നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീലമറുകുള്ള പെൺകുട്ടി


ഞാൻ വീണ്ടും എതിർവശത്തെ സീറ്റിലേക്ക് നോക്കി .അവിടെ ആൾ വന്നിട്ടില്ല .റിസർവേഷൻ കംപാർട്മെന്റ് ആയതു കൊണ്ടാകും തിരക്കും കുറവാണ്. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഞാൻ ഇറങ്ങി ഒരു മാസിക വാങ്ങി തിരികെ വന്നു ,എതിർ വശത്തെ സീറ്റിൽ ഒരു പെൺകുട്ടിയും അവളുടെ
ഭർത്താവ് എന്ന് തോന്നിക്കുന്ന ആളും വന്നിരുന്നു .എന്റെയരികിൽ വൃദ്ധരായ ദമ്പതികൾ ആയിരുന്നു ,അവർ പരസ്പരം എന്തെല്ലാമോ സംസാരിച്ചു കൊണ്ടിരുന്നു .ഇടയ്ക്കു ഒന്ന് മയങ്ങി ഉണരുമ്പോൾ അവരും പെൺകുട്ടിയും തമ്മിൽ സംസാരിക്കുന്നത് കണ്ടു .
ഇടയ്ക്കു നീണ്ട മുടി അവളുടെ മുഖത്തേക്ക് പാറി വീഴുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ഞാൻ അത് നോക്കിയിരുന്നു .അവരുടെ സംഭാഷണത്തിൽ നിന്ന് പെൺകുട്ടി അയാളുടെ ഭാര്യ അല്ലെന്നും അവർ വിവാഹനിശ്ചയം കഴിഞ്ഞവരാണെന്നും ഞാൻ മനസിലാക്കി .ആ പെൺകുട്ടി അയാൾക്ക്‌ യോജിച്ച ഒരാളായിരുന്നില്ല. അവളുടെ കണ്ണുകളിൽ നല്ല ഒരു ആഢ്യത്തവും തിളക്കവും ഉണ്ടായിരുന്നു അയാളുടെ മുഖത്തെ ധാർഷ്ട്യവും സ്വാതന്ത്ര്യവും അവളിഷ്ടപ്പെടുന്നില്ല എന്ന മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു .
ഞാൻ കൗതുകത്തോടെ വീണ്ടും നോക്കിയപ്പോളാണ് അവളുടെ ചുണ്ടിനു താഴെ ആ മറുക് ശ്രദ്ധയിൽ പെട്ടത് സാധാരണ കാണുമ്പോലെ അല്ല അതിനു നീല നിറമായിരുന്നു വെയിൽ നാളങ്ങൾ തട്ടുമ്പോൾ ഇന്ദ്രനീലക്കല്ലു ജ്വലിക്കുമ്പോലെ അത്ജ്വലിക്കുന്നുണ്ടായിരുന്നു .
ഇടയ്ക്കെപ്പോളോ നോട്ടം കൂട്ടിമുട്ടിയപ്പോൾ അവൾ വേഗം കണ്ണ് മാറ്റി
അടുത്ത സ്റ്റേഷനിൽ വയസായ ദമ്പതികൾ ഇറങ്ങിയപ്പോൾ അവിടെ ഞങ്ങൾ മാത്രമായി .പെട്ടെന്നാണ് ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടും സംസാരിച്ചു കൊണ്ടും മൂന്നു ചെറുപ്പക്കാർ അവിടേക്കു കയറി വന്നത് .രാത്രിയുട ഇരുട്ടിലേക്കു ഞാൻ മെല്ലെ മുഖം തിരിച്ചു അവർ ആ പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് കാണെ എന്റെ രക്തം തിളച്ചുയർന്നു പൊതുവെ ഇങ്ങനെ ഉള്ള കാഴ്ചകളിൽ ഞാൻ വേഗം പ്രതികരിക്കാറുണ്ട് ഞാൻ ഒരു പത്രപ്രവർത്തകൻ കൂടിയായാതു കൊണ്ടാകും .പെൺകുട്ടിയുടെ ഒപ്പമുള്ളവൻ ഇത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഇരിക്കുന്നത് കണ്ട് എനിക്കവനിട്ടു രണ്ടു കൊടുക്കാൻ തോന്നി
" വേറെ എവിടെയെങ്കിലും പോകാം " പെൺകുട്ടി അയാളോട് ചോദിക്കുന്നു
" വേറെ ഒരിടവും ഒഴിവില്ല നീ അവിടിരിക്കു ഇതൊന്നും ശ്രദ്ധിക്കേണ്ട"ഒപ്പമുള്ളവൻ പറയുന്നു
ഒരു ചെറുപ്പക്കാരൻ അവളുടെ ദുപ്പട്ടയിൽ കൈ വെച്ചതും എന്തോ എന്റെ ഉള്ളിൽ എന്തോ വന്നുടയുകയും ഞാൻ അവനെ ആഞ്ഞു തള്ളുകയും ചെയ്തു . അതൊരു അടിപിടിയിൽ കലാശിച്ചു. അവർ സാധാരണ ചെറുപ്പക്കാരല്ല എന്നും ഗുണ്ടകളാണെന്നും അതിലൊരുത്തന്റെ കത്തിമുന എന്റെ വാരിയെല്ല് കടന്നു പോയപ്പോൾ എനിക്ക് തോന്നി ബോധം മറയും മുൻപേ ഞാൻ അവളോട് രക്ഷപെടാൻ പറഞ്ഞു .
ആശുപത്രിയിൽ എനിക്ക് ബോധം വരുമ്പോൾ സഞ്ജു എന്റെ മുഖത്തേക്ക് നോക്കി നിറഞ്ഞ കണ്ണുകളോടെ ഇരിപ്പുണ്ടായിരുന്നു എനിക്കി ഭൂമിയിൽ സഞ്ജു അടങ്ങുന്ന ഒരു സുഹൃദ് വലയം മാത്രമേ സ്വന്തമായുള്ളു
" ആ പെൺകുട്ടി ?" ഞാൻ അവനോടു ചോദിച്ചു
" നിനക്കു വേറെ ഒരു പണിമില്ലായിരുന്നോടാ ഏതോ ഒരുത്തിക്കു വേണ്ടി ....അപ്പോൾ തന്നെ അവൾ രക്ഷപ്പെട്ടു. നന്ദിയില്ലാത്തവൾ. ഒന്ന് അന്വേഷിച്ചു കൂടിയില്ല ""പോലീസ് കേസ് എടുത്തിട്ടുണ്ട് അതിന്റെ പുറകെ നീ നടക്കേണ്ടി വരും "
ഞാൻ ഒന്ന് ചിരിച്ചു
എന്റെ സ്വഭാവം ഇങ്ങനെയാണ് ഞാൻ എന്റെ വേദനകൾ കാര്യമാക്കാറില്ല എന്റെ സങ്കടങ്ങൾ ഒക്കെ ഒരു ചെപ്പിലടച്ചു കടലിൽ എറിഞ്ഞു കളഞ്ഞിട്ട് നാളേറെയായി.
പത്രമോഫീസിലെ ജോലി കഴിഞ്ഞു ഫ്ലാറ്റിലെത്തുമ്പോൾ ഞാനാകെ നനഞ്ഞു കുതിർന്നിരുന്നു .നല്ല മഴ ഉണ്ടായിരുന്നു.
എന്റെ ഫ്ലാറ്റിനു മുന്നിലാ പെൺകുട്ടി
നീല മറുകുള്ള .......
എന്റെ ഞരമ്പിൽ രക്തയോട്ടം കൂടും പോലെ. ഹൃദയത്തിൽ എന്തോ വന്നു നിറയും പോലെ.
" ആദിത്യാ ?"
" അതെ " ഞാൻ മെല്ലെ പറഞ്ഞു
" ഞാൻ ദേവി അന്ന് ട്രെയിനിൽ ..."
" ഓർമയുണ്ട് " ഞാൻ മെല്ലെ ചിരിച്ചു " വരൂ അകത്തേക്കിരിക്കാം "
അവൾ സങ്കോചമേതുമില്ലാതെ എന്റെ ഒപ്പം വന്നു
" അന്ന് പിന്നെ പോലീസ് ഒക്കെ വന്നു കേസ് ആയി ..അറിയാല്ലോ ..അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിലായിരുന്നു അതാണ് വന്നു കാണാൻ വൈകിയത് .സോറി "
അവൾ മെല്ലെ പറഞ്ഞു
" കല്യാണം കഴിഞ്ഞുവോ ?" എന്തോ അങ്ങനെ ആണ് എനിക്ൿപ്പോൾ ചോദിയ്ക്കാൻ തോന്നിയത്
" ഇല്ല "
" ഞാൻ വെറുതെ നിങ്ങളെ ഒന്ന് കാണാൻ വന്നതാണ് ...പോകട്ടെ " അവൾ എഴുനേറ്റു
" എന്നാണ് നിങ്ങളുടെ വിവാഹം ?" ഞാൻ വീണ്ടും ചോദിച്ചു
" അടച്ചുറപ്പില്ലാത്ത വീടിനു സുരക്ഷിതത്വമുണ്ടാകുമോ?"
അവൾ ഒരു മറുചോദ്യം ചോദിച്ചു
ഞാൻ അമ്പരന്നു നിൽക്കെ അവൾ കൂട്ടിച്ചേർത്തു
" ഞാൻ ഒരു എഞ്ചിനീയർ ആണ് എനിക്കി നഗരത്തിലാണിപ്പോൾ ജോലി അത് കൊണ്ട് ചിലപ്പോൾ നമുക്കിടയ്ക്കു കാണേണ്ടി വരും ..ഇടയ്ക്കു ഞാൻ ചിലപ്പോ വന്നു ശല്യപ്പെടുത്തും "
ഞാൻ ലേശം ചമ്മലോടെ അവളുടെ സ്മാർട്നെസ്സിലേക്കു നോക്കി നിന്നു.അവൾ ആ വിവാഹത്തിൽ നിന്നു പിന്മാറി എന്ന്പിന്നീട് എനിക്ക് മനസിലായി.
ഞങ്ങൾ ഇടക്കൊക്കെ കാണാറുണ്ട്.എന്റെ ചായ അവൾക്കു വലിയ ഇഷ്ടമാണ് . അത് കുടിക്കാൻ വേണ്ടി മാത്രം എന്റെ ഫ്ലാറ്റിൽ വരാറുമുണ്ട് ദിവസവും ഫോണിൽ ഏറെ നേരം സംസാരിക്കാറുണ്ട് .അവൾ നല്ല പോലെ തമാശകൾ പറയും സാധാരണ സ്ത്രീകളിൽ കാണാറില്ലത്ത ഒരു ക്വാളിറ്റി ആണത് .
എന്റെ ഹൃദയത്തിലേക്ക് ഇതിനു മുൻപ് ഇത്രമേൽ മനോഹരമായി, എല്ലാ ജാലകങ്ങളും തുറന്ന് ആരും
വന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ എനിക്ക് പേടിയാണ് അത്‌ പറയാൻ.
അവൾക്കു വായനാശീലം കുറവായതു ഞാൻ മിക്കവാറും അവൾക്കു നല്ല കഥകൾ പറഞ്ഞു കൊടുക്കാറുണ്ട്
കാമുകിക്ക് ചെവി മുറിച്ചു നൽകിയ വാന്ഗോഗിന്റെ കഥ കേട്ട് അവൾ കുറച്ചു നേരം എന്നെ തന്നെ നോക്കിയിരുന്നു
" എനിക്ക് നിന്റെ കണ്ണും കാതുമൊന്നും വേണ്ട " അവൾ കുസൃതിയിൽ ചുണ്ടു കടിച്ചു
" പിന്നെ ?" ഞാൻ നെഞ്ച് പിടയ്ക്കുന്നത് നിയന്ത്രിച്ചു ചോദിച്ചു
" നീ ദിവസവും നല്ല ചായ ഉണ്ടാക്കി തന്നാൽ മതി ..നമ്മളൊന്നിച്ചു ഉറങ്ങിയുണരുന്ന പ്രഭാതങ്ങളിൽ... നിന്റെ ചായയിൽ തുടങ്ങണം എന്റെ ഒരു ദിവസം. "
അപ്പോൾ അവളുടെ നീല മറുക് ജ്വലിക്കുന്നുണ്ടായിരുന്നു. .
ഞാൻ നേർത്ത ലജ്ജയോടെ ആ മറുകിൽ തൊട്ടു.പിന്നെ മുഖമടുപ്പിച്ച് ആ മറുകിൽ അമർത്തി ചുംബിച്ചു.
ആ മറുകിനു കൈതപ്പൂവിന്റെ ഗന്ധമായിരുന്നു.

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot