നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നക്ഷത്രം സ്വന്തമാക്കുന്നവർ - Part 1


" ഡീ, പതിനേഴിൽ പുതുതായി വന്നിരിക്കുന്നത് ആരാണെന്നറിയുമോ?"
പാർക്കിങ്ങിൽ വണ്ടിയൊതുക്കി കയറിവന്ന ബിൻസിയെ കണ്ടമാത്രയിൽ ജീന ചോദിച്ചത് അതാണ്.
ബിൻസിയും ജീനയും നഗരത്തിലെ പ്രശസ്തമായ 'വീ കെയർ മെന്റൽ സാനിറ്റോറിയത്തിലെ ' നഴ്സുമാരാണ്. മാത്രമല്ല ഒരുമിച്ചു പഠിച്ചവരും കൂടിയാണ്. ഇന്നലെ ജീനയ്ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു.
പെട്ടെന്നുണ്ടായ ചോദ്യത്തിൽ ബിൻസിയ്ക്ക് ഉത്തരം കിട്ടിയില്ല. " ഇല്ല, ആരാ?"
" നിന്റെ പഴയ റോമിയോ! "
" ആര്! ബിനോയിയോ?"
" കർത്താവേ, അവനോ, അവനിത് എന്നാ പറ്റി!? "
" എന്താ ബിൻസി ഡ്യൂട്ടിക്ക് കയറുന്നില്ലേ? " ഹെഡ് നഴ്സിന്റെ ഉയർന്ന ശബ്ദം ആ സംഭാഷണത്തിന് വിലങ്ങിട്ടു.
തിടുക്കത്തിൽ ജീനയോട് യാത്ര പറഞ്ഞു അകത്തേക്ക് കയറി യൂണിഫോം ധരിക്കുന്നതിനിടയിൽ ബിൻസിയിൽ ഒരു തിടുക്കം പ്രകടമായിരുന്നു.
ബിനോയ്, പണ്ട് അവർ പഠിച്ചിരുന്ന സ്കൂളിലെ യുവകോമളൻ.
പഠിപ്പിസ്റ്റ്, പെണ്കുട്ടികളുടെ ആരാധനാ പാത്രം.
മനസ്സ് ആ കാലത്തിലേക്ക് ഒരു യാത്ര പുറപ്പെട്ടത് നിമിഷനേരം കൊണ്ടാണ്!
പഠനേതര കാര്യങ്ങളിൽ മുൻനിരയിൽ മികച്ചുനിന്ന ബിനോയിയോട് ഏത് പെണ്കുട്ടിക്കും തോന്നുന്ന ആരാധന അതുതന്നെയാണ് തനിക്കും തോന്നിയത്. പക്ഷേ അവന് അങ്ങിനൊരു ബന്ധം ആരോടും ഇല്ലാതിരുന്നത് കാരണം മനസ്സിൽ മാത്രം സൂക്ഷിക്കേണ്ടി വന്നു. ജീനയ്ക്ക് മാത്രം അറിയുന്ന രഹസ്യം. ഇഷ്ടമാണെന്ന് പറയുന്ന പെൺകുട്ടികളോട് പിന്നീട് ബിനോയ് സംസാരിക്കുന്നത് ഒഴിവാക്കുന്നത് കണ്ടപ്പോഴാണ് സ്വതവേ അന്തർമുഖി കൂടിയായ താൻ ആ ഇഷ്ടം ഉള്ളിൽ തന്നെ കുഴിച്ചുമൂടാൻ തീരുമാനിച്ചത്. ജീനയുടെ ചില കളിയാക്കലുകളിൽ മാത്രം പുനർജ്ജനിച്ചിരുന്ന ആ ഇഷ്ടം പഠനം കഴിഞ്ഞു ആ സ്കൂളിനോട് വിട പറഞ്ഞപ്പോൾ മെല്ലെ മറന്നതായിരുന്നു. വെറുതേയിരിക്കുന്ന ചില നിമിഷങ്ങളിൽ ചുണ്ടിൽ ജാള്യത്തിന്റെ ഒരു ചിരി വിടർത്തുക എന്നതിനപ്പുറം ആ ഓർമ്മയ്ക്ക് വേറൊരു കർത്തവ്യവും നിർവ്വഹിക്കാനുണ്ടായിരുന്നില്ല!
അവനാണിപ്പോൾ മനസ്സിന്റെ സമനില തെറ്റിയ നിലയിൽ!
എന്തുപറ്റിയതായിരിക്കും?!
ചിന്ത അത്രയുമായപ്പോഴാണ് വാതിലിൽ തട്ടുന്ന ശബ്ദവും ഒപ്പം ജീനയുടെ ശബ്ദവും ഉയർന്നത്.
" എന്തെടുക്കുവാടീ, വാതിലടച്ചു ഉറങ്ങുവാണോ? എളുപ്പം ഒന്നിറങ്ങ് പെണ്ണേ! "
പെട്ടെന്ന് യൂണിഫോം ധരിച്ചു ഓവർക്കോട്ടെടുത്ത് കയ്യിൽ പിടിച്ചു വാതിൽ തുറന്നു പുറത്തിറങ്ങി. മുമ്പിൽ യൂണിഫോമിൽ തന്നെ ജീന നിൽക്കുന്നു.
" നീ പോയില്ലേ?"
" ഇല്ലെടി, ദേവിക എമർജൻസി ലീവ് എടുത്തു. ഇന്ന് ഡബ്ബിൾ ഡ്യൂട്ടി ആണ്. എന്നുവെച്ചു നീ പേടിക്കണ്ട. പഴയ കാമുകനുമായി സല്ലപിക്കാൻ ഞാൻ തടസ്സമാകില്ല."
" നീ ഒന്ന് പോയേ ജീനേ. എന്തുവാ ഇത് ? എന്ത് പ്രണയം ? ചെറുപ്പത്തിലെ ഓരോരോ വട്ട്. അല്ലാതെന്ത് ?"
" ഉവ്വ് ഉവ്വേ, ആ പേര് കേട്ടപ്പോൾ ഞാൻ കണ്ടതാണ് മോളേ നിന്റെ തിടുക്കവും വെപ്രാളവും. ' ഹേ കാറ്റേ, നീ നിന്റെ കുഞ്ഞു തലോടലുകളിലൂടെയും, ഹേ മഴേ, നീ നിന്റെ കുഞ്ഞു പെയ്യലിലൂടെ തണുപ്പ് പകർന്നും, പാതിയിൽ നിന്നുപോയ ഈ പ്രണയത്തിന് പുനർജന്മം നല്കുവിൻ'."
ജീന ഒരു കൈ അരയിൽ കുത്തി മറ്റേ കൈ ആകാശത്തേക്കുയർത്തി ഒരു നാടക നടിയുടെ ഭാവഭേവാദികളോടെ പറഞ്ഞു...
" നിനക്ക് വട്ടാണ് പെണ്ണേ. കല്യാണോം കഴിഞ്ഞു രണ്ടു പിള്ളേരുമായപ്പോഴാണ് വീണ്ടും പ്രണയം! അതും സ്ഥിരബോധമില്ലാത്ത ഒരുത്തനെ. അല്ലെങ്കിൽ അരക്കൈ നോക്കാമായിരുന്നു." അവസാനം പറഞ്ഞതിന്റെ കൂട്ടത്തിൽ ഒന്ന് കണ്ണിറുക്കി കാണിക്കാനും ബിൻസി മറന്നില്ല.
പക്ഷേ ആ പേര് കേട്ടപ്പോൾ മുതൽ തന്റെ ഉള്ളിലുണ്ടായ പിടപ്പ് മുഖത്ത് പ്രകടമാക്കാതിരിക്കാനും ജീന അറിയാതിരിക്കാനും ബിൻസി പ്രത്യേകം ശ്രദ്ധിച്ചു.
" അപ്പൊ നീ കാര്യങ്ങൾ ഒന്നുമറിഞ്ഞില്ലായിരുന്നു അല്ലേ.? " രാവിലെ കൊടുക്കേണ്ട മരുന്നുകൾ എടുത്തു ബിൻസിയോടൊപ്പം നടക്കുന്നതിനിടയിലാണ് ജീന അങ്ങനൊരു ചോദ്യം ചോദിച്ചത്.
" ഇല്ല. എന്ത് കാര്യങ്ങൾ? "
" പ്രമാദമായ വത്സ കൊലക്കേസ് കേട്ടിരുന്നോ നീ? "
" ഇല്ല. അതെന്താണ് ? അതും ബിനോയിയും തമ്മിൽ എന്താണ് ബന്ധം !? "
" മദ്യ ലഹരിയിൽ സ്വന്തം ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസ് ആണത്. കൊല്ലപ്പെട്ട വത്സ ബിനോയിയുടെ അമ്മയാണ്. അതോടു കൂടിയാണ് ബിനോയിയുടെ സമനില തെറ്റിയത്. ഇത്രനാളും വേറേതോ ഹോസ്പിറ്റലിൽ ആയിരുന്നു. ഇന്നലെയാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. നീയിതൊന്നും അറിഞ്ഞില്ലായിരുന്നു അല്ലേ ? അല്ല എങ്ങിനെ അറിയാനാണ് ? മോള് കെട്ടിയോന്റെ കൂടെ വിദേശത്ത് സുഖിച്ചു കഴിയുവല്ലായിരുന്നോ ? "
ബിൻസിയുടെ ഭർത്താവ് വിദേശത്താണ്. ഇത്രനാളും ബിൻസിയും അവിടെ തന്നെയായിരുന്നു. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടിയപ്പോഴാണ് ഇനി നാട്ടിൽ തുടരാം എന്ന നിലപാടെടുത്തത്. അതിൻപ്രകാരമാണ് ജീനയുടെ സഹായത്തോടെ ഇവിടെ ജോലി നേടിയതും. മാത്രമല്ല ഭർത്താവും ഈ വിസ തീർന്നാൽ നിർത്തി മടങ്ങി വരികയാണ്.
ജീനയുടെ വാക്കുകളിൽ ഒളിഞ്ഞിരുന്ന ചെറിയ കളിയാക്കൽ കേട്ടെങ്കിലും ബിൻസി അത് കേട്ടതായി ഭാവിച്ചില്ല. പകരം ബിനോയിയെ കുറിച്ചു ചിന്തിക്കുകയായിരുന്നു. ബിനോയിയെ അറിയാമെങ്കിലും ബിനോയിയുടെ കുടുംബം എന്ന നിലയിൽ തനിക്ക് ആരെയും അറിയില്ലായിരുന്നു. ചിലപ്പോൾ പത്രവാർത്തകളിലൂടെ ഈ വാർത്തയും താൻ കണ്ടിരിക്കും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കാരണം ഇന്ന് അതുപോലുള്ള വാർത്തകൾ നിരവധിയാണല്ലോ. എന്തോ ബിൻസിക്ക് ബിനോയിയോട് ചെറിയൊരു സഹതാപം തോന്നി. ആ സഹതാപത്തോട് കൂടെ തന്നെയാണ് പതിനേഴാം നമ്പർ സെല്ലിന് മുമ്പിലെത്തിയതും.
സെല്ലിന് മുമ്പിലെത്തിയതും കണ്ടു മുറിയുടെ ഒരു മൂലയിൽ ഈ ലോകത്ത് നടക്കുന്നതൊന്നും അറിയാത്ത ഭാവത്തിൽ നിർവ്വികാരനായി ഇരിക്കുന്ന താടിയും മുടിയും മീശയും ഷേവ് ചെയ്ത ഒരു ചെറുപ്പക്കാരൻ ! പഴയ ബിനോയ് ആണത് എന്നത് തിരിച്ചറിയുക തന്നെ പ്രയാസം.
സെൽ തുറന്ന് അവർ അകത്തു കയറിയതും മുമ്പിലേക്ക് വന്നതും ഒന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല അയാൾ വേറേതോ ലോകത്തായിരുന്നു. അക്രമകാരികളല്ലാത്ത രോഗികൾക്ക് വേണ്ടിയുള്ള സെൽ ആയത് കാരണം ബിൻസിയും ജീനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇഞ്ചക്ഷനും ഗുളികയും കൊടുക്കുമ്പോൾ ബിൻസി ബിനോയിയെ സൂക്ഷിച്ചു നോക്കുന്നത് കണ്ടത് കൊണ്ടാവും ഉടൻ വന്നു ജീനയുടെ കളിയാക്കൽ.
" മോളേ ബിൻസിയേ, ഒരു രക്ഷയുമില്ലെടീ. നിന്റെ റോമിയോ നിന്നെ തിരിച്ചറിയുക പോലുമില്ല. ഇപ്പോ മൂപ്പര് വേറേതോ ലോകത്ത് രാജാവാണ്. "
" ഒന്ന് മിണ്ടാതിരുന്നേഡി നീ. " ബിൻസി ജീനയെ കളിയായി ഒന്നടിച്ചു.
പക്ഷേ ജീനയുടെ സംഭാഷണം കേട്ട ബിനോയ് തന്നെ സൂക്ഷിച്ചു നോക്കുന്നത് ബിൻസി ശ്രദ്ധിച്ചു. പരിചയ ഭാവത്തിൽ ഒന്ന് പുഞ്ചിരിക്കാനും ബിൻസി മറന്നില്ല.
പക്ഷേ തിരിച്ചൊരു പ്രതികരണവും ബിനോയിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പകരം ആ കണ്ണുകളിൽ എന്തോ ചെറിയ തിളക്കമുണ്ടായിരുന്നു.
" മതി മതി വാ പോകാം. കാമുകനെ കാണൽ ഇനി ഉച്ചയ്ക്ക്. ഇവിടെ വേറെയും രോഗികളുണ്ട് മോളേ."
ജീന പറഞ്ഞതും ബിൻസിയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു. പുറത്തിറങ്ങി സെൽ പൂട്ടുമ്പോഴും ബിനോയിയുടെ കണ്ണുകൾ തന്റെ മേൽ തന്നെയാണെന്നുള്ള കാര്യം ബിൻസി ശ്രദ്ധിച്ചു.
ഇനിയൊരുപക്ഷെ തിരിച്ചറിഞ്ഞു കാണുമോ എന്ന സംശയം തോന്നിയെങ്കിലും അത് ജീനയോട് പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ നിസ്സാരം എന്തെങ്കിലും കിട്ടിയാൽ മതി പെണ്ണിന് കളിയാക്കാൻ.
" എങ്ങിനുണ്ടായിരുന്നു പുനർസമാഗമം ? കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ പറഞ്ഞോ " ജീനയുടെ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ ബിൻസിക്ക് തെല്ല് അരിശം തോന്നാതിരുന്നില്ല.
" ജീനേ ഇത്തിരി കൂടുന്നുണ്ട് കേട്ടോ. നിനക്കെന്തിന്റെ കേടാണ് പെണ്ണേ ? ഞങ്ങൾ തമ്മിൽ വർഷങ്ങൾ നീണ്ടു നിന്ന അഗാധ പ്രണയം ഒന്നുമില്ലായിരുന്നല്ലോ. ഒരുപക്ഷേ എനിക്കവനെ ഇഷ്ടമായിരുന്നു എന്ന കാര്യം പോലും അവനറിയാമായിരുന്നു എന്നു തോന്നുന്നില്ല. അപ്പോഴാ ! ഇതൊക്കെ അന്ന് നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ. ഹോ, ഏത് നേരത്താണാവോ എന്റെ കർത്താവേ ഇതൊക്കെ ഇവളോട് പറയാൻ തോന്നിയത്." ബിൻസിയുടെ മുഖത്തു വന്ന ഗൗരവം കണ്ടു ജീന ഒന്നു പകച്ചു.
" അയ്യേ, പെണ്ണ് സീരിയസ് ആയോ ? ഇതൊക്കെ ഞാൻ ചുമ്മാ പറയുന്നതല്ലേ കൊച്ചേ. ഇതൊക്കെ ഒരു രസമല്ലേടി ? ഒന്നുമില്ലായിരുന്നു എന്ന കാര്യം എനിക്കറിയാവുന്നതല്ലിയോ. ഇത്തിരി രസമൊക്കെ വേണ്ടേ എന്റെ കാന്താരിയേ ?"
ജീനയുടെ പറച്ചിൽ കേട്ട ബിൻസി ഒന്ന് ഉള്ളിൽ ചിരിച്ചു സംഭവം ഏറ്റു ഇനി കുറച്ചു നേരത്തേക്ക് അവളുടെ വാ അടഞ്ഞിരുന്നോളും. എങ്കിലും മനസ്സിൽ ബിനോയിയുടെ കണ്ണിൽ കണ്ട തിളക്കമായിരുന്നു.
ബാക്കിയുള്ള സെല്ലിൽ മരുന്ന് കൊടുത്തു വരുമ്പോഴും പുതിയ ഒന്ന് രണ്ടു രോഗികൾ വന്നതിന്റെ ബഹളവും കഴിഞ്ഞു വന്നപ്പോഴേക്കും ഉച്ചയാകാറായിരുന്നു.
മനസ്സിന്റെ താളം തെറ്റിയവർ കുഞ്ഞു കുട്ടികളെ പോലെയാണ് അതുപോലെ തന്നെ വാശി കാണിക്കുന്നവർ ആണ് അത് കഴിഞ്ഞാൽ പെട്ടെന്ന് മറന്നു പോകുകയും ചെയ്യും. ശരീരം വലുതായത് കൊണ്ടു മാത്രം ഉപദ്രവിക്കുമ്പോൾ രൂക്ഷമാകും എന്നു മാത്രം. ചെറിയ കുട്ടികളും ഉപദ്രവിക്കാറുണ്ട് പക്ഷേ അതാരും കണക്കിലെടുക്കാറില്ല.
ആദ്യമായി ഇവിടേക്ക് ജോലിക്കു വരുമ്പോൾ ഉള്ളിൽ നിറയെ ഭയമായിരുന്നു. ' കോക്കാച്ചി വരും' എന്നു പറഞ്ഞതിന് വരെ ഉറക്കെ കരഞ്ഞ ചിലരെ കണ്ടപ്പോഴാണ് ഇവരൊക്കെ എത്ര നിഷ്കളങ്കർ ആണെന്ന് മനസ്സിലായത്. പക്ഷേ ചിലരുണ്ട് ഇതിൽ നിന്നും വ്യത്യസ്തരായവർ, അവരെ പ്രത്യേകം പാർപ്പിച്ചിരിക്കുകയാണ്.
രാത്രിയും പകലും തുടർച്ചയായി ജോലി നോക്കുന്നതിനാൽ ജീന ചെറിയൊരു മയക്കത്തിലേക്ക് മയങ്ങി വീഴുന്നത് കണ്ടാണ് ഉച്ചയ്ക്കുള്ള ഇഞ്ചക്ഷനും മരുന്നും കൊടുക്കാൻ ബിൻസി ഒറ്റയ്ക്ക് പോകാൻ തീരുമാനിച്ചത്. ബിനോയിയുടെ മുറിയുടെ മുമ്പിലെത്തി വാതിൽ തുറന്നതും ബിനോയ് തന്നെ വീണ്ടും നോക്കുന്നത് കണ്ടപ്പോഴാണ് എവിടെ നിന്നോ കിട്ടിയ ധൈര്യം സംഭരിച്ചു ചുണ്ടിലൊരു ചെറു ചിരിയോടെ ചോദിച്ചത്...
" എന്താ ബിനോയ്, അറിയുമോ...? "
അറിയാം എന്ന ഭാവത്തിൽ തലയാട്ടുന്നത് കണ്ടപ്പോൾ ചിരിയാണ് വന്നത്..
" എങ്കിൽ പറയ് ഞാനാരാ ? "
" ബിൻസി "
അത് കേട്ടപ്പോൾ ബിൻസി ശക്തമായി ഒന്ന് നടുങ്ങി ! വിശ്വാസം വരാതെ വീണ്ടും നോക്കി !
പെട്ടെന്നായിരുന്നു അത്, ബിൻസിയുടെ രണ്ടു കൈകളും കവർന്നെടുത്തു ബിനോയ് വിളിച്ചത്.
" ബിൻസീ , എന്റെ ബിൻസി.."
ഈ ഭൂമിയാകെ തലകീഴായി മറിയുന്നത് പോലെയാണ് ബിൻസിക്ക് തോന്നിയത്. ഒരുനിമിഷം സ്ഥലകാല ബോധം തിരികെ വന്ന ബിൻസി ബലമായി തന്നെ കൈകൾ ബിനോയിയുടെ കയ്യിൽ നിന്നും മോചിപ്പിച്ചു.
അവൾ തെല്ല് അകന്നു നിന്നു. ബിനോയിയുടെ തല വീണ്ടും കുനിഞ്ഞിരുന്നു. എന്താണ് പറയേണ്ടത് എന്താണ് സംസാരിക്കേണ്ടത് എന്ന കാര്യത്തിൽ ബിൻസിക്ക് തീർച്ചയുണ്ടായിരുന്നില്ല. ഒന്നും മിണ്ടാതെ തിരിഞ്ഞു പോയലോ എന്നൊരു നിമിഷം അവൾ ചിന്തിക്കാതിരുന്നില്ല. പക്ഷേ എവിടെ നിന്നോ സംഭരിച്ച ഇത്തിരി ധൈര്യത്തിന്റെ ബലത്തിലും ആകാംക്ഷ കൊണ്ടും അവൾ മെല്ലെ വിളിച്ചു.
" ബിനോയ് "
" ഉം " തലയുയർത്താതെ തന്നെ ബിനോയ് വിളി കേട്ടു.
" എന്തുപറ്റി ? ആളുമാറിപ്പോയോ ?"
" ഇല്ല, ആരെ മറന്നാലും നിന്നെ ഞാൻ ഒരിക്കലും മറക്കില്ല."
ബിൻസിയുടെ നെഞ്ച് പെട്ടെന്നു അധികരിച്ച ശ്വാസോച്ഛാസം മൂലം ക്രമാതീതമായി ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് കേൾക്കാൻ ഒരുപാട് കൊതിച്ചിരുന്ന വാക്കുകൾ. വരണ്ടുണങ്ങി പോയ ചുണ്ട് നാവു കൊണ്ട് നനച്ചു മടിച്ചു മടിച്ചു ബിൻസി വീണ്ടും ചോദിച്ചു.
" ബിനോയിക്കെന്നെ ഇഷ്ടമായിരുന്നോ ?"
" ഉം " ഇത്തവണ എന്തോ ശക്തമായി തന്നെ ബിൻസി നടുങ്ങി! വീണ്ടും നിശബ്ദത നിറഞ്ഞ മുറിയിൽ വീണ്ടുമുയർന്നത് ബിൻസിയുടെ ശബ്ദം തന്നെ.
" എന്നിട്ട്, എന്നിട്ടെന്ത് കൊണ്ട് പറഞ്ഞില്ല ?"
" പേടി " ഒറ്റ വാക്കിലൊരുത്തരം
" എന്തിന് "
" നിനക്കങ്ങിനെ ഒന്നുമില്ല എന്നു മറുപടി പറഞ്ഞാൽ അതുൾക്കൊള്ളാൻ എനിക്കാവില്ലായിരുന്നു..."
പിന്നീട് എന്ത് ചോദിക്കണം എന്ന് ബിൻസിക്കും തീർച്ചയുണ്ടായില്ല. എങ്കിലും യാന്ത്രികമായി പറഞ്ഞു.
" നീയൊരുപാട് വൈകിപ്പോയി ബിനോയ്."
" അറിയാം. "
" ഇത്ര നോർമ്മലായി നീ സംസാരിക്കുന്നുണ്ടല്ലോ. സത്യത്തിൽ നിനക്കെന്താണ് സംഭവിച്ചത് ? ആ ദുരന്ത ദിനം മറന്നു കളയൂ. അത് മാത്രമല്ല എല്ലാം ?" അത് പറയുമ്പോൾ എന്തോ ഒരു വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഒരു മനോഭാവം ബിൻസിയിൽ പ്രകടമായിരുന്നു. എങ്കിലും വാക്കുകൾ മൂർച്ചയുള്ളതായിരുന്നു.
മുഖം താഴ്ത്തിയിരുന്ന ബിനോയ് ബിൻസിയുടെ മുഖത്ത് വന്ന ഭാവമാറ്റം അറിഞ്ഞുമില്ല.
" എനിക്കൊരു കുഴപ്പവുമില്ല ബിൻസി. പക്ഷേ ആ ദിനം, അത്, അത് മറക്കാനാവില്ല. അത് മറക്കണമെങ്കിൽ ഞാൻ മരിക്കണം. "
" ഞാൻ മറ്റു സെല്ലുകളിൽ പോയി വരാം. എനിക്കറിയണം എന്താണ് നിനക്ക് പറ്റിയതെന്നു."
" ഉം " ബിനോയ് ഒന്ന് മൂളി.
പുറത്തിറങ്ങി മറ്റു സെല്ലുകളിലേക്ക് പാഞ്ഞെന്നോണം പോകുമ്പോൾ ബിൻസിയുടെ ഉള്ളിൽ സന്തോഷമായിരുന്നോ നഷ്ടബോധമായിരുന്നോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു മനോഭാവമായിരുന്നു. ബിനോയിക്ക് തന്നെ ഇഷ്ടമായിരുന്നെന്നു !
പക്ഷേ അടുത്ത നിമിഷം അവളുടെ കാലുകളുടെ ചലനം മെല്ലെയായി. മനസ്സിൽ കുട്ടികളുടെയും ഭർത്താവിന്റെയും മുഖം തെളിഞ്ഞു. ഇല്ല, പാടില്ല, താനിന്ന് ആ പഴയ പത്താം ക്ലാസുകാരി അല്ല. ആ തിരിച്ചറിവ് മുഖത്ത് പകർന്ന് നൽകിയത് നിർവ്വികാരതയുടെ ഒരു ഭാവമായിരുന്നു. ഇല്ല ഇനിയൊരിക്കലും തനിക്ക് ആ വേഷം ഇണങ്ങുകയില്ല. ഒരിക്കൽ ഊരിയെറിഞ്ഞ വേഷം മുതിർന്നതിന് ശേഷം വീണ്ടും ധരിക്കാൻ ശ്രമിച്ചാൽ പാകമാവില്ല. അവനെ കുറിച്ചുള്ള ഓർമ്മകൾ ഇനിയും മനസ്സിൽ വരുന്നുയെങ്കിൽ അത് തിരുത്തണം. അവൾ അത് മനസ്സിലുറപ്പിച്ചു.
ബിനോയിയ്ക്ക് എന്തു സംഭവിച്ചു എന്നറിയുവാൻ ബിൻസിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒറ്റയ്ക്ക് സംസാരിക്കാനും. അതാണ് മറ്റു സെല്ലുകളിൽ പോയി മടങ്ങി വരുമ്പോഴും സ്റ്റാഫ് റൂമിൽ ഉറങ്ങുകയായിരുന്ന ജീനയെ വിളിച്ചെഴുന്നേല്പിക്കാതെ ബിനോയിയുടെ മുറിയിലേക്ക് ബിൻസി പോകാനുണ്ടായ കാരണം.
സെല്ലിൽ ബിനോയ് കാത്തിരിക്കുന്നുണ്ടായിരുന്നു. ബിൻസി ബിനോയിയുടെ എതിർവശത്തുണ്ടായിരുന്ന കട്ടിലിൽ ഇരുന്നു.
രണ്ടുപേരും മുഖത്തോട് മുഖം നോക്കിയപ്പോൾ ബിനോയിയുടെ കണ്ണുകളിലെ ഭാവം കണ്ടു ബിൻസി പെട്ടെന്ന് തന്നെ മുഖം മാറ്റി മുറിയിലെ മറ്റു വസ്തുക്കളിലേക്ക് നോക്കി. കാരണം ആ കണ്ണുകളുടെ മാസ്മരികത തന്നെ എക്കാലവും മയക്കുവാൻ പോന്നതാണെന്നു അവൾക്ക് ഉറപ്പായിരുന്നു.
" ബിനോയ് വല്ലതും കഴിച്ചിരുന്നോ. ? "
നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ബിൻസി തന്നെ സംഭാഷണത്തിന് തുടക്കമിട്ടു. പക്ഷേ കഴിച്ചെന്നോ ഇല്ലെന്നോ ബിനോയ് മറുപടി പറഞ്ഞില്ല. ഇടംകണ്ണിട്ട് നോക്കിയപ്പോൾ ബിനോയിയുടെ കണ്ണുകൾ ഇപ്പോഴും തന്റെ നേരെ തന്നെയാണെന്ന് ചെറിയൊരു നടുക്കത്തോടെ ബിൻസി തിരിച്ചറിഞ്ഞു.
ഓവർകോട്ടിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ റിംഗ് ചെയ്തപ്പോൾ ബിൻസി എടുത്തുനോക്കി. ജീനയാണ് , കഴിക്കാൻ വിളിച്ചതാവും. അവൾ എടുത്തില്ല ബിനോയിയുടെ മുറിയിലാണെന്നു പറഞ്ഞാൽ ഇനി അതിന് വേറെ കളിയാക്കൽ കേൾക്കേണ്ടി വരും.
ഫോൺ തിരികെ വെയ്ക്കുന്നതിന് തുനിയുമ്പോഴാണ് സ്ക്രീനിലെ കുട്ടികളുടെ ചിത്രം കണ്ടതും ഒരാശയം മനസ്സിലേക്ക് വന്നതും അവൾ അത് ബിനോയിയുടെ നേരെ തിരിച്ചു പിടിച്ചു.
" എന്റെ മക്കളാണ് "
" ഉം, കല്യാണത്തിന് ഞാനും പങ്കെടുത്തിരുന്നു, നീയറിയാതെ " ബിനോയ് യന്ത്രികമായെന്നോണം പറഞ്ഞു.
ഇത്തവണ ബിൻസി വീണ്ടും ശക്തമായി തന്നെ നടുങ്ങി! എന്തു പറയണം എന്നറിയാതെ കുഴങ്ങിപ്പോയ അവസ്‌ഥ.
" നിനക്കെന്താണ് പറ്റിയത് ബിനോയ് ? ഞാനറിയുന്ന ബിനോയ് ഇങ്ങിനെയൊന്നും ആയിരുന്നില്ലല്ലോ ?"
" എന്ത് പറ്റാൻ ?ഒന്നും പറ്റിയില്ല. എനിക്ക് സംഭവിച്ചത് എല്ലാം തന്നെ എന്റെ പിഴവുകളാണ്. മുകളിലെ പൂമ്പാറ്റയെ നോക്കി ഓടിയ കുട്ടി താഴെയുള്ള കുഴി ശ്രദ്ധിക്കാതെ വീഴുന്നത് പോലെ."
" ഒരുപാട് പെൺകുട്ടികൾ ഒരു നോട്ടത്തിനും വാക്കിനും വേണ്ടി കാത്തു നിന്നിരുന്ന നീ തന്നെയാണോ ഇത് പറയുന്നത് ? "
" ഒരു ദേവതയ്ക്ക് മാത്രമിരിക്കാവുന്ന ശ്രീകോവിലിനു വെളിയിൽ എത്ര ദേവതകൾ വന്നാലും ആദ്യമേ കയറ്റി പ്രതീക്ഷ്ഠിച്ച ദേവത തന്നെയായിരിക്കും അവിടുത്തെ വിഗ്രഹം, അല്ലെങ്കിൽ പൂജാരിയില്ലാത്ത ശ്രീകോവിൽ ആവണമത്."
" വാക്കുകൾ കൊണ്ട് നിന്നെ തോല്പിക്കാനാവില്ല ബിനോയ്. പക്ഷേ, പായസം ചൂടോടെ കഴിച്ചാൽ മാത്രമേ അതിന് രുചിയുണ്ടാകൂ എന്ന കാര്യം മാത്രം നീ മറക്കരുത്. തണുത്തതും പഴകിയതുമായ പായസം ഒരിക്കലും മാനസിക സംതൃപ്തി തരികയില്ല. "
തന്റെ മനസ്സിൽ അങ്ങിനെയൊരു ഇഷ്ടം ഉണ്ടായിരുന്നില്ല എന്ന നിലയിലുള്ള ബിൻസിയുടെ സംസാരത്തിൽ ബിനോയ് നിശബ്ദനായി.
ബിൻസി അത് മനപ്പൂർവ്വം പറഞ്ഞത് തന്നെയായിരുന്നു. മാനസിക നിലയിൽ വ്യതിയാനം വന്ന ഒരാളെ കൈ കാര്യം ചെയ്യേണ്ടത് എങ്ങിനെ എന്ന കാര്യവും അതിനൊരു കാരണമായി എന്ന് മാത്രം.
ചെറിയൊരു പ്രതീക്ഷ പോലും തന്റെ വാക്കുകളിൽ പ്രകടമാകാതിരിക്കുവാൻ വേണ്ടി ബിൻസി വളരെയധികം ശ്രദ്ധിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ബിൻസി തുടർന്നു പറഞ്ഞ വാക്കുകൾ
" കൂടെ പഠിച്ചിരുന്ന ഒരു കുട്ടി എന്ന നിലയിൽ അല്ലാതെ എനിക്ക് നിന്നോട് വേറൊരു താത്പര്യവും ഉണ്ടായിരുന്നില്ല. എന്തോ നിന്നെ ഞാൻ അങ്ങിനെയൊരു കണ്ണിലൂടെ കണ്ടിട്ടില്ല. പിന്നെയും അതൊക്കെ ഓർത്തു നീ സ്വയം നശിക്കുകയാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് നിന്നോട് പുച്ഛം തോന്നുന്നു. നിനക്കിനിയും ജീവിതമുണ്ട്. ഒരു ദുസ്വപ്നം പോലെ കഴിഞ്ഞതെല്ലാം മറന്നു നീ പുതിയൊരു ജീവിതം തുടങ്ങണം. എനിക്ക് നിന്നോട് ഒന്നുമുണ്ടായിരുന്നില്ല. "
അതിന് പുച്ഛം നിറഞ്ഞ ഒരു ചിരി മാത്രമായിരുന്നു ബിനോയിയുടെ പ്രതികരണം
" നീ ഒരുപാട് കാടു കയറി ചിന്തിച്ചിരിക്കുന്നു ബിൻസി. നിന്റെ സംസാരം കേട്ടാൽ എന്റെ ഇന്നത്തെ അവസ്ഥയ്ക്ക് നീയാണ് കാരണമെന്നൊരു കുറ്റബോധം നിന്റെയുള്ളിലെവിടെയോ ഉണ്ടെന്ന് തോന്നും. മറ്റൊരാൾ നിന്റെ കഴുത്തിൽ താലി കെട്ടുന്നത് സ്വന്തം കണ്ണുകളാൽ കണ്ട നിമിഷം മുതൽ നീയെന്റെയല്ല എന്ന ബോധം എന്റെയുള്ളിൽ വളർന്നതാണ്. പെട്ടെന്ന് നിന്നെ കണ്ടപ്പോൾ ഞാനൊന്ന് പതറിപ്പോയി എന്നത് സത്യമാണ്. പക്ഷേ അതിനർത്ഥം ഞാൻ ഇപ്പോഴും നിന്റെ ഓർമ്മകളിൽ മരിച്ചു കിടക്കുകയാണ് എന്നതല്ല."
അറിയാതെയെന്നോണം ബിൻസിയുടെ തല താഴ്ന്നപ്പോൾ ബിനോയ് കണ്ണിൽ ഊറിയ കണ്ണുനീർ ബിൻസി കാണാതെ തുടച്ചു മാറ്റി.
അതേസമയം ബിൻസിയുടെ മനസ്സിലും ചെറിയൊരു വേദന ഉടലെടുത്തിരുന്നു.
അകമേയുള്ള വേദന പുറമേ പ്രകടമാക്കാതെ രണ്ടു ഹൃദയങ്ങൾ ആ നിശബ്ദത പങ്കു വെച്ചു.
ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്നവരോട് തനിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്ന് ശഠിക്കുമ്പോൾ സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞു എന്ന തോന്നലാണുണ്ടാവുക. പക്ഷേ അത് കേൾക്കുന്ന ആൾ, തനിക്കും അങ്ങിനൊന്നും ഇല്ല എന്ന മറുപടി തരുമ്പോൾ തോറ്റു പോകുന്നത് നമ്മൾ തന്നെയാണ്.
അർഹമല്ലെന്നുള്ളതിനോട് വല്ലാത്തൊരു കൊതി പ്രകടിപ്പിക്കുന്ന മനുഷ്യ മനസ്സിന്റെ വിചിത്ര ഭാവം.
" ആഹാ, നീയിവിടെ ഇരിക്കുവായിരുന്നോ? ഉച്ചയ്ക്കൊന്നും കഴിക്കണ്ടേ മോളേ ? എനിക്കാണേ ഉറക്കവും വരുന്നുണ്ട് വിശപ്പുമുണ്ട്. നീ വന്നേ, വല്ലോം കഴിച്ചിട്ട് ഇച്ചിരി നേരം റെസ്റ്റെടുക്കാനുള്ളതാ."
പെട്ടെന്ന് കേട്ട ജീനയുടെ ശബ്ദമാണ് രണ്ടുപേരെയും ആ അവസ്ഥയിൽ നിന്നും മുക്തരാക്കിയത്.
" നീ കഴിച്ചോ ജീനാ. എനിക്ക് വിശപ്പില്ല." പരീക്ഷീണമായ സ്വരത്തിലാണ് ബിൻസി അത് പറഞ്ഞത്. ആ സ്വരത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ ജീന ബിൻസിയേയും ബിനോയിയെയും മാറി മാറി നോക്കി.
" ഹലോ മാഷേ ? നമ്മളെയൊക്കെ അറിയുമോ ? ഞാനും പഴയൊരു സഹപാഠി ആയിരുന്നേ. "
" ഉം " തലയുയർത്തി ജീനയെ ഒന്ന് നോക്കിക്കൊണ്ട് ബിനോയ് അറിയുമോ ഇല്ലയോ എന്നുറപ്പില്ലാത്ത സ്വരത്തിൽ ഒന്ന് മൂളി.
വീണ്ടും ആ കണ്ണുകൾ കറങ്ങി തിരിഞ്ഞു ബിൻസിയെ തേടിയെത്തി കണ്ണുകൾ തമ്മിൽ കൊരുത്ത നിമിഷത്തിൽ ഇരുമുഖങ്ങളിലും ഒരു പതർച്ച പ്രകടമായി. സൂക്ഷ്മമായി അത് വീക്ഷിച്ചു കൊണ്ട് നിന്നിരുന്ന ജീനയ്ക്ക് എന്തോ മനസ്സിലായി.
" ശരി എന്നാൽ നീ വിശക്കുമ്പോൾ വന്ന് കഴിച്ചോ. ഞാൻ കഴിക്കാൻ പോകുകയാണ്. ഒന്നു മയങ്ങണം "
അതു പറഞ്ഞു കൊണ്ട് ജീന അവിടെ നിന്നും യാത്രയായി.
" ബിനോയ് "
" ഊം " ബിൻസിയുടെ വിളിക്ക് മുഖത്തു നോക്കാതെയാണ് ബിനോയ് വിളി കേട്ടത്.
" ഇങ്ങിനെയൊരു അവസ്ഥയിൽ നിന്നെ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്താണ് നിനക്ക്. പഠിക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിച്ച ആ പഴയ മിടുക്കനായ ബിനോയ് ആണിതെന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല. ഏതെങ്കിലും ഉയർന്ന ജോലിയിൽ പ്രവേശിച്ചു സന്തുഷ്ടകരമായ കുടുംബ ജീവിതം നയിച്ചു നീയെവിടെയോ ജീവിക്കുന്നു എന്നായിരുന്നു എന്റെ മനസ്സിൽ ഇത്രനാളും ഉണ്ടായിരുന്ന വിശ്വാസം. ആ നീയാണ് ഇങ്ങിനെ എല്ലാം തകർന്നവനെ പോലെ മെന്റൽ ഹോസ്പിറ്റലിലെ ഒരു മുറിയിൽ... കണ്ടപ്പോൾ ഞാനാകെ അമ്പരന്നു പോയി. "
ബിനോയ് മറുപടി ഒന്നും കൊടുക്കാതിരുന്നപ്പോഴാണ് ബിൻസി തുടർന്നത്.
" ശരിയാണ് കണ്മുമ്പിൽ അമ്മയെ അപ്പൻ കൊല്ലുന്നത് കണ്ടാൽ ആരായാലും തകർന്നുപോകും. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു ഇനിയെത്ര ദുഃഖിച്ചാലും പോയവർ തിരിച്ചു വരില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ അച്ഛൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചിലരുണ്ട് ഇങ്ങിനെ മനുഷ്യന്റെ മുഖമുള്ള ക്രൂരർ."
" ഒന്ന് നിർത്തുന്നുണ്ടോ ?" പെട്ടെന്നായിരുന്നു അതുവരെ ശാന്തനായിരുന്ന ബിനോയ് പൊട്ടിത്തെറിച്ചത് ! ബിൻസി പകച്ചു പോയി !
" നിനക്കെന്തറിയാം എന്റെ പപ്പയെ കുറിച്ചു ? വന്നിരിക്കുന്നു ഒരു ഉപദേശി. ഒന്നിറങ്ങി പോകുമോ ? ഒരിത്തിരി സ്വൈര്യം താ. പോ. "
(തുടരും.)
ജയ്സൻ ജോർജ്ജ്
Read all published parts here - https://www.nallezhuth.com/search/label/Nakshathram

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot