നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീട്ടിലെ കാഴ്ചകൾ


"മനുഷ്യനായാൽ കുറച്ചെങ്കിലും സ്നേഹം വേണം. ഭർത്താവ് ആണത്രേ ഭർത്താവ് "
എവിടുന്നാണീ അശരീരി?
ഹാളിൽ നിന്നാണല്ലോ. ശബ്ദം കേട്ട് നല്ല പരിചയം. വേറാരുമല്ല എന്റെ സ്വന്തം ഭാര്യ. ഞാൻ മറഞ്ഞു നിന്നു ഹാളിൽ ഇരുന്നു പിറുപിറുക്കുന്നവളുടെ കൈയിൽ പിച്ചാത്തി, വെട്ടുകത്തി മുതലായ മാരകായുധങ്ങളോ ഗ്ലാസ്‌, പ്ലേറ്റ്, തവി, മുതലായ എറിഞ്ഞു തലമണ്ട പൊട്ടിക്കാൻ ഉള്ള സാമഗ്രികളോ മറ്റൊ ഉണ്ടോന്നു നോക്കി. ഭാഗ്യം ഇതൊന്നുമില്ല.
ഞാൻ മെല്ലെ മെല്ലെ പൂച്ചയെ പോലെ പതുങ്ങി പതുങ്ങി അവളുടെ കയ്യെത്താ ദൂരത്തു ഒരു കസേര വലിച്ചിട്ടിരുന്നു. പേടിച്ചിട്ടാണെന്നു ഇപ്പൊ നിങ്ങൾ വിചാരിക്കും. ഹേയ് അങ്ങനെ അല്ല കേട്ടോ. ഒരു സേഫ്റ്റി. അവൾ എപ്പോളാ നാഗവല്ലി ആകുന്നതെന്നു ദൈവത്തിനു പോലും അറീല.
"എന്താ മോളെ കാര്യം? "ഭാര്യയെ ഇടക്കൊന്നു മോളെ എന്ന് വിളിച്ചത് കൊണ്ട് ഒരു ഭർത്താവും പെങ്കോന്തൻ ആകില്ല, സത്യം.
"മോള്...മിണ്ടരുത് നിങ്ങള് "
"അതെന്താ 144വല്ലോം ആണോ കൊച്ചേ? "
"എന്നാലും മനുഷ്യാ ഇത്രയ്ക്കു ദുഷ്ടൻ ആയിപ്പോയല്ലോ നിങ്ങള്.. അതെങ്ങനെ എന്നെ ഓർക്കാൻ നേരം ഇല്ലല്ലോ "
"ശ്ശെടാ.. നീ ഇതെന്തുവാ ഈ പറയുന്നേ.. ഞാൻ എന്നാ മറന്നെന്നാ? നിന്നെ ഓർക്കാഞ്ഞിട്ടാണോ ദിവസം മൂന്നു നേരം ഫോൺ ചെയ്യുന്നേ? "
"ഓ അത് ഞാൻ ഇവിടെ തന്നെ ഉണ്ടോന്നു നിങ്ങൾ ടെസ്റ്റ്‌ ചെയ്യുന്നതല്ലേ "? "ഫേസ്ബുക്കിലെ അവിഹിതം കണ്ടു കണ്ട് നിങ്ങൾക്കെന്നെ ഇപ്പൊ സംശയം അല്ലെ മനുഷ്യാ? "
"ശ്ശോ.. ഇവളി പറഞ്ഞത് സത്യമല്ല എന്നതിൽ സത്യമില്ല. എനിക്ക് നല്ല പേടിയുണ്ട് എനിക്ക് മാത്രമല്ല തൊണ്ണൂറ് ശതമാനം ഭർത്താക്കന്മാർക്കും ചെറിയ ഉൾഭയം ഉണ്ട്. വെറുതെ അങ്ങനെ പോകുകേലല്ലോ ഈ പണ്ടാരങ്ങളൊക്കെ? നമ്മളെ കൊന്നെച്ചല്ലേ പോകുള്ളൂ.? എന്നാലും സമ്മതിച്ചു കൊടുക്കില്ല.
"അയ്യേ സംശയമോ എനിക്കൊ? "
"ഹേയ്.. ഒരു പുണ്യാളൻ... പിന്നെന്തിനാ മനുഷ്യാ വീട്ടിലാണെന്നു പറയുമ്പോൾ വീഡിയോ കാളിൽ വരാൻ പറയുന്നേ.. രാവിലെ കണ്ടിട്ടല്ലിയോ അങ്ങോട്ട്‌ പോകുന്നെ? "
ഈശ്വര ഇവൾക്ക് ഒടുക്കത്തെ ബുദ്ധിയാ അല്ലേലും പെണ്ണല്ലേ വർഗം..,
"അതൊക്കെ പോട്ടെ നീ എന്തിനാ ഇപ്പൊ ദേഷ്യപ്പെടുന്നെ? കാര്യം പറ "
"അത്‌ പോലും ഓർമയില്ലെങ്കിൽ ഇനി എന്നോട് മിണ്ടണ്ട "
അവൾ അകത്തേക്ക് ചവിട്ടി തുള്ളി ചൽ ചൽ.
ഇവളുടെ പിറന്നാൾ ആണോ? ഹേയ്, അത് കഴിഞ്ഞ മാസം ആയിരുന്നു. രണ്ടു പവന്റെ മാലയും വാങ്ങിച്ചെടുത്തു. ഇനിയിവളുടെ അച്ഛന്റെ വല്ലോം "? അതോ ഇനി ഞാൻ വല്ല വാക്കും കൊടുത്തോ? ദൈവമേ ഒന്നും ഓർക്കുന്നില്ലല്ലോ
"എടിയേ ഞാൻ ഒന്ന് പുറത്തു പോവാണേ നിനക്ക് വല്ലോം വാങ്ങണോ? "
"ആ വേണം കുറച്ചു വിഷം. "
ഞാൻ ബൈക്ക് എടുത്തു പറന്നു. ഇനി നിൽക്കാതിരിക്കുന്നതാ തടിക്കു നല്ലത്
"നീ നല്ലോണം ആലോചിച്ചേ.. നിങ്ങളുടെ വെഡിങ് ആനിവേഴ്സറി വല്ലോം ആണോ? "
എന്റെ ചങ്ങാതിയാണ് കേട്ടോ ഇവൻ എന്നേക്കാൾ മുന്നേ കല്യാണം കഴിഞ്ഞതാ. അതിന്റെ ഒരു എക്സ്പീരിയൻസ് ഉണ്ട്.
."അതടുത്ത മാസമാ"ഞാൻ പറഞ്ഞു
"ശ്ശോ ഇനി നീ സിനിമ കാണിക്കാം എന്ന് വല്ലോം പറഞ്ഞോ "
"അയ്യോ കായംകുളം കൊച്ചുണ്ണി... അവളോടുക്കത്തെ ലാലേട്ടൻ ഫാൻ ആണെടാ. ഈശ്വര ഞാൻ മറന്നു പോയി "എന്റെ തലയിൽ ബൾബ് കത്തി
"അത്‌ നിവിൻപോളിയല്ലേ? "അവന്റെ സംശയം
"ആണോ? ആ എന്തേലും ആകട്ടെ.. എടാ താങ്ക്സ് ട്ടാ ഞാൻ പോയി സോപ് ഇടട്ടെ ഇനി മാറ്റിനിക്ക് പോകാം "
ഞാൻ ചെല്ലുമ്പോൾ അവൾ വാഴ മൂട്ടിൽ.
തലയിണമന്ത്രം റീലോഡഡ്
"ശോഭേ ഞാൻ ഒരു തമാശ പറയട്ടെ? "
അവൾ പിച്ചാത്തി കൊണ്ട് ഇല മുറിക്കുന്നു.
"എന്തോന്നാ? "
പിച്ചാത്തിഎന്റെ നേരെ.
തമാശ ക്യാൻസൽഡ്.
"എടി സിനിമയ്ക്ക് പോകുന്ന കാര്യം ല്ലേ ഞാൻ മറന്നത്? "വാ പോകാം "
അവളെന്നെ ഒരു നോട്ടം.. ഇപ്പൊ അവളുടെ മുഖം കണ്ടാൽ പൊമറേനിയൻ പട്ടിക്കുട്ടിയെ പോലുണ്ട്.
"എന്റെ ദൈവമേ, നിങ്ങളെ ഞാൻ കൊല്ലും നോക്കിക്കോ. വാ ഇങ്ങോട്ട് "
എന്റെ കൈയിൽ പിടിച്ചു അവളകത്തേക്ക്
"നാട്ടുകാരെ എന്നെ കൊല്ലാൻ കൊണ്ട് പോകുന്നെ എന്നലറിയാലോ?
ഇല മേശയിൽ വെച്ചു. എന്നെ അതിന് മുന്നിൽ പിടിച്ചിരുത്തി വിളമ്പി തുടങ്ങി.
ഇഞ്ചി നാരങ്ങ മാങ്ങാ.... സദ്യ
"ഓണം വല്ലോം ആയോ? "ഞാൻ കലണ്ടർ നോക്കി.
"എന്റെ മുത്തല്ലേ സസ്പെൻസ് ഇടല്ലേ പറ "ഞാൻ അവളെ ചേർത്ത് പിടിച്ചു. അവളുടെ മുഖത്തു ഒരു നാണച്ചിരി
"അതോ...നമ്മളാദ്യമായി കണ്ട ദിവസം ആണിന്ന് ... എന്റെ കൂട്ടുകാരിയുടെ കല്യാണത്തിന് എന്റെ തൊട്ടടുത്ത് അല്ലാരുന്നോ നിങ്ങളു കഴിക്കാനിരുന്നത് .?
ഞാൻ പപ്പടം കഴിക്കാതെ വെച്ചിരിക്കുന്ന കണ്ട് "കുട്ടിക്ക് വേണ്ടേൽ ഞാൻ എടുത്തോട്ടെ?എനിക്കിതു വലിയ ഇഷ്ടം ആണെന്ന് "പറഞ്ഞതോർമ്മയില്ലേ? ആ നിഷ്കളങ്കമായ ചോദ്യമാ എനിക്കാദ്യം ഇഷ്ടം ആയെ. പിന്നെ നിങ്ങളും അമ്മയും കൂടെ വന്നു കല്യാണം ആലോചിച്ചു.. "
"ശരിയാണല്ലോ "ഞാൻ ചമ്മലോടെ ചിരിച്ചു
നിങ്ങളെന്റെ തലേൽ കേറിയ ദിവസം ആണ് മനുഷ്യാ ഇന്നു "അവൾ വീണ്ടും ചിരിക്കുന്നു
എനിക്ക് കുഞ്ഞു വിഷമം തോന്നി കേട്ടോ
പാവം.
എന്നാലും ഞാൻ അത്‌ തമാശയാക്കി
"എടിയേ ഈ ദുരന്തം നടക്കുന്ന ദിവസങ്ങൾ ഞാൻ ഓർത്ത് വെക്കാറില്ല കേട്ടോ "ഞാൻ അവളുടെ അടിയിൽ നിന്നു ഒഴിഞ്ഞു കൊണ്ട് പറഞ്ഞു
അവൾ നീട്ടിയ ഒരു ഉരുള ചോറ് വായിൽ വെച്ചു ചവയ്ക്കുമ്പോൾ... എന്റെ കണ്ണൊന്നു നിറഞ്ഞു.കാരണം നമ്മൾ ആണുങ്ങൾ ഇത്തരം കാര്യങ്ങൾ ഒക്കെ സൗകര്യപൂർവം മറക്കും. പക്ഷെ ഇവർക്കിതൊക്ക വലിയ കാര്യമാണ്. കാരണം അവരുടെ ലോകമേ നമ്മളാണ്.അത് കൊണ്ടാണ് കുഞ്ഞു കാര്യങ്ങൾക്കു പിണങ്ങുന്നതും വഴക്കിടുന്നതും. ഞാൻ നേരെത്തെ പറഞ്ഞത് തിരിച്ചെടുത്തു കേട്ടോ. എല്ലാ ഭാര്യമാരും ഒരു പോലല്ല. നമ്മളെ ദൈവം പോലെ കരുതുന്നവരും ഉണ്ട്.

by-- ammu santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot