നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുതിയ അതിഥി

Image may contain: 1 person, smiling, selfie and closeup

++++++++++++++++++++++++++++++++
കണ്ണ് തിരുമ്മി ഘടികാരത്തിലേക്ക് നോക്കി..അവയിപ്പോൾ പത്ത് മിനിറ്റ് മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നു. ..
ഇന്നലെയുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ അസ്വാസ്ഥ്യം കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്നു. അനു മൗനത്തിലാണ്. എന്നെ തോല്പിക്കാൻ തെരെഞ്ഞെടുക്കുന്ന ശക്തമായ ആയുധമാണ് അവന്റെ മൗനം.
പെയ്തൊഴിയാത്ത കാർമേഘങ്ങൾ സൃഷ്ടിക്കുന്ന അസ്വസ്ഥത പോലെയാണ് പ്രിയപ്പെട്ടവർക്കിടയിലുണ്ടാകുന്ന മൗനം.
ചായക്കോപ്പ അനുവിന് നൽകി കിച്ചണിലേക്ക് നടന്നു.
അടുക്കള ജോലി കഴിഞ്ഞിറങ്ങുമ്പോഴേക്കും ട്രയിൻ സമയം അടുക്കാറായിരുന്നു.
"വാതിലടച്ചു പോണം . താക്കോൽ എടുത്തോളൂ. " അകത്തു നിന്നുള്ള ശബ്ദം ആശ്വാസം നൽകി.. മൗനം കടുത്ത വാക്കുകളേക്കാൾ അസഹനീയം തന്നെ.
റെയിൽവേസ്റ്റേഷനിലെത്തുമ്പോൾ ട്രയിൻ ലേറ്റാണെന്ന അനൗൺസ് മെന്റ് ആശ്വാസം നൽകി. അലസമായി പ്ലാറ്റ്ഫോമിലൂടെ നടന്നു. പതിവ് കാഴ്ച്ചകൾ തന്നെയാണെങ്കിലും മുഖങ്ങളും മുഖഭാവങ്ങളും വ്യത്യസ്തം തന്നെ.

ഓഫീസിലേക്കുള്ള പതിവ് ട്രെയിൻ യാത്രയ്ക്കിടെയാണ് നാൻസി സിസ്റ്ററെ പരിചയപ്പെട്ടത്.
അന്നത്തെ കഠിനമായ ജോലി സൃഷ്ടിച്ച മടുപ്പ് കാരണം അലസമായി കാറ്റിൽ പാറിക്കൊണ്ടിരിക്കുന്ന മുടിയിഴകളെ കോറിയൊതുക്കി വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കുമ്പോഴാണ് സിസ്റ്റർ എന്തോ തടഞ്ഞ് എന്റെശരീരത്തിലേക്ക് ചാഞ്ഞത്.
സിസ്റ്റർ സോറി പറഞ്ഞു എന്നെ നോക്കി.സിസ്റ്റർക്ക് ഇരിപ്പിടമൊരുക്കാനായി മുന്നോട് ചാഞ്ഞിരുന്നു
സിസ്റ്ററുടെ തേജസ്സാർന്ന മുഖം പണ്ട് ഡോൺ ബോസ്കോ ഹോസ്റ്റലിലെ ഹോസ്റ്റൽ വാർഡൻ ആയിരിക്കുന്ന മദർ സുപ്പീരിയരെ ഓർമ്മിപ്പിക്കുന്നതായിരുന്നു.ചിരിച്ചില്ലെങ്കിലും ഉള്ളിലെ നന്മ മുഴുവൻ ആ മുഖത്ത് കോറിയിട്ടിട്ടുണ്ട്.
എവിടെയാ ജോലി ?
കനത്ത മൗനത്തെ ഭേദിച്ചു കൊണ്ട് സിസ്റ്റർ സംസാരിക്കാൻ തുടങ്ങി.
കലക്ടറേറ്റിലാ .. കുറച്ചു കൂടി മുൻപോട്ടേക്ക് ഒതുങ്ങിയിരുന്നു കൊണ്ട് പറഞ്ഞു.
സിസ്റ്റർ ...? മുഴുമിപ്പിക്കും മുൻപ് തന്നെ മറുപടി വന്നു.
"ഞാൻ ഇവിടെ സ്നേഹസദനത്തിലെ അമ്മയാണ്..കണ്ടു കാണില്ല. ബൈപ്പാസ് റോഡിലാണ്.". . പുതിയ ബിൽഡിങ്ങിലേക്ക് മാറിയതേയുള്ളൂ...
മുപ്പത് കുട്ടികളേയുള്ളൂ..
അവർക്ക് ഒരു പാട് പറയാനുണ്ടെന്ന് തോന്നി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അപരിചിതത്ത്വത്തിന്റെ മറ നീങ്ങിയിരിക്കുന്നു.
ഇപ്പോൾ എങ്ങോട്ടാ സിസ്റ്റർ ?എന്റെ ചോദ്യത്തിനുള്ളിൽ തേടി കൊണ്ടിരിക്കുന്നതിനുള്ള ഉത്തരം ഉണ്ടോ എന്നറിയാനാണ്. ഫോർമാലിറ്റികൾക്കായുള്ള യാത്രയാണ് .
സിസ്റ്ററുടെ നമ്പർ വാങ്ങി. ഉദ്ദേശമൊന്നും പറഞ്ഞില്ല. നമ്പർ ടൈപ്പു ചെയ്യുമ്പോൾ കൈവിറയ്ക്കുന്നുണ്ടായിരുന്നു.
പലപ്പോഴും ജീവിതം അങ്ങനെയാണ്. പറയാതെ അറിഞ്ഞും അറിയാതെ പറഞ്ഞും നമ്മളെക്കൊണ്ടോരോന്നു ചെയ്യിക്കും.
പിന്നീട് സിസ്റ്ററോടൊന്നും സംസാരിച്ചില്ല.
പുറത്ത് ചാറ്റൽ മഴ പെയ്യുന്നുണ്ട്.
വരണ്ട ഭൂമിയിൽ പെയ്യുന്ന ചാറ്റൽ മഴ പോലെയല്ലേ വേദന അനുഭവിക്കുന്നവർക്ക് നാം നൽകുന്ന സാന്ത്വനം.
സിസ്റ്റർ ദൈവത്തിന്റെ മാലാഖ തന്നെ.
സ്റ്റേഷൻ എത്തി യാത്ര പറഞ്ഞ് പിരിയുമ്പോൾ ഒരു നിമിത്തം പോലെ വീണ്ടും കാണാം എന്ന് സിസ്റ്റർ പറഞ്ഞു.
'
ഓഫീസിലെത്തി. കരുണേട്ടൻ ഫയൽ കൊണ്ടുവന്ന് മുന്നിൽ വച്ചു.
മെയിൻ ക്ലാർക്കിന്റെ മുന്നിലെ ആൾക്കൂട്ടത്തിലേക്ക് കണ്ണത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലെ വിനീത പറഞ്ഞു രഘു സാറിന് കൊച്ചുമകൻ പിറന്നതിന്റെ ലഡു വിതരണം ആണെന്ന്.
ഇതൊക്കെ ഇവിടെ പതിവ് കാഴ്ച്ചയാണ്. ഫയലുകൾ മൂവ് ചെയ്യാത്തതിന്റെ യഥാർത്ഥ കാരണം ഇതൊക്കെ തന്നെ. സർക്കാർ ഓഫീസിൽ കയറി ചെരുപ്പ് തേഞ്ഞതിന്റെ കഥകൾ മെഗാ സീരിയലുകളായി ഓടിക്കൊണ്ടിരിക്കുന്നു.
ഇതൊക്കെ കഴിയുമ്പോ പതിനൊന്നു മണി ചായ .
ആഴ്ച്ചയിലൊരിക്കൽ വരുന്ന സാരി വിൽപ്പനക്കാരനും സമയം അപഹരിക്കാറുണ്ട്..
ശ്വേതയെ വാസുദേവൻ സാർ വിളിയ്ക്കുന്നു.
കരുണേട്ടൻ വന്നു പറഞ്ഞു. ജോലി തുടങ്ങിയതേ ഉള്ളൂ. ഫയൽ മടക്കി വെച്ച് സാറിന്റെ കാബിനിലേക്ക് .
ശ്വേത ലാൻഡ് ടാക്സ് വർദ്ധിപ്പിച്ചതിനെതിരെ മെയിൻ പേപ്പറുകളിൽ വന്ന ലേഖനങ്ങളിലെ പോയിന്റ്സ് കളക്ട് ചെയ്തു വരണം.
ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്നവരുടെ ഗതി ഇതാ... മനസ്സിൽ കൊരുത്ത അസഹിഷ്ണുത പുറത്ത് കാണിക്കാതെ
തിരിച്ച് സ്വന്തം കസേരയിലേക്ക് ഇരിക്കുമ്പോഴാണ്
പുതുതായി ജോയിന്റ് ചെയ്ത സുനിതയെ കണ്ടത്. അവളുടെ ഡ്രസ്സിങ്ങ് സെൻസ് അത്ഭുതപ്പെടുത്താറുണ്ട്. അമിതമാവാത്തവണ്ണം ഒരേ കളറിൽ എല്ലാം കാണും. ചെരുപ്പും വാച്ചും വരെ.
കൃത്യനിഷ്ടയോടെ ജോലി ചെയ്യാൻ ഇതൊന്നും അവൾക്ക് തടസ്സമില്ല.
ജോലി തുടങ്ങി. ലെഞ്ച് ടൈമിൽ അനുവിന്റെ നമ്പർ ഡയൽ ചെയ്തു. ഈവിനിങ്ങ് നേരത്തെ ഇറങ്ങുമോ?
ഒന്ന് ബീച്ച് വരെ പോണം അത്യാവശ്യ കാര്യം പറയാനാണ്..
പതിവ് ജോലിത്തിരക്ക് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറി.
ഓഫീസിൽ നിന്നിറങ്ങുമ്പോൾ ലേറ്റ് ആയിരുന്നു.
തിരിച്ചുള്ള യാത്രയിൽ ലോക്കൽ ട്രെയിനിൽ നാൻസി സിസ്റ്റർ ഉണ്ടാവണേ എന്നവൾ പ്രാർത്ഥിച്ചു. സ്റ്റേഷനെത്തുമ്പോൾ ലോക്കൽ പോയിരുന്നു.
സീസൺ യാത്രക്കാർ മിക്കവരും ലോക്കലിൽ കയറും.
ഇരുമ്പു ബെഞ്ചിൽ ഇരിക്കുമ്പോൾ ചുറ്റും നോക്കി പ്രതീക്ഷിച്ച പോലെ അനു ഉണ്ട്.
എസ് വൺ കോച്ചിങ്ങ് പൊസിഷനിൽ മാത്രമേ ഇരിക്കാവൂ.
. ടി.ടിയുടെ പുതിയ നിർദ്ദേശം ഉണ്ട്. സീസൺ ടിക്കറ്റുകാർ മറ്റു കോച്ചിൽ കയറരുത്. അനു അടുത്തിരിക്കുന്നതിനിടയിൽ പറഞ്ഞു.
ബീച്ചിൽ പോണോ., ഫോർമാലിറ്റിക്കെന്ന പോലെ അവൻ ചോദിച്ചു.
നാൻസി സിസ്റ്ററെ പറ്റി സൂചിപ്പിച്ചു.
എതിർ പ്ലാറ്റ്ഫോമിലെ പൈപ്പ് വെള്ളത്തിൽ ഒരാൾ കുളിച്ചു കൊണ്ടിരിക്കുന്നു. ഉടുമുണ്ടു തന്നെ കഴുകി വീശി ഉണക്കുകയാണ്. പാവം.
മാസികയിലേക്ക് തല പൂഴ്ത്തിയ അനുവിനെ കാണിച്ചു. ഇത്തരം കാഴ്ച്ചകളാണ് നമ്മുടെ ദുഃഖം ഒന്നുമല്ല എന്ന തിരിച്ചറിവ് നൽകുന്നത്.
തിരിച്ചറിവുണ്ടായല്ലോ.. ഇതും പറഞ്ഞ് അവൻ മാസികയിലേക്ക് തന്നെ.
മനസ്സ് നിറയെ സിസ്റ്റർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.
വീട്ടിലെത്തിയ ഉടൻ ഉടുപ്പ് മാറി ചായയുണ്ടാക്കി. അനുവിനു കൊടുത്തു.
പുതിയ വീടിന്റെ പ്ലാൻ വരക്കാൻ ആളെ ഏൽപ്പിച്ചിരിക്കുകയാണ് അവൻ പറഞ്ഞു.
മുഖവുരയില്ലാതെ കാര്യത്തിലോട്ട് കടന്നു. നാൻസി സിസ്റ്റർ പറഞ്ഞ കുഞ്ഞിന് ദിവസങ്ങൾ മാത്രം പ്രായം.
രണ്ടു തവണ ട്രീറ്റ്മെന്റ് പരാജയപ്പെട്ടില്ലേ. ക്ലിനിക്കിൽ നിന്നും ക്ലിനിക്കിലേക്ക്. മടുത്തു.
അവൻ കണ്ണിൽ തന്നെ നോക്കിയിരുന്നു. നമുക്ക് വേറൊരിടത്തേക്ക് സ്ഥലം മാറ്റം വാങ്ങാം. ഒളിച്ചോട്ടമല്ല. കുഞ്ഞ് ഭാവിയിൽ വിഷമിക്കരുത്. അനു ചേർന്നിരുന്നു.
നിന്റെ ഇഷ്ടം പോലെ. ആദ്യമായാണ് വഴക്കില്ലാതെ ഒരു കാര്യത്തിന് യോജിപ്പ് .കണ്ണു നിറഞ്ഞിരുന്നു.
നാൻസി സിസ്റ്റർ തന്ന നമ്പർ ഡയൽ ചെയ്തു.
ഫോർമാലിറ്റികൾ കഴിഞ്ഞു കഴിഞ്ഞാൽ കുട്ടിയെ നിങ്ങൾക്ക് സ്വന്തം. സ്ഥലം എസ് ഐ യുടെ ഒപ്പു വേണം.. നല്ല തങ്കക്കുടം പോലെയുള്ള പെൺ കുഞ്ഞാണ് ഭാഗ്യമുള്ള കുട്ടിയാ.. സിസ്റ്റർ പറഞ്ഞു നിർത്തി.
രണ്ടു ദിവസത്തിനുള്ളിൽ ഞങ്ങൾ എത്തും.. കുഞ്ഞിനെ കാണാനുള്ള ഉത്കണ്ഠകൊണ്ട് അക്ഷമയായി പറഞ്ഞു പറഞ്ഞു. പറഞ്ഞു നിർത്തുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.
അനു ഫോൺ വാങ്ങി കട്ടു ചെയ്തു.
അവൾ വരുമ്പോൾ ഞങ്ങൾ കൊച്ചിയിൽ ആവും. ടാൻസ്ഫറിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.ചേർത്ത് പിടിച്ച് പറയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജീവിതത്തിലേക്കെത്തുന്ന പുതിയ അതിഥിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ' തുടങ്ങിക്കഴിഞ്ഞിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനെ പറ്റി ആലോചിക്കാതെ ഓഫീസിലെ പതിവു ലഡു വിതരണത്തിന് എന്ത് പറയും എന്നായിരുന്നു മനസ്സിലപ്പോൾ...
(പഴയ കഥയാണ്. പുസ്തകത്തിലേക്ക് മാറ്റാൻ മാറ്റിയെഴുതണം എന്ന് തോന്നി. വലിയ മാറ്റം വരുത്തിയില്ല. കുഞ്ഞ് കുഞ്ഞ് മാറ്റങ്ങൾ ) 

( കവിതസഫൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot