നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാത്തിരിപ്പ്‌

Image may contain: 1 person, smiling

••••••••••••••••••••••••••••••••••••••
ദീർഘമായ ഒരു പകലിന്റെ മുഷിഞ്ഞ കാത്തിരിപ്പിന്റെ അവസാനയാമത്തിൽ ആരുടെയൊക്കെയോ ദീർഘനിശ്വാസങ്ങൾക്കിടയിലേക്കാണു ഒരു മുരൾച്ചയോടെ ആ വാഹനം വന്ന് നിന്നത്‌. അത്‌ വരെയും നിശബ്ദമായ അന്തരീക്ഷം ശബ്ദമുഖരിതമായി.
“ഞങ്ങളും വരാം എയർപ്പോർട്ടിലേക്ക്‌” എന്ന് പറഞ്ഞാൽ “കുട്ടികൾ കോളേജ്‌ വിട്ടു വരുമ്പോളേക്കും, നിന്റെ കുടംപുളിയിട്ട്‌ വറ്റിച്ച മീൻകറിയും “തിങ്കളാഴ്ച വ്രതവും” ചൂടാറും മുന്നെ എനിക്കുടക്കണം പെണ്ണേ ” എന്ന് കൊഞ്ചലോടെ പറഞ്ഞ്‌ പിന്തിരിപ്പിക്കുമെങ്കിലും എയർപ്പോർട്ടിൽ നിന്നുള്ള യാത്ര ട്രെയിനിലോ ബസ്സിലോ ആണെന്ന് അറിയാവുന്നത്‌ കൊണ്ട്‌ പിന്നെ നിർബന്ധം പിടിക്കാറില്ല.
“ഇതാരാ ഈ ടേബിളിൽ നിന്ന് ചോറുണ്ട്‌ എണീറ്റേ"?
മോളാണെന്നറിഞ്ഞാലും വിളിച്ച്‌ കൂവും.
“മെല്ലെ പറഞ്ഞാൽ പോരേന്ന്”
ചോദിച്ചാൽ “ഇളയതൊരുത്തനില്ലേ അവനും കൂടി കേൾക്കാനാണെന്നാകും”
ചെവി കടിച്ചു കൊണ്ടുള്ള കുശുകുശുപ്പ്‌.
“അമ്മേ ഈ അച്ഛനെപ്പൊഴാ മടങ്ങിപോകുന്നേ? വല്ലാത്ത ശല്ല്യായിട്ടുണ്ട്‌. ചോറുണ്ണുന്ന പ്ലേറ്റിൽ നിന്ന് വല്ലതും താഴെ പോയാൽ വഴക്ക്‌, പാത്രം കഴുകി മറിക്കുന്നിടത്ത്‌ നാലു വറ്റ്‌ കണ്ടാൽ വഴക്ക്‌, മുറിയിൽ ഒരു മുടി കണ്ടാൽ, ബാത്ത്റൂമിൽ കാലിലെ ചെളി കണ്ടാൽ, വല്ല സാധനവും അങ്ങോട്ടോ ഇങ്ങോട്ടോ മാറിപോയാൽ ഒക്കത്തിനും വഴക്ക്‌ തന്നെ, അച്ഛൻ വന്നാൽ വഴക്കില്ലാത്ത ഒരു ദിവസം ഉണ്ടാകാറുണ്ടൊ? എങ്ങനെ സഹിച്ചമ്മേ ഈ പത്തിരുപത്‌ വർഷം” തൊഴുതുകൊണ്ടുള്ള അവളുടെ ചോദ്യത്തിനു തവിയും തിരിച്ച്‌ പിടിച്ച്‌ പിന്നാലെ ഓടി എത്തുമ്പോളേക്കും അവൾ ഓടി മുറിക്കകത്ത്‌ കയറി കതകടച്ചിരിക്കും.
“ആരുടെയാടാ ഈ അടീലുടുക്കുന്നേ” മോന്റെ ആണെന്നറിഞ്ഞിട്ടും ബഹളം വെക്കുന്നത്‌ കണ്ട്‌ ചെന്നപ്പോൾ “നീ മുതിർന്നു, ഇതിനൊന്നും ഇനിയും മറ്റുള്ളവരെ ആശ്രയിക്കരുത്‌, കുളിക്കുന്നതോടൊപ്പം അതും കൂടി കഴുകിയിടാൻ ശ്രദ്ധിക്കണം ഇനി മുതൽ” മകന്റെ മുഖത്തെ നിസംഗതഭാവം കണ്ട്‌ മെല്ലെ അവിടുന്ന് പിന്തിരിഞ്ഞു.
“എന്തിനാ മക്കളെ കൊണ്ട്‌ ഇങ്ങനെ വെറുപ്പ്‌ വാങ്ങിക്കൂട്ടുന്നേ” രാത്രി നെഞ്ചിൽ തല ചായ്ച്ച്‌ കിടക്കുമ്പോൾ മുടിയിൽ തലോടിക്കൊണ്ട്‌ കിട്ടിയ മറുപടി
“അച്ഛനവർക്ക്‌ ഇങ്ങനൊക്കെ ആയിരിക്കണം. എന്നാലെ അവർക്ക്‌ നിന്നോട്‌ ഏറെ സ്നേഹവും അടുപ്പവും ഒക്കെ ഉണ്ടാകൂ. സ്നേഹമില്ലാഞ്ഞിട്ടല്ല, അച്ഛനെന്നാൽ ഇങ്ങനെയൊക്കെയേ ആകാൻ പറ്റൂ എന്ന് അവർ മുതിർന്നാൽ അവർക്ക്‌ മനസ്സിലാകും".
നിറഞ്ഞ കണ്ണുകൾ ആ നെഞ്ചിൽ പടരാതിരിക്കാൻ മാറി കിടന്നു.
പന്ത്രണ്ട്‌ വർഷത്തെ പ്രവാസം.
ബ്രഷിൽ പേസ്റ്റ്‌ ആക്കി കൈയ്യിൽ കൊടുത്തില്ലെങ്കിൽ അന്ന് പല്ലു തേക്കാത്ത മനുഷ്യൻ, ദേഷ്യപ്പെട്ടാൽ “അതിനല്ലെടി പോത്തെ നീയെനിക്ക്”‌ എന്നും പറഞ്ഞ്‌ കെറുവിക്കുമായിരുന്ന ഒരു പാവം നാട്ടുമ്പുറത്തുകാരൻ..
“ എടീ ഇത്‌ പഴയ കാലമല്ല, നിങ്ങളെയൊക്കെ കണ്ട്‌ സംസാരിക്കാൻ പറ്റും, നീ മോനോട്‌ പറഞ്ഞ്‌ വൈഫൈ കണക്ഷൻ എടുക്കാൻ പറ, അവർക്കും പഠിക്കാനൊക്കെ ഒരു പാടുണ്ട്‌ ഇപ്പൊ നെറ്റിലൊക്കെ”
ഒന്ന് രണ്ട്‌ മാസം കാണാനും സംസാരിക്കാനും ഒക്കെ മക്കൾക്കും വലിയ താൽപര്യമായിരുന്നു. പിന്നീട്‌ മുഴുവൻ സമയവും കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന മക്കൾക്ക്‌ മുന്നിൽ കാത്ത്‌ നിന്ന് മടങ്ങുമ്പോൾ ഈ പഴയ ഫോണിൽ വിളിച്ച്‌ പറയും.
“അല്ലേലും പിള്ളേരെ മുന്നിൽ നിന്ന് എങ്ങനാടീ നിന്നോട്‌ സംസാരിക്കുന്നേ, എനിക്ക്‌ നാണാവും. നമുക്കീ “നോക്കിയ” കണ്ട്‌ പറഞ്ഞാ മതീന്ന്.
“പെട്ടി ഇറക്കട്ടെയോ”
ഒന്നോ രണ്ടോ വലിയ ലഗേജുകളും താങ്ങിപ്പിടിച്ച്‌ വന്ന് മക്കളുടെ മുന്നിൽ വച്ച്‌ കൊടുത്ത്‌ തുറക്കാൻ തുടങ്ങുന്നതിനിടയിൽ അകത്തേക്ക്‌ പിടിച്ച്‌ വലിച്ച്‌ വാതിൽ ചാരുന്നതിനിടയിൽ കണ്ണിറുക്കി കൊണ്ട്‌ പറയും. “നിനക്കുള്ളതൊന്നും അവരെടുക്കില്ല, നീ ബഹളം വെക്കണ്ട നിനക്കുള്ളതൊക്കെ നിന്നിലേക്ക്‌ വന്ന് ചേരുമെന്ന്”
“പെട്ടി തുറക്കുകയാണേ”
ആരോ ശബ്ദമുയർത്തി.
“കുറച്ച്‌ ദൂരോട്ട്‌ മാറി നിന്നോളൂട്ടാ, പത്ത്‌ പതിനഞ്ച്‌ ദിവസത്തെ പഴക്കോണ്ട്‌".

“നീ ബഹളം കൂട്ടണ്ട, നിന്നിലേക്കുള്ളത്‌ നിന്നിൽ വന്ന് ചേരും".
കുസൃതിചിരിയോടെ കണ്ണിറുക്കി പിന്നിലെവിടെയോ ആ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot