Slider

റോസി

0
......
റോസിയെ എനിക്കിഷ്ടമായിരുന്നു.
വെളുത്ത രോമങ്ങൾ ഉള്ള ശരീരം. തളർന്നു മടങ്ങിയ ചെവികൾ .വെളുത്ത കണ്ണുകൾ. നേർത്ത ശരീരം.അവളുടെ മുൻ കാലുകൾ വളഞ്ഞതായിരുന്നു. എങ്കിലും റോസിയെ എനിക്കിഷ്ടമായിരുന്നു.
അവളെ ഞാനാദ്യം കാണുന്നതു നിലാവുള്ള ഒരു രാത്രിയിലായിരുന്നു. വടക്കു പുറത്തെ ഗേറ്റിലിലെ അഴികൾക്കിടയിലൂടെ നിലാവെളിച്ചം വീണു കിടന്ന വഴിയെ നോക്കി നിൽക്കുമ്പോഴാണവൾ ഓടി വന്നത്. യജമാനൻ ഉറങ്ങിയതിനാൽ ആദ്യം ഞാൻ ഒന്നു മുരണ്ടു.. പിന്നെ ശക്തമായി കുരച്ചു.
അവൾ കുരച്ചില്ല. ഗേറ്റിനരികിൽ വന്നെന്നെ ഒന്നു നോക്കി. വളഞ്ഞ മുൻ കാലുകൾ പിണച്ചു വച്ചു തല മുന്നോട്ടാക്കി കിടന്നു. വെളുത്തു തിളങ്ങുന്ന കണ്ണുകളാൽ എന്നെ നോക്കി പിന്നെ വാലാട്ടി..
റോസീ.... ഇങ്ങു ബാ.....
ഏതോ ഒരു വിളി അകലെ കേട്ടു ഞാൻ. ഒരു നിമിഷം എന്നെ ദയനീയമായി ഒന്നു നോക്കി വളഞ്ഞ കാലുകളാൽ അവൾ ഓടിയകന്നു..
ഞാൻ വെറുതെ അവളകന്നു പോയ വഴികളിലേക്കു നോക്കി കിടന്നു.. അടുത്ത ദിവസങ്ങളിലൊന്നും ഞാൻ റോസിയെ കണ്ടതേയില്ല.. വലിയ മതിൽ കെട്ടിനുള്ളിൽ രാത്രിയിൽ ഓടിനടക്കുമ്പോഴും പുറത്തൊരനക്കം കേട്ടു കാതോർക്കുമ്പോഴും ഞാനവളെ പ്രതീക്ഷിച്ചു.. പക്ഷെ അവൾ വന്നില്ല.
എന്റെ ജോലി രാത്രിയിലാണ്. പകൽ മുഴുവൻ കൂടിനുള്ളിൽ ഞാൻ മയക്കത്തിലാവും. യജമാനൻ രാത്രിയിലാണെത്തുക. അടുക്കള വാതിലടയും മുൻപ് ഒരു വലിയ പാത്രത്തിൽ എന്റെ പങ്കെത്തും. സ്നേഹത്തോടെ ഞാനതു കഴിയ്ക്കും. സ്വതന്ത്രനാക്കുമ്പോൾ സന്തോഷപൂർവ്വം ഞാൻ മതിലിനകം മുഴുവൻ ഒന്നോടും. പൂമുഖത്തെ ചാരുകസേരയിലിരിക്കുന്ന യജമാനൻ എന്നെ അപ്പോഴേയ്ക്കും നീട്ടി വിളിച്ചിരിക്കും...
ബ്രൂസേ വാടാ......
ഓടി ചെന്നു ഞാനാ കാലുകളിൽ തല വയ്ക്കുമ്പോൾ യജമാനൻ എന്റെ ചെവികളിൽ തലോടും.. അപ്പോൾ ഞാൻ കണ്ണടച്ചു കിടക്കും..
പിന്നെ ഒറ്റയ്ക്കാവുമ്പോൾ ഇരുട്ടിലേക്കു നോക്കി കിടക്കും..
മതിലിനു പുറത്തെ പനിനീർ ചെമ്പകത്തിന്റെ ചില്ലകൾക്കിടയിലൂടെ ഒരു ചന്ദ്രക്കല യജമാനന്റെ വീടിന്റെ മുറ്റത്തെ നോക്കി ചിരിച്ചു നിന്ന രാത്രിയിൽ മുൻ ഗേറ്റിനരുകിൽ വളഞ്ഞ കാലുകളുമായി റോസി രണ്ടാമതും ഓടി വന്നു.
ഞാൻ ഒന്നു മുരണ്ടു.. അവൾ വാലാട്ടി ചിരിച്ചു...
ഗേറ്റിനകത്തു ഞാൻ .. അഴികൾക്കപ്പുറത്തവൾ..
ആ രാത്രി ഞങ്ങൾ കണ്ണുകൾ അന്യോനം നോക്കി കിടന്നു.. മുറ്റത്തു വിരിഞ്ഞു നിന്ന ഒരു റോസാ പൂവ് കാറ്റിൽ ഞങ്ങളെ നോക്കി തലയാട്ടി.
പിന്നെ എന്നും അതു പതിവായി..
യജമാനൻ ഉറങ്ങിക്കഴിഞ്ഞു ഇരുട്ടിലൂടെ അവൾ കിതച്ചു കൊണ്ടു ഓടി വരും.. ഗേറ്റിന്റെ അഴികൾക്കപ്പുറവും ഇപ്പുറവുമായി ഞങ്ങൾ ...
ചന്ദ്രനില്ലാത്ത ഏതോ ഒരു രാത്രി റോസി പുല്ലുപിടിച്ച വഴിയൂടെ വളരെ പതുക്കെ നടന്നു വന്നു. .. അവൾ വളരെ ക്ഷീണിതയായിരുന്നു. ഗേറ്റിനരികിൽ വന്നു വെളുത്ത കണ്ണുകൾ കൊണ്ടെന്നെ നോക്കി..
നിറഞ്ഞു നിന്ന കണ്ണുകൾ. തളർന്നു വളഞ്ഞ മുൻ കാലുകൾ. ഒന്നു മുരളുക പോലും ചെയ്യാതെ അവൾ..
ഞാൻ കണ്ണുകളാൽ ചിരിച്ചു..
പതിവുപോലെ മണ്ണിൽ അവൾ കിടന്നില്ല. അപ്പോൾ മരക്കൊമ്പിൽ ഏതോ കിളി ചിലച്ചു കൊണ്ടിരുന്നു. കുറച്ചു നേരം അവൾ ഇമവെട്ടാതെ എന്നെ നോക്കി നിന്നു.
ഞാൻ വാലാട്ടി എന്റെ സന്തോഷം അറിയിച്ചു.. അപ്പോഴേയ്ക്കും അവൾ
സാവധാനത്തിൽ ഇരുട്ടിലേക്കു നടന്നു തുടങ്ങിയിരുന്നു..
പിന്നെയവൾ വന്നില്ല.. ഒരിക്കൽ പോലും..
വെളിച്ചം വീണ ഇടവഴിയിലേക്കു നോക്കി പല രാത്രിയിൽ ഞാൻ കാത്തു കിടന്നു.
പല പകലുകൾ ഇരുണ്ടു വെളുത്തു.. പല പൂക്കൾ വിരിഞ്ഞു കൊഴിഞ്ഞു..
പക്ഷെ അവൾ വന്നില്ല..
നക്ഷത്രങ്ങൾ വിരിഞ്ഞ ഒരു രാത്രി...
വെളിച്ചം വീണു തിളങ്ങുന്ന പുൽനാമ്പുകൾ.. പനിനീർ ചെമ്പകത്തിന്റെ ചില്ലയിൽ ഏതോ പക്ഷി ഒറ്റയ്ക്കു പാടുന്നു...
സുന്ദരമായ ഈ രാത്രി റോസീ നീ എവിടെയാണ്...?
പുല്ലുപിടിച്ച വഴിയിലൂടെ ഓടി വരുന്ന നിന്റെ ആ രൂപം...
നിലാവിൽ തിളങ്ങുന്ന ആ വെള്ള കണ്ണുകൾ...
പറയാതെ പറയുന്ന കഥകൾ...
ഞാൻ അകലേക്കു എത്തി നോക്കി.. വഴി വിജനമായിരുന്നു..
കുളക്കരയിലെ പഞ്ഞി മരത്തിൽ ചിതറിയ മേഘങ്ങൾ പോലെ പഞ്ഞിക്കായകൾ കാറ്റിൽ പൊട്ടി പാറി നടന്നിരുന്നു.
കനം വച്ച നെഞ്ചുമായി മതിൽക്കെട്ടിൽ ഒന്നുറക്കെ കരയുവാനാവാതെ ഞാൻ മണ്ണിൽ അമർന്നു കിടന്നു.
...പ്രേം മധുസൂദനൻ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo