
***************************
ഇന്നേക്ക് കൃത്യം ഒരു മാസം മുൻപാണ് അവളെ ഞാൻ ആദ്യമായി കാണുന്നത് . കുറെ നാളുകളായി മനസ്സിനെ അസ്വസ്ഥമാക്കിയിരുന്ന ഒരു കഥ എഴുതി തീർത്തതിന്റെ ആശ്വാസത്തിൽ ഷോപ്പിംഗ് മാളിൽ പോയി കടകൾ കയറിയിറങ്ങി, മാക്ഡൊണാൾഡ്സിൽ നിന്നും കോഫിയും ആപ്പിൾ പൈയും കഴിച്ച് , കൈ നിറയെ ക്യാരിബാഗുകളുമായി കാർ പാർക്കിൽ നിന്നും ഫ്ളാറ്റിലേക്കു നടക്കുമ്പോൾ എനിക്കെതിരെ അവൾ നടന്നു വരുകയായിരുന്നു. ഏകദേശം ഇരുപതു വയസ്സ് തോന്നിക്കുന്ന അവൾ അവിടെ ആദ്യമായാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും വിധം ആ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു നിന്നിരുന്നു.
ഒരു നിമിഷം നിന്ന് മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കിയിട്ട് ഒന്നും മിണ്ടാതെ അവൾ നടന്നകന്നപ്പോൾ ഉള്ളിലുറങ്ങിക്കിടന്നിരുന്ന ഏതോ മുജ്ജന്മബന്ധത്തിന്റെ കണികകൾ പെട്ടെന്ന് പ്രവർത്തനക്ഷമമായതായി എനിക്കനുഭവപ്പെട്ടു. കുറച്ചു നേരത്തേക്ക് ചിന്തകളിൽ നിറഞ്ഞു നിന്നെങ്കിലും തിരക്കുകളിൽ ഞാനവളെ മറന്നു.
പിന്നീട് അവളെ കാണുന്നത് ഒരു ഞായറാഴ്ച ആണ്. *ഡേ ലൈറ്റ് സേവിങ്ങിനു വേണ്ടി ക്ലോക്ക് ഒരു മണിക്കൂർ പുറകോട്ടു വച്ചതിന്റെ പിറ്റേന്നു രാവിലെ അടുക്കളയിൽ ചെന്ന് കെറ്റിൽ ഓണാക്കിയ ശേഷം ജനാലയിലൂടെ പുറകിലുള്ള പൂന്തോട്ടത്തിലേക്കു നോക്കി മധുരമുള്ള ആ സ്വപ്നം ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് അവൾ വീണ്ടും മുന്നിലെത്തുന്നത്.
കോടമഞ്ഞിനെ തുളച്ചുകയറിയ സൂര്യരശ്മികൾ പുൽക്കൊടികളിൽ തിളങ്ങി നിൽക്കുന്ന പൂന്തോട്ടത്തിലൂടെ ജീൻസും ടോപ്പും ധരിച്ച അവൾ ഉലാത്തുകയായിരുന്നു. നന്നായി ചൂടു നിൽക്കുന്ന ഡ്രസിങ് ഗൗൺ ധരിച്ചിട്ടും തണുത്തു വിറക്കുകയായിരുന്ന ഞാൻ, അവളെന്താവാം ലോലമായ ആ മേൽവസ്ത്രം മാത്രം ധരിച്ചിരിക്കുന്നതെന്ന് ആലോചിച്ചു. ഒറ്റ നോട്ടത്തിൽ മലയാളിയെന്നു തോന്നിക്കുന്ന അവൾ ആ ഫ്ലാറ്റ് സമുച്ചയത്തിലെ പുതിയ താമസക്കാരി ആവാം എന്ന് അനുമാനിച്ചു. രണ്ടു കപ്പുകളിൽ ആവി പറക്കുന്ന കാപ്പിയുമായി മുറിയിലേക്കു തിരിച്ചു പോകുമ്പോഴും താഴേക്ക് മാത്രം നോക്കി ചുവടുകൾ അളന്നു വച്ച് നടക്കുകയായിരുന്നു അവൾ.
അന്ന് രാത്രി ഞാൻ വിചിത്രമായ ഒരു സ്വപ്നം കണ്ടു. ഒരു വലിയ വീടിന്റെ മുറ്റത്ത് കൈകൾ കോർത്തു പിടിച്ചു നടക്കുകയായിരുന്നു ഞാനും അവളും. ആ വീടിന്റെ വരാന്തയിലിരുന്ന് കുറേപ്പേർ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങൾ അവ്യക്തങ്ങളായിരുന്നെങ്കിലും ചിരി വാത്സല്യം നിറഞ്ഞതായിരുന്നെന്ന് വ്യക്തമായി കാണാമായിരുന്നു. ഞാൻ അവളുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. അവൾ തലയാട്ടിക്കൊണ്ട് എങ്ങോ ഓടി മറഞ്ഞതും ഞാൻ വരാന്തയിലേക്കോടി അവരുടെ ഇടയിൽ കയറി നിന്നു.
എന്തായിരിക്കാം ആ സ്വപ്നത്തിന്റെ അർത്ഥമെന്ന് പകൽ മുഴുവൻ ഞാൻ ചിന്തിച്ചു. അവളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഒന്നു രണ്ടു ദിവസങ്ങൾ കൂടി ആ സ്വപ്നവും അവളും എന്റെ ഓർമ്മകളിൽ ഇടയ്ക്കിടെ കടന്നു വന്നെങ്കിലും ക്രമേണ ഞാനവ മറന്നു.
"ഡാഡി വരുമ്പോൾ എനിക്കൊരു പംപ്‌കിൻ വാങ്ങിക്കൊണ്ടു വരാമോ?" ഹാലോവീൻ ദിവസം ജോലിക്കു പോകാനിറങ്ങിയ അദ്ദേഹത്തോട് മോൾ അതു ചോദിച്ചപ്പോൾ ഞാൻ അവളെ നോക്കി കണ്ണുരുട്ടി.
"മമ്മി നോക്കി പേടിപ്പിക്കേണ്ട, കോസ്റ്റ്യും വേണമെന്നല്ലല്ലോ, ജാക്കോ ലാന്റേൺ ഉണ്ടാക്കാൻ ഒരു പംപ്കിൻ വേണമെന്നല്ലേ ഞാൻ പറഞ്ഞുള്ളു" അവൾ ചുണ്ടു കോട്ടി.
"നമ്മൾക്ക് അതൊന്നും പാടില്ല മോളെ...അത് പിശാചിന്റെ ആഘോഷമാണ്" ഞാൻ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
"പിന്നെ, ലോകത്തിൽ ഹാലോവീൻ ആഘോഷിക്കുന്നതെല്ലാം പിശാചിന്റെ ആളുകളല്ലേ? ഈ മമ്മിയുടെ ഓരോ അന്ധവിശ്വാസങ്ങൾ ! " മോൻ കളിയാക്കി.
പംപ്കിൻ കൊണ്ട് വരാമെന്നു സമ്മതിച്ച് അദ്ദേഹം പുറത്തേയ്ക്കും അതിനെ എങ്ങനെ ഭീകരമാക്കാമെന്നു സംസാരിച്ച് കുട്ടികൾ അകത്തേക്കും പോയപ്പോൾ കോറിഡോറിലൂടെ അവൾ നടന്നു വരുന്നതു കണ്ടു . അവൾ ഇതേ കെട്ടിടത്തിൽ തന്നെയാണോ താമസിക്കുന്നത് എന്നു ചിന്തിച്ചു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ച് വാതിലടക്കാൻ മറന്ന് ഞാൻ അവളെത്തന്നെ നോക്കി നിന്നു. പക്ഷേ എന്നെ നോക്കാതെ നടന്നകന്ന അവളുടെ മുഖത്ത് എന്നോടുള്ള ദേഷ്യത്തിന്റെ അലയടികൾ ഞാൻ കണ്ടു പിടിച്ചു. ആ പെൺകുട്ടിയും ഞാനുമായുള്ള ബന്ധം എന്തായിരിക്കാം എന്ന് ആലോചിച്ചാലോചിച്ച് അതൊരു തലവേദനയുടെ ആരംഭത്തിലെത്തിച്ചേർന്നു.
കുട്ടികളെ സ്കൂളിലയച്ച് അത്യാവശ്യം പണികളൊതുക്കിയപ്പോഴേക്കും തലവേദന അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു. ഗുളിക കഴിച്ച് അൽപ്പ സമയം കിടക്കാം എന്നു കരുതി കട്ടിലിലിരുന്നപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നതു കേട്ടത്. അദ്ദേഹം ഓർഡർ ചെയ്ത ഏതെങ്കിലും പാർസൽ വന്നതാവാം എന്നുകരുതി വാതിൽ തുറന്നപ്പോൾ അവളായിരുന്നു മുൻപിൽ.
ഒന്നു നടുങ്ങിയെങ്കിലും പെട്ടെന്നു തന്നെ മുഖത്തു ചിരി നിറച്ച് അവളെ അകത്തേക്കു ക്ഷണിച്ചു. ഒരു നിമിഷം മടിച്ചു നിന്നിട്ട് അകത്തു കടന്ന് മുറിയിലാകെ ഒന്നു കണ്ണോടിച്ച ശേഷം കുട്ടികളുടെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്ന ഭിത്തിക്കരികിലുള്ള സോഫയിൽ അവൾ ഇരുന്നു.
"ചായയോ കാപ്പിയോ?" ഞാൻ ചോദിച്ചു. അവൾ നിഷേധാർദ്ധത്തിൽ തലയാട്ടിയിക്കൊണ്ട് ഒരു പ്രത്യേക ഭാവത്തോടെ എന്നെ നോക്കി. പിന്നെ കുനിഞ്ഞിരുന്ന് വിലകൂടിയ ഒരു കൂളിംഗ് ഗ്ലാസ് വിരലിലിട്ടു കറക്കി.
മുഷിഞ്ഞ ചുവന്ന ടോപ്പും കറുത്ത ജീൻസുമായിരുന്നു അവളുടെ വേഷം. ഉയർത്തിക്കെട്ടിയ ചെമ്പിച്ച മുടിയിഴകൾ എണ്ണമയമില്ലാതെ പറന്നു കിടന്നു. കണ്ടാൽ ഒരു വലിയ വീട്ടിലെ കുട്ടിയാണെന്നു തോന്നുമെങ്കിലും അവളുടെ വേഷം എന്നെ സംശയാലുവാക്കി. ആദ്യം കണ്ട നാൾ മുതൽ അവൾ അതേ വേഷമാണു ധരിക്കുന്നതെന്ന് ഞാൻ അമ്പരപ്പോടെ മനസ്സിലാക്കി. ഒരു ചോദ്യചിഹ്നം ഉയർന്നു വന്ന് ഉള്ളിൽ ഭീതി നിറച്ചു. പക്ഷെ ഉടനെ തന്നെ അസാധ്യം എന്ന ഉത്തരത്താൽ ധൈര്യം അവലംബിച്ചു.
"ഇവിടെ പുതിയതാണോ?" ഞാൻ സംശയത്തോടെ ചോദിച്ചു. അവൾ വീണ്ടും തലയാട്ടി.
"എന്താ പേര്?"
ഞാൻ ചോദിച്ചു തീരും മുൻപ് ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റ് എന്റെ നേർക്ക് വിരൽ ചൂണ്ടി കത്തുന്ന കണ്ണുകളോടെ അവൾ ചോദിച്ചു .
" നിങ്ങൾ...നിങ്ങളെന്തിനാണ് എന്നെ കൊന്നു കളഞ്ഞത്?"
ഞാൻ ഒരു ഞെട്ടലോടെ പുറകോട്ടു മാറി. തൊണ്ട വരളുന്നതും കണ്ണിൽ ഇരുട്ട് കയറുന്നതും അറിഞ്ഞു. ആ തീഷ്ണമായ കണ്ണുകളിൽ നിന്നും ഒരു തീഗോളം എന്റെ നേർക്കു പറന്നു വരുന്നതു കണ്ട് അലറിക്കരഞ്ഞു കൊണ്ട് നിലം പതിച്ചു.
കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിലായിരുന്നു. അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അടുത്തിരുന്ന് ആരോടോ മൊബൈൽ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്നു ചാടിയെഴുന്നേറ്റ് മുഖം പൊത്തി കുനിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു തുടങ്ങി. അദ്ദേഹം ഒന്നും മിണ്ടാതെ എന്റെ തലയിൽ തഴുകിക്കൊണ്ട് കുറച്ചു സമയം ഇരുന്നു. കരച്ചിലൊതുങ്ങിയപ്പോൾ മുഖം പിടിച്ചുയർത്തി പതിയെ ചോദിച്ചു.
"അതാരായിരുന്നു?"
അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി എന്റെ ബ്ലോഗ് തുറന്ന്, അവസാനമെഴുതിയ കഥയിലൂടെ വിരൽ തെന്നിച്ച് ഒരു ഭാഗത്തു കൊണ്ടു പോയി നിർത്തി, അതിലേക്കു ഭീതിയോടെ നോക്കികൊണ്ട് വിറയാർന്ന സ്വരത്തിൽ ഞാൻ പറഞ്ഞു....
"അലീഷ"
(അവസാനിച്ചു)
ലിൻസി വർക്കി
*ഡേ ലൈറ്റ് സേവിങ് - പകൽ വെളിച്ചം കൂടുതൽ ഉപയോഗിക്കാൻ വേണ്ടി സമയം വേനൽക്കാലത്ത് ഒരു മണിക്കൂർ മുൻപോട്ടും മഞ്ഞുകാലത്ത് പുറകോട്ടും വയ്ക്കുന്ന സംവിധാനം.
('അലീഷയുടെ വീട് ' ലിങ്ക് താഴെ ചേർക്കുന്നു
https://www.facebook.com/groups/nallezhuth/permalink/1972926816123129/
('അലീഷയുടെ വീട് ' ലിങ്ക് താഴെ ചേർക്കുന്നു
https://www.facebook.com/groups/nallezhuth/permalink/1972926816123129/
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക