നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കരിപുരണ്ട ജീവിതങ്ങൾ


**********************
ബഷീർ വാണിയക്കാട്.
...................................
ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ നേരമാണ് ഫോൺ റിംഗ് ചെയ്തത്. ബഹറൈനിലെ കൂട്ടുകാരി ഷൈലയാണ്.
"നിഷാ , നിന്റെ ഹസ്സ് വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ ഹോസ്പിറ്റലിലാണ്".. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആ വാർത്ത അവളെ നൊമ്പരപ്പെടുത്തി.. ഒന്നുമില്ലെങ്കിലും തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷനാണയാൾ..
സ്വയം നശിക്കാൻ ഇറങ്ങിത്തിരിച്ചവരെ ദൈവം വിചാരിച്ചാലും രക്ഷിക്കുക സാദ്ധ്യമല്ലല്ലൊ..
പവിഴ ദ്വീപെന്നറിയപ്പെടുന്ന ബഹറൈനിൽ എല്ലാ വ്യക്തി സ്വാതന്ത്ര്യവും ഭരണകൂടം അനുവദിച്ചിട്ടുണ്ടു്..
ദൈവം കാണിച്ച് തന്ന നേരായ മാർഗവും, സാത്താന്റെ പിഴച്ച മാർഗവും തിരഞ്ഞെടുക്കാൻ പൗരൻമാർക്ക് സ്വാതന്ത്ര്യമുണ്ടവിടെ..
അത് കൊണ്ടു തന്നെ സമൂഹം ദുഷ്കൃത്യങ്ങളായി എണ്ണുന്ന സകല വൃത്തികേടുകളും ചെയ്ത് ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ അവിടെയുണ്ട്..
അവർക്ക് ദേശമില്ല , ഭാഷയില്ല, വർണമില്ല, ലിംഗഭേദമില്ല..
ഇപ്പോൾ ആ കൂട്ടരിൽ കൂടുതൽ ഫിലിപ്പിനോകളും,മലയാളികളും, ബംഗാളികളുമാണ്..
'ലിവിംഗ് ടുഗതർ' എന്ന ഓമന പേരിൽ നാട്ടിലും ഇവിടെയുമുള്ള ഇണകളെ വഞ്ചിച്ച് കൊണ്ട് അവർ മറ്റൊരു ഇണയോടൊപ്പം ഒരുമിച്ച് താമസിക്കുന്നു..
ആദ്യ അഭിനിവേശം ശമിക്കുമ്പോൾ അവർക്കിടയിൽ പലവിധ പ്രശ്നങ്ങൾ ഉടലെടുക്കുന്നു.. ഇവരിൽ ഭൂരിഭാഗവും മദ്യത്തിനും, പലിശക്കും അടിമകളായിരിക്കും..
ഇങ്ങിനെ കുടുംബ ബന്ധങ്ങൾ ശിഥിലമായ കൊണ്ടിരിക്കുന്ന അനേകം കേസുകൾ ഇന്ന് ഒരുസാമൂഹിക പ്രശ്നമായി മാറി കൊണ്ടിരിക്കുന്നു..
അതിനെ തുടർന്നുണ്ടാകുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അറബികളുടെ ഇടയിൽ മലയാളികൾക്കുണ്ടായിരുന്ന ഇമേജ് ഇല്ലാതാക്കി ..
നിർഭാഗ്യവശാൽ അക്കൂട്ടരിൽ ഒരാളായിരുന്നു തന്റെ ഭർത്താവു് ശ്രീജിത്തും..
അച്ഛനും അമ്മക്കും ആണും പെണ്ണുമായി ഇരട്ടകളായ താനും ജിഷയും മാത്രം.. ഭൂമിയിലെ വെളിച്ചം ആദ്യം കണ്ടത് താനായത് കൊണ്ടു് മൂത്തവൾ താനാണെന്ന് ഒരഹങ്കാരം ചെറുപ്പത്തിലേ ഉണ്ടായിരുന്നു.. വീട്ടിലായാലും കോളേജിലായാലും അവൾ ഒരു ചട്ടമ്പിക്കല്യാണിയായിരുന്നു.. "നിഷ"യെയും കൂട്ടുകാരികളെയും കമന്റടിക്കാൻ കോളേജിലെ സീനിയേഴ്സ് പോലും ധൈര്യപ്പെടില്ലായിരുന്നു.. ബിഫാം കഴിഞ്ഞപ്പോൾ അച്ഛനുമമ്മക്കും മക്കളെ കെട്ടിച്ചയക്കാൻ ധൃതിയായി.. രണ്ടു പേരും ഒരേ പോലെ പുരനിറഞ്ഞ് നിൽക്കുന്നത് കൊണ്ടു് മൂത്തവളെന്നഹങ്കരിച്ചിരുന്ന തനിക്കാണ് നറുക്ക് വീണത്..
ബഹറൈനിലെ ഒരു പ്രമുഖ ഹോസ്പിറ്റലിന്റെ എച്ച് ആർ ആയ ശ്രീജിത്തിന്റെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒരുപാടൊന്നും അന്വേഷിച്ചില്ല.. അച്ഛൻ നേരത്തേ ബഹറൈനിൽ ജോലി ചെയ്തിട്ടുള്ളത് കൊണ്ടു് ആ ഹോസ്പിറ്റലിനെ പറ്റി അറിയാം.. തനിക്കും അവിടെ ഒരു ജോലി ലഭിക്കുമെന്നറിഞ്ഞപ്പോൾ അച്ഛനുമമ്മക്കും എന്തെന്നില്ലാത്ത സന്തോഷം.. ശ്രീക്കാണെങ്കിൽ ഏതൊരു പെൺകുട്ടിയും മോഹിക്കുന്ന സൗന്ദര്യം.. കാഴ്ചയിലും പെരുമാറ്റത്തിലും വിനയാന്വിതൻ..
അച്ഛനും അമ്മയും ഒരു സഹോദരിയും മാത്രം..
സഹോദരി വിവാഹിതയാണെങ്കിലും ഭർത്താവുമായി എന്തോ പ്രശ്നത്തിൽ സ്വന്തം വീട്ടിലുണ്ട്..
തനിക്കും മറുത്ത് പറയാൻ പ്രത്യക്ഷത്തിൽ കാരണങ്ങൾ ഒന്നുമില്ലായിരുന്നു..
പിന്നെയുള്ള ദിവസങ്ങൾ മാധുര്യമേറിയതായിരുന്നു.. സ്വപ്നങ്ങൾ.. വർണ്ണങ്ങൾ.. ഭാവിയെ കുറിച്ച പ്രതീക്ഷകൾ ..
എന്നും ശ്രീയുടെ കോളിനുള്ള കാത്തിരിപ്പായിരുന്നു .. "ഇനി നേരിൽ കാണുമ്പോൾ നമുക്ക് സംസാരിക്കാൻ വിഷയമുണ്ടാകില്ലല്ലൊ"..
ദിവസേന ഫോണിൽ മണിക്കൂറുകൾ സംസാരിക്കുമ്പോൾ, അന്നൊരിക്കൽ താൻ പറഞ്ഞത് അറം പറ്റിയോ എന്ന് പിന്നീട് തോന്നിയിരുന്നു..
പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
അവർ ഡിമാന്റ് വെച്ചതിലും കൂടുതൽ സ്ത്രീധനം നൽകി..
വിവാഹം കഴിഞ്ഞു..
കുറഞ്ഞ ദിവസങ്ങൾ .. മധുവിധുവൊക്കെ കഴിഞ്ഞു് ശ്രീജിത്തിന് തിരിച്ച് പോകാനായി..
സന്തോഷകരമായിരുന്നു , ആ നാളുകൾ..
ചെറുതായി മദ്യപിക്കുന്ന ശീലമുണ്ടെന്ന് തുറന്ന് പറഞ്ഞത് കൊണ്ട്‌ അക്കാര്യത്തിൽ ഒരു ഭയപ്പാടുണ്ടായിരുന്നു..
താൻ ചെല്ലുമ്പോൾ എല്ലാം ശരിയാക്കാമെന്ന് മനസ്സിൽ കരുതി..
ഒരു മാസത്തിനകം തന്നെ വിസയും ടിക്കറ്റും വന്നു..
വീട്ടിൽ എല്ലാവർക്കും വലിയ സന്തോഷം..
ആദ്യമായി ഒറ്റക്ക് കൊച്ചിയിൽ നിന്ന് ബഹറൈനിലേക്ക് ..
വൈകിട്ട് ആറ് മണിക്ക് മുത്തുകളുടെ നാട്ടിൽ വിമാനമിറങ്ങി.. ആദ്യ വിമാന യാത്രയായത് കൊണ്ടാവാം നല്ല തലവേദന ഉണ്ടായിരുന്നു..
എയർ പോർട്ടിൽ ശ്രീ കാത്ത് നിന്നിരുന്നു..
താൻ വലിയ സന്തോഷത്തിലും ഒരു പാട് പ്രതീക്ഷയിലുമായിരുന്നു..
പക്ഷെ ശ്രീ ! ശ്രീക്ക് ഇത് എന്ത് പറ്റി ?
ഒരു തണുപ്പൻ ഭാവം..
ഭാര്യ വന്ന സന്തോഷമൊന്നും മുഖത്തോ ഭാവത്തിലോ ഇല്ല.. കാര്യമായി സംസാരവുമില്ല.. ഹോസ്പിറ്റലിനടുത്ത് തന്നെയായിരുന്നു ഫ്ലാറ്റ്..
തന്നെ ഒറ്റക്ക് ഫ്ലാറ്റിലാക്കി ഇപ്പൊൾ വരാമെന്ന് പറഞ്ഞ് പോയ ആളെ രാത്രി ഒരു പാട് വൈകിയിട്ടും കാണുന്നില്ല..
എത്തിയ വിവരം പോലും വീട്ടിൽ വിളിച്ച് പറഞ്ഞിട്ടില്ല. മണിക്കൂറുകൾ.. ഒരോന്നാലോചിക്കുമ്പോഴും അവളുടെ നെഞ്ചിൽ ശക്തിയായി വെള്ളിടികൾ വെട്ടിക്കൊണ്ടിരുന്നു..
കുറെ കഴിഞ്ഞു് കോളിംഗ് ബെൽ മുഴങ്ങി..
ഓടിപ്പോയി വാതിൽ തുറന്നു..
ഒരു പാക്കിസ്താനി കുറച്ച് സാധനങ്ങളുമായി അകത്തേക്ക് കയറി..
പിന്നിൽ മദ്യപിച്ച് ലക്ക് കെട്ട നിലയിൽ ശ്രീ..
സാധനങ്ങൾ ഹാളിൽ വെച്ച് പാക്കിസ്താനി ഇറങ്ങിപ്പോയി..
"സോറി , കുറച്ച് ഫ്രണ്ട്സുമായി ഇരുന്ന് വൈകിപ്പോയി..
നീ ഒന്നും കഴിച്ചില്ലല്ലൊ..
അതിൽ ഫുഡ് ഉണ്ട്.. എടുത്ത് കഴിച്ചോ "..
കുഴഞ്ഞ സ്വരത്തിൽ അത്രയും പറഞ്ഞ് ശ്രീ കാലുറക്കാതെ ബെഡ് റൂമിലേക്ക് കയറി..
അവൾക്ക് പൊട്ടിക്കരയാൻ തോന്നി..
ഓടി ബാത്ത് റൂമിൽ കയറി.. മതിയാവോളം കരഞ്ഞു..
മുഖം കഴുകി കണ്ണാടിയിൽ നോക്കി..
ഒരു പരിഹാസത്തോടെ അവളുടെ പ്രതിബിംബം അവളോട് പറഞ്ഞു.. നിഷാ...നീ വലിയ ചട്ടമ്പിക്കല്യാണിയായിരുന്നല്ലൊ.. വലിയ ധൈര്യശാലി..
എന്നിട്ടിപ്പോൾ എവിടെ പോയി നിന്റെ ധീരതയൊക്കെ?
അവൾ ബെഡ് റൂമിലേക്ക് നടന്നു.. ഷൂ പോലും അഴിക്കാതെ ശ്രീ ബെഡ്ഡിൽ കമിഴ്ന്ന് കിടക്കുന്നു .. ക്ലോക്കിലേക്ക് നോക്കി..
സമയം ഒന്നര മണി..
നാട്ടിൽ നാല് മണി ആയിക്കാണും.. അച്ഛനും അമ്മയും വിഷമിച്ച് തന്റെ കോൾ പ്രതിക്ഷിച്ച് ഉറങ്ങാതെ ഇരിക്കുന്നുണ്ടാകും..
അവളിലെ മകൾ ഉണർന്നു..
അവന്റെ പോക്കറ്റിൽ കയ്യിട്ട് ഫോണെടുത്തു..
ഭാഗ്യത്തിനു് ലോക്ക് ഉണ്ടായിരുന്നില്ല..
റിംഗ് തുടങ്ങുമ്പോഴേക്ക് അമ്മ ഫോണെടുത്തു..
"എന്താ മോളെ വിളിക്കാൻ താമസിച്ചത് "?
ഏതാനും നിമിഷത്തേക്ക് അവൾക്ക് ഒന്നും ശബ്ദിക്കാൻ കഴിഞ്ഞില്ല..
വളരെ ശ്രമപ്പെട്ട് അവൾ വിളിച്ചു.. "അമ്മെ"..
കരച്ചിലടക്കാൻ പാട് പെട്ട് അവൾ പറഞ്ഞു..
ഫ്ലൈറ്റ് ഡിലേ ആയിരുന്ന മ്മെ.. കുറച്ച് സമയമായുള്ളു എത്തിയിട്ട് .. ഞാൻ നാളെ വിളിക്കാം.. അച്ഛനോടും ജിഷയോടും പറഞ്ഞേക്ക്..
അവൾക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല.. പെട്ടെന്ന് കോൾ കട്ട് ചെയ്തു..
ഫോൺ മേശപ്പുറത്ത് വെക്കാൻ തുനിഞ്ഞ അവൾ എന്തോ ഓർത്തിട്ടെന്ന പോലെ വെറുതെ അവന്റെ ഫോണിലെ മെസ്സേജുകൾ നോക്കി..
അതിലെ ചിലരുടെ വാട്സ്ആപ് മെസ്സേജുകൾ കണ്ടപ്പോൾ അവൾക്ക് ഭൂമി കീഴ്മേൽ മറിയുന്ന പോലെ തോന്നി..
മുഴുക്കുടിയൻ മാത്രമല്ല, തന്റെ ഭർത്താവ് ഒരു അറു വഷളൻ ആണെന്ന് ഏതാനും മിനിട്ടുകൾക്കുള്ളിൽ അവൾക്ക് ബോധ്യപ്പെട്ടു..
വേശ്യാ സ്ത്രീകളുമായി മണിക്കൂറുകൾക്ക് വിലപേശുന്ന സന്ദേശങ്ങൾ വരെ അവൾ അറപ്പോടെ വായിച്ചു..
ഭാര്യ ആദ്യമായി എത്തിയ ഇന്നും ആഘോഷം കഴിഞ്ഞാണ് അയാൾ എത്തിയിരിക്കുന്നതെന്ന അറിവു് അവളുടെ ഹൃദയത്തെ കീറി മുറിച്ചു..
കട്ടിലിൽ ബോധമറ്റ് കിടക്കുന്ന ആ ജന്തുവിനോട് അവൾക്ക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി.. ഇനിയെന്ത്?.
അവൾ ആ വെറും തറയിൽ കുത്തിയിരുന്ന് ആലോചിച്ചു..
ഏതോ അജ്ഞാത ഗുഹയിൽ ഒറ്റപ്പെട്ട് പോയ പോലെ.. അവൾ വല്ലാതെ ഭയന്നു.. എ സി യുടെ തണുപ്പിൽ ശരീരം കിടുകിടാ വിറച്ചു. റോഡിലോടെ ഇരമ്പി പായുന്ന വാഹനങ്ങളുടെ ശബ്ദം അവൾക്ക് അരോചകമായി.
ഇല്ല , ജീവിതത്തിൽ നിന്ന് തോറ്റ് പിന്മാറാൻ നിഷക്കാവില്ല..
എന്തെന്ത് പ്രതീക്ഷകളോടെയാണ് അച്ഛനും അമ്മയും തന്നെ യാത്രയാക്കിയത്..
അവൾ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു..
അച്ഛൻ കഷ്ഠപ്പെട്ട് പഠിപ്പിച്ചത് വെറുതെയാകരുത്..
എത്രയും വേഗം ഒരു ജോലി നേടണം..
ബാക്കിയൊക്കെ വരുന്നത് പോലെ..
ആ ഇരിപ്പിൽ എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല..
രാവിലെ നുരച്ച് പൊന്തിയ കോപവും സങ്കടവും നിയന്ത്രിച്ച് ഒന്നും സംഭവിക്കാത്തത് പോലെ അവൾ ശ്രീ യോടിടപെട്ടു..
"ചേട്ടാ , എന്റെ ജോലി പെട്ടെന്ന് ശരിയാകുമോ"?
മനസ്സിലെ വെറുപ്പ് മറച്ച് വെച്ച് അവൾ സ്നേഹം ഭാവിച്ച് ചോദിച്ചു.. "ഞാൻ അത് പറയാൻ മറന്നു ..
നീ നാളെ തന്നെ ജോലിക്ക് കയറണം..
എംഡി ഇന്നലെ പ്രത്യേകം പറഞ്ഞിരുന്നു..
ശമ്പളം തുടക്കത്തിൽ അൽപ്പം കുറവായിരിക്കും..
എന്നോട് വലിയ കാര്യമാണ്.. സാവകാശം കൂട്ടിത്തരും.. തൽക്കാലം ജോയിൻ ചെയ്യ് ".. നിഷക്ക് ആശ്വാസമായി..
കുഴഞ്ഞ് മറിഞ്ഞ് കിടന്നിരുന്ന കിച്ചണൊക്കെ ഒന്ന് വൃത്തിയാക്കി..
പിറ്റേന്ന് ഭർത്താവിന്റെ കൂടെ അവളും ഹോസ്പിറ്റലിൽ പോയി.. നടന്ന് പോകാവുന്ന ദൂരമെയുള്ളു.. ശ്രീക്ക് ലൈസൻസ് ഇല്ല..
എന്തിനും പാകിസ്താനി ഡ്രൈവറെ ആശ്രയിക്കണം..
സ്റ്റാഫൊക്കെയായി പരിചയപ്പെട്ടു.. കൂടുതലും മലയാളികളാണ്.. അതിനിടയിൽ ഒരു കാര്യം അവൾ പ്രത്യേകം ശ്രദ്ധിച്ചു..
എല്ലാവരും തന്നെ സഹതാപത്തോടെ നോക്കുന്നതായി അവൾക്ക് മനസ്സിലായി..
പാവം, ഈ കൊച്ചിന് ഈ ഗതി വന്നല്ലൊ എന്ന അർത്ഥത്തിൽ .. അതിന്റെ കാരണവും അവൾ ഊഹിച്ചു ..
തന്റെ ഭർത്താവിന്റെ സ്വഭാവ സവിശേഷതകൾ ഇവർ അറിയാതിരിക്കില്ല..
അവൾക്ക് നല്ലൊരു കൂട്ടുകാരിയെ കിട്ടി..
ഷൈല.. കോഴിക്കോട്ട് കാരി .. ഭർത്താവും രണ്ടു മക്കളും.. ഷൈലയാണ് ശ്രീയെ പറ്റി ഒരു രൂപരേഖ തന്നത്.. ജോലിക്കാര്യത്തിൽ ആൾ പെർഫെക്ടാണ്..
മിഡിൽ ഈസ്റ്റിലെ തന്നെ മിടുക്കൻ മാരിലൊരാൾ..
പക്ഷെ ഹോസ്പിറ്റൽ മാനേജ്മെന്റ് കുറഞ്ഞ ശമ്പളം നൽകി അയാളെ വശത്താക്കി മുതലെടുക്കുകയാണ്. അയാൾക്ക് മൂക്കറ്റം മദ്യപിക്കണം.. അന്തിക്കൂട്ടിന് വിവിധ രാജ്യങ്ങളിലെ വ്യത്യസ്തരായ സ്ത്രീകളും വേണം..
മറ്റൊരു ലക്ഷ്യവുമില്ല...
മാസം പകുതിയാകുമ്പോഴേക്ക് ശമ്പളം തീർന്നിരിക്കും..
മാനേജ്മെന്റാണ് അതിന് ഒരു പ്രതിവിധി നിർദ്ദേശിച്ചത്..
ഭാര്യ കൂടി ഇവിടെ ജോലി ചെയ്താൽ സാമ്പത്തിക പ്രയാസം മാറിക്കിട്ടും..
അങ്ങിനെയാണ് പെട്ടെന്ന് വിസ റെഡിയാക്കി അവളെ കൊണ്ടുവന്നത്..
കാര്യങ്ങളുടെ കിടപ്പ് വശം അവൾക്ക് ഓടി തിരിഞ്ഞു.. അയാളുടെ വഴിവിട്ട ജീവിത ചിലവിന് തന്റെ അദ്ധ്വാനഫലം കൂടി അയാൾക്കാവശ്യമാണ്..
അവളുടെ കണക്ക് കൂട്ടലുകൾ വീണ്ടും പാളി...
മാസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു..
ഷൈല സൂചിപ്പിച്ച പോലെ തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്..
ഒരു മുറിയിൽ അന്യോന്യം സ്പർശിക്കാതെയും സംസാരിക്കാതെയും രണ്ടു് ധ്രുവങ്ങളിൽ കഴിയുന്നവർ..
ആദ്യമാദ്യം സങ്കടങ്ങളുടെ പെരുമഴയായിരുന്നു..
ഇപ്പോൾ എല്ലാം ശീലമായി..
ഒരിക്കൽ മദ്യപിച്ച് ഒരു കോൾ ഗേളുമായി ഫ്ലാറ്റിൽ വന്ന് കയറി.. മരിച്ചാലും അത് അനുവദിച്ച് കൊടുക്കാൻ അഭിമാനം സമ്മതിച്ചില്ല..
അന്ന് തന്റെ സ്വരൂപം കാണിച്ച് കൊടുത്തു...
കൈയിൽ കിട്ടിയതെല്ലാം എറിഞ്ഞുടച്ചു..
കൂടെ വന്ന തേവിടിശ്ശിയെയും വെറുതെ വിട്ടില്ല..
അവസാനം അവർ തോറ്റ് പിൻമാറി..
മദ്യത്തിന്റെയും മദിരാക്ഷിയുടെയും ചിലവു കഴിഞ്ഞാൽ വീട്ടിലെ കാര്യങ്ങൾ നടക്കാത്ത അവസ്ഥയിലായി.. തനിക്ക് ശമ്പളം കിട്ടിയാൽ അതിന് വേണ്ടി വഴക്ക് കൂടലും പതിവായി.. കഷ്ഠപ്പെട്ട് പഠിപ്പിച്ച് വളർത്തി വലുതാക്കിയ അച്ഛന് ഇത് വരെ ഒന്നും അയച്ച് കൊടുക്കാൻ കഴിഞ്ഞിട്ടില്ല..
ഒന്നും തന്നെ വീട്ടിൽ അറിയിച്ചിട്ടുമില്ല..
വെറുതെ എന്തിന് അവരെ കൂടി കണ്ണീര് കുടിപ്പിക്കണം..
മകൾക്ക് ഭർത്താവിന്റെ ഹോസ്പിറ്റലിൽ തന്നെ ജോലി ലഭിച്ചെന്നും സുഖജീവിത മാണെന്നുമാണ് അവരുടെ ധാരണ.. ജിഷക്ക് താൻ ചില സൂചനകൾ കൊടുത്തിരുന്നു..
മാസം അവസാനമാകുമ്പോഴേക്ക് നല്ലൊരു സംഖ്യ കോൾഡ് സ്റ്റോറിൽ കടമാകും.. വീട്ടിലേക്കാവശ്യമുള്ളതെല്ലാം താൻ തന്നെ പോയി വാങ്ങണം..
ശമ്പളം കിട്ടിയാൽ കോൾഡ് സ്റ്റോറിലെ കണക്ക് തീർക്കുകയുമില്ല..
അവസാനം അവരുടെ അനിഷ്ടവും താൻ കാണണം..
ഒഴിവു് വേളകളിൽ ഏകാകിയായി ഫ്ലാറ്റിന് സമീപത്തെ തടാകക്കരയിലുള്ള പാർക്കിൽ പോയിരിക്കും..
കടലാൽ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപിന്റെ വർണാലങ്കാരം നോക്കിയിരിക്കുമ്പോൾ എല്ലാം മറക്കും..അവിടെ ഇരുന്നാൽ തലസ്ഥാനമായ മനാമയിലും, സീഫ് ഡിസ്ട്രിക്കിലും, മനാമ ബീച്ചിൽ കടൽ നികത്തിയും അപൂർവ മാതൃകകളിൽ പണിത ദീപാലംകൃതമായ പടുകൂറ്റൻ ബിൽഡിംഗുകൾ കാണാം.. നിരത്തുകളിൽ കൂടി വരിവരിയായി അനന്തമായി നീങ്ങുന്ന ആഡംബര വാഹനവ്യൂഹം..
മനസ്സിലെ തീ അണക്കാൻ പതിവായി കാണുന്ന കാഴ്ചകൾ..
പാർക്കിൽ കുട്ടികളോടും ഭർത്താവിനോടുമൊപ്പം ജീവിതം ആഘോഷിക്കുന്ന സ്ത്രീകളെ അവൾ അസൂയയോടെ നോക്കി.. ഇവിടെ എത്തിയിട്ട് ഒന്നര വർഷമാകുന്നു.. ഇന്നേ വരെ ശ്രീയോടൊപ്പം പുറത്ത് പോയിട്ടില്ല.. സത്യം പറഞ്ഞാൽ അയാളോടൊപ്പം പോകാൻ തനിക്കും താൽപര്യമില്ല..
സിമന്റ് ബഞ്ചിൽ ഓരോന്നോർത്തിരുന്നപ്പോൾ,
പതിവ് പോലെ വയസ്സനായ ബംഗാളി പുഞ്ചിരിയോടെ ചൂട് കപ്പലണ്ടി പൊതികളുമായി അവളെ സമീപിച്ചു.. അയാളെ കാണുമ്പോൾ തനിക്ക് അച്ഛനെയാണ് ഓർമ വരിക.. നൂറ് ഫിൽസ് കൊടുത്ത് ഒരു പൊതി കപ്പലണ്ടി വാങ്ങി.. അയാൾ ചിരിച്ച് കൊണ്ടു് നന്ദി പറഞ്ഞു് അടുത്ത ബഞ്ച് ലക്ഷ്യമാക്കി നടന്നു.. കുടുംബം പോറ്റാനുള്ള ഓരോ ബദ്ധപ്പാട്.. തങ്ങൾ ഉണ്ട ചോറിനും ഈ നാടിനോട് നന്ദി പറയണം.. ഇവിടുത്തെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ മെയ്സൺ ആയിരുന്നു അച്ഛൻ.. പാവം എത്ര ബുദ്ധിമുട്ടിയായിരിക്കും ഞങ്ങളുടെ ആവശ്യങ്ങൾ നിവൃത്തിച്ചിട്ടുണ്ടാവുക..
അവളുടെ കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ടു് കൂടി ..
പെട്ടെന്ന് ഫോൺ ശബ്ദിച്ചു.. ശ്രീയുടെ അമ്മയാണ്..
അവൾക്ക് അവരോടും അടങ്ങാത്ത ദ്വേഷ്യം തോന്നി..
എല്ലാം അറിഞ്ഞിരുന്ന് കൊണ്ടാണ്
അവരും കൂടി തന്നെ ചതിച്ചത്..
ഫോൺ എടുത്തപ്പോൾ തന്നെ "തള്ള" പഞ്ചാര വർത്തമാനങ്ങൾ തുടങ്ങി..
പിന്നെ "ശ്രീ" പൈസ അയക്കാത്ത പരിഭവം..
അവസാനത്തെ ചോദ്യം അവളെ ക്രുദ്ധയാക്കി..
"ഒന്നര വർഷമായല്ലൊ മോളെ.. നിനക്ക് വിശേഷമൊന്നുമായില്ലെ? ഒരു ഡോക്ടറെ കാണാമായിരുന്നില്ലെ?"
"അമ്മെ , ഞാൻ കന്യാമറിയമൊന്നുമല്ല. വിശുദ്ധ ഗർഭം ധരിക്കാൻ"
പെട്ടെന്ന് വായിൽ വന്ന മറുപടി അതായിരുന്നു..
അവർ അൽപനേരം നിശ്ശബ്ദയായി..
പിന്നെ ഫോൺ കട്ട് ചെയ്തു..
അവൾ എഴുന്നേറ്റ് നടന്നു...
റൂമിൽ സാധനങ്ങൾ ഒന്നുമില്ല..
ഈയിടെയായി കള്ളടിച്ച് വരുമ്പോൾ രുചിയുള്ള ഭക്ഷണം കിട്ടിയില്ലെങ്കിൽ ബഹളം വെക്കാനും തുടങ്ങിയിട്ടുണ്ട്..
അവൾ നേരെ കോൾഡ് സ്റ്റോറിലേക്ക് നടന്നു..
ഭാഗ്യത്തിന് മുതലാളി അവിടെയില്ല.. വടകരക്കാരൻ..
നല്ല മനുഷ്യനാണ്..
പക്ഷെ സമയത്തിന് കാഷ് കൊടുത്തില്ലെങ്കിൽ പുള്ളി ചൂടാകും.. അയാളെ പറഞ്ഞിട്ട് കാര്യമില്ല.. പറ്റ് കുറെ ആയിട്ടുണ്ട്..
സാധനങ്ങൾ എടുക്കാൻ തുടങ്ങിയപ്പോൾ പണിക്കാരൻ പയ്യൻ വന്ന് പറഞ്ഞു..
"ചേച്ചി, തരാനുള്ള കാഷ് തന്നിട്ട് ഇനി പറ്റ് കൊടുത്താൽ മതിയെന്നാണ് മുതലാളി പറഞ്ഞിട്ടുള്ളത്.. മുന്നൂറ് ദിനാറിന് മുകളിൽ പറ്റ് ആയിട്ടുണ്ട്"..
മറ്റു് കസ്റ്റമേഴ്സ് ശ്രദ്ധിക്കുന്നത് കണ്ട് അവൾ അവിടെ നിന്ന് വേഗം ഇറങ്ങി നടന്നു..
ഓരോ കാലടി വെക്കുന്തോറും അവൾ ഉറച്ച ഒരു തീരുമാനത്തിലേക്ക് എത്തിയിരുന്നു..
....................................
"ആരാ മോളെ ഫോൺ ചെയ്തത് "?
അമ്മയുടെ ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്..
"ബഹറൈനിൻ നിന്ന് ഷൈലയാണമ്മെ..
കുടിച്ച് ലിവറൊക്കെ ദ്രവിച്ച് അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്രെ"..
"എന്റെ പ്രാർത്ഥന ദേവി കേട്ടു. നിന്റെ ജീവിതം തകർത്ത ആ ദ്രോഹി മുടിഞ്ഞു് പോകത്തെ ഉള്ളു..
അമ്മയുടെ ശാപം അവളെ അലോസരപ്പെടുത്തി.. "അങ്ങിനെയൊന്നും പറയല്ലെ അമ്മെ.. ഇന്നോ നാളെയോ എന്നറിയാതെ കിടക്കുന്ന മനുഷ്യനല്ലെ "..
"ഓ , നിയാരാടീ മദർ തെരേസയുടെ കൊച്ചുമോളോ"?
"അവന്റെ കുടുംബം തന്നെ മുടിഞ്ഞു് പോകും..
നമ്മൾ കൊടുത്ത സ്ത്രീധനം , വീട് ജപ്തി ചെയ്ത് ഉടനെ തിരിച്ച്കിട്ടുമെന്ന് വക്കീൽ അച്ഛനെ വിളിച്ച് പറഞ്ഞിട്ടുണ്ട് ".. "ഡൈവോഴ്സ് പെറ്റീഷനും നമ്മക്കനുകൂലമാകുമെന്നാ വക്കീൽ പറഞ്ഞെ..
ഇനി അവൻ കുടിച്ച് ചാകാൻ കിടക്കേണന്ന വിവരം കൂടി വക്കീലിനെ അറിയിക്കണം"
അമ്മ ചവിട്ടി കുലുക്കി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി..
വിവാഹം കഴിഞ്ഞ് ഗൾഫിലേക്ക് പോകുമ്പോൾ ശ്രീയുടെ അമ്മ തന്റെ സ്വർണം മുഴുവൻ ഊരി വാങ്ങിയിരുന്നു..
പിന്നിടാണു് അറിഞ്ഞത് , മകനെപ്പോലെ തന്നെയാണ് അച്ഛനും..
വിത്ത് ഗുണം പത്ത് ഗുണം..
കുറെശ്ശെയായി തന്റെ സ്വർണമൊക്കെ വിറ്റ് അവർ പുട്ടടിച്ചു..
.............................................
അന്ന് കോൾഡ് സ്റ്റോറിൽ നിന്ന് അവൾ നേരെ പോയത് ഹോസ്പിറ്റൽ എംഡിയുടെ റൂമിലേക്കായിരുന്നു.. മുഖവുരയില്ലാതെ അവൾ പറഞ്ഞു..
"സർ എനിക്ക് ഇപ്പോൾ നാട്ടിൽ പോകണം"..
അവളുടെ മുഖഭാവം കണ്ടു് അദ്ദേഹം അമ്പരന്നു..
"നിഷ ഇരിക്കൂ. എന്താണ് പ്രശ്‌നം?" "പ്രശ്നങ്ങൾ നിങ്ങൾക്ക് അറിയാത്തതല്ല..
ഇത് വരെ ഞാൻ പിടിച്ച് നിന്നു..
ഇനി കഴിയില്ല സർ .
എന്നെ ഇന്ന് തന്നെ നാട്ടിൽ അയച്ചില്ലെങ്കിൽ ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പോകും.. പിന്നെ ചിലപ്പോൾ നിങ്ങളും കുടുങ്ങും.."
"ഒകെ. ഒകെ.കൂൾ ഡൗൺ നിഷാ.. ഞാൻ ശ്രീജിത്തിനെ ഒന്ന് വിളിക്കട്ടെ".
"വേണ്ട", അവൾ തടഞ്ഞു കൊണ്ടു് പറഞ്ഞു.. ഞാൻ പോകുന്നത് അയാൾ അറിയരുത്.. പാസ്സ് പോർട്ട് ഇവിടെയല്ലെ ഉള്ളത്..സർ ഒരു ടിക്കറ്റിന് വിളിച്ച് പറഞ്ഞ് എന്നെ എയർപോർട്ടിൽ അയക്കാൻ ഏർപ്പാടാക്ക്."
അവളുടെ ആ ഉറച്ച തീരുമാനം അംഗീകരിക്കുക മാത്രമെ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളു.. ഇറങ്ങുമ്പോൾ കുറച്ച് പണമെടുത്ത് കയ്യിൽ തന്നു..
അങ്ങിനെ ഉടുത്ത തുണിയാലെ, ഒരു ഹാൻഡ് ബാഗ് പോലുമില്ലാതെ എയർപോർട്ടിലേക്ക് ..
ഫ്ലൈറ്റിൽ അടുത്തിരുന്ന കുറച്ച് പ്രായമുള്ള മനുഷ്യന്റെ മുഖം പരിചയമുള്ളത് പോലെ തോന്നി..
തന്റെ മുഖഭാവവും ഡ്രസ്സും കണ്ടിട്ടോ എന്തോ അദ്ദേഹം ചോദിച്ചു..
"മോളെന്താ എമർജൻസി യാത്രയാണോ?"
തന്റെ അച്ഛന്റെ പ്രായമുള്ള അദ്ദേഹത്തിന്റെ ആ വിളിയിൽ എല്ലാ നിയന്ത്രണവും നഷ്ഠമായി.. താൻ വിതുമ്പി കരയുന്നത് കണ്ടു് അദ്ദേഹം വല്ലാതായി..
കുറച്ച് കഴിഞ്ഞു് നോർമലായപ്പോൾ ഞാൻ ചോദിച്ചു.. "അങ്കിളിനെ എവിടെയോ കണ്ട പോലെ".
"ബഹറൈനിലാണെങ്കിൽ കണ്ടു കാണും. ഞാൻ പത്ത് മുപ്പത് വർഷമായി അവിടെ റെസ്റ്റോറൻറ് നടത്തുന്നു"..
"ഏയ് ഞാൻ റെസ്റ്റോറന്റിലൊന്നും വന്നിട്ടില്ല.
വേറെ എവിടെയോ?.. ഓഹ് കിട്ടി, അങ്കിൾ പത്രത്തിൽ കഥകൾ എഴുതാറുണ്ടോ?"
അയാൾ ചിരിച്ചു..
കഥകളെന്ന് പറയാൻ പറ്റില്ല, നേരം പോക്കിന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും"..
സംസാരിച്ച് വന്നപ്പോൾ തന്റെ അയൽക്കാരനാണ്..
അദ്ദേഹം തന്നെ വീട്ടിൽ ആക്കിത്തരാമെന്നും പറഞ്ഞു..
പൊടുന്നനെ ചോദിച്ചു.
"അങ്കിൾ എന്റെ കഥ എഴുതാമോ"?
അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു..
"ഇത്ര ചെറുപ്രായത്തിൽ ഒരു കഥയെഴുതാൻ തക്ക സംഭവങ്ങളൊക്കെ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടായോ"?
"അങ്കിൾ ഒന്ന് കേട്ട് നോക്ക്."
"ശരി പറയൂ കേൾക്കട്ടെ."
കൊച്ചിയിൽ എത്തുന്നതിന് മുൻപ് തന്നെ മനസ്സിന്റെ ഭാരം മുഴുവൻ അദ്ദേഹത്തിന്റെ മുന്നിൽ ഇറക്കി വെച്ചു..
"സങ്കടമായല്ലൊ മോളെ..
എനിക്കും നിന്നെപ്പോലെ രണ്ടു പെൺമക്കളുണ്ട്..
ഈ ചെറുപ്പക്കാരൊക്കെ ഇങ്ങിനെയായാൽ എന്താ ചെയ്യാ?. അയാളുമായി ഒരു കോംപ്രമൈസിന് ഒരു സാധ്യതയുമില്ലേ?". "ഇല്ലങ്കിൾ, ഈ ജിവിതത്തിൽ ഇനി അയാൾ വേണ്ട"..
"മോൾ വിഷമിക്കണ്ട.
എല്ലാം ശരിയാകും..
നാട്ടിൽ എത്തിയ ഉടനെ ഒരു ജോലിക്ക് ശ്രമിക്ക് .. നീ മിടുക്കിയല്ലെ...സാവകാശം നല്ലൊരു പയ്യനെ നമുക്ക് കണ്ടു പിടിക്കാം" ..
ഫ്ലൈറ്റിൽ നിന്ന് ലാന്റിംഗിനുള്ള അറിയിപ്പ് മുഴങ്ങി..
ഇരുപത് മിനിറ്റിനുള്ളിൽ കൊച്ചിയിൽ ഇറങ്ങും.. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുന്നു...
അവൾ വിൻഡോയിലൂടെ ആകാംക്ഷയോടെ താഴെക്ക് നോക്കി..
ആകാശക്കാഴ്ചയിൽ അറബിക്കടലിന്റെ റാണിയുടെ സൗന്ദര്യം, അവളുടെ സങ്കടങ്ങൾക്ക് ഒരൽപം ആശ്വാസമേകി .

by Basheer Vaniyakkad

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot