നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയപ്പെട്ടവൾ



രാത്രി ഏകദേശം ഒരുമണി ആയിക്കാണും. മിത്ര നല്ല ഉറക്കത്തിലായിരുന്നു.ഏതോ ഒരു പ്രൊജക്റ്റ്‌ സംബന്ധമായ മീറ്റിംഗ് ആണ് ഉറക്കത്തിൽ അവൾ കണ്ടു കൊണ്ടിരുന്ന സ്വപ്നം.
പെട്ടെന്ന് അവൾ ഞെട്ടിയുണർന്നു. വല്ലാത്ത ദാഹം. കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടി തോന്നിയതിനാൽ കൈയെത്തിച്ചു കൊണ്ട് കട്ടിലനടുത്തുള്ള ചെറിയ മേശയിൽ നിന്നും വെള്ളം കുപ്പിയെടുത്തു.
അപ്പാർട്മെന്റിലെ വരാന്തയില് ട്യൂബ് ലൈറ്റുകൾ രാത്രി മുഴുവനും തെളിഞ്ഞു കത്തും.
ആ വെളിച്ചം മിത്രയുടെ കിടപ്പുമുറിയിലെ ജനാലയിലൂടെ കടന്ന് അവളുടെ മുറിക്കുള്ളിൽ ഒരു ചെറുവെട്ടം പരത്തിയിരുന്നു.
ഹേയ്, ഇതെന്താ തൻ്റെ കാൽച്ചുവട്ടിനരികിൽ ഒരു രൂപം. അവൾ വെള്ളം കുപ്പി കിടക്കയിൽ തന്നെ വച്ചതിനു ശേഷം കണ്ണുകൾ തിരുമ്മി. ഇല്ല, അത് വെറും തോന്നൽ അല്ല! പുക കൊണ്ട് ഒരു മനുഷ്യ രൂപം നിർമ്മിച്ച കണക്കെ. അത് അവിടെ ത്തന്നെയുണ്ട്.
സാധാരണ രാത്രികളിൽ അങ്ങു ദൂരെ എവിടെയെങ്കിലും ഒരു നായ കുരയ്ക്കുന്ന ഒച്ച കേട്ടാൽ പോലും പേടിച്ചു മൂത്രമൊഴിക്കാൻ മുട്ടുന്ന കക്ഷിയാണ്‌ അവൾ. പക്ഷെ ഈ രൂപം കണ്ടിട്ടും
തനിക്കെന്തുകൊണ്ട് ഭയം തോന്നുന്നില്ല എന്നോർത്തു അവൾ സ്വയം അതിശയിച്ചു.
ഒരു പളുങ്ക് ഗ്ലാസിൽ വെള്ളം നിറച്ചതിന് ശേഷം, അതിൽ ഒരിറ്റു കറുത്ത മഷി വീഴ്ത്തിയാൽ, ഒരു പ്രത്യേക രീതിയിൽ അത് വെള്ളത്തിൽ പടരുന്ന പോലെ.. ആ രൂപം അങ്ങനെ ഒഴുകി മിത്രയുടെ അടുത്തേക്ക് വന്നു.
അവളുടെ ഭയമെന്ന വികാരത്തെ ആരോ ചങ്ങലയിട്ട് ബന്ധിച്ചിരിക്കുന്നു എന്നവൾക്കു മനസ്സിലായി. അവൾ ചോദിച്ചു, "ആരാ, ന്തിനാ ന്റെ അടുത്തേക്ക് വന്നിരിക്കുന്നത്."
ഏതോ ഒരു ശക്തി അവളെ എഴുന്നേൽപ്പിച്ചിരുത്തിയകണക്കെ അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. അവളുടെ തൊട്ടുമുൻപിലായി ആ രൂപം അപ്പോഴുമുണ്ട്.
ഒരു നേർത്ത സ്വരം. ഒരു മൂളൽ പോലെ. അവൾ ചെവികൂർപ്പിച്ചു.
"ഞാൻ....അത് പിന്നെ, എനിക്ക് വെറുതെ ഒന്ന് കാണണമെന്ന് തോന്നി. ആ കണ്ണുകൾ ഒരിക്കൽ എന്നെയോർത്തു നിറഞ്ഞുവല്ലോ."
ഒട്ടും പരിചിതമല്ലാത്ത സ്വരം.
"ങ്ങളിപ്പോ പ്രാക്റ്റീസൊന്നുമില്ലേ."
ഇല്ല, മിത്ര മറുപടി പറഞ്ഞു.
"എഴുത്തൊക്കെ എങ്ങനെ പോവുന്നു?", ആ നേർത്ത സ്വരം വീണ്ടും.
"കുഴപ്പമില്ല", മിത്ര പറഞ്ഞു.
അവൾ ആ രൂപത്തെ സൂക്ഷിച്ചു നോക്കി. ഇല്ല, മുഖമൊന്നും തെളിഞ്ഞു കാണുന്നില്ല.
"ചേച്ചിക്ക് ഇപ്പോഴും ഞാനാരാണ് ന്ന് മനസിലായില്ല ല്ലെ".
"ചേച്ചി, ഇത്‌ ഞാനാണ് പ്രിയ", ആ സ്വരം ഇടറിയ പോലെ തോന്നി മിത്രയ്ക്ക്.
"പ്രിയാ, നീയോ, നീ...എങ്ങനെ ഇവിടെ. എന്നാലും നീ എന്നെ കാണുവാൻ വന്നുവല്ലോ. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല മോളെ. എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല. നിന്റെ സ്വരം ആകെ മാറിയിരിക്കുന്നു.കേട്ടിട്ട് മനസിലായില്ല." മിത്ര വല്ലാത്ത ഒരു അവസ്ഥയിലാണ് സംസാരിച്ചത്.
"ചേച്ചി, ഞങ്ങളെ പോലുള്ളവർക്ക് രൂപമില്ല. അതുപോലെ പണ്ടത്തെ സ്വരം ആ പഴയ ശരീരത്തോട് ചേർന്നതല്ലേ. അതുപോട്ടെ, ഓർമ്മയുണ്ടോ, രാവിലെ കോളേജ് ഹോസ്റ്റലിലെ എട്ടു മണിക്കുള്ള കൂടിക്കാഴ്ചകൾ. മറ്റെല്ലാവരും ഭക്ഷണം കഴിക്കാൻ ഇറങ്ങുന്ന സമയത്താവും നമ്മുടെ സുപ്രഭാതം അലാറം അടിക്കുക അല്ലേ ചേച്ചി!!
സൂക്ഷിക്കണം ട്ടോ, ബക്കറ്റിലെ വെള്ളത്തില് മറിഞ്ഞു വീഴല്ലേ.. ങ്ങള് മുങ്ങി ചാകുംട്ടോ!! " പ്രിയ അതും പറഞ്ഞു ഉറക്കെ ചിരിച്ചു. അവൾ സ്ഥിരമായി മിത്രയോടു പറയുന്ന ഡയലോഗ് ആയിരുന്നു അത്.
മിത്രയുടെ മുഖം മങ്ങി. അവൾക്കു പ്രിയയോട് ചോദിക്കുവാൻ ചോദ്യങ്ങളേറെ ഉണ്ടായിരുന്നു.
"ഞാൻ ഒരിക്കലും വിശ്വസിച്ചില്ല പ്രിയ, നീ അത് ചെയ്യുമെന്ന്. മാസങ്ങൾക്കു മുൻപ് എന്തിനായിരുന്നു നീ മെസ്സഞ്ചറിൽ എന്നോട് ഫോൺ നമ്പർ ചോദിച്ചത് ?ന്താണ് നിനക്കെന്നോട് പറയാനുണ്ടായിരുന്നത് ?
നീ ഈ ലോകത്തിൽ നിന്നും പോയി എന്നറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല.
ഒരു ദിവസം നിന്നെ ഓർമ്മ വന്നു എനിക്ക് . ഞാൻ മെസഞ്ചറിൽ നിന്റെ പ്രൊഫൈൽ തുറന്നപ്പോൾ, ഓൺലൈൻ ന്ന് കണ്ടു. ആദ്യം ഞാനൊന്നു ഞെട്ടി. പിന്നെ, ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു പോയി. കേട്ടതെല്ലാം സത്യമാവല്ലേ ന്ന്. ഹലോ ന്ന് ടൈപ്പ് ചെയ്യുമ്പോൾ ന്റെ കൈ വല്ലാതെ വിറച്ചിരുന്നു. നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നിരുന്നു.
മെസ്സേജ് അയച്ചു കുറച്ചു നിമിഷത്തിനുള്ളിൽ മേലെ ടൈപ്പിംഗ്‌ ന്ന് കണ്ടപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
' ഞാൻ പ്രിയയുടെ അനിയനാണ്' എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. നീ പോയത് പലരും അറിഞ്ഞിട്ടില്ല എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു.
അന്ന് ഞാൻ അവനോടു കുറേ നേരം ചാറ്റ് ചെയ്തു, അവനെ ആശ്വസിപ്പിച്ചു. നന്നായി പഠിച്ചു മിടുക്കനാവാൻ പറഞ്ഞു."
പ്രിയയുടെ തേങ്ങൽ കേട്ടപ്പോൾ മിത്ര തൻ്റെ സംസാരം നിർത്തി.
"നമുക്ക് കുറച്ചു നേരം നടക്കാൻ പോവാം ചേച്ചി ?",
"മ്മ്, വായോ", മിത്ര പറഞ്ഞു.
വാതിൽ തുറന്ന്, മിത്ര താഴത്തെ കാർ പാർക്കിംഗ് ഏരിയയിൽ എത്തി. ഒപ്പം ഒരു മേഘം പോലെ പ്രിയയും.
കുറച്ചു സമയത്തേക്ക് അവർ ഒന്നും മിണ്ടിയില്ല.വെറുതെ ചുറ്റി നടന്നു.
പിന്നീട് ഒരു പച്ച സാൻട്രോ കാറിനടുത്തു ചെന്നു ആ കാറിൽ ചാരി നിന്നു. കാറിന്റെ പിൻഗ്ലാസ്സിൽ നിറയെ പൊടി പിടിച്ചിരിക്കുന്നു. മിത്ര ആ ഗ്ലാസിൽ ചെറുവിരൽ കൊണ്ട് "പ്രിയ" എന്നെഴുതി.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ചേച്ചി, എനിക്ക് പോകുവാൻ സമയമായി. ഇനിയെനിക്ക് ഇതുപോലെ വരാൻ കഴിയുമെന്ന് ഉറപ്പില്ല.കുറച്ചു നേരമെങ്കിലും കാണാൻ കഴിഞ്ഞുവല്ലോ.സന്തോഷായി", പ്രിയ പതുക്കെ പറഞ്ഞു.
"മോളേ, ന്നാലും ന്തിനാ നീ അത് ചെയ്തത് ?" മിത്ര ആ പുകച്ചുരുൾ നോക്കി ചോദിച്ചു.
പെട്ടന്ന് അത് അവളുടെ അടുത്തേക്ക് ഒഴുകി വന്നു. അവളുടെ ചെവികളിൽ ഒരു ചെറു ചൂളം വിളി കേൾക്കുന്ന പോലെ തോന്നി. നനുത്ത തെന്നൽ തലോടി കടന്നു പോയ പോലെ. അത് അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി.
പ്രിയ, കോളേജിൽ ജൂനിയർ ആയിരുന്നു. തമ്മിൽ ആഴത്തിലുള്ള സൗഹൃദമൊന്നും ഉണ്ടായിരുന്നില്ലയെങ്കിലും അവൾ പോയി എന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നിയിരുന്നു. അവളെ താൻ സ്നേഹിച്ചിരുന്നു എന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. എന്തിനാണവൾ സ്വയം ഇല്ലാതാക്കിയത് എന്ന് ഉത്തരമില്ലാ ചോദ്യമായി മനസ്സിൽ തങ്ങി നിൽക്കുന്നു.
മിത്രയുടെ കവിളിലൂടെ കണ്ണുനീരൊലിച്ചിറങ്ങി.
*******************************************
അലാറം അടിച്ചപ്പോൾ മിത്ര കണ്ണു തുറന്നു. കുറച്ചു നിമിഷങ്ങൾ അവൾ കറങ്ങുന്ന ഫാൻ നോക്കി കിടന്നു.
പ്രിയ !! അത് ഒരു സ്വപ്നമായിരുന്നോ!!
കിടക്കയിൽ കിടക്കുന്ന വെള്ളംകുപ്പി അവൾ കണ്ടു. താൻ മേശപുറത്തായിരുന്നില്ലെ വെള്ളം കുപ്പി വച്ചത്.
അവൾ നെടുവീർപ്പിട്ടു.പതുക്കെ എഴുന്നേറ്റു. അടുക്കളയിൽ ചെന്ന് കടുപ്പമേറിയ കട്ടൻകാപ്പി ഉണ്ടാക്കി.
കാപ്പി കപ്പ് കൈയിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിലേക്ക് നടന്നു. മൂന്നാം നിലയിൽ നിന്നും താഴേക്ക്‌ നോക്കി, കാപ്പി കുടിക്കുമ്പോൾ താഴെയൊരു പച്ച സാൻട്രോ ഗേറ്റിനടുത്തേക്ക് പോവുന്നത് അവൾ ശ്രദ്ധിച്ചു.
പെട്ടന്ന് അവളുടെ കൈയിൽ നിന്നും കപ്പ് താഴെ വീണു.മൂന്നാം നിലയിൽ നിന്നും താഴത്തെക്ക്. ഭാഗ്യത്തിന് നേരെ താഴെ ആരുമുണ്ടായിരുന്നില്ല. കപ്പ്‌ ചിന്നി ചിതറുമ്പോഴും മിത്രയുടെ നോട്ടം ഗേറ്റ് കടന്നു പോകുന്ന പച്ച സാൻട്രോയുടെ പിന്നിലെ ഗ്ലാസിൽ ആയിരുന്നു. പൊടിപിടിച്ച ഗ്ലാസിൽ "പ്രിയ" എന്നെഴുതിയിരിക്കുന്നു.
***************************************
അതേ സമയം ആ കാറിനുള്ളിൽ ദിവ്യ തൻ്റെ മകളേ വഴക്ക് പറയുന്നത് നിർത്തിയിരുന്നില്ല.
"പ്രിയ, നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കാറിനു പിന്നിൽ ഒന്നും എഴുതല്ലേ ന്ന്. ന്തിനാ നീ പേരെഴുതി വച്ചിരിക്കുന്നത്?"
പിൻസീറ്റിൽ പത്തു വയസ്സുകാരി പ്രിയ, തൻ്റെ പേര് എപ്പോഴാണ് താൻ കാറിനു പുറകിൽ എഴുതിയത് എന്നോർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.

by - Aisha Jaice


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot