Slider

ലിന്റ

0
Image may contain: 3 people, including Riju Kamachi, people smiling, text

രണ്ടുദിവസം മുൻപ് രാത്രിഭക്ഷണവും കഴിഞ്ഞ് ഞാനും മകൻ അദ്വൈതും 'ഗലി'യിൽ നടക്കാനിറങ്ങിയപ്പോഴാണ് മെലിഞ്ഞുണങ്ങിയ ഒരു കൊടിച്ചിപ്പട്ടി ചത്തുകിടക്കുന്നത് കണ്ടത്.ഞങ്ങൾ കുറച്ചു നേരം അതിനെ നോക്കി നിന്നതിനു ശേഷം നടത്തം തുടർന്നു.
"അച്ഛന് ആ ഡോഗ്ഗി(പട്ടി)യെ ഓർമ്മയുണ്ടോ..?" മോന്റെ ചോദ്യം.
"എനിക്ക് എങ്ങിനെ അറിയാനാടാ അതിനെ....?"
"അതാണച്ഛാ 'ലിന്റ'..അച്ഛനല്ലേ അന്നൊരു ദിവസം ഈ ഡോഗിക്കു ലിന്റ ന്ന് പേരിട്ടത്..."
അപ്പോഴാണ് ഞാനും ഓർത്തത്,ഒരുദിവസം പട്ടിക്ക് ഇടാൻ ഒരു പേര് അവൻ എന്നോട് ചോദിച്ചിരുന്നു.
"അച്ഛാ....മരിക്കുന്നവർ സ്വർഗത്തിൽ പോവും എന്ന് പറയുന്നത് ശരിയാണോ....?" ഒരു മൗനത്തിനു ശേഷം വീണ്ടും ചോദ്യം.
"അതൊക്കെ ചുമ്മാ ഓരോ അന്ധവിശ്വാസങ്ങൾ അല്ലേടാ...."ഞാൻ മറുപടിയും പറഞ്ഞു.
നടത്തം കഴിഞ്ഞുവന്ന് ഉറങ്ങാൻ വിളിച്ചപ്പോൾ അവൻ 'സ്റ്റഡി റൂമിൽ' എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.ഞാൻ ചെന്നു നോക്കി.ഡയറിയിൽ എന്തോ കുത്തിക്കുറിക്കുന്നു.എഴുതാൻ ഞാനൊരു ഡയറി കൊടുത്തിരുന്നെങ്കിലും അങ്ങിനൊരു ശീലം ഇതുവരെ തുടങ്ങിയിട്ടില്ലായിരുന്നു.എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഒളിപ്പിച്ചു. അവന്റെ കണ്ണു നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.അത് കാണാത്തതുപോലെ നടിച്ച് ഒന്നും ചോദിക്കാതെ ഞാൻ അവനെ കിടക്കാൻ നിർബന്ധിച്ചു.
അവൻ കിടന്നു എന്നുറപ്പുവരുത്തിയ ശേഷം ഞാൻ ഡയറി തുറന്നു നോക്കി.അതിൽ അവനറിയാവുന്ന ഭാഷയിൽ ,അവന്റെ ശൈലിയിൽ നാലുവരി കുറിച്ചിട്ടിരിക്കുന്നു.അത് വായിച്ചു കഴിഞ്ഞപ്പോൾ ആ കൊടിച്ചിപ്പട്ടിയുടെ മരണം എനിക്കും വല്ലാത്ത ഒരു വേദനയായി തോന്നി.ഞാൻ ബെഡ്റൂമിൽ അവന്റെ അടുത്ത് ചെന്ന് കിടന്നപ്പോൾ മോൻ ഉറങ്ങിയിട്ടുണ്ടാവും എന്നാണ് കരുതിയത്.
"അച്ഛാ.....ശരിക്കും സ്വർഗം ഇല്ലേ...?
പ്രതീക്ഷ കൈവിടണോ എന്ന ആശങ്കയിൽ കഴിയുന്ന ഒരു എട്ടുവയസ്സുകാരന്റെ മനസ്സു വേദനിപ്പിക്കാൻ എനിക്ക് തോന്നിയില്ല.
"സ്വർഗം ഉണ്ടെടാ..അവിടെ എത്തുന്നവർ നല്ല ഭക്ഷണവും,നല്ല വീടും, നല്ല ആൾക്കാരും എല്ലാമായി നമ്മളെക്കാളും അടിപൊളിയല്ലേ...."
എന്റെ മറുപടി അവനു വലിയ ആശ്വാസമായതു പോലെ.ലിന്റയെന്ന അവന്റെ പ്രിയപ്പെട്ട കൂട്ടുകാരി സ്വർഗത്തിൽ സുഖമായി ജീവിക്കുന്നതു സ്വപ്നം കാണാനായി മനസ്സമാധാനത്തോടെ അവനുറങ്ങി.എന്റെ മനസ്സിൽ അവൻ ഡയറിയിൽ കുറിച്ചിട്ട വരികൾ ഒന്നുകൂടി തെളിഞ്ഞു വന്നു....
"ലിന്റ ഇന്ന് മരിച്ചു.എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പട്ടിയായിരുന്നു ലിന്റ.അവൾക്ക് എട്ടു വയസ്സായിരുന്നു. അവളിപ്പോൾ സ്വർഗ്ഗത്തിലായിരിക്കും.എനിക്ക് അവളെ വല്ലാതെ ഓർമ്മ വരുന്നു...ഐ ലവ് യൂ....."

By: Riju Kamachi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo