നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ചെറുപുഞ്ചിരി (കഥ)

Image may contain: Giri B Warrier, closeup

~~~ ~~~ ~~~ ~~~ ~~~
“ചേട്ടാ, മണിയുടെ വീട്ടിലേക്കുള്ള വഴിയൊന്നു പറഞ്ഞുതരുമോ ” ബൈക്ക് ഹോട്ടലിന്റെ മുൻപിൽ നിർത്തി മുതലാളിയെന്ന് തോന്നിക്കുന്ന ഒരാളോട് ഗോപൻ ചോദിച്ചു.
കാലത്ത് നേരത്തെ ഒരു ചായ പോലും കുടിക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയതാണ് കാട്ടുകുഴി എന്ന ഈ കൊച്ചു ഗ്രാമത്തിലേക്ക് .
ചന്ത എന്ന് പറയുന്ന ഈ സ്ഥലത്തുള്ളത് ഒരു ഓടിട്ട കെട്ടിടം മാത്രമാണ്. ആ പഴയ കെട്ടിടത്തിൽ താഴെയും മുകളിലും ഒരു വലിയ വരാന്ത. താഴെ വരാന്തയിലേക്ക് തുറക്കുന്ന നാല് കടകൾ. മുകൾഭാഗത്ത് വരാന്തയിലേക്ക് തുറക്കുന്ന മൂന്ന് മുറികൾ. ജവഹർ ആർട്ട്സ് & സ്പോർട്സ് ക്ലബ് എന്ന് ഒരു വലിയ ബോർഡ് തൂക്കിയിട്ടുണ്ട്. താഴെ ഹോട്ടലിൽ നിന്നും ഓടുകൾക്കിടയിലൂടെ ഉയരുന്ന പുക മൂലമാകാം ഒന്നാം നിലയിലെ കുമ്മായം പൂശിയ ചുമരുകൾ പാടെ കരിപിടിച്ചിരിക്കുന്നു.
ഇടതുഭാഗത്ത് അവസാനത്തെ കടയാണ് ശ്രീകൃഷണവിലാസം ഹോട്ടൽ. ഹോട്ടൽ കഴിഞ് ചുമരിനോട് ചേർന്ന് ഒരു മരത്തിന്റെ ഗോവണി തട്ടിന്പുറത്തേക്ക് പണിതിട്ടുണ്ട്.
ഹോട്ടലിന് മുൻപിൽ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ കുറച്ചുപേർ ഇരുന്നു പത്രം വായിക്കുന്നുണ്ട്. ഒരു പത്രം പല പേജുകളായി ഓരോരുത്തരുടെ കയ്യിൽ ആണ്. അമേരിക്കയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെപ്പറ്റിയും, മോഡിയുടെ ഭരണ പരിഷ്കാരങ്ങളും ഒക്കെ ദീർഘമായി അവരവർക്ക് അറിയുന്നപോലെ വിജ്ഞാനം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നുണ്ട് . ഒരാൾ വയസ്സായി വായിക്കാൻ പറ്റാത്ത രണ്ടുപേർക്ക് കേൾക്കാൻ തക്കവണ്ണം ഉറക്കെ വാർത്തകൾ വായിക്കുന്നുണ്ട്.
"ഒന്നര കിലോമീറ്റർ കാണും.. നിങ്ങളാരാ?” ചായക്കടയുടെ നിന്നും അയാൾ ചോദിച്ചു.
“ഞാൻ ടൗണിൽ നിന്നും വരികയാണ്. സൊസൈറ്റിയിൽ ജോലി ചെയ്യുന്ന മണിയുടെ വീട് വരെ ഒന്ന് പോകണം."
"മണിയോ, സാറിന് മണിയെ എങ്ങിനെയറിയും?" സ്വതസിദ്ധമായ നാടൻ ശൈലിയിൽ അയാൾ ചോദിച്ചു.
"രണ്ടാഴ്ച്ച മുൻപ് ഒരപകടം പറ്റി എന്നെ ആശുപത്രിയിൽ എത്തിച്ചത് മണിയായിരുന്നു. കൂട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോൾ മണി സ്ഥലം വിട്ടു. ആസ്‌പത്രിയിൽ വെച്ച് എനിക്ക് കണ്ട് നന്ദി പറയാൻ പറ്റിയില്ല. അപ്പോൾ ഒന്ന് കാണണം എന്ന് തോന്നി." ഗോപൻ മുഖത്ത് നോക്കാതെ പറഞ്ഞു. അല്ലെങ്കിലും പണ്ടേ ഇതുപോലെയാണ്, നുണ പറയുമ്പോൾ വല്ലാത്ത കുറ്റബോധം ആണ്.
"സാറേ, വാ അകത്തേക്ക് ഇരിക്കാം" ചായ അടിച്ചു കൊണ്ടിരുന്നയാൾ പറഞ്ഞു .
അകത്ത് നാലഞ്ച് ബെഞ്ചും ഡസ്കും ഇട്ടിട്ടുണ്ട്. ചുമരുകൾ ഒക്കെ കരിപിടിച്ച് കറുത്തിട്ടുണ്ട്.
“കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ!"
തൊട്ടടുത്ത് ഒരു ചില്ലലമാരിയിൽ ആവി പറക്കുന്ന ഇഡ്ഢലി, ഉഴുന്നുവട, പരിപ്പുവട മുതലായവ കാണാം. കുറെ വാഴയിലകൾ മേശമേൽ കീറി വച്ചിട്ടുണ്ട്. ഒന്നും കഴിക്കണ്ട എന്നാണ് വിചാരിച്ചതെങ്കിലും ആവി പറക്കുന്ന ഇഡ്ഡലിയും സാമ്പാറും കണ്ടപ്പോൾ കൊതിയടക്കാൻ പറ്റിയില്ല.
"ഇഡ്ഡലി ഒരു പ്ലേറ്റ് ആയിക്കോട്ടെ, കൂടെ കടുപ്പത്തിൽ ഒരു ചായയും."
“ഈ നാട്ടിൽ കണ്ടിട്ടില്ല്യല്ലോ?”
"ഞാൻ ആദ്യമായാണ് ഇവിടെ "
“മോനെ ഒരു ഭാഗ്യക്കുറി എടുക്കട്ടേ? ഇന്നത്തെ കൈനീട്ടം മോന്റെ കൈയീന്ന് ആവട്ടെ.” പുറത്ത് ബെഞ്ചിൽ ഭാഗ്യക്കുറി കൈയ്യിൽ പിടിച്ച് ഇരുന്ന വ്യുദ്ധൻ അകത്ത് വന്നു.
ഗോപൻ പോക്കറ്റിൽ നിന്നും അൻപത് രൂപ എടുത്ത് കൊടുത്തു. ആ വ്യദ്ധൻ ഒരു ഭാഗ്യക്കുറി ടിക്കറ്റ് ഗോപന് കൊടുത്തു.
ഗോപൻ അത് വാങ്ങി നമ്പർ ഒന്ന് വായിച്ചു നോക്കി, പോക്കറ്റിൽ വെച്ചു . ഒരു കുസൃതിയോടെ ഗോപൻ ചോദിച്ചു.. “ഇതിന് ഫസ്റ്റ് അടിക്ക്വോ?”
“മോനെ, ഇത് ഭാഗ്യക്കുറിയാണ്, ഒരാൾക്ക് അടിക്കും, അത് മോനാവട്ടെ എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ."
"രാമേട്ടാ, ഒരു ചായ എടുക്കട്ടെ?" ഗോപന് വേണ്ടി കൊണ്ടുവന്ന ചായ മേശപ്പുറത്ത് വെച്ചു കൊണ്ട് ചായക്കടക്കാരൻ ചോദിച്ചു.
"വേണ്ട നായരേ, താൻ എന്റെ കയ്യീന്ന് പൈസ വാങ്ങില്ല്യ. പിന്നീട് എനിക്കതൊരു ബാദ്ധ്യത പോലെ തോന്നും"
" ന്റെ രാമേട്ടാ, ഞാനെന്താ അന്ന്യനാ? നിങ്ങളിങ്ങനെയായാൽ കഷ്ടാണ് ട്ടോ."
ഒരു നിഷ്കളങ്കമായ ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി. ഒരു കറുത്ത ക്ലിപ്പിട്ടു കയ്യിൽ പിടിച്ചിരിക്കുന്ന ഭാഗ്യക്കുറികൾ തിരികെ ബാഗിലേക്കിട്ട് അദ്ദേഹം ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയി.
"രാമേട്ടന്റെ മക്കൾ ഒക്കെ നല്ല നിലയിൽ നഗരത്തിൽ ആണ്. രാമേട്ടനും ഭാര്യ കാർത്ത്യാനിച്ചേച്ചിയും മാത്രമേ വീട്ടിൽ ഉള്ളു. ചിലവിന് മക്കളുടെ മുൻപിൽ കയ്യ് നീട്ടില്ല എന്ന് ഉറച്ച തീരുമാനമാണ് രാമേട്ടനെ ഈ ഭാഗ്യക്കുറി കച്ചവടത്തിൽ എത്തിച്ചത്. പാവം, ഇനി ഉച്ച വരെ ഇങ്ങിനെ നടന്ന് വിൽക്കും. വൈകീട്ട് ഈ കടത്തിണ്ണയിൽ വന്നിരിക്കും. മണി ജോലി കഴിഞ്ഞു പോകുമ്പോൾ രാമേട്ടനെ വീട്ടിൽ ആക്കും അതാണ് ശീലം. മണിയാണ് രാമേട്ടന്റെ സഹായി. മണിയും ഭാര്യയും രാമേട്ടനെയും കാർത്ത്യാനിച്ചേച്ചിയേയും സ്വന്തം അച്ഛനമ്മമ്മാരെ പോലെ നോക്കും."
"വാസു, നീ ഈ സാറിനെ ഒന്ന് മണിയുടെ വീട്ടിൽ ആക്ക്. നീ ആ വഴിക്കല്ലേ"
പുറത്ത്‌ റോഡിലൂടെ നടന്നു പോകുന്ന ഒരാളെ നോക്കി ചായക്കടക്കാരൻ പറഞ്ഞു.
"അത് സാരല്ല്യാ, വഴി പറഞ്ഞുതന്നാൽ മതി. ഞാൻ പൊയ്ക്കോളാം."
“സാറേ, അത് വാസുവാണ്, അവന്റെ വീട് അവിടെ അടുത്താണ്. വഴി കാണിച്ചു തരും."
ചായക്കടയിൽ പൈസ കൊടുത്ത് ഗോപൻ പുറത്തേക്ക് നടന്നു. കയ്യിൽ ഉണ്ടായിരുന്നു മുറിബീഡി രണ്ടു തവണ നീട്ടിവലിച്ച് പുകയെടുത്ത് ബീഡി വലിച്ചെറിഞ്ഞു.
“വാസുവിന് എന്താ പണി?” ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഗോപൻ അയാളോട് ചോദിച്ചു.
“അങ്ങിനെ പ്രത്യേകിച്ച് ഒന്നൂല്യ സാറേ, വർഷക്കാലത്ത് പാടത്തും പറമ്പിലും ഒക്കെ പണിയുണ്ടാവും. വേനൽക്കാലായാൽ കിണറിൽ ചേറു് എടുക്ക്വ, അല്ലെങ്കിൽ ആശാരിമാരുടെ കൂടെ സഹായത്തിന് പോവ്വും, പിന്നെ ഇവിടെ അമ്പലത്തിലും, പള്ളിയിലും ഒക്കെ പണിക്ക് ഞാൻ തന്നെയാണ് പോകാറുള്ളത്. എല്ലാ പണിയും ചെയ്യും സാറേ ”
"മണി ഒറ്റയ്ക്കാണോ ? മണീടെ അമ്മേം അച്ഛനും ഒക്കെ കൂടെണ്ടോ?"
"അവന് അച്ഛനും അമ്മേം ഒന്നൂല്ല്യ സാറേ... അവൻ കുട്ട്യായിരുന്നപ്പോ വെള്ളപ്പൊക്കത്തിൽ വീടും, വീട്ടുകാരും ഒക്കെ നഷ്ടപ്പെട്ടപ്പോൾ ആന്ധ്രയിൽ നിന്നും ഭിക്ഷ എടുക്കാൻ വന്നതാ.. ആ കാലത്ത് ഇവിടെ ഒരു പിള്ള മാഷ് ഉണ്ടായിരുന്നു. അങ്ങേര് ഒറ്റക്കായിരുന്നു. കക്ഷി മണിയെ വീട്ടിൽ നിർത്തി, അകത്തും പുറത്തും ഒക്കെ സഹായത്തിന്. പിന്നെ മാഷ്‌ പഠിപ്പിച്ചു മണി പത്താം ക്ലാസ്സ്‌ പാസ്സായി. അപ്പോഴാണ് പിള്ള മാഷ് പക്ഷപാതം പിടിപെട്ട് കിടപ്പിലായത്‌. അതോടെ മണി പുറംപണിക്ക് പോവ്വാൻ തുടങ്ങി, മാഷിനെ നോക്കാൻ. പത്തു കൊല്ലത്തോളം മണി മാഷിനെ സ്വന്തം അച്ഛനെപ്പോലെ നോക്കി. മാഷ് പറഞ്ഞിട്ടാണ് മണിക്ക് സൊസൈറ്റിയിൽ ജോലി കിട്ടിയത്. ആദ്യം പ്യൂൺ ആയിരുന്നു, പിന്നെ പഠിച്ചുപരീക്ഷ എഴുതി ക്ലാർക്ക് ആയി. മാഷ് വീടും പറമ്പും മണിയുടെ പേരിൽ എഴുതിക്കൊടുത്തു."
"അപ്പോ ആ സ്വത്ത് മോഹിച്ചിട്ടാവും മണി മാഷേ സഹായിച്ചത് ?"
"മാഷ് വയ്യാണ്ടെ ആയപ്പോ ഒരു കവർ മെമ്പർ മേനോൻ സാറിന് കൊടുത്തിരുന്നു. മാഷ് മരിച്ചപ്പോ ആ കവർ തുറന്നപ്പോൾ ആണ് ആ വിൽപ്പത്രം കണ്ടത്."
"ഇപ്പൊ മണി ആ വീട്ട്ലാ താമസം ?"
"അതൊരു പഴയ വീടായിരുന്നു. അതൊക്കെ പുതിക്കിപ്പണിത് അതിലാ ഇപ്പൊ താമസം. അവൻ ഒരു നല്ലോനാ സാറേ, ഈ നാട്ടിൽ എന്ത് കാര്യത്തിനും മണിയെത്തും. ഒന്നും പറഞ്ഞു കൊടുക്കണ്ട കാര്യം ഇല്ല. എനിക്കന്നെ എന്നെങ്കിലും പണിയില്ലെങ്കിൽ മണി വിളിച്ച് പൈസ തരും."
"മണിയുടെ ഭാര്യ? "
"പഞ്ചായത്ത് മെമ്പർ മേനോൻ സാറിന് പരിചയം ഉള്ള ഒരു അനാഥക്കുട്ടിയാണ്. അതും ഒരു തങ്കപ്പെട്ട കൊച്ചാ. ഇവിടെ കുന്നുമ്മേ അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട്."
"ദാ കാണണതാ വീട്." വലത് ഭാഗത്തെ ചെറിയ ഒരു ഓടിട്ട വീട് ചൂണ്ടിക്കാണിച്ചു കൊണ്ട് വാസു പറഞ്ഞു.
മതിലിനു പുറത്ത് ബൈക്ക് പാർക്ക് ചെയ്ത് പടി തുറന്ന് വീട്ടുമുറ്റത്തേക്ക് നടന്നു. കൂടെ വാസുവും വന്നു.
മുറ്റത്തെത്തിയപ്പോഴേക്കും മണി വീടിന് പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
"ആരാ വാസു ഇത്. നിനക്കിന്ന് പണിയില്ലേ?" മണി ചോദിച്ചു.
"ടൗണിന് നിന്നെ കാണാൻ വന്നതാ, വഴി ചോദിച്ചപ്പോൾ ഞാൻ കൂടെ കൂട്ടി അത്രേള്ളൂ."
"നിന്നെ കണ്ടത് നന്നായി. നീയ്യ് മഠത്തിൽ ഒന്ന് പോ, അവിടെ തെങ്ങിന് തടം എടുക്കാൻ ഒരാളെ വിടാൻ ഇന്നലെ സ്വാമി പറഞ്ഞിരുന്നു."
"സാറേ, സാറിന്റെ കൂടെ വന്ന കാരണം എനിക്കിന്ന് പണി ഒത്തു. സാറിന് നല്ല ഐശ്വര്യാട്ടാ, ഞാൻ പോട്ടെ സാറേ "
"ശരി വാസു, വളരെ ഉപകാരം.." അയാൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
യാത്ര പറഞ് വാസു പോയി.
"കയറി ഇരിക്കൂ, ആരാ മനസ്സിലായില്ല"
"മനസ്സിലാവാൻ സാദ്ധ്യതയില്ല, ഞാൻ ഈ നാട്ടിൽ പുതിയതാണ്. ഞാൻ മണിനെ ഒരിക്കൽ കണ്ടിരുന്നു." ഗോപൻ പറഞ്ഞു.
"എനിക്കോർമ്മ വരുന്നില്ല . കയറി വരൂ സാർ" മണി ഗോപനെ വീട്ടിലേക്ക് ക്ഷണിച്ചു.
ഗ്രിൽ ഇട്ട് അടച്ച ഒരു വരാന്തയിലേക്കാണ് കയറിയത്. അവിടെ ഒരു സോഫയും, രണ്ട് ഇരുമ്പിന്റെ കസേരയും ഇട്ടിട്ടുണ്ട്. ചുമരിൽ ഒരു ഫോട്ടോയിൽ മാലയിട്ട് അതിനടിയിൽ മെഴുകുതിരി കത്തുന്നതുപോലെ ഒരു ബൾബ് മിന്നിക്കൊണ്ടിരിക്കുന്നുണ്ട്.
"അത് പിള്ള സാറാ, ഈ വീട് അദ്ദേഹത്തിന്റെയാണ്." ഗോപൻ ഫോട്ടോയിൽ നോക്കുന്ന കണ്ടപ്പോൾ മണി പറഞ്ഞു.
സോഫയിൽ ഗോപൻ ഇരുന്നു.
"നിന്റെ ഭാര്യ എവിടെ...?" ഗോപൻ ചോദിച്ചു.
"എന്താ സാറേ, എന്തെങ്കിലും പ്രശ്‍നം?, സാറ് പോലീസാണോ? "
"അതൊക്കെ പറയാം, നീ അവളെ വിളിക്ക്.."
മണിയുടെ മുഖത്ത് പെട്ടെന്നുണ്ടായ പരിഭ്രാന്തി ഗോപൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മണി അകത്തേക്ക് പോയി. കുറച്ചുനിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയേയും കൂട്ടി പുറത്ത് വന്നു.
വിരുന്നുകാരനെ കണ്ട ഭാര്യ വിസ്മയത്തോടെ നിന്നു.
"മാളൂ ..." അയാൾ വിളിച്ചു.
"ഏട്ടാ..." അവൾ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.
ഒന്നുമറിയാതെ നിന്ന മണിയോട് അവൾ പറഞ്ഞു...
"ഇതെന്റെ ഗോപേട്ടനാ...."
"ഏട്ടനോ ?." മണി വിശ്വസിക്കാനാവാതെ പറഞ്ഞു.
"ഏട്ടൻ ഇവിടെ ?.." മാളു ചോദിച്ചു.
"നീയ്യെന്താ കരുതിയെ? ഈ കുഗ്രാമത്തിൽ വന്നു താമസിച്ചാൽ ആരും അറിയില്ലെന്നോ?
"എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഏട്ടൻ എങ്ങിനെ എന്നെ കണ്ടു പിടിച്ചു. "
"രണ്ട് മാസം മുൻപ് ഒരപകടം പറ്റി എന്റെ കൈയൊടിഞ്ഞിരുന്നു, പിന്നെ കാലിൽ പൊള്ളൽ ഏറ്റിരുന്നു. ഇവിടെ ടൗണിൽ എന്റെ ഒരു സുഹൃത്തിന്റെ കൂടെ ആയിരുന്നു താമസം. പ്ലാസ്റ്റർ ഊരിയ ശേഷം ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു.
മൂന്നാം നിലയുടെ വരാന്തയിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ താഴെ മണിയും നീയ്യും ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടു. ഞാൻ താഴെയെത്തിയപ്പോഴേക്കും നിങ്ങൾ പോയിരുന്നു. നിങ്ങൾ സംസാരിച്ചുകൊണ്ട് നിന്നിരുന്ന ആളെ കണ്ടു. അദ്ദേഹം പറഞ്ഞാണ് മണി ഈ നാട്ടുകാരൻ ആണെന്ന് അറിഞ്ഞത്. ഒരു മേനോൻ എന്നാണ് പേര് പറഞ്ഞത്. മണിയെ അറിയും എന്ന് മാത്രമേ പറഞ്ഞുള്ളു. കൂടെ കണ്ടത് നീയാണെന്നു മനസ്സ് ഉറപ്പിച്ചു പറഞ്ഞു. ഒന്ന് വന്നു നോക്കാം എന്നെ വിചാരിച്ചുള്ളൂ.."
അദ്ദേഹം പറഞ്ഞ പ്രകാരം ചന്തയിൽ വന്നു . മണിയെ അറിയാത്ത ഒരൊറ്റ കുട്ടിപോലും ഈ നാട്ടിലില്ല അതുകൊണ്ട് ഇവിടെ എത്താൻ ബുദ്ധിമുട്ടുണ്ടായില്ല. "
"ഏട്ടൻ ഇത്രയും കാലം എവിടെയായിരുന്നു. ഏട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ജിവിതം ഇത്രയും ദുസ്സഹമാവില്ലായിരുന്നു."
"നീ കണ്ടിട്ടുള്ളതല്ലേ അവര് എങ്ങനെയൊക്കെയാണ് എന്നെ ഉപദ്രവിച്ചിരുന്നത് എന്ന്. നമ്മുടെ അമ്മ മരിച്ച ശേഷം ഒരിക്കൽ പോലും സന്തോഷമായി ഞാൻ ജീവിച്ചിട്ടില്ല. ആ തള്ള അച്ഛന്റെ രണ്ടാം ഭാര്യയായതോടെ അച്ഛനും എന്നോട് സ്നേഹം ഇല്ലാതായി. ഞാൻ വെറുത്തുപോയി, അങ്ങിനെ എല്ലാം വിട്ടെറിഞ്ഞു കള്ളവണ്ടി കയറിയതാണ്. കുറെ കാലം ബോംബെയിൽ, പിന്നെ ഡൽഹി, ഇപ്പോൾ കാൽക്കട്ടയിൽ. ഒരു കമ്പനിയിൽ ഡ്രൈവർ ആണ്. മുതലാളിക്ക് മാറ്റം ആവുന്നതിന് അനുസരിച്ച് ഞാനും കൂടെ കൂടെ പോകും. ആ തള്ളക്ക് നിന്നോട് വല്ല്യ സ്നേഹം ആയിരുന്നല്ലോ. പിന്നെന്തിനാ നീ വീട് വിട്ട് ഓടിയത്. "
"ഏട്ടാ, ആദ്യമൊക്കെ അങ്ങിനെയായിരുന്നു. പിന്നീട് അത് മാറി. അവരുടെ കൂടെ രണ്ട് പേര് വീട്ടിൽ വരാറുണ്ടായിരുന്നു, ബന്ധുക്കളാണെന്നാണ് പറഞ്ഞത്. ഒരു ചന്ദ്രനും, രാജീവും. അവരും ചിറ്റമ്മയും തമ്മിലുള്ള ബന്ധം എന്താണെന്നറിയില്ല. അച്ഛനെ കുടിപ്പിച്ച് കുടിപ്പിച്ച് കൊന്നത് അവരാണ്. എനിക്ക് അവരെ ഭയമായിരുന്നു. അച്ഛൻ മരിച്ചശേഷം അവർ അധികവും വീട്ടിൽ തന്നെയായിരുന്നു.
ഒരിക്കൽ ഏട്ടൻ തന്ന നമ്പറിൽ ഞാൻ വിളിച്ചിരുന്നു. പക്ഷെ ആ നമ്പർ നിലവിലില്ല എന്നായിരുന്നു മറുപടി.
ഒരു ദിവസം ചിറ്റമ്മ പുറത്തുപോയ സമയത്ത് അവർ രണ്ടുപേരും കൂടി എന്നെ കയറിപ്പിടിച്ചു. കാലുവഴുതി വീണ് ബോധം പോയ ഞാൻ മരിച്ചു എന്ന് കരുതി ട്രാക്കിൽ കൊണ്ടിട്ടു. ഭാഗ്യത്തിന് വഴിപ്പോക്കർ ആരോ കണ്ട് എന്നെ ആശുപത്രിയിൽ ആക്കി."
"എന്നിട്ട്, ഇവിടെ ഈ ഗ്രാമത്തിൽ നീ എങ്ങിനെ എത്തിച്ചേർന്നു?"
"അന്ന് ആശുപത്രിയിൽ ബോധം വന്നപ്പോൾ മനസ്സിലായി അവർ പോലീസിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന്. ആ രാത്രി ആരുമറിയാതെ ഞാൻ ആശുപത്രിയിൽ നിന്നും ഒളിച്ചോടി, ഏതോ ട്രെയിനിൽ കയറി. പക്ഷെ എങ്ങോട്ടേക്കു് പോകണമെന്നറിയില്ലായിരുന്നു. ജീവിക്കാനുള്ള ആഗ്രഹമെല്ലാം മുരടിച്ചിരുന്നു. ആ നിരാശയിൽ ആരും കാണാതെ ട്രെയിനിൽ നിന്നും ചാടി "
"എന്നിട്ട്? " അയാൾ ചോദിച്ചു.
"ബോധം വരുമ്പോൾ മേനോൻ സാറിന്റെ വീട്ടിൽ ആയിരുന്നു. അദ്ദേഹം എന്നെപ്പറ്റി ചോദിച്ചു. തിരിച്ചുപോകാനുള്ള ഭയം കാരണം ഞാൻ ഒരനാഥയാണെന്ന് കള്ളം പറഞ്ഞു. വീഴ്ചയിൽ എന്റെ കാലുകൾ ഒടിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞാണറിഞ്ഞത് മണിയായിരുന്നു എന്നെ രക്ഷിച്ചതെന്നും മറ്റും. "
ഒരു ചെറിയ വിരാമമിട്ട് അവൾ വീണ്ടും പറയാൻ തുടങ്ങി.
"മേനോൻ സാറിന്റെ വീട്ടിൽ ഭാര്യയും മക്കളും കൊച്ചുമക്കളും ഒക്കെ ഉണ്ടായിരുന്നു. അധിക ദിവസം സാറിന്റെ വീട്ടിൽ നില്ക്കാൻ പറ്റില്ല എന്ന് മനസ്സിലായി. ഒരു ദിവസം മേനോൻ സർ എന്നോട് മണിയെപ്പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞു, മണി ഈ നാട്ടിൽ എത്തിയതും, പിള്ള മാഷുടെ കൂടെ കൂടിയതും എല്ലാം, അവസാനം വരെ മണി പിള്ള സാറിനെ സ്വന്തം അച്ഛനെപ്പോലെ നോക്കിയതെല്ലാം പറഞ്ഞു. . ഈ ജീവിതത്തിൽ എന്നെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മണി നോക്കും എന്ന് പറഞ്ഞു. അങ്ങിനെ ഞങ്ങൾ തമ്മിലുള്ള വിവാഹം മേനോൻ സാർ നടത്തിത്തന്നു."
"നീ ഹാപ്പി അല്ലെ മാളൂ.."
"ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ഇത്രയും നല്ല ഒരു മനുഷ്യനെ എനിക്ക് ഭർത്താവായി കിട്ടുമെന്ന്. പിന്നെ സന്തോഷിക്കാൻ വകയും ഉണ്ട്. ഏട്ടൻ ഒരമ്മാമൻ ആവാൻ പോകുകയാണ്. അന്ന് ആശുപത്രീയിൽ വന്നത് ചെക്കപ്പിന് ആയിരുന്നു. "
"മണിയോടും മേനോൻ സാറിനോടും നീ കഥകൾ ഒക്കെ പറഞ്ഞിട്ടുണ്ട് അല്ലെ. എന്തായാലും നാട്ടിൽ മറ്റാർക്കും അറിയില്ലല്ലോ."
"മേനോൻ സാറിന് ഒന്നും അറിയില്ല. പക്ഷെ മണിയേട്ടന് എല്ലാം അറിയാം, അവർ ആരായിരുന്നു എന്ന് ഞാൻ മണിയേട്ടനോട് മാത്രമേ പറഞ്ഞിട്ടുള്ളു.. ആ നശിച്ച നാട്ടിലേക്ക് ഇനി ഞാനില്ല എന്തായാലും."
"പക്ഷെ നീയ്യറിയാത്ത ചില കാര്യങ്ങൾ ഉണ്ട്." അത്രയും പറഞ്ഞുകൊണ്ട് തന്റെ ബാഗിൽ നിന്നും ഒരു പത്രം എടുത്ത് അവൾക്ക് നേരെ നീട്ടി..
"എന്താത്?..." അവൾ ചോദിച്ചു.
"രണ്ടു മാസം മുൻപത്തെ പത്രമാണ്. തുറന്നു ചരമകോളം നോക്ക്... "
പത്രം തുറന്ന് നോക്കി അവൾ അന്തം വിട്ടു നിന്നു.
"അജ്ഞാതവാഹനം തട്ടി മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർ മരിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു."
"ഏട്ടാ, ഇവർ... ഇവരായിരുന്നു ആ കാണ്ടാമൃഗങ്ങൾ"
"എനിക്കറിയാം. ഞാൻ മൂന്ന് മാസം മുൻപ് നാട്ടിൽ വന്നതാണ്, നേരെ പോയത് വീട്ടിലേക്കാണ്. നിന്നെയും കൊണ്ട് പോകണം എന്ന് കരുതിയതാണ്. അപ്പോഴാണ് കാര്യങ്ങൾ ഒക്കെ അറിഞ്ഞത്. നിന്നെ അവർ അക്രമിച്ചുവെന്നു ചിറ്റമ്മയ്ക്ക് മനസ്സിലായി. അവരെ രണ്ടു പേരെയും ചിറ്റമ്മ വീട്ടിൽ നിന്നും അടിച്ചിറക്കാൻ ശ്രമിച്ചു. അവർ ചിറ്റമ്മയെ കുറെ ഉപദ്രവിച്ചു, പിന്നെ അലമാരിയിൽ നിന്നും കുറെ സ്വർണവും പണവും എല്ലാമെടുത്ത് അവർ പോയി. ഇപ്പോൾ അവർക്ക് കാൻസർ ആണ്, ദിവസം എണ്ണി കിടപ്പാണ് . എന്നോട് കുറെ മാപ്പ് പറഞ്ഞുകരഞ്ഞു. നീ എന്റെ കൂടെ ആണെന്നാണ് അവർ വിചാരിച്ചിരുന്നത്, ഞാൻ അത് മാറ്റിപ്പറഞ്ഞതും ഇല്ല."
"എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ടല്ലേ ഏട്ടാ "
ഭക്ഷണം ഉണ്ടാക്കാൻ മാളു അടുക്കളയിലേക്ക് പോയി. അയാളും മണിയും മുറ്റത്തും തൊടിയിലും ഒക്കെ ഒന്ന് നടന്നു.
"മരിച്ചുപോയ രണ്ടുപേരെയും മണി കണ്ടിട്ടുണ്ട് അല്ലെ."
"ഇല്ല. എന്തുപറ്റി?" മണിയുടെ വാക്കുകൾ ചിലമ്പുന്നുണ്ടായിരുന്നു.
"അവരെ മണി പിന്തുടർന്നിരുന്നു എന്ന് എനിക്കറിയാം.. നുണ പറയണ്ട.."
"പിന്തുടർന്നിരുന്നു എന്നത് സത്യം ആണ്. പക്ഷെ അവരെ കൊന്നത് ഞാനല്ല."
"അപകടം നടന്ന സമയത്ത് മണിയുടെ ജീപ്പ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. സത്യം പറയു."
"ഏട്ടനോട് എന്തിന് ഒളിക്കണം. രണ്ടര മാസം മുൻപ് ഞാൻ മാളുവിനേയും കൂട്ടി ടൗണിൽ ചെക്കപ്പിന് പോയപ്പോൾ എന്റെ കൂടെ മാളുവിനെ അവർ കണ്ടിരുന്നു. ഞങ്ങളറിയാതെ അവർ ഞങ്ങളെ പിന്തുടർന്ന് ഈ നാട്ടിലെത്തി. ഒരു ദിവസം വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞിറങ്ങുമ്പോൾ അവർ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവരുടെ കൈയ്യിൽ മാളുവിന്റെ ചില നഗ്നചിത്രങ്ങൾ ഉണ്ടെന്നും, മാളുവിനെ കൊണ്ട് അവർ പറഞ്ഞ സ്ഥലത്ത് ചെന്നില്ലെങ്കിൽ അവർ അത് ഇൻറർനെറ്റിൽ ഇടും എന്നും മറ്റും ഭീഷണിപ്പെടുത്തി. അവർ താമസിക്കുന്ന ഹോട്ടലിന്റെ വിലാസം തന്നു.
മാളുവിനോട് ഇതൊന്നും പറഞ്ഞില്ല. അവളെ വിട്ടുകൊടുക്കാൻ എനിക്കാവില്ലായിരുന്നു. പിന്നീട് അവരെ ഇല്ലാതാക്കുക എന്നതായി എന്റെ ലക്‌ഷ്യം. സംഭവം നടന്ന ദിവസം അവരെ ഞാൻ പിന്തുടർന്നിരുന്നു. അവർ ബൈക്ക് നിർത്തി ഒരു ബാറിൽ കയറി. ഒരു ഞാൻ രാത്രി ജീപ്പും കൊണ്ട് കുറച്ചകലെ ഞാൻ കാത്തുനിന്നു. പത്തുമണിയോടെ ബാറിൽനിന്നും ബൈക്കിൽ അവർ ഇറങ്ങി. ഞാനും അവരെ പിന്തുടർന്നു. തക്കത്തിന് കിട്ടിയാൽ അവർ രണ്ടു പേരും ഇരിക്കുന്ന ബൈക്ക് അപകടത്തിൽ പെടുത്താം എന്ന് കരുതി.
പെട്ടെന്നാണ് ഒരു ബൈക്കിൽ ഒരാൾ എന്റെ ജീപ്പിനെ ഓവർടേക് ചെയ്ത് മുൻപിൽ വന്നു അവരെ പിന്തുടരാൻ തുടങ്ങിയത്.
വിജനമായ ഒരു സ്ഥലത്തെത്തിയപ്പോൾ ബൈക്കിൽ വന്നയാൾ രണ്ടു പേരും ഇരുന്നിരുന്ന ബൈക്കിൽ ഇടതുഭാഗത്തുനിന്നും ചവിട്ടി. നിയന്ത്രണം പോയ അവരുടെ ബൈക്ക് റോഡിന്റെ വലതുഭാഗത്തേക്ക് തെന്നി, ആ സമയം എതിർ ദിശയിൽ നിന്നും വന്ന ഒരു തമിഴൻ ലോറി അവരുടെ മുകളിലൂടെ കയറിയിറങ്ങി. അതേസമയം ബൈക്കിൽ വന്നയാളുടെ ബൈക്ക് നിയന്ത്രണം വിട്ട് ബൈക്ക് തെന്നിവീണു. ബൈക്കിന്റെ സൈലൻസറിനടിയിൽ അയാളുടെ കാലുകൾ കുടുങ്ങി.
ഞാൻ പെട്ടെന്ന് വണ്ടി നിർത്തി ബൈക്ക് നിവർത്തി നിർത്തി അയാളെ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോകാൻ സഹായിച്ചു.
അവരെ കൊല്ലണം എന്ന് ഞാൻ മോഹിച്ചിരുന്നുവെങ്കിലും മറ്റൊരാൾ അത് ചെയ്തു. അയാൾ ഹെൽമെറ്റ് ഇട്ടിരുന്നതിനാൽ ആരാണെന്നു മനസ്സിലാക്കാൻ പറ്റിയില്ല."
"വരൂ, ഊണ് കഴിക്കാം." മാളു വിളിച്ചു പറഞ്ഞു.
ഊണ് കഴിഞ് കുറച്ചു നേരം സംസാരിച്ചിരുന്ന് പോകാനൊരുങ്ങുമ്പോൾ ഗോപൻ പറഞ്ഞു.
"ചിറ്റമ്മയ്ക്ക് അവർ ചെയ്തതിന് ശിക്ഷ ഈശ്വരൻ കൊടുത്തു. നിങ്ങൾ എന്നെങ്കിലും അവരെ പോയി ഒന്ന് കാണണം. ഒന്നുമില്ലെങ്കിലും അച്ഛൻ അമ്മയുടെ സ്ഥാനത്ത് കൊണ്ടുവന്നതല്ലേ. അവർക്കിന്ന് ഒരു സഹായം ആവശ്യമാണ്. "
വീണ്ടും വരാമെന്ന് പറഞ്ഞ് ഗോപൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ മാളു കരയുന്നുണ്ടായിരുന്നു. മണിയും മാളുവും ഗോപനെ യാത്രയാക്കാൻ പടിക്ക് പുറത്ത് പോയി.
ബൈക്കിൽ കയറുമ്പോഴാണ് ഗോപന്റെ കാലിലെ ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു മുറിവ് മാളു കണ്ടത്.
"ഏട്ടന്റെ കാലിൽ ഇതെന്ത് പറ്റി" മാളു ചോദിച്ചു.
"അത് ഒരപകടം പറ്റിയപ്പോൾ ബൈക്കിന്റെ സൈലൻസറിൽ കാൽ കൊണ്ട് പൊള്ളിയതാ. കൈയും ഒടിഞ്ഞിരുന്നു. കൈയ്യിലെ പ്ലാസ്റ്റർ ഊരാൻ ആശുപത്രിയിൽ പോയാപ്പോഴാണു് നിങ്ങളെ അവിടെ കണ്ടത്."
പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ഓർത്തിട്ടെന്ന പോലെ മണി ഗോപന്റെ അടുത്ത് ചെന്ന് ചോദിച്ചു..
"ഈ ബൈക്കും, ഹെൽമറ്റും, പിന്നെ കാലിൽ സൈലൻസറിൽ കൊണ്ട് പൊള്ളിയ പരിക്കും... അപ്പോൾ ??..." അർദ്ധവിരാമമിട്ടുകൊണ്ട് മണി ചോദിച്ചു.
"മണി, നീ മാളു പറഞ്ഞത് കേട്ടില്ലേ, എല്ലാറ്റിനും മുകളിൽ എല്ലാം കാണുന്ന ഒരു ദൈവം ഉണ്ടെന്ന്. ദൈവത്തിന് അങ്ങിനെ പ്രത്യേകിച്ച് രൂപം ഒന്നുമില്ലല്ലോ മണി.." മണിയുടെ തോളിൽ തട്ടിക്കൊണ്ട് ഇത് പറയുമ്പോൾ ഗോപന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു.
(അവസാനിച്ചു)
ഗിരി ബി. വാരിയർ
08 നവംബർ 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot