നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹൃദയത്തിൽ സൂക്ഷിക്കാൻ


" ദിവ്യ എന്നെ തോൽപ്പിച്ചു കളയരുത് ദിവ്യ ..ഞാൻ എല്ലാം ഉപേക്ഷിച്ചു വന്നത് നിനക്കായിട്ടാണ് ..നമ്മളൊന്നിച്ചു കണ്ട സ്വപ്‌നങ്ങൾ..നമ്മുടെ വീട് ..." രാഹുലിന്റെ ശബ്ദം ഇടറി
ദിവ്യയുടെ മുഖത്ത് ഒരേ സമയം അവനെ വിട്ടുകളയേണ്ടി വരുന്ന വേദനയും അച്ഛനോടും അമ്മയോടുമുള്ള സ്നേഹവും നിറഞ്ഞു
" എനിക്ക് സാധിക്കില്ല രാഹുൽ .ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ് .അവരെ വേദനിപ്പിച്ചു വന്നാൽ എനിക്ക് ഗതി പിടിക്കില്ല .നമുക്കിത് മറക്കാം ..രാഹുലും ഒരു പുതിയ ജീവിതം തുടങ്ങണം "
രാഹുൽ വിളറി ചിരിച്ചു .അവൾ നടന്നു പോകുന്നത് കാണെ ഹൃദയം പൊട്ടിത്തെറിച്ചു താൻ മരിച്ചു പോകുമെന്ന് അവനു തോന്നി . അഞ്ചു വർഷത്തെ പ്രണയം അവസാനിച്ചിരിക്കുന്നു .വേണ്ട വേണ്ട എന്നവരായിരം ആവൃത്തി പറഞ്ഞിട്ടും തന്നെ ഇതിലേക്ക് വലിച്ചിട്ടതവളായിരുന്നു.അവൾക്കെങ്ങനെയാണ് മറ്റൊരാൾക്കൊപ്പം ജീവിക്കാൻ സാധിക്കുക എന്നവന് മനസിലായില്ല .തനിക്കൊപ്പമുള്ളതൊക്കെ മറന്നിട്ടു ഒരു ഞൊടിയിൽ വലിച്ചെറിഞ്ഞിട്ടു ഇങ്ങനെ പോകാൻ സാധിക്കുന്നതെങ്ങനെ ആണ് ?
ഇത് പെണ്ണിന് മാത്രം ദൈവം കൊടുത്തിരിക്കുന്ന സിദ്ധിയാവും .ഒരൊറ്റ വാക്കിൽ, നോക്കിൽ , ലാളനയിൽ , പ്രണയത്തിന്റെ കൈലാസത്തിലെത്തിക്കാനും അടുത്ത നിമിഷം താഴേക്ക് വലിച്ചെറിയാനും ചങ്കുറപ്പ് അവൾക്കേ ഉള്ളു .പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ തന്റെ നെഞ്ചിൽ കിടന്നു പറഞ്ഞതൊക്കെ ഇനിയൊരുവന്റെ നെഞ്ചിൽ കിടന്നും അവൾ ആവർത്തിക്കും ..അന്ന് താൻ അവളുടെ വെറുംഭൂതകാലമാകും
അവൻ അവർക്കായെടുത്ത വീടിന്റെ വാതിൽ തുറന്നു അകത്തു കയറി .ഓരോ മുറികൾക്കുമുണ്ട് പറയാൻ ഒരായിരം കഥകൾ .തമ്മിൽ പങ്കിട്ട സുന്ദര നിമിഷങ്ങളുടെ ,പറഞ്ഞ വാക്കുടമ്പടികളുടെ,ആർദ്രമാം ചുംബനങ്ങളുടെ .. അവൾക്കു വേണ്ടി താൻ ഉപേക്ഷിച്ചതൊക്കെ എന്തായിരുന്നു ?
'അമ്മ .അച്ഛൻ. അനിയത്തി .വീട്
ചുറ്റും ആരോ പരിഹസിച്ചു വിളിക്കുന്നു
" വിഡ്ഢി " പമ്പര വിഡ്ഢി "
ഇല്ല അങ്ങനെ വിഡ്ഢി ആയി തോറ്റവനായി രാഹുൽ ജീവിക്കില്ലാടി .നീ കതിർമണ്ഡപത്തിൽ കയറുമ്പോൾ നിനക്ക് പൊള്ളുന്ന ഒരോർമ വേണം .ഒരിക്കലും സമാധാനത്തോടെ നീ ജീവിക്കാതിരിക്കാൻ രാഹുൽ എന്തെങ്കിലും ചെയ്യണ്ടേ ?
അവൻ പോയി കുളിച്ചു വന്നു .ആ മുഖത്ത് ഒരു ദൃഢ നിശ്ചയം ഉണ്ടായിരുന്നു .രണ്ടു കടലാസുകൾ എടുത്തു ഒന്ന് അമ്മയ്ക്ക് .ഇനിയൊന്നും പോലീസിന് .
കത്തുകൾ പൂർത്തിയായി
അവൻ ഒരു പുതിയ ബ്ലേഡ് എടുത്തു. ക്‌ളീഷേ" ആണ് ഇതൊക്കെ അവനു ചിരി വന്നു .എന്നും ആത്മഹത്യയെ പുച്ഛിച്ചവനാണ് താൻ .പക്ഷെ ..ഞരമ്പിൽ ചേർത്ത് കണ്ണുകളടച്ചു .ഒറ്റ വലി. തീരണം .. ഈ രാത്രി ഇനി ആരും വരില്ല .പെട്ടെന്ന്
കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം .അവൻ വേഗം എല്ലാം ഒതുക്കി വെച്ച് വാതിൽ തുറന്നു
സിയാദ് ..സുഹൃത്ത്
" എന്താടാ ?" അസഹ്യതയോടെ ചോദിച്ചു
" നിന്റെ അമ്മയ്ക്കൊരു ആക്സിഡന്റ് .നീ വേഗം വന്നേ .നിന്റെ ഫോൺ എന്താ ഓഫ് ? എത്ര തവണ വിളിച്ചു ?"
ഹൃദയം ഒന്ന് പിടഞ്ഞടിച്ചു
."ദൈവമേ 'അമ്മ "
ആശുപത്രിയിൽ ട്യൂബുകൾക്കുള്ളിൽ 'അമ്മ .
അവന്റെ മനസ്സിൽ നിന്ന് മറ്റെല്ലാം മാഞ്ഞു പോയി ." ഉണ്ണി " എന്നൊരു വിളിയൊച്ച ഉള്ളിൽ നിറഞ്ഞു .കണ്ണ് നിറഞ്ഞൊഴുകുന്നു
" അമ്മെ ...." എന്നൊന്ന് വിളിക്കാൻ ശ്രമിച്ചു .പറ്റുന്നില്ല ...
"പുറത്തു നിന്നോളൂ " നേഴ്സ് വന്നു പറഞ്ഞപ്പോൾ അവൻ പുറത്തേക്കു പോരുന്നു അമ്മയെ കണ്ടിട്ട് ആഴ്ചകളായിട്ടുണ്ടാകും .വഴക്കിട്ടു പോരുമ്പോൾ വൈരാഗ്യമായിരുന്നു .പ്രണയിച്ച പെണ്ണിനെ ഒപ്പം കൂട്ടാൻ സമ്മതിക്കാത്തതിന്റെ വാശി ആയിരുന്നു .പക്ഷെ ഇപ്പോളറിയുന്നു അമ്മയായിരുന്നു ശരി .
അല്ലെങ്കിലും അമ്മയും അച്ഛനും മാത്രമാണ് എന്നും ജീവിതത്തിലെ ശരികൾ .
അച്ഛൻ പുറത്തു വരാന്തയിൽ തളർന്നു ഇരിപ്പുണ്ട് .അനിയത്തി അച്ഛന്റെ മടിയിൽ കിടക്കുന്നു അവൻ അവർക്കരികിൽ വന്നിരുന്നു
അച്ഛനോട് എന്തെങ്കിലും ചോദിക്കണമെന്നുണ്ട് പക്ഷെ ..
" നീയാണ് അമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണം " അവൻ ഞെട്ടി അച്ഛനെ നോക്കി
" നിന്നെയോർത്തു ആധി പിടിച്ചു ഉണ്ണാതെ , ഉറങ്ങാതെ അവൾ ജീവിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി എന്നറിയുമോ നിനക്ക് ? ഒടുവിൽ നീ തിരിച്ചു വരാൻ നിന്റെ പെണ്ണിന്റെ വീട്ടുകാരുടെ കാലു പിടിക്കാനും അവൾ തയ്യാറായി ,അവിട പോയി വരും വഴിയായിരുന്നു അപകടം .റോഡ് മുറിച്ചു കടക്കുകയായിരുന്നു. സ്ഥലകാലബോധമൊക്കെ നീ പോയപ്പോൾ തന്നെ പോയല്ലോ "
അവൻ മെല്ലെ എഴുനേറ്റു . ഹൃദയം വീണ്ടും വീണ്ടുംകടുത്ത വേദനയിൽ ആഴ്ന്നു പോകുന്നു .കുറ്റബോധത്തിലേക്കു വീണു പോകുന്നു .ആശുപത്രിയിൽ കഴിയുന്ന ഓരോ ദിവസവും ഓരോ യുഗം പോലെ .
" ഞാൻ ഒരു നല്ല മകൻ അല്ല " അവൻ മെല്ലെ സിയാദിനോട് പറഞ്ഞു
" ഇപ്പോൾ നിനക്ക് മരിക്കാൻ തോന്നുണ്ടോ ?" സിയാദ് ഒരു മറു ചോദ്യം ചോദിച്ചു .
അവന്റ കൈയിൽ താൻ എഴുതിയ എഴുത്തുകൾ
" നിന്റെ ഡ്രസ്സ് എടുക്കാൻ പോയപ്പോൾ കണ്ടതാ "
രാഹുൽ മുഖം കുനിച്ചു
"അകത്തു കിടക്കുന്ന നിന്റെ അമ്മ മരിച്ചു പോയാൽ നീ കൂടെ മരിക്കുമോ ? ഇല്ല അല്ലെ ?അച്ഛൻ മരിച്ചാലോ? ഹേ ..ഒരിക്കലുമില്ല ..പക്ഷെ പ്രേമിച്ച പെണ്ണ് ഇട്ടേച്ചു പോയാൽ ഉടനെ പോയി ചത്തോളും ..അപ്പൊ പ്രസവിച്ച അമ്മയും വളർത്തിയ അച്ഛനും ആരായി?കഷ്ടം "
" അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ലടാ .ജീവനെ പോലെ സ്നേഹിച്ചവൾ.."
" ഒരു നിമിഷം പ്ലീസ് ..എന്നിട്ടവളോ ?അവൾ ചത്തോ ?അവളുടെ കല്യാണമാണ് നാളെ ..നീയോ? എടാ ആരും ആരെയും ജീവനെ പോലെ സ്നേഹിക്കണ്ട ഒരു നിശ്ചിത അകലം എല്ലാ സ്നേഹത്തിനുമിടയിൽ ഉണ്ടായിരിക്കണം .കാരണം നമ്മൾ തനിച്ചല്ലെടാ ഭൂമിയിലേക്ക് വന്നത് ..ഒറ്റയ്ക്ക് ? അപ്പൊ എപ്പോൾ വേണമെങ്കിലും ഒറ്റപ്പെടാം ..ആ തോന്നൽ ഉണ്ടെങ്കിൽ ഇതൊന്നും അത്രയൊന്നും വലയ കാര്യമായി തോന്നുകേല.പടച്ചോൻ തന്ന ഒരു ജീവിതം സന്തോഷമായിട്ട് ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത് ? പടച്ചോനും സന്തോഷമാകും ഇങ്ങോട്ടു പറഞ്ഞു വിട്ടത് വേസ്റ്റ് ആയില്ലല്ലോ എന്ന് പുള്ളിക്ക് തോന്നും . ..അല്ലാതെ ഇങ്ങനെ ..."
രാഹുൽ സിയാദിനെ കെട്ടിപ്പുണർന്നു വിങ്ങിക്കരഞ്ഞു
" രാഹുൽ 'അമ്മയ്ക്ക് ബോധം വീണു. അന്വേഷിക്കുന്നു " നേഴ്സ് വന്നു പറഞ്ഞപ്പോൾ അവൻ അമ്മയ്ക്കരികിലേക്കു ഓടുക തന്നെയായിരുന്നു
'അമ്മ അവന്റ ശിരസ്സിലൂടെ മെല്ലെ തഴുകി .
" ഉണ്ണി ...."
" ഉം "
" വല്ലാണ്ട് ക്ഷീണിച്ചു പോയി "
" അമ്മയും .."
" എത്ര നാളായി എന്റെ കുട്ടിക്ക് വല്ലോം വെച്ചുണ്ടാക്കി തന്നിട്ട് ,വീട്ടിലെത്തട്ടെ കേട്ടോ "
" ഉള്ളിത്തീയൽ ഉണ്ടാക്കി തരുമോ ?"
രാഹുൽ കണ്ണീർ തുടച്ചു ചിരിയോടെ ചോദിച്ചു
"പിന്നെന്താ ഉള്ളി തീയൽ തരാം ഇഞ്ചി തൈര് തരാം ..പിന്നെ മാങ്ങാ കൂട്ടാൻ,പപ്പട കറി..എന്റെ ഉണ്ണി എങ്ങും അമ്മയെ വിട്ടു പോകാതിരുന്നാൽ മതി "
രാഹുൽ ആ നെറുകയിൽ കൈ വെച്ചു
" ഇനിയെങ്ങും പോകില്ല അമ്മെ "
" സത്യം ?"
" എന്റെ 'അമ്മ സത്യം " അവൻ ഉറപ്പോടെ ആ കൈ നിറുകയിൽ ഒന്ന് അമർത്തി .'അമ്മ നിഷ്കളങ്കമായി പുഞ്ചിരിച്ചു
ഈ ചിരി മതിയമ്മേ രാഹുലിന് ഇനി അങ്ങോട്ട് ജീവിക്കാൻ .ഈ ചിരി മായാതിരിക്കാൻ ഇനി രാഹുൽ എന്തും ചെയ്യും .അവൻ മനസ്സിൽ കുറിച്ചിട്ടു
അല്ലെങ്കിലും അമ്മയെന്ന സത്യത്തിലും വലുതല്ലല്ലോ പ്രപഞ്ചത്തിലേതു ഭ്രമകല്പനയും ?

BY Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot