നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രഹസ്യങ്ങളുടെ രഹസ്യം



~~~~~~~~~~~~~~
" ടാ നിനക്കൊരു കാര്യം അറിയോ....??? "
ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ ബെഞ്ചിൽ ഒപ്പമിരിക്കുന്ന അന്ത്രപ്പൻ എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ആന്റണിയോട് ആ ചോദ്യം ചോദിച്ചത്.
" ആദ്യം നീ കാര്യം പറയ് എന്നിട്ട് അറിയോന്നു ചോദിക്ക്...? "
ഈ ഭൂമിയിലെ എന്തിനെ കുറിച്ചു ചോദിച്ചാലും ഉത്തരമുള്ള ഇല്ലെങ്കിൽ ഉത്തരം ഉണ്ടാക്കി പറയുന്ന അവന്റെ ആ ഉത്തരം കേട്ടപ്പോഴാണ് ഞാനും അത് ചിന്തിച്ചത്. അത് ശരിയാണല്ലോ. കാര്യം പറയാതെ അവനെങ്ങിനെ അറിയാനാണ്. അങ്ങിനെ ഞാൻ ആ രഹസ്യം പരസ്യമാക്കാൻ തീരുമാനിച്ചു.
" ഞാനൊരു കാര്യം പറഞ്ഞാൽ നീ ഞെട്ടരുത്. കുറെ നാളുകളായുള്ള എന്റെ നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ ഞാൻ കണ്ടു പിടിച്ചതാണ്. "
" ഇല്ലെടാ സ്വന്തം നിഴൽ പോലെ നിനക്കെന്നെ വിശ്വസിക്കാം... ഞാൻ ആരോടും പറയില്ല. നീ പറ പറ..."
എന്നോട് ഒന്നൂടെ ചേർന്നിരുന്നു കുശുമ്പ് പറയുന്ന അയലോക്കക്കാരെ പോലെയുള്ള രഹസ്യം കേൾക്കാനുള്ള അവന്റെ ആ ഇന്ററസ്റ്റ് കണ്ടപ്പോ എനിക്കും ആവേശമായി.
" അതേ... ഈ സൂര്യനും ചന്ദ്രനും ഒക്കെ ഭയങ്കര നാണക്കാരണെടാ...അതുപോലെ തന്നെ ഭയങ്കര പേടിത്തൊണ്ടന്മാരും... നമ്മൾ അവരെ നോക്കിയാൽ അവർ പിന്നെ അനങ്ങില്ല. നമ്മടെ നോട്ടം മാറ്റിയാലെ അനങ്ങൂ..." ഞാൻ ഭയങ്കര അഭിമാനത്തോട് കൂടി പറഞ്ഞു.
ഇപ്പൊ കേൾക്കാം നീ ആള് പുലിയാണെന്നുള്ള പുകഴ്ത്തൽ... ഞാൻ ' കോരാനുള്ള ഒന്നരക്കിലോ കുളിരൊക്കെ ' റെഡിയാക്കി വെച്ചു കാത്തിരുന്നു... പക്ഷേ...
അത് കേട്ടവഴിക്ക് കുട്ടയ്ക്കുള്ളിലെ കൊട്ടടക്ക പോലെ ഒട്ടിയിരുന്നവൻ കുലുക്ക് കൊണ്ട പോലെ നീങ്ങിയിരുന്നു. ഞാൻ അമ്പരപ്പോടെ അവനെ നോക്കി.
" ഇതാണോ ഇത്ര വലിയ രഹസ്യം... ടാ പൊട്ടാ... അത് പേടി, നാണം ഒന്നുമല്ല.... സ്നേഹം കൊണ്ടാണ് സ്നേഹം... നീ ഒന്ന് നടന്നു നോക്കിക്കേ അവരും ഒപ്പം നടക്കുന്ന കാണാം... നിന്റെ പറച്ചില് കേട്ടപ്പോ ഞാൻ കരുതി ഏതേലും പെൺപിള്ളേരുടെ ലൈനടി കേസാണെന്നു... ഹും "
നിരാശനായ ഭാവത്തോടെ അവനത് പറഞ്ഞപ്പോൾ അത്രേം സമയം പാഴാക്കി ഞാൻ കണ്ടുപിടിച്ച മഹത്തായ കണ്ടുപിടിത്തമാണ് തോട്ടിലൂടെ അഴുകിയ ചാള ഒഴുകി പോയ പോലെ വളഞ്ഞും പുളഞ്ഞും ഒഴുകി പോയത് സൂർത്തുക്കളെ....
ഇനിയിപ്പോ അവൻ പറഞ്ഞ പോലെ ശരിക്കും സ്നേഹം കൊണ്ടാകുമോ ഒരു തംശയം എനിക്കുമുണ്ടായി. സൂര്യനെ നോക്കി പരീക്ഷിക്കാൻ നിന്നാൽ കണ്ണ് കലവറയിലെ ബൾബ് പോലെയാകും എന്ന് ഏകദേശ ബോധ്യമുണ്ടായിരുന്നതിനാൽ പരീക്ഷണം പാവം ചന്ദ്രന്റെ നെഞ്ചത്താകാം എന്നു ഞാനുറപ്പിച്ചു.
വൈകിട്ട് അത്താഴം കഴിഞ്ഞു വരാന്തയിലേക്ക് വെറുതെ ഇറങ്ങിയപ്പോഴാണ് ഞാനത് കണ്ടത് ദാണ്ടേ മാനത്ത് ചന്ദ്രൻ... ആ പാൽപുഞ്ചിരിയിൽ സഞ്ജയ് മോനേ വരൂ എന്നെ പരീക്ഷിക്കൂ എന്നൊരു അഭ്യർത്ഥന എനിക്ക് തോന്നി.
നിന്നു നോക്കിയപ്പോൾ പുള്ളി അനങ്ങാതെ നിന്നു. ആടി നോക്കിയപ്പോൾ പുള്ളിയും ആടി. മെല്ലെ നടന്നപ്പോൾ പുള്ളിയും ഒപ്പം നടന്നു. അപ്പോഴാണ് ഇമ്മടെ കുരുത്തക്കേട് മൈൻഡിൽ എന്നാപ്പിന്നെ ചന്ദ്രനെ ഒന്നോടിച്ചാലോ എന്ന കുരുത്തം കെട്ട ചിന്ത വെർതെ വെർതെ ദിങ്ങനെ വന്നത്.
ഒട്ടും മടിച്ചില്ല മുറ്റത്തേക്കിറങ്ങി. ആ ഇന്റ്‌റെസ്റ്റിൽ എനിക്ക് രാത്രി പേടിയുണ്ട് എന്ന കാര്യം ഞാനങ്ങ് മറന്നോയി... അതെങ്ങിനെയാ നോട്ടം മുഴോനും മാനത്തല്ലേ... എന്നാലും ഇത്രേം സ്നേഹോള്ള ചന്ദ്രൻ...
ഇനിയിപ്പോ ഞാൻ ഓടിയാൽ നീ പോടാ പുല്ലേ എന്നു പറഞ്ഞു പുള്ളി ഓടാതെ നിൽക്കുമോ വീണ്ടും തംശയം... എന്നാപ്പിന്നെ പരീക്ഷിക്കുക തന്നെ... മെല്ലെ സ്പീഡ് കൂട്ടി നടന്നു പുള്ളിയും ഒപ്പം നടക്കുന്നുണ്ട്. മെല്ലെ ഓടി ... ആണ്ട് പുള്ളിയും ഓടുന്നു... എനിക്കാവേശം മൂത്തു... ഇത്തിരൂടി സ്പീഡ് കൂട്ടി... നിക്ക് മോനേ സഞ്ജയ് എനിക്കോടാൻ വയ്യാ ട്ടോ എന്ന് പുള്ളി പറഞ്ഞോ ആവോ... ഓടിയൊടി റോഡിലെത്തി... പക്ഷേ വേറൊരു ഗംഭീര കുഴപ്പം പറ്റി... മാനത്ത് നോക്കി ഓടിയത് കാരണം റോഡിന്റെ സൈഡിൽ കുഴിച്ച കുഴി വഴി മാറില്ല എന്ന കാര്യം ഞാനങ്ങ് മറന്നോയി...
പാവം കുഴിക്കറിയോ ഞാൻ പരീക്ഷണത്തിലാണെന്നു... അതിങ്ങനെ വായും പൊളിച്ചു തന്നെ നിന്നു. തലേം കുത്തി കുഴിയിലേക്ക് വീഴുന്ന ഇത്തിരി നിമിഷത്തിൽ അവിശ്വസനീയതോടെ ഞാനാ കാഴ്ച്ച കണ്ടു... കുഴിയിലെ ഇത്തിരി വെള്ളത്തിൽ ദേ ചന്ദ്രൻ... മൂപ്പര് ഇമ്മക്കും മുന്നേ അവിടെത്തി... എന്നാലും ഇത്രേം സ്നേഹമോ...
വീണെന്റെ വേദന കൊണ്ടാണോ ആ സ്നേഹം കണ്ടോണ്ടാണോന്നോ അറിയില്ല.... ഇമ്മടെ കണ്ണീന്ന് വെള്ളം വന്നു.... നല്ല അന്തസ്സായി ഡാം തുറന്നു വിട്ട മാതിരി വെള്ളം വന്നു. ഒപ്പം നല്ല അസ്സല് കാറിച്ചയും... ഞാൻ എന്നെത്തന്നെ പുകഴ്ത്തി പറയുകയാണെന്നു വിചാരിക്കരുത്... കാറിച്ച ഒന്നൊന്നര കാറിച്ച ആയിരുന്നു. ഈ ടെംപോയും ട്രാവല്ലറും ബാക്കി എല്ലാ സാധനങ്ങളും കിറുകൃത്യമായി ചേർന്ന കാറിച്ച... അപ്പുറത്തെ വീട്ടിലെ കറിയാച്ചേട്ടൻ കാറിച്ച കേട്ട് കഴിച്ചോണ്ടിരുന്നിടത്തൂന്നും കൈ പോലും കഴുകാതെ പാഞ്ഞു വന്നെന്നു പറയുമ്പോ നിങ്ങൾക്കൂഹിക്കാവല്ലോ അതിന്റെ ഒരു ഇത്... പക്ഷേ ആ അഭിമാനം അധികനേരം നീണ്ടു നിന്നില്ല...
" ശ്ശേ... നീയായിരുന്നോ കാറിച്ച കേട്ട് ഞാനോർത്തു വല്ല കാട്ടുപന്നിയും കുഴിയിൽ വീണതാണെന്നു... ഏച്ചു വീട്ടിപ്പോടാ... വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ടു... " കറിയാച്ചേട്ടന്റെ കലി മൂത്ത ഡയലോഗ്... അതോ കൊതി മൂത്തതോ... എന്തായാലും എന്തോ ഒന്ന് മൂത്തത് തന്നെ...
ഡിം... സ്മൂത്തായി ഓടി വന്ന ഓഡി കാർ സഡ്ഡ്ൻ ബ്രേക്കിട്ട മാതിരി ഇമ്മടെ കരച്ചിലാ നിന്നു.. വേറോന്നൊല്ല... കാഴ്ച്ച കാണാൻ വന്ന നാട്ടാരു മൂപ്പര്ടെ ഡയലോഗ് കേട്ടപ്പോ ഒടുക്കത്തെ ചിരി... മതി ഇന്നത്തെക്കുള്ളതായി ഇനി എണീറ്റ് വീട്ടിപ്പോകാന്ന് വിയാരിച്ച് എണീക്കാൻ നോക്കീപ്പോ ജമ്മണ്ടെങ്കിൽ പറ്റണില്ല... പുറമെ നല്ല വേദനയുണ്ടെങ്കിലും ഉള്ളിൽ ചെറ്യേ സന്തോഷം ഇപ്പേരും പറഞ്ഞു ഇനി രണ്ടു ദിവസം സ്കൂളിൽ പോണ്ടല്ലോ...
ആരണ്ടൊക്കെ കൂടി എന്നെ പൊക്കിയെടുത്തു നിവർത്തി നിർത്തിയപ്പോ ശരിയാ... അവിടേമിവിടേം വേറെവിടേം ഒക്കെ പെയിന്റ് പോയിട്ടുണ്ട്. ഹാവൂ സ്കൂളിൽ കാണിച്ചു കൊടുക്കാൻ തെളിവും ആയി... ' ഇതിൽപരമാനന്ദമിനിയെനിക്കെന്തു വേണം കണ്ണാ... ആലിലക്കണ്ണാ ' ആകാശത്തേക്ക് നോക്കിയപ്പോ ചന്ദ്രനും വെള്ളത്തിന്ന് കയറി. എന്നാലും ഇത്രേം സ്നേഹം എന്നോട് വേണ്ടായിരുന്നു. മെല്ലെ വീട്ടിലേക്ക് വലിയാൻ നോക്കിയതാണ്....
പക്ഷേ .... ഇട്ടിയേട്ടന്റെ പറമ്പിലെ ഇടിവെട്ട് കിട്ടിയ തെങ്ങ് പോലെ ദേ നിക്കണു രണ്ടാള്... അയ്‌ ഞാൻ അച്ഛനും അമ്മയും ആക്കിയ മുതലുകൾ. അതേന്ന്... ഞാൻ ജനിച്ചപ്പോഴാണല്ലോ അവർ അച്ഛനും അമ്മയും ആയത് അതുവരെ വെറും ഫാര്യ ഫർത്താക്കന്മാർ അല്ലാർന്നോ... അപ്പൊ ഞാനല്ലേ അവരെ അച്ഛനും അമ്മയും ആക്കിയത്.. ആൾ മക്കൾസ് നോട്ട് ദിസ് പോയിന്റ്... നാളെ നിങ്ങൾക്ക് മുഖത്ത് നോക്കി ചോദിക്കാനുള്ള ചോദ്യമാണ്. ആൾ അച്ഛനമ്മാസ് നോട്ട് ദിസ് പോയിന്റ്... നാളെ നിങ്ങൾക്ക് നേരിടേണ്ടി വരുന്ന ചോദ്യമാണിത്.
ആ നിൽപ്പിൽ ഞാൻ പന്തികേട് മണത്തു. എന്നെക്കാളേറെ ആ സിറ്റുവേഷനിൽ ഓടിയൊളിക്കാൻ ആഗ്രഹിച്ചത് എന്റെ ചന്തികളും തുടകളുമാണ്. കാരണം അവരാണ് അത്തരം സന്ദർഭങ്ങളിൽ അനുഭവിക്കാറും നേരിടാറുള്ളതും.
" എന്തെടാ പറ്റിയെ...??? " അച്ഛന്റെ ചോദ്യം... കുഴക്കുന്ന ചോദ്യം... ഉത്തരം കേട്ടാൽ നാട്ടാരു മൊത്തം പൊട്ടിച്ചിരിക്കും അച്ഛന്റെ കൈ വടി തേടും ഇമ്മടെ തുട... ഹോ ... സാധാരണ ഇത്തരം സന്ദർഭങ്ങൾ നേരിടാൻ വേണ്ടി ഞാൻ കരുതി വെച്ചിട്ടുള്ള ആ ബ്രഹ്മാസ്ത്രം എടുത്തങ്ങ് പ്രയോഗിച്ചു... ബോധം കെട്ടു വീഴുക എന്ന ആ അസ്ത്രം... എല്ലാരും എടുത്തോണ്ട് വീട്ടിൽ കൊണ്ടോയി കിടത്തും എന്നു ചിന്തിച്ച ഞാൻ ഊ... ഊഞ്ഞാല് പോലെ ആടിയാടി ദേ ഏതോ വണ്ടീല് കിടക്കുന്നു. എന്നെ കൊണ്ടൊകാനുള്ള നാട്ടുകാരുടെ ആത്മാർത്ഥ സ്നേഹം കണ്ടെന്റെ കണ്ണു നിറഞ്ഞു പോയി... അയ്‌ അവരൊക്കെ കേറി ഇരുന്നപ്പോ എനിക്ക് കേറാൻ സ്ഥലമില്ലാതെ പോയെന്നെ... പിന്നെ ആരണ്ടൊക്കെ ഇറങ്ങി മാറിയിട്ടാണ് എന്നെ വണ്ടിയിൽ കേറ്റിയത്... പിന്നെ ഭാഗ്യത്തിന് നിലവിളി ശബ്ദം ഇടേണ്ടി വന്നില്ല ആ റോൾ ഇമ്മടെ അമ്മ ഏറ്റെടുത്തു...
" ഒരു കുഴപ്പോല്ലാണ്ട് അത്താഴം കഴിഞ്ഞു കൈ കഴുകാൻ മുറ്റത്തേക്കിറങ്ങിയവനാണെ ഇപ്പൊ കിടക്കണ കിടപ്പ് കണ്ടോ..., കൈ വളരണോ കാൽ വളരണോ എന്ന് നോക്കി എല്ലാ കുരുത്തക്കേടിനും കൂട്ട് നിന്ന്...." സംഭവം അത്രേം എത്തിയപ്പോ ഞാൻ കയ്യെടുത്ത് വേണ്ട വേണ്ട എന്ന് വീശിക്കാട്ടി...
വേറൊന്നുമല്ല ഇനിയിപ്പോ കുരുത്തക്കേട് ലിസ്റ്റ് വായിച്ചാൽ നാട്ടാരുടെ മുമ്പിൽ ഞാൻ നോട്ട ആകും.
പക്ഷേ പിന്നേം പണി പാളി... " അയ്യോ ദേ എന്റെ മോൻ എനിക്ക് റ്റാറ്റ തരുന്നേ.. അയ്യോ എനിക്കിയാരുണ്ട്... ഇട്ടേച്ചു പോകല്ലേടാ.. " ഞാൻ വേഗം ആ പ്രക്രിയ നിർത്തി... ഏത് തെണ്ടിയാണാവോ ഈ റ്റാറ്റയ്ക്കും വേണ്ട എന്നതിനും ഒരേ ആക്ഷൻ കണ്ടുപിടിച്ചത്. അവനെയൊക്കെ....
ആശുപത്രിയിൽ എത്തി സുന്ദരമായ വണ്ടി പാച്ച്‌ വർക്ക് നടത്തിയ മാതിരി എന്റെ ദേഹത്ത് അവിടവിടെയായി വെള്ള സ്റ്റിക്കറുകൾ തെളിഞ്ഞു. ആപ്പിളും മുന്തിരിയുമൊക്കെ കൊണ്ടുവരുന്നവരെ അച്ഛനും അമ്മയും വിവരമറിയിച്ചോ എന്നും ചിന്തിച്ചു ഞാനങ്ങ് മലർന്നു കിടക്കവെയാണ് ആ ചോദ്യം വന്നത്.
" എന്തെടാ ഉണ്ടായത്...? നീയെവിടെ ഉളിഞ്ഞു നോക്കാൻ പോയതാണ്...??? " അമ്മാവനാണ്. ഒരു രംഗബോധോം ഇല്ലാത്ത ഒരു സാധനം.
പതിവുപോലെ അതും അവഗണിച്ചു നോട്ടം മാറ്റി നോക്കിയപ്പോ കറിയാച്ചേട്ടന്റെ കണ്ണിലൊരു സംശയം... ഭഗവാനെ കെണിഞ്ഞൊ... ഇനി ആ ' ഉളിഞ്ഞു നോക്കി ' എന്ന പേര് ഇത്ര ചെറുപ്പത്തിലേ തലയിൽ എടുത്തു വെക്കേണ്ടി വരുമോ... അല്ല പുള്ളി എങ്ങിനെ സംശയത്തോടെ നോക്കാതിരിക്കും തൊട്ട് അയൽവാസി പുള്ളിയല്ലേ... അതും സുന്ദരിയായ ഒരു ഭാര്യയും രണ്ടു പെണ്മക്കളും ഉള്ള വീടും... പിന്നൊന്നും ഞാൻ ചിന്തിച്ചില്ല ഉള്ള സത്യം അങ്ങ് തുറന്നു പറഞ്ഞു.
" ഞാൻ ചന്ദ്രനെ ഓടിച്ചതാ..." കളിയാക്കലുകളുടെ കൂട്ടച്ചിരി പ്രതീക്ഷിച്ചു ചമ്മിയ മുഖത്തോടെ ഇരുന്ന ഞാൻ ആ മറുചോദ്യം കേട്ട് കുഞ്ഞിക്കണ്ണ് മത്തങ്ങ പോലെയാക്കി നോക്കി...
" ഏത്... ഇമ്മടെ കള്ളൻ ചന്ദ്രനെയോ...!!!??? നീയോ...!!!??? "
കളി കാണാൻ വന്നവന്റെ മുമ്പിലേക്ക് വന്ന ബാൾ കൊണ്ട് ഗോളടിക്കാൻ കിട്ടിയ ചാൻസ് ഞാൻ വിടുമോ... അങ്ങ് സമ്മതിച്ചു... എല്ലാത്തിന്റെ വായും അമ്പഴങ്ങ തിന്ന് മതിയാവാത്ത ആനയുടെ വാ പിന്നേം തുറന്നിരിക്കുന്നത് പോലെ തുറന്നിരിക്കുകയാണ്.
" നീയോ സഞ്ജൂട്ടാ... എങ്ങിനെ... ??? " ഈ ലോകം മുഴുവൻ എന്നെ വിശ്വസിച്ചാലും ഒരിക്കലും വിശ്വസിക്കാത്ത അമ്മയിൽ നിന്നാണ് ആ ചോദ്യം.
" അതുപിന്നെ... ഞാൻ... കല്ല്... ഉമ്മറത്ത് നിക്കുമ്പോ കള്ളൻ ചന്ദ്രൻ തൊടിയിൽക്കൂടെ പമ്മി പമ്മി പോണു. ഞാൻ വെറുതെ ഒരു കല്ലെടുത്ത് എറിഞ്ഞതാ... അങ്ങോരു ഓടുന്ന കണ്ടപ്പോ പിന്നേം കല്ലെറിഞ്ഞു ഓടിച്ചു പിന്നാലെ പോയതാ... "
" ഹോ പിള്ളേരായാൽ ഇങ്ങിനെ വേണം... അപാര ചങ്കൂറ്റം തന്നെ... നിങ്ങളുടെ മോൻ മിടുക്കനാട്ടോ..." നാട്ടുകാരിൽ ഒരാളുടെ പുകഴ്ത്തൽ അച്ഛൻ വാങ്ങി പോക്കറ്റിലിട്ടിട്ടു പറഞ്ഞു.
" അത് പിന്നെ എന്റെ മോനല്ലേ അവൻ... അങ്ങിനെയെ വരൂ..."
" നമ്മുടെ മോൻ എന്ന് പറ ചേട്ടാ " ദേ അമ്മ വക...
ഇപ്പൊ ഞാൻ ചെറുതായി ഒന്ന് ഞെട്ടി.... കാരണം എപ്പോഴും നിന്റെ മോൻ നിന്റെ മോൻ എന്നമ്മയോടും അമ്മ തിരിച്ചു നിങ്ങടെയാ എന്നും പറഞ്ഞു ഇന്ത്യയുടെ അതിർത്തിയിൽ വീണ ബോംബ് പോലെ അങ്ങോട്ടൂമിങ്ങോട്ടും ആരും സമ്മതിക്കാതെ കൊണ്ടുനടന്ന ഞാനാണ് ഇപ്പൊ രണ്ടുപേർക്കും അഭിമാനമായത്... ഹോ... ഒരുകാര്യം എനിക്കുറപ്പായി... ഇക്കൊല്ലത്തെ ഓസ്കാർ അവാർഡ് അച്ഛനും അമ്മയ്ക്കും തന്നെ...
നാട്ടിലെ മൊത്തം അഭിനന്ദന പ്രവാഹവും ഒറ്റയ്ക്ക് ഏറ്റു വാങ്ങുമ്പോഴും ഉള്ളിൽ ചെറിയ പേടിയുണ്ടായിരുന്നു. അത് വേറൊന്നുമല്ല. ഒറിജിനൽ കള്ളൻ ചന്ദ്രൻ ഇക്കാര്യമൊക്കെ അറിയുമ്പോൾ ഈ പീക്കിരി ചെക്കനോട് പ്രതികാരം ചെയ്യാൻ വരുമോ എന്നതായിരുന്നു. പക്ഷേ കള്ളൻ ചന്ദ്രനെ പോലീസ് പൊക്കി. അതും ആ ദിവസം തന്നെ... എവിടുന്നോ ഓടി വന്ന വഴിക്ക് പോലീസിന്റെ മുമ്പിൽ ചെന്നു പെടുകയായിരുന്നു. സ്നേഹ സമ്പന്നരായ നാട്ടുകാർ ആ ക്രെഡിറ്റും കൂടി എനിക്ക് തന്നു... ഞാൻ ഓടിച്ചപ്പോഴാണത്രെ പോലീസ് പിടിച്ചത്... ഒരുളുപ്പുമില്ലാതെ അത് ഞാൻ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
അങ്ങിനെ ഒരില അനങ്ങിയാൽ വിറയ്ക്കുന്ന ഞാൻ ചുളുവിൽ വീരനായി. എന്നാലും എന്റെ അന്ത്രപ്പാ .... അന്റെയൊരു ഒടുക്കത്തെ ഫുദ്ധി...
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot