Slider

പുസ്തക പരിചയം - 2 - മഞ്ഞവെയിൽമരണങ്ങൾ

0
Image result for മഞ്ഞവെയിൽമരണങ്ങൾ
മഞ്ഞവെയിൽമരണങ്ങൾ by ബെന്യാമിൻ

Written by Rahul Raj, Nallezhuth Admin
ബെന്യാമിൻ എന്ന എഴുത്തുകാരനെ വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആട് ജീവിതം എന്ന ഒരൊറ്റ കൃതി കൊണ്ട് തന്നെ വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് അദ്ദേഹം. ഈ അടുത്ത് ഇന്ത്യയിലെ ഏറ്റവുമുയർന്ന സമ്മാനത്തുകയുള്ള പുരസ്‌കാരമായ JCB അവർഡിന് അർഹനാകുക വഴി അദ്ദേഹം വീണ്ടും മലയാള സാഹിത്യത്തെ ഉയരങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്ന ഒരു കൃതിയാണ് 'മഞ്ഞ വെയിൽ മരണങ്ങൾ'
ഡീഗോ ഗർഷ്യ എന്ന രാജ്യത്ത് വെച്ച്‍ ക്രിസ്റ്റി അന്ത്രപ്പേർ എന്നയാൾ തന്റെ സഹപാഠിയായ സെന്തിൽ കൊല്ലപ്പെടുന്നത് നേരിട്ട് കാണുന്നു. പക്ഷെ വേറെ ആരും തന്നെ അങ്ങനെ ഒരു കൊലപാതകം നടന്നതായി സമ്മതിക്കുന്നില്ല. ആ കൊലപാതകം നടന്നതാണെന്നു തെളിയിക്കാൻ ക്രിസ്റ്റി ശ്രമിക്കുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. തികച്ചും വ്യത്യസ്തവും ആസ്വാദ്യകരവുമായ ആഖ്യാന ശൈലിയാണ് ബെന്യാമിൻ ഈ കൃതിയിൽ സ്വീകരിച്ചിട്ടുള്ളത്. വാസ്കോഡ ഗാമ കേരളത്തിൽ എത്തിയ ചരിത്രകാലം മുതൽ സോഷ്യൽ മീഡിയ കയ്യടക്കി വെച്ചിരിക്കുന്ന വർത്തമാന കാലം വരെ ഒരേ രസച്ചരടിൽ ബെന്യാമിൻ കോർത്തിണക്കിയിരിക്കുന്നത് കാണാം. അത്ഭുതകരം എന്നെ അതിനെ വിശേഷിപ്പിക്കാൻ കഴിയു.
ഈ നോവൽ വായിച്ച് കഴിഞ്ഞതും മനസ്സ് ഉന്മാദം നിറഞ്ഞ ഒരു മായിക ലോകത്തിൽ പറന്നു നടക്കുകയാണ്. ഒട്ടനേകം ചോദ്യ ചിഹ്നങ്ങളിൽ തൂങ്ങി അത് ഡീഗോ ഗർഷ്യയിലൂടെയും ഉദയംപേരിലൂടെയും ക്രിസ്റ്റിയെയും സെന്തിലിനെയും അന്ത്രപ്പേർ കുടുംബത്തെയും വല്യേടേത്ത് വീട്ടിനെയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
ബെന്യാമിന്റെ ആട് ജീവിതം പച്ചയായൊരു എഴുത്തായിരുന്നെങ്കിൽ ഇത് അതിനു നേർ വിപരീതമാണ്. ഫിക്ഷനെ അതിന്റെ പാരമ്മ്യത്തിൽ എത്തിച്ച് അത് യാഥാർഥ്യമാണ് എന്നു വായനക്കാരനെ വിശ്വസിപ്പിക്കിന്നു. അതിനായി കഥാകാരൻ തന്നെ കഥാപാത്രമാകുന്നു. എഴുത്ത് പൂർത്തിയാകുന്നത് വായനക്കാരിലൂടെയാകണം എന്ന് എഴുത്തുകാരന് നിർബന്ധ ബുദ്ധി ഉള്ളത് പോലെ. വായിച്ച് കഴിയുമ്പോൾ പലയിടത്തും അപൂർണ്ണത അനുഭവപ്പെട്ടേക്കാം. ആ അപൂർണ്ണത തന്നെയാണ് നോവലിന്റെ, വായനയുടെ സൗന്ദര്യം.
ആട് ജീവിതം വായിച്ച് കഴിഞ്ഞപ്പോൾ നജീബ് എന്ന കഥാപാത്രമായിരുന്നു കൂടെ വന്നിരുന്നത് എങ്കിൽ ഇവിടെ മുഴുവൻ കഥാപാത്രങ്ങളും കഥാസന്ദര്ഭങ്ങളും ബാക്കിയാവുകയാണ്. വായനക്ക് ശേഷവും വായനക്കാരനെ നോവലിലേക്ക് മടക്കി വിളിക്കുകയാണ് എഴുത്തുകാരൻ. ബെന്യമിൻറെ ഏറ്റവും മികച്ച രചന എന്നു തന്നെ മഞ്ഞ വെയിലിനെ വിശേഷിപ്പിക്കാം.
മഞ്ഞവെയിൽ മരണങ്ങൾ സമ്മാനിച്ചത് വായനയുടെ പുതു ജീവിതമാണ്. നട്ടുച്ചയ്ക്ക് വെയിൽ ചൂടേറ്റിരിക്കുമ്പോൾ വന്നു പെയ്തൊരു മഴ, രാവും പകലും മുഴുവൻ നിന്നു പെയ്ത് ഇന്നിപ്പോൾ തോർന്നിരിക്കുകയാണ്. പക്ഷെ മനസ്സിൽ ആ മഴ ഒരിക്കലും പെയ്ത് തീരില്ലെന്നു തീർച്ചയാണ്.
#ഞാൻ_നനഞ്ഞ_മഴകൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo