നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രാന്തൻ പൂക്കൾ****************************************
കനത്ത ഇരുളിലേയ്ക്കു മിഴികളൂന്നി ഇരിക്കുമ്പോളാണ് എനിക്ക് മനസിലായത് പണ്ട് എന്റെ കഥകളിലെ സ്വപ്നമായിരുന്ന ഏകാന്തത എത്രമാത്രം ക്രൂരമാണെന്ന്. ചുറ്റും ശബ്ദങ്ങളോ ബഹളങ്ങളോ ഒന്നും ഇല്ലാതെ തികച്ചും ശൂന്യമായൊരു സ്ഥലം അവിടെ എല്ലാവരാലും തോല്പ്പിക്കപ്പെട്ട ഒരു മനുഷ്യൻ . തോൽവി സമ്മതിച്ചിട്ടും മായാതെ പിന്തുടരുന്ന പരാജയത്തിന്റെ നിഴൽഭീതികൾ.
എനിക്ക് ഭ്രാന്തു പിടിക്കുകയാണോ . ചില തോന്നലുകൾ.. ചില മായ കാഴ്ചകൾ ..എല്ലാം കൂടി എന്നെ ഒരു മുഴു ഭ്രാന്തനാക്കുകയാണോ ..?? ജീവിതത്തിന്റെ പരാജയമാണ് ചിലർ ഭ്രാന്തായി ആഘോഷിക്കുന്നത് ..ഇത് ഭ്രാന്തന്മാരുടെ ലോകമാണ് ..ഇവിടെ എല്ലാവർക്കും ഭ്രാന്താണ്, ഞാൻ മാത്രമാണ് യഥാർത്ഥ മനുഷ്യൻ , പക്ഷെ അവർ പറയുന്നു എനിക്കാണ് ഭ്രാന്തെന്ന് .. ഞാൻ ഏകാകിയും അവർ അനേകരുമാണ് .അതുകൊണ്ട് തന്നെ ഞാനും എന്റെ ചിന്തകളും ഇപ്പോഴും ചങ്ങലയിൽ ബന്ധിക്കപ്പെടുന്നു ...

കമല ..
അവൾ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞത് .ഭ്രാന്തമായ ചിന്തകൾക്കുള്ളിലെ സ്നേഹത്തിനു വേണ്ടി വിശക്കുന്ന മനസ്സ് കണ്ടത് അവൾ മാത്രമായിരുന്നു ..
എന്റേത് മാത്രമെന്ന് ഞാൻ വിശ്വസിച്ചിരുന്ന ലോകത്തേയ്ക്ക് ആരും വരരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു .. തീരുമാനിച്ചിരുന്നു .. പക്ഷെ അനുവാദം ചോദിക്കാതെ ..കാത്തു നില്ക്കാതെ ..ആ ലോകത്തേയ്ക്ക് അവൾ തള്ളി കയറി വരികയായിരുന്നു ..പലവട്ടം വലിച്ചടയ്ക്കാൻ ശ്രമിച്ചിട്ടും ആ വാതിലുകൾ വീണ്ടും വീണ്ടും അവളുടെ മുൻപിൽ തുറയ്ക്കപെട്ടു. വേദനയോടെ അറിഞ്ഞു .. ഞാൻ കാരണം ഒരാളെ കൂടെ സമൂഹം പുറത്തായ്ക്കുന്നു അവരുടെ ലോകത്തിൽ നിന്നും ..അവരുടെ വിചിത്രമായ ലോകത്തു നിന്നും ... ഒരിയ്ക്കലും ഒപ്പം നടക്കാൻ ആഗ്രഹിച്ചിട്ടില്ല അവൾ .. തന്റെ പിന്നിൽ, തന്റെ കാലടികളിൽ മനസ്സ് വെച്ച് നടയ്ക്കാനായിരുന്നു അവൾക്കിഷ്ടം. ഒരുനാൾ അവൾ എനിക്ക് കാണിച്ചു തന്നു ..ഞാൻ അവളെ അറിയും മുൻപേ .. കാണും മുൻപേ .. യാദ്രിശ്ചികമായി കടൽക്കരയിൽ എന്നെ കണ്ട കമല അന്ന് മുതൽ നിധി പോലെ സൂക്ഷിക്കുന്ന എന്റെ കാലടികൾ പതിഞ്ഞ മണൽ. അതൊരു ചില്ലുക്കുപ്പിയിൽ സൂക്ഷിക്കുകയാണവൾ. അന്ന് മുതൽ പുറകെ കൂടിയതാണ് ..ഒരു നിഴൽപോലെ..
ഒരു മഴയത്ത് മദ്യപിച്ചു വഴിയിൽ കിടന്ന എന്നെ എഴുന്നേല്പ്പിച്ചു വീട്ടിലെത്തിച്ചത് അവളായിരുന്നു .പനിച്ചു വിറച്ചു കിടന്ന എന്റെയൊപ്പം അവൾ ഉണ്ടായിരുന്നു രണ്ടു ദിവസം . എന്നെ പരിചരിച്ചു .. എന്റെ കാൽച്ചുവട്ടിൽ ഇരുന്നു .. എന്റെ പുസ്തകങ്ങൾ വായിച്ചു . ചുമയ്ക്കുമ്പോൾ നെഞ്ചു തിരുമ്മി തരാനും , ചായ തിളപ്പിച്ച്‌ തരാനും ..വസ്ത്രം മാറാനും എല്ലാം അവൾ കൂടെ നിന്നു ..ആ രണ്ടുനാൾ ഒരക്ഷരം മിണ്ടിയിട്ടില്ല പരസ്പരം ..മൂന്നാം നാൾ ഒന്നും പറയാതെ അവൾ ഇറങ്ങി പോയി ..ആദ്യമായ് ഞാൻ ഒറ്റയ്ക്ക് താമസിച്ച വീട്ടിൽ ശൂന്യത നിറയുന്നത് ഞാനറിഞ്ഞു ..ആദ്യമായി ഒറ്റയ്ക്കായ ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി കരയാൻ എനിക്ക് തോന്നി ..പക്ഷെ അന്ന് വൈകുന്നേരം തന്നെ അവൾ തിരിച്ചു വന്നു ..കൈയ്യിൽ ഒരു ചെറിയ പെട്ടിയുമായി .
അന്ന് അപ്പോൾ ..ആദ്യമായി ഞാൻ അവളോട്‌ മിണ്ടി ..
" പെട്ടി അകത്തെ മുറിയിൽ വെയ്ക്കാം ..ആ മുറി തന്നെ ഉപയോഗിക്കാം ..അത് അതിഥികൾക്കുള്ള മുറിയാണ് . "
എന്തോ അപ്പോഴും ആ മുഖത്തേയ്ക്കു നോക്കാൻ തോന്നിയില്ല ..മച്ചിൽ എട്ടുകാലി നെയ്തു വെച്ച വലയിൽ മനസ്സും കണ്ണും കുരുക്കിയാണ് ഇത്രയും പറഞ്ഞത് ...
" അതിഥിയാകനല്ല വന്നത് .. സുഖവാസത്തിനുമല്ല .. ദാ ഞാനിവിടെ കിടയ്ക്കും .. ഈ കാൽച്ചുവട്ടിൽ , ചവിട്ടി പുറത്തായ്ക്കും വരെ .. ഇല്ലാ എങ്കിൽ ..എന്റെ മരണം വരെ ... "
ആ ശബ്ദം ഉറച്ചതായിരുന്നു .
മാറ്റമില്ലാതെ ഇപ്പോഴും ഉയർന്നു കേൾക്കുന്ന ചില വിപ്ലവകാരികളുടെ ശബ്ദം പോലെ .
പിന്നെയും രണ്ടു ദിവസങ്ങൾക്കു ശേഷമാണ് അവളുടെ പേര് ഞാനറിഞ്ഞത് .. കമല ... എന്റെ ഹൃദയത്തിന്റെ കാവല്ക്കാരിയാകാൻ നിയോഗിക്കപ്പെട്ടവൾ ..
ഒരിയ്ക്കലും ഒന്നും ആവശ്യപ്പെടാതെ ഒരു നിഴൽ പോലെ അന്ന് മുതൽ അവളുണ്ടായിരുന്നു കൂടെ. ചിലപ്പോൾ മറഞ്ഞും ചിലപ്പോൾ തെളിഞ്ഞും.
ഒരുനാൾ ഞാൻ ചോദിച്ചു ..
" നിനക്ക് അപ്പനും അമ്മേം ആരുമില്ലേ പെണ്ണെ .. ?? "
" ഉണ്ടായിരുന്നിരിയ്ക്കാം അറിയില്ല . ഓർമ്മവെച്ച നാൾ മുതൽ ഒരു തള്ളയുടെ കൂടെയാണ് . തള്ള അയലത്തെ വീടുകളിൽ അടിയ്ക്കാനും തുണി നനയ്ക്കാനും ഒക്കെ പോകുമായിരുന്നു ..ഞാനും കൂടെ പോകും .. ഒരുനാൾ എന്നെ ഒരു വലിയ വീട്ടിലാക്കി . അവിടത്തെ മുത്തശ്ശിയാ എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചത് ..മുത്തശ്ശി ഒരുപാട് വായിക്കുമായിരുന്നു .ചില രാത്രികളിൽ ഞാനാണ് വായിച്ചു കൊടുക്കുക ..അങ്ങനെ വായിച്ചതാണ് സാറിന്റെ പുസ്തകങ്ങൾ ..
'എന്റെ ബാല്യം , പിന്നെ 'കവിതകളുടെ ജാലകം' ,' പകൽമാരി'..'ഒരു മുത്തശ്ശിക്കഥ ' അങ്ങനെ സാറിന്റെ എല്ലാ പുസ്തകങ്ങളും മുത്തശ്ശിയുടെ അടുത്തുണ്ടായിരുന്നു .."
അവൾ നിർത്താതെ തുടരുകയാണ് .. ആരോടെങ്കിലും ഒരിയ്ക്കൽ തുറന്നു പറയാൻ ആഗ്രഹിച്ചവയൊക്കെയും..ആരോ ബലമായി മൂടിക്കെട്ടി വെച്ച വായ പെട്ടെന്ന് തുറന്നു കിട്ടിയ പോലെ
"ഒരുനാൾ മുത്തശ്ശിയെ കൊണ്ട് കടൽക്കരയിൽ വന്നപ്പോളാ സർ നെ .. ആദ്യം കാണുന്നെ .. അന്ന് ആരും കാണാതെ , മുത്തശ്ശി പോലും അറിയാതെ വാരി എടുത്തതാ .. ആ മണൽ.. .സർ അന്ന് ചോദിച്ചില്ലേ അത് .. ആ കുപ്പിക്കുള്ളിൽ എന്താന്നു .. അത് സർ ന്റെ കാലടിയിൽ കിടന്ന മണലാ.. "
ആദ്യമായി എന്റെ മനസ്സ് ആർദ്രമാകുന്നതു ഞാൻ അറിഞ്ഞു . കണ്ണ് നിറയാൻ പാടില്ല . കണ്ണുകൾ മുറുക്കെ അടച്ചു . കമല പിന്നെയും പറഞ്ഞു കൊണ്ടേ ഇരുന്നു ....
" മുത്തശ്ശി മരിച്ചു കഴിഞ്ഞപ്പോൾ ..എന്തോ ഞാനവിടെ ഒരു അധികപ്പറ്റായ പോലെ .. എങ്ങോടെങ്കിലും പോണംന് തീരുമാനിച്ചിരുന്നു .. അപ്പോഴാണ് .. അന്ന് സാറ് ... പിന്നെ ഒന്നും ആലോചിച്ചില്ല .. എനിക്ക് ഇവിടെ ..ദാ ഈ കാൽച്ചുവട്ടിൽ കിടന്നു മരിയ്ക്കണം ..എന്നോട് .. എന്നോട് പോകാൻ മാത്രം പറയാതിരുന്നാൽ മതി ... "
തുളുമ്പി വരുന്ന മിഴികൾ തുടയ്ക്കാനോ . അവിടെ നിന്നും ഓടി പോകാനോ അവൾ ശ്രമിച്ചില്ല.. അവളുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയാണെന്ന് എനിക്ക് ഉറപ്പാണ് .. പിന്നെ വളരെ പതുക്കെ കാലടികൾ അകന്നു പോകുന്നത് ഞാൻ അറിഞ്ഞു. എന്നെയും ഇത്രമേൽ സ്നേഹിക്കുന്ന ഒരാളോ .. ആരുമില്ലാത്തവർക്കും ആരെങ്കിലും വേണംന്നാവും.
പിന്നെ മെല്ലെ അവളുടെ സാമീപ്യം ഒരു സുഖമാകുന്നത് ഞാനറിഞ്ഞു .. എന്നെയും സ്നേഹിക്കാൻ ഒരാൾ, കാത്തിരിയ്ക്കാൻ ഒരാൾ . വിളിച്ചുണർത്താനും ..ഓരോന്ന് ഓർമ്മിപ്പിക്കാനും ഒരാൾ ..അങ്ങനെ ഇടയിലെപ്പോഴോ ..ഞാനും ഒരു മനുഷ്യനാകുംപോലെ.. മദ്യപാനം വല്ലപ്പോഴും മാത്രമാക്കി .കഞ്ചാവ് പൂർണമായും ഒഴുവാക്കി ..അതിന്റെ മണം കമലയ്ക്കു ഒട്ടും ഇഷ്ടം അല്ലായിരുന്നു . എന്തോ അകലാൻ ശ്രമിക്കുംതോറും വീണ്ടും വീണ്ടും അവളോട്‌ ഒട്ടിച്ചേരാൻ ആരോ പറയുംപോലെ.. ഞാൻ മാറുകയാണ് .
ഒരുനാൾ ഉള്ളിലെ സ്നേഹം നെഞ്ചിൽ കൊള്ളാതെ വന്നപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു ..
" കമലേ ... ഞാൻ നിന്നെ കെട്ടട്ടെ .... " ??
അറിയാതെ മുറിഞ്ഞു വീണ വാക്കുകൾ .തേങ്ങിയുണർന്ന ഒരു വിതുംബലായി കമല എഴുന്നേറ്റു അകത്തേയ്ക്കോടി .അകത്തു നിന്നും ഉയർന്നു കേൾക്കുന്ന കരച്ചിലിന്റെ ചീളുകൾ . എനിയ്ക്ക് അപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു .ചിരിയ്ക്കണോ അതോ കരയണോ .കഞ്ചാവിന്റെ പിൻബലമില്ലാതെ അന്നാദ്യമായി ഞാൻ ചിരിച്ചു .. ആ ഉയർന്നു കേൾക്കുന്നത് പ്രണയമാണ് .ഇത് , ഇതാണ് സ്നേഹം .. ജീവിതത്തിൽ നിന്നും മുറിച്ചു മാറ്റാൻ ആവാതെ ആത്മാവിൽ ലയിച്ചു കിടക്കുന്ന പ്രണയം .. എന്റെ പ്രണയം .ഇവിടെ ഞാൻ അലിഞ്ഞു തീരുകയാണ് .സ്നേഹത്തിനു മുന്നിൽ.. കമലയുടെ മുന്നിൽ .
വൈകുന്നേരം പുറത്തേയ്ക്കിറങ്ങുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് എന്തെല്ലാമാണ് . കമലയ്ക്കൊരു സാരി വാങ്ങണം . പിന്നെ ഒരു താലിമാല .പിന്നെ ഒരു ഡപ്പി സിന്ദൂരം . എല്ലാം വാങ്ങി തിരിച്ചു വരുമ്പോളാണ് പഴയ ചില സുഹൃത്തുക്കളെ കണ്ടത് . ഒഴുവാക്കാൻ പറ്റാത്തവർ . അവർക്കൊപ്പം കാറിൽ കയറിയപ്പോൾ തന്നെ മനസ്സിലായി .. എന്തോ അനിഷ്ടമായതു സംഭവിക്കാൻ പോകുന്നുവെന്ന് .. കാറിൽ നിറയെ മദ്യത്തിന്റെയും കഞ്ചാവിന്റെയും മണം. ഒഴുവാക്കാൻ പരമാവധി ശ്രമിച്ചു നോക്കി കഴിഞ്ഞില്ല . എല്ലാ നിയന്ത്രണങ്ങളും എനിക്ക് നഷ്ടപെടുകയായിരുന്നു . എത്ര കുടിച്ചുവെന്നോ ..എന്തോരം വലിച്ചു കേറ്റി എന്നോ ഓർമ്മയില്ല. ഹോട്ടലിന്റെ പുറത്തേയ്ക്കിറങ്ങുമ്പോൾ കാലു നിലത്തു ഉറയ്ക്കുന്നുണ്ടായിരുന്നില്ല. വഴിയിലൂടെ വേച്ചു നടക്കുമ്പോൾ.. പിന്നിൽ ശക്തമായി എന്തോ വന്നിടിച്ചത് ഓർമ്മയുണ്ട്. ഒറ്റ നിമിഷം കൊണ്ട് കണ്ണുകളിൽ ഇരുൾ നിറഞ്ഞതും . കൈയ്യിൽ നിന്നും . സ്വപ്നങ്ങൾക്കൊപ്പം കമലയ്ക്കായി വാങ്ങിയതെല്ലാം തെറിച്ചു പോകുന്നത് ഞാനറിഞ്ഞു . ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും ബോധത്തിന്റെയും അവസാന പിടച്ചിൽ .പിന്നെ ഇരുൾ മൂടി .കണ്ണിലും മനസ്സിലും . കണ്ണ് തുറന്നപ്പോൾ . ചുറ്റും അപരിചിതങ്ങളായ കുറെ മുഖങ്ങൾ. യാതൊരു പരിചവുമില്ലാത്ത അന്തരീക്ഷം . ഇംഗ്ലീഷ് മരുന്നിന്റെ മണം മടുപ്പിക്കുന്ന ഗന്ധം.. മലയാളികൾ തീരെ കുറവുള്ള ഏതോ സ്ഥലമാണ് .. പിന്നെ പതിയെ മനസ്സിലാക്കിവന്നപ്പോൾ അറിഞ്ഞു .. ഞാൻ ആശുപത്രിയിലാണ് .. വന്നിട്ടിപ്പോൾ മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു .. ഒരു വർഷത്തോളം അബോധാവസ്ഥയിൽ .. പിന്നെ രണ്ടു വർഷം മാനസിക നില തെറ്റിയ അവസ്ഥയിൽ . ..
ഒരാഴ്ചയായി മനസ്സിലൂടെ എന്തെല്ലാമോ ചിന്തകൾ.. ഓർമ്മകൾ ചീറി പായുന്നു .. ഓർമ്മയുടെ നേർത്ത കിരണങ്ങൾ .. അബോധാവസ്ഥയുടെ കറുത്ത ലോകത്ത് നിന്നും .. നില തെറ്റിയ മനസ്സിന്റെ ചാഞ്ചാട്ടത്തിൽ നിന്നും നേരറിവിന്റെ ലോകത്തേയ്ക്കുള്ള തിരിച്ചു വരവിന്റെ നിമിഷങ്ങൾ .
ഇവിടെ എല്ലാവർക്കും സന്തോഷമാണ് .നഷ്ടമായെന്നു എല്ലാവരും കരുതിയ ഒരു സാഹിത്യ പ്രതിഭയുടെ പുനർജ്ജന്മം . പക്ഷെ എനിക്ക് നഷ്ടമായ എന്നെ ഞാൻ എവിടെയാണ് തിരയുക .. ആരോടാണ് ചോദിക്കുക .. അറിയില്ല .. തലച്ചോറിൽ മിന്നി മറയുന്നത് ആ മുഖമാണ് .. കാതുകളിൽ നിറഞ്ഞു നില്ക്കുന്നത് പരിഭവമേതുമില്ലാതെ സ്നേഹം മാത്രം നിറഞ്ഞു നിൽക്കുന്ന കമലയുടെ ശബ്ദമാണ്. .എന്റെ കമല .
സംസാരിക്കാൻ കഴിയുമായിരുന്നില്ല .എഴുതണം എന്ന് ഡോക്ടറോട് അന്ഗ്യം കാണിച്ചു .. പിറ്റേ ദിവസം .. ഒരു കേട്ട് പേപ്പറുമായാണ് ഡോക്ടർ വന്നത്. അതിൽ നിന്നും ഒരു പേപ്പർ വാങ്ങി .. വിറയ്ക്കുന്ന കൈകൊണ്ടു .. വഴുതിപോകുന്ന അക്ഷരങ്ങളെ ചേർത്തു പിടിച്ചു എഴുതി ഡോക്ടർക്ക്‌ കൊടുത്തു. ഡോക്ടർ ആ കടലാസിലെയ്ക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി . ഞാൻ അതിൽ ഇത്ര മാത്രമേ എഴുതിയുള്ളൂ ..
"കമല ........ ????? "
പിന്നെ ഞാൻ മെല്ല തിരിഞ്ഞു കിടന്നു . വെളിച്ചത്തിന്റെ ലോകത്ത് നിന്നും .അവളില്ലാതെ എനിക്കീ ലോകത്തിന്റെ വെളിച്ചം വേണ്ട . ഓർമ്മകളിൽ .. ഞാൻ വീണ്ടും എന്റെ കമലയുടെ കൂടെ ആയിരുന്നു .. ഞങ്ങളുടെ ആ കൊച്ചു വീട്ടിൽ.. അവൾ എന്റെ കാൽച്ചുവട്ടിൽ ഇരുന്നു എന്തെല്ലാമോ പറയുകയാണ്‌ .. ഞാൻ മെല്ലെ ചെവിയോർത്ത്‌ കിടന്നു ..വാക്കുകൾ വ്യക്തമല്ല .. എന്നെ കുറിച്ചാണോ അവൾ പറയുന്നത് .. അതോ എന്റെ തോന്നലുകളാണോ ..
എങ്കിൽ അല്പം ഉറക്കെ പറഞ്ഞാലെന്തു ... എനിക്കെന്റെ കമലയുടെ ശബ്ദം കേൾക്കണം .. ആ ശബ്ദം കേട്ട് എനിക്കുറങ്ങണം ..
വീണ്ടും ഒരാഴ്ച കൂടി കടന്നു പോയി . ഒരു ഉച്ച സമയം .. ആരുടെയോ കാല്പെരുമാറ്റം മുറിയ്ക്ക് മുന്നിൽ .. ഡോക്ടറാവും ..ഇല്ലാ ഞാൻ ഭക്ഷണം കഴിയ്ക്കില്ല ...
മരുന്നും കഴിയ്ക്കില്ല ..
എനിക്കെന്റെ കമലയെ തരൂ .. എനിക്ക് മരുന്നും വേണ്ട .. ഒരു പിണ്ണാക്കും വേണ്ട .. എനിക്ക് വേണ്ടതൊക്കെയും അവളെയാണ് .. എന്റെ കമലയെ .. അവളുടെ പ്രണയത്തെ ... അവൾ വന്നാൽ എന്റെ എല്ലാ അസുഖവും മാറും .. ഞാൻ പഴയ .. ആ പഴയ എഴുത്തുകാരനാവും .. അല്ലാതെ .. ഇനി എഴുതാൻ എനിക്കാവില്ല .. ജീവിയ്ക്കാൻ എനിക്കറിയില്ല .. ഇനിയും പറയാൻ വയ്യാ .. ഞാൻ തിരിഞ്ഞു കിടന്നു .. കണ്ണുകൾ ഇറുക്കി അടച്ചു ..
അടുത്തു ആരുടെയോ . ഒരു വിങ്ങിപ്പൊട്ടൽ .. പരിചയമുള്ളൊരു ഗന്ധം ..
"സാറേ ....."".................
കാലങ്ങൾക്കപ്പുറത്ത് നിന്നും .. ആ ശബ്ദം .. ഒഹ് .. തോന്നലുകൾ .. മായ കാഴ്ചകൾ .. ഇല്ല ഇനി എന്നെ പറ്റിയ്ക്കാൻ ആവില്ല .. കാലിൽ ആരോ സ്പർശിച്ചത്‌ പോലെ ..തണുപ്പുള്ള .. വിറയ്ക്കുന്ന വിരലുകൾ ..
"" സാറേ .. ""
അതൊരു നിലവിളി ആയിരുന്നു .. പാദങ്ങളിൽ നനവ്‌ പടരുന്നു .. ചാടി എഴുന്നേറ്റു ഞാൻ .. അവിടെ .. എന്റെ കാൽച്ചുവട്ടിൽ .. നിറം മങ്ങിയ ഒരു പച്ച സാരിയിൽ പൊതിഞ്ഞു .. എന്റെ ...എന്റെ ജീവൻ ..
എന്റെ കമല ..
കാലുകളിൽ മുഖം ചേർത്തു വെച്ച് ഏങ്ങലടിച്ചു കരയുകയാണവൾ .....
നേർത്ത ഒരു പുഞ്ചിരിയോടെ .. ഡോക്ടറും അടുത്തു നില്ക്കുന്നു ....
"" മാപ്പ് ഒരായിരം മാപ്പ് .. ഒരുപാട് തവണ ശ്രമിച്ചതാ ഒന്ന് കാണാൻ .. ആരും സമ്മതിച്ചില്ല . ആർക്കും .. ആർക്കും അറിയില്ലല്ലോ എന്നെ .. ഈ കാൽച്ചുവട്ടിൽ . ഇങ്ങനെ .. ഇങ്ങനെ ഒരു മണ്‍തരി കൂടെ ഉണ്ടായിരുന്നു എന്ന് ...പിന്നെ.. എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു .. നമ്മുടെ വീട്ടിൽ .. സാറിന്റെ മണമുള്ള വീട്ടിൽ ഇത്രയും നാൾ കഴിച്ചു കൂട്ടി . ഓർമ്മകളിൽ കരഞ്ഞും .. ജീവിച്ചും ... അപ്പോഴാ പേപ്പറിൽ ...
മാപ്പ് ഒരായിരം മാപ്പ് .. ആരൊക്കെ പറഞ്ഞാലും .. ഈ കാൽച്ചുവട്ടിൽ നിന്നും .. ഞാൻ .. പോകാൻ പാടില്ലായിരുന്നു .. മാപ്പ് .. ഒരായിരം മാപ്പ് .. ""
കരച്ചിലിനിടയിലൂടെ ചിതറി വീഴുന്ന വാക്കുകളിൽ നിറയെ സ്നേഹമായിരുന്നു .. വല്ലാത്ത .. വല്ലാത്ത ഒരു പ്രണയം .. അവളെ വാരി നെഞ്ചോട്‌ ചേർക്കുമ്പോൾ മനസ്സിൽ ആരും കേൾക്കാതെ പറഞ്ഞു ..
""കാൽച്ചുവട്ടിൽ അല്ല പെണ്ണെ .. എന്റെ നെഞ്ചിലാണ് നീ .. ഇനി നിന്നെ വിട്ടു ഒരു ഞാനില്ല.. എന്നെ വിട്ടൊരു നീയും .... """
അവിടെ വിടും മുൻപ് ..ഒരു വെള്ളക്കടലാസിൽ . ഇങ്ങനെ എഴുതി ഡോക്ടർക്ക്‌ കൊടുത്തു ..
"" നന്ദി .. പുനർജ്ജന്മം ..പൂർണമാക്കിയതിനു ............."""
വീണ്ടും .. ജീവിതത്തിലേയ്ക്ക് .. വിധി തല്ലിക്കെടുത്തിയ എന്റെ ജീവിതത്തിലേയ്ക്ക് .. തല ഉയർത്തി പിടിച്ചു .. എന്റെ കമലയുടെ കൈകളിൽ പിടിച്ചു ഒരു പുതിയ അധ്യായത്തിനായി ..
ജീവിതത്തിന്റെ .. പ്രണയത്തിന്റെ ..
ലോകത്തേയ്ക്ക് .. .........
സ്നേഹത്തിന്റെ പേമാരിയിലെയ്ക്ക് ..........
ഇതൊരു ഡയറി കുറിപ്പാണോ..അതോ കഥയോ ..
രണ്ടുമാണ് .. പക്ഷെ ഇതിലെന്റെ ജീവിതമുണ്ട് .. കമല തുന്നി പിടിപ്പിച്ച സ്നേഹത്തിന്റെ കരുത്തിൽ മുളച്ച എന്റെ ജീവിതം ..
പുതിയ പുലരികൾ ഞങ്ങൾക്കായി വിരിയുന്നതും .. പൂവുകൾ ഞങ്ങൾക്കായി മാത്രം ചിരിക്കുന്നതും ഞങ്ങൾ അറിയുന്നുണ്ട് .. എന്റെ തോളിൽ ചാരി ..വിടർന്ന ഒരു പുഞ്ചിരിയുമായി .. ദാ ഇപ്പോളും അവളുണ്ട് .. എന്റെ കമല ..
നിറഞ്ഞ മനസ്സോടെ ...
നിറഞ്ഞ സ്നേഹത്തോടെ ..
നിങ്ങളുടെ
എഴുത്തുകാരൻ ...........
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം.. ( 2003-04 കാലഘട്ടത്തിൽ എഴുതിയത് )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot