നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൈക്കാഞ്ജലി (നർമ്മം)


Image may contain: Giri B Warrier, closeup
"ദൈവമേ, ലൈക്ക് തന്ന് അനുഗ്രഹിക്കണേ."
"ഹോ, ഇതാര് രാജുവോ..?".
"അതേ ദൈവമേ.. "
"നിനക്കാ കൈയ്യിൽ കിടക്കുന്ന വാച്ച് ഒന്ന് നോക്കിക്കൂടെ രാജു ... ഉച്ചക്ക് മൂന്ന് മണി ആവുന്നേയുള്ളൂ"
"ഞാനെന്ത് ചെയ്യും ദൈവമേ. ഗ്രൂപ്പ് അഡ്മിൻ മാഷ് ദേ ഇപ്പോ വിളംബരം നടത്തിട്ടേയുള്ളൂ ഒരു മത്സരം ഉണ്ടെന്ന്."
"ഇന്ന് അമ്പലത്തിലെ ശാന്തിക്കാരൻ ഉച്ചയാവുമ്പോഴേക്കും വന്നു, വൈകീട്ടത്തേക്ക് ആരോ അപ്പം വഴിപാട് ശീട്ടാക്കീട്ട്ണ്ട്. പത്തമ്പത് അപ്പം ണ്ടാക്കും എന്നിട്ട് അവര് തന്നെ കഴിക്കും. പേരിന് ഒരെണ്ണം എനിക്കും കിട്ടും...
"ദൈവമേ, അത് നല്ലതല്ലേ, അമ്പലത്തിലെ വട്ടച്ചിലവിന് പണം വേണ്ടേ..."
" അതൊക്കെ ശര്യന്നേ, പ്രശ്നം അതല്ല. ശാന്തിക്കാരൻ എന്നേ ഉറങ്ങാൻ സമ്മതിക്കിണില്ല്യ. ഒന്ന് കഴിഞ്ഞ് രണ്ടാമത്തേതിന് "ദൈവമേ, അപ്പക്കാരം എവിടെ ", ''ദൈവമേ എണ്ണയുടെ പാക്കറ്റ് മുറിക്കാൻ കത്രിക എവിടെ " എന്ന് ചോദിച്ചു കൊണ്ടിരിക്കും, എന്തിന് ഇപ്പോ "ദൈവമേ ശമ്പളം കിട്ടീല്ലലോ " എന്നും ഒക്കെ "ദൈവമേ " എന്ന വിളി കേട്ടാൽ ഉറക്കം പോകും. അതിന്റെ ഇടയിലാണ് നിന്റെ വിളി... "
"അതാപ്പോ നന്നായേ, ഇവിടെപ്പോ ഞാനും ശാന്തിക്കാരനും ചുറ്റുവട്ടത്തുളള നാലഞ്ചു വീട്ടുകാരും മാത്രല്ലേ വിളിക്കുന്നുള്ളു. ആ ശബരിമല സ്വാമിയുടെ കാര്യം ആലോചിച്ചിട്ടുണ്ടോ? .. ലക്ഷക്കണക്കിന് ആൾക്കാരാ ഓരോ സെക്കന്റിലും വിളിക്കണേ. അതില് ഭക്തന്മാരും രാഷ്ട്രീയക്കാരും ഒക്കേണ്ട്. ആരുടെ വിളി കേൾക്കും ആരുടെ കേൾക്കാതിരിക്കും..."
" അതും ശര്യാ, ഇവിടെ നട കൊട്ടിയടച്ച് കഴിഞ്ഞാൽ പിന്നെ വല്ല്യ ബഹളം കേൾക്കില്ല്യ"
"ദൈവമേ, പിന്നെ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ, ജനിച്ചപ്പം തൊട്ട് കേക്കണതല്ലേ, എല്ലാത്തിനും മുൻപിലും പിൻപിലും ദൈവമേ എന്നുള്ള വിളി.. അതിപ്പോ ശീലായി.'"
"നീയ്യൊന്ന് ആലോചിച്ച് നോക്ക് നിന്റെ വീട്ടിനുള്ളിൽ തന്നെ എല്ലാവരും എന്തിനും മുൻപിൽ "രാജുവേ, പുസ്തകം കാണാനില്ല, രാജുവേ, കത്തി കാണാനില്ല ... " എന്ന് പറഞ്ഞാലത്തെ ഗതി. അത് പോട്ടെ, പറഞ്ഞു വന്ന കാര്യം മറന്നു, നീയ്യൊന്തോ ലൈക്കിന്റെ കാര്യം പറഞ്ഞൂലോ. അതെന്താ...?"
"അത് ഞങ്ങടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ ഒരു ലൈക്കടി മത്സരം. ഞാനും ഒരു കഥ പോസ്റ്റുന്നുണ്ട് . അതിന് ഒരു സപ്പോർട്ട്....?!!.''
" പോസ്റ്റുന്നു ന്ന് വെച്ചാൽ .? മനസ്സിലായില്ല്യ"
" എന്റെ ദൈവമേ, അത് ഞങ്ങളുടെ ഫെയ്സ് ബുക്ക് ഭാഷയാണ്. നാടോടുമ്പോ നടുവേ ഓടണംന്നാ പറയാ. കാലത്ത് തൊട്ട് വൈകുന്നേരം വരെ വെറുതെ ഇരിക്കുമ്പോ ഒരു ഫെയ്സ് ബുക്ക് എക്കൌണ്ട് ഉണ്ടാക്കിക്കൂടെ. മാത്രല്ല, ഇതിന് പൊറത്ത് നടക്കണ എന്തൊക്കെ ലോകകാര്യം അറിയാം ന്നോ?"
"ഡാ രാജു. ആ പണി മാത്രം എന്നോട് പറയരുത്. എനിക്ക് വേറേ പണിയുണ്ട്... കസ്റ്റമർ സർവ്വീസ് പോലും 8-9 മണിക്കൂറേ ജോലിയെടുക്കൂ. എനിക്ക് 24 മണിക്കൂറും പരാതി കേൾക്കലാണ്."
"അങ്ങിനെ ഒറ്റയടിക്ക് പറയരുത് ദൈവമേ. നമ്മൾ തമ്മിതമ്മിൽ ഒരു പരസ്പര ധാരണ വേണ്ടേ... ഈ ദൈവത്തിന് പറ്റില്ല്യാച്ചാ വേറേ ദൈവത്തിന്റെ അടുത്ത് പോകും, അത്രന്നേ "
"നീയ്യെന്താ പറഞ്ഞ് വരണേ.."
പണ്ടെന്നോ ദേവലോകത്ത് ബ്രഹ്മാവ് എടുത്ത സെൻസസ് അനുസരിച്ച് ഹിന്ദു സംസ്കാരത്തിന് മാത്രം മുപ്പത്തി മുക്കോടി ദേവന്മാർ ഉണ്ടെന്ന് പറയുന്നു. പിന്നെ ക്രിസ്ത്യൻ, മുസ്ലിം, സിക്ക് അങ്ങിനെ വേറേയും മതസ്ഥരുടെ ദൈവങ്ങൾ. ഇതൊന്നും പോരാതെ ഇനി ഭഗവാൻ ശ്രീകൃഷ്ണന്റെ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ഭാര്യമാർ ദേവി സ്ഥാനം വേണമെന്ന് പറഞ്ഞ് ലഹള തുടങ്ങിയാലത്തെ കാര്യം ഞാൻ പറയാതെ തന്നെ അറിയാലോ, അപ്പോ പിടിച്ചു നിൽക്കാൻ ഓരോ ദൈവത്തിനും ഭക്തന്മാർ തന്നെ വേണം"
"അതൊക്കെ അറിയാം എന്നാലും എനിക്ക് വയ്യാ ഇതൊന്നും. ഈ വക ലൈക്ക് വാങ്ങിക്കൊടുക്കണ പണിയൊന്നും, ശീലല്ല്യ അതോണ്ടാ..."
"എന്റെ ദൈവമേ, താങ്കൾക്കറിയുമോ എന്നറിയില്ല, അങ്ങ് തെക്ക് തിരുവനന്തപുരം ഇടുക്കി, കൊട്ടാരക്കര, കോട്ടയം ഭാഗത്തും വടക്ക് കോഴിക്കോട് കണ്ണൂർ കാസർകോഡ് എന്തിന് കണ്ണപുരത്ത് അടക്കം ദൈവങ്ങൾ എഴുത്തുകാർക്ക് വെറുതെ ഒന്ന് പോസ്റ്റിയാൽ ആയിരം രണ്ടായിരം ലൈക്കാ വാങ്ങിക്കൊടുക്കണേ... എന്നിട്ട് എന്റെ ദൈവം ഇവിടെയിരുന്ന് ആഢ്യത്വം പറയാ. അല്ലെങ്കിലും എനിക്കിത് വേണം എനിക്ക് ഹനുമാന്റെം ഭവതിയുടേയും ഒക്കെ ഫ്രണ്ട് റിക്വസ്റ്റ് വന്നിട്ട് സ്വീകരിച്ചിട്ടില്ല. എന്നോട് കുറേ പേര് പറഞ്ഞതാ ദൈവങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ വടക്കും തെക്കും ഭാഗങ്ങളിൽ ഉള്ള ദൈവങ്ങളേ കൂട്ടാൻ. നല്ല സപ്പോർട്ട് കിട്ടും ന്ന്. പിന്നെ നമ്മുടെ ബന്ധം ഞാൻ ജനിച്ചപ്പോ തൊട്ട് ഉള്ളതല്ലേന്ന് വെച്ചിട്ടാ .."
"എന്റെ രാജുവേ, നീ ദേഷ്യപ്പെടാണ്ടിരിക്ക്. എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കട്ടെ. എന്തായാലും വരുന്ന ഏകാദശിക്ക് ഞാൻ ഹൈക്കമാന്റിനെ കാണുന്നുണ്ട്. പിന്നെ നീ പറഞ്ഞ ഭാഗത്തൊക്കെ ഉള്ള ദൈവങ്ങളെയും കാണും. നിന്റെ ലൈക്കിന്റെ കാര്യം കൂടി എല്ലാവരും കൂടി സംസാരിക്കാം, എന്താ പോരെ. "
"അതൊക്കെ ശരി, പക്ഷേ വേഗം വേണം."
"ങാ, പിന്നെ ഈക്കാര്യം ഒന്നും കമ്മിറ്റിക്കാരോട് പറയണ്ടാട്ടോ, പിന്നെ അതിനും അവര് ലൈക്കാഞ്ജലി എന്ന് പറഞ്ഞ് ശീട്ടാക്കും" അതും പറഞ്ഞ് ചിരിച്ചു കൊണ്ട് ദൈവം കൈയിലെ കിണ്ടിയിലെ വെള്ളം മുഖത്ത് കുടഞ്ഞു.
"ശ്ശോ, എന്താ ദൈവമേ ഈ കാട്ടണേ..."
"ഡാ എണീക്കടാ, അടുത്താഴ്ച്ച പരീക്ഷയാ, മൊബൈലും കയ്യിൽ വെച്ചാ അവന്റെ ഉച്ചയുറക്കം" അമ്മയുടെ അലർച്ച കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്.
"എന്റെ ദൈവമേ, എന്നാണാവോ ഇവൻ നന്നാവാൻ പോണേ" അമ്മ പറഞ്ഞു കൊണ്ട് മുറിക്ക് പുറത്ത് പോയി
കണ്ടതൊക്കെ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ ദൈവത്തിന്റെ സപ്പോർട്ട് കിട്ടില്ല എന്ന് ഒരു വിധം ഉറപ്പായി. കഥയെഴുതാൻ നല്ല വിഷയവും കിട്ടുമോന്ന് ചിന്തിച്ച് അവൻ വീണ്ടും കണ്ണടച്ച് കിടന്നു, പുതിയ ഒരു കഥാതന്തു തേടി...
(അവസാനിച്ചു)
ഗിരി ബി വാരിയർ
18 നവംബർ 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot