നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നക്ഷത്രം സ്വന്തമാക്കുന്നവർ - Part 2


°°°°°°°
" ശരിയാണ് കണ്മുമ്പിൽ അമ്മയെ അപ്പൻ കൊല്ലുന്നത് കണ്ടാൽ ആരായാലും തകർന്നുപോകും. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു ഇനിയെത്ര ദുഃഖിച്ചാലും പോയവർ തിരിച്ചു വരില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ അച്ഛൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചിലരുണ്ട് ഇങ്ങിനെ മനുഷ്യന്റെ മുഖമുള്ള ക്രൂരർ."
" ഒന്ന് നിർത്തുന്നുണ്ടോ ?" പെട്ടെന്നായിരുന്നു അതുവരെ ശാന്തനായിരുന്ന ബിനോയ് പൊട്ടിത്തെറിച്ചത് ! ബിൻസി പകച്ചു പോയി !
" നിനക്കെന്തറിയാം എന്റെ പപ്പയെ കുറിച്ചു ? വന്നിരിക്കുന്നു ഒരു ഉപദേശി. ഒന്നിറങ്ങി പോകുമോ ? ഒരിത്തിരി സ്വൈര്യം താ. പോ. "
ബിനോയിൽ വന്ന ഭാവമാറ്റം കണ്ടു ബിൻസി ഭയന്നു ഇനിയും നിന്നാൽ ഉപദ്രവിച്ചേക്കുമോ എന്ന ഭയം കൂടി വന്നത് കൊണ്ടാവാം ബിൻസി മെല്ലെ എഴുന്നേറ്റു. പിന്നെ വരുന്നത് വരട്ടെ എന്നു കരുതി അവിടെ തന്നെ വീണ്ടുമിരുന്നു. പക്ഷേ ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ബിനോയ് ഒന്ന് തണുത്തു. ബിൻസിയുടെ പകച്ച മുഖത്തേക്ക് നോക്കി. എങ്ങോട്ടെന്നില്ലാതെ നോട്ടം മാറ്റി മെല്ലെ തുടർന്നു.
" ക്ഷമിക്ക്‌, ഞാൻ പെട്ടെന്ന്. ഒന്നുമറിയാതെ നീ പപ്പയെ കുറിച്ചു അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ. ക്ഷമിക്കെടീ. നിനക്കറിയാത്ത ഒരു കാര്യമുണ്ട് ബിൻസീ. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവമായിരുന്നു എന്റെ പപ്പ ഒറ്റമോനായ എന്നെ ആവശ്യത്തിലധികം ലാളിച്ചാണ് വളർത്തിയതും. ഇടയ്ക്കൊക്കെ പപ്പ കർക്കശക്കാരന്റെ വേഷത്തിൽ വരുമ്പോൾ അമ്മച്ചി ഇടയ്ക്ക് കയറി എന്നെ രക്ഷിക്കും. അതുകൊണ്ട് തന്നെ പപ്പ അമ്മച്ചിയോട് ഇടയ്ക്ക് ദേഷ്യപ്പെടാറുമുണ്ടായിരുന്നു. എന്തായാലും അവരെ എനിക്ക് പേടിയില്ലായിരുന്നു എന്നതാണ് സത്യം. നിന്റെ കാര്യത്തിൽ ഞാനാകെ തകർന്നു പോയപ്പോഴും എന്നെ ആശ്വസിപ്പിച്ചത് അവരായിരുന്നു. അവരുടെ ആശ്വസിപ്പിക്കലുകൾ എന്നെ അതിൽ നിന്നും മോചിതനാക്കിയോ എന്നറിയില്ല. നീയറിയാതെ നിന്നെ ഞാൻ ഒരുപാട് തവണ വന്നു കണ്ടിട്ടുണ്ട്. അപ്പോഴൊന്നും തുറന്നു പറയാനുള്ള ധൈര്യമില്ലായിരുന്നു. പത്തിൽ ഉയർന്ന മാർക്ക് വാങ്ങി പാസ്സായ ഞാൻ നീയേത് സ്കൂളിലാണ് ചേരുന്നത് എന്നറിയാൻ ഒരുപാട് ശ്രമിച്ചു പെണ്കുട്ടികൾക്ക് മാത്രമായിട്ടുള്ള സ്കൂളിലേക്ക് നീ പോയപ്പോൾ ഞാനാകെ തകർന്നു പോയി എന്നത് നേര് തന്നെ. പക്ഷേ പുതിയ സ്കൂൾ പുതിയ അന്തരീക്ഷം നിന്നെ മറക്കുവാൻ പറ്റുന്ന എല്ലാ സാഹചര്യവും അവിടെയും വന്നു ഒരുപാട് പ്രണയാഭ്യർത്ഥനകൾ. പക്ഷേ, അവരിലൊക്കെയും ഞാൻ തിരഞ്ഞത് നിന്റെ മുഖമായിരുന്നു. ഒടുവിൽ ഞാൻ നിന്നെ മറന്നു തുടങ്ങി അതിന് സഹായിച്ചത് സ്കൂളിലെ അലമ്പു പിള്ളേരുടെ കൂടെയുള്ള കൂട്ടുകെട്ടാണ്. ചെയ്യുന്നതിൽ എല്ലാം ഹരം കണ്ടെത്താൻ ചോര തുടിക്കുന്ന കാലം അവിടെയാണ് ആദ്യമായി ലഹരി എന്നിലെത്തുന്നത്... മദ്യം മയക്കുമരുന്ന് കഞ്ചാവ് തുടങ്ങി ഇന്ന് സ്കൂളുകളിൽ സുലഭമായി ലഭ്യമാകുന്ന എല്ലാം. മക്കൾ പഠിക്കാനായി മാത്രം സ്കൂളിൽ പോകുന്നു എന്ന് മാത്രം ചിന്തിക്കുന്ന അച്ഛനമ്മമാരെ പോലെ തന്നെ ചിന്തിച്ച പപ്പയും അമ്മച്ചിയും അതൊന്നും അറിഞ്ഞില്ല. പക്ഷേ ഒരു ഗുണമുണ്ടായി ഏറ്റവും നല്ല പഠിപ്പിസ്റ്റ് ഞാനായത് കാരണം എനിക്ക് പണച്ചിലവില്ല.. പകരം അവരുടെയൊക്കെ നോട്‌സ് എഴുതി കൊടുക്കണം അത് നല്ലൊരു കാര്യമായിരുന്നു... അതുകൊണ്ട് തന്നെ എക്സാമിനു ഞാൻ വീണ്ടും നല്ല രീതിയിൽ പാസ്സായി. പക്ഷേ കൂട്ടത്തിൽ കൂടിയത് ഞാൻ കൊണ്ട് നടന്നു. ബിരുദം ഇത്തിരി ഉഴപ്പോടെ ആണ് പാസ്സായതെങ്കിലും ആരും മോശം എന്ന് പറയുന്ന മാർക്ക് അല്ലായിരുന്നു. ഇടയ്ക്ക് മനസ്സിനെ നീ വല്ലാതെ നോവിക്കുമ്പോൾ മാത്രം നിന്നെക്കുറിച്ചുള്ള ഓർമ്മകൾ വരുമായിരുന്നു. അങ്ങിനിയിരിക്കെ നിന്റെ കല്യാണമാണ് എന്നറിഞ്ഞു. ഒരിക്കൽ ഹൃദയത്തിൽ കൊണ്ടു നടന്ന നീ മറ്റൊരാളുടെ സ്വന്തമാകുന്നത് ചിരിയോടെ നോക്കി നിന്ന ആയിരങ്ങൾക്കിടയിൽ ഞാനുമുണ്ടായിരുന്നു. അന്ന് നിന്റെ മുഖത്ത് കണ്ട സന്തോഷമാണ് ഞാനായിട്ട് ഒരിക്കലും നിന്റെ സന്തോഷം കളയില്ല എന്ന തീരുമാനത്തിലെത്തിച്ചത്. കാരണം നമ്മൾ ഇഷ്ടപ്പെടുന്നവർ സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നതാണ് യഥാർത്ഥ സന്തോഷം അതറിയാത്ത മന്ദബുദ്ധികളാണ് എനിക്ക് കിട്ടിയില്ലല്ലോ എന്ന് വിലപിച്ചു നടക്കുന്നത്. പക്ഷേ ലഹരിയുടെ ലോകത്ത് നിന്ന് കര കരകയറാനാകത്ത വിധം ഞാൻ വീണു പോയിരുന്നു. പപ്പയും അമ്മച്ചിയും ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.. അന്നുമിന്നും എനിക്ക് ഉപദേശം എന്ന് കേട്ടാൽ ഭ്രാന്ത് പിടിക്കും. പപ്പ ദേഷ്യപ്പെടുമ്പോൾ അമ്മച്ചി അന്നും എന്നെ രക്ഷിച്ചു പോന്നിരുന്നു... അതിന് പപ്പ അമ്മച്ചിയോട് വഴക്കുണ്ടാക്കും.. അന്നൊരു ദിവസം,!"
നിർത്താതെ സംസാരിച്ചത് കൊണ്ട് തൊണ്ട വരണ്ടു ബിനോയ് ശക്തമായി ഒന്ന് ചുമച്ചു. ബിൻസി ഉടൻ തന്നെ ഒരു ഗ്ലാസ്സിൽ വെള്ളം പകർന്നു നൽകി. ആർത്തിയോടെ അത് വാങ്ങി കുടിച്ച ബിനോയ് ഗ്ലാസ് വീണ്ടും നീട്ടി. ബിൻസി വീണ്ടും നിറച്ചു. ഇതുവരെ ആരോടും തുറന്ന് സംസാരിക്കാതെ ഇരുന്ന ബിനോയ് കുറച്ചു ആശ്വാസവാനായി കാണപ്പെട്ടു. അതാവാം ഒട്ടും താമസിക്കാതെ തന്നെ ബിനോയ് തുടർന്നത്.
" അന്നൊരു ദിവസം രാത്രിയിൽ എപ്പോഴോ വീട്ടിൽ വന്നു കയറിയ ഞാൻ ഉറങ്ങാതെയിരിക്കുന്ന പപ്പയെയും അമ്മച്ചിയെയും കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു ഇന്ന് കുറെ ഓഞ്ഞ ഉപദേശം കേൾക്കേണ്ടി വരുമെന്ന്. പ്രതീക്ഷ തെറ്റിയില്ല, പപ്പ തുടങ്ങി. കുറച്ചുനേരം കേട്ടു നിന്ന എനിക്കും കലി കയറി, ഞാനും തിരിച്ചു പറഞ്ഞു. എന്റെ ജീവിതം ഞാൻ എനിക്ക് തോന്നിയത് പോലെ ജീവിക്കും എന്നെ ഉപദേശിക്കാൻ ഒരാളും വരണ്ട. പപ്പയ്ക്ക് കലി കയറി എന്നെ അടിക്കാനായി മുന്നോട്ട് വന്നു. ഞാൻ പിടിച്ചൊരു തള്ള് തള്ളി. വീണ്ടും അടുത്തേക്ക് വന്നപ്പോഴാണ് മേശപ്പുറത്തിരുന്ന കത്തി കയ്യിലെടുത്തത് പേടിപ്പിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. എന്നിട്ടും അടിച്ച പപ്പയെ അപ്പോഴത്തെ ദേഷ്യത്തിൽ ആഞ്ഞു കുത്തി. ഇടയിലേക്ക് പാഞ്ഞു കയറിയ അമ്മച്ചിയാണ് ആ കുത്തേറ്റു വാങ്ങിയത്. എന്നെ ജീവനെപ്പോലെ സ്നേഹിച്ച എന്റെ പൊന്നമ്മച്ചി എന്റെ ഈ കൈ കൊണ്ട്. " ഭ്രാന്തമായ രീതിയിൽ ബിനോയ് അലറി കരഞ്ഞു...
കേട്ടു കൊണ്ടിരുന്ന ബിൻസിയുടെ പകപ്പ് മാറിയിരുന്നില്ല. പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ പകച്ചുപോയ ബിൻസി ഉടൻ എഴുന്നേറ്റ് ബിനോയിയുടെ മുമ്പിൽ മുട്ടു കുത്തിയിരുന്നു ആശ്വസിപ്പിക്കാൻ ശ്രമിച്ചു തോളിൽ മെല്ലെ തൊട്ടതും ബിനോയ് ബിൻസിയുടെ നെഞ്ചിലേക്ക് വീണു കരഞ്ഞു. കൊച്ചു കുട്ടിയെ പോലെ ഏങ്ങിയേങ്ങി കരയുന്ന ബിനോയിയെ നോക്കി ബിൻസി ഒരുനിമിഷം സ്‌തബ്‌ധയായി ഇരുന്നു പോയി
പക്ഷേ പേരറിയാത്തൊരു ഉൾപ്രേരണയിൽ ബിൻസി ബിനോയിയെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു പുറത്തു മെല്ലെ തലോടി. ഏതാനും നിമിഷങ്ങൾ, കരച്ചിൽ ഒന്നടങ്ങി എങ്ങലുകൾ മാത്രമായപ്പോൾ ബിൻസിയുടെ കരവലയത്തിൽ നിന്നും കുതറി മാറി ബിനോയ് വീണ്ടും ചുമരിൽ ചാരിയിരുന്നു. ഇരു കൈയുടെയും വിരലുകൾ ലക്ഷ്യമില്ലാതെ തലയിൽ ഓടി കളിച്ചു കൊണ്ടിരുന്നു.
" പാപിയാണെടി ഞാൻ, കൊടും പാപി... നിനക്കറിയുമോ ബിൻസി ? എന്റമ്മ അവസാനമായി എന്നോട് പറഞ്ഞ വാക്കുകൾ ? അപ്പൻ പാവമാണെടാ , അപ്പനെ നോക്കണം എന്ന്. ' അമ്മച്ചീ ' എന്നു വിളിച്ചു കരഞ്ഞ എന്നെ അമ്മച്ചിയെ ഒന്നു തൊടാൻ പോലും പപ്പ അനുവദിച്ചില്ല പകരം മേശപ്പുറത്തിരുന്ന ഒരു പേപ്പർ എന്റെ നേരെ വലിച്ചെറിഞ്ഞു. എസ് ഐ ടെസ്റ്റ് പാസ്സായി എന്നറിയിച്ചു കൊണ്ടുള്ള ഉത്തരവ് ! അന്നത്തെ ആ ഉപദേശം, ഇനിയെങ്കിലും ഞാൻ നന്നായി ജീവിക്കുവാൻ വേണ്ടി അവർ നടത്തിയ അവസാന ശ്രമമായിരുന്നു. പക്ഷേ അതെന്റെ അമ്മച്ചിയെ !!!
കൊച്ചു കുഞ്ഞിനെ പോലെ അമ്മച്ചിയെ കെട്ടിപ്പിടിച്ചു വാവിട്ട് കരയുന്ന പപ്പയെ മിഴിച്ചു നോക്കിയിരുന്നപ്പോൾ തന്നെ എന്റെ തലച്ചോറിനുള്ളിൽ വണ്ടുകൾ മൂളാൻ തുടങ്ങിയിരുന്നു.
കരച്ചിലിനിടയിലൂടെ എന്നെ ' ശപിക്കുന്ന ' പപ്പയെ ഞാൻ കണ്ടു, എന്നോട് ' ഓടി രക്ഷപെടുവാൻ ' പറയുന്ന പപ്പയെ കണ്ടു, ' എനിക്കിനി ആരുമില്ലേ ' എന്നലറി കരയുന്ന പപ്പയെ കണ്ടു.' ഇനിയെങ്കിലും മനുഷ്യനായി ജീവിക്ക് ' എന്നപേക്ഷിക്കുന്ന പപ്പയെ കണ്ടു.
ഇതെല്ലാം കേട്ടുകൊണ്ട് ' മരിച്ചു കിടക്കുന്ന അമ്മച്ചി ' 'പുഞ്ചിരിക്കുന്നതും, കരയുന്നതും, ദേഷ്യപ്പെടുന്നതും, പരിഭവിക്കുന്നതും കണ്ടു.
മരവിച്ചു പോയ എന്റെ കണ്മുമ്പിൽ ഇടവിട്ട് വന്നിരുന്ന ഇരുളിനും വെളിച്ചത്തിനുമിടയിൽ അപ്പൻ കുറ്റമേറ്റെടുത്ത് ജയിലിലേക്ക് പോകുന്നതും ഞാൻ കണ്ടു.
അമ്മച്ചി പള്ളി പറമ്പിൽ ഉറങ്ങാൻ പോകുമ്പോൾ മാത്രം ' എന്നേം കൂടി കൊണ്ടു പോ അമ്മച്ചീ എനിക്ക് തന്നെയിരിക്കാൻ പേടിയാകുന്നു. ' എന്ന് പറഞ്ഞു ഞാൻ ഉറക്കെ കരഞ്ഞു. ആരൊക്കെയോ എന്നെ ബലമായി പിടിച്ചു.
പിന്നീട് ഏതൊക്കെയോ ആശുപത്രികൾ എന്തൊക്കെയോ ചികിത്സകൾ ഇടയിൽ എല്ലാം ഓർമ്മയിൽ വന്നു .. പക്ഷേ ഈ ഭ്രാന്തിന്റെ ലോകം അതെനിക്ക് ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല. തോന്നുമ്പോൾ കരയാം തോന്നുമ്പോൾ ചിരിക്കാം ആരെയും പേടിക്കണ്ട ആരെയും ഗൗനിക്കണ്ട. അമ്മയെ കൊന്നവന് ജീവിക്കാൻ തന്നെ അർഹതയില്ല. ഈ നരകം. ഇതെനിക്ക് വേണം. ഓരോ ഷോക്കിലും ഞാൻ എന്നെത്തന്നെ മറന്ന് പൊട്ടി ചിരിക്കാറുണ്ട്. ഇത് ഞാൻ എനിക്ക് തന്നെ വിധിക്കുന്ന ശിക്ഷയാണ്. മാപ്പില്ലാത്ത തെറ്റിനുള്ള ശിക്ഷ."
പറഞ്ഞു നിർത്തിയ ബിനോയിയുടെ മുഖഭാവം മാറുന്നതും ആ മുഖത്തേക്ക് ഒരുപാട് ഭാവങ്ങൾ ഒരുമിച്ചു വരികയും ചെയ്യുന്നത് കണ്ട ബിൻസി ഉടൻതന്നെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട സെഡേഷന്റെ ഇഞ്ചക്ഷൻ കയ്യിൽ കരുതിയിരുന്നത് ബിനോയിയുടെ കയ്യിൽ കുത്തി വെച്ചു. കൈത്തണ്ടയിലേക്ക് കയറുന്ന സൂചിയിലേക്കും ബിൻസിയുടെ മുഖത്തേക്കും മാറി മാറി നോക്കിയ ബിനോയിയുടെ കണ്ണുകൾ വാടാൻ തുടങ്ങിയപ്പോൾ ബിൻസി മെല്ലെ ബിനോയിയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കട്ടിലിലേക്ക് കിടത്തി. മയക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്ന ബിനോയിയുടെ തലയിൽ തഴുകിക്കൊണ്ടു അവന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.
" ഇല്ല, ഒന്നുമില്ല, ഉറങ്ങിക്കോ. നിന്റെയുള്ളിൽ കെട്ടി കിടന്നതെല്ലാം നീ ഒഴുക്കി കളഞ്ഞിരിക്കുന്നു. ഇനി നിനക്കെന്നു പറഞ്ഞു സ്വന്തമായി താലോലിക്കുവാൻ ദുഃഖങ്ങളില്ല. ഉറങ്ങി എഴുന്നേൽക്കുമ്പോൾ നീ പുതിയൊരാളായിട്ടുണ്ടാകും."
ഉറങ്ങുന്ന ബിനോയിയെ പുതപ്പിച്ചു മുറിയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരുന്മേഷത്തിൽ ബിൻസിയുടെ മനസ്സ് നിറഞ്ഞിരുന്നു.
പക്ഷേ അടുത്ത നിമിഷം അതണഞ്ഞു !
അവിടെ എല്ലാം കേട്ടു കൊണ്ട് നിൽക്കുന്ന ജീന!
പെട്ടെന്ന് ബിൻസിയെ കണ്ട ജീന അവിടെ നിന്ന് ഒന്ന് പരുങ്ങി. ബിൻസിയും പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് കുഴങ്ങി. ജീനയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ബിൻസി ശ്രദ്ധിച്ചു.
ഒന്നും മിണ്ടാതെ ബിൻസി ജീനയെ മറി കടന്ന് മുന്നോട്ട് പോകാൻ തുടങ്ങിയപ്പോഴാണ് ജീന പെട്ടെന്ന് ബിൻസിയുടെ കയ്യിൽ കയറി പിടിച്ചത്.
" ബിനോയിയെ എനിക്ക് തന്നു കൂടേ !?"
മുഖവുരയില്ലാത്ത ആ ചോദ്യത്തിൽ ബിൻസി അമ്പരന്നു പോയി! അത് മനസ്സിലാക്കിയ ജീന തന്നെ തുടർന്നു.
" പഠിക്കുമ്പോൾ മറ്റു പെൺകുട്ടികളെ പോലെ തന്നെ ബിനോയിയെ എനിക്കും ഇഷ്ടമായിരുന്നു.
പക്ഷേ ഉറ്റ കൂട്ടുകാരിയായ നിന്റെയുള്ളിലും അവനായിരുന്നു എന്നറിഞ്ഞപ്പോൾ ഇത്തിരി വേദനയോടെ ഞാനത് മറക്കാൻ ശ്രമിച്ചു. മറക്കാൻ ശ്രമിക്കുന്ന ഒന്നാണ് കൂടുതൽ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുക എന്ന കാര്യം നിനക്കറിയാമല്ലോ.
ഒരുപക്ഷേ എന്റെ പ്രാർത്ഥനയ്ക്കായിരുന്നിരിക്കും കൂടുതൽ ശക്തി... നിങ്ങൾ അകന്നു പോയപ്പോഴും നിന്റെ വിവാഹം കഴിഞ്ഞപ്പോഴും ഏറ്റവുമധികം സന്തോഷിച്ചത് ഞാനായിരുന്നു... എന്നെങ്കിലും ഒരിക്കൽ അവനെ എനിക്ക് സ്വന്തമായി ലഭിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് കൺവെട്ടത്ത് നിന്നും മാറാൻ അനുവദിക്കാതെ ഇവിടെ തന്നെ കാത്തിരുന്നതും.
വിദേശത്തേക്ക് തന്നെ എത്രയോ അവസരങ്ങൾ, നീ തന്നെ എത്ര തവണ വിളിച്ചു പക്ഷേ എനിക്ക് അതിലുമൊക്കെ വലുതായിരുന്നു അവൻ. അവസാനം എല്ലാം ഒരു കരയ്ക്ക് അടുക്കാൻ അവസരം കിട്ടിയപ്പോൾ നീ വീണ്ടും.
നിനക്ക് സ്വന്തമായി ഭർത്താവും കുഞ്ഞുങ്ങളുമുണ്ട് എനിക്ക് അവൻ മാത്രമേയുള്ളൂ. സത്യം പറയാമല്ലോ ബിൻസി നിന്റെ ആശ്വസിപ്പിക്കലും അവന്റെ കെട്ടിപ്പിടിക്കലും ഒക്കെ കണ്ടപ്പോൾ എനിക്ക് നിന്നെ കൊല്ലാനുള്ള കലി വന്നു. അപേക്ഷിക്കുകയാണ് ഞാൻ... എനിക്കവനെ വിട്ടു തരണം. " കൈ കൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞവസാനിപ്പിച്ച ജീനയെ കെട്ടിപ്പിടിക്കുകയാണ് ബിൻസി ആദ്യം ചെയ്തത്.
" അയ്യേ, എന്താ പെണ്ണേ ഇത് ? കുഞ്ഞു കുട്ടികളെ പോലെ. എനിക്ക് അങ്ങനെയൊന്നുമില്ല. അവന്റെ കരച്ചിൽ കണ്ടപ്പോൾ ഒരമ്മയ്ക്ക് മോനോട് തോന്നുന്ന ഒരു വാത്സല്യം. അത്രയേ ഉള്ളൂ. അതിനാണോ നീ ? അയ്യേ മോശം, കാന്താരി പെണ്ണായ നീയാണോ ഇങ്ങിനെ കിടന്നു കരയുന്നത്.കണ്ണു തുടച്ചേ. ഇത്രയും കാലം അവനു വേണ്ടി കാത്തിരുന്ന നീയല്ലാതെ പിന്നെ ആരാ മോളെ അവന് ചേരുക. നമുക്കെല്ലാം ശരിയാക്കാം. നീ വന്നേ. അയ്യേ ഒരു കുഞ്ഞു കൊച്ചു വന്നിരിക്കുന്നു. " സംസാരം കേട്ട ജീന കണ്ണു തുടച്ചെങ്കിലും മുഖത്ത് കല്ലിച്ച ഭാവമായിരുന്നു.
" എനിക്കൊരു ഉപകാരം കൂടി നീ ചെയ്യണം." ജീന പറഞ്ഞത് കേട്ട ബിൻസി ചോദ്യഭാവത്തിൽ ജീനയെ നോക്കി...
ജീന തുടർന്നു.
" കഴിയുമെങ്കിൽ നീയിവിടെ നിന്ന് ജോലി രാജി വെയ്ക്കണം. " ബിൻസി ഒന്ന് ഞെട്ടിയമ്പരന്നു
ജീന അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
" ഒരുപാട് കാത്തിരിപ്പുകൾക്കൊടുവിലാണ് കൺ ചിമ്മാതെ നോക്കി പരിപാലിച്ചിരുന്ന നക്ഷത്രം എന്റെ കയ്യിലൊതുങ്ങുന്ന വിധത്തിൽ കിട്ടിയിരിക്കുന്നത്. ഇനി ഞാനവന് നൽകുന്ന സ്നേഹവും പരിചരണവും വഴി എന്റെ സ്വന്തമാക്കാം എന്ന ആത്മവിശ്വാസം എനിക്കുണ്ട്. പക്ഷേ ഇവിടെ നീയുണ്ടെങ്കിൽ അതൊരിക്കലും നടക്കില്ല. അതുകൊണ്ട് ദയവ് ചെയ്ത്... "
ബിൻസി ഒന്നും പറഞ്ഞില്ല...
" പെട്ടെന്ന് വേണ്ട. വേറൊരു ജോലി എത്രയും വേഗം ശരിയാക്കി മാറുന്നത് വരെ തുടർന്നോളൂ. പക്ഷേ അതുവരെ അവനെ കാണാനോ ആ ഭാഗത്തേക്ക് പോകാനോ പാടില്ല." ജീനയുടെ കൂട്ടിച്ചേർക്കൽ കേട്ട് ബിൻസി മെല്ലെ തലയാട്ടി.
പിന്നീടെന്തോ രണ്ടുപേർക്കും പരസ്പരം ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
പതിവ്പോലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ കൈ വീശി റ്റാറ്റ തന്നിരുന്ന ജീനയുടെ അന്നത്തെ റ്റാറ്റ വീശൽ കണ്ടപ്പോൾ ഇനിയിങ്ങോട്ട് തിരികെ വരരുതെന്ന് വിലക്കുന്നത് പോലെ ബിൻസിക്ക് തോന്നി.
പക്ഷേ അതിനും ഒരുപാട് മുന്നേ ബിൻസി രാജിക്കത്ത് എഴുതി കൊടുത്തിരുന്നു.
ജീന പോലും അറിയാതെ.
പകൽ ഉദിച്ചു നിന്നിരുന്ന സൂര്യൻ മെല്ലെ മറയുവാൻ തുടങ്ങി. പ്രതീക്ഷകൾ പൂവണിയുന്ന ഒരു പുത്തൻ പുലരിയിൽ വീണ്ടുമുദിക്കാനായി മാത്രം.
തുടരും...
ജയ്സൺ ജോർജ്ജ്

Read all published parts here - https://www.nallezhuth.com/search/label/Nakshathram

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot