർബന്ധിക്കുന്നില്ലെങ്കിലും അനുജത്തിയുടെ കല്യാണം കഴിഞ്ഞ്‌ എട്ട്‌ വർഷമായി ഒറ്റക്ക്‌ അടുക്കളയിൽ പുക പിടിച്ച്‌ കൊണ്ടിരിക്കുന്ന ‘അമ്മയെ സഹായിക്കാൻ ഒരാളെ കണ്ടെത്താൻ വേണ്ടി മാത്രം ഒരു കല്ല്യാണം കഴിക്കാം’ എന്ന് ഞാൻ തീരുമാനിച്ചു.
(മുന്നെ നടത്തിയ ഒരു ശ്രമം പാളിയതിന്റെ കഥ ആരോഗ്യമുണ്ടെങ്കിൽ പിന്നെ പറയുന്നതാണു)
“മുപ്പത്‌ കഴിഞ്ഞാൽ പെണ്ണു കിട്ടില്ലാന്നും, ഇരുപത്തെട്ടിൽ നടന്നില്ലേൽ മുപ്പത്‌ കഴിഞ്ഞേ നടക്കൂ”
എന്നും അമ്മ ആരോടൊ പങ്ക്‌ വെച്ച നെടുവീർപ്പ്‌ ഒപ്പിയെടുത്ത ചെവി തലച്ചോറിനു മെസ്സേജ്‌ പാസ്‌ ചെയ്തു.
“കെട്ടുന്നെങ്കിൽ വേഗം കെട്ടിക്കൊ ഇല്ലേൽ കെട്ടാചരക്കായി നിൽക്കാനാ യോഗം”
ഒന്നും നോക്കീല്ല അരയും തലയും മുറുക്കി ഞാൻ ഇറങ്ങി.
ആണിനു കല്ല്യാണം ചില്ലറ കാര്യാല്ലല്ലൊ പെണ്ണിനെ പോലെ.
പുറമ്പോക്കിൽ ‌ നിന്നൊരു കാട്ടുമരം മുറിച്ച്‌ അണ്ണാൻ കരണ്ട കഴുക്കോലും വാരിയും മാറ്റി ‘പൂമുഖത്ത്‌ ധൈര്യത്തിൽ ഇരിക്കാം’ എന്ന കണ്ടീഷനാക്കി ആദ്യം. പിന്നീട്‌ പിന്നാമ്പുറത്തെ തേക്കാത്ത കട്ടചുമർ തേച്ച്‌ മിനുക്കി, നല്ലൊരു കുളിമുറിയെടുത്ത്‌, ബെഡ്‌റൂമിന്റെ വാതിൽ പുതിയതാക്കി, കിണറില്ലാത്ത വീട്ടിൽ തറവാട്ട്‌ വീട്ടിൽ നിന്നൊരു വാട്ടർ കണക്ഷനാക്കി, നല്ലൊരു കട്ടിലും ‘റബ്കോയുടെ’ പതുപതുത്ത കിടക്കയും, കളറുള്ള ബെഡ്‌ഷീറ്റും, മച്ചിൽ രാത്രി പലകളറിൽ തിരിയുന്ന ലൈറ്റും ഇട്ട്‌, നല്ല പച്ചയും വെള്ളയും പെയിന്റുടിച്ച്‌ വീടൊന്ന് മൊത്തത്തിൽ മൊഞ്ചാക്കി, നാട്ടിൽ കിട്ടാവുന്ന സകലമാന പെൺപിള്ളേരുടെയും അഡ്രസ്സും സംഘടിപ്പിച്ച്‌ നല്ലൊരു ഞായറാഴ്ച നോക്കി ഞാനും പെണ്ണു കാണാനിറങ്ങി.
ഞങ്ങളുടേതിനേക്കാൾ ചെറിയ വീട്ടിലും ചുറ്റുപാടിലും വളർന്ന ഒരു പെണ്ണു വേണം എന്നൊഴിച്ചാൽ മറ്റ്‌ ഡിമാന്റുകളൊന്നുമില്ല.
ഇത്തിരി പുരോഗമനാശയം തലക്ക്‌ പിടിച്ചതോണ്ട്‌ ജാതിയില്ല, മതവും വേണ്ട എന്ന് തീരുമാനിച്ചു.
എന്നാൽ പുരോഗമനാശയങ്ങൾക്ക്‌ വിവാഹ കമ്പോളത്തിൽ വലിയ പ്രാധാന്യമൊന്നുമില്ല എന്നത്‌ രണ്ട്‌ ദിവസം കൊണ്ട്‌ മനസ്സിലായി.
ജാതി നോക്കാതെ പെണ്ണു കാണാൻ അകലെയല്ലാത്തൊരു പുരോഗമനവാദിയുടെ വീട്ടിൽ പോയി പെണ്ണിനെ കണ്ട്‌ ഇഷ്ടപ്പെട്ടു. വൈകീട്ട്‌ വിവരത്തിനന്വേഷിച്ചപ്പോൾ അവർക്ക്‌ താൽപര്യമില്ലാന്നറിഞ്ഞു, അടുത്തതിന്റെ വിവരത്തിനായി കാത്തിരിക്കുമ്പൊളാ അറിഞ്ഞെ, മേൽജാതിക്കാരൻ കീഴ്ജാതിക്കാരുടെ വീട്ടിൽ പെണ്ണു കാണാൻ പോകുന്നെങ്കിൽ അതിനൊരു അർത്ഥമേ ഉള്ളൂ.
‘ഒന്നുകിൽ ചെക്കനോ അല്ലെങ്കിൽ ചെക്കന്റെ വീട്ടുകാർക്കോ കാര്യമായി എന്തെങ്കിലും തകരാർ ഉണ്ടാകും’.
കാര്യമറിഞ്ഞ്‌ അന്തം വിട്ട ഞാൻ പിന്നീട്‌ ആ തകരാറിനു നിന്നില്ല.
സ്വജാതിയിൽ നിന്ന് മാത്രം മതിയെന്ന് തീരുമാനിച്ചു.
(തുടരും)
✍️ഷാജിഎരുവട്ടി..

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo