നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഊഹലകി ദൊരഗുണ ഗൊലുസാ .... അഥവാ-സജീവചരിതം

Image may contain: 1 person, beard

മുറ്റമടിക്കാനായി ഉമ്മറവാതിൽ തുറക്കുമ്പോൾതന്നെ അമ്മിണിയമ്മ കണികണ്ടത് മൂക്കറ്റമടിച്ചു വന്നു കോലായിൽ കോലമായ്ക്കിടക്കുന്ന സല്പുത്രൻ സജീവനെ.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതോടെ സജീവനെ പുണർന്നുകിടക്കുകയായിരുന്ന നിദ്രാദേവി അമ്മിണിയമ്മയുടെ പ്രഭാതഭേരി ഭയന്ന് ജീവനും കൊണ്ടോടി.
ഉറക്കഭംഗം നേരിട്ട സജീവൻ അവ്യക്തമായ ചില ശബ്ദവീചികൾ പുറപ്പെടുവിച്ചുകൊണ്ട് തൻറെ അനിഷ്ടം പ്രകടിപ്പിക്കുകയും സ്വന്തം ഹാർഡ് കോർ മാറ്റ് ബ്ലാക്ക് ഫിനിഷ്ഡ് ചന്തിയിൽ രണ്ടുമൂന്നു തവണ സ്കറാച്ച് ആൻഡ് വിൻ ട്രൈ ചെയ്ത് പരാജിതനാവുകയും ചെയ്തു.
ശേഷം മാതാശ്രീക്ക് പോകാനുള്ള വഴിയൊരുക്കിക്കൊണ്ട് വണ്ടി ലേശം ചുവരിനോടടുപ്പിച്ചു പാർക്കുചെയ്ത് തൻറെ മാന്യത കാണിച്ചു.
"ആ മുണ്ടെടുത്ത് ശരിക്കുടുക്കെടാ. നാണമില്ലാത്ത ജന്തു".
കാലത്തു തന്നെ മകന്റെ മാന്യത കണ്ടു വെറുത്ത മാതാവ് പ്രഭാതഭേരി ആരംഭിച്ചു. കൂടെ മുറ്റമടിയും.
കണിവെച്ചത് എടുക്കാറായിട്ടില്ലേ ?
കണ്ണാടിക്കു മുൻപിൽ നിന്ന് ഒരു പിടി പോൺഡസ് പൗഡർ എടുത്ത് മുഖത്തു തേച്ചു പിടിപ്പിക്കുന്നതിനിടെ അമ്മിണിയമ്മ മകന് വേയ്ക്കപ്പ് കാൾ നൽകി.
ഇന്നലെ വിളമ്പി വച്ച ചോറ് അതേപടി ഇരിപ്പുണ്ട് വേണമെങ്കി എഴുന്നേച്ചു വിഴുങ്ങിക്കോ.നാണമില്ലാത്ത ജന്തു.
കഞ്ഞിപ്പാത്രവുമായി ഓട്ടുകമ്പനിയിലേക്ക് പോകാനിറങ്ങിയ മാതാവ് പൊൻമകന് ഫൈനൽ വേക്കപ്പ് കാളിന്റെ കൂടെ ബ്രേക്ഫാസ്റ് മെനുവും കോംപ്ലിമെന്ററിയായി ഒരു ഒന്നൊന്നര പ്രാക്കും നൽകി നടന്നു പോയി.
പ്രാക്ക്,ചീത്തവിളി,ഉപദേശം തുടങ്ങിയവ പണ്ടേ ഓട്ടോറിജെക്ട് മോഡിൽ ആക്കിയിരുന്നതിനാൽ മാതാവിന്റെ പ്രാക്ക് സജീവനെ ബാധിച്ചതേ ഇല്ല. അത് കൊണ്ട് തന്നെ പ്രാകിക്കൊണ്ട് നടന്നുമറയുന്ന മാതാവിനെ ഒരു മുനിവര്യന്റെ മുഖഭാവത്തോടെ അയാൾ നിർന്നിമേഷനായി നോക്കിനിന്നു.
പ്രഭാതകിരണങ്ങൾ ഷിഫ്റ്റ് കഴിഞ്ഞു പോകാറാവുകയും പത്തുമണിക്ക് ചാർജ് എടുക്കേണ്ട ഉച്ചക്കിരണങ്ങൾ എത്തുകയും ചെയ്തപ്പോൾ സജീവന് ദൈവവിളി വരികയും അതൊരു ദീര്ഘനിശ്വാസമായി പിന്നാമ്പുറത്തൂടെ പ്രകൃതിയിലേക്കലിഞ്ഞു വിലയം പ്രാപിക്കുകയും ചെയ്തു.
ആ അസുലഭനിമിഷത്തിനു സാക്ഷ്യം വഹിക്കാനാകാതെ അവൻ സ്വന്തം നാസിക സുമാർ നൂറ്റെണ്പത് ഡിഗ്രി കിഴക്കോട്ട് തിരിച്ചു വച്ചു .
ശേഷം പാക്കെറ്റില് നിന്ന് ഒരുനുള്ള് ശംഭു കയ്യിലെടുത്ത് ഭക്തിപുരസ്സരം മൂലമന്ത്രമുരുവിട്ട് മൂലാധാരം മനസ്സിൽ സങ്കല്പിച്ചു കവിളിൽ സമർപ്പിച്ചു.
"ശംഭും സുഖം സുഖകരം ശോധനാമ്യകം ശോചനാലയം സമർപ്പയാമി..
മന്ത്രധ്വനിക്കിടെ അധോലോകത്തു നിന്നൊരു ശംഖുവിളികൂടെ പുറപ്പെട്ടപ്പോൾ സജീവൻ മെല്ലെ എഴുന്നേറ്റ് ഉദ്ദിഷ്ടകാര്യത്തിനായി തെക്കോട്ട് പോയി.
സുഖവിരേചനത്തിനുശേഷം പഴംചോർ പ്രാതലും ചെലുത്തി പുറത്തിറങ്ങിയ സജീവനെയും കാത്ത് ഒരു വാറണ്ട് നിൽപ്പുണ്ടായിരുന്നു. വെറും വാറണ്ടല്ല മിലിട്ടറി വാറണ്ട്.
എക്സ് മിലിട്ടറി രാമചന്ദ്രൻ അവർകൾ !
സജീവാ നീയൊന്നു വന്നേ ഒരു തെങ്ങ് വീടിനു മുകളിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുകയാണ് നമുക്കതൊന്നു വലിച്ചു കെട്ടണം.
അതിനെന്താ രാമേട്ടാ ഇപ്പൊ തന്നെ കെട്ടിയേക്കാം.ഞാനീ കൈലിയൊന്നു മാറ്റീട്ട് ഇപ്പൊ വരാം. അതും പറഞ്ഞു സജീവൻ അകത്തേക്ക് വലിഞ്ഞു.
പിന്നേ ! പണി ചെയ്യാനേ ഞാനെ .... അതും ഒരു പൈൻഡ് പോലും വെറുതെ തരാത്ത ഈ മൂരാച്ചിയുടെ വീട്ടിൽ !.മനസ്സിൽ തെറിയും പറഞ്ഞ് അടുക്കളവാതിൽ വഴി വേലികടന്നു ചാടിയത് വായും പൊളിച്ചു നിൽക്കുന്ന മിലിറ്റരിയുടെ മുൻപിൽ.
എനിക്ക് നിന്നെ അറീലെ മോനെ സജീവാ കളിക്കല്ലേ ..
മിലിട്ടറിപ്പിടിയിൽ അകപ്പെട്ട സജീവൻ ഒരു ഗതിയും കാണാതെ പണി തുടങ്ങി. കയറുകെട്ടാൻ തെങ്ങിലേക്ക് ഏന്തി വലിഞ്ഞു കയറുമ്പോളാണത് കണ്ടത്.
തെങ്ങിൻ മുകളിൽ നിന്ന് ഒരു പ്രത്യേക ആംഗിളിൽ നോക്കിയാൽ വെന്റിലേഷൻ വഴി കുളിമുറിയുടെ ക്ലിയർ വ്യൂ ! മാത്രമല്ല സ്പോട്ടിൽ അപ്പോൾ മിലിട്ടറിയുടെ ഭാര്യയും വില്ലേജ് ബ്യൂട്ടിയുമായ സൗദാമിനിയേടത്തിയുടെ നീരാട്ട് ലൈവ് സംപ്രേഷണവും നടക്കുന്നു.
ഇത്രയും വാസ്തുപരമായും ശാസ്ത്രീയമായും ആ കുളിമുറി നിർമിച്ച വാസ്തുശില്പി ഗോവിന്ദൻ മേസ്ത്രിയുടെ പാദാരവിന്ദങ്ങൾ സജീവൻ മനസ്സുകൊണ്ട് നമിച്ചു.
ഏകദേശം അരമണിക്കൂറുകൊണ്ട് കയറു വലിച്ചു കെട്ടി കൂലിയായി കിട്ടിയ ഹാഫ് ബോട്ടിൽ മിലിട്ടറി ത്രിഗുണൻ അങ്ങനെതന്നെ അണ്ണാക്കിലൊഴിച്ചു കടവിൽ ചെന്നിരുന്നു.
ഊഹലകി ദൊരഗുണ ഗൊലുസാ ....
മനസ്സിൽ സൗദാമിനിയൊരു തെലുങ്ക് നായികയായി ഡാൻസ് ചെയ്യുകയാണ്. വെറും ഡാൻസല്ല നല്ല കിടിലൻ ഐറ്റം ഡാൻസ്.
സന്ധ്യയായപ്പോ എഴുന്നേറ്റ് മെല്ലെ ഷാപ്പിൽ പോയി പതിവ് ക്വാട്ടയും കഴിച്ചു നേരെ വീട്ടിലേക്ക്.
നേരത്തെ വീട്ടിലെത്തിയ സജീവനെക്കണ്ട അമ്മിണിയമ്മ വല്ലാതായി.ഇവനിതെന്തു പറ്റി.!
സജീവന്റെ കഞ്ചാവടിച്ച പോലുള്ള മുഖഭാവം കണ്ടു പന്തികേട് തോന്നിയ അമ്മിണിയമ്മക്ക് കരച്ചിൽ വരാൻ തുടങ്ങി.
അവർ ഉടൻതന്നെ കമ്മ്യൂണിക്കഷൻ സെറ്റിംഗ് സോഫ്റ്റ് മോഡിലേക്ക് മാറ്റി ചോദിച്ചു. എന്നാ മോനെ സജീവാ നിനക്ക് പറ്റിയെ ?
നിക്ക് കല്യാണം കഴിക്കണം.
പഫ്‌ഫാ ....എരണം കെട്ടോനെ ...ഇതിനാണോ നീയീ നാടകം കളിച്ചേ. അമ്മിണിയമ്മ സെറ്റിംഗ് നോർമലാക്കി സുഭാഷിതം തുടങ്ങി.
പണിക്കും പോകാതെ ബാക്കിയുള്ളോള് വെയർത്ത് കൊണ്ട് വെര്ന്നത് തിന്നിട്ട് ജീവിക്കുന്ന നീ കല്യാണം കഴിക്കാത്ത കൊറവേ ഉള്ളൂ..
അമ്മിണിയമ്മ പ്രക്ഷേപണം തുടർന്നെങ്കിലും സജീവന്റെ മനസ്സിൽ തെലുങ്ക് സീൻ റിപ്ലേ മോഡിലായിരുന്നു.
ഊഹലകി ദൊരഗുണ ഗൊലുസാ ....
പാതിരയായിട്ടും കിടന്നിട്ടുറക്കം വരാതെ സജീവൻ ഒച്ചയുണ്ടാക്കാതെ പുറത്തേക്കിറങ്ങിനടന്നു സ്വപ്നത്തിലെന്നപോലെ.
നടന്നു നടന്നവസാനം ചെന്ന് നിന്നത് മിലിട്ടറി രാമചന്ദ്രൻറെ പറമ്പിൽ നേരത്തെ വലിച്ചു കെട്ടിയ തെങ്ങിൻ ചുവട്ടിൽ.
വാത്സല്യത്തോടെ അവനാ തെങ്ങിനെ ഒന്ന് തലോടി അങ്ങനെ നിന്നു.
മനസ്സിൽ നേരത്തെയുള്ള അതേ സോങ്.
ഊഹലകി ദൊരഗുണ ഗൊലുസാ .... നായിക സൗദാമിനി രാംചന്ദ്.
അവൻ മെല്ലെ മിലിട്ടറിയുടെ കിടപ്പുമുറിക്കരികിലെത്തി.
കൊളുത്തില്ലാത്ത ജനലുകൾ സജീവന്റെ ദൗത്യം എളുപ്പമാക്കി.
ഇരുട്ടിന്റെ മറവിൽ രണ്ടു യുവമിഥുനങ്ങൾ ..അല്ല മുതുമിഥുനങ്ങൾ സ്വപ്‌നങ്ങൾ കൈമാറുന്ന മങ്ങിയ കാഴ്ച. ഇത് കണ്ട സജീവൻ അറിയാതെ പാടി. മങ്ങിയ കാഴ്ചകൾ ...
അതെ സമയം പാതിരായ്ക്ക് ഉറക്കമുണർന്ന അമ്മിണിയമ്മ സൽപ്പുത്രനെക്കാണാതെ തിരയാൻ തുടങ്ങി.
വിവാഹത്തിന് സമ്മതിക്കാത്തതിനാൽ വല്ല കടുംകൈയും കാട്ടുമോന്ന് ഭയന്ന് നിലവിളിയും തുടങ്ങി
അയലക്കക്കാർ ഓരോരാളായി എത്തി. അവരോടൊക്കെ അമ്മിണിയമ്മ ഫുൾ സ്റ്റോറി റിപ്പീറ്റ് ചെയ്ത് കരയാനും പറയാനും തുടങ്ങി.
അതേസമയം മിലിട്ടറി ഏരിയയിൽ സജീവൻ നടത്തുന്ന ഭൂതലനിരീക്ഷണത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു ഒരു വേള ഡാറ്റാ പ്രോസസ്സിംഗ് യൂണിറ്റിന്റെ അമിതാധ്വാനം കാരണം നിരീക്ഷണസംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ജനാലക്കമ്പിക്കിടയിൽ തല കുടുങ്ങിയ അവസ്‌ഥ വരെ ഉണ്ടായി.
ദൃശ്യം വ്യക്തമല്ല മാത്രമല്ല ശബ്ദം വ്യക്തമാണ് താനും
അവസാനം ഒരു ദുര്ബലനിമിഷത്തിൽ സജീവൻ അത് ചെയ്തു.
അല്ല അവന്റെ ഭ്രാന്തിളകിയ മനസ്സ് അത് ചെയ്യിച്ചു.
കയ്യിലുള്ള മൂന്നുകട്ട എവെറെഡി ടോർച്ചിന്റെ കാഞ്ചി അങ്ങു വലിച്ചു. മുറിയിൽ... വെള്ളി വെളിച്ചത്തിൽ ..
ഊഹലകി ദൊരഗുണ ഗൊലുസാ ....
കാഴ്ച കണ്ട സജീവൻ ഉന്മാദാവസ്ഥായിലായി.
അയ്യോ കള്ളൻ ...സൗദാമിനി നിലവിളിച്ചെഴുന്നേറ്റു. അപ്പോഴാണ് താൻ ടോർച്ചു തെളിച്ചാണ് നിൽപ്പ് എന്ന് പോലും സജീവന് ബോധമുണ്ടായത്.
ആരെടാ അത് ? മിലിട്ടറി വാതിൽ തുറന്നു ചാടി വന്നു.
ചാടിയും വീണും ഇഴഞ്ഞും ഒരു പരുവത്തിൽ വീട്ടിലേക്കെത്തിയ സജീവന്റെ തല കറങ്ങി. വീട്ടിൽ നിറയെ നാട്ടുകാർ.
അമ്മയ്ക്കെന്തെങ്കിലും പറ്റിയോ എന്ന് ആലോചിക്കുമ്പോഴേക്കും ദര്ശനം വന്ന വെളിച്ചപ്പാട് വരുന്നപോലെ നിലവിളിച്ചുകൊണ്ട് അമ്മിണിയമ്മ പുറത്തേക്ക് ഓടിവന്നു മകനെ കെട്ടിപ്പിടിച്ചു.
നിനക്കത്രക്ക് പൂതിയുണ്ടെന്ന് അമ്മയറിഞ്ഞില്ലെടാ എന്തിനാടാ നീ ചാവാൻ പോയെ?
അമ്മ നടത്തിത്തരുമായിരുന്നല്ലോ മോനെ...
ഒരു നിമിഷം അമ്മിണിയമ്മ കവിയൂര്‍‍ പൊന്നമ്മയായി
ങേ ചാവാനോ ! ആര് ?
തള്ളക്ക് പ്രാന്തായോ !
ഒന്നും മനസ്സിലാകാതെ സജീവൻ അന്തം വിട്ടു നിൽക്കുന്നതിനിടയിൽ അവിടെ കയറിവന്ന മിലിട്ടറി രാമചന്ദ്രൻ വീട്ടിൽ കള്ളൻ കയറിയ കഥ ആരോടോ പറയുന്ന കേട്ടു. കല്യാണം നടത്തിക്കൊടുക്കാത്തതിന് സജീവൻ ചാവാൻ പോയ കഥ മറ്റെയാൾ മിലിട്ടറിക്കു തിരിച്ചും.
എല്ലാരും പോയി.
വിത്തിൻ ഡേയ്സ് ..അമ്മിണിയമ്മ ചെക്കന് കല്യാണം കഴിപ്പിച്ചു കൊടുത്തു.
അതിനൊരു ഗുണമുണ്ടായി സജീവൻ കള്ളുകുടി നിർത്തി. മാത്രമല്ല എപ്പോഴും വീട്ടിൽ തന്നെ കാണും. പക്ഷെ ഒരു കാര്യം. വീട്ടിൽ അരി വെക്കണമെങ്കിൽ അമ്മിണിയമ്മ ഓട്ടു കമ്പനില് പണിക്ക് പോണം.
അന്നും കാലത്തു പണിക്കുപോകാനിറങ്ങുമ്പോൾ മകനെ പതിവ് ചീത്ത പറയാൻ വേണ്ടി മുറിയിലേക്ക് ചെന്നപ്പോൾ അവർ ഒരു പാട്ടു കേട്ടു നാണത്തോടെ തിരിച്ചു വന്നു .
ഊഹലകി ദൊരഗുണ ഗൊലുസാ ....
ഇതി സജീവചരിതം സമാപ്തം
----------------------------------
©️വിജു കണ്ണപുരം
Copyright protected
24/11/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot