നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആടുപുലിയാട്ടം.

Image may contain: 1 person, smiling

നിനക്ക് വട്ടാണോ?
ഇതിനു ഞാനിപ്പോൾ എന്തു മറുപടി പറയണം, സത്യം പറയണോ, നുണ പറയണോ?
ഏതെങ്കിലും ഒന്നു പറയൂ.
എന്തു പറഞ്ഞാലും നിനക്ക് മനസ്സിലാവും. അല്ലെങ്കിൽ പിന്നെ പണ്ടാരോ പറഞ്ഞ പോലെ ഏതെങ്കിലും വട്ടുള്ളവൻ സമ്മതിയ്ക്കുമോ വട്ടുണ്ട് എന്ന്, അതോ പിന്നെ
വട്ടുണ്ട് എന്ന് പറഞ്ഞ് രക്ഷപ്പെടണോ?
അതും പറ്റില്ല.
അതു ശരിയാണല്ലോ, ഞാൻ എന്നോട് തന്നേ ചോദിച്ച ചോദ്യത്തിന് വേറെയാരുമില്ലല്ലോ ഉത്തരം
പറയാൻ, അതു ഞാൻ തന്നേ പറയണ്ടേ.
എന്നാൽ ഞാൻ പറയാം, നിനക്ക് വട്ടില്ല.
അതെങ്ങിനെ ശരിയാകും.
അതെന്താ ശരിയായാകാത്തത്.
ആരാണ് ചോദ്യം ചോദിച്ചത്.
ഞാൻ
അപ്പോൾ ഉത്തരം പറയേണ്ടത് ആരാണ്.
നീ.
അപ്പോൾ പിന്നെ ചോദ്യവും ഉത്തരവും ഒരാൾ പറഞ്ഞാൽ എങ്ങിനെയാണ് കളി മുന്നോട്ട് പോകുന്നത്.
ഇത് വട്ടോം പോകുന്നില്ല, നീളോം പോകുന്നില്ല എന്തെങ്കിലും പറഞ്ഞ് അവസാനിപ്പിക്ക്.
ശരി ഞാൻ വിശദമായി പറയാം. ഞാൻ ഒരു സിനിമയുടെ കാര്യം ആലോചിക്കുകയായിരുന്നു.
എത് സിനിമ
ആടു പുലിയാട്ടം
അതു നല്ല സിനിമയാണ്.
ജയറാം സാൾട്ട് ആൻ്റ് പെപ്പർ
ഗെറ്റപ്പിൽ വന്ന സിനിമ. ആ പ്രായം ആയ കാര്യം ആലോചിച്ചതാണോ?
അല്ല
പിന്നെന്താ, അത് ഇത്തിരി പഴയ സിനിമയല്ലേ, പിന്നെന്താ ഇപ്പോൾ ഇത്ര കാര്യമായിട്ട് ആ സിനിമയെ പറ്റി ആലോചിയ്ക്കാൻ .
അതിൽ ഒരു കുട്ടി പട്ടിണി കിടന്ന് മരിയ്ക്കുന്ന സീൻ ഇല്ലേ, അതോർത്തതാണ്.
ഭക്ഷണവും വെള്ളവുമില്ലാതെ അകെ കരിഞ്ഞുണങ്ങി മരിച്ചു വീഴുന്ന ഒരു കൊച്ചു പെൺക്കുട്ടി പ്രേതമായ് വരുന്ന ചിത്രമല്ലേ. അതോർത്ത് പേടിച്ചിരിയ്ക്കുകയാണോ.
ആ കുട്ടി പ്രേതം ആണോ നിൻ്റെ
ഉറക്കം കെടുത്തുന്നത്.
നല്ല കാര്യം പേടിയോ, എനിക്കോ.
അതെനിക്കറിയാം, പിന്നെ
എന്താണ് പ്രശ്നം.
ഒരു എലി.
കാര്യം പറയുമ്പോൾ തമാശ പറയുന്ന രീതിയാണ് എല്ലാ കുഴപ്പത്തിനും കാരണം. ആ സിനിമയുടെ പേര്
ആടു പുലിയാട്ടം എന്നല്ലായിരുന്നോ, അല്ലാതെ
ആടു എലിയാട്ടം എന്നല്ലായിരുന്നല്ലോ.
അതല്ല ഒരെലിയാണ് എൻ്റെ
ഉറക്കം കളയുന്നത്.
അതാണ് ഞാൻ പറഞ്ഞത് അരി എത്ര എന്നു ചോദിയ്ക്കുമ്പോൾ പയർ മുന്നാഴി എന്നു പറയരുത് എന്ന്. അല്ലെങ്കിൽ ഇപ്പോൾ
കുട്ടിയുടെ പട്ടിണി മരണവും,
പ്രേതവും എല്ലാം പറഞ്ഞിരിയ്ക്കുന്ന സമയത്ത്
എവിടെ നിന്ന് വന്നൊരു എലി.
അല്ലെങ്കിൽ തന്നേ എലി എവിടെ.
എലി കൂട്ടിലാണ്.
പുലി ഒന്നുമല്ലല്ലോ ഒരെലിയല്ലേ, അതും കൂട്ടിൽ.
അതും നമ്മൾ പറഞ്ഞിരുന്ന
കാര്യവും ആയി ഒരു പരസ്പരബന്ധമില്ലല്ലോ, ഒരു ലോജിക്കില്ലല്ലോ.
ബന്ധങ്ങൾക്ക് തന്നേ വിലയില്ലാത്ത കാലത്ത് പരസ്പരബന്ധത്തിന് എന്തു വില. എന്നാലും ഇവ തമ്മിൽ
ഒരു പരസ്പരബന്ധം ഉണ്ട്.
അതെന്താണ് എന്നാണ് ഞാൻ ചോദിച്ചത്.
ഇത്രയും കാലം ഈ എലി എൻ്റെ ഉറക്കം കെടുത്തിയിരുന്നത് മുറിയിൽ
രാത്രി ഓടി നടന്നും കരണ്ടും ശബ്ദമുണ്ടാക്കി ആയിരുന്നു.
സഹിക്കെട്ടാണ് എലിപ്പെട്ടി വച്ച് ഇടയ്ക്കിടയ്ക്ക്‌ കെണിയിലാക്കിയത്.
അതോടെ പ്രശ്നങ്ങൾ തീർന്നില്ലേ.
ഇല്ല അതോടെ പ്രശ്നങ്ങൾ പിന്നേയും കൂടുകയാണ് ചെയ്തത്.
അതെന്താ ഇതിൻ്റെ കൂട്ടത്തിലുള്ള എലികൾ വന്ന്
ഇതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചോ. അതോ വേറെ എലികൾ വന്ന് ശല്യം തുടങ്ങിയോ.
അതില്ല ഇത്ര നാളായി ഇതല്ലാതെ മറ്റൊരു എലിയെ
റൂമിൽ കണ്ടിട്ടില്ല. ഇതിങ്ങനെ കൂട്ടിൽ
കിടക്കുമ്പോൾ വേറെ എലികൾ ഒന്നും വരാറില്ല.
വെള്ളത്തിൽ മുക്കി കൊല്ലാനുള്ള മടി കൊണ്ട് കൊണ്ടുപോയി കച്ചറ ഡ്രമ്മിൽ കൊണ്ടുചെന്നു വിട്ടു,
എന്നിട്ടും രാത്രിയാകുമ്പോൾ
എങ്ങിനെയോ തേടിപ്പിടിച്ച്
വരും. പിന്നീടും എലിപ്പെട്ടിയിൽ കുടുക്കി റോഡ് ക്രോസ്സ് ചെയ്ത്
അങ്ങു ദൂരെ കൊണ്ടുചെന്ന് കളഞ്ഞിട്ടും രണ്ടു ദിവസത്തിനകം പിന്നേയും വന്നു.
അതെല്ലാം ശരി എന്നാലും
ആടുപുലിയാട്ടവും എലിയും ആയുള്ള
ബന്ധം മനസ്സിലായില്ല.
അതാണ് പറഞ്ഞു വരുന്നത്
കഴിഞ്ഞ ദിവസം പിന്നീടും
എലിപ്പെട്ടിയിൽ കുടുക്കി,
മുക്കി കൊല്ലാൻ കഴിയാത്തതു കൊണ്ട് മൂന്നാലു ദിവസം കൂട്ടിൽ കിടന്ന് ഭക്ഷണമില്ലാതെ ചാവട്ടെ എന്നു തീരുമാനിച്ചു.
അപ്പോൾ മുതലാണ് ആ സിനിമയിലെ ഭാഗങ്ങൾ വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നത്. എലിയാണെങ്കിലും
ഒരു ജീവനല്ലേ അതിനാൽ പട്ടിണിക്കിട്ട് കൊല്ലാൻ ആവുന്നില്ല. ഒരു ജീവനല്ലേ,
അതാണ് പ്രശ്നം. ഭക്ഷണമില്ലാതെ, രക്ഷപ്പെടാനുള്ള സ്വാതന്ത്യമില്ലാതെ കൂട്ടിൽ
മരിച്ചു കിടക്കുന്നത് കാണാനും ആവുന്നില്ല. തുറന്നു വിടാനും ആവുന്നില്ല.
എൻ്റെ വിഷമം ആരോട് പറയാൻ. രക്ഷപ്പെടാൻ എത്ര മാർഗ്ഗങ്ങൾ ഒരുക്കിക്കൊടുത്തു. എന്നിട്ടും.
എന്നിട്ടവസാനം എന്തായി,
എലിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയോ.
എവിടന്ന്, ഇപ്പോൾ കൂട്ടിൽ വീണതിനേക്കാൾ ആരോഗ്യത്തോടെ കഴിയുന്നു.
ദിവസവും മൂന്നു നേരവും
ഞാൻ കഴിച്ചു കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണം
കൊടുത്ത് അതിനേയും വളർത്തുന്നു.
ശരിയാണ് ചില ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിനേക്കാൾ പാടാണ്
ചില ഉത്തരങ്ങൾക്ക് ചോദ്യം
തേടുന്നത്.
പി.എസ്സ്.അനിൽകുമാർ
ദേവിദിയ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot