നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാദമായ ആ നാടുവിടൽ

Man in Black Jacket Standing on Rocky Ground

എന്റെ ആദ്യത്തെ നാടുവിടൽ. അതെ ഞാനുറപ്പിച്ചു കഴിഞ്ഞു. മൂന്നാം ക്ലാസുകാരൻ മൂക്കട്ട പയ്യൻ ആയിട്ടും അത്രയും വലിയ തീരുമാനം ഞാൻ ഒറ്റയ്ക്ക് എടുക്കുകയായിരുന്നു.
വേറൊന്നുമല്ല കാരണം. പഠിത്തം കഴിഞ്ഞു ക്ഷീണിച്ചു തളർന്നു വീട്ടിലെത്തി എങ്ങിനെയും ഒന്നു കിടന്നാൽ മതി എന്നു കരുതി വരുന്ന എന്നോട് അമ്മയുടെ ഒരു സ്ഥിരം ഡയലോഗുണ്ടു.
" ചായ കുടിച്ചിട്ടു പോയി ആടിനെ അഴിച്ചു കൊണ്ടു വാ. "
രാവിലെ മുതൽ വൈകിട്ട് വരെ വീട്ടിൽ തന്നെ ഇരിക്കുന്ന അമ്മ ക്ഷീണിച്ചു വരുന്ന എന്നോട് അത് പറയുമ്പോൾ പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ. അല്ല നിങ്ങള് പറയ് ആയിലെവിടെയാ ന്യായം.
പിന്നെയും ഞാൻ എല്ലാം സഹിച്ചു ക്ഷമിച്ചു. അല്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വന്നാലോ. പോരാത്തതിന് അച്ഛനോട് പരാതി പറഞ്ഞു അച്ഛൻ വഹ ' മൃദുധൃതതാഡപീഡനം ' ഇമ്മടെ കുരുന്നു മേനിയിൽ ഇങ്ങിനെ പൂത്തു തളിർത്തു വിരിയാനും സാധ്യതയുണ്ട്. അതുകൊണ്ട് ഞാനൊരു അടിമയെ പോലെ എല്ലാം സഹിച്ചു ക്ഷമിച്ചു ജീവിച്ചു പോന്നു.
പക്ഷേ ആ ദിവസം എല്ലാ ക്ഷമയും തകിടം മറിഞ്ഞു. അന്ന്...
ഒപ്പം പഠിക്കുന്ന മേരിക്കുട്ടിയോട് ഐ ലൗ യു എന്ന നിരൂപദ്രവകാരിയായ മൂന്ന് വാക്ക് പറഞ്ഞതിന് ഇമ്മടെ വീട്ടിലിരിക്കുന്ന അച്ഛനും അമ്മയ്ക്കും എവിടെയാണെന്നറിയാത്ത അമ്മായി അച്ഛനും അമ്മായി അമ്മയ്ക്കും വരെ അവൾ വിളിച്ചപ്പോൾ അതുകേട്ട് ആർത്തു ചിരിച്ച കൂട്ടുകാരുടെ കളിയാക്കൽ കേട്ട് എങ്ങിനെയെങ്കിലും വീട്ടിലെത്തി ഒന്ന് കമിഴ്ന്നു കിടന്ന് പൊട്ടിപൊട്ടി കരയണമെന്ന ഉറച്ച തീരുമാനവുമായാണ് അന്ന് സ്കൂളിൽ നിന്നും വന്നത്.
പതിവ് വിഭവങ്ങളായ കപ്പയും കാന്താരി മുളക് ചമ്മന്തിയും മധുരമില്ലാത്ത കട്ടൻ ചായയും കഴിച്ചു. ( അല്ലെങ്കിൽ കരയാനുള്ള ശക്തി കിട്ടൂല്ല. അതോണ്ട് മാത്രം.. അല്ലാതെ വിശന്നിട്ടൊന്നുമല്ലാട്ടാ )
അപ്പോഴും ഉള്ളിൽ കിടന്ന് കലമ്പൽ കൂട്ടുന്ന കരച്ചിൽ ' എന്നെയൊന്നു തുറന്നു വിടൂ... തുറന്നു വിടൂ .... ഞാനൊന്ന് ആർത്തലച്ചു പെയ്തോട്ടെ ' എന്നക്ഷമയോട് കൂടി അലറുന്നുണ്ടായിരുന്നു. പുറത്തേക്ക് വരാറായോ എന്നെത്തി നോക്കുന്ന കണ്ണീരിനെ തുടച്ചു മാറ്റിയത് കാന്താരി മുളക് പറ്റിയ വിരലുകൾ കൊണ്ടായിപ്പോയി.
പറയണോ പൂരം.
പട്ടിക്ക് ഏറു കിട്ടുമ്പോൾ ഉണ്ടാകുന്ന ആ പ്രത്യേക ശബ്ദങ്ങൾ എങ്ങിനെ അത്ര കൃത്യമായി ഞാനുണ്ടാക്കി എന്നത് എനിക്ക് തന്നെ അറിയില്ല.
എന്തിനധികം പറയുന്നു മേരിക്കുട്ടിക്ക് വേണ്ടി കാത്ത് വെച്ച കണ്ണുനീർ കാന്താരി മുളക് ചുളുവിൽ തട്ടിക്കൊണ്ടു പോയി.
അങ്ങിനെ അതൊക്കെ കഴിഞ്ഞു കണ്ണിൽ ധാര ധാരയായി വെള്ളമൊഴിക്കൽ ഹോമമൊക്കെ നടത്തി ഒരുവിധം നേരെയായ സമയത്താണ് അമ്മയുടെ ഓർഡർ.
" സഞ്ജയ്‌... ആടിനെ അഴിച്ചു കെട്ടിയിട്ട് കടയിൽ ‌പോയിട്ടു വരൂ... "
കടയിൽ പോകണമെങ്കിൽ ഒന്നര കിലോമീറ്റർ പോകണം.
" എനിക്കിന്ന് ഒന്നിനും വയ്യ അമ്മേ. ഇത്തിരി കിടക്കണം "
" എന്താണ് നിനക്ക് വയ്യായ്ക "
ഹോ പുല്ല് പെട്ട്.... ഒരാവശ്യവുമില്ലാത്ത ചോദ്യം. പ്രേമനൈരാശ്യമാണെന്നു അമ്മയോട് പറയുന്നതെങ്ങിനെ. അറിയാതെ ഒന്ന് പൊട്ടിത്തെറിച്ചു പോയി.
" വയ്യെന്ന് പറഞ്ഞാൽ വയ്യ. ഞാനെന്താ ഇവിടുത്തെ അടിമയാണോ. രാവിലെ മുതൽ വെറുതേയിരിക്കുവല്ലേ തള്ളേ. ഇതൊക്കെ ചെയ്തു വെച്ചാൽ എന്താ. "
" ഓഹോ.അത്രക്കായോ.. അച്ഛൻ ഇങ്ങോട്ട് വന്നോട്ടെ ട്ടോ. "
അമ്മയുടെ ആ ബ്രഹ്മാസ്ത്രത്തിൽ ഞാനാകെ നിലം പരിശായി പോയി. അന്തരീക്ഷത്തിൽ ചർണ്ണം ചുർണ്ണം മൂസിക്ക് മുഴക്കുന്ന ആ വടിയുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി. കണ്ണിടറണ്, കാലിടറണ് , നെഞ്ചിലാകെ പരവേശം. മനസ്സിൽ അറിഞ്ഞു ശപിച്ചു ' പണ്ടാരം പിടിച്ച മേരിക്കുട്ടീ ... നിന്നെ ഉറുമ്പ് കടിച്ചു നീ അറഞ്ചം പുറഞ്ചം അലറി നെലോളിക്കുമാറാകട്ടെ '
ഇനിയിപ്പോ രക്ഷയില്ല... പത്തി താഴ്ത്തുക തന്നെ... അച്ഛനെ കൊണ്ട് വെറുതെ എന്തിനാ കൃഷ്ണന്റെ വേഷം കെട്ടിക്കണേ. എനിക്കാണെങ്കിൽ കാളിയന്റെ പോലെ ബലമുള്ള പത്തിയുമില്ല.
" ആ ഞാൻ ക്ഷമിച്ചിരിക്കുന്നു. വിട് പോട്ടെ. ആടിനെ എവിടെയാ കെട്ടിയിരിക്കുന്നത്. കടയിൽ പോകാനുള്ള സഞ്ചിയും പൈസയും എടുത്തു വെച്ചോ... "
" വേണ്ട നീയിനി എങ്ങോട്ടും പോകണ്ട. അച്ഛൻ വരട്ടെ "
അമ്മ, പ്ലാവിന്റെ മോളിലെ നിസർ ചക്കമൊളഞ്ഞീനിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത് പോലെ കടും പിടിത്തത്തിൽ തന്നെയാണ്.
" അമ്മേ..."
" അമ്മയോ...? ആരുടെ അമ്മ...? അങ്ങിനെയല്ലല്ലോ നീ നേരത്തെ വിളിച്ചത്.. ? തള്ളേ എന്ന് ല്ലേ ? അച്ഛൻ ഇങ്ങോട്ട് വരട്ടെ... ചെക്കന്റെ അഹമ്മതി ഇന്ന് തീർക്കണുണ്ട് "
" അത് പിന്നെ... ഒരാവേശത്തിൽ.. അറിയാതെ.... സോറി സോറി സോറി അമ്മേ. അമ്മ നല്ല അമ്മയല്ലേ എന്റെ ചക്കര അമ്മയല്ലേ. അച്ഛനോട് പറയണ്ട അമ്മേ. ഞാൻ ഇനി അലമ്പുണ്ടാക്കില്ല. "
ഞാൻ ഇറച്ചി കഷണം കൊണ്ടുകൊടുക്കുന്ന യജമാനനോട് പട്ടി കാണിക്കുന്ന സ്നേഹപ്രകടനം പോലെ സ്നേഹം പ്രകടിപ്പിച്ചു നോക്കി.
" എനിക്കിത് കിട്ടണം. കയ്യാണോ കാലാണോ വളരുന്നതെന്ന് നോക്കി...."
ഹോ പുല്ല് തീർന്ന്. എല്ലാ അമ്മമാരുടെയും സ്ഥിരം സെന്റി ഡയലോഗ്... ഇവരിതൊക്കെ എപ്പോ നോക്കി കണ്ടുപിടിക്കുന്നോ ആവോ. ഇമ്മടെ സ്വന്തം ശരീരത്തിലെ രോമം വളരുന്നത് വരെ ഇമ്മള് അറിയാറില്ല. സമ്മതിക്കണം. എന്തായാലും പണി പാളി. മേരിക്കുട്ടീ.... പിശാചേ... നീയിതിനൊക്കെ അനുഭവിക്കൂടി... മനസ്സിൽ ഞാൻ അവളെ പ്രാകുന്നതിൽ ഒരു കുറവും വരുത്തിയില്ല.
ഇനി ഒരു രക്ഷയുമില്ല. വേലിമ്മേലിരുന്ന പാമ്പിനെ എടുത്തു ചുണ്ണാമ്പ് തേച്ചു വെയിലത്ത് വിട്ട പോലെയായി എന്റെ അവസ്‌ഥ.
ഇനിയിപ്പോ എന്ത് ചെയ്യും. നാട് വിടുക തന്നെ. അവസാനമായി ചോദിച്ചു.
" അമ്മയുടെ തീരുമാനത്തിൽ മാറ്റമുണ്ടോ ? "
" ഇല്ല "
" ആഹാ അങ്ങിനെയാണല്ലേ... കാണിച്ചു തരാം. എന്നെക്കൊണ്ടല്ലേ നിങ്ങൾക്ക് ശല്യം... അത് തീർത്തു തരാം. ഞാൻ നാട് വിടാൻ പോകുകയാണ്. "
" മോനേ... " എന്നൊരു വിളി പ്രതീക്ഷിച്ച ഞാൻ ചമ്മി നാശകോശമായി പോയി. നോ റെസ്പോണ്സേ. ഇനിയിപ്പോ ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാകുമോ.
" ഞാൻ നാട് വിടാൻ പോകുകയാണെന്ന്. "
" എന്തേലും ചെയ്യ് "
ഡിം... അന്ന് കാലത്ത് ശശി കണ്ടുപിടിക്കപ്പെട്ടിട്ടില്ല അതോണ്ട് ഞാൻ എന്താ ആയതെന്ന് എനിക്കറിയില്ല. പുല്ല് പറഞ്ഞും പോയി ഇനിയിപ്പോ എന്ത് ചെയ്യും. ആ പോകുക തന്നെ.
നാട് വിട്ടുപോയി വലിയ പണക്കാരനായി തിരിച്ചുവന്നു എല്ലാവരെയും ഞെട്ടിക്കണം. അതും സ്വന്തം കാറിൽ വന്നു ഞെട്ടിക്കണം. മേരിക്കുട്ടി എന്റെ പുറകെ നടന്ന് എന്നെ പ്രേമിക്കൂ എന്നെയൊന്ന് പ്രേമിക്കൂ എന്ന് കെഞ്ചി കെഞ്ചി നടക്കണം. അപ്പൊ വേണം പോ...ഡീ എന്നു പറഞ്ഞു എനിക്ക് അവഗണിച്ചു നടക്കാൻ.
എന്നെ ചതിച്ചതാ...
കാരണം അന്നുവരെ ഞാൻ കണ്ടിട്ടുള്ള എല്ലാ സിനിമയിലും നാട് വിട്ട് പോകുന്ന നായകന്മാരൊക്കെ തിരിച്ചു വരുന്നത് സ്വന്തം കാറിൽ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചിട്ടാണ്. ആ സമയത്ത് കൃത്യമായി ഒരു പാട്ട് വരും. ആരാണ് അത് പാടുന്നതെന്നറിയില്ല. അല്ലെങ്കിൽ പുള്ളിയോട് പോയി ഞാനും പോകുമ്പോൾ പാടാൻ പറയാമായിരുന്നു. പൈസ തിരിച്ചു വരുമ്പോ തരാമെന്നു പറയണം. അങ്ങിനെ ഞാനും ഒരുനാൾ പണക്കാരനായി വരും...
കുഞ്ഞു മനസ്സിൽ വലിയ വലിയ ചിന്തകൾ നിറച്ചു ഞാൻ പോകാൻ തയ്യാറായി. ഇട്ടിരിക്കുന്ന ട്രൗസർ ഒന്ന് നോക്കി. ഏയ് പോര. വേഗം അത് മാറ്റി ഒരു പാന്റ് എടുത്തിട്ടു. കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലം ഓണത്തിന് വാങ്ങിച്ച അതുവരെയുള്ള ഏറ്റവും പുതിയ ബനിയൻ എടുത്തിട്ടു. ഇനി കൊണ്ടുപോകാനുള്ള ഡ്രെസ് എടുത്തു വെയ്ക്കണം. ബാഗും കോപ്പുമൊന്നും കാണാനില്ല. കയ്യിൽ കിട്ടിയ അമ്പത് പൈസയുടെ കവറിൽ കിട്ടിയ തുണി വാരിക്കെട്ടി. അതിന്റെ ഇടയിൽ പിറുപിറുക്കുന്നുണ്ട്. കാണിച്ചു തരാം നോക്കിക്കോ.
ഇടക്കണ്ണിട്ട് അമ്മയെ നോക്കുന്നുണ്ട്. എവടെ കുഞ്ഞനം പാറയ്ക്കു കാറ്റ് പിടിച്ച പോലെ എന്നെ നോക്കുന്നതും കൂടിയില്ല. ഇടയിലൊക്കെ വേണ്ടെടാ വിലക്ക് പ്രതീക്ഷിച്ച എനിക്ക് കിട്ടിയ എട്ടിന്റെ പണിയായിരുന്നു ആ നിസ്സംഗത. പുല്ല് ഇനിയിപ്പോ ശരിക്കും പോകേണ്ടി വരുമോ.
ഉമ്മറ വാതിൽ വരെ ബലം പിടിച്ചു നടന്നു. പിൻവിളി പ്രതീക്ഷ കളഞ്ഞില്ല. കേറിപ്പോടാ എന്നൊരു വാക്ക് ' ഒന്നുറക്കെ പറഞ്ഞിരുന്നെങ്കിൽ ഒന്ന് ശാസിച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ. ' അല്ല വീട്ടി കേറിപ്പോയേനെ. ആദ്യത്തെ ആവേശം ചോർന്നു പോയത് പോലെ. ബനിയൻ ഇൻ ചെയ്ത് പാദം വരെ കഷ്ടി മുഷ്ടി എത്തുന്ന പാന്റുമിട്ടു കാലിൽ പാരഗന്റെ വെള്ള വള്ളിചെരുപ്പുമിട്ടു നിൽക്കുന്ന എന്റെ രൂപം അന്ന് കാലത്തെ ചില മാമുക്കോയ വേഷങ്ങൾ പോലെ ആയിരുന്നു. ഒറ്റ വ്യത്യാസം മാത്രം പുള്ളി കൂളിംഗ് ഗ്ലാസ് വെക്കാറുണ്ട്. എനിക്കതില്ല.
ഒടുവിൽ എന്റെ ആ ശങ്കിച്ചുള്ള നിൽപ്പ് കണ്ടിട്ടാവും അമ്മ വിളിച്ചു.
" സഞ്ജയേ...."
ഹോ പൂക്കാൻ മടിച്ചു നിന്ന പൂമരത്തിൽ പതിനായിരക്കണക്കിന് പൂക്കൾ ഒരുമിച്ചു വിരിഞ്ഞാലുള്ള സന്തോഷമാണ് ആ വിളി എനിക്ക് നൽകിയത്. അതാണ് വിളി കേൾക്കൽ അത്ര ആഘോഷമാക്കിയതും.
" എന്തോ............"
" എന്തേ പോണില്ലേ. വേഗം പോകാൻ നോക്ക് "
ഡിം... എലി പുന്നെല്ലു കണ്ടത് പോലെയിരുന്ന എന്റെ മുഖം വളിച്ച സാമ്പാർ പാത്രം മുഖത്തോട് ചേർത്തത് പോലെയായി.
" ആ പോകും... പോകും... പോകും "
ഇനി നിന്നിട്ട് കാര്യമില്ല. എല്ലാ നാട് വിടുന്ന നായകന്മാരെയും മനസ്സിൽ ധ്യാനിച്ചു. ഒറ്റയിറക്കം. മനസ്സിൽ മേരിക്കുട്ടീ പട്ടീ നിന്നെ പിന്നെ എടുത്തോളാം ട്ടാ എന്ന വാക്കുകൾ പല്ല് ഞെരിച്ചു പറഞ്ഞുകൊണ്ടു മുന്നോട്ട് വേഗം നടന്നു.
എവടെ
പറമ്പിന്റെ അതിർത്തി എത്തിയപ്പഴേക്കും മനസ്സ് ഒമ്പത് വട്ടം മാറി. എന്റെ പോക്കും നോക്കിക്കൊണ്ട് മുറ്റത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്ന അമ്മ അതായിരുന്നു മനസ്സിൽ പ്രതീക്ഷ. തിരിഞ്ഞു നോക്കിയ ഞാൻ നടുങ്ങിപ്പോയി. അവിടെ അവിടെ.... ആടുമില്ല പൂടയുമില്ല. അപ്പൊ വീട്ടുകാർക്കൊക്കെ ഞാൻ അത്രയ്ക്കും ശല്യമായിരുന്നോ. പുല്ല് വേണ്ടായിരുന്നു.
ശ്ശേ ഇതിലും വലിയ പറ്റൂ പറ്റാനില്ല. ചുറ്റും നോക്കി അതാ ഒരു വലിയ കശുമാവ് എന്നെ നോക്കിക്കൊണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു. ആ ചിരി എന്നെ പ്രലോഭിപ്പിച്ചു. ചുറ്റും നോക്കി കയർ ഒന്നും കാണാനില്ല. മനസ്സിൽ ഉറപ്പിച്ചു ഇല്ല മരിക്കേണ്ടി വന്നാലും ശരി ഇനി തിരിച്ചു വീട്ടിലേക്കില്ല. ഞാൻ മെല്ലെ കശുമാവ് ലക്ഷ്യമാക്കി നടന്നു.
അടുത്തെത്തി. ഹോ മുടിഞ്ഞ പൊക്കം. എന്നാലും സാരമില്ല. ഒരുവിധത്തിൽ പൊത്തിപ്പിടിച്ചു കയറി. മുകളിലെത്തി. പറ്റിയ കൊമ്പ് കണ്ടെത്തി. ബലം പരിശോധിച്ചു. കൊള്ളാം ഒടിഞ്ഞു വീഴില്ല. ചെറിയൊരു കമ്പിൽ കവർ തൂക്കിയിട്ടിട്ട്. ഞാൻ മെല്ലെ ( അതേ ശ്വാസം വിട്ടോ... ഞാൻ ചാവാൻ വന്നതോന്നുമല്ല. ഇരിക്കാൻ വന്നതാണ്. അയ്യടാ എന്താ ഒരു പൂതി ) ആ കൊമ്പിൽ ഇരുന്നു. അവിടിരുന്നാൽ വീട് കൃത്യമായി കാണാം.
കുറേനേരം ഇരുന്നിട്ടും അനക്കമൊന്നും കാണാനില്ല. അമ്മ ഇറങ്ങി വരുന്നതൊന്നും കാണാനില്ലല്ലോ... മനസ്സിൽ മോനേ സഞ്ജു കുട്ടാ ഇതൂടി കഴിക്കെടാ ഈ പാല് കുടിക്കൂ തുടങ്ങിയ ഡയലോഗുകൾ ഓടി വന്നു. ശ്ശെടാ അപ്പൊ അത് ഒക്കെ അഭിനയമായിരുന്നോ. ഇനിയിപ്പോ നാണം കെട്ട് വീട്ടിലേക്ക് കയറി ചെന്നാലോ. ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അതാ അമ്മയുടെ തലവെട്ടം വീടിന്റെ മുറ്റത്ത്. പുറത്തിറങ്ങി ഞാൻ പോയ വഴിയിലേക്ക് നോക്കുകയാണ്. എന്നെ കാണാത്തത് കൊണ്ടാവും മെല്ലെ ഇങ്ങോട്ട് നടന്നു വരുന്നുണ്ട്. എനിക്കും സന്തോഷമായി ഹോ അപ്പൊ സ്നേഹമൊക്കെയുണ്ട്. പക്ഷേ...
എതിരെ വരുന്ന നാരായണി ചേച്ചിയോട് അമ്മ മടിച്ചു മടിച്ചു ചോദിക്കുന്നത് ഞാൻ കേട്ടു.
" ചേച്ചിയെ ഞങ്ങടെ സഞ്ജയനെ എങ്ങാനും വഴിയിൽ കണ്ടായിരുന്നോ. ? "
തീർന്ന്... എല്ലാം തീർന്ന്... വേറൊന്നുമല്ല ആ തള്ളയുടെ പേര് പറഞ്ഞാൽ ആരും അറിയില്ല. ഈച്ച എന്ന് പറഞ്ഞാലേ അറിയൂ. നാട്ടിൽ മൊത്തം പാട്ടായി എന്ന റേഡിയോ പരസ്യം ഇവരെ അറിയുന്ന ആരോ ഉണ്ടാക്കിയതാണെന്നു തോന്നുന്നു.
" ഇല്ലല്ലോ മോളേ എന്താ കാര്യം. ?"
അമ്മേ അരുത് അരുത് പറയരുത്. ഉറക്കെ വിളിച്ചു പറഞ്ഞ ശബ്ദം എന്നെക്കാൾ വലിയ മടിയോടെ എന്റെ ഉള്ളിൽ എവിടെയോ ഉറങ്ങിക്കിടന്നു. പുറത്തേക്ക് വന്നില്ല.
" അവൻ നാട് വിട്ടു പോകുവാണെന്നു പറഞ്ഞിറങ്ങിപ്പോയി "
തീർന്നു. ഞാൻ മുകളിലേക്ക് നോക്കി കാലന്റെ വണ്ടിയെങ്ങാനും മുകളിലൂടെ പോകുന്നുണ്ടെങ്കിൽ കൈ കാണിച്ചു നിർത്തി കേറിപ്പോകാം അതാ ഇതിലും നല്ലത്.
" ശിവ ശിവ... അവനോ ? "
" അമ്മേ....... " ഒരു വിളിയായിരുന്നു. രണ്ടുപേരും കശുമാവിന്റെ മുകളിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. അവിടെ ഭക്തർക്ക് ദർശനമരുളിയ ഭഗവാന്റെ പോലെ ഞാൻ. ചിരിച്ചോണ്ട് ഇരിക്കുന്നു...
" അയ്യേ... പറ്റിച്ചേ... ഞാനിവിടെ ഉണ്ടേ... ഞാനെങ്ങും പോയില്ലേ..."
ഇറങ്ങി താഴെ ചെല്ലുമ്പോൾ ഞാൻ കണ്ടു. അമ്മയുടെ മുഖത്തെ പേടിഭാവം മാറി അവിടെ ദേഷ്യം നിറയുന്നത്.
" നീ കൈ നീട്ടിക്കേ "
" വേണ്ടമ്മേ. ഞാൻ ചുമ്മാ പറ്റിക്കാൻ വേണ്ടി... തല്ലണ്ട അമ്മേ "
തല്ല് കിട്ടുന്നത് കൊണ്ടല്ല. അമ്മയുടെ അടിയ്ക്ക് ഇത്രയേ വേദനയുള്ളൂ. പക്ഷേ ആ ഈച്ച തള്ളയുടെ മുന്നിൽ വെച്ച്....
" കൈ നീട്ടടാ.... " അമ്മയുടെ വഹ അലർച്ച ഒന്ന്.
ഞാൻ വേഗം കണ്ണടച്ചു പിടിച്ചു കൈ നീട്ടി. അടിയുടെ ചൂട് പ്രതീക്ഷിച്ചു നിന്ന എന്റെ കൈവെള്ളയിൽ അതാ കടലാസിന്റെ കിരു കിരിപ്പ്. അമ്പരപ്പോടെ കണ്ണു തുറന്ന് നോക്കിയപ്പോ പത്തിന്റെ നോട്ടിലെ ഗാന്ധിയപ്പൂപ്പൻ എന്നെ നോക്കി ചിരിച്ചോണ്ട് കയ്യിലിരിക്കുന്നു. ഞാൻ അമ്പരപ്പോടെ അമ്മയെ നോക്കി.
" ഇന്നാ വണ്ടിക്കൂലിക്ക് വെച്ചോ. അല്ലെങ്കിൽ ഇതില്ല എന്ന് പറഞ്ഞു നീ തിരിച്ചു വരും. " ഞാനാകെ തേഞ്ഞു പോയി. അല്ല എന്റെയല്ലേ അമ്മ. എന്റെ ഗുണഗണങ്ങൾ ഒന്നെങ്കിലും കിട്ടാതിരിക്കുമോ. അമ്മ തോറ്റ് എന്റെ മുമ്പിൽ മുട്ടുകുത്തി എന്ന ചിന്ത ഞാനങ്ങ് ഉപേക്ഷിച്ചു.
" അമ്മേ..... "
" അല്ല പിന്നെ... കേറിപ്പോടാ കുടുംബത്ത് "
" ഹും "
മുഖത്ത് ദേഷ്യം വരുത്തി ഒരു വെട്ടിക്കൽ വെട്ടിച്ചു മുഖം. എന്നിട്ട് തിരിഞ്ഞു നോക്കാതെ ചവിട്ടികുതിച്ചു നടന്നു. എങ്ങോട്ടാ ?? വീട്ടിലേക്ക്... അല്ലാതെ ഞാനെവിടെ പോകാൻ. എങ്കിലും ഉള്ളിൽ സന്തോഷമായിരുന്നു. അത് ആരോടും പറയണ്ടാ ട്ടാ.
" നീയൊക്കെ എവിടെ വരെ പോകും എന്നെനിക്ക് അറിയാമെടാ മോനേ..."
അങ്ങിനെ എന്റെ ആദ്യത്തെ നാട് വിടൽ ഗംഭീരമായി ചീറ്റിപ്പോയ കാര്യം ഇതിലൂടെ അറിയിക്കുന്നു. ആ ഈച്ച തള്ള നാട് മുഴുവൻ പറഞ്ഞത് കാരണം നാട്ടുകാരൊക്കെ കുറച്ചു നാളത്തേക്ക് ഒരുമാതിരി ആക്കി ചിരിയായിരുന്നു. ഏറ്റവും സങ്കടം ആ പണ്ടാരക്കാലി മേരിക്കുട്ടിയും അറിഞ്ഞു എന്നതാണ്. എന്തേലും ആവട്ടെ അതൊക്കെ ഞാൻ അതിജീവിച്ചു.
പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഞാനറിഞ്ഞത് ഈ നാട് വിടൽ ഒക്കെ സിനിമയിൽ മാത്രമേ സുഖമുള്ളൂ ഒറിജിനൽ ലൈഫിൽ ഭയങ്കര കഷ്ടപ്പാടാണെന്നു. എന്തായാലും എന്റെ ഭാഗ്യം. നിങ്ങടെ കഷ്ടകാലവും. അനുഭവിച്ചോ അനുഭവിച്ചോ.
എന്തായാലും നാട് വിടാൻ ശ്രമിച്ച മോന് വണ്ടിക്കൂലി കൊടുത്തു വിടാൻ നോക്കിയ എന്റെ അമ്മേ. ഇങ്ങളാണെന്റെ എവർഗ്രീൻ മരണമാസ്സ് ഹീറോ.
Sanjay Krishna.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot