നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സെലസ്റ്റീനറിയ വളരെ ശ്രദ്ധാപൂര്‍വ്വം ആ പെയിന്റിംഗ് നിവര്‍ത്തി.പിന്നെ ആശുപത്രിയിലെ തന്റെ ക്യാബിന്റെ വെളുത്ത ചുമരില്‍ ആണികളില്‍ തൂക്കിയിട്ടു.അതിനുശേഷം അവള്‍ അല്‍പ്പനേരം അതില്‍ നോക്കിനിന്നു.
കറുത്ത ഓവര്‍ക്കോട്ടണിഞ്ഞ ഒരു വൃദ്ധയാണ് ആ പെയിന്റിംഗില്‍..അവരുടെ ഇടത് കണ്ണ് അന്ധമാണ്‌.വലതുകണ്ണിലൂടെ അവര്‍തന്നെ ചൂഴ്ന്നുനോക്കുന്നു.
“സെലസ്റ്റീന എന്നാണ് ഈ പെയന്റിംഗിന്റെ പേര് .പിക്കാസോ വരച്ചതാ.വെരി ഫേമസ് .”
കുട്ടിക്കാലത്തുനിന്ന് മമ്മിയുടെ ശബ്ദം റിയയുടെ കാതുകളില്‍ മുഴങ്ങി.
അവള്‍ മാറിനിന്ന് ഭിത്തിയില്‍ തൂക്കിയ ആ പെയിന്റിംഗിലേക്ക് നോക്കി.
ആ പെയിന്റിംഗിലെ വൃദ്ധയുടെ പുറകില്‍ മമ്മി ഒളിച്ചുനില്‍ക്കൂന്നത് പോലെ റിയക്ക് തോന്നി.
ഇന്ന് നഗരത്തിലെ പ്രമുഖ ആശുപത്രിയായ കാര്‍മ്മല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ റിയയുടെ ആദ്യദിവസമാണ്.അവള്‍ ഒരു കാര്‍ഡിയാക്ക് സ്പെഷലിസ്റ്റാണ്.
ആശുപത്രി കാബിനില്‍ വയ്ക്കാന്‍ തന്റെ വീട്ടില്‍നിന്ന് ,അല്ല മമ്മിയുടെ വണ്ടിപ്പെരിയാറിലെ ക്ലിനിക്കില്‍നിന്ന് അവള്‍ കൊണ്ടുവന്നതാണ് ആ പെയിന്റിംഗ്.അവള്‍ക്ക് ആ ചിത്രത്തിനോട് താത്പര്യം ഉണ്ടായിരുന്നില്ല.അതിനോടെന്നല്ല തന്റെ വീട്ടിലെ ഒരു വസ്തുവിനോടും റിയക്ക് താത്പര്യമുണ്ടായിരുന്നില്ല..പക്ഷെ അവളുടെ പ്രതിശ്രുത വരന്‍ ഡോക്ടര്‍ നെല്‍സന്‍ ആ പെയിന്റിംഗ് കൊണ്ടുവരാന്‍ നിര്‍ബന്ധം പിടിച്ചു.
“അതിനൊരു ക്ലാസിക്ക് ലുക്കുണ്ട്.യൂ നോ ,പേഷ്യന്റ്സ് അത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിക്കും.മാത്രമല്ല സിറ്റിയിലെ ഇപ്പോഴത്തെ പേഷ്യന്റ്സ് തന്റെ മമ്മി ചീകിത്സിച്ചുകൊണ്ടിരുന്ന വണ്ടിപെരിയാറ്റിലെ എസ്റ്റെയിറ്റ് തോഴിലാളികളെപോലെയല്ല.ദേ ചെക്ക് ദ അപ്പിയറന്‍സ്.വിക്കിപ്പീഡിയ നോക്കി പഠിച്ചിട്ടാ അവര്‍ നമ്മളെ കാണാന്‍ വരുന്നത്.”
നഗരത്തിലെ കഫെയിലിരുന്നു ഡോക്ടര്‍ നെല്‍സന്‍ പറഞ്ഞു. .റിയ ജോലിചെയ്യുന്ന കാര്‍മ്മല്‍ ആശുപത്രിയുടെ പാര്‍ട്ട്‌ണമാരില്‍ ഒരാളുടെ മകനാണ് അയാള്‍.
അവള്‍ അയാളുടെ മുഖത്തേക്ക്നോക്കി.ക്ലീന്‍ ഷേവ് ചെയ്ത വെളുത്ത മിനുസമായ മുഖം,സിഗരറ്റിന്റെ നേര്‍ത്ത ഗന്ധം,കാറ്റില്‍ ഉലയുന്ന ചുവന്ന ചെക്ക് ഷര്‍ട്ട്..
നെല്‍സന് തന്നോട് സ്നേഹമുണ്ട്.തനിക്കും.ഒരു മാസം കൂടി കഴിഞ്ഞാല്‍ തന്റെ കല്യാണമാണ്.
അതിനുശേഷം തന്റെ വര്‍ഷങ്ങള്‍ നെല്‍സന്റെ ഒപ്പമാണ്.
നെല്‍സനെ തനിക്ക് ശരിക്കറിയാമോ ?
ഇല്ല.
ജീവിതം ഒരു ചൂതാട്ടമാണ്.നമ്മുടെ ധാരണകള്‍ ശരിയെന്ന കണക്കുകൂട്ടലില്‍ നാം എടുക്കുന്ന തീരുമാനങ്ങള്‍.അതൊരു ചൂതാട്ടമാണ്.ആരെയും ആര്‍ക്കും ശരിക്കറിയില്ല എന്നതാണ് വാസ്തവം.
അമ്മയെ പോലും തനിക്ക് ശരിയറിയാമായിരുന്നോ ?
ആരോ തന്നെ നോക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
അത് ആ ഒറ്റക്കണ്ണുള്ള സ്ത്രീയാണ്.
സെലസ്റ്റീന.
ഭിത്തിയിലെ ചിത്രത്തില്‍നിന്ന് അവര്‍ തന്നെ സൂക്ഷിച്ചുനോക്കുന്നു.
റിയ നോട്ടം മാറ്റി.ഉള്ളില്‍ ഒരു തണുത്തകാറ്റ് ഇരച്ചു കയറുന്നു.വണ്ടിപ്പെരിയാറ്റിലെ തേയിലത്തോട്ടങ്ങള്‍ക്കിടയിലെ കുന്നിന്‍മുകളില്‍ മമ്മിയുടെ ക്ലിനിക്ക്.ആ നീലക്കെട്ടിടത്തിന്റെ തടിജനാല കാറ്റില്‍ തുറക്കുന്നു.അതിലൂടെ ഇരച്ചു കയറുന്ന തണുത്തകാറ്റ്.അകത്തു ഫാനില്‍ തൂങ്ങിയാടുന്ന മമ്മി.
മമ്മിയുടെ വലത്കണ്ണ് തന്നെ തുറിച്ചുനോക്കുന്നു.
പെട്ടെന്ന് ക്യാബിന്‍ ഡോര്‍ തുറന്നു നഴ്സ് അകത്തുവന്നു.
“ഡോക്ടര്‍ പേഷ്യന്റ്സിനെ വിളിക്കട്ടെ? നഴ്സ് ചോദിച്ചു.അവള്‍ തലയാട്ടി.
രോഗികള്‍ ഓരോരുത്തരായി കടന്നുവന്നു.
രോഗികളെ നോക്കുന്നതിനിടയില്‍ അവള്‍ മനപ്പൂര്‍വം ഭിത്തിയിലേക്ക് നോക്കിയതേയില്ല.
ഒടുവില്‍ വന്നത് ഒരു വൃദ്ധനാണ്.
അവള്‍ സ്തെതസ്കോപ്പ് അയാളുടെ നെഞ്ചില്‍ ചേര്‍ത്തു.ഹാര്‍ട്ട് മര്‍മ്മര്‍.അയാളുടെ ഹൃദയവാല്‍വുകള്‍ ചുരുങ്ങുകയാവാം.
“എത്ര വയസായി.?” അവള്‍ ചോദിച്ചു.
അയാള്‍ മറുപടി പറഞ്ഞില്ല.വൃദ്ധന്‍ തിരിഞ്ഞു ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയാണ്.ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന സെലസ്റ്റീനയുടെ ചിത്രത്തിലേക്കാണ് അയാള്‍ നോക്കുന്നത്.
“ഈ ചിത്രം ..ഇത് ഡോക്ടര്‍ എലിസബത്ത് ജെയിംസിന്റെയല്ലേ ?” അയാള്‍ പെട്ടെന്ന് ചോദിച്ചു.
“അതെ.എന്റെ മമ്മിയാണ്...” അവള്‍ പറഞ്ഞു.
“ഓ ഈ പെയിന്റിംഗ് ഞാന്‍ കണ്ടിട്ടുണ്ട് .വണ്ടിപ്പെരിയാറ്റിലെ ക്ലിനിക്കില്‍ ഞാന്‍ പലപ്രാവശ്യം വന്നിട്ടുണ്ട്.ഞാന്‍ അവിടെ ഗ്രീന്‍വാലി ടീ എസ്റ്റെയിറ്റ് മാനേജരായിരുന്നു കുറച്ചുനാള്‍.എപ്പോ വന്നാലും ഡോക്ടര്‍ എലിസബത്ത് ഈ പടത്തിലേക്ക് നോക്കിയിരിക്കുന്നത് കാണാം.അങ്ങിനെയാണ് ഇത് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്.”അയാള്‍ പറഞ്ഞു.
അവള്‍ ആ വൃദ്ധനെനോക്കി ചിരിച്ചു.ആദ്യമായാണ് മമ്മിയുടെ ഒരു പേഷ്യന്റ് തന്റെയരികില്‍ വരുന്നത്.
അയാളുടെ ഹൃദയവാല്‍വ് ചുരുങ്ങുകയാണ് എന്നുറപ്പാണ്. സര്‍ജറി മിക്കവാറും വേണ്ടിവരുംഉറപ്പിക്കണമെങ്കില്‍ ടെസ്റ്റുകള്‍ നടത്തണം...പക്ഷെ അയാള്‍ക്ക് എണ്‍പത് വയസ്സിനടുത്ത് പ്രായമുണ്ട്..സര്‍ജറി നടത്താനുള്ള ആരോഗ്യം അയാള്‍ക്കില്ല.അയാളെ വിശ്രമിക്കാന്‍ വിടണോ?അതോ ശസ്ത്രക്രിയയുടെ കാര്യം പറഞ്ഞു അയാളെ അങ്കലാപ്പിലാക്കണോ?
പക്ഷേ ടെസ്റ്റുകള്‍ നടത്തിയാലെ ആശുപത്രിക്ക് വരുമാനം ലഭിക്കൂ.
ഡോക്ടര്‍ റിയ മുന്‍പിലിരിക്കുന്ന തന്റെ അമ്മയുടെ പഴയ പേഷ്യന്റിനെ നോക്കി.നരച്ചു വെളുത്ത താടിയും മുടിയും.പ്രശാന്തമായ മുഖം.
അവള്‍ ടെസ്റ്റുകള്‍ക്ക് കുറിക്കാന്‍ ഒരുങ്ങി.
പെട്ടെന്ന് തന്നെ ആരോ കുറ്റപ്പെടുത്തുന്നത് പോലെ അവള്‍ക്ക് തോന്നി.അവള്‍ കണ്ണുകള്‍ ഉയര്‍ത്തി.
ഭിത്തിയിലെ ആ ചിത്രത്തില്‍നിന്ന് ,ആ ഒറ്റക്കണ്ണുള്ള സ്ത്രീയുടെ നോട്ടം തന്നില്‍ പതിയുന്നു.ആ നോട്ടത്തില്‍ ഒരു രൂക്ഷതയുണ്ട്.തന്റെ ഇടതുകണ്ണ് ചലിക്കുന്നത് പോലെ റിയക്ക് തോന്നി..ആ നോട്ടം തന്റെ മനസ്സിന്റെ ആഴങ്ങളില്‍വരെ ചെല്ലുന്നു.
കുറച്ചു ദിവസം കഴിഞ്ഞ് നെല്‍സന്‍ വിളിച്ചു.
“റിയ ,ഈ ആശുപത്രി നടത്തുന്നത് പാവങ്ങളെ സഹായിക്കാനല്ല.ദിസ് ഈസ് ഫോര്‍ പ്രോഫിറ്റ്.ടെസ്റ്റുകള്‍ കുറിക്കണം.രോഗികളുടെ വരുമാനം കിട്ടിയാലേ ആശുപത്രി മുന്‍പോട്ടു പോകൂ.”
അവള്‍ ഒന്നും പറഞ്ഞില്ല.
അന്ന് വൈകിട്ട് റിയ നടക്കാനിറങ്ങി.മനസ്സില്‍ വല്ലാതെ എന്തോ കനംതൂങ്ങി നില്‍ക്കുന്നു.നഗരത്തില്‍ നിന്ന് കുറച്ചുമാറിയാണ് കടല്‍പ്പാലം.അവള്‍ അങ്ങോട്ട്‌ നടന്നു.
പാലത്തിന്റെ തുരുമ്പിച്ച കൈവരികളില്‍ പിടിച്ചുകൊണ്ട് അവള്‍ ദൂരെക്ക് നോക്കി.അനന്തതയിലേക്ക് വിരിച്ചിട്ട ഒരു ചലിക്കുന്ന നീലത്തൂവാല പോലെ കടല്‍ കിടന്നു.കടല്‍ക്കാറ്റില്‍ അവളുടെ കണ്ണിണകള്‍ക്ക് കീഴില്‍ ഉപ്പുരസം പടര്‍ന്നു.
എന്തിനാണ് മനസ്സില്‍ ഇത്ര ഭാരം ?
അവള്‍ മമ്മിയെക്കുറിച്ച് ആലോചിച്ചു.ആദ്യത്തെദിവസം തന്നെകാണാന്‍ വന്ന വൃദ്ധന്‍ പറഞ്ഞത് അവള്‍ ഓര്‍ത്തു.ആ പഴയ ക്ലിനിക്കില്‍ ഒറ്റക്കണ്ണുള്ള വൃദ്ധയുടെ പെയിന്റിങ്ങില്‍ നോക്കിയിരിക്കുന്ന തന്റെ മമ്മി.
ആ ക്ലിനിക്കായിരുന്നു മമ്മിയുടെ ജീവിതം.ഒടുവിലായപ്പോള്‍ ആ ചിത്രത്തിലെപോലെ മമ്മിയുടെ ഇടതുകണ്ണിന്റെ കാഴ്ച കുറഞ്ഞു.ഒടുവില്‍ ആ കണ്ണ് തീര്‍ത്തും അന്ധമായി.
എന്തായിരുന്നു മമ്മിക്ക് സംഭവിച്ചത് ?
പപ്പക്ക് മമ്മിയെ സംശയമുണ്ടായിരുന്നു. ആ ക്ളിനിക്കിട്ട കാലം മുതല്‍.
പപ്പയുടെ മദ്യപാനമായിരുന്നു എല്ലാത്തിനും തുടക്കം. പപ്പക്ക് അവിടെ തോട്ടമുണ്ടായിരുന്നു.കടം കയറി അത് വിറ്റു.പിന്നെ മമ്മിയുടെ ക്ളിനിക്കായിരുന്നു വീട്ടിലെ വരുമാനം.
തോട്ടത്തിന്റെ പാര്‍ട്ട്ണമാരില്‍ ഒരാള്‍ മമ്മിയുടെ ക്ലിനിക്കില്‍ സ്ഥിരമായി വരുന്നുണ്ടെന്നു പറഞ്ഞായിരുന്നു പപ്പയുടെ വഴക്കിന്റെ തുടക്കം.ആദ്യം മമ്മി പൊട്ടിക്കരഞ്ഞു എതിര്‍ത്തു.പിന്നെ എന്നും വഴക്കായി.അതോടെ മമ്മിയുടെ സംസാരം തീരെക്കുറഞ്ഞു.ആ പെയിന്റിങ്ങിലെ വൃദ്ധയുടെ പോലെ സദാ കല്ലിച്ച മുഖഭാവം.എല്ലാ ദേഷ്യവും തന്നെ തല്ലിയാണ് മമ്മി തീര്‍ത്തത്.ബോര്‍ഡിംഗിലെക്ക് മാറിയത് കൊണ്ട് താന്‍ രക്ഷപെട്ടു.
പപ്പാ മരിക്കുന്നത് വരെ മമ്മിയെ സംശയിച്ചു.പപ്പയുടെ മരണശേഷം , ,തന്റെ ജീവിതം ഉരുക്കിത്തീര്‍ത്ത ആ ക്ലിനിക്കില്‍ത്തന്നെ മമ്മി സ്വയം ജീവിതം അവസാനിപ്പിച്ചു.ഏറെനാളുകള്‍ ജീവിതം ചെലവിട്ട ആ ക്ലിനിക്കില്‍ത്തന്നെ .
ഒരിക്കല്‍ മമ്മിയുടെകൂടെയുണ്ടായിരുന്ന ഒരു നഴ്സ് പറഞ്ഞു.ഇടക്ക് ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഇടതുകണ്ണ് വേദനിക്കുന്നത് പോലെ തോന്നുന്നുവെന്ന് മമ്മി പറഞ്ഞിട്ടുണ്ടെന്ന്.
കടല്‍ ശാന്തമാണ്.ഒരു മങ്ങിയ നീലവര പോലെ ചക്രവാളം.ഒരു കൂട്ടം കിളികള്‍ പറന്നു പോവുന്നു.സന്ധ്യയാവുകയാണ്.
ഒരു യാത്ര പോകണമെന്നു അവള്‍ക്ക് തോന്നി.നീണ്ട യാത്ര.
പിറ്റേന്ന് പകല്‍ നെല്‍സന്‍ വീണ്ടും വിളിച്ചു.ഗോവയിലേക്ക് വീക്ക് എന്‍ഡില്‍ ഒരു ടൂര്‍ പോകാമെന്ന് അയാള്‍ പറഞ്ഞു.എങ്കിലും കല്യാണത്തിനു മുന്‍പ് ..
“ഓ,കല്യാണത്തിനുമുന്‍പ് പോയാല്‍ എന്താ ആകാശമിടിഞ്ഞു പോകുമോ ?അതും നമ്മള്‍ മെഡിക്കല്‍ പ്രഫഷണല്‍സ്...”
പിന്നെ ഒന്ന് നിര്‍ത്തി അയാള്‍ പറഞ്ഞു.
“പിന്നെ താന്‍ അത്ര ഇന്നസന്റ് ചമയണ്ട...തന്റെ കൂടെ മെഡിക്കല്‍കോളേജില്‍ ഉണ്ടായിരുന്ന അലക്സുമായി താന്‍ മൂന്നാര്‍ സ്ഥിരം ടൂര്‍ പോകാറുണ്ടായിരുന്നില്ലേ ...അതിന്റെ പേരില്‍ ഉണ്ടായ വഴക്കിന്റെ വിഷമത്തില്‍ അല്ലെ തന്റെ മമ്മി സൂയിസൈഡ് ചെയ്തത്.??
ചാട്ടുളി പോലെ അയാളുടെ വാക്കുകള്‍..
അവള്‍ ഫോണ്‍ കട്ട് ചെയ്തു.
പെട്ടെന്ന് തന്റെ ഇടത്തുകണ്ണില്‍ എന്തോ കുത്തിക്കയറുന്നത് പോലെ അവള്‍ക്ക് തോന്നി.കണ്ണ് വല്ലാതെ വേദനിക്കുന്നു.
അത് ആ സ്ത്രീയുടെ നോട്ടമാണ്.
സെലസ്റ്റീനയുടെ.
തന്റെ മമ്മിയുടെ കാഴ്ച കളഞ്ഞ അതേ നോട്ടം.
അവള്‍ ചാടിയെഴുന്നേറ്റു ഭിത്തിക്കരികിലേയ്ക്ക് ചെന്നു.പിന്നെ ആ ചിത്രം വലിച്ചു കീറി .പിന്നെ ജനാല തുറന്നു ആ കടലാസ് കഷണങ്ങള്‍ എറിഞ്ഞുകളഞ്ഞു.അവളെ കിതയ്ക്കുന്നുണ്ടായിരുന്നു.
നെഞ്ചില്‍നിന്ന് ഒരു ഭാരം ഇറങ്ങിയത് പോലെ.
അവള്‍ ആ ആശുപത്രിയിയില്‍നിന്ന് ,അയാളുടെ ജീവിതത്തില്‍നിന്ന് ,ക്യാബിന്റെ വാതിലടച്ച് പുറത്തിറങ്ങി.
താഴെ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഡോക്ടര്‍ നെല്‍സന്‍ തന്റെ ദേഹത്തു കടലാസ്തുണ്ടുകള്‍ വീണപ്പോഴാണ് അത് ശ്രദ്ധിച്ചത്.
ഒരു പെയിന്റിങ്ങിന്റെ തുണ്ടുകള്‍.അതില്‍നിലത്തു വീണുകിടക്കുന്ന ഒരു കഷണം അയാള്‍ കണ്ടു.
അത് ഒരു സ്ത്രീയുടെ കണ്ണായിരുന്നു.
ആ കണ്ണ് അയാളെ തുറിച്ചുനോക്കി.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot