
ഒന്നിച്ചുള്ള വർഷങ്ങളുടെ കാലയളവല്ല ഒരു ബന്ധത്തിന്റെ ആഴം നിശ്ചയിക്കുന്നത് എന്ന് ഞാൻ പഠിച്ചത് എന്റെ ജീവിതത്തിൽ നിന്നാണ് .
പ്രണയിച്ചു വിവാഹിതരായവരാണ് ഞാനും ദീപ്തിയും .സ്കൂൾ കാലം മുതൽ ഒന്നിച്ചുണ്ടായിരുന്നവർ,അയൽക്കാർ .ഞങ്ങളുടെ വിവാഹത്തെ ആരും എതിർത്തില്ല .രണ്ടു വീട്ടുകാരും അത് സന്തോഷത്തോടെ നടത്തി തന്നു .തുടക്കത്തിൽ സ്വർഗ്ഗതുല്യമായ ഒരു ജീവിതം കണക്കെ തോന്നിച്ചുവെങ്കിലും പതിയെ പതിയെ എവിടെയൊക്കെയോ താളപ്പിഴകൾ, കല്ലുകടികൾ .
പ്രണയിച്ചപ്പോൾ രണ്ടുപേരും അറിയാതിരുന്നതെന്തൊക്കെയോ ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു.ഒരു പക്ഷെ മനുഷ്യൻ എപ്പോളും അങ്ങനെ ആയിരിക്കാം .ആർക്കു ആരെയാണ് പൂർണമായും മനസിലാക്കാൻ സാധിക്കുക ! ഞങ്ങൾ ഞങ്ങളാകുമ്പോൾ പുറംചട്ട നീക്കി പുറത്തു വന്നത് പുതിയ രണ്ടു പേര്.ഒരു പാട് കുറ്റങ്ങളും കുറവുകളുമുള്ള രണ്ടു പേര്, നിസാരകാര്യങ്ങൾക്കു ഞങ്ങൾ വഴക്കിട്ടു. ആക്രോശിച്ചു, പിണങ്ങി .
" ഇതൊക്കെ നിങ്ങളുടെ പ്രായത്തിന്റെയാ കുട്ടികളെ,പരസ്പരം അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പഠിക്ക് " എന്റെ 'അമ്മ പറയും
അഡ്ജസ്റ്റ് ചെയ്യേണ്ട ഒന്നാണോ വിവാഹജീവിതം ? എനിക്ക് എന്തോ അതിൽ എതിർപ്പാണ് തോന്നിയത്.
എന്തിനാണ് തർക്കം ഉണ്ടാകുന്നതെന്ന് പ്രവചിക്കാനാവില്ല.പക്ഷെ എന്നുമതുണ്ടാകും ആദ്യമൊക്കെ വേഗം തീരുമായിരുന്നു .പിന്നീട് ഒരു പകൽ പോരാതായി.ദിവസങ്ങൾ നീണ്ടു പോയി .പരസ്പരം ഈഗോ വളർന്നു തുടങ്ങി .ഏറ്റവും രസകരം ഞങ്ങൾ കലഹിച്ചതും പിണങ്ങിയതുമൊക്കെ വിവാഹശേഷം മാത്രമായിരുന്നു എന്നതാണ്
പതിവുള്ള വഴക്കിന്റെ ഒരു ദിവസം
" ഒരു താലി കെട്ടി എന്ന് വെച്ച് നീ എന്നെ ഭരിക്കാനോന്നും നോക്കണ്ട " അവൾ ചീറി
" എന്നാൽ പിന്നെ പൊട്ടിച്ചു കളഞ്ഞിട്ടു പോടീ" വാശിയോടെ ഞാനും പറഞ്ഞു
താലി മാല ഊരി തന്നു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ.
താലി മാല ഊരി തന്നു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ.
"ദേ കിടക്കുന്നു നിങ്ങൾ കെട്ടിയ ചങ്ങല "
ആദ്യമായി ഞാൻ അവളെ അടിച്ചു തെറ്റാണ് . എനിക്കറിയാം പക്ഷെ അവൾ ചെയ്തതു എനിക്ക് പൊറുക്കാൻ കഴിയുമായിരുന്നില്ല .അവൾ അവളുട വീട്ടിലേക്കു പോയി
അവളെ കാണാതിരിക്കുമ്പോൾ എനിക്കു വിഷമം ഒന്നും തോന്നിയില്ല.എന്റെ ഉള്ളിലെ വാശിയും പകയും എന്നെ അതിനു അനുവദിച്ചില്ല. എനിക്കിടയ്ക്കു അത്ഭുതം തോന്നും ഇത്രയേ ഉള്ളായിരുന്നോ ഞങ്ങൾക്കിടയിലുള്ള സ്നേഹം ?അവളെ കാണാതിരിക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നില്ല എന്ന് ഞാൻ കണ്ടെത്തി .സത്യത്തിൽ അത് മറയ്ക്കാൻ ഞാൻ പുതിയ വഴികൾ കണ്ടെത്തി എന്നതാവും ശരി .ഞാൻ എന്റെ കൂട്ടുകാർക്കൊപ്പം ധാരാളം സമയം ചിലവഴിച്ചു .കൂടുതൽ നേരം പാട്ടു കേട്ടു .സിനിമകൾ കണ്ടു .
.ഇതിങ്ങനെ മുന്നോട്ടു പോയിട്ടും കാര്യമില്ല എന്ന് ഞങ്ങളുടെ വീട്ടുകാർക്കും തോന്നിത്തുടങ്ങി ഒരു പാട് ശ്രമിച്ചു അവർ. ഒരു പ്രയോജനവും ഉണ്ടായില്ല. .അവളുടെ ഒപ്പുള്ള വിവാഹമോചനകടലാസ് എന്റെ മുന്നിൽ എത്തിയപ്പോൾ ഞാനും മറുത്തൊന്നും പറയാതെ ഒപ്പിട്ടു കൊടുത്തു .രണ്ടു പേർക്കും അതാണ് നല്ലത് എന്ന് എനിക്കും തോന്നി .കോടതി വളരെ വേഗം തന്നെ അതനുവദിക്കുകയും ചെയ്തു
പിന്നീടും ചിലപ്പോളൊക്കെ അവളെ വഴിയിൽ വെച്ച് കാണാറുണ്ട് .പക്ഷെ അപ്പോൾ എനിക്ക് ദേഷ്യമൊന്നും തോന്നാറില്ല .അവളെന്നെ കാണുമ്പോൾ പുഞ്ചിരി തൂകും. ഞാനും. അന്യർ തമ്മിൽ കലഹങ്ങളെന്തിന് ? സ്വന്തമാകുമ്പോളാണ് വാശി ഉണ്ടാകുക ,മുറിവേൽപ്പിക്കുക ,ആ ഒരു വികാരം ഇല്ലാതെയാകുമ്പോൾ നമ്മൾ തണുത്തു പോകും മഞ്ഞുപോലെ .
ആദ്യം വിവാഹ ആലോചനകൾ വന്നു തുടങ്ങിയതു അവൾക്കാണ് .അവളുടെ വിവാഹ നിശ്ചയത്തിന് ഞാനും പോയി .ചുവന്ന മുളകിന്റെ നിറമുള്ള സാരിയിൽ അവൾ അതീവ സുന്ദരിയായി കാണപ്പെട്ടു .സത്യത്തിൽ അവളെക്കാൾ മികച്ച ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ല .ഇടയ്ക്കെപ്പോഴോ അവളെന്നെ ഒരു നോട്ടം നോക്കി ആഴക്കടലിനെ ഓർമിപ്പിക്കുന്ന ഭംഗിയുള്ള ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു .ആ നോട്ടം എന്റെ ഹൃദയം പിളർന്ന പോലെ എനിക്ക് തോന്നി .എന്റെ ഉള്ളിലേക്ക് ഒരു വൻ തിരമാല അടിച്ചു കയറിയ പോലെ .ഞാൻ വേഗം അവിട നിന്നിറങ്ങി പോരുന്നു.
എന്തിനായിരുന്നു ഞങ്ങൾ കലഹിച്ചു കൊണ്ടിരുന്നത് എന്ന് പലതവണ ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു ഒന്നിന്റെ പോലും കാരണം ഓർമ്മ വന്നില്ല .അവൾ മറ്റൊരാൾക്കൊപ്പം ജീവിക്കുന്നതിനെ കുറിച്ച് ഞാൻ അത് വരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല .ഒരു മുള്ളുടക്കി വലിക്കും പോലെഒരു നീറ്റൽ. വളരെയെളുപ്പം ലഭിക്കുന്ന ചിലതിനു നാം വലിയ വില കൊടുക്കാറില്ല. പക്ഷെ എന്നെന്നേക്കുമായി അത് നഷ്ടം ആകുമ്പോൾ മാത്രം നമ്മൾ അതിന്റെ ഓർമകളിൽ പെട്ടു പോകും. അവളെനിക്ക് അത് പോലെയായിരുന്നു.
ഞാൻ ഒരു ട്രാൻസ്ഫർ വാങ്ങി ബാംഗ്ലൂരിലേക്ക് പോയി .അവൾ മറ്റൊരാളുടേതാകാൻ പോകുമ്പോൾ അവളെ ഓർത്തിരിക്കുന്നതിൽ അർത്ഥമില്ല .പക്ഷെഎനിക്ക് അവളോട്" എന്നെ വെറുക്കരുത്" എന്ന് പറയണം എന്നുണ്ടായിരുന്നു ",എന്നോട് പൊറുക്കണം" എന്നും .ഒന്നിനും കഴിഞ്ഞില്ല. രാവും പകലും അവൾ മാത്രമായി ഉള്ളിൽ.
ഓഫീസ് സമയം കഴിഞ്ഞു വൈകുന്നേരം അപ്പാർട്മെന്റിൽ വരുമ്പോൾ വാതിൽ തുറന്നു കിടക്കുന്നത് ഞാൻ കണ്ടു.
മുറിയിൽ അവൾ. ട്രാവൽ ബാഗിലെ വസ്ത്രങ്ങൾ അലമാരയിൽ അടുക്കി വെയ്ക്കുന്നു .കണ്ടത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ ഞാൻ നിന്നു.
" നീ ഒരു താക്കോൽ നിന്റെ അമ്മയുടെ കൈയിൽ കൊടുത്തിരുന്നത് നന്നായി . "അവൾ സ്വാഭാവികതയോടെ പറഞ്ഞു
" ദീപു നീ ?'.ഞാൻ ഇടർച്ചയോടെ നിർത്തി
" ഒരു പാട് ജോലിയുണ്ട് .എല്ലാം വിശദമായി പറയാൻ കുറച്ചു സമയം തരണം എനിക്കിങ്ങോട്ടു ട്രാൻസ്ഫർ ആണ് .നീ ഇവിടെ ഉള്ളപ്പോൾ താമസിക്കാൻ വേറെ സ്ഥലം നോക്കണ്ടല്ലോ "അവളുടെ ചുണ്ടിൽ ഒരു ചിരി
" ദീപു എന്നോട് നീ..."
"വലിയ ഡയലോഗ് ഒന്നും വേണ്ട ..ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട് കുടിക്കു "അവളുടെ മുഖം എന്റെ തൊട്ടു മുന്നിൽ.
എന്റെ കണ്ണ് നിറഞ്ഞു ആ കാഴ്ച മറഞ്ഞു
വീണ്ടുമൊന്നിച്ചു ജീവിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ഒരു കാര്യം മനസ്സിൽ ആയി ഈ ഭൂമിയിൽ അവളെ സഹിക്കാൻ എനിക്കും എന്നെ സഹിക്കാൻ അവൾക്കുമേ സാധിക്കുവുള്ളു എന്ന സത്യം ,.അതിന്റെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ആണ് തുടക്കത്തിൽ കണ്ടത് .
ഇപ്പോളും ഞങ്ങൾ കലഹിക്കും പക്ഷെ ഒരു പകലിൽ അതവസാനിക്കും .
ഇപ്പോളും ഞങ്ങൾ പിണങ്ങും. പക്ഷെ ഒരു ചുംബനത്തിൽ അതലിഞ്ഞു പോകും.
ഞാൻ അവളെയും അവൾ എന്നെയും കൂടുതൽ കൂടുതൽ സ്നേഹിച്ചു തുടങ്ങി.ഞങ്ങൾ പരസ്പരം ബഹുമാനിച്ചു തുടങ്ങി. കരുതി തുടങ്ങി. ഇടയ്ക്കെപ്പോഴോ .നഷ്ടമായപ്പോൾ അനുഭവിച്ച ഒരു വേദന രണ്ടുപേരുടെയും ഉള്ളിലെ സ്നേഹത്തിനെ ജ്വലിപ്പിക്കുന്നുണ്ടായിരുന്നു
അവളുമായി വിവാഹം നിശ്ചയിച്ച ചെറുപ്പക്കാരന്റെ വീട്ടിൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചു പോയി മാപ്പു പറഞ്ഞു കാര്യങ്ങൾ സംസാരിച്ചു മനസിലാക്കി.
ഞങ്ങൾ വീണ്ടുംവിവാഹം കഴിച്ചില്ല
അത് വേണ്ട
ഞാൻ അവളുടേതാണെന്നും അവൾ എന്റേതാണെന്നും ഒരിക്കലും പിരിയാൻ ആവില്ലെന്നും മനസിലാക്കിയ ജീവിതത്തി ന്റെ രണ്ടാം ഘട്ടം ആണിത് ...
മരണം വരെ മനസ്സിന്റെ ഈ ഒരു ഉറപ്പു മതി .
പക്ഷെ എപ്പോളും ദൈവം എല്ലാവർക്കും ഈ സെക്കന്റ് ചാൻസ് കൊടുക്കില്ല കേട്ടോ.
BY
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക