Slider

നീ വിടപറഞ്ഞ രാവിൽ.

0
Image may contain: 1 person, text
°°°°°°°°°°°°°°°°°°°°°°°°°°°°°°
പ്രണയം പെയ്തു തോർന്ന ഒരു രാവിൽ
കളി വാക്കായി നീ പറഞ്ഞ,
കാര്യങ്ങൾ
ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു,
സത്യമായ് മാറി മനസ്സു പൊള്ളിക്കുന്നു...
" നിനക്കു മുൻപേ
ഞാൻ പോവുകയാണെങ്കിൽ...
ഒരു രാവു മുഴുവനും
നീ കരഞ്ഞു തീർക്കണം..
സങ്കടങ്ങളെയെല്ലാം ഒഴുക്കിക്കളയണം.
മഴവെള്ളം പോലെ,
കുത്തിയൊലിച്ചു പോകട്ടെ
എല്ലാം... എല്ലാം...
ഉണ്ണാത്ത, ഉറങ്ങാത്ത ആ രാവിന് ശേഷം,
കണ്ണീരുറവകൾ വറ്റുമ്പോൾ,
ഉള്ളിലെ വേദനകളുടെ
കറുത്ത മേഘങ്ങൾക്കു മീതെ
നിന്റെ മുഖത്തൊരു പുഞ്ചിരി ഉദിക്കണം.
ആ പുഞ്ചിരിയുടെ
സൂര്യ പ്രകാശം
നമ്മുടെ വീട്‌ മുഴുവനും നിറയ്ക്കണം.
ഭയന്നു പോയ കുഞ്ഞു മുഖങ്ങളിലേക്ക്
ആ പുഞ്ചിരി പടർത്തണം...
തളർന്നു പോയ വൃദ്ധ സ്വരങ്ങളിൽ
കരുത്തു പകരണം...
അണഞ്ഞു പോയ വിളക്കുകൾ
എണ്ണ പകർന്നു തെളിയിക്കണം,
അവ ഇനിയെന്നും അണയാതെ കാക്കണം.
ഞാൻ തുഴഞ്ഞിരുന്ന തോണിയുടെ
അമരത്തിരുന്ന് നീ തുഴയണം..
കൊച്ചു മക്കൾ ഒരു കര പറ്റും വരെ..
നിന്റെ കരങ്ങൾക്കു കരുത്തായി
എന്റെ കൈകൾ ഉണ്ടായിരിക്കും
എപ്പോഴും...
നീ പോലുമറിയാതെ...
നിനക്കു തന്ന വാക്ക് പാലിക്കുവാനായി,
നക്ഷത്രങ്ങളുടെ ലോകത്തിരുന്നു
ഞാൻ താഴേക്കു നോക്കുമ്പോൾ,
പുതിയ സ്വപ്‌നങ്ങളുമായി,
പുതിയ പ്രതീക്ഷകളുമായി,
ദൃഢ നിശ്ചയത്തോടെ,
മനക്കരുത്തോടെ,
ജീവിതത്തെ
നീ ശിരസ്സുയർത്തി നോക്കുന്നത്
എനിക്കു കാണണം,
കൺനിറയെ...
നിന്റെ ചുവടുകൾ ഇടറാതിരിക്കാൻ
ഞാനെന്നും അരികിലുണ്ടായിരിക്കും...
നീ പോലുമറിയാതെ,
നിന്നെ ആലിംഗനം ചെയ്തു കൊണ്ട്.
ജീവിതത്തിൽ ഇനിയും ആഞ്ഞടിച്ചേക്കാം,
വൻ തിരകൾ.
ഇനിയും വന്നേക്കാം
വർഷവും പ്രളയവും...
എല്ലായ്പ്പോഴും
ഇരുട്ടിൽ- കരഞ്ഞു തീർക്കുക;
വെളിച്ചത്തിൽ -നിറഞ്ഞു ചിരിക്കുക.
നമ്മുടെ നോവുകൾ
നമുക്ക് മാത്രം സ്വന്തമായിരിക്കട്ടെ..
എങ്ങും സന്തോഷം മാത്രം പടർത്തുക...
എന്നും സന്തോഷമായിരിക്കുക..
എങ്കിൽ
ഞാനെന്നും
നിന്റെ അരികിലുണ്ടായിരിക്കും..."
പ്രഭാതത്തിലേക്ക്
ഇനിയധികം ദൂരമില്ല.
മുറ്റത്ത്‌ മഴ പെയ്യുകയാണ്...
ഉള്ളിൽ ഒതുക്കുന്ന തേങ്ങലുകൾ
അല്പമെങ്കിലും ഉറക്കെയാക്കാം;
ആരും കേൾക്കുകയില്ലല്ലോ...
ആരും കാണുകയുമില്ലല്ലോ...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,മുതുവറ
°°°°°°°°°°°°°°°°°°°°°°°°°°°°°°°©®
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo