നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബേത്സയ്ദായിലെ തളര്‍വാതരോഗി****************************************
ആളുകളുടെ കരച്ചിലും ആവേശത്തിലുള്ള വിളികളും കേട്ടാണ് ജോഷ്വ ഉറക്കമുണര്‍ന്നത്.അതിനെ ഉറക്കം എന്ന് പറയാന്‍ കഴിയില്ല.കാത്തിരിപ്പിന്റെ ഇടയിലുള്ള വേദനാജനകമായ മയക്കമായിരുന്നു അത്.ജറുസലേം ദേവാലയത്തിലെക്ക് പോകുന്ന വഴിക്കുള്ള,ഈന്തപ്പനകളും മുന്തിരിത്തോട്ടങ്ങളും നിറഞ്ഞ, ബേത്സയ്ദാ പട്ടണത്തിലെ ‘മാലാഖയുടെ കുളം ‘ എന്നറിയപ്പെടുന്ന ആ വലിയ കുളത്തിന്റെ കരയില്‍ അയാളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
വളരെ ശ്രമപ്പെട്ടു ജോഷ്വ കണ്ണ് വലിച്ചു തുറന്നു.ഭിത്തിയിലേക്ക് തല ചാരി അയാള്‍ കുളത്തിലേക്ക് കണ്ണയച്ചു.
ഒരു കാറ്റ് വീശി.
ചലനരഹിതമായ ജലോപരിതലം കിളിത്തുവല്‍കൊണ്ട് ആരോ തലോടുന്നത് പോലെ മെല്ലെ ചലിച്ചു.കുളത്തിന്റെ കരയിലെ പടിക്കെട്ടുകളില്‍ കാത്തിരുന്ന രോഗികളില്‍ ചിലര്‍ വെള്ളത്തിലേക്ക് എടുത്തുചാടി.ചിലരെ രോഗികളുടെ ഒപ്പം വന്നവര്‍ വെള്ളത്തിലേക്കിറക്കുന്നു.
കാറ്റ് വീശിക്കൊണ്ടിരുന്നു.
വര്‍ഷങ്ങളായി അയാള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച.മനംപുരട്ടിക്കുന്ന കാഴ്ച.അയാളുടെ കണ്ണുകള്‍ കുളത്തില്‍നിന്ന് മാറി പടിക്കെട്ടുകളില്‍ തിരക്ക്കൂട്ടുന്ന ജനങ്ങളുടെ ഇടയിലേക്ക് തിരിഞ്ഞു.
അബിഗയില്‍.
അവള്‍ ആ മനുഷ്യരുടെ ഇടയിലുണ്ടോ ?
മഞ്ഞുവീണ ഹെബ്രോണ്‍ താഴ്വരയില്‍ വിടര്‍ന്ന ലില്ലിപുഷ്പം പോലെ അബിഗയില്‍.
അവളുടെ മുന്തിരിച്ചാറുപോലെയുള്ള നോട്ടം.
ഇല്ല .അവളില്ല.
കുളത്തിലെ രോഗികള്‍ക്കിടയില്‍നിന്ന് ഒരാര്‍പ്പ് വിളി കേട്ടു.ഇപ്രാവശ്യം രോഗസൗഖ്യം ലഭിച്ചിരിക്കുന്നത് ദാനിയേലിനാണ്.വെറും പതിനാലു വയസ്സുള്ള ബാലന്‍.അവന്‍ കുഷ്ടരോഗിയായിരുന്നു.ഈ അത്ഭുത കുളക്കരയില്‍ അവന്‍ വന്നിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ.
താന്‍ ...തന്റെ മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍...
ദാനിയേല്‍.അവനു വെറും പതിനാലു വയസ്സേയുള്ളൂ.അവന്റെ ജീവിതം ജെറുസലേം രാജവീഥി പോലെ നീണ്ടുകിടക്കുകയാണ്.അവന്‍ മിടുക്കനാണ്.അവന്‍ ഒരുപക്ഷെ എഫ്രായിമിലെ ഏതെങ്കിലും മുന്തിരിത്തോട്ടത്തില്‍ പണിക്ക് കയറുമായിരിക്കും.വര്‍ഷങ്ങള്‍ കഴിഞ്ഞു നിലങ്ങള്‍ സ്വന്തമാക്കിയെക്കും.ഈന്തപ്പഴത്തിന്റെ മധുരമുള്ള ചുണ്ടുകളുള്ള ഇസ്രായേല്‍ യുവതികളിലൊരാളെ വിവാഹം കഴിക്കും..അല്ലെങ്കില്‍ യൂദയായിലെ പച്ചനിറമാര്‍ന്ന മൊട്ടക്കുന്നുകളില്‍ അവന്‍ ആടുകളെ മേയ്ക്കുവാന്‍ പോകും.നൂറുകണക്കിന് ചെമ്മരിയാടുകളുടെ രോമം കത്രിക്കുവാന്‍ വരുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ ദാനിയേലിനെ പ്രണയപൂര്‍വ്വം നോക്കുന്ന ജെറീക്കോയിലെ യുവതികളെ ജോഷ്വ സങ്കല്‍പ്പിച്ചു.
അയാള്‍ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു.കിടക്കക്കരികിലെ മാറാപ്പില്‍ അയാള്‍ കൈനീട്ടി തിരഞ്ഞു.തന്റെ സമ്പാദ്യം സൂക്ഷിച്ച തകരപ്പെട്ടിയില്‍ അയാളുടെ വിരലുകള്‍തൊട്ടൂ.അതിപ്പോള്‍ ശൂന്യമാണ്.തന്റെ മനസ്സു പോലെ.അയാള്‍ വീണ്ടും അബിഗയിലിനെക്കുറിച്ച് ഓര്‍ത്തു.വിറയ്ക്കുന്ന വിരലുകള്‍ മാറാപ്പിലെ ആ പഴയ കിന്നരത്തില്‍ സ്പര്‍ശിച്ചു.വളരെ ശ്രമപ്പെട്ടു അയാള്‍ ആ കിന്നരം കയ്യിലെടുത്തു.
കുളക്കരയില്‍ സോളമന്‍ പണിയിപ്പിച്ച അഞ്ചു പടിപ്പുരകള്‍.അവയുടെ വെണ്ണക്കല്‍ത്തൂണുകള്‍.തളര്‍ന്നുതാഴാന്‍ തുടങ്ങുന്ന സൂര്യപ്രകാശം ആ വെണ്ണക്കല്‍ത്തൂണുകളില്‍ തട്ടി ഒളിഞ്ഞുനോക്കുന്നു.അബിഗയിലിന്റെ കണ്ണുകള്‍ പോലെ.ആ തൂണുകള്‍ക്കപ്പുറം മരുഭൂമികളും സമതലങ്ങളുമുണ്ട്.യൂദയാ താഴ്വരയിലെ വിജനമായ പച്ചക്കുന്നുകളില്‍ ആടുകളുമായി ഇടയന്‍മാര്‍ ആലയിലേക്ക് തിരികെ വരുന്ന നേരമായി.ഗലീലികടലില്‍ ഒരു ചുവന്ന ഷെക്കല്‍ വലിപ്പത്തില്‍ സൂര്യന്‍ ഇപ്പോള്‍ താഴ്ന്നുതുടങ്ങിയിട്ടുണ്ടാവും.അകലെകാണുന്ന വള്ളങ്ങളിലൊന്നു തന്റെ ഭര്‍ത്താവിന്റെതായിരിക്കും എന്ന് പ്രതീക്ഷിച്ചു ചക്രവാളത്തിന്റെ ചുവന്ന വരയിലേക്ക് നോക്കിനില്‍ക്കുന്ന ഒരു ഗലീലിയന്‍യുവതിയുടെ കണ്ണുകളില്‍ ആ ചുവന്ന വെട്ടം പ്രതിഫലിക്കും.താന്‍ പോലുമറിയാതെ ജോഷ്വയുടെ ചുണ്ടില്‍ ദാവീദിന്റെ ദു:ഖകരമായ സങ്കീര്‍ത്തനങ്ങളിലെ വരികള്‍ വിറകൊണ്ടു.ആ വിരലുകള്‍ കിന്നരത്തിലെ തന്ത്രികളില്‍ ആശ്വാസം തിരഞ്ഞു.
“കര്‍ത്താവേ രാവും പകലും ഞാന്‍ അങ്ങയുടെ മുന്‍പില്‍ നിലവിളിക്കുന്നു.
എന്റെ ആത്മാവ് ദു:ഖപൂര്‍ണ്ണമാണ്.
ഞാന്‍ പാതാളത്തിലെ അന്ധകാരത്തില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
എങ്കിലും എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ അവിടുന്ന് കുപ്പിയില്‍ ശേഖരിച്ചുണ്ടല്ലോ.
എന്റെ അലച്ചിലുകള്‍ അവിടുന്ന് എണ്ണിയിട്ടുണ്ടല്ലോ ..
അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ..”
ആരോ അയാളുടെ മുന്‍പില്‍ വിരിച്ച തുണിയില്‍ നാണയങ്ങള്‍ ഇടുന്നതും ആളുകള്‍ അയാളെ ദു:ഖത്തോടെ നോക്കുന്നതും ജോഷ്വ അറിയുന്നില്ല.
ദു:ഖം അയാള്‍ക്ക് സന്തോഷമാണ്.ആ അടഞ്ഞ കണ്ണുകള്‍ക്കപ്പുറം അയാള്‍ ഗോതമ്പ് കതിരുകള്‍ കാറ്റത്ത് ഉലഞ്ഞുനില്‍ക്കുന്ന പ്രഭാതം കാണുകയാണ്.അവയ്ക്കിടയില്‍ തിളങ്ങുന്ന കതിരായി അബിഗയില്‍ തന്നെ കാത്തുനില്‍ക്കുന്നു.
ജോഷ്വ ജനിച്ചപ്പോള്‍ മുതല്‍ ശരീരം തളര്‍ന്നുപോയിരുന്നു.അയാളുടെ അപ്പന്‍ കെദ്രോണ്‍ താഴ്വരയിലെ ഒരു ആട്ടിടയനായിരുന്നു.അമ്മ ഒരു റോമന്‍ പടത്തലവന്റെ ഭാര്യയുടെ ജോലിക്കാരിയും.സുന്ദരിയായ ആ സ്ത്രീക്ക് തളര്‍വാതം പിടിപെട്ട മകന്‍ ഒരു ഭാരമായിരുന്നു.ആടുകളുമായി പോകുന്ന ഭര്‍ത്താവ് മാസങ്ങള്‍കഴിഞ്ഞാണ് തിരികെ വരുന്നത്.അയാള്‍ക്ക് മകനെയും റോമന്‍ യജമാനത്തിയെ കുളിപ്പിക്കുവാനും അവരുടെ തലമുടി ചീകുവാനും പോകുന്ന ഭാര്യയയേയും വെറുപ്പായിരുന്നു.ജോഷ്വക്ക് ആറു വയസ്സുള്ളപ്പോള്‍ ആ സ്ത്രീ മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു ഒരു റോമന്‍ പടയാളിക്കൊപ്പം ഒളിച്ചോടി.അപ്പന്‍ ജോഷ്വയെ ജെറീക്കോ കുന്നുകളില്‍ ആടുമേയ്ക്കാന്‍ കൊണ്ട് പോകുന്ന യാത്രയില്‍ ആ കുളക്കരയിലാക്കി.സോളമന്റെ കാലത്ത് പണികഴിപ്പിച്ച ആ കുളം അത്ഭുത രോഗശാന്തിക്ക് പേര് കേട്ടതായിരുന്നു.അദൃശ്യനായ ദൈവദൂതന്‍ ഇടക്ക് ആ കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യമിറങ്ങുമെന്ന രോഗി ഏതു രോഗത്തില്‍നിന്നും സുഖപെടും.അത് ദൈവദൂതനല്ല സോളമന്റെ കാലത്തെ എന്തോ മന്ത്രവാദിനിയിയുടെ ആത്മാവ് ആണെന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്.കാരണം ഒരുതവണ രോഗം സുഖപ്പെട്ട് പോകുന്നവര്‍ ചിലപ്പോഴൊക്കെ അതേ അസുഖവുമായി അവിടെ തിരികെ വരാറുണ്ട്.
ജോഷ്വയെ കുളക്കരയിലാക്കിയ ശേഷം ,ആടുകളെ രോമം കത്രിക്കുന്നവരുടെ അടുക്കല്‍ എത്തിച്ചിട്ട് വരാമെന്നു പറഞ്ഞു അപ്പന്‍ പോയി.അപ്പന്‍ പോയ ഉടനെ കുളത്തില്‍ ഓളങ്ങള്‍ ഉയര്‍ന്നു.ഇഴഞ്ഞു ആ കുളത്തില്‍ ഇറങ്ങാന്‍ ജോഷ്വ ശ്രമിച്ചെങ്കിലും അവനു മുന്‍പേ മറ്റൊരാള്‍ കുളത്തില്‍ ഇറങ്ങികഴിഞ്ഞിരുന്നു.ദു:ഖം കൊണ്ട് നെഞ്ചു വിങ്ങിയെങ്കിലും അവന്‍ ആശ്വസിച്ചു.അപ്പന്‍ വരും.ഇനി ദൂതന്‍ കുളം കലക്കുന്നതിന് മുന്‍പ് മറ്റാരെക്കാളുംമുന്‍പ് അപ്പന്‍ തന്നെ കുളത്തിലിറക്കും.തന്റെ അസുഖം മാറും.താന്‍ എഴുന്നേറ്റു നടക്കും.എഫ്രായിമിലെ കുന്നുകളില്‍ അപ്പനോടൊപ്പം താനും ആടുമേയിക്കും.
ജോഷ്വ അപ്പനെ കാത്തിരുന്നു.
വര്‍ഷങ്ങള്‍.
അയാള്‍ ഒരിക്കലും വന്നില്ല.
ഇപ്പോള്‍ ജോഷ്വക്ക് നാല്‍പ്പത്തിയഞ്ചു വയസ്സായി.ഈ കുളക്കര എന്നേ അയാളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
അയാളെ കുളത്തിലിറക്കുവാന്‍ ആരുമില്ല.അയാള്‍ സുഖപ്പെടുവാന്‍ ആഗ്രഹിക്കുന്ന ആരുമില്ല.
ഇടക്ക് അയാള്‍ കിന്നരം വായിക്കും.തളര്‍ന്നതെങ്കിലും അയാളുടെ സംഗീതം സുന്ദരമാണ്.ഏറ്റവും കാലമായി അവിടെ കഴിച്ചുകൂട്ടുന്ന ആളെന്ന നിലയില്‍ അവിടെയുള്ള ആളുകള്‍ക്ക് അയാളെ പരിചയമുണ്ട്.അവര്‍ അയാളുടെ മുന്‍പില്‍ നാണയത്തുട്ടുകള്‍ ഭിക്ഷയായികൊടുക്കും.
കുറച്ചു വര്‍ഷങ്ങളായി അയാള്‍ക്ക് സുഖപ്പെടണമെന്ന ആഗ്രഹമേ ഇല്ലാതിരിക്കുകയായിരുന്നു.ഇനി രോഗശാന്തി ലഭിച്ചാലും ജീവിതത്തില്‍ പുതിയതായി ആരംഭിക്കാന്‍ കഴിയില്ലായെന്നു അയാള്‍ക്ക് അറിയാമായിരുന്നു.
ജീവിതത്തിന്റെ മദ്ധ്യം കടന്ന അയാള്‍ക്ക് ഇനി ഏതെങ്കിലും തൊഴില്‍ പുതിയതായി പഠിക്കാന്‍ കഴിയുമോ ?
തല നരച്ചു തുടങ്ങിയ ,അയാള്‍ക്ക് വേണ്ടി ജറുസലേമിലേ സുന്ദരിമാര്‍ കാത്തുനില്‍ക്കുമോ ?
പുറംലോകം ഒരു ജയിലായിമാറും എന്നയാള്‍ ഭയപ്പെട്ടു.ഇവിടെ തളര്‍വാതരോഗിയായ തനിക്ക് ഭിക്ഷയെങ്കിലും ലഭിക്കും.തന്റെ മുഷിഞ്ഞ കിടക്കയുമായി അയാള്‍ രമ്യപ്പെട്ടിരിക്കുന്നു.അയാള്‍ക്കിനി അത് മതി.കുളത്തില്‍ ഓളങ്ങള്‍ പ്രത്യക്ഷപെടുവാന്‍ അയാള്‍ കാക്കുന്നില്ല.അതൊക്കെ ഒരു തമാശയായി അയാള്‍ക്ക് തോന്നാന്‍ തുടങ്ങിയിരുന്നു.
ചില രാത്രികളില്‍ അയാള്‍ ആ സ്വപ്നം കാണും.
തന്റെ അരികിലേക്ക് നടന്നുവരുന്ന ദൈവദൂതന്‍.ആ മുഖം വ്യക്തമല്ല.കരുണയുടെ ഒരു വെളുത്ത പ്രകാശരൂപം.
“ജോഷ്വാ നീ ഇപ്പോള്‍ ശരിക്കും സുഖപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ ?”
ആ ചോദ്യം തന്റെ മനസ്സിനോടാണ്.കരുണയുടെ ആ അരൂപിയോടു തനിക്ക് നുണ പറയാന്‍ കഴിയുന്നില്ല...താന്‍,തനിക്ക് സൗഖ്യം വേണ്ട..അപ്പനും അമ്മയ്ക്കും വേണ്ടാത്ത ഈ പാഴ് ജന്മം മറ്റുള്ളവരുടെ ജീവിതത്തില്‍ വീഴുന്ന ഒരു വികലമായ നിഴലാണ്.
നിരാശ നിറഞ്ഞ ആ ദിനങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലയെന്നു കരുതിയിരിക്കുകയായിരുന്നു.അപ്പോഴാണ്‌ അബിഗയില്‍ വന്നത്.
അബിഗയില്‍..ആ ഓര്‍മ്മയില്‍ തന്റെ ഹൃദയം കുളത്തിന്റെ പടിപ്പുരയില്‍ പാറാവ്‌ നില്‍ക്കുന്ന റോമന്‍ പടയാളിയുടെ കുന്തം കൊണ്ട് കുത്തപ്പെട്ടത് പോലെ ജോഷ്വക്ക് തോന്നി.
തന്റെ മരണത്തിന്റെ താഴ്വരയില്‍ വിടര്‍ന്ന ശോശന്നപൂവ്.
അന്ധനായ സഹോദരന്‍ അന്ത്രയോസുമൊന്നിച്ചാണ് അബിഗയില്‍ ബേത്സയ്ദായില്‍ വന്നത്.റോമന്‍ പടയിലെ കൂലിപ്പടയാളിയായിരുന്ന അന്ത്രയോസിന് യുദ്ധത്തിനിടയില്‍ രണ്ടുകണ്ണിനും പരുക്കേറ്റു കാഴ്ച പൂര്‍ണ്ണമായി നഷ്ടമായിരുന്നു.
ജോഷ്വ കിടന്ന പടിപ്പുരയുടെ നേരെ എതിര്‍വശത്തുള്ള പടിപ്പുരയിലായിരുന്നു അന്ത്രയോസും അബിഗയിലും തങ്ങിയത്.
അതിമനോഹരമായി ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന താടിയും മുടിയും വളര്‍ന്ന തളര്‍വാതരോഗിയെ അവള്‍ വന്നയുടെനെ ശ്രദ്ധിച്ചു.
അയാള്‍ ഏറെനേരവും മൗനമായിരിക്കും.
ഒരു നാടകം കാണുന്നത് പോലെ കുളക്കരയിലെ തിരക്ക് നോക്കിയിരിക്കും.
കിന്നരത്തില്‍ തലോടുന്ന അയാളുടെ നീണ്ട മെലിഞ്ഞ വിരലുകള്‍ ...മുന്‍പിലെ തുണിയില്‍ നിന്ന് നാണയങ്ങള്‍ എണ്ണി മാറാപ്പിലെ തകരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നത് അവള്‍ ശ്രദ്ധിച്ചു.
അയാള്‍ക്ക് കുളത്തിലിറങ്ങണ്ടേ?അയാള്‍ക്ക് കൂട്ടിരിപ്പുകാരില്ലേ?എവിടെ അയാളുടെ ഉറ്റവരും ഉടയവരും ?
ആ ചോദ്യങ്ങള്‍ കേട്ടെങ്കിലും ,തന്റെ പാട്ട് കേള്‍ക്കാന്‍ അരികില്‍ വന്ന യുവതിയുടെ കണ്ണുകളിലേക്ക് ജോഷ്വ നോക്കിയില്ല..ഗലീലിക്കടലിലെ നീലജലം പോലെ സാന്ദ്രമായ അവളുടെ മിഴികള്‍ തന്നെ വീണ്ടും ജീവിതം കൊതിക്കുവാന്‍ പ്രേരിപ്പിക്കുമെന്ന് അയാള്‍ ഭയപ്പെട്ടു.
എങ്കിലും ജോഷ്വ ഭയപ്പെട്ടതു സംഭവിച്ചു.
കുളക്കരയിലെ തിരക്ക് കുറയുമ്പോള്‍ അവള്‍ ജോഷ്വയുടെ അരികിലെത്തും.അവള്‍ സോളമന്റെ പ്രണയകീര്‍ത്തനം പോലെയായിരുന്നു.മഞ്ഞുമൂടിയ എഫ്രായിം മലനിരകളിലെ മുന്തിരിത്തോപ്പുകളില്‍ ,നിലാവില്‍ തിളങ്ങുന്ന മുന്തിരിക്കുല പോലെയായിരുന്നു അബിഗയില്‍.തന്നെ ഉപേക്ഷിച്ച അപ്പനോടും അമ്മയോടുമുള്ള അയാളുടെ വെറുപ്പ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു.ഈ നീണ്ട കാത്തിരിപ്പ് അബിഗയിലിനെ തന്റെ അടുക്കല്‍ എത്തിക്കുവാനുള്ള ദൈവത്തിന്റെ പദ്ധതിയായി അയാള്‍ ആശ്വസിച്ചു.
“ഈ മാറാപ്പില്‍ എത്ര ഷെക്കല്‍ സമ്പാദിച്ചു?”ഒരിക്കല്‍ അവള്‍ ചോദിച്ചു.അയാള്‍ അന്നാണ് മാറാപ്പ് തുറന്നു എണ്ണിയത്.ഏഴായിരത്തിയൊന്നു ഷെക്കല്‍ !
“നല്ല ഒരു സംഖ്യയാണ് ..7001.ഈ തുക കൊണ്ട് എന്ത് ചെയ്യാന്‍ പോകുന്നു ?”അവള്‍ ചോദിച്ചു.
“എനിക്ക് ആവശ്യങ്ങളില്ല.ഒരു കൗതുകം പോലെ ഞാനിത് ശേഖരിക്കുന്നു.”
“ആവശ്യങ്ങള്‍ വരില്ലേ ?”
“തളര്‍ന്നുകിടക്കുന്നവന് എന്ത് ആവശ്യങ്ങൾ?”
“അന്ത്രയോസിന്റെ കണ്ണ് സുഖമായി കഴിഞ്ഞാല്‍ നമ്മുക്ക് വിവാഹം കഴിക്കാം.ഈ തുക കൊണ്ട് എഫ്രായിമില്‍ ഒരു തുണ്ട് നിലം വാങ്ങാം.എനിക്ക് മുന്തിരിത്തോട്ടത്തിലെ എല്ലാ പണിയും അറിയാം.നമ്മുക്ക് അവിടെ ഒരു മുന്തിരിത്തോപ്പുണ്ടാക്കാം..കുറച്ചു ആടുകളെയും വളര്‍ത്താം.”
അയാള്‍ അവളെ പ്രണയപൂര്‍വ്വം നോക്കിക്കൊണ്ട് കിന്നരത്തില്‍ സോളമന്റെ പ്രണയഗീതങ്ങള്‍ മീട്ടി.
“എന്റെ ഓമനേ എഴുന്നെല്‍ക്കുക .
ഇതാ ,ശിശിരം പോയിമറഞ്ഞു.
ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി.
അരിപ്രാവുകള്‍ കുറുകിത്തുടങ്ങി.
മാടപ്രാവേ ഇറങ്ങിവരിക
ചെങ്കുത്തായ മലയോരത്തു ജീവിക്കുന്ന
നിന്റെ മുഖം ഞാനൊന്ന് കണ്ടോട്ടെ.”
ജോഷ്വയുടെ ദിവസങ്ങള്‍ നിറമുള്ളതായി.അയാള്‍ വീണ്ടും കുളത്തിലെ ജലപ്പരപ്പിലേക്ക് ആശയോടെ നോക്കുവാന്‍ തുടങ്ങി.എങ്കിലും അയാളുടെ കണ്ണുകള്‍ ഏറെ നേരവും അബിഗയിലിന്റെ പുറകെയായിരുന്നു.അന്ത്രയോസ് ഒരു മുന്‍കോപിയാണെന്നും അയാള്‍ക്ക് കണ്ണുകാണാന്‍ വയ്യാത്തത് കൊണ്ടാണ് ജോഷ്വയുടെ അടുത്ത് ഇടയ്ക്കെങ്കിലും വന്നിരിക്കാൻ പറ്റുന്നതെന്നും അബിഗയില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.എങ്കിലും കുറച്ചുനേരം കാണാതിരുന്നാല്‍ അന്ത്രയോസ് അവളെ അന്വേഷിക്കും.ശകാരിക്കും.അതിനിടയില്‍ അത്രയും തുക കുളക്കരയില്‍ സൂക്ഷിക്കുന്നത് അപകടമാണ് എന്ന് പറഞ്ഞു അബിഗയില്‍ അത് ജറുസലെമിലെ പണം പലിശക്ക് കൊടുക്കുന്ന പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ചു.തങ്ങളുടെ ഭാവിക്ക് അത് മുതല്‍കൂട്ടാകുമെന്നു കരുതിയതിനാല്‍ അയാള്‍ക്കും അത് സമ്മതമായിരുന്നു.
ആ ദിവസങ്ങളില്‍ അരൂപിയായി സ്വപ്നത്തില്‍ വരുന്ന ദൂതനെ സ്വപ്നം കാണാന്‍ അയാള്‍ ആഗ്രഹിച്ചു.പക്ഷെ ആ സ്വപ്നം ആവര്‍ത്തിച്ചില്ല.എങ്കിലും നിശബ്ദമായ ഒരുച്ചനേരത്തില്‍ അയാള്‍ ആ സ്വപ്നം വീണ്ടും കണ്ടു..മാലാഖമാരുടെ അകമ്പടിയോടെ തന്റെ നേരെ നടന്നുവരുന്ന പ്രകാശത്തിന്റെ രാജകുമാരന്‍.ആ മുഖം വ്യക്തമല്ല.അവിടുത്തെ പാദത്തില്‍ ഒലിവിലകള്‍ തൂകി കരുണക്കായി യാചിക്കുന്ന രോഗികളുടെ സഞ്ചയം .
“ജോഷ്വ ,നീ സുഖപ്പെടാന്‍ ആഗ്രഹിക്കുന്നുവോ ?” കരുണാര്‍ദ്രമായ സ്വരം.
“അവിടുന്ന് അന്ത്രയോസിനെ സുഖപ്പെടുത്തിയാലും.എനിക്ക് അത് മതി.”ജനസഞ്ചയത്തിനിടക്ക് അന്ധനായ അന്ത്രയോസിന്റെ കൈപിടിച്ചു കരയുന്ന അബിഗയിലിനെ നോക്കി വിറയ്ക്കുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു.പെട്ടെന്ന് അയാള്‍ ഉറക്കമുണര്‍ന്നു.
സ്വപ്നത്തിന്റെ കാര്യം പറയാന്‍ അയാള്‍ അബിഗയിലിനെ തിരഞ്ഞു.അവളെ കണ്ടില്ല.അന്ത്രയോസിനെയും കാണാനില്ല
.
“അന്ത്രയോസിന് സൗഖ്യം കിട്ടി.അവര്‍ പോയി.”രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വന്നവരില്‍ ഒരാളോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞു.
അയാളുടെ ഹൃദയമിടിഞ്ഞു.ആടുകളുടെ രോമം കത്രിക്കുവാന്‍ തന്നെ ഉപേക്ഷിച്ചുപോയ അപ്പന്റെ ഓര്‍മ്മ ഒരുള്‍ക്കിടിലം പോലെ അയാളില്‍ ഉണര്‍ന്നു.
അബിഗയിലിന് എന്ത് പറ്റി?ചിലപ്പോള്‍ അന്ത്രയോസ് അവളെ ശകാരിച്ചിട്ടുണ്ടാവും.ഭയന്നിട്ടാവും അവള്‍ വരാഞ്ഞത്.
എങ്കിലും അബിഗയില്‍ വരും.തന്റെ മാടപ്രാവാണ് അവള്‍.തന്നെ തിരഞ്ഞു അവള്‍ വരാതിരിക്കില്ല.അവള്‍ തനിക്ക് കൂട്ടിരിക്കും.തനിക്ക് സുഖമാകുമ്പോള്‍ തങ്ങള്‍ എഫ്രായിം മലനിരകളിലെ മുന്തിരിത്തോപ്പുകളിലൊന്നില്‍ ഒരു കൊച്ചുവീടുണ്ടാക്കും.അല്ലെങ്കില്‍ യൂദയാ താഴ്വരയിലെ ഏതെങ്കിലും ബദാം തോട്ടത്തില്‍...
അബിഗയില്‍ വന്നില്ല.
കുളക്കരയിലെ അത്തിമരങ്ങള്‍ ഇലകള്‍ പൊഴിച്ചു.വെളുത്ത ആകാശത്തിലേക്ക് ഞരമ്പുകള്‍ പോലെ അവയുടെ ശിഖരങ്ങള്‍ ഉയര്‍ന്നുനിന്നു.
തനിക്ക് നടക്കാന്‍ കഴിഞ്ഞെങ്കില്‍ അബിഗയിലിനെ തിരഞ്ഞുപോവാമായിരുന്നു.ഒരു പക്ഷേ അവള്‍ക്ക് എന്തെങ്കിലും അസുഖം പിടിപെട്ടിരിക്കാം.വര്‍ഷങ്ങള്‍ അയാളുടെ ശരീരം താങ്ങിയ കിടക്ക കണ്ണീരില്‍ നനഞ്ഞു.
ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു.നസ്രെത്തില്‍നിന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രവാചകന്‍ ഇസ്രായേലില്‍ ഉയര്‍ന്നുവന്നിരിക്കുന്നു.ആളുകള്‍ അയാളുടെ പിന്നാലെയാണ്.കുളക്കരയിലെ രോഗികള്‍ മിക്കവരും അയാളെ തേടിപോയിരിക്കുന്നു.
തന്നെ തേടി ഒരു പ്രവാചകനും വരില്ല.
ദിവസങ്ങള്‍ കഴിഞ്ഞു.ഇപ്പോള്‍ കുളക്കരയില്‍ ആരുമില്ല.രോഗികളുടെ എണ്ണം കുറഞ്ഞതോടെ കച്ചവടക്കാരും മറ്റും കുളക്കര ഉപേക്ഷിച്ചു.
ആരെങ്കിലും തന്നെ ആ കുളത്തില്‍ ഒന്ന് ഇറക്കിയിരുന്നെങ്കില്‍..സുഖപെടാനല്ല..മുങ്ങിമരിക്കാൻ..
ആര്‍ക്കും വേണ്ടാത്ത തന്റെ ജീവിതമോര്‍ത്തു പൊടുന്നനെ മുള ചീന്തുന്നതുപോലെ അയാള്‍ പൊട്ടിക്കരഞ്ഞു.ആരോ തന്റെ തോളില്‍ സ്പര്‍ശിക്കുന്നത്പോലെ തോന്നിയപ്പോള്‍ അയാള്‍ ശിരസ്സുയര്‍ത്തി.
താടി നീട്ടിയ വളര്‍ത്തിയ ഒരു മുഖം.ദിവ്യതേജസ്സുള്ള ആ മുഖത്തെ കണ്ണുകള്‍ കരുണയുടെ തടാകങ്ങള്‍ പോലെ.
“നീ ശരിക്കും സുഖപെടാന്‍ ആഗ്രഹിക്കുന്നുവോ ?”
ആ ശബ്ദം തന്റെ സ്വപ്നങ്ങളില്‍ അയാള്‍ കേട്ട് പരിചയിച്ച അതേ സ്വരമായിരുന്നു.ഇതാ ആ ദൈവദൂതന്‍ മനുഷ്യരൂപം പൂണ്ടു തന്റെ മുന്‍പില്‍ വന്നുനില്‍ക്കുന്നു.
“കര്‍ത്താവേ ,എന്നെ വെള്ളത്തില്‍ ഇറക്കുവാന്‍ ആരുമില്ല.ഇഴഞ്ഞു ഞാന്‍ എത്തുമ്പോഴേക്കും മറ്റാരെങ്കിലും വെള്ളത്തില്‍ ഇറങ്ങും.” വിറയാര്‍ന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു.
“എഴുന്നേറ്റു നിന്റെ കിടക്കയെടുത്തു നടക്കുക. “വെളുത്ത അങ്കി ധരിച്ച ആ രൂപം പറഞ്ഞു.ആ ശബ്ദം കേട്ടതും തന്റെ നടുവിലൂടെ മിന്നല്‍പോലെ ഉണർവ്വിന്റെ ശക്തി പ്രവഹിക്കുന്നത് ജോഷ്വ അറിഞ്ഞു.അയാള്‍ ചാടിയെഴുന്നേറ്റു.തന്നെ തടവിലാക്കിയ കിടക്ക അയാള്‍ ചുരുട്ടിയെടുത്തു തിരിഞ്ഞു.
അപ്പോഴേക്കും ജോഷ്വയോട് സംസാരിച്ച ആ രൂപം മറഞ്ഞുകഴിഞ്ഞിരുന്നു.അയാള്‍ ഒരു മാന്‍കുട്ടിയെ പോലെ തുള്ളിച്ചാടി.സൗഖ്യം കിട്ടിയതിനുശേഷം അയാള്‍ പോയത് ജറുസലേം ദേവാലയത്തിലേക്കായിരുന്നു.മുപ്പത്തിയെട്ട് വര്‍ഷമായി തളര്‍ന്നുകിടക്കുന്ന അയാളെ നഗരവാസികള്‍ക്ക് മിക്കവര്‍ക്കും അറിയാമായിരുന്നു.അയാളെ സുഖപ്പെടുത്തിയത് ആരാണ് എന്ന് അവര്‍ ചോദിച്ചു.പക്ഷെ തന്നെ സുഖപ്പെടുത്തിയത് ആരാണ് എന്ന് ജോഷ്വക്ക് അറിയില്ലായിരുന്നു.അയാള്‍ തിരഞ്ഞത് അബിഗയിലിനെയാണ്.
അബിഗയില്‍ തന്റെ പണം നിക്ഷേപിച്ച സ്ഥാപനത്തില്‍ അയാള്‍ ചെന്നു.
“ആ പണം അബിഗയിലും ഭര്‍ത്താവും കൂടിവന്നു കൊണ്ട് പോയി.അവര്‍ എഫ്രായിം മലനിരകളില്‍ ഒരു മുന്തിരിത്തോട്ടം വാങ്ങിക്കുവാന്‍ പോവുകയാണ് എന്ന് പറഞ്ഞു.” ആ സ്ഥാപനത്തിലെ മേല്‍നോട്ടക്കാരന്‍ പറഞ്ഞു.
“ഭര്‍ത്താവോ ?"
അയാള്‍ അന്ധാളിച്ചു.
“അതെ.അന്ത്രയോസ്.അയാളുടെ കണ്ണുകള്‍ യുദ്ധത്തില്‍ നശിച്ചു.പക്ഷെ ബേത്സയ്ദാ കുളത്തില്‍ വച്ച് സുഖമായി.”
തനിക്ക് കീഴിലുള്ള ഭൂമി പിളര്‍ന്നതുപോലെ ജോഷ്വക്ക് തോന്നി.തന്റെ ചുറ്റിലുമുള്ള ആളുകള്‍ തിക്കിത്തിരക്കുന്നതും ആര്‍പ്പുവിളിക്കുന്നതും അയാള്‍ അറിഞ്ഞില്ല.
അബിഗയില്‍ ..അവള്‍ തന്നെ ചതിക്കുകയായിരുന്നു. ചുണ്ടില്‍ ചുവന്ന ചായം പുരട്ടി കണ്ണാടിയില്‍ സൗന്ദര്യം നോക്കുന്ന അമ്മയുടെ ഓര്‍മ്മ വീണ്ടും അയാളുടെ മനസ്സില്‍ തെളിഞ്ഞു.വെറുപ്പും രോഷവും അയാളില്‍ നുരകുത്തി.
ആ തിരക്കില്‍പ്പെട്ടു അയാള്‍ ഒരു ഇല വെള്ളത്തില്‍ ഒഴുകുന്നത്‌ പോലെ ദേവാലയത്തിന്റെ ഉള്ളിലെത്തി.
അവളുടെ സ്നേഹം വ്യാജമായിരുന്നു.തന്റെ സമ്പാദ്യം തട്ടിയെടുക്കുവാനുള്ള കള്ളസ്നേഹം.അയാളുടെ മുഷ്ടി കോപംകൊണ്ട് ചുരുണ്ടു.വിദ്വേഷത്തിന്റെ വരകള്‍ അയാളുടെ നെറ്റിയില്‍ പ്രത്യക്ഷപെട്ടു.
“ചേട്ടാ ,” ആ വിളി കേട്ട് അയാള്‍ തിരിഞ്ഞുനോക്കി.
ദാനിയേല്‍.നാളുകള്‍ക്ക് മുന്‍പ് കുളക്കരയില്‍ നിന്ന് കുഷ്ഠരോഗം ഭേദപ്പെട്ടു പോയ പതിനാലുകാരന്‍.അവന്‍ ഓടിവന്നു അയാളെ കെട്ടിപ്പിടിച്ചു.അവന്‍ ആ പ്രവാചകനെ കാത്തുനില്‍ക്കുകയാണ്‌.കുളക്കരയില്‍ വച്ച് ഭേദപ്പെട്ടുവെങ്കിലും അവനു വീണ്ടും കുഷ്ഠം പിടിപെട്ടു.അവനെ വീണ്ടും സുഖപ്പെടുത്തിയത് ആ പ്രവാചകനാണ്‌.ഇന്ന് ആ പ്രവാചകന്‍ ദേവാലയത്തില്‍ വരുന്നുവെന്ന് അറിഞ്ഞു അവന്‍ വന്നതാണ്.
“അങ്ങയെ സുഖപെടുത്തിയത് ആരാണ് ?”
അവന്‍ ചോദിച്ചു.
“എനിക്കറിയില്ല.”
പൊടുന്നനെ ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിനിടയില്‍ അബിഗയിലിന്റെ മുഖം ഒരു മിന്നല്‍പോലെ ജോഷ്വ കണ്ടു.
ദ്വേഷത്തിന്റെ ചെന്നായക്കൂട്ടങ്ങള്‍ അയാളുടെ സിരകളില്‍ക്കൂടി പാഞ്ഞു.കൊന്നു കളയണം അവളെ .കൊടിച്ചിപ്പട്ടിയെ പോലെ.അതിനുശേഷം തന്നെ ഉപേക്ഷിച്ചു പോയ അപ്പനെയും അമ്മയെയും കണ്ടെത്തണം.അവരെയും കൊല്ലണം.
പെട്ടെന്ന് തന്റെ ദേഹം തളരുന്നത് പോലെ ജോഷ്വക്ക് തോന്നി.താന്‍ വീണ്ടും തളര്‍ന്നുപോവുകയാണോ ?കുളക്കരയിലെ തളര്‍ന്ന വര്‍ഷങ്ങള്‍ ഒറ്റനിമിഷം കൊണ്ട് മുന്‍പിലൂടെ കടന്നുപോയി.
വീഴാന്‍ തുടങ്ങിയ അയാളെ ദാനിയേല്‍ താങ്ങി.
പൊടുന്നനെ ആര്‍പ്പുവിളികള്‍ ഉച്ചത്തിലായി.സര്‍വജനങ്ങളും അതാ മുട്ടിന്‍മേല്‍ വീഴുന്നു..ജോഷ്വ ദേവാലയ വാതില്‍ക്കലേക്ക് നോക്കി.
അത് ആ മനുഷ്യനായിരുന്നു.വെളുത്ത അങ്കി ധരിച്ച ദിവ്യ തേജസ്സുള്ള മനുഷ്യന്‍.തന്നെ സുഖപ്പെടുത്തിയ ദൈവപുരുഷന്‍.ശിഷ്യന്‍മാരോടൊപ്പം അവിടുന്ന് വരികയാണ്.അവിടുത്തെ മുന്‍പില്‍ ജനങ്ങള്‍ വഴിമാറിക്കൊടുക്കുന്നു..ആ പാദങ്ങളില്‍ അവര്‍ ഒലിവിലകള്‍ വിതറി സാഷ്ടാംഗം വീണാരാധിക്കുന്നു..
“ദാവീദിന്റെ പുത്രാ ,ഞങ്ങളില്‍ കനിയണമേ”അവര്‍ നിലവിളിക്കുന്നു.
താന്‍ ഒടുവില്‍ കണ്ട സ്വപ്നം ആവര്‍ത്തിക്കുന്നു.
“എന്നെ സുഖപ്പെടുത്തിയത് ആ മനുഷ്യനാണ്.ആ കരുണാമയന്‍ ആരാണ്?”തളരാന്‍ തുടങ്ങുന്ന തന്റെ ദേഹം ദാനിയേലിന്റെ ചുമലില്‍ ചാരി ജോഷ്വ ചോദിച്ചു.
“അത് നസ്രായക്കാരനായ യേശുവാണ്.സര്‍വശക്തനായ ദൈവത്തിന്റെ ഏകപുത്രന്‍.മനുഷ്യരെ നിത്യമായ് സുഖപെടുത്താന്‍ അവിടുത്തേക്ക് മാത്രമേ കഴിയൂ.”
ദാനിയേല്‍ പറഞ്ഞതും തന്റെ ഉള്ളിലൂടെ വീണ്ടും ശക്തി പ്രവഹിക്കുന്നത് അയാള്‍ അറിഞ്ഞു.നിലവിളിക്കുന്ന മനുഷ്യര്‍ക്കിടയില്‍ അബിഗയിലിനെ അയാള്‍ വീണ്ടും കണ്ടു.അവളുടെ അരികില്‍ അന്ത്രയോസുമുണ്ട് .അയാള്‍ വീണ്ടും അന്ധനായിരിക്കുന്നു.
യേശു തന്റെ നേരെ നടന്നുവരുന്നത് അയാള്‍ കണ്ടു.ആളുകളുടെ ആര്‍പ്പും നിലവിളിയും അയാള്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല.പ്രകാശത്തിന്റെ രാജകുമാരന്‍ തന്റെ സ്വപ്നത്തിലെപോലെ ഇതാ തന്നെതേടി വരുന്നു.തന്റെ ദേഹംവീണ്ടും തളരാന്‍ തുടങ്ങിയത് അവിടുന്ന് മനസ്സിലാക്കിയിരിക്കുന്നു.തന്റെ ആത്മാവിലെ വെറുപ്പിന്റെ കരിമ്പടങ്ങള്‍ അവിടുത്തെ ദിവ്യമായ കടാക്ഷത്തില്‍ കരിഞ്ഞുവീഴുന്നു.ഉള്ളില്‍ പുതിയതായി എന്തോ ഒന്ന് പൊട്ടിമുളക്കുന്നു.
“കൂടുതല്‍ മോശമായത് സംഭവിക്കാതിരിക്കാന്‍ മേലില്‍ നീ പാപം ചെയ്യരുത്.”കര്‍ത്താവ് അവനോടു അരുളിച്ചെയ്തു.
“കര്‍ത്താവേ ,അന്ത്രയോസിനെ സുഖപ്പെടുത്തിയാലും.എനിക്ക് അത് മതി”ജനസഞ്ചയത്തിനിടയില്‍ അന്ത്രയോസിന്റെ കൈപിടിച്ച് പൊട്ടിക്കരയുന്ന അബിഗയിലിനെ നോക്കി അയാള്‍ പറഞ്ഞു.
അത് പറഞ്ഞതും തന്റെ ശരീരത്തിലെ തളര്‍ച്ച എന്നന്നെക്കുമായി അകലുന്നത് അയാള്‍ അറിഞ്ഞു.തന്റെ ഹൃദയം പുതിയതായിരിക്കുന്നു.
സ്നേഹത്തിന്റെ ഒലിവിലകള്‍ തൂകിയ പാതയിലേക്ക് ജോഷ്വ കിടക്ക കൂടാതെ നടന്നുതുടങ്ങിയത് അന്ന് മുതലാണ്‌.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot