നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാൻഗർഹിലെ അസ്തമയങ്ങൾ (കഥ)


ഏകാന്തതയുടെ മൗനവാത്മീകത്തിൽ അണമുറിയാത്ത ഓർമ്മകളുടെ ഭാരവുംപേറി ദിനരാത്രങ്ങളെ തള്ളിനീക്കുമ്പോഴും , നടുമുറ്റത്ത് വീണ് ചിന്നിച്ചിതറുന്ന സൂര്യരശ്മികൾ തളത്തിലെ ചുമരുകളിൽ തീർക്കുന്ന വർണ്ണപ്രപഞ്ചത്തിൽ തന്റെ പ്രിയതമയുടെ കാൽപ്പാദങ്ങൾ തേടി അതിൽ കൊലുസ്സിന്റെ മണിക്കിലുക്കം തിരയുമ്പോഴും അയാളുടെ മനസ്സ് നഷ്ടബോധത്തിന്റെ കാണാക്കയങ്ങളിൽപ്പെട്ടുഴലുകയായിരുന്നു.
ഗോവർദ്ധന്റെ ജൈവഘടികാരം താളക്രമം വീണ്ടെടുക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു ... രാവിനെ പകലാക്കാനും ഉച്ചവെയിലിൽ നിലാവ് തേടാനും അയാൾ തുടങ്ങിയിരുന്നു.
മീരയുടെ മരണശേഷം വന്ന മാറ്റങ്ങൾ .....!
അവളുടെ ഓർമ്മകളിൽ ചായംപകർന്ന് മനസ്സിൽവിരിയിച്ച വർണ്ണപ്രപഞ്ചത്തിൽ അയാൾ സ്വയം അലിഞ്ഞുചേർന്നു ...
അവളുടെ കാലൊച്ചകൾ അവിടമാകെ തീർത്ത അലയൊലികൾക്കായി ഗോവർദ്ധൻ കാതോർത്തിരുന്നു ...
വെള്ളിക്കൊലുസ്സുകൾ അലങ്കരിച്ച ആ മൃദുല പാദങ്ങളോടുള്ള അഭിനിവേശം സംവത്സരങ്ങൾക്കിപ്പുറവും അയാളുടെ ചിന്തകളെ പുളകമണിയിച്ചിരുന്നു. ..
"സ്വർണ്ണക്കൊലുസ്സായിരുന്നു നല്ലത്. നല്ല ഭംഗിണ്ടായേനെ ....?"
"അയ്യേ... കാലിൽ സ്വർണ്ണം പാടില്ല്യാന്നറിയില്ലേ ... " അവളുടെ നുണക്കുഴികൾ തന്നോട് പറയുന്ന കിന്നാരങ്ങൾ .......!
ഗോവർദ്ധൻ എഴുന്നേറ്റ് ആമാടപ്പെട്ടിത്തുറന്ന് അവളുടെ കൊലുസ്സുകൾ പുറത്തെടുത്തു ... അവ തന്റെ ചുണ്ടോടു ചേർക്കുമ്പോൾ അവളുടെ നനുത്തരോമങ്ങൾ അയാളെ ഇക്കിളിയിട്ടപോലെ തോന്നി ...
ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ആഭരണങ്ങൾ തന്നെ ഏൽപ്പിച്ചപ്പോഴെ അയാൾ ശ്രദ്ധിച്ചിരുന്നു ....
ഒരു കൊലുസ്സിൽ മണികൾ മൂന്നെണ്ണം ഉണ്ടായിരുന്നില്ല ...!
കഴിഞ്ഞ നാലുമാസത്തോളമായി അവളുടെ വേർപാടുപോലെ ആ മണികളും അയാളെ അലട്ടിക്കൊണ്ടേയിരുന്നു.
പതിവുപോലെ കൊലുസ്സുകൾ തിരികെവെച്ച് മുറിവിട്ട് പുറത്തിറങ്ങാൻ നേരം മാറാലകെട്ടിയ തംബുരുവിൽ നിന്നും ശ്രുതിമീട്ടും പോലെ ....
"എന്ന തവം സെയ്തനേ .... യശോദാ ..."
കാപി രാഗത്തിൽ അവളുടെ മനോഹരശബ്ദം അലയടിക്കുന്നപോലെ ...
പക്ഷെ അതിൽ ഒരു ശോകഛായ.... !
കഴിഞ്ഞവർഷത്തെ അവരുടെ യാത്ര മഥുര, വൃന്ദാവനം ആയിരുന്നു ... വൃന്ദാവനത്തിൽ വെച്ചാണ് അവൾ ആ കീർത്തനം പാടുന്നത് അയാൾ ശ്രദ്ധിച്ചത് .... അവളുടെ സമർപ്പണത്തിന്റെ തീവ്രത അന്നയാളിൽ നിറച്ച വികാരങ്ങൾ അനിർവ്വചനീയമായിരുന്നു ..
വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കു ശേഷം തനിക്ക് അമ്മയാവാൻ കഴിയില്ലെന്ന സത്യം അവളെയാകെ പിടിച്ചുലച്ചിരുന്നു. കുത്തഴിഞ്ഞ പുസ്തകത്തിലെ താളുകൾപോലെ അവളുടെ ഓരോഏടും അടർന്നുവീഴും പോലെ ...
"നമുക്കൊരു യാത്ര പോയാലോ ...? "
മടിയോടെയാണെങ്കിലും അന്നവൾ സമ്മതിച്ചു .. ആ യാത്ര അവളിൽ നിറച്ച ഉൻമേഷം ചെറുതായിരുന്നില്ല ...തുടർന്നുള്ള വർഷങ്ങളിലൊക്കെ യാത്ര പതിവാക്കി ...
ഓർമ്മകളെ താലോലിച്ച് അവരുടെ ജീവിതം പതിയേ വീണ്ടെടുക്കുമ്പോഴാണ് വിധിയുടെ ക്രൂരത അവളെ വീണ്ടും പ്രഹരിച്ചിത് ..
മച്ചിലെ പ്രാവുകളുടെ കുറുകൽ അയാളെ ചിന്തകളിൽ നിന്നുണർത്തി ... വിടവാങ്ങുന്ന പകലിന്റെ ദൈന്യത സന്ധ്യയിലേറ്റുവാങ്ങി പ്രകൃതി നിലാവിനെ പുണരാൻ വെമ്പി..
"ദീപം....ദീപം ...."
കൊലുസ്സിന്റെ മണിനാദം മുഴക്കി മൃദുല പാദങ്ങൾ അടിവെച്ച് ദീപപ്രഭയിൽ മീര ...!
ഋതുവറിയാതെ പൂത്തു തളിർക്കുന്ന നീർച്ചെടികൾ പാടവരമ്പിനെ അലങ്കരിക്കുന്ന പോലെ ഇടയ്ക്കിടെ അവളുടെയോർമ്മകൾ ഗോവർദ്ധനെ പിന്തുടർന്നു.
നഷ്ടമായ ആ കൊലുസ്സിന്റെ മണികൾ പക്ഷെ അയാളുടെ ചിന്തകളിൽ നോവു പടർത്തി ...
ഈ വർഷത്തെ യാത്രയ്ക്കായി അവൾ തിരഞ്ഞെടുത്തിരുന്നത് രാജസ്ഥാനിലെ ബാൻഗർഹായിരുന്നു.
ഒരുക്കത്തിന്റെ തുടക്കം പുതിയ കൊലുസ്സിൽ തുടങ്ങി .. നിറയെ മണികളുള്ള ഒരു വെള്ളിക്കൊലുസ്സ് ...!
"നമുക്കെന്തായാലും പോവാം ... എനിക്ക് ഇപ്പോ ഒരസുഖവും ഇല്ലല്ലോ ...? " .. അവൾ വല്ലാതെ മോഹിച്ചിരുന്നു .... ആ ശബ്ദം കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു ...പക്ഷെ .!
"പോവാം ... നീ കൂടെ ഉണ്ടല്ലോ പിന്നെന്താ ..." കൊലുസ്സുകൾ നെഞ്ചോടു ചേർത്ത് അയാൾ പറഞ്ഞു ...
പ്രാവിന്റെ ചെറു കുറുകൽ മാത്രമായിരുന്നു മറുപടി ..
_____________ ________________ ___________
ചിതറിയോടുന്ന ഓർമ്മകളെ തന്റെ ദണ്ഡിനാൽ ഒരുമിച്ചു ചേർക്കുന്ന ഇടയന്റെ മനക്കരുത്തോടെ ഗോവർദ്ധൻ തന്റെ യാത്ര തുടങ്ങി .... ഡൽഹിയിൽ നിന്നും ഇരുന്നൂറോളം കിലോമീറ്ററുകൾക്കപ്പുറം മരുഭൂമി തേടിയുള്ള യാത്ര....
ഒരു കാലത്ത് സമൃദ്ധമായ പ്രകൃതിയുടെ ശോകഭാവങ്ങൾ തീർത്ത മണൽത്തരികൾ....
തന്റെമനസ്സിൽ നിറഞ്ഞുകിടക്കുന്ന മണലാരണ്യങ്ങൾ പക്ഷെ രാജസ്ഥാനിലെ ആൾവാർ ബാൻഗർഹ് മലനിരകളിൽ അയാൾ കണ്ടില്ല. എങ്ങും പച്ചപ്പുകൾ മാത്രം സരിസ്കയും സിൽഷ തടാകവും കടന്ന് ഒരു ടാക്സിയിൽ കൈയ്യിൽ മുറുകെപ്പിടിച്ച കൊലുസ്സുമായി അയാളിരുന്നു.
ഇടയ്ക്കെപ്പോഴോ ഒരു തംബുരുവിന്റെ ശ്രുതി ഉയർന്നുവോ ...?
ഇന്ത്യയിലെ ഏറ്റവും പ്രേതബാധിതമായ പ്രദേശമാണെത്രെ ബാൻഗർഹ് ... മീര എന്തുകൊണ്ടാവും ഇവിടം തിരഞ്ഞെടുത്തത് ...?
പാതിയും നശിച്ച അവിടം നിഗൂഢതകൾ നിറഞ്ഞതായിരുന്നു. മുഗൾ ഭരണകാലത്ത് രാജ്യാധികാരിയായ രാജ്ഞിയും സകല ജനങ്ങളും കൂട്ടക്കുരുതിക്ക് ഇടയായ സ്ഥലം ..
ഹനുമാൻ ഫുൽബാരി ഗേറ്റിലൂടെ അകത്ത് കടക്കുമ്പോൾ അയാൾ ആ കൊലുസ്സിൽ മുറുകെപ്പിടിച്ചു. ... അവളുടെ പാദങ്ങളുടെ സ്നിഗ്ദ്ധത ഉള്ളം കൈയ്യിൽ തീർത്ത മായികപ്രപഞ്ചം പതിയെ അവിടമാകെ നിറയുന്നപോലെ ... മീരയുടെ സാമീപ്യം അയാളിൽ നിറയുകയായിരുന്നു ....!
മീരയുടെ സ്വരമാധുരി ശ്രവണപുടങ്ങളിൽ അലയൊളികൾ തീർത്തു. ... ആ ശബ്ത്തിന്റെ ഉറവിടംതേടി ഒരു ഭ്രാന്തനെപ്പോലെ അയാളലഞ്ഞു.
കോട്ടയുടെ ചുറ്റുമുള്ള വനത്തിൽ സമൃദ്ധമായുള്ള മയിലുകൾ അയാൾക്കായി പീലി വിടർത്തി ... വൃക്ഷ ശിഖരങ്ങളിലുള്ള വാനരൻമാർ അയാളെ കൗതുകത്തോടെ നോക്കിനിന്നു.
അകലെയൊരു കാട്ടരുവി ....അത് വന്നുപതിക്കുന്നത് വലിയ ഒരു കുളത്തിലും ...
ആ അരുവിയുടെ സമീപമിരുന്ന് തംബുരുവിൽ പുതിയ രാഗങ്ങൾ തേടുന്ന മീര ...!
അവളുടെ അംഗചലനങ്ങളിൽ മുഴുകി പണ്ട് മുഗളൻമാർ തകർത്ത വലിയ ഒരു പീഠത്തിൽ അയാളിരുന്നു ....
അവൾ തന്നെ ശ്രദ്ധിക്കുന്നേയില്ല.... പതിയേ അയാളാ കീർത്തനത്തിൽ പൂർണ്ണമായും മുഴുകി .
സ്വരസ്ഥാനങ്ങളുടെ വ്യതിയാനങ്ങൾ അയാളിൽ തീർക്കുന്ന മാസ്മരികതയ്ക്കനുസരിച്ച് കീർത്തനങ്ങൾ അണമുറിയാതെയൊഴുകുന്നു ....
ചരിത്രമുറങ്ങാത്ത ആ താഴ്വരയിൽ ഇരുട്ടുവീഴാൻ തുടങ്ങി .. അവിടുത്തെ അസ്തമയത്തിന് പതിവിലുമധികം ശോണിമ കലർന്നിരുന്നു . കുരങ്ങുകളുടെ കലപില ശബ്ദങ്ങൾ അയാൾ കേട്ടതേയില്ല.
പാടുന്നതിനിടെ മീര അയാളെ നോക്കി പുഞ്ചിരിച്ചു. ... ആ മിഴികളിൽ ഭൂതകാലത്തിന്റെ വസന്തം ഒളിഞ്ഞിരിക്കുന്ന പോലെ ...
പതിയെ അവൾ എഴുന്നേറ്റ് ആ അരുവിയിലേക്ക് നടന്നു.... തന്നെ പിൻതുടരുന്ന ഗോവർദ്ധനെ കടക്കണ്ണാൽ ഒന്നുതഴുകി ... അവാച്യമായ ഒരനുഭൂതിയിൽ അയാൾ സ്വയംമറന്നു.
അവളുടെ പാദസ്പർശമേറ്റ അരുവി ഓളങ്ങളാലൊന്നു പുഞ്ചിരിച്ചു. ആ ഓളപ്പരപ്പിൽ പതിയെ ഇരുന്നു കൊണ്ട് ഗോവർദ്ധനെ മാടി വിളിച്ചു. ....
അരുവിയിൽ ലയിച്ച് അവൾ പതിയേ കുളത്തിലേക്കൊഴുകി....!
ഗോവർദ്ധൻ ഓടിയെത്തുമ്പോഴേക്കും അവൾ മറഞ്ഞിരുന്നു. .... അയാൾ നിറമിഴിയോടെ അരുവിയിലേക്ക് നോക്കി ...
അരുവിയുടെ അടിത്തട്ടിൽ മൂന്നു മണികൾ തിളങ്ങുന്നു. ...
തന്റെ കൈയ്യിൽ മുറുകേപ്പിടിച്ച കൊലുസ്സിലെ നഷ്ടമായ അതേ മണികൾ ....!
അയാൾ അരുവിയിലേക്ക് സർവ്വശക്തിയുമെടുത്ത് ചാടി .... മുങ്ങാംകുഴിയിട്ട് ആ മണികൾ എടുത്ത് കൊലുസ്സിൽ കോർത്തു. .... അരുവി അപ്പോഴേക്കും ഹും കാരശബ്ദത്തോടെ കുളത്തിലേക്ക് പതിച്ചിരുന്നു. ....
അവിടെ .... അയാൾ കണ്ടു. ... ആ മൃദുല പാദങ്ങൾ..... കുളത്തിന്റെ അടിത്തട്ടിൽ ആ പാദങ്ങളിൽ കൊലുസ്സണിയിക്കുന്ന ഗോവർദ്ധനെ ആരും ശ്രദ്ധിച്ചിരുന്നില്ല....
മീര ഇരുകൈകളും നീട്ടി അയാളെപ്പുണർന്നു . ജൻമാന്തരങ്ങളുടെ നീരുറവകളിലേക്ക് അവർ മുങ്ങിത്താണു ...
തന്റെ മീരയപ്പുണർന്ന് ആ കൊലുസ്സിന്റെ കൊഞ്ചലിൽ അയാൾ അലിഞ്ഞമർന്നു. സൂര്യചന്ദ്രാദികളും ഋതുദേവതകളും അവരുടെ സംഗമത്തിന് സാക്ഷിയായപോലെ അവിടമാകെ പ്രകാശവും സുഗന്ധവും നിറഞ്ഞു.
ബാൻഗർഹിലെ അസ്തമയം പുതിയ പുലരികൾക്കായ് മിഴി പൂട്ടി ....
അവസാനിച്ചു. ...
✍️ ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot