നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വർഗ്ഗവാതിൽ തുറക്കുമ്പോൾ - കഥ


Image may contain: Giri B Warrier, closeup


"..ന്നാലും നിങ്ങൾ രണ്ടാളും എന്നെ ഒറ്റയ്ക്കാക്കി പോയില്ല്യേ.. നിങ്ങളില്ല്യാണ്ട് ഞാൻ എങ്ങിന്യാ ജീവിക്ക്യാന്ന് ഒന്ന് ചിന്തിച്ചുകൂടി ഇല്ല്യാ.."
അമ്മയുടെയും മകളുടെയും ഫോട്ടോകളുടെ മുൻപിൽ നിലവിളക്ക് കത്തിച്ചുവെച്ചുകൊണ്ട് അയാൾ പിറുപിറുത്തു. കയ്യിൽ പുരണ്ട എണ്ണ ഉടുമുണ്ടിൽ തുടച്ച് അയാൾ താഴെ ചമ്രം പടിഞ്ഞ് ഇരുന്നു. മുണ്ടിന്റെ തല കൊണ്ട് പലതവണ കണ്ണുനീർ ഒപ്പി.
ഇന്ന് വൈകുണ്ഠഏകാദശി. വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേയ്ക്കുള്ള വാതിൽ തുറക്കുന്ന ദിവസം. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ഏകാദശി നാളിലായിരുന്നു സൗദാമിനിയുടെ മരണം.
തന്റെയും സൗദാമിനിയുടേയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികവും ലക്ഷ്മിക്കുട്ടിയുടെ പിറന്നാളും പ്രമാണിച്ച് ഇന്ന് അമ്പലത്തിൽ നെയ്പ്പായസം വഴിപാടാക്കിയിട്ടുണ്ടായിരുന്നു. പായസം മൂന്ന് ഇലച്ചീന്തുകളിൽ ആക്കി അമ്മയുടെയും മകളുടെയും ചിത്രങ്ങൾക്ക് മുൻപിൽ വെച്ചു. മൂന്നാമത്തെ ഇലച്ചീന്തിലെ പായസം രണ്ടുപേരെയും മനസ്സിൽ ധ്യാനിച്ച് ഉരുളകളാക്കി കഴിച്ചു. താഴെ വിരിച്ചിട്ട പായയിൽ മുകളിലേക്ക് നോക്കിക്കിടന്നു. ചില്ലോടുകൾക്കിടയിലൂടെ സൂര്യരശ്മികൾ അകത്തേക്ക് വന്നെത്തിനോക്കുന്നുണ്ടായിരുന്നു. കണ്ണുകൾ മെല്ലെ അടച്ചു. ചിന്തകൾ പിറകിലോട്ട് പോകാൻ തുടങ്ങി.
ഓരോ പിറന്നാളിനും, ഓരോ ആഘോഷത്തിനും അമ്പലത്തിലെ നെയ്പ്പായസം ആണ് പ്രധാനം. ലക്ഷ്‌മിക്കുട്ടിക്ക് നെയ്പ്പായസം എന്ന് പറഞ്ഞാൽ പിന്നെ കൊതിയടക്കാൻ കഴിയില്ല, പ്രത്യേകിച്ച് കുടുംബക്ഷേത്രത്തിലെ നെയ്പ്പായസം.
അച്ഛനപ്പൂപ്പന്മാരുടെ കാലം മുതലേ പിഷാരടിമാർക്കാണ് ഭഗവതി ക്ഷേത്രത്തിലെ കഴകം. അമ്പലമെന്നു പറഞ്ഞാൽ ഒരു ശ്രീകോവിലും തിടപ്പള്ളിയും മാത്രമേ ഉള്ളു. നമ്പൂരിയും പിഷാരടിയും പിന്നെ അമ്പലത്തിനു ചുറ്റുവട്ടത്ത് താമസിക്കുന്ന വിരലിലെണ്ണാവുന്ന ചിലരും മാത്രമാണ് അമ്പലത്തിലെ നിത്യസന്ദർശകർ.
അച്ഛനും അമ്മയും മരിച്ചശേഷം മുപ്പത്തിയഞ്ചു വയസ്സ് വരെ വിവാഹത്തെപ്പറ്റി അയാൾ ഒരിക്കൽ പോലും ചിന്തിച്ചില്ല കാരണം അമ്പലത്തിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനത്തിൽ ഒരു കുടുംബം പുലർത്തുക സാധ്യമല്ല എന്ന തിരിച്ചറിവ് തന്നെ.
സൌദാമിനിയുമായി ഇഷ്ടത്തിലാവുന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. സൗദാമിനി നാട്ടിലെ ഒരു ഉയർന്ന നായർ തറവാട്ടിലാണ് ജനിച്ചു വളർന്നത്. ജാതകത്തിലുള്ള ചില ന്യുനതകൾ സൗദാമിനിയുടെ വീട്ടുകാരുടെ മുൻപിൽ എന്നും ഒരു തലവേദനയായിരുന്നു. കൂടപ്പിറപ്പുകളുടെ എല്ലാം വിവാഹം കഴിഞ്ഞുപോയി. ജാതകപ്പൊരുത്തം നോക്കാതെ ഒരു വിവാഹത്തിന്ന് സൗദാമിനിയുടെ വീട്ടുകാർ ഒരുക്കമല്ലായിരുന്നു. ഒരു ദിവസം ഭഗവതിയുടെ അമ്പലത്തിൽ വെച്ച് സൗദാമിനിയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു. ഒരേ തോണിയിലുള്ള രണ്ടുപേർ എന്നതായിരുന്നു അവർ തമ്മിലുള്ള ഏറ്റവും വലിയ പൊരുത്തം
ജാതകം പൊതിഞ്ഞ് അലമാരിയിൽ വെച്ച് ഭഗവതിയെ സാക്ഷി നിർത്തി സൗദാമിനിക്ക് പുടവ നൽകി തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇത്രയും സുന്ദരിയായ സൗദാമിനിയെ ഭാര്യയായി കിട്ടിയത് മുന്ജന്മത്തിൽ ചെയ്ത പുണ്യമാകാം എന്നേ അയാൾ കരുതിയുള്ളു. ചെറിയ വരുമാനത്തിലും പരസ്പരം മനസ്സിലാക്കിയുള്ള അവരുടെ ജീവിതം സന്തോഷമയമായിരുന്നു .
ലക്ഷ്മിക്കുട്ടിയുടെ ജനനത്തോടെ വീട്ടിൽ സന്തോഷം ഇരട്ടിയായി. ലക്ഷ്മിക്കുട്ടി വളർന്നതോടെ അമ്മയെ കടത്തിവെട്ടുന്ന മകളുടെ സൗന്ദര്യം സൗദാമിനിക്കെന്നുമൊരു ആധിയായിരുന്നു. മകളെ സ്വന്തം ചിറകുകൾക്കുള്ളിൽ അടക്കി നിർത്തി വളർത്തി. എല്ലാം ഉള്ളിലൊതുക്കി വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഒരു സ്വഭാവമായിരുന്നു ലക്ഷ്മിക്കുട്ടിയുടേത്. പക്ഷെ ചില സമയത്ത് അടക്കി വെച്ചതെല്ലാം പൊട്ടിത്തെറിക്കും. പിന്നെ അവൾക്ക് ഭ്രാന്ത് പിടിച്ച പോലെയാണ്.
പണ്ടൊരിക്കൽ അവളുടെ ഒരു ആഗ്രഹത്തിന് എതിര് നിന്നപ്പോൾ പിടിവാശി കാണിച്ച് കിണറ്റിൽ ചാടിയിട്ടുണ്ട്. തക്കസമയത്ത് കറവക്കാരൻ കേശവൻ വന്നു രക്ഷിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അവളുടെ ആഗ്രഹങ്ങൾക്കെല്ലാം മുൻ‌തൂക്കം കൊടുത്താണ് വളർത്തിയത്.
ലക്ഷ്മിക്കുട്ടിയെ കണ്ട് ഇഷ്ടപെട്ടു വന്നതായിരുന്നു രാജീവ്. അവളുടെ സ്വഭാവത്തെക്കുറിച്ച് അയാളോട് പ്രത്യേകം പറയുകയും ചെയ്തിരുന്നു. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് രാജീവ് ലക്ഷ്മിക്കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹശേഷം അവർ അമേരിക്കയിലേക്ക് പോയി.
ആ പറിച്ചുനടൽ മാനസികമായി സ്വീകരിക്കാൻ ലക്ഷ്മിക്കുട്ടിക്ക് ആയില്ല. അവൾ പ്രശ്നങ്ങൾ ഒന്നും തന്നോട് തുറന്ന് പറയാറില്ലെന്ന് എന്ന് രാജീവ് സങ്കടപ്പെടാറുണ്ട്. സദാസമയവും നാടിനെയും വീടിനെയും പറ്റി ലക്ഷ്മിക്കുട്ടി ചിന്തിച്ചുകൊണ്ടിരിക്കുമെന്നും അയാൾ പറഞ്ഞു.
ആ സമയത്തായിരുന്നു തന്നെ വല്ലാതെ തളർത്തിയ സൗദാമിനിയുടെ പെട്ടെന്നുള്ള മരണം. അമ്മയുടെ മരണവിവരം വളരെ സാവധാനമാണ് അറിയിച്ചതെങ്കിലും ലക്ഷ്മിക്കുട്ടിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. യാത്ര ചെയ്യാൻ പോലും പറ്റാത്തതുപോലെ മാനസികമായി അവൾ തകർന്നു പോയി. അന്നു മുതൽ ലക്ഷ്മിക്കുട്ടിയ്ക്ക് വിഷാദരോഗം എന്ന ഓമനപ്പേരിൽ അറിയുന്ന ഭ്രാന്തിന് ചികിത്സ തുടങ്ങി.
തുടർച്ചയായ ചികിത്സയുടെ ഫലമായി അവളുടെ അസുഖങ്ങൾ ഒരു വിധം കൈപ്പിടിയിലായി എന്ന് കരുതിയതാണ്. അപ്പോഴാണ് രാജീവിന്റെ അച്ഛന് അസുഖമായി നാട്ടിൽ നാട്ടിലേക്ക് വരേണ്ടി വന്നത്. ഈ അവസ്ഥയിൽ ലക്ഷ്മിക്കുട്ടിയെ ഒറ്റയ്ക്ക് അവിടെ വിട്ടു പോരാൻ കഴിയില്ലെന്നതിനാൽ കൂടെ അവളേയും കൂട്ടി. അച്ഛന്റെ അസുഖം മാറി വീട്ടിൽ തിരിച്ചെത്തിയ ശേഷം മാത്രമാണ് ലക്ഷ്മിക്കുട്ടിയെ അമ്മയുടെ അസ്ഥിത്തറയിൽ നമസ്കരിക്കാൻ കൊണ്ടുപോയത്. തിരിച്ച് അമേരിക്കയിലേക്ക് പോകുന്നതിന്റെ തലേനാളാണ് ലക്ഷ്മിക്കുട്ടി ആ അതിക്രമം കാണിച്ചത്. തന്റെ അച്ഛന് ഒരു കത്തെഴുതി വെച്ച് അവൾ ജീവിതം അവസാനിപ്പിച്ചു.
കണ്ണിലെ കൃഷ്ണമണിപോലെ അവളെ ഓരോ നിമിഷവും ശ്രദ്ധിച്ചിട്ടും അച്ഛനെ ശുശ്രൂഷിക്കുന്ന തിരക്കിൽ പറ്റിയ ഒരു അശ്രദ്ധ മൂലമാണ് ലക്ഷ്മിക്കുട്ടി ഈ കടുംകൈ ചെയ്തതെന്ന് പറഞ്ഞ് പരിതപിക്കാൻ മാത്രമേ രാജീവിന് കഴിഞ്ഞുള്ളൂ. അവൾ എഴുതിയ കത്ത് അയാൾക്ക് കൊടുക്കുമ്പോൾ രാജീവ് കുറെയേറെ കരഞ്ഞു.
ലക്ഷ്മിക്കുട്ടിയുടെ ഫോട്ടോയുടെ പിന്നിൽ നിന്നും അവൾ അവസാനമായി എഴുതിയ കത്ത് എടുത്ത് അയാൾ ഒരുവട്ടം കൂടി വായിച്ചു.
"അച്ഛാ..
എനിക്ക് മാപ്പ് തരണം.
ജീവിതത്തിൽ ഒരു കുറവും നിങ്ങൾ എനിക്ക് നൽകിയിട്ടില്ല. ആവശ്യത്തിലധികം സൗന്ദര്യവും സ്നേഹവും എനിക്ക് നൽകി. അവ രണ്ടും ഇന്നെനിക്ക് ഒരു ശാപമായി.
എന്റെ സൗന്ദര്യത്തിൽ ഒരിക്കലും അഹങ്കരിക്കരുതെന്ന് അമ്മ എന്നും പറയാറുണ്ട്, മുഖത്തിന്റെ സൗന്ദര്യത്തേക്കാൾ മനസ്സിന്റെ സൗന്ദര്യമാണ് ഒരു സ്ത്രീയുടെ സൗന്ദര്യം എന്ന് അമ്മ പറയാറുള്ളത് ജീവിതത്തിലുടനീളം അക്ഷരം പ്രതി പാലിച്ചു പോന്നവളാണ് ഞാൻ.
അടങ്ങിയൊതുങ്ങി ജീവിക്കണം , അധികം ആരോടും, പ്രത്യേകിച്ച് നാട്ടിലെ ചെറുപ്പക്കാരോട്, സംസാരിക്കരുത്, ഉച്ചത്തിൽ സംസാരിക്കരുത്, ഉറക്കെ ചിരിക്കരുത്, ചവിട്ടി തുള്ളി നടക്കരുത്, അങ്ങിനെ അമ്മ പറഞ്ഞതെല്ലാം ഞാൻ പാലിച്ചു പോന്നില്ലേ. നാട്ടിലെ ചെറുപ്പക്കാർ പരസ്പരം ചെവിയിൽ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ഇവൾക്ക് സൗന്ദര്യം കൂടിപ്പോയതിന്റെ അഹങ്കാരം തലക്ക് പിടിച്ചിരിക്കുകയാണെന്ന്. അതൊന്നും ഒരിക്കലും ഞാൻ ചെവികൊണ്ടിട്ടില്ല.
പ്രീഡിഗ്രിക്ക് കോളേജിൽ ചേർന്നപ്പോഴും ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു. നമ്മുടെ വീടും അമ്മയും അച്ഛനും അടങ്ങിയ കൊച്ചുലോകമായിരുന്നു എന്റെ സ്വർഗ്ഗം. കോളേജിൽ പല ചെറുപ്പക്കാരും എന്നോട് അടുക്കാൻ ശ്രമിച്ചുവെങ്കിലും, അമ്മ വരച്ച വൃത്തത്തിനുള്ളിൽ നിന്നും ഞാൻ പുറത്ത് വരാൻ ഒരിക്കലും ശ്രമിച്ചില്ല. ഡിഗ്രി അവസാന വർഷത്തിൽ പഠിച്ചിരുന രാജീവും അതുപോലെ അനേകം ചെറുപ്പക്കാരിൽ ഒരാൾ മാത്രമായിരുന്നു.
രാജീവ് പല തവണ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഞാൻ ഒഴിഞ്ഞുമാറിയിരുന്നു. രാജീവിനെ കണ്ടില്ലെന്ന് പല തവണ നടിച്ചതാണ്. ആ വർഷം രാജീവ് പഠനം കഴിഞ്ഞ് പോയപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ അയാളെ ഇഷ്ടപ്പെട്ടിരുന്നു എന്ന്. അമ്മ പറയാറുള്ള ആ "ഒരു കൈ ദൂരം" ഞാൻ എന്നും കാത്ത് സൂക്ഷിച്ചിരുന്നു.
ഞാൻ ഡിഗ്രിക്ക് ചേർന്ന സമയം, ഒട്ടും പ്രതീക്ഷിക്കാതെ രാജീവ് അമ്മയേയും കൂട്ടി വിവാഹാലോചനയുമായി നമ്മുടെ വീട്ടിൽ വന്നത്. അന്നത്തെ അമ്മയുടെ ദഹിപ്പിക്കും പോലുള്ള നോട്ടം ഇന്നും ഞാൻ മറന്നിട്ടില്ല. നിന്റെ ഭാഗത്തുനിന്നും തെറ്റുണ്ട് എന്ന കുറ്റപ്പെടുത്തൽ അമ്മയുടെ മുഖത്ത് ഞാൻ കണ്ടിരുന്നു.
പിന്നീടങ്ങോട്ട് എന്റെ ഇഷ്ടം എന്തായാലും നടത്തിത്തരും എന്ന് എന്തോ ഒരു വാശിയായിരുന്നു അമ്മയ്ക്ക്. അമ്മയുടെ ഭയം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എതിരുനിന്നാൽ ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് അമ്മ ഭയക്കുന്നതായി അച്ഛനോട് പറയുന്നത് ഞാൻ കേട്ടിരുന്നു.
അന്ന് ഞാൻ ആണയിട്ട് അമ്മയോട് പറഞ്ഞതാണ് കോളേജിൽ പഠിക്കുന്ന സമയത്ത് കണ്ടുപരിചയും ഉണ്ടെന്നല്ലാതെ, ഞാനും രാജീവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന്. പക്ഷെ അമ്മ അത് വിശ്വസിച്ചില്ല,
എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനെയും അമ്മയെക്കാളും വലുതല്ല മറ്റൊന്നുമെന്നും ഈ നാടും വീടും വിട്ട് പുറത്ത് പോകണ്ട എന്നും പറഞ്ഞതല്ലേ. സ്വപ്നം കാണാൻ പോലും പറ്റാത്ത നല്ല ബന്ധമാണ് വന്നിരിക്കുന്നതെന്നും എന്റെ ഭാവി സുരക്ഷിതമാക്കാൻ ഇതിൽ പരം നല്ല ഒരാലോചന വരാനില്ല എന്നല്ലേ അച്ഛൻ പറഞ്ഞത്.
മുറച്ചെറുക്കനായ ഹരിയേട്ടനെക്കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നല്ലോ നിങ്ങളുടെ മോഹം. അദ്ദേഹവും അത് മോഹിച്ചിരുന്നു എന്നെനിക്കറിയാം. അമ്പലത്തിലെ കഴകക്കാരനായിരുന്നിട്ടും, തുച്ഛമായ വരുമാനം മാത്രമേ ഉള്ളുവെങ്കിലും ഹരിയേട്ടനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് തോന്നുന്നു. ഹരിയേട്ടന്റെ മനസ്സെത്ര പെട്ടെന്നാണ് വലുതായത്. രാജീവ് ലക്ഷമിക്കുട്ടിക്ക് നന്നായി ചേരും എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർ, കണ്ണിലെന്തോ കരട് പോയി എന്ന് പറഞ്ഞു തുടച്ചു കളഞ്ഞത് ഞാൻ കണ്ടതല്ലേ.
അച്ഛന് അമ്പലത്തിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ എനിക്ക് വീട്ടിൽ കിട്ടിയിരുന്ന സന്തോഷത്തിനും സമാധാനത്തിനും പകരമാകാൻ അമേരിക്കയിൽ രാജീവ് നൽകിയ എല്ലാ സുഖസൗകര്യങ്ങൾക്കും ആയില്ല.
രാജീവിന് എന്നോട് സ്നേഹമുണ്ട് എന്നറിയാം പക്ഷേ രാജീവിന് അങ്ങിനെ പ്രകടിപ്പിക്കാൻ അറിയില്ല. രാജീവിന് എപ്പോഴും ജോലിയും തിരക്കുമായിരുന്നു.
അമേരിക്കയിൽ എത്തിയ സമയത്ത് ഒരു പാർട്ടിയിൽ കൊണ്ടു പോയപ്പോൾ രാജീവിന്റെ ബോസ് ജെയിംസ് എന്നെ ആശ്ലേഷിച്ച് സ്വാഗതം ചെയ്തു. ഇത് കണ്ട് നിർവികാരനായി നിന്ന രാജീവിനെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത അമർഷം തോന്നി. സ്വന്തം ഭാര്യയെ അന്യനായ പുരുഷൻ പുണരുമ്പോൾ രാജീവ് പറയേണ്ടതല്ലേ ആയിരുന്നു അയാളോടു് പറയേണ്ടതായിരുന്നില്ലേ ഭാരതീയ സംസ്കാരത്തിൽ ഇതൊന്നും പാടില്ല എന്ന്. എന്റെ മുഖഭാവം കണ്ടിട്ടാവാം അന്ന് രാജീവ് പറഞ്ഞു ഇത് നാട്ടിൻപുറത്തെ ജീവിതമല്ല, അമേരിക്കയിൽ ജീവിക്കുമ്പോൾ അമേരിക്കക്കാരായി ജീവിക്കണമെന്ന്. എനിക്കെന്റെ നാടും വീടും തന്നെയായിരുന്നു വലുതെന്ന് പറയാൻ തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല.
വയറ്റിൽ ഒരു ജീവൻ തുടിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ രാജീവ് തുള്ളിച്ചാടുമെന്ന് കരുതിയ എനിക്കേറ്റ വലിയ ഒരു പ്രഹരമായിരുന്നു രാജീവിന്റെ മുഖത്തെ സന്തോഷമില്ലായ്മ. രാജീവ് നിർബന്ധിച്ചിട്ടാണ്, ഒരമ്മയാകാൻ മനസ്സുകൊണ്ട് വല്ലാതെ കൊതിച്ചിരുന്നെങ്കിലും, അത് അലസിപ്പിച്ചു കളയാൻ സമ്മതിച്ചത്.
അതിനുശേഷം പലപ്പോഴും ഉറക്കത്തിൽ അമ്മയെന്നെ കൊന്നു അല്ലെ എന്ന് പറഞ്ഞു ജനിക്കും മുൻപേ ഞങ്ങൾ കൊന്നുകളഞ്ഞ മകൻ കരയുന്നത് കാണാറുണ്ട്. ആ കുറ്റബോധം സഹിക്കാനാവാതെയാണ് കിച്ചണിലെ കത്തികൊണ്ട് ഞാൻ കൈയ്യിൽ കുത്തി സ്വയം ശിക്ഷിച്ചത്. ജോലി കഴിഞ്ഞു വന്നപ്പോൾ കയ്യിൽ ചോര ഒലിക്കുന്ന എന്നെ രാജീവ് ഹോസ്പിറ്റലിൽ കൊണ്ടുപോയി.
എന്നെ പരിശോധിച്ച ശേഷം ഡിപ്രെഷൻ എന്ന രോഗത്തിന് ഞാൻ അടിമയാണെന്ന നിഗമനത്തിലാണ് അമേരിക്കയിലെ ഡോക്ടർമാർ എത്തിയത് . ആ അസുഖത്തിനു് കഴിക്കാൻ എനിക്ക് കുറെ മരുന്നുകളും ഉണ്ട്.
ഒരു ദിവസം രാത്രി സ്വപ്നത്തിൽ മുഴുവൻ ഞാൻ അമ്മയുടെ മകളായി ജീവിച്ചു. ആവോളം അമ്മ എന്നെ ലാളിച്ചു. അടുത്ത ദിവസം കാലത്ത് കേട്ട വാർത്ത അമ്മയുടെ മരണമായിരുന്നു. ഞാൻ കണ്ടത് സ്വപ്നമാണോ മിഥ്യയാണോ എന്ന് ഒരു നിമിഷം മനസ്സിന് തോന്നിയ വിഭ്രാന്തി എന്റെ അസുഖം കൂടിയതാണെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസാനമായി അമ്മയുടെ ജഢമെങ്കിലും കാണാൻ വരണമെന്ന് നിർബന്ധം പിടിച്ചതാണ്. നീയ്യവിടെ എത്തുമ്പോഴേക്കും നാല് ദിവസം കഴിയും, വെറുതെ നാട്ടുകാർക്ക് ബുദ്ധിമുട്ടാവും, അമ്പലത്തിലെ പൂജ അത്രയും സമയം മുടങ്ങും അങ്ങിനെ എന്തൊക്കെയോ മുട്ടുന്യായങ്ങൾ പറഞ്ഞതെന്തിനായിരുന്നു എന്നെനിക്കറിയില്ല. അതിന് ശേഷം എപ്പോഴും കണ്ണടച്ചാൽ അമ്മ മാത്രമായിരുന്നു മുൻപിൽ ഉണ്ടായിരുന്നത്.
കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ രാജീവിന്റെ അച്ഛന് സുഖമില്ല എന്ന് കേട്ട പാതി ആദ്യത്തെ വിമാനത്തിന് ടിക്കറ്റ് എടുത്ത് വന്നുവല്ലോ. സ്വന്തം അച്ഛന്റെ കാര്യമായപ്പോൾ രാജീവിന്റെ മനോഭാവം മാറി.
അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞുനാട്ടിൽ വന്ന എനിക്ക് അമ്മയുടെ അസ്ഥിത്തറയിൽ ഒരു വിളക്ക് കത്തിക്കാൻ പോലും രാജീവിന്റെ അച്ഛൻ ആശുപത്രിയിൽ നിന്നും അസുഖം മാറി വീട്ടിൽ തിരിച്ചെത്താൻ കാത്തുനിൽക്കേണ്ടി വന്നു. തീർത്ഥാടനത്തിന് പോയ അച്ഛൻ മടങ്ങി വന്നിട്ടു് പോയാൽ മതി എന്ന് രാജീവ് പറഞ്ഞു. പക്ഷേ പറഞ്ഞ ദിവസം അച്ഛൻ തിരിച്ചു വന്നില്ല. തിരിച്ചുപോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആണ് ഇവിടേക്ക് രാജീവ് എന്നെ കൊണ്ടുവന്നത്.
ഞാൻ രാജീവിനെ കുറ്റം പറയില്ല. അമ്മയും അച്ഛനും സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ രാജീവിന് അറിയില്ലായിരുന്നു.
ഞാൻ രാജീവിന്റെ കൂടെ അമേരിക്കയിലേക്ക് തിരിച്ചു വരുന്നില്ല എന്ന് രാജീവിനോട് പറയാൻ ഭയമാണ്. രാജീവ് എന്നെ ഉപേക്ഷിച്ചാൽ അച്ഛന് ഞാൻ ഒരു ബാധ്യതയാകും. സുഖമില്ലാത്ത അച്ഛന് വെറും പന്ത്രണ്ടാം ക്ലാസ്സ് മാത്രം പഠിച്ച ഞാൻ എങ്ങിനെ ഒരു സഹായമാകും. സ്വന്തമായി വരുമാനമുണ്ടാക്കാൻ എനിക്ക് കഴിവില്ല.
ഞാൻ ജീവിച്ചിരുന്നാൽ രാജീവിന്റെ ജീവിതവും തകരും. അച്ഛൻ എന്നോട് പിണങ്ങരുത്. ഞാൻ പോയി അച്ഛൻ വരുന്നതും കാത്ത് അമ്മയുടെ കൂടെ ഇരിക്കാം.
അച്ഛന്റെ സ്വന്തം, ലക്ഷ്മിക്കുട്ടി"
കത്ത് വായിച്ചു കഴിയുമ്പോഴേക്കും കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി. ജനലിലൂടെ അകത്ത് വന്ന അയല്പക്കത്തെ പൂച്ച ഫോട്ടോയുടെ മുൻപിൽ വെച്ചിരിക്കുന്ന പായസം നക്കി തിന്നുന്നത് അയാൾ കാണുന്നുണ്ടായിരുന്നു. അതിനെ ഓടിയ്ക്കാൻ ശ്രമിച്ച അയാളുടെ കൈകൾ ഉയരുന്നുണ്ടായിരുന്നില്ല. അവ രണ്ടും മരവിച്ചിരിക്കുന്നത് പോലെ അയാൾക്ക് തോന്നി. നിമിഷങ്ങൾക്കകം ആ പൂച്ചയുടെ വായിലൂടെ നുരയും പതയും വരുന്നത് അയാൾ ദു:ഖത്തോടെ കണ്ടു, ചെറിയ കുറുങ്ങൽ ശബ്ദത്തോടെ അത് അവിടെ കിടന്ന് ഒന്ന് പിടഞ്ഞു, പിന്നെ നിശ്ചലമായി.
എല്ലാം കണ്ണിൽ നിന്നും മറയാൻ തുടങ്ങി, ആകെ ഇരുട്ട് മാത്രം. ഫോട്ടോയിൽ നിന്നും സൗദാമിനിയും ലക്ഷ്മിക്കുട്ടിയും പുറത്തു വന്നിരിക്കുന്നത് പോലെ തോന്നി. ദൂരെനിന്നും സൗദാമിനി വിളിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
"വരൂ, സ്വർഗ്ഗവാതിൽ തുറന്നിട്ടിരിക്കുന്നു. വീണ്ടും നമുക്കൊരുമിക്കാം ..."
ഗിരി ബി. വാരിയർ
24 നവംബർ 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot