Slider

വർഷംപതിനാറ് - Part 2

0
Image may contain: 1 person, smiling

മനസ്സ് നൂലറ്റപട്ടം പോലെ ലക്ഷ്യമില്ലാതെ പാറിപറക്കുന്നു. പട്ടം പറത്തിയിരുന്ന കുട്ടിയായ് നൂലു പൊട്ടിപ്പോയ വേദനയിൽ അവനിരുന്നു.
മനസ്സേ എനിക്കു നിന്നേ പറ്റിയോ, നിനക്കെന്നേ പറ്റിയോ ഒന്നുമറിയില്ല, പിന്നെ നമ്മുടെ ബന്ധത്തെ പറ്റി ആരോട് ചോദിയ്ക്കാൻ .
ഇന്നലത്തെ ഓർമ്മകളും
ഇന്നത്തെ ഓർമ്മകളും
പിന്നെ എന്നത്തേയോ
ഓർമ്മകളും കൂടി ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്നു
പറഞ്ഞ് സൂപ്പർസ്റ്റാറുകളുടെ സിനിമകളുടെ ഫസ്റ്റ്റിലീസിംഗ് ദിവസം ഫാൻസുകാർ ഇടിച്ചു കേറുന്ന പോലെ തിക്കിതിരക്കി മുന്നോട്ടെത്തുന്നു. പഴയ ഓർമ്മകൾക്ക് തെളിച്ചം അല്പം കുറവാണ്. കൃത്യമായ എഡിറ്റ് ചെയ്യുന്നതിന് മുമ്പ് എഡിറ്റിംഗ് ടേബിളിൽ കൂട്ടിയിട്ടിരിക്കുന്ന ഷൂട്ടു ചെയ്ത ഭാഗങ്ങൾ പോലെ
തോന്നിയ്ക്കുന്നു. കുഴഞ്ഞുമറിഞ്ഞു തെളിയുന്ന സീനുകളുടെ
കുഴാമറിച്ചിലുകൾ. അതേപോലുള്ള പേരുള്ള
ഒരു പുസ്തകം വായിച്ചിരുന്നല്ലോ. ശരിയാണ് നിത്യചൈതന്യയതിയുടെ മൂല്യങ്ങളുടെ കുഴാമറിച്ചിലുകൾ.
ഓർമ്മയിൽ എവിടെയോ ഒരു പൊൻചെമ്പക സുഗന്ധം നിറയുന്നു, മുല്ലപ്പൂവിന്റെ സ്നിഗ്ദതയുള്ളൊരു പാൽപ്പുഞ്ചിരി, ഒരു കുപ്പിവളക്കിലുക്കം, പാദസ്വരത്തിന്റെ നനുനനുത്ത ശബ്‌ദവീചികൾ, ഒച്ചയുണ്ടാക്കാതെ പതുങ്ങിയെത്തുന്ന കുളിർക്കാറ്റ്. ആ കുളിർക്കാറ്റിന് നീനയെന്നാണ് പേരെന്ന്
ഉള്ളം പറയുന്നു,
ടിവിയിൽ അപ്പോഴും ഏതെല്ലാമോ ചാനലുകൾ
മാറിക്കൊണ്ടിരുന്നു. ഓർമ്മകളും, സിനിമകളും,
ചാനൽപ്പരിപ്പാടികളും തമ്മിലുള്ള കാഴ്ച വ്യത്യാസത്തിന്റെ ഇടവേളകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങി വന്നത് രാമേട്ടന്റെ
കടന്നുവരവോടെയാണ്.
ഇന്നലെ വരേ രാമണ്ണനെന്നും, സീതാക്കയെന്നും വിളിച്ചിരുന്നവരെയാണ് ഇന്ന് രാമേട്ടനെന്നും, സീതാന്റിയെന്നും
വിളിയ്ക്കുന്നത്.
കാർത്തിക് സൗഖ്യമാ,
നല്ലാ തൂങ്കിയിരുക്ക് .
രാമസ്വാമിയെന്ന രാമേട്ടൻ
കാർത്തികിനോട് നല്ല തമിഴിൽ പറയുന്ന കാര്യങ്ങൾ കേട്ട്, മലയാളത്തിലായി കണ്ണന്റെ
മനസ്സിൽ പതിയുന്നതായി
തോന്നുന്നതിന്റെ തിരിച്ചറിവുകൾക്കായി
മനമുഴറി. ആകാംക്ഷാഭരിതമായ അപസർപ്പകനോവലിന്റെ
അവസാനത്തെ അഞ്ചാറുപുറങ്ങൾ നഷ്ടമായതു പോലെ, അപൂർണ്ണ ചിന്തകൾ ഉള്ളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു.
കാർത്തിക് നിന്റെ വേദനകൾക്കു കുറവുണ്ടോ, വിശക്കുന്നില്ലേ. സുഗന്ധി
സ്വന്തം കൈയാലേ പാചകം
ചെയ്ത് നിനക്കായി ആഹാരം തന്നു വിട്ടിട്ടുണ്ട്.
അതു നന്നായി.
സീതാക്കനും, സുഗന്ധിയും
സുഖമായിരിക്കുന്നോ?
അതേ അവർ നാളെ രാവിലെ ഇങ്ങോട്ടു വരും.
രാമണ്ണാ ഞാനൊരു കാര്യം
ചോദിച്ചോട്ടെ, ഞാൻ മലയാളിയാണോ, തമിഴനാണോ?
അതിനുള്ള മറുപടി ആ അതികായന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞതിനു
ശേഷം ആയിരുന്നു.
സത്യം പറഞ്ഞാൽ നീ തമിഴ നോ,മലയാളിയോ, കന്നടിയ നോ എന്നെനിക്ക് തെരിയാത്. പത്തുപതിനാറു വർഷങ്ങൾക്കു മുമ്പ് ഞാൻ
നിന്നെ ആദ്യമായി കാണുന്നത് തലയിൽ ആഴത്തിലുള്ള മുറിവേറ്റ്,
ചോരയിൽ കുതിർന്ന്, മഴ നനഞ്ഞ് കുതിർന്ന്, അർദ്ധ പ്രാണനായി എന്റെ കാലിയായ പച്ചക്കറി ലോറിയുടെയുള്ളിൽ കിടക്കുന്നതായാണ്. തലേ ദിവസം കേരളത്തിലേക്കുള്ള ഓട്ടം കഴിഞ്ഞ് തിരിച്ചു കൊണ്ടു വന്നിട്ട ലോറിയിൽ നിന്നാണ്
രാവിലെ നിന്നെ കിട്ടിയത്. ആദ്യത്തെ രണ്ടാഴ്ച നിനക്ക് ബോധമില്ലാതെ
ഈ ആശുപത്രിയിൽ ആണ്
കിടത്തി ചികിത്സിച്ചിരുന്നത്.
പിന്നീട് പയ്യെ നീ ജീവിതത്തിലേക്ക് തിരിച്ചു വന്നു, മൂന്നു വയസ്സുള്ള
സുഗന്ധിയും ഞാനും, സീതയും പറയുന്നതു കേട്ട് ഒന്നും ഒറ്റയും ആയി നീ തമിഴ് പഠിച്ചു തുടങ്ങി, പയ്യെ സംസാരിച്ചു തുടങ്ങി. അതിനു മുമ്പുള്ള കാര്യങ്ങൾ നിനക്ക് ഓർമ്മയിൽ വരാത്തതു കൊണ്ട് ആരോട് ചോദിച്ചറിയാനായിരുന്നു നിന്റെ ഇന്നലെകൾ.
രാമേട്ടാ എനിക്കിപ്പോൾ
മലയാളമെല്ലാം കേട്ടാൽ തിരിച്ചറിയാം, വായിയ്ക്കാനും പറ്റുന്നുണ്ട്.
അങ്ങിനെയെങ്കിൽ നമുക്ക്
എങ്ങിനെയും കണ്ടു പിടിക്കാം. ഞാനന്ന് പോയിരുന്ന വഴികളിലൂടെ നമുക്ക് ലോറിയിൽ സഞ്ചരിക്കാം. ഇടയ്ക്ക് രാത്രി ചായ കുടിക്കാൻ നിർത്താറുള്ള സ്ഥലങ്ങളിലും, ലോറിത്താവളങ്ങളുടെ പരിസരത്തും നമുക്ക് പോയി വരാം. അവിടെ എവിടെയെങ്കിലും വച്ച്
നിനക്ക് നിന്റെ ഭൂതകാലയോർമ്മകൾ തിരിച്ചു കിട്ടും.
തന്റെ കൈയിലമർന്നിരുന്ന
രാമേട്ടന്റെ കൈകൾ എന്തിനും ഏതിനും കൂടെയുണ്ടാകും എന്ന ആത്മവിശ്വാസം പകർന്നു തന്നു. താനും ആ കൈകളിൽ അമർത്തിപ്പിടിച്ചു.
തുടരും .......
11/8/18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo