നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മായാജാലകഥകൾ

Image may contain: 1 person

••••••••••••••••
"സാറേ...ഇതിനും മൂന്നു ചക്രം തന്നെ എന്ന് കരുതി വീമാനമല്ല ഓട്ടോറിക്ഷയാ...ഈ സ്പീഡിലെ പോകാൻ പറ്റൂ...അല്ലാ...എവിടുന്ന് കുറ്റീം പറിച്ചു വരുന്നു...മനുഷ്യനെ വട്ടാക്കാൻ...."
ഓട്ടോക്കാരൻ പിന്നിലേക്ക് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു..പിന്നിലിരിക്കുന്നത് ഞാനാണേ...അർജുൻ കാർവാറിൽ സെൻട്രൽ മറൈൻ ഫിഷറീസിൽ താത്കാലിക ജോലിയാണെനിക്ക്..
ഇനിയും വൈകിയാൽ ട്രെയിൻ അതിന്റെ വഴിക്ക് പോകുമെന്ന് കരുതി കുറച്ചു വേഗം പോകാമോ എന്ന് ചോദിച്ചതിനാണ് ഇയാൾടെ പ്രസംഗം...അയാളെയും പറഞ്ഞിട്ട് കാര്യമില്ല വഴി അത്രയും മോശം..
വായടച്ചിരിക്കുന്നതാണ് ബുദ്ധി.
നര വീണ കുറ്റിത്താടിയും കഷണ്ടി തലയും കൂടെ ഒരു മുരടൻ ഭാവവും.....വഴിയിൽ ഇറക്കി വിട്ടാൽ ഇന്നത്തെ പോക്ക് നടക്കില്ലെന്നോർത്തു ഞാൻ മിണ്ടാതിരുന്നു....
വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേ വൈകിയിരുന്നു...മംഗള എക്സ്പ്രസ്സ് വിട്ടുപോയാൽ പിന്നെ ബസിനാണെങ്കിൽ പോലും രാത്രി മംഗലാപുരമെത്തണം എന്നാലേ കാർവാറിലേക്ക് നാളെ രാവിലെ എത്താൻ കഴിയുള്ളു...
ഒറ്റമകനായിട്ട് പോലും ദൂരെയുള്ള ജോലിക്ക് നിൽക്കുന്നതിന് അമ്മയ്ക്കെന്നും പരാതിയാണ്...പക്ഷേ സ്റ്റേഷൻ മാസ്റ്റർ ആയി ഹൈദരാബാദിൽ ജോലി നോക്കുന്ന അച്ഛനെന്നും സപ്പോർട്ടാണ്.. 'അവനിഷ്ടമുള്ളത് പഠിച്ചത് തന്നെ മനസ്സിനിഷ്ടപ്പെട്ട ജോലി ചെയ്യാനല്ലേ' എന്ന് പറഞ്ഞുകൊണ്ട്...
" ഇത്രേം നേരം സ്പീഡിൽ പോകാൻ പറഞ്ഞ ആള് സ്ഥലമെത്തിയപ്പോൾ കിനാവ് കണ്ടിരിക്കാണോ....
ഹല്ലോൺ...സാറേ സ്റ്റേഷനെത്തി.."
പിന്നിലേക്ക് ചാഞ്ഞു കണ്ണടച്ചിരുന്ന എന്നെ അയാൾ തട്ടി വിളിച്ചതും ഞാൻ വേഗം പുറത്തേക്കിറങ്ങി മീറ്ററിൽ കാണിച്ച പൈസ കൊടുത്തു. ബാക്കി തരാനുള്ള ചില്ലറ തപ്പുന്ന അയാളെ മറികടന്ന് പോകാനൊരുങ്ങിയതും അയാളെന്നെ പിടിച്ചു നിർത്തി...
" ദേ ഇതും കൊണ്ട് പൊക്കോ മോനേ ..ഓട്ടത്തിനുള്ള പൈസ മതി നമുക്ക് , കൂടുതലെടുത്താൽ ദഹിക്കില്ല...വേഗം വരാഞ്ഞതിന് ദേഷ്യം തോന്നണ്ട ഞാനൊരു പ്രാരാബ്ധക്കാരനാ....എന്തെങ്കിലും പറ്റിയാൽ കുടുംബം പട്ടിണിയാകും അതാ...മോന്റെ ട്രെയിൻ ഇപ്പൊ എത്തുകയേ ഉള്ളൂ വേഗം ഓടിക്കോ ...."
അത്രയും നേരം അയാളോട് തോന്നിയ ഈർഷ്യ മാഞ്ഞു മുഖത്തൊരു ചിരി പടരുമ്പോഴും എന്റെ മനസ്സിൽ പുള്ളിയുടെ സത്യസന്ധത കാരണം ട്രെയിൻ പോകല്ലേന്നായിരുന്നു..
ഉള്ളംകൈയിൽ വച്ചു തന്ന അഞ്ചുരൂപ നാണയം പോക്കറ്റിലേക്ക് വച്ച് അയാളുടെ കയ്യൊന്ന് പിടിച്ചു കുലുക്കി ധൃതിയിൽ തിരിഞ്ഞു ഞാനോടി സ്റ്റേഷനിലേക്ക്...
അകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും ഹിന്ദിയിലുള്ള അറിയിപ്പ് കേൾക്കാം രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനെത്തിയെന്ന്...ആകെ മൂന്നു മിനുട്ടേയുള്ളു ഇവിടെ...ഓടിക്കിതച്ചു ട്രെയിനിനടുത്തെത്തി ബോഗിക്ക് പുറമെ ഒട്ടിച്ച ലിസ്റ്റിലെന്റെ പേരുറപ്പ് വരുത്തി ചാടിക്കയറി...
സീറ്റ് നമ്പർ തപ്പിയെത്തിയപ്പോഴാണ് എനിക്കുള്ള സീറ്റ് സ്വന്തമാക്കി രണ്ട് പെൺകുട്ടികൾ ചെവിയിൽ ഇയർഫോൺ കുത്തിവച്ചു പാട്ടു കേട്ടുകൊണ്ടിരിക്കുന്നത് കണ്ടത്..
അവർക്ക് മുൻപിൽ ടിക്കറ്റും പിടിച്ചു നിൽക്കുന്ന എന്നെ കണ്ട് ഒരുത്തി മറ്റേ ആളെ മെല്ലെ തോണ്ടി... ആ മുഖം കണ്ടതും പെട്ടെന്നെന്തോ മനസ്സാകെ ഒരിഷ്ടം പൂത്തുലഞ്ഞു...പുലർകാല ഹിമകണങ്ങൾ ഇറ്റുനിൽക്കുന്ന ചെമ്പകപ്പൂവിന്റെ നൈർമല്യത്തോടെ നിഷ്കളങ്കമായ മുഖം...
"ചേട്ടന്റെ സീറ്റ് ആണോ ഇത്..."
കൂടെയുള്ളവളുടെ ചോദ്യത്തിന് സൈഡ് സീറ്റിൽ ഇരിക്കുന്ന ആ മുഖത്തിനു നേരെ ഞാൻ കൈ ചൂണ്ടി പുഞ്ചിരിച്ചു...
"നിങ്ങളുടെ സീറ്റ് എവിടാണെന്ന് പറഞ്ഞാൽ ഞാൻ അവിടിരുന്നോളാം..."
"സീറ്റ്....കൺഫേം ആയില്ല ചേട്ടാ അതാ ഇവിടിരുന്നേ..
ടി ടിയോട് ചോദിച്ചപ്പോൾ തൽക്കാലം ഇരുന്നോളാൻ പറഞ്ഞു...ഞങ്ങൾ മംഗ്ളൂർക്കാണ്.."
ആ മുഖത്തോട് തോന്നിയ ഇഷ്ടമോ അതോ പെണ്കുട്ടികളല്ലേ എന്ന ചിന്തയോ...അവരോട് അവിടിരുന്നോളാൻ ആംഗ്യം കാണിച്ചു ഞാൻ അവർക്കെതിരെയുള്ള ഒഴിഞ്ഞ സീറ്റിൽ ഇരുന്നു. മൊബൈലെടുത്തു അമ്മയെ വിളിച്ചു ട്രെയിൻ കിട്ടിയെന്ന് പറയുമ്പോഴും അവളറിയാതെ എന്റെ കണ്ണുകൾ ആ മുഖത്തായിരുന്നു...
രണ്ടാളും പഠിക്കുന്നത് ഒരേ സ്ഥലത്തു തന്നെയെന്നും വെക്കേഷൻ കഴിഞ്ഞുള്ള മടക്കമാണെന്നും പിന്നീടുള്ള പരിചയപെടലിൽ മനസിലായി...
അധികം സംസാരിക്കാതെ തണുത്തകാറ്റിൽ ഒഴുകി വീഴുന്ന മുടിയിഴകൾ ഒരു കൈകൊണ്ടൊതുക്കി പാട്ടിൽ ലയിച്ചിരിക്കുന്ന അവളോടുള്ള ഇഷ്ടം ഓരോ നിമിഷവും കൂടിവരുന്നതും ഞാനറിഞ്ഞു
അലീന..അതാണവളുടെ പേര് ...കണ്ടമാത്രയിൽ തന്നെ ചിലരോട് തോന്നുന്ന ഇഷ്ടം !!അത് അറിയിക്കാതെ ഞാനവളെ വിടില്ലെന്ന് ആദ്യമേ ഉറപ്പിച്ചു .
രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ...പഠിച്ചു സ്വന്തം കാലിൽ നിൽക്കണമെന്നുള്ള വാശി മക്കളോട് പക്ഷഭേദം കാണിക്കുന്ന രണ്ടാനമ്മയോടുള്ള വെല്ലുവിളി മാത്രമല്ല.. സമാധാനമായി ജീവിക്കാനുള്ള ഒരുതരം രക്ഷപെടൽ കൂടിയാണ് അവൾക്കീ പഠിപ്പും നാടുവിട്ട് നിൽക്കലും.
അത്യാവശ്യം തരക്കേടില്ലാത്ത ചുറ്റുപാടുകളാണെങ്കിലും രണ്ടാനമ്മക്കിഷ്ടം അവരുടെ മക്കളെ....പഠിച്ചത് മതിയെന്നു പറഞ്ഞു കല്യാണം നടത്താൻ നിർബന്ധം കൂടിയപ്പോൾ അപ്പന്റെ കാലുപിടിച്ചു സമ്മതിപ്പിച്ചതാണ്....
ഇനിയും രണ്ടുവർഷത്തെ പഠിപ്പു കൂടിയുണ്ട്......
ഒരുപാട് നിർബന്ധിച്ചതു കൊണ്ട് പറഞ്ഞെതെങ്കിൽ കൂടി മനസ്സിലെ ഭാരങ്ങളെല്ലാം പങ്കുവച്ചു തീർത്തതും മഴമേഘങ്ങൾ പെയ്തൊഴിയാനെന്ന പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു തൂകാറായിരുന്നു.
മംഗലാപുരം ജംക്ഷൻ എത്താറായതോടെ സീറ്റിനടിയിൽ വച്ചിരിക്കുന്ന ബാഗുകൾ വലിച്ചെടുക്കാനായി കൂട്ടുകാരിയുടെ ശ്രദ്ധ മാറിയതും ഞാൻ ചെന്ന് അലീനയോട് ഫോൺ നമ്പർ ചോദിച്ചു....
" ക്ഷമിക്കണം !! നമ്പർ തരാനെനിക്ക് പറ്റില്ല ഒന്നും തോന്നരുത് ...ഇനിയും നമ്മൾ കണ്ടുമുട്ടുകയാണെങ്കിൽ തീർച്ചയായും ഞാൻ ചേട്ടന് നമ്പർ തന്നിരിക്കും..."
മറുപടിയിൽ അവളോടുള്ള മതിപ്പ് ഒന്നുകൂടി വർദ്ധിച്ചെങ്കിലും അങ്ങനെ ഒരു വാക്കിൽ വിട്ടുകൊടുക്കാനെനിക്ക് വയ്യായിരുന്നു..കയ്യിലിരുന്ന പേനയെടുത്തു ഞാനവളുടെ ബാഗിന്റെ സൈഡിലായി എന്റെ നമ്പർ എഴുതിയിട്ടു...
"ദേ ഇതെന്റെ നമ്പർ...കണ്ടുമുട്ടുമെന്നു തന്നെയാണെന്റെ മനസ് പറയുന്നത്...ഇത് അതിനു മുൻപേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം.....മണിക്കൂറുകളെ ആയുള്ളൂ നമ്മൾ പരിചയത്തിലായിട്ട് എന്നാലും പറയാണ്
തന്നെ എനിക്കൊരുപാട് ഇഷ്ടമായി...എന്റമ്മക്കും തന്നെ ഇഷ്ടമാകുമെന്നുറപ്പ്...തരക്കേടില്ലാത്ത ഒരു ജോലിയുണ്ട് ഇഷ്ടമാണെങ്കിൽ സങ്കടപെടുത്താതെ ജീവിതകാലം മുഴുവൻ നോക്കാം...."
എന്റെ മുഖത്തേക്ക് പകച്ചു നോക്കുന്ന ആ പേടമാൻമിഴികളിൽ ഇഷ്ടമാണോ ദേഷ്യമാണോ അതോ എന്തൊരു നാണമില്ലാത്തവനെന്നാണോ ഒന്നും മനസിലായില്ല....
യാത്ര പറയാൻ മറന്ന് മുഖത്തേക്ക് പോലും നോക്കാതെ അവളിറങ്ങിപോകുന്നതും നോക്കി വാഷ്‌ബേസിനരികെ ഞാൻ കയ്യുംകെട്ടി നോക്കി നിന്നു...
പ്ലാറ്റ്ഫോമിലൂടെയുള്ള തിരക്കിട്ടുള്ള നടത്തത്തിനിടയിൽ പുറത്തു കിടന്ന ബാഗ് ശരിയാക്കി അവൾ തിരിഞ്ഞൊന്നു നോക്കിയതും ഞാൻ കൈവീശികാണിച്ചു...
തിരികെ ജോലിക്ക് കയറിയിട്ടും മനസ്സ്‌ നിറയെ കൂട്ടുകാരിയോട് സ്വകാര്യമായി എന്തോ പറഞ് വാ പൊത്തിപിടിച്ചു ചിരിച്ചു മറയുന്ന ആ മുഖമായിരുന്നു....
മൊബൈലിൽ വരുന്ന ഓരോ കോളും തിരക്കിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നെടുത്തു നോക്കി നിരാശനാകും മുൻപേ ഹൃദയധമനികൾ വലിഞ്ഞു മുറുകുന്നതും അവളല്ലെന്നു തിരിച്ചറിയുന്ന നേരം പൊടുന്നനെ ചുറ്റും നിശബ്ദത ഉരുവാകുന്നതും പതിവായപ്പോൾ രണ്ടാഴ്ചക്കപ്പുറം ഞാനവളെ കാണാനായി മംഗലാപുരത്തെത്തി...
ഇത്രേം വലിയ ഒരു പ്രൊഫഷണൽ കോളേജിൽ അവളുമായി ഒരു ബന്ധവുമില്ലാതെ എന്ത്‌ പോയി ചോദിക്കുമെന്നുള്ള ശങ്കയിൽ രണ്ടുതവണ കോളേജ് വാതിൽക്കൽ വന്ന് മടങ്ങി.....
വരുമ്പോഴുള്ള ധൈര്യം അകത്തു പോയി ചോദിക്കാൻ നേരം എവിടെയോ പോയൊളിക്കും..അങ്ങനെ ശനിയും ഞായറും അവിടമൊക്കി ചുറ്റിക്കറങ്ങി തിരികെ പോകുന്നത് രണ്ടു മൂന്ന് വട്ടം കഴിഞ്ഞു...
അവളെ കണ്ടുമുട്ടിയുമില്ലാ കാർവാറിൽ നിന്നും കടൽകാറ്റേറ്റു തുടങ്ങുന്ന മംഗലാപുരം വരെയുള്ള ബൈക്ക് യാത്രയുടെ ആദ്യത്തെ അഭിനിവേശം പതിയെ നിറം മങ്ങാനും തുടങ്ങി...
ഇനി വരില്ലെന്നുറപ്പിച്ചുള്ള വരവാണ് ഇത്തവണത്തേത്.. മിലാഗ്രിസ് പള്ളിയിലേക്കുള്ള വഴിക്ക് താഴെ വണ്ടി പാർക്ക് ചെയ്ത് ബദാം മരങ്ങളുടെ തണൽ പറ്റി പള്ളിമുറ്റത്തേക്ക് കയറിച്ചെല്ലുമ്പോഴേ കേൾക്കാം കൊങ്കണിയിലുള്ള പ്രാർത്ഥനാശബ്ദം....
"അംച്ച ബാപ്പ സർഗിൻചാ.... തുജേ നാംവ് പവിത്ര് സാങ്‌.."
(സ്വർഗ്ഗസ്ഥനായ പിതാവേ..അങ്ങയുടെ നാമം പൂജിതമാകണമേ..)
ഞായറഴ്ചകളിൽ ഇവിടുള്ള ഏതെങ്കിലും പള്ളിയിലവൾ വരാതിരിക്കില്ല എന്ന പ്രതീക്ഷ തെറ്റിയെന്നുറപ്പിച്ചു മടങ്ങാനായി തിരിഞ്ഞതും ...കാണാം എന്നെയും നോക്കി അത്ഭുതത്തോടെ അലീന....
അതൊരു തുടക്കം മാത്രമായിരുന്നു....പലതവണ നമ്പർ എടുത്തതും എന്നെ വിളിക്കാനുള്ള ചമ്മലിൽ ഫോൺ തിരികെ വക്കുന്നതുമുള്ള കഥകളെ പറ്റിയവൾ പറയുമ്പോൾ നാണത്താൽ പൂത്ത മിഴികളിൽ തന്നെയായിരുന്നു എന്റെ കണ്ണുകളും...
പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ താല്കാലികമായുള്ള വിരഹവേദന സമ്മാനിച്ചെങ്കിലും ആഴ്ച്ചാവസാനത്തിലെ മധുരനിമിഷങ്ങൾക്കായുള്ള കാത്തിരുപ്പുകളായിരുന്നു ഞങ്ങൾക്ക്...
എന്തിനും ഏതിനും സമ്മതം ചോദിച്ചു മണിക്കൂറുകളോളം നീളുന്ന ഫോൺകാളുകളും...
ഒരുമിച്ചുള്ള ട്രെയിൻ യാത്രകളും ഇടക്കെപ്പോഴോ ഞാനും നീയുമെന്ന ഉടൽകണ്ണാടിച്ചില്ലുകൾ തകർത്തു നമ്മളെന്ന പകുത്തുനൽകലുകൾ കൂടിയായപ്പോൾ അവളില്ലാതെ ജീവിതമില്ലെന്ന സത്യം ഞാനറിഞ്ഞു...
പ്രാണനേക്കാളേറെയുള്ള ഇഷ്ടത്തിൽ അവളെന്റെ മനസ്സിൽ കയറിക്കൂടി രണ്ടുവർഷമാകാറായി എന്നോർമിപ്പിച്ചു കൊണ്ട് അലീനയുടെ അവസാനവർഷ പരീക്ഷയടുത്ത സമയത്താണ് എന്റച്ഛനൊരു അപകടം പറ്റി അത്യാവശ്യമായി ഞാൻ നാട്ടിലേക്ക് പോകുന്നത്...
" മതി ഗാഥേ...എനിക്കീ ഓർമ്മകൾ നോവ് നിറഞ്ഞതാണ്.. വെറുക്കുന്ന , വേദനയുടെ ഓർമകൾ...തന്റെ നിർബന്ധം ഒന്ന് മാത്രമാണ് ഈ യാത്രയും കഥ പറച്ചിലും ....
നഷ്ടങ്ങളുടെ ഇനിയുള്ള കഥകൾ തനിക്കറിയില്ലേ..."
എന്റെ മുഖത്തേക്ക് തന്നെ നോക്കി മടിയിൽ കിടക്കുന്ന ഗാഥയുടെ മുടിയിഴകളിൽ ഞാൻ തലോടി.....
"അറിയാം ഏട്ടാ ...നോവിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കഥകളത്രയും ഏട്ടനും അമ്മയും എന്നോട് പറഞ്ഞിരുന്നല്ലോ...നമ്മുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്ന ഈ സമയം മുതൽ ഇനിയാ പഴയ ഓർമ്മകളൊന്നും മനസിലുണ്ടാകരുത് അതിനാണീ യാത്ര..."
എന്റെ കഴുത്തിലേക്ക് കൈചുറ്റി തേന്മാവിലേക്ക് പടർന്നുകയറുന്ന മുല്ലവള്ളി പോലെ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...എ സി കംപാർട്മെന്റിലെ ആ തണുപ്പിലും ശരീരം ചൂട് പിടിക്കാൻ തുടങ്ങി...
"വാക്കുകൾക്കിടയിൽ ഞാനൊളിപ്പിച്ച മൗനവും
പരിഭവങ്ങളാൽ മൂടിയ സ്നേഹവും
വഴക്കിലൊളിപ്പിച്ച കരുതലും
പിണക്കത്താൽ പിടയുന്ന നെഞ്ചും
നിന്നോളം വേറെയാർക്കറിയാൻ .....
മരിക്കുവോളം ആത്മാവിലലിഞ്ഞു ചാരെ നീയുണ്ടെങ്കിൽ അതിലും വലിയൊരു സ്വർഗ്ഗമുണ്ടോ ...."
കാതിലവളുടെ ചുടുനിശ്വാസത്തിൽ പതിഞ്ഞ മന്ത്രണം കേട്ടതും ഞാനവളെ നെഞ്ചോട് ചേർത്ത് പിടിച്ചു...
ഓർമകളിലേക്ക് വീണ്ടും കൂപ്പുകുത്തുമ്പോൾ തെളിയുന്ന ചിത്രത്തിൽ ജോലിക്കിടയിൽ സംഭവിച്ച അപകടത്തിൽ പരുക്ക് പറ്റി ഐസിയുവിൽ കിടക്കുന്ന അച്ഛനും പ്രാർത്ഥനകളോടെ പുറത്തു കാത്തിരിക്കുന്ന അമ്മയും ഞാനും...
പരീക്ഷയുടെ തിരക്കുകൾ ആയത് കൊണ്ട് അലീനക്കൊരു ബുദ്ധിമുട്ട് വേണ്ടെന്ന് കരുതി ഞാൻ തന്നെയാണ് വിളിച്ചു പറഞ്ഞത് അത്യാവശ്യമെങ്കിൽ മാത്രം വിളിച്ചാൽ മതി വിവരങ്ങൾ അറിയിച്ചു കൊള്ളാമെന്ന്...
ഇരുപത് ദിവസത്തോളം വേദന തിന്ന് ഒടുവിൽ അച്ഛൻ മരണത്തിന് കീഴടങ്ങിയപ്പോൾ തളർന്നു വീണ അമ്മയെ തനിച്ചാക്കാതെ ലീവ് പിന്നെയും നീട്ടിയ ഞാൻ പിന്നെയവളെ വിളിച്ചത് അച്ഛന്റെ മരണാനന്തരചടങ്ങുകൾക്ക് ശേഷമായിരുന്നു
മൊബൈലിലേക്ക് കാൾ പോകാതെ കട്ടായി പോകുന്ന വിളികൾക്കൊടുവിൽ ഹോസ്റ്റലിലെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് കുട്ടികളാരും തന്നെ ഹോസ്റ്റലിൽ ഇല്ലെന്നറിഞ്ഞത് ഒപ്പം അലീനയെ അവളുടെ പപ്പ വന്ന് കൂട്ടികൊണ്ട് പോയെന്നും...
അച്ഛൻ മരിച്ചത് മെസേജ് അയച്ചിട്ട് പോലും അവളെന്നെ വിളിക്കാതിരുന്നത് അപ്പോഴാണ് ഞാനോർത്തത് അല്ലെങ്കിലും പ്രണയവും ഇഷ്ടവുമെല്ലാം മരണമെന്ന സത്യത്തിനു മുൻപിൽ ചിലപ്പോഴെങ്കിലും വിസ്മൃതിയിലാകാറുണ്ട്...
ഉത്തരവാദിത്തങ്ങൾ ഒരുപാട് പെട്ടെന്നൊരുദിവസം തലക്ക് മുകളിൽ വന്ന് മൂടിയപ്പോൾ അവളെ വിളിക്കാനും കാര്യങ്ങൾ അറിയാനും വിട്ടുപോയെങ്കിലും അവൾക്കാവശ്യമുള്ളതെല്ലാം ഒരുക്കി കൊടുത്താണ് ഞാൻ നാട്ടിലേക്ക് വന്നത് ..
ആവശ്യങ്ങൾക്കായി രണ്ടാനമ്മക്ക് മുൻപിൽ കൈനീട്ടേണ്ട എന്നു കരുതി എ ടി എം കാർഡ് പോലും അവളെ ഞാനേൽപിച്ചിരുന്നു.
വിളിച്ചിട്ട് കിട്ടാതായതോടെ ആകെ അസ്വസ്ഥമായ മനസ്സുമായി അവളൊരിക്കൽ തന്ന വീട്ടഡ്രസുമെടുത്തു ഞാനമ്മയോട് കാര്യങ്ങൾ പറഞ്ഞു...എല്ലാം അമ്മക്കറിയാവുന്നത് കൊണ്ട് പിറ്റേന്ന് തന്നെ ഞങ്ങൾ കാറുമെടുത്തു അവളെ കാണാനിറങ്ങി...
കേട്ടറിഞ്ഞ ചിത്രങ്ങളോ പറഞ്ഞു ഫലിപ്പിച്ച കഥാപാത്രങ്ങളോ ഇല്ലാതെ അന്വേഷിച്ചു ചെന്ന വീട്ടിലെന്നെ എതിരേറ്റത് അവളുടെ കൂട്ടുകാരി...
തന്ന അഡ്രെസ്സ് പോലും തെറ്റായിരുന്നെന്ന അറിവ് എന്നെയൊരു ഷോക്കിലേക്കെത്തിച്ചിരുന്നു അതെന്റെ മുഖത്തും പ്രതിഫലിച്ചതു കൊണ്ടാകാം കുരുതിക്കായി ഒരുക്കിയ നേർച്ചമൃഗത്തെ നോക്കുംപോലെ കൂട്ടുകാരിയുടെ കണ്ണുകളിൽ നിറഞ്ഞിരുന്നത് എന്നോടുള്ള സഹതാപമായിരുന്നു...
രണ്ടാനമ്മ ഒരു സത്യമാണെങ്കിൽ പോലും പോരെടുത്തിരുന്നതും പന്തിഭേദം കാണിച്ചിരുന്നതും കുഞ്ഞിനെപ്പോലെ ഞാൻ കൊണ്ട് നടന്നിരുന്ന പ്രാണസഖിയാണെന്നതും പുതിയ അറിവായിരുന്നു .
ആർഭാടങ്ങളും ആഘോഷങ്ങളും നിറഞ്ഞ അവളുടെ ജീവിതം ആഴ്ചയൊടുക്കത്തിലെ കുറച്ചു മണിക്കൂറുകളിൽ അവൾ സമർത്ഥമായി എന്നിൽ നിന്നും ഒളിപ്പിച്ചു വച്ച് രണ്ടുവർഷവും എന്നെ കോമാളിയാക്കി....
വിശ്വസിച്ചു സ്നേഹിക്കുന്നവരെ ചതിക്കുന്നതും കോമാളിയാക്കുന്നതും മേന്മയായി കരുതുന്നവർ അറിയുന്നില്ലല്ലോ അവരോടുള്ള ഇഷ്ടവും വിശ്വാസവുമാണ് അതവർക്ക് എളുപ്പമാക്കി കൊടുക്കുന്നതെന്ന്....
അവൾക്കായി ഞാൻ വാങ്ങിക്കൊടുത്തതും ചിലവാക്കിയ പൈസയുടെ കണക്കുകളുമെന്നെ ഓർമിപ്പിച്ചു എത്ര നിസ്സാരമായാണ് രണ്ടുവർഷം അവളെന്റെ ചോരയൂറ്റി കുടിച്ചതെന്ന്...
സത്യമെന്താണെന്ന് കൂട്ടുകാരി പോലും എന്നെയറിയിക്കാതിരിക്കാൻ ആരെയും കാണാനോ മിണ്ടാനോ എന്നെയവൾ അനുവദിച്ചിരുന്നില്ല ...
തളർന്ന മുഖത്തോടെ ഞാനമ്മയെ നോക്കിയതും അമ്മയെന്റെ ചുമലിൽ കൈവച്ചു...
നഷ്ടപ്പെട്ട ഹൃദയത്തിന്റെ വേദന...അതവൾ അറിഞ്ഞു ചതിച്ചതാണെങ്കിൽ പോലും എന്നെയത് നീറ്റി നീറ്റി കൊല്ലുമെന്നുറപ്പായിരുന്നു അത്രക്കും ഞാനവളെ സ്നേഹിച്ചിരുന്നു.
വരുന്ന മാസം തന്നെയാണവളുടെ കല്യാണമെന്നും പക്ഷേ ഇവിടെ വച്ചല്ല അമ്മയില്ലാത്തതുകൊണ്ട് അമ്മവീട്ടുകാരാണ് കല്യാണം നടത്തുന്നതെന്നും വേണമെങ്കിൽ അവളെ കാണാൻ കൂടെവരാമെന്നും അറിയിച്ച കൂട്ടുകാരിയ്ക്ക് മറുപടിയൊന്നും നൽകാതെ ഞാൻ ഇറങ്ങിനടന്നു....
ആത്മാർത്ഥതയില്ലായിരുന്നെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ തേടി പിടിക്കുന്നതെന്തിന്... ഇനിയാ പേരുപോലും ഓർക്കില്ലെന്നുറപ്പിച്ചു ഇറങ്ങിനടക്കുമ്പോളെന്റെ പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു...
കാറിൽ കയറി സ്റ്റീയറിങ്ങിനു മുകളിലേക്ക് കൈ വച്ച് വെറുതെ ഇരിക്കുന്നയെന്നോടായി അമ്മ പറഞ്ഞു..."തളരരുത് എന്റെ മോൻ ജീവിച്ചു കാണിച്ചുകൊടുക്കണം ചതിക്കുന്നവർക്ക് മുൻപിൽ..."
ആ ഒരു നിമിഷം... സകലനിയന്ത്രണവും നഷ്ടപ്പെട്ട് ഞാൻ പൊട്ടിക്കരഞ്ഞു...അപ്പോഴുമെന്നെ അമ്മ സാന്ത്വനിപ്പിച്ചു...
"ആൺകുട്ടികൾ കരയരുതെന്ന് ലോകം പറയും പക്ഷേ നെഞ്ച് തിങ്ങിയുള്ള സങ്കടം വരുമ്പോൾ ന്റെ മോൻ കരയണം... സങ്കടത്തിനും സന്തോഷത്തിനും ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല..കണ്ണുനീര് ദൈവം തന്നത് കണ്ണിലെ അഴുക്ക് കളയാൻ മാത്രമല്ല മനസ്സ് ശുദ്ധീകരിക്കാൻ കൂടിയാ...പക്ഷേ ഇക്കാരണം കൊണ്ടുള്ള കണ്ണുനീർ ഇനിയാ കണ്ണ് നിറക്കരുത്..."
തിരികെ വീട്ടിലെത്തിയിട്ടും അവളുടെ ഓർമകളിൽ നിന്നും പെട്ടെന്നൊരു മോചനം കിട്ടാൻ മാത്രം കഠിനഹൃദയമെനിക്കില്ല എന്നുറപ്പായി ....
അഭിനയിക്കാനറിയാതെ ആത്മാർത്ഥമായവളെ സ്നേഹിച്ച എനിക്ക് തൊണ്ടക്കുഴിയിൽ അമർത്തി വച്ചതുപോലെയുള്ള സങ്കടം താങ്ങാനാവുമായിരുന്നില്ല..
ഏതോ ദുർബലനിമിഷത്തിൽ തോന്നിയ ഒരു ബുദ്ധിമോശം!! ചിതലിനടിക്കാനുള്ള കീടനാശിനി ദുർഗന്ധം സഹിച്ചും ഞാൻ കലക്കികുടിച്ചു....
മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലെ യാത്രയിൽ ജീവൻരക്ഷാമരുന്നുകൾ മൂലം കാഴ്ച മങ്ങിയ കണ്ണുകളിൽ ആദ്യം തെളിഞ്ഞത് നെറ്റിയിൽ ചുംബിക്കുന്ന അമ്മയുടെ മുഖമായിരുന്നു...
ഞാനും കൂടി നഷ്ടപ്പെട്ടാൽ തനിച്ചായിപ്പോകുമായിരുന്ന എന്റെയമ്മ...
ഹോസ്പിറ്റലിൽ നിന്നുള്ള മടക്കയാത്രയിൽ ഒന്ന് ഞാനുറപ്പിച്ചു ഇനിയാർക്ക് വേണ്ടിയും എന്റമ്മയെ തനിച്ചാക്കി ഞാൻ പോകാൻ ശ്രമിക്കില്ല....
സർവിസിലിരുന്നു മരിച്ച അച്ഛന്റെ സീനിയോറിറ്റിയും കൂടെയെന്റെ വിദ്യാഭ്യാസയോഗ്യതയും ചേർന്നപ്പോൾ താമസിയാതെ ഞാനുമൊരു സെൻട്രൽ ഗവണ്മെന്റ് ജോലിക്കാരനായി റയിൽവേയിൽ തന്നെ....
അഞ്ചുവർഷമായി ഇതെല്ലാം കഴിഞ്ഞിട്ട്...
ഇനിയൊരിക്കലും തനിച്ചാക്കി പോകരുതെന്നു സത്യം ചെയ്യിച്ച അമ്മ ,രണ്ട് വർഷം മുൻപ് എനിയ്ക്കൊരു തുണയെ തിരഞ്ഞുപിടിച്ചു തന്ന് ഞങ്ങളെ ഒരുമിച്ചാക്കി അച്ഛനരികിലേക്ക് യാത്രയായി....
കണ്ണടച്ചിരുന്നിട്ട് പോലും അമ്മയെ കുറിച്ചുള്ള ഓർമകളിലെത്തിയതോടെ കണ്ണിമകളെ തോൽപ്പിച്ച് നീർമുത്തുകൾ പൊഴിഞ്ഞു വീണു...
ജോലിമാറ്റം , നാട്ടിലേക്ക് കിട്ടിയുള്ള വരവാണിത് ഗാഥയുടെ നിർബന്ധമാണി ട്രെയിൻ യാത്ര...ട്രെയിനുകളെയും ട്രെയിൻ യാത്രകളെയും വെറുത്തിരുന്ന ഞാനിപ്പോൾ സ്റ്റേഷൻ സൂപ്രണ്ടാണ്...
ഇനിയൊരിക്കലും അലീനയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിലേക്ക് വരാൻ പാടില്ല...പാവം ഗാഥ.. എന്റെ മനസ്സ്‌ പൂർണമായും അവളെ സ്നേഹിക്കുന്നത് വരെ എനിക്കായി ക്ഷമയോടെ കാത്തിരുന്നതാണവൾ...
ചില നഷ്ടങ്ങൾ നേടിത്തരുന്ന ലാഭങ്ങൾ വിലമതിക്കാനാവാത്തതെന്ന തിരിച്ചറിവിൽ ഒരുപാടിഷ്ടത്തോടെ ഞാനെന്റെ പെണ്ണിന്റെ നെറ്റിയിൽ വിരലോടിച്ചു കൊണ്ട് പതിയെ ആ കാതുകളിൽ പറഞ്ഞു...
" അതേ നീ പറഞ്ഞതാണ് സത്യം....മരിക്കുവോളം ആത്മാവിലലിഞ്ഞു അരികെ നീയുണ്ടെങ്കിൽ അതിലും വലിയൊരു സ്വർഗ്ഗമുണ്ടോ..."
ഇതേ സമയം അർജുനും ഗാഥയുമറിയാതെ അതേ ട്രെയിനിലെ വേറൊരു കംപാർട്മെന്റിൽ അലീനയും അവളുടെ അമ്മാച്ചന്മാരും അപ്പനുമെല്ലാം ഉണ്ടായിരുന്നു വേറൊരു പെണ്ണിനേയും കൊണ്ട് ഗോവക്ക് ടൂർ പോയ അവളുടെ ഭർത്താവിനെ കയ്യോടെ പിടിച്ചു തൊണ്ടിസഹിതം കൊണ്ടുവരുന്ന ചടങ്ങുമായി...
നേത്രാവതിപാലത്തിലേക്ക് ചൂളം വിളിച്ചു ട്രെയിൻ കയറുമ്പോൾ കൈക്കുഞ്ഞിനെയും കയ്യിലെടുത്തു എല്ലാം തകർന്നവളായി ഭർത്താവിനു മുൻപിൽ അലീനയുമിരുന്നു... ചില നഷ്ടങ്ങൾ തീരാനഷ്ടങ്ങളായി തന്നെ ജീവിതകാലം മുഴുവനുമൊരു നോവ് തരുമെന്ന മായാജാലകഥകളുടെ തിരിച്ചറിവിൽ....
•••••••••••••••
ലിസ് ലോന

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot