നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്പീഡ്

Image may contain: Saji M Mathews, smiling, selfie and closeup
നൂറ് ...... നൂറ്റിപ്പത്ത് ... നൂറ്റി ഇരുപത് ... പുതിയ വേഗങ്ങൾ കീഴടക്കാൻ പ്രലോഭിപ്പിക്കുന്നവയാണ് ഓരോ ബൈക്ക് യാത്രയും.ഹൈവേയിലൂടെ ബൈക്ക് ഓടിക്കുന്നത് സുഖകരമായൊരു അനുഭൂതിയാണ്.
വേഗതകൊണ്ടും ഒരൽപ്പം റിസ്കെടുത്ത് വെട്ടിയൊഴിഞ്ഞും മുന്നിൽ പോകുന്ന വാഹനങ്ങളെ ഒന്നൊന്നായ് ഓവർ ടേക് ചെയ്ത് പോകുന്നത് ഒരു കമ്പ്യൂട്ടർ ഗെയിം കളിക്കുന്നത് പോലെ രസകരം.
സിരകളിൽ ലഹരിയായി നുരയുന്ന , ത്രസിപ്പിക്കുന്ന അനുഭവം. ഗിയറുകൾ മാറി മാറി കുതിക്കുമ്പോൾ എൻജിനിൽ നിന്നുയരുന്ന ശബ്ദ വ്യതിയാനങ്ങൾ ഒരു സിംഫണി പോലെ കാതിനിമ്പം പകരും.
ഞാൻ അതുപോലൊരു യാത്രയിലായിരുന്നു. ഉച്ചമയക്കത്തിനിടയിൽ കടന്നു വന്ന ഒരു മനോഹരമായ സ്വപ്ന സവാരി. അതിന്റെ രസം കെടുത്തി മൊബൈലിൽ അലാം അടിച്ചു. പതിയെ കണ്ണ് തുറന്നു. മുന്നിൽ അതി വേഗം കറങ്ങുന്ന ബൈക്കിന്റെ ചക്രം. അല്ല, അവ മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിന്റെ ഇതളുകളാണെന്ന് മെല്ലെ തിരിച്ചറിഞ്ഞു.
ഇന്ന് നാട്ടിലേക്ക് പോകാനുള്ളതാണ്. കോയമ്പത്തൂർ എറണാകുളം റൂട്ടിൽ .. ഒരു രണ്ടു മണിക്കൂർ കൊണ്ട് വീട്ടിലെത്തണം.
സെർവിസിന് കൊടുത്തിരുന്ന ബൈക്ക് വാങ്ങണം. പൊടുന്നനെ ബെഡിൽ നിന്നെഴുന്നേറ്റു .
വാഷ് ബേസിനിൽ മുഖം കഴുകി തലയിണയുടെ അടിയിൽ നിന്നും മൊബൈൽ ഫോൺ എടുത്തു.
ഡയൽ ഹിസ്റ്ററിയിൽ നിന്ന് KTM സർവീസ് സെന്ററിന്റെ നമ്പർ തിരഞ്ഞുപിടിച്ചു വിളിച്ചു.
"ഹലോ ..KTM സർവീസ് സെന്റർ "
"യെസ് സർ "
" മാഡം, ബൈക്ക് നമ്പർ TN 37 CX 1769 .. "
"പ്ളീസ് ഹോൾഡ് ... " ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആ പെൺകുട്ടിയുടെ ശബ്ദം വീണ്ടും -
" സർ യുവർ ബൈക്ക് ഈസ് ഗെറ്റിങ് റെഡി , യു ക്യാൻ ടേക്ക് ഡെലിവറി അറ്റ് ഫൈവ് ഫിഫ്റ്റീൻ . ടോട്ടൽ ബിൽ എമൗണ്ട് 2150/- വി വിൽ ബി ക്ലോസിങ് ലിറ്റിൽ ഏർലി ടുഡേ, സൊ പ്ളീസ് കം ഓൺ ടൈം "
"താങ്ക്സ് മാം "
വാച്ചിൽ നോക്കി , സമയം നാലര.
താമസിക്കുന്ന വീട്ടിൽ നിന്ന് നാലഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ പീളമേട് KTM സർവീസ് സെന്ററിലേക്ക്. ഒരു ഓട്ടോ പിടിച്ചാൽ പത്തോ പതിനഞ്ചോ മിനിട്ടു കൊണ്ടെത്താം.
നാട്ടിലെത്തുമ്പോൾ ധരിക്കാനായി കബോർഡിൽ നിന്ന് കുറച്ചു വസ്ത്രങ്ങൾ എടുത്തു ബാഗിൽ വെച്ചു. കൂടെ അനിയത്തിക്കു വേണ്ടി വാങ്ങിയ ചുരിദാർ പാക്കറ്റും.
BTech കോയമ്പത്തൂരിൽ ആണ് പഠിച്ചത്. പഠനം കഴിഞ്ഞപ്പോൾ കൂടെ പഠിച്ച രംഗരാജനും എനിക്കും കോയമ്പത്തൂർ തന്നെയുള്ള ലക്ഷ്മി എഞ്ചിനീയറിംഗ് വർക്സിൽ ജോലി കിട്ടി. ഞങ്ങൾ രണ്ടുപേരും ഒരു ചെറിയ വാടക വീട്ടിലാണ് താമസം.
ഇന്ന് മുതൽ നാല് ദിവസം ദീപാവലി ലീവ് ആണ്. അടുത്ത വെള്ളിയാഴ്ച്ചയെ ഇനി ജോയിൻ ചെയ്യേണ്ടതുള്ളൂ. രംഗരാജൻ ഇന്നലെരാത്രിയിൽത്തന്നെ ചെന്നൈയിലെ അവന്റെ വീട്ടിലേക്ക് തിരിച്ചു. നാട്ടിലേക്ക് പോകാൻ അവന്റെ ബൈക്ക് കടം വാങ്ങിയതാണ്. പ്രത്യുപകാരമെന്നോണം ഇപ്രാവശ്യത്തെ സർവീസ് ബിൽ ഞാൻ തന്നെ പേ ചെയ്തു കൊള്ളാമെന്നേറ്റൂ. നാലഞ്ച് മാസം കൂടി കഴിഞ്ഞ് ഒരു ബൈക്ക് സ്വന്തമായി വാങ്ങണം.
മുറി പൂട്ടി പുറത്തിറങ്ങി. എന്തോ മറന്നത് പോലെ... തിരികെ റൂം തുറന്നു. കട്ടിലിനടിയിൽ പൊടിപിടിച്ചു കിടന്നിരുന്ന ഹെൽമെറ്റ് എടുത്തു. കേരളത്തിലേക്കാണ് പോകുന്നത്. അവിടവിടെ പോലീസ് ചെക്കിങ് ഉണ്ടാകും. ഇവിടെ കോയമ്പത്തൂരിൽ അത്ര സ്ട്രിക്റ്റല്ല. അതുകൊണ്ട് വല്ലപ്പോഴുമേ ഹെൽമെറ്റ് വെക്കാറുള്ളൂ. ഹെൽമെറ്റ് കുറേ നേരം വെച്ചാൽ തല ചൊറിയുന്നത് പോലെ തോന്നും, പിന്നെ മുടി കൊഴിയുമോ എന്ന ഭയവും.
പുറത്തെത്തിയപ്പോൾ റോഡിനെതിർവശത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് കണ്ണോടിച്ചു . ഭാഗ്യം ബാലണ്ണൻറെ ഓട്ടോ, സ്റ്റാൻഡിൽ തന്നെയുണ്ട്. റോഡ് ക്രോസ്സ് ചെയ്ത് ഓട്ടോയുടെ അടുത്തെത്തിയപ്പോൾ ബാലണ്ണൻ വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. ഓടി ചെന്ന് ഓട്ടോയിൽ കയറി.
"ബാലണ്ണ .. പീളമേട് KTM ബൈക്ക് സർവീസ് സെന്ററിലേക്ക് വിട്ടോ ".
അപ്പോഴാണ് ശ്രദ്ധിച്ചത് ഓട്ടോയിൽ ഒരു പെൺകുട്ടി ഇരിക്കുന്നു. തനിക്ക് മുൻപേ അവൾ ട്രിപ്പ് വിളിച്ചതാവാം.
"അണ്ണാ സ്ലോ ചെയ്തോ .. ഞാൻ വേറെ വണ്ടിയിൽ വന്നോളാം"
"നീങ്ക ഉക്കാരുങ്ക തമ്പി.. ഇന്ത പാപ്പാവും അങ്കെ താൻ പോകണം.. ഓട്ടോ ചാർജ് പാതി കൊടുത്താ പോതും"
മലയാളികളോട് തമിഴിലും തമിഴരോട് മലയാളത്തിലും സംസാരിക്കുന്ന പാതി മലയാളിയായ പാലക്കാട്ടുകാരൻ ബാലണ്ണൻ പ്രശ്നം സോൾവ് ചെയ്തു.
ഓട്ടോ പുറപ്പെട്ടു. മൊബൈൽ റിങ് ചെയ്യുന്നു. വീട്ടിൽ നിന്നാണ്.
"ഡാ മോനൂ ... നീ എപ്പോഴാ വരുന്നേ " മമ്മയുടെ സ്വരം അനുകരിക്കാൻ ശ്രമിക്കുന്ന അനിയത്തി ലിൻസിയുടെ ശബ്ദം കാതിൽ വീണപ്പോൾ ചിരി വന്നു..
"ഡീ കുഞ്ഞാറ്റെ... നീ വെറുതെ അമ്മ കളിക്കല്ലേ ... "
"ചേട്ടായി ... മമ്മ ദേ അപ്പുറത്തിരുന്ന് മീൻ
നന്നാക്കുവാ .. മോൻ വരുമ്പോൾ വായ്ക്ക് രുചിയായി എന്തെങ്കിലും തരാൻ വേണ്ടി പാവം കുറേ നേരമായി അടുക്കളയിൽ പാടുപെടുന്നുണ്ട്, ചേട്ടായി എപ്പോഴെത്തുമെന്ന് വിളിച്ചു ചോദിക്കാൻ പറഞ്ഞു"
"മമ്മയോട് പറഞ്ഞേക്ക് മീൻ കറിയുടെ ചൂടാറും മുൻപേ ഞാനങ്ങെത്തുമെന്ന് "
"ഏത് ട്രെയ്നിലാ വരുന്നേ ചേട്ടായി ..."
"അത് ഞാനവിടെ വന്നിട്ട് പറയാം ..." ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു.
പ്ലസ് റ്റു വിലാണ് പഠിക്കുന്നതെങ്കിലും തനിക്കിപ്പോഴും അവൾ കുഞ്ഞാറ്റ തന്നെയാണ്. അവൾക്കും അങ്ങിനെ വിളിക്കുന്നതാണ് ഇഷ്ടം. ആള് വല്ലാത്ത വികൃതിയാണ്. മരിച്ചു പോയ പപ്പയുടെ തനിപ്പകർപ്പാണവൾ. അത് കൊണ്ടാവാം അവളുടെ കുസൃതികൾ കാണുമ്പോൾ മമ്മ പലപ്പോഴും ഈറൻ കണ്ണുകളോടെ ചിരിക്കാറുള്ളത്.
ഇന്ന് ബൈക്കിൽ ചെല്ലുമ്പോൾ അവർക്കൊരു സർപ്രൈസായിരിക്കും. മമ്മയ്ക്ക് ടുവീലർ എന്ന് കേട്ടാലേ പേടിയാണ്. പണ്ടെങ്ങോ മമ്മയുടെ ഒരു കസിൻ സ്കൂട്ടർ ആക്സിഡന്റിൽ മരിച്ചിട്ടുണ്ട്. പപ്പ പണ്ട് സ്കൂട്ടർ വാങ്ങാൻ ശ്രമിച്ചപ്പോളൊക്കെ മമ്മ അതിനനുവദിച്ചിരുന്നില്ല.
പക്ഷെ തനിക്കെപ്പോഴും ബൈക്ക് ഒരു വികാരമാണ്. ഒഴിവു ദിവസങ്ങളിൽ കൂട്ടുകാരോടൊത്ത് ചെറിയ ട്രിപ്പുകൾ സംഘടിപ്പിക്കാറുണ്ട്. ഊട്ടി, കൊടൈക്കനാൽ, സേലം .. കോയമ്പത്തൂരിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന ദൂരം. എല്ലാ ട്രിപ്പിലും ലീഡിങ് ബൈക്ക് എന്റേതാണ്.. കാരണം എന്റെ സ്പീഡ് തന്നെ.
“ഉങ്ക പേരെന്നാ അണ്ണാ ?" തൊട്ടരികിൽ നിന്ന് ഒരു സ്ത്രീ ശബ്ദം.
ഓട്ടോയിൽ തന്നെ കൂടാതെ ഒരു പെൺകുട്ടികൂടി ഉള്ള കാര്യം അപ്പോഴാണ് ഓർമ്മ വന്നത്. ഞാൻ തിരിഞ്ഞവളെ നോക്കി.
ഒരു പതിനെട്ട് വയസ്സ് പ്രായമുണ്ടാവണം. ഇരു നിറം, പഴകി തുടങ്ങിയ കടും നിറത്തിലുള്ള ചുരിദാറാണ് വേഷം. മുഖത്ത് ആവശ്യത്തിലധികം പൌഡർ. ചുണ്ടുകളിൽ ചുവപ്പ് ലിപ്സ്റ്റിക്ക്.
മുടിയിൽ മുല്ലപ്പൂ മാല. ഏതോ വിലകുറഞ്ഞ അത്തർ പൂശിയിട്ടുണ്ട്. ആകെപ്പാടെ ഒരു അവലക്ഷണം. എനിക്ക് അവളുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല. എങ്കിലും മനസില്ലാമനസോടെ പേര് പറഞ്ഞു.
"ഡേവിസൺ"
"നീങ്ക പേശുമ്പോത് എന്നോട അണ്ണൻ പേശണ മാതിരിയേ ഇരുന്തത് ... നീങ്കെ ഉങ്ക തങ്കച്ചികിട്ടെ താനേ ഇപ്പൊ പേശണത് ? "
ഞാൻ എന്റെ അനിയത്തിയോടോ മമ്മയോടോ ആരോട് വേണമെങ്കിലും സംസാരിക്കും, ഇതൊക്കെ ചോദിക്കാൻ ഇവളാരാ .
"ആമാം" അനാവശ്യ ചോദ്യത്തോടുള്ള അനിഷ്ടം പ്രകടമാക്കികൊണ്ടുതന്നെ ഒരൽപ്പം കടുത്ത സ്വരത്തിൽ സമ്മതിച്ചു.
പക്ഷെ അവൾ വിടുന്ന ലക്ഷണമില്ല, എന്റെ കയ്യിലെ ടെക്സ്റ്റൈൽ കവർ കണ്ടപ്പോൾ അവൾ വീണ്ടും ചോദിച്ചു
"ഇത് ഉങ്ക തങ്കച്ചിക്ക് വാങ്ങിന ഡ്രസ്സാ അണ്ണാ ? "
ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ട് മറുപടി പറയാതെ ഞാൻ എതിർദിശയിലേക്ക് നോക്കിയിരുന്നു.
ഒന്ന് രണ്ട് നിമിഷങ്ങൾ എന്തോ ആലോചിച്ചിരുന്നിട്ട് അവൾ ബാലണ്ണനോടായി തുടർന്നു.
"പോണ ദീപാവലിക്ക്, എന്നോട അണ്ണൻ ഒരു അഴകാന ചുരിദാർ വാങ്ങി കൊടുത്താര്.. " അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നി മറയുന്നത് കണ്ടു. ബാലണ്ണൻ മറുപടിയൊന്നും പറയാതെ ഓട്ടോ ഓടിച്ചുകൊണ്ടിരുന്നു
നഗരത്തിലെങ്ങും ദീപാവലിക്ക് വസ്ത്രങ്ങളും പടക്കവും മധുരപലഹാരങ്ങളും വാങ്ങാൻ വന്നവരുടെ തിരക്കാണ്. ഓരോ സിഗ്നലിലും വാഹനങ്ങളുടെ നീണ്ട നിര. വളരെ സാവധാനമാണ് ഓട്ടോ നീങ്ങികൊണ്ടിരുന്നത്. ഇടയ്ക്ക് അരുകിലിരുന്ന പെൺകുട്ടിയുടെ മൊബൈൽ ശബ്ദിച്ചു. അവൾ കാൾ അറ്റൻഡ് ചെയ്തു. മറു വശത്തുനിന്ന് ആരോ അവളെ ചീത്ത വിളിക്കുന്നത് അടുത്തിരുന്ന എനിക്ക് കേൾക്കാം.
"പക്കത്തില് വന്നിട്ടെൻ സാർ.. ഒരു അഞ്ചു നിമിഷം പോറുങ്കോ പ്ളീസ് " അവൾ ഫോണിൽ കെഞ്ചുന്നു.
അക്ഷമയോടെ അവൾ പുറത്തേക്ക് നോക്കി. ഓട്ടോ ഒരു സിഗ്നലിൽ നിറുത്തിയിട്ടിരിക്കുകയാണ്. മുൻപിൽ രണ്ടു കാറുകൾ തമ്മിൽ ഉരസ്സിയെന്നു തോന്നുന്നു. ഡ്രൈവർമാർ തമ്മിൽ വാക്കേറ്റം നടക്കുന്നു. മറ്റു ഡ്രൈവർമാർ ഹോൺ അടിച്ചുനോക്കി. പക്ഷെ തർക്കം ഉടനെ തീരുന്ന ലക്ഷണം കാണുന്നില്ല.
അവരുടെ വാഹനങ്ങൾ മാറ്റാതെ മുന്നോട്ട് പോകാനാകില്ല. ബാലണ്ണൻ ഓട്ടോയുടെ എൻജിൻ ഓഫ് ചെയ്തു. സമയം കടന്ന് പോകുന്നു, ഇനിയും വൈകിയാൽ ഒരുപക്ഷെ സർവീസ് സെന്റർ അടച്ചിട്ട് അവർ പോകും, ബൈക് ഡെലിവറി എടുക്കാൻ പറ്റിയെന്നു വരില്ല. ഇപ്പോഴേ സമയം അഞ്ചു കഴിഞ്ഞു. ഇനിയും ഒരു കിലോമീറ്റർ കൂടി പോകണം. എന്നേക്കാൾ തിടുക്കം ആ പെൺകുട്ടിക്കായിരുന്നു.
അവൾ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി. ബാഗിൽ നിന്ന് അൻപത് രൂപയെടുത്ത് ബാലണ്ണൻറെ നേരെ നീട്ടി.
"അണ്ണാ ഇനി നാൻ നടന്നേ പോയിട്റെൻ ... ലേറ്റാ ചെന്നാ അവങ്ക തിട്ടുവാങ്ക ..."
ബാലണ്ണൻ അവളുടെ കൈയ്യിൽ നിന്ന് പൈസ വാങ്ങിയില്ല..
"ഇനിയൊരിക്കൽ വാങ്ങിക്കോളാം, മോള് പൊയ്ക്കോളൂ "
അവൾ മടിച്ചുമടിച്ച് ആ നോട്ട് തിരികെ പേഴ്സിൽ വെച്ചു. എന്നിട്ട് വാഹനങ്ങളുടെ ഇടയിലൂടെ അതിവേഗം നടന്നു മറഞ്ഞു.
"ഏതാ ബാലണ്ണ ആ വെടക്ക് പെണ്ണ് ...? അവളുടെ ഓരോ അനാവശ്യ ചോദ്യങ്ങൾ ! എനിക്കങ്ങട് ചൊറിഞ്ഞു വന്നതാ.. "
ബാലണ്ണന് ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലെന്ന് തോന്നുന്നു. കുറച്ചു നേരത്തേക്ക്നിശ്ശബ്ദനായിരുന്നു . പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി.
"നമ്മ പക്കത്തു തെരുവിൽ പൂ വിറ്റു കൊണ്ടിരുന്ന വയസ്സായ ഒരു പാട്ടിയെ കണ്ടിട്ടുണ്ടോ. അവരുടെ കൊച്ചു മകളാണ്- പേര് ശ്രീദേവി, അപ്പൻ ചെറുപ്പത്തിലേ മരിച്ചുപോയി, കുറച്ചു വർഷങ്ങൾക്ക് മുൻപ് അമ്മയും. പാട്ടി പൂ വിറ്റും മറ്റുമാണ് ഇവരെ വളർത്തിക്കൊണ്ട് വന്നത്. നന്നായിട്ട് പഠിക്കുന്ന കുട്ടിയായിരുന്നു. തങ്കച്ചിയെ പഠിപ്പിക്കാൻ ഇവളുടെ അണ്ണൻ പഠിപ്പു നിർത്തി ഒരു വർക്ഷോപ്പിൽ വേലയ്ക്ക് പോയി. ഇവളെ അവന് ജീവനായിരുന്നു. ശരവണൻ, നല്ല പയ്യൻ ഒരു ചീത്ത സ്വഭാവവും ഇല്ലായിരുന്നു. കിട്ടുന്ന കാശുമുഴുവൻ തങ്കച്ചിക്ക് വേണ്ടി ചിലവാക്കും. പോണ ദീപാവലി ലീവിന് ഫ്രണ്ട്സിന്റെ കൂടെ ബൈക്കിൽ ശിവൻമല കോവിലിൽ പോയതാ, ഇത്തിരി സ്പീഡ് കൂടുതലായിരുന്നെന്നാ കേട്ടത്. ഒരു വളവിൽ വണ്ടി തെന്നി മറിഞ്ഞു. തലയ്ക്കും നട്ടെല്ലിനുമായിരുന്നു പരിക്ക്"
മുന്നിലെ വാഹനങ്ങൾ നീങ്ങിത്തുടങ്ങി, ഓട്ടോ സ്റ്റാർട്ട് ചെയ്ത് ബാലണ്ണൻ മെല്ലെ ഓടിച്ചു തുടങ്ങി.
"എന്നിട്ട് അവൻ ? "
"ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിൽസിച്ചു. ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. പക്ഷെ അവനിപ്പോഴും ശരീരം തളർന്ന് കിടപ്പാണ്, ഒരു ദിവസം പത്തെണ്ണൂറ് രൂപയുടെ മരുന്ന് വേണം ജീവൻ നിലനിൽക്കാൻ. അന്നവൻ മരിച്ചിരുന്നെങ്കിൽ ഇതിലും ഭേദമായിരുന്നേനെ. ഇതിപ്പോ അവന്റെ ചികിത്സക്ക് വേണ്ടി ഇവൾക്ക് കണ്ടവന്റെയൊക്കെ കൂടെ......" തുടർന്ന് പറയാനാകാതെ ബാലണ്ണൻ നിർത്തി. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.
അവൾ നടന്നു മറഞ്ഞ ദിശയിൽ എന്റെ കണ്ണുകൾ തിരഞ്ഞു. എന്റെ ശബ്ദം അവളുടെ അണ്ണന്റെ ശബ്ദം പോലെയെന്ന് പറഞ്ഞപ്പോളും, അനിയത്തിക്കുവേണ്ടി വാങ്ങിയ ചുരിധാറിനെക്കുറിച്ച് തിരക്കിയപ്പോളും അവളോട് ദേഷ്യം തോന്നിയതിൽ എനിക്ക് അതിയായ പശ്ചാത്താപം തോന്നി.
അങ്ങ് ദൂരെ ആൾക്കൂട്ടത്തിനിടയിലൂടെ അവൾ നടന്ന് പോകുന്നത് ഞാൻ കണ്ടു. കുപ്രസിദ്ധമായ ലോഡ്ജുകൾ നിറഞ്ഞ ആ തെരുവിലൂടെ ഏതോ ഒരപരിചിതനെ അനുഗമിക്കുന്ന ശ്രീദേവി. ഒരു പിൻവിളി കേട്ടിട്ടെന്നപോലെ അവൾ ഒന്ന് തിരിഞ്ഞു നോക്കി. ഒരു മിന്നൽപിണർ എന്റെ മനസ്സിലൂടെ കടന്നുപോയി. കാരണം അപ്പോളവൾക്ക് എന്റെ കുഞ്ഞാറ്റയുടെ മുഖഛായ ആയിരുന്നു.
ഞാൻ കണ്ണുകൾ ഇറുകെ അടച്ചു. എന്നിട്ടും മനസ്സിൽ നിന്ന് ആ കാഴ്ച്ച മാഞ്ഞു പോകുന്നില്ല.
ഓട്ടോ നിർത്തിയിട്ട് ബാലണ്ണൻ കണ്ണടച്ചിരിക്കുന്ന എന്നെ തൊട്ടുവിളിച്ചു.
"തമ്പീ .. സർവീസ് സെന്റർ വന്താച്ച് .."
ഞാൻ കണ്ണ് തുറന്നു. വലതുവശത്ത് കെടിഎം ഡ്യൂക്ക് സർവീസ് സെന്റർ. റോഡിനിടത് വശത്ത് ഒരു ടെക്സ്റ്റൈൽ ഷോറൂം. ഞാൻ ലഗേജ് ഓട്ടോയിൽ തന്നെ വെച്ചിട്ട് ആ ടെക്സ്റ്റൈൽ ഷോറൂമിലേക്ക് ചെന്നു. അനിയത്തിക്ക് വേണ്ടി വാങ്ങിയതിലും വിലപിടിപ്പുള്ള മനോഹരമായ രണ്ട് ചുരിദാറുകൾ വാങ്ങി. തിരികെ വന്ന് ഓട്ടോയിൽ കയറി ..
പേഴ്സിൽ നിന്ന് കുറച്ചു പണം എടുത്തു.
"ഈ ചുരിദാറുകൾ ആ കുട്ടിക്ക്, ശ്രീദേവിക്ക് കൊടുക്കണം. പത്തിരുപത് ദിവസത്തേക്ക് അവളുടെ അണ്ണന് മരുന്ന് വാങ്ങാനുള്ള പണവുമിതിലുണ്ട്. അവളോട് ഈ ദീപാവലിക്കെങ്കിലും സന്തോഷത്തോടെ അണ്ണനരികിൽ ഇരിക്കാൻ പറയണം. "
ബാലണ്ണൻ നിറഞ്ഞ സന്തോഷത്തോടെ അവ വാങ്ങി.
*****************************************
സമയം രാത്രി പത്തരകഴിഞ്ഞു, ഞാനിപ്പോൾ വീട്ടിലേക്കുള്ള യാത്രയിലാണ്..
മമ്മയുടെ കാൾ….
" ആഹാരത്തിന്റെ ചൂടാറും മുമ്പ് വരാമെന്ന് പറഞ്ഞിട്ട് നീ ഇപ്പൊ എവിടെയാ മോനൂ ..."
"ചൂടൊരൽപ്പം കുറഞ്ഞാലും ആ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന് രുചിയൊട്ടും കുറയില്ല മമ്മി. ലേശം വൈകിയിട്ടാണെങ്കിലും ഞാൻ തീർച്ചയായും വീട്ടിൽ എത്തും "
ട്രെയിൻ അപ്പോൾ എറണാകുളം സ്റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു.
The End.....
By
Saji M Mathews
16/11/18

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot