നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നാലും എന്റെ ഓമനേ...

Image may contain: 1 person, smiling, closeup

--------------------------------------------
"എടിയേ... എടി ഓമനേ..."
കെട്ട്യോന്റെ നീട്ടിയുള്ള വിളി കേട്ട് കറി ഇളക്കുന്ന തവിയോട് കൂടി ആയുധമേന്തിയ ഭദ്രകാളി കണക്കെ ഓമന പാഞ്ഞ് വന്നു. വന്നപാടെ മേശമേൽ വലിച്ചിട്ടിരിക്കുന്ന സാധനങ്ങൾ ആണ് അവളുടെ കണ്ണിൽപെട്ടത്. അതിനു ഭർത്താവിന്റെ മേൽ പുലി കണക്കെ ചാടി വീഴാൻ തുടങ്ങുന്നതിനു മുൻപേ അയാൾ തിരിച്ച് ആക്രമിച്ചു.
"എന്റെ ലൈസൻസ് എവിടെടി കഴുതേ...?"
"ലൈസൻസോ...?"
ഇന്നുവരെ കേൾക്കാത്ത എന്തോ പദം കേട്ട കണക്കെ ഓമനയുടെ കണ്ണുകൾ വെളിയിൽ വന്നു.
"ആഹ്... ലൈസൻസ്.. നീ കേട്ടിട്ടില്ലേ... എടി മന്ദബുദ്ധി... ഞാൻ ഇന്നലെ നിന്റെ കൈയിൽ തന്നേല്പിച്ചില്ലേ... സൂക്ഷിച്ച് കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നില്ലേ... അതെവിടെ?"
"ഓഹ്... അതാണോ... അതാ ഡയറിയിൽ ഉണ്ട്."
"ഏത് ഡയറിയിൽ?"
മേശമേൽ കുന്നുകൂടികിടക്കുന്ന സാധനങ്ങൾക്കിടയിൽ നിന്നും ആ ഡയറി നിഷ്പ്രയാസം കണ്ടെത്തി ഓമന ഞെളിഞ്ഞു നിന്നു. 'ഒന്നും ശരിക്ക് നോക്കില്ല' എന്ന് ഭർത്താവിനെ കുറ്റപ്പെടുത്തുംപോലെ ഒന്ന് നോക്കിയിട്ട് അവൾ ഡയറിത്താളുകൾ മറിച്ചു. നിമിഷങ്ങൾ കഴിഞ്ഞില്ല, ഓമനയുടെ കണ്ണുകൾ വീണ്ടും വെളിയിൽ വരാൻ തുടങ്ങി. വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ഡയറി മറിച്ചതല്ലാതെ ലൈസൻസ് കിട്ടിയില്ല. ദേഷ്യംകൊണ്ട് ചുവക്കുന്ന ഭർത്താവിന്റെ മുഖത്തേക്ക് ഓമന ദയനീയമായി നോക്കി.
"എവിടെടി കൊരങ്ങേ...?"
"ചേട്ടാ... ഇതിൽ വച്ചാ ഞാൻ കൊണ്ട് വന്നേ... പക്ഷെ... ഇപ്പൊ കാണുന്നില്ല."
എന്തൊക്കെയോ പറയാൻ തുടങ്ങിയ അയാൾ ഒന്നും മിണ്ടാതെ തളർന്നിരുന്നു. ഡ്രൈവറായ ചന്ദ്രന് അത്യാവശ്യം വേണ്ട ഡ്രൈവിംഗ് ലൈസൻസ് ആണ് സ്വന്തം ഭാര്യയുടെ ഉത്തരവാദിത്വ ബോധത്തിൽ കളഞ്ഞു പോയിരിക്കുന്നത്. ഭർത്താവിന്റെ തളർച്ച കണ്ട വിഷമിച്ച ഭാര്യ മേശമേൽ ഒരു തിരച്ചിൽ കൂടി നടത്തി.
"ചേട്ടാ.. ദേ... ഈ കവറിൽ വച്ചാണ് ഞാൻ കൊണ്ട് വന്നത്."
അടിവശം തുള വീണ കവർ പൊക്കിപ്പിടിച്ച് ഓമന ഒരു വലിയ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കിയ സന്തോഷത്തോടെ മൊഴിഞ്ഞു. ചിരിക്കണോ കരയണോ എന്നറിയാതെ ചന്ദ്രൻ നിർവികാരനായി.
******
ഡ്രൈവിംഗ് ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് സ്റ്റേഷനിൽ നിന്നും വിളി വരുന്നത്.
'മിസ്റ്റർ ചന്ദ്രൻ... നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞു കിട്ടിയിട്ടുണ്ട്. എത്രയും വേഗം നിങ്ങൾ നിങ്ങളാണെന്നു തെളിയിക്കുന്ന രേഖയുമായി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. ഓവർ...'
കേട്ടപാതി കേൾക്കാത്തപാതി ചന്ദ്രൻ റേഷൻ കാർഡുമെടുത്ത് സ്റ്റേഷനിലേക്ക് പാഞ്ഞു. (അന്ന് വോട്ടേഴ്‌സ് ഐഡി എന്ന സമ്പ്രദായം നിലവിൽ വന്നിട്ടില്ല സുഹൃത്തുക്കളെ...) ഡ്രൈവിംഗ് ലൈസൻസിനായി എസ് ഐ സോമശേഖരൻ പിള്ളയുടെ മുൻപിൽ വളഞ്ഞു കുനിഞ്ഞ് വിനയാന്വിതനായി നിന്നു.
"നീ ആരാ..?"
ഘാംഭീര്യമാർന്ന ശബ്ദത്തിൽ ഗൗരവം നിറച്ച് എസ് ഐ ചോദിച്ചു.
"സാറെ... ഞാൻ ചന്ദ്രൻ. എന്റെ ഡ്രൈവിംഗ് ലൈസൻസ് കളഞ്ഞു പോയി. അതിവിടെ കിട്ടിയിട്ടുണ്ടെന്ന് വിവരം കിട്ടി. അതാ വന്നത്."
"ഹ്മ്... ഇതൊക്കെ സൂക്ഷിക്കണ്ടേ... മുനിസിപ്പാലിറ്റിയിൽ ക്‌ളീനിംഗ് തൊഴിലാളികളുടെ കൈയിലാ ഇത് കിട്ടിയത്. അവരാ ഇതിവിടെ കൊണ്ടുവന്നു തന്നത്."
ഒരാഴ്ചയായി സമരത്തിലായിരുന്നു മുൻസിപ്പാലിറ്റി ജീവനക്കാർ ഇന്നലെയാണ് വീണ്ടും ജോലി തുടങ്ങിയതെന്ന വിവരം അയാൾ ഓർത്തു. അവരെ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു.
"ഹ്മ്... തന്റെ തിരിച്ചറിയൽ രേഖകൾ വല്ലതും കൊണ്ടുവന്നിട്ടുണ്ടെങ്കിൽ എടുക്ക്..."
എളിമ നിറഞ്ഞ മുഖഭാവത്തോടെ ചന്ദ്രൻ തന്റെ റേഷൻ കാർഡ് നീട്ടി. റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും ചേർത്ത് വച്ച് എസ് ഐ പരിശോധിച്ചു. പിന്നെ സംശയ ഭാവത്തിൽ ചന്ദ്രനെ സൂക്ഷിച്ചു നോക്കി.
"നിന്റെ പേരെന്താടാ...?"
"ചന്ദ്രൻ."
"ഇതാരുടെ റേഷൻ കാർഡാണെടാ...?"
"എന്റെ തന്നെയാ സാറേ..."
"എന്നിട്ടിതിൽ നിന്റെ പേരെവിടെടാ...?"
ചന്ദ്രൻ ഒന്ന് ഞെട്ടി. 'ഈശ്വരാ... വീട്ടിൽ നിന്നും പോരുന്ന വരെ റേഷൻ കാർഡിൽ ഉണ്ടായിരുന്ന പേര് അച്ഛൻ ഇത്ര വേഗം വെട്ടിയോ ഭഗവാനെ...'
ചന്ദ്രൻ കാർഡ് വാങ്ങി പരിശോധിച്ചു. അതാ കിടക്കുന്നു തന്റെ പേര്, വെണ്ടയ്ക്ക അക്ഷരത്തിൽ. 'ഇയാൾക്ക് കണ്ണും കണ്ടുകൂടെ' എന്ന ആത്മഗതത്തിൽ ചന്ദ്രൻ തന്റെ പേര് ചൂണ്ടി എസ് ഐ ക്ക് കാണിച്ചുകൊടുത്തു. എസ് ഐ പേരിലേക്കും അയാളിലേക്കും മാറി മാറി നോക്കി.
"ഇതെന്തോന്നാടാ എഴുതി വച്ചേക്കുന്നേ...?"
"കൃഷ്ണൻ."
'ഇവനിത് എവിടുന്ന് വന്നെടാ' എന്ന ഭാവത്തിൽ എസ് ഐ അയാളെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം ഏകദേശം പിടികിട്ടിയ അയാൾ അടുത്ത വെളിപ്പെടുത്തൽ നടത്തി.
"സാറേ... ഇതെന്റെ പേര് തന്നെയാ... വീട്ടിൽ വിളിക്കുന്ന പേരാ ചന്ദ്രൻ എന്ന്. റേഷൻ കാർഡിൽ മാത്രേ ഈ പേരുള്ളൂ. സ്‌കൂളിലും മറ്റും ചന്ദ്രൻ എന്ന് തന്നെയാ..."
"ഓഹോ... നന്നായി... എന്നാ പിന്നെ ഓരോന്നിലും ഓരോ പേരിടാമായിരുന്നില്ലേ...?"
ചന്ദ്രൻ ആകെ വിഷമവൃത്തത്തിലായി. ആ വൃത്തത്തിന്റെ ഒത്ത നടുക്ക് നമ്മുടെ എസ് ഐയും.
"നീ ഒരു കാര്യം ചെയ്യ്. വില്ലേജിൽ പോയി ഈ കൃഷ്‌ണൻ എന്നതും ചന്ദ്രൻ എന്നതും ഒരാൾ തന്നെയാണെന്ന് തെളിയിക്കുന്ന രേഖ ഉണ്ടാക്കികൊണ്ടു വാ... എന്നിട്ട് ലൈസൻസ് തരാം."
വേറെ നിവൃത്തിയില്ലാതെ ചന്ദ്രൻ സ്റ്റേഷന്റെ പടിയിറങ്ങി. വില്ലേജിൽ ചെന്ന അയാൾക്ക് ഇതിലേറെ ചോദ്യങ്ങൾ നേരിടേണ്ടി വന്നു. 'താനാരാണെന്നു തനിക്കറിയാൻ പാടില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്.'
എന്ന ഡയലോഗ് മാത്രം വില്ലേജ് ഓഫീസർ പറഞ്ഞില്ല. കാരണം അന്ന് പപ്പുച്ചേട്ടൻ ആ ഡയലോഗ് പറഞ്ഞ സിനിമ ഇറങ്ങിയിരുന്നില്ല സുഹൃത്തുക്കളെ...
അങ്ങനെ കുറെ കടമ്പകൾക്ക് ശേഷം താൻ താൻ തന്നെയാണെന്ന് തെളിയിക്കുന്ന രേഖയുമായി പോലീസ് സ്റ്റേഷനിൽ ചെന്ന് അയാൾ ഡ്രൈവിംഗ് ലൈസൻസ് കൈപറ്റി. അതുമായി തിരികെ വീട്ടിൽ വന്നപ്പോൾ പ്രിയതമ വല്ലാത്ത സന്തോഷത്തിൽ മൊഴിഞ്ഞു.
"ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചേട്ടാ, ഇത് തിരിച്ച് കിട്ടുമെന്ന്. നാളെ തന്നെ ഭഗവതിക്ക് പായസം കഴിപ്പിക്കണം."
നാളത്തെ കഞ്ഞിക്ക് എങ്ങനെ വക കണ്ടെത്തുമെന്ന് ആലോചിച്ചുകൊണ്ടിരുന്ന ചന്ദ്രൻ എന്ന കൃഷ്ണൻ നിസ്സഹായനായി ഭാര്യയെ നോക്കി.
എന്നാലും എന്റെ ഓമനേ...
-ശാമിനി ഗിരീഷ്-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot