Slider

കുടിക്കാൻ കിട്ടാതെ പോയ രക്തം

0
Image may contain: 2 people, indoor

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
(പണ്ട് നമ്മൾ സ്കൂളിൽ പഠിച്ച കഥയുടെ new generation രണ്ടാം ഭാഗം. വായിക്കുക)
വാട്സ്ആപ്പ് ചാറ്റുകൾ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´
കണ്ണൻ Mob:9440000...
ഹായ്, കുട്ടാ, നീ ഇപ്പോൾ എവിടെയാണ്... പഴയ കാര്യങ്ങൾ ഒന്നും മനസ്സിൽ വെച്ചു നടക്കരുത് ട്ടോ... എനിക്ക് ഇടയ്ക്ക് വാട്സാപ്പ് അയക്കണേ...
കുട്ടൻ Mob:98400000
ഹായ്, കണ്ണൻ ബ്രോ... Love u so much.
പഴയ കാര്യങ്ങൾ വളരെ വേദനാ ജനകമാണ്. പക്ഷേ ഞാൻ അതെല്ലാം മറന്നു. നമുക്കിനി ഒരുമിച്ചു നിൽക്കണം. ഒരേ വർഗ്ഗത്തിൽപ്പെട്ട നമ്മൾ ഇനിയൊരിക്കലും തമ്മിലടിക്കരുത്.
കണ്ണൻ Mob: 9440000
എല്ലാം ഞാൻ മനസിലാക്കുന്നു, കുട്ടാ. എന്റെ നെറ്റിയിലെ മുറിവുകൾ പൂർണ്ണമായും ഉണങ്ങി.നിനക്കും സുഖമായിയെന്നു വിശ്വസിക്കുന്നു. കാടി വെള്ളവും പിണ്ണാക്കും തന്ന് അമ്മിണിയമ്മ എന്നെ നന്നായി നോക്കുന്നുണ്ട്.
കുട്ടൻ Mob: 9840000
എന്റെ ഹെൽത്ത് ഓക്കെയായി കണ്ണാ. നാളെ സ്കൂൾ പറമ്പിലെ പുല്ല് മേയാൻ എന്നെ വിടും. നീയും അവിടെ ഉണ്ടാവുമല്ലോ...
പിന്നെ കണ്ണാ, ആ വൃത്തികെട്ടവന്റെ മെസ്സേജുകൾ വരുന്നുണ്ടല്ലോ അല്ലേ...
കണ്ണൻ Mob: 9440000
ഹ... ഹ..
കുട്ടാ, അവൻ ദിവസത്തിൽ പത്തു മെസേജുകൾ വീതം അയക്കുന്നുണ്ട്...നാളെ സ്കൂൾ പറമ്പിൽ കാണാം കുട്ടാ... Love u.. ഉമ്മ..
ഒരു പുൽപ്പറമ്പ്
´´´´´´´´´´´´´´´´´´´´´´´
അകലെ മൈതാനത്തിൽ കുട്ടികൾ പന്ത് കളിക്കുന്ന ആരവം.
മൈതാനത്തിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ പുല്ലു മേയുന്ന കുട്ടനും, കണ്ണനും... മുട്ടിയുരുമ്മിയും മുഖങ്ങൾ ചേർത്തു വെച്ചും അവർ സ്നേഹം പങ്കിട്ടു. മുളക്കൂട്ടത്തിനിടയിലൂടെ പമ്മി പമ്മി "അവൻ" അവിടേക്ക് കടന്നു വന്നു. സ്കൂൾ കുട്ടികളെ കണ്ടു ഭയന്നോടിയതു കൊണ്ടാവും, "അവൻ" കിതയ്ക്കുന്നുണ്ടായിരുന്നു.
ഗൂഢമായ ഒരു ചിരി ചിരിച്ചു കൊണ്ടു അവൻ കണ്ണനെ അരികിലേക്ക് വിളിച്ചു. കുട്ടന്റെ കണ്ണുകളിലേക്കു ആഴത്തിൽ നോക്കിക്കൊണ്ട്, കണ്ണൻ "അവന്റെ" അരികിലേക്ക് പോയി..
അൽപ നേരത്തെ സംസാരത്തിനു ശേഷം, ചുവന്ന കണ്ണുകളുമായി കണ്ണൻ തിരിഞ്ഞു നടന്നു. കുട്ടന്റെ അരികിലേക്ക്. ആ നടത്തിന്റെ താളവും, ആ കണ്ണുകളിലെ ക്രോധവും കണ്ടു, അത്യധികം സന്തോഷത്തോടെ "അവൻ" കണ്ണന്റെ പിന്നാലെ നടന്നു.
കുട്ടന്റെ അരികിലെത്തിയ കണ്ണൻ അലറി വിളിച്ചു.
"ചുണയുണ്ടെങ്കിൽ നേരേ വാടാ... ഇന്ന് രണ്ടിലൊന്ന് അറിയണം... ഇനി നമ്മളിൽ ഒരാൾ മാത്രം ജീവിച്ചിരുന്നാൽ മതി... "
കണ്ണന്റെ പിന്നിൽ നിന്ന് കൊണ്ടു അവൻ ഉറക്കെ വിളിച്ചു പറഞ്ഞു, "കണ്ണാ കൊല്ലവനെ... "
കുട്ടൻ നിന്നിടത്തു നിന്ന് അൽപ്പം പിറകിലേക്ക് മാറി. പിന്നെ അതിവേഗത്തിൽ മസ്തകം മുന്നോട്ടു നീട്ടിക്കൊണ്ട് പാഞ്ഞു വന്നു.
കണ്ണൻ പതുക്കെ ഒന്ന് തിരിഞ്ഞു നോക്കി. അവൻ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്.
അവിടെത്തന്നെ.കണ്ണൻ പതുക്കെ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറി. ആ നിമിഷത്തിൽ തന്നെ പാഞ്ഞു വന്ന കുട്ടന്റെ മസ്തകം കൊണ്ടുള്ള ഇടിയേറ്റ് "അവൻ "പിടഞ്ഞു വീണു. അല്പ നേരത്തെ പിടച്ചിലിനു ശേഷം
"അവന്റെ " ശരീരം നിശ്ചലമായി..
ഹൃദയം തുറന്നു ചിരിച്ചു കൊണ്ടു, കണ്ണൻ കുട്ടന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
അപ്പോഴേക്കും ബഹളം കേട്ടു കൊണ്ടു പന്തു കളിച്ചിരുന്ന കുട്ടികൾ ഓടിയെത്തി...
അവർ ഭയന്നു കൊണ്ടു വിളിച്ചു പറഞ്ഞു...
"അയ്യോ... ചെന്നായ... ചെന്നായ... മേലാകെ ചോര പുരണ്ട ഒരു ചെന്നായ... "
അപ്പോൾ അമ്മിണിയമ്മ അകലെ നിന്ന് വരുന്നുണ്ടായിരുന്നു. ഒരു ബക്കറ്റ് കാടി വെള്ളവുമായി.
അമ്മിണി അമ്മയുടെ വീട്
സമയം, അന്നു രാത്രി 10 മണി.
´´´´´´´´´´´´´´´´´`````````````````````````
കണ്ണൻ Mob: 9440000
ഹായ്,കുട്ടാ നെറ്റിയിൽ വേദന ഉണ്ടോ...
കുട്ടൻ Mob :9840000
ഉണ്ട്. അമ്മിണിയമ്മ അപ്പോൾ തന്നെ പച്ചില മരുന്ന് വെച്ചു കെട്ടിത്തന്നല്ലോ... . പിന്നെ... പരദൂഷണം പറയുന്ന "അവൻ" ചത്തു കാണും അല്ലേ...
കണ്ണൻ Mob: 9440000
പിന്നല്ലാതെ... അപ്പോഴേ തീർന്നു കാണും...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
°°°°°°°°°°°°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo