"എടീ അന്നക്കുട്ടി, അവള് ഹിന്ദുവും അവൻ നസ്രാണിയുമല്ലേ. പ്രേമിച്ചു നടക്കുന്ന കാലത്തൊക്കെ ഈ ജാതിയും മതവുമൊന്നും ഒരു പ്രശ്നവുമാകില്ല. എന്നാലേ ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോഴേ, ദിതൊക്കെ പ്രശ്നാ.ഒത്തു പോകാൻ പാടാവൂന്നേ. അവൻ വൈകീട്ട് കുടുംബപ്രാർത്ഥനയെത്തിക്കുന്നതു കണ്ടില്ലെങ്കിൽ ഞാൻ ചോദിക്കും.. നീ ഇപ്പൊ സത്യക്രിസ്ത്യാനി അല്ലേടാ ന്ന്", ജോർജ്ജൂട്ടി ഉറപ്പിച്ചു പറഞ്ഞു.
"നിങ്ങള്, രണ്ടീസം ഗ്രാനേറ്റ് ന്റെ കോൺട്രാക്ട് കാര്യത്തിനല്ലേ ബാംഗ്ലൂർക്കു പോകുന്നത്.അവിടെ പോവുന്ന സ്ഥിതിക്ക് അവരുടെ വീട്ടിൽ താമസിക്കാന്ന് പറഞ്ഞത് അവന്റെ മര്യാദ. നിങ്ങള് വെറുതെ അവരുടെ കാര്യത്തിലൊന്നും ഇടപെടേണ്ട.. അല്ല പിന്നെ. നിങ്ങളോടാ പറയുന്നത്. കേട്ടോ മനുഷ്യാ.."അന്നക്കുട്ടി പറഞ്ഞു.
....................................................................
"അല്ലടാ റോയി,ദെന്തൂട്ടാ ഈ രൂപക്കൂടിനുള്ളിൽ ഈശോയുടെയും മാതാവിന്റെയും പുണ്യാളന്മാരുടേം കൂടെ കൃഷ്ണനും ഗണപതിയുമൊക്കെ..ദെന്തൊരു ഏർപ്പാടാടാ ഇത്."ജോർജ്ജൂട്ടി അന്തം വിട്ടു.
റോയി അതു കേട്ട് ഉറക്കെ ചിരിച്ചു.
' ഒരുമിച്ചിരിക്കാൻ ദൈവങ്ങൾക്കും ബുദ്ധിമുട്ടില്ല. അവരെ ഒന്നിച്ചു കാണുന്ന ഞങ്ങൾക്കും പ്രശ്നമില്ല. മീര പള്ളിയിലും വരും. ഞാൻ അവളുടെ കൂടെ അമ്പലത്തിലും പോവും.നാട്ടിലെ പോലെ അല്ല, ഇവിടെ എല്ലാർക്കും അമ്പലത്തിൽ പോവാം. ദൈവങ്ങളൊക്കെ ഒന്നല്ലേ ചേട്ടാ '
"അവൾ 'നന്മ നിറഞ്ഞ മറിയമേ' ചൊല്ലും! അതു പോലെ രാത്രി കിടക്കുമ്പോൾ അവൾ പഠിപ്പിച്ചു തന്ന 'അർജുനൻ ഫൽഗുണൻ 'ഞങ്ങളൊന്നിച്ചു ചൊല്ലും.
ഇനി വല്ലതും അറിയണോ ചേട്ടാ ?? ഞങ്ങളിങ്ങനെയൊക്കെ തട്ടീം മുട്ടീം ജീവിച്ചു പോട്ടെന്ന്!!
ഇനി വല്ലതും അറിയണോ ചേട്ടാ ?? ഞങ്ങളിങ്ങനെയൊക്കെ തട്ടീം മുട്ടീം ജീവിച്ചു പോട്ടെന്ന്!!
"ചേട്ടൻ വന്നേ. മീരയുണ്ടാക്കുന്ന വറുത്തരച്ച കോഴിക്കറി ടച്ചിങ്സിന് സൂപ്പറാ."
"നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എനിക്കാണോ കുഴപ്പം. ആ അതു പോട്ടെ.നല്ല യാത്ര ക്ഷീണം!ഏതാടാ മൊതല്. മിലിറ്ററിയാണോ ?"ജോർജ്ജൂട്ടി പതുക്കെ എഴുന്നേറ്റു.
അടുക്കളയിൽ കോഴിക്കറിയുണ്ടാക്കുന്നതിനിടെ അപ്പുറത്തെ സംസാരം കേട്ട്, മീര പുഞ്ചിരിച്ചു.സന്തുഷ്ടജീവിതം നയിക്കുന്ന ഒരു കുടുംബിനിയുടെ എല്ലാ ഭാവവും തെളിഞ്ഞുകാണാമായിരുന്നു ആ പുഞ്ചിരിയിൽ.
By Aisha Jaice
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക