നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആൻ അഡൽട്‌സ് ഒൺലി കഥ.

Image result for man with hen head

ഒരു കോഴിയുടെ ആവലാതികൾ
~~~~~~~~~~~~~~
വറിതേട്ടന്റെ വീട്ടിലെ പൂവൻകോഴി രാവിലെ ഏഴുന്നേറ്റ് പതിവു പോലെ നീട്ടിക്കൂവി. പക്ഷേ അതിനും മുമ്പേ തന്നെ വറീതേട്ടന്റെ വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു അടുക്കളയിൽ പാത്രങ്ങൾ വക മ്യൂസിക്ക് പ്രാക്ടീസ് തുടങ്ങിയിരുന്നു.
ഈ ലൈറ്റും കറണ്ടും കണ്ടുപിടിച്ചതിന് ശേഷം നേരം വെളുക്കുക കറുക്കുക എന്നതൊക്കെ പറച്ചിലുകളിൽ മാത്രം ഒതുങ്ങിപ്പോയെന്നു അവൻ നിരാശയോടെ ഓർത്തു. അവന്റെ മുതുമുത്തശ്ശന്മാരുടെ കാലത്ത് അവർ കൂവിയാലെ നേരം വെളുക്കാറുള്ളൂ എന്ന് അവന്റെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്.
ഇന്നാളൊരു ദിവസം ഉറക്കത്തിൽ നിന്ന് ഞെട്ടി കണ്ണു തുറന്നു നോക്കിയപ്പോൾ പരിസരം മുഴുവൻ പകൽ പോലെ വെളിച്ചം. ഈശ്വരാ പണി പാളിയോ ഇന്ന് കൂവിയില്ലല്ലോ എന്നോർത്തിട്ടാണ് ചാടിപിടഞ്ഞെണീറ്റ് കൂവിയത് അതും ഒരുവട്ടമല്ല മൂന്ന് വട്ടം. പിന്നെയാണ് മനസ്സിലായത് അത് നേരം വെളുത്തതല്ല വറീതേട്ടന്റെ ഇളയ മോൻ മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ ലൈറ്റിട്ടതാണെന്നു.
ദേ കിടക്കണ് ജബജബ ബബബബ ബബ്ലാഷി... ഒന്നൊന്നര ശശി....
നശൂലം പിടിച്ചവന് മുള്ളണമെങ്കിൽ മുറിയിലെ ബാത്‌റൂമിൽ ലൈറ്റിട്ട് മുള്ളിയാൽ പോരെ. ഇത് ചുമ്മാ ബാക്കിയുള്ളവനെ ശശി ആക്കാനായിട്ടു.
അതെങ്ങിനെയാ ചെക്കന് ഓപ്പൺ എയറിൽ മുള്ളിയാലെ മൂത്രം പോകുകയുള്ളത്രെ. കൊഞ്ചിച്ചു കൊഞ്ചിച്ചു കൊഞ്ചിടിച്ചു വഷളാക്കി വെച്ചേക്കുവാണ്. അല്ല ഓരോരോ ശീലങ്ങളെ.
അത് മാത്രമല്ല മുറ്റത്തു കൂടെയും പറമ്പിലൂടെയും പിടകളുടെ രാജാവായി നടക്കുന്ന സമയത്തും ചിലപ്പോ ഏതേലും പിടയെ ഒന്ന് വശീകരിച്ചു കൊണ്ടുവരുന്ന സമയത്തുമാകും ചെക്കൻ കല്ലെടുത്തെറിയുന്നത്. തലയുടെ മുകളിലൂടെ കാറ്റ് ചീറിപ്പാഞ്ഞു പോകുമ്പോ അറിയാണ്ട് നിന്നിടത്തു നിന്ന് ചാടിപ്പോകും. പലപ്പോഴും ചാട്ടത്തിന്റെ ഒപ്പം മൂത്രം വരെ അറിയാതെ പോയിട്ടുണ്ട്. ഹോ ആ നേരത്ത് ചങ്കിന്റെ കീഴെ അരി കൊണ്ടു വെച്ചാൽ മിനിറ്റുകൾ കൊണ്ട് അരി അരിപ്പൊടിയായി മാറും. അമ്മാതിരി ഇടിയല്ലേ ചങ്ക് കിടന്ന് ഇടിക്കുക.
ഓടിപ്പാഞ്ഞു ഒളിച്ചു നിന്ന് നോക്കുമ്പോ ചെക്കന്റെ ഒരു പൊട്ടിച്ചിരിയുണ്ട്. ഇവിടെ ചത്തോ ജീവിച്ചോ എന്നുറപ്പ് വരാൻ അഞ്ചു മിനിറ്റെടുക്കും അപ്പഴാ അവന്റെ കൊലച്ചിരി. കുരുത്തം കെട്ടവനെയൊക്കെ കൂമ്പിനിടിച്ചു വളർത്തേണ്ടതാണ്.
നേരം വെളുത്തെന്നു കരുതി കൂവി ചമ്മിയതോ പോട്ടെ. മുള്ളിക്കഴിഞ്ഞു പോകുന്ന പോക്കിൽ ചെക്കന്റെ " നിനക്ക് പ്രാന്തായോ കോഴിയേ " എന്ന ആ ചോദ്യം കേട്ടപ്പോഴാണ് തൊലി ഉരിഞ്ഞു പോയത്. ഹോ അവിടെങ്ങാനും തിളച്ച എണ്ണയുണ്ടായിരുന്നെങ്കിൽ ചാടി അതിനകത്ത് കിടന്ന് പൊരിഞ്ഞു ചെക്കന്റെ അണ്ണാക്കിലേക്ക് കേറാൻ തോന്നിപ്പോയി.
ഈ നശിച്ച കൂവൽ ആണെങ്കിൽ നിർത്താനും പറ്റുന്നില്ല. അതെങ്ങിനെയാ നാലക്ഷരം പഠിപ്പിക്കേണ്ടിടത്ത് പഠിപ്പിച്ചത് കൊക്കാനും കൂകാനും മാത്രം. നേരം വെളുക്കുമ്പോ കള്ളുകുടിയന്റെ കയ്യും കാലും വിറയ്ക്കുന്ന പോലെ രാവിലെ എഴുന്നേറ്റാ അപ്പൊ തുടങ്ങും ചുണ്ട് വിറയ്ക്കാൻ പിന്നെ ഒന്ന് കൂവിയാലെ സമാധാനമാകൂ. പകലിൽ വരെ പലപ്പോഴും അറിയാതെ കൂവിപ്പോകും. കൂവിക്കഴിഞ്ഞാണ് ചിന്തിക്കാറ്... ങ്ങേ ഞാനെന്തിനാ ഇപ്പൊ കൂവിയെ എന്ന്.
വീട്ടുകാരുടെ ഒരു പ്രാക്കുണ്ട്...
" ഹോ ഈ നാശം പിടിച്ച കോഴിയെ കൊണ്ടു തോറ്റല്ലോ. എന്തിരു കൂവിച്ചയാണിത്. "
'മന വാചാ കരമന ജനാർദന ' ഇതൊക്കെ അറിഞ്ഞോണ്ടാണോ ചില പ്രത്യേക സാഹചര്യങ്ങളിൽ അറിയാതെ അങ്ങ് കൂവിപ്പോവുകയല്ലേ.
പുതുതായി വന്ന മരുമോൾക്കാണ് പുഞ്ഞം കൂടുതൽ. കെട്ടിലമ്മയെ കൂട്ട് അണിഞ്ഞൊരുങ്ങി നടക്കുവല്ലേ. തെക്കേലെ ഗോവിന്ദേട്ടന്റെ ആനയും ഇവളും നടക്കുമ്പോൾ ഒരേ കിലുക്കമാണ്.... അത് ചങ്ങലയുടെ ആണെങ്കിൽ ഇത് സ്വർണ്ണത്തിന്റെയാണ് എന്ന് മാത്രം. അല്ല അതിന്റെ അഹങ്കാരവും നല്ലോണം ഉണ്ട്.
വറീതേട്ടന്റെ പെണ്ണുംപിള്ള ത്രേസ്സ്യാമ്മ ചേടത്തി മരോളെ ആദ്യം ഒന്ന് കീഴ്പ്പെടുത്താൻ നോക്കി. അവർ തമ്മിൽ പൊറോട്ടമാവും കുശിനിക്കാരന്റെ കയ്യും പോലെ നല്ല ചേർച്ചയായിരുന്നു.
ഒരിക്കൽ അവർ തമ്മിൽ ഉടക്കായപ്പോൾ അടുക്കള വാതിലിന്റെ അരികിൽ നിൽക്കുകയായിരുന്നു. അന്ന് കൃത്യമായി അവളുടെ വാക്ക് കേട്ടതാണ്.
" ദേ തള്ളേ വല്ലാണ്ട് കളിച്ചാൽ നിങ്ങടെ മറ്റേടത്ത് ഞാൻ തിളച്ച വെള്ളം കോരിയൊഴിക്കും പറഞ്ഞേക്കാം " എന്ന്.
കേട്ടപാതി കേൾക്കാത്ത പാതി ചേട്ടത്തി അങ്ങലറി. " അയ്യോ ഈ എന്തരവൾ എന്റെ മ... മ... മ.... " എന്താണാവോ ചേട്ടത്തിയുടെ അലർച്ച പാതി വഴിയിൽ നിന്നു.
അലർച്ച കേട്ട് ഓടി വന്നത് മോനാണ്.
" എന്താ അമ്മേ ...? എന്താ ഉണ്ടായേ..? എന്താണീ മ മ ...? " നിന്ന നിൽപ്പിൽ തീവ്രവാദിടെ നേരെ വെടി വെയ്ക്കുന്ന പട്ടാളക്കാരന്റെ വെടി പോലത്തെ മൂന്ന് ചോദ്യങ്ങൾ. ചേട്ടത്തി നിന്ന് പുളഞ്ഞു.
" ഒന്നൂല്ല " അല്ല സ്വന്തം മോനോട് ഇപ്പോ എന്ത്ന്നാ പറയാ...
കെട്ടിയോളോട് എന്താടി എന്ന് ചോദിച്ച മോന് കിട്ടിയ മറുപടി നിങ്ങടെ തള്ളയോട് ചോദിക്ക് എന്നായിരുന്നു. സംഭവം പീഡനക്കേസ് പോലെ തെളിവില്ലാതെ മാഞ്ഞു പോയി. പക്ഷേ അതോടെ ചേട്ടത്തിയ്ക്കൊരു പേടി വന്നു.
മാത്രല്ല മരോള് എന്തോ നിസ്സാര കാര്യത്തിന് സ്വന്തം അമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചിട്ടുള്ളതാണെന്ന ന്യൂസ് ഏതോ പരദൂഷണക്കാർ ചേട്ടത്തിയോട് പറയുകയും ചെയ്തു. സ്വന്തം അമ്മയെ കൈ വെക്കുന്നവൾ പിന്നെ അമ്മായി അമ്മയെ വെറുതെ വിടുമോ എന്നൊരു ആളിക്കത്തിക്കലും കൂടിയായപ്പോൾ ചേട്ടത്തി ദേ ഡിം. അതിപിന്നെ അടുക്കളയിലേക്ക് വരുമ്പോൾ മരോൾ വെള്ളം തിളപ്പിക്കുകയാണെങ്കിൽ അപ്പൊ തന്നെ ചേട്ടത്തി അടുക്കളയിൽ നിന്നിറങ്ങി പോകും.
അല്ല അവർക്കിത് തന്നെ വരണം.
നിലത്ത് വെച്ചേക്കുന്ന ചോറ് വേണ്ടാത്തതാണെന്നു കരുതി കൊത്തി തിന്നതിന് മുതുക്കി തള്ള മുതുകിനിട്ടല്ലേ താങ്ങിയത്. ഹോ ഒന്നൂടെ സ്ട്രോങ്ങ് ആയിരുന്നേൽ ഇപ്പൊ ഓർമ്മയിൽ പോലും ഉണ്ടാകുമായിരുന്നില്ല.
ആർക്ക് പോയി...? അഞ്ചാറു പിടകൾക്ക് തുണ പോവും അല്ലാതെ തല്ലുന്നവർക്കുണ്ടോ നഷ്ടം. ഞാനിരിക്കേണ്ട സ്ഥാനത്ത് അപ്പുറത്തെ ഗോവിന്ദേട്ടൻറെ പൂവനും ഇപ്പുറത്തെ ഗോപാലേട്ടന്റെ പൂവനും കേറി മേഞ്ഞേനെ. പാവം പിടകൾ കൂട്ടമായ ആക്രമണത്തിൽ പകച്ചുപോയി തുരുതുരാ മുട്ടകൾ ഇടേണ്ടി വന്നേനെ.
നിലത്തുള്ളത് കോഴികൾക്ക് എന്ന നിയമം ജനിച്ചപ്പോൾ മുതൽ കാണുന്നതാണ്. എന്നിട്ടാണ് ഈ ക്രൂരമായ അവകാശ ലംഘനം... ആരോട് പറയാൻ ആര് കേൾക്കാൻ...
അനിയൻ പൂവൻ ഒരുത്തനുണ്ടായിരുന്നത് വല്യ വിപ്ലവം കളിക്കാൻ പോയതാണ്.
' ഓടിച്ചിട്ട് കൊത്തൽ ' എന്ന വിപ്ലവം. പണ്ടാരം ചെക്കനോട് അന്നേ പറഞ്ഞതാണ്. വെറുതെ വേണ്ടാത്തതിനു നിക്കണ്ട, മനുഷ്യരാണ്, വിശ്വസിക്കാൻ കൊള്ളില്ല എന്ന്. സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ ചറപറ വെട്ടിക്കൊല്ലണ ആളോളാണ്. പിന്നെയാ കോഴി. പക്ഷേ ചെക്കൻ വല്ലാത്ത ആവേശത്തിലായിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും ചെറിയ പേടിയൊക്കെ വന്നു തുടങ്ങിയിരുന്നു.
എന്താ കാര്യം ആ പൂതന മരുമോളെ ഇങ്ങോട്ട് കെട്ടിയെടുത്തതിന്റെ നാലാം പക്കം ചെക്കൻ അടപ്പത്ത് കേറി. ആ പൂതന മരോൾ എന്റെ അനിയൻ ചെക്കനെ കടിച്ചു വലിച്ചു തിന്നുന്നത് ദേ ദാ ജനലിന്റെ ഉള്ളിൽ കൂടിയാണ് ഞാൻ കണ്ടത്. എന്താ അവളുടെ ഒരു ഞെളിഞ്ഞു നടത്തം ആകെ ഇളകി കുലുക്കി... കോഴി കൂവാൻ പാടില്ല , അപ്പിയിടാൻ പാടില്ല , കണ്മുമ്പിൽ വരാൻ പാടില്ല... എന്നാലോ ചിക്കനെ കേറ്റൂ. ചിക്കൻ നിർത്തിപ്പൊരിച്ചത്, ചിക്കൻ കിടത്തി പൊരിച്ചത്, ചിക്കൻ തുണിയോട് കൂടി വേവിച്ചത്, തുണിയില്ലാതെ വേവിച്ചത് എന്നു വേണ്ട. ആ കോന്തൻ മോനാണെങ്കിൽ കഴിക്ക് മോളേ കഴിക്ക് മോളേ എന്നൊരു സ്നേഹപ്രകടനവും. എന്നാപ്പിന്നെ ചിക്കൻ കൊണ്ട് സാമ്പാറും അവിയലും വെച്ചു കൊടുക്കെടാ പെങ്കൊന്താ എന്ന് പറയാൻ പലപ്പോഴും തോന്നിയിട്ടുള്ളതാണ്. പിന്നെ പിറ്റേ ദിവസം പല പല രൂപത്തിൽ പ്ളേറ്റിൽ മലർന്നും കമിഴ്ന്നും കിടക്കേണ്ടി വരുമല്ലോ എന്നോർത്തു മാത്രം മിണ്ടാതിരുന്നു.
ആ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ ചേട്ടത്തിയുടെ മുഖത്ത് ന്യൂനമർദ്ധത്തിന്റെ കാർമേഘങ്ങൾ പലതവണ പ്രത്യക്ഷപ്പെട്ടെങ്കിലും ആ മേഘം കാണുമ്പോഴുള്ള ' അമ്മേ ഇത്തിരി ചൂടുവെള്ളം ' എന്ന മരോളുടെ ഒറ്റ വിളിയിൽ കാർമേഘങ്ങൾ ഒക്കെ ഏത് വഴിയാണാവോ ഇറങ്ങി ഓടുന്നത് ടപ്പേ എന്നല്ലേ അവിടെ സൂര്യൻ ഉദിക്കുന്നത്. ചൂടുവെള്ളത്തിന്റെ ഒരു ദിവ്യശക്തിയെ...
ഹോ ചിന്തിച്ചു ചിന്തിച്ചു നേരം പോയതറിഞ്ഞില്ല. ബാക്കിയുള്ള കോഴികളെ വിളിച്ചെഴുന്നേല്പിക്കാം.
" ഡീ രമണി കോഴീ , സാലി കോഴീ , ഖദീജ കോഴീ എഴുന്നേൽക്ക് എഴുന്നേൽക്ക് ഇതെന്തൊരു ഉറക്കമാണ്. പിള്ളേരേം കൂടി ഏഴുന്നേല്പിക്കു.... വെറുതെ കുറെ തിന്നാ, കുറെ കൊക്കുക എന്നല്ലാതെ ഒറ്റയെണ്ണത്തിന് ഉത്തരവാദിത്വമില്ല. "
മൂരി നിവർത്തി രണ്ടുകാലിൽ ചിറകുരച്ചു വരുന്ന പിട തരുണീമണികളെ നോക്കി ആ പൂവൻ ചോദിച്ചു.
" ആരാണ് പൊരുന്നലിൽ "
" ഞാൻ " രമണി കോഴി മുന്നിലേക്ക് വന്നു.
" ആ ... നീ ഇന്നും കൂടി പൊരുന്നി നോക്ക്. എന്നിട്ടും അട വെയ്ക്കുന്നില്ലെങ്കിൽ നാളെ മുതൽ പൊരുന്നണ്ട. കേട്ടല്ലോ. "
" ശരി അച്ചായാ "
" ആരാണ് മുട്ട ഇടാൻ ആദ്യം പോകുന്നത് "
" ഞാൻ പോകാം. എനിക്കിന്നലെ വൈകിട്ട് മുതൽ തുടങ്ങിയതാ ഒരു വിമ്മിഷ്ടം " ഖദീജ കോഴി ഇത്തിരി നാണത്തോടെ വന്നു പറഞ്ഞു.
" ആ നീ പൊക്കോ. നിന്റെ സ്ഥലം അറിയാമല്ലോ വയ്ക്കോൽ തുറു. ഇവളുടെ കഴിഞ്ഞതിന് ശേഷം ഇവൾ കൊക്കുമ്പോൾ മാത്രം ബാക്കിയുള്ളവർ ഓരോരുത്തരായി പോയി മുട്ടയിടേണ്ടതാണ്. " എല്ലാവരും തല കുലുക്കി സമ്മതിച്ചു.
" ഡീ മേരിക്കോഴിയെ പിള്ളേരെ കൊത്തിയകത്താറായില്ലേ...??? കുറെയായല്ലോ കൂടെ ചിറകിനടിയിൽ കൊണ്ടു നടക്കുന്നു. ഇനി മുതൽ ഒറ്റയ്ക്ക് തീറ്റ തിന്നു ശീലിക്കട്ടെ. നോക്കിയേ നമ്മളൊക്കെ എപ്പോ വേണേലും ചട്ടിക്കകത്തേക്ക് പോകേണ്ടവരാണ്. ഓർമ്മ വേണം. ചട്ടിയാണോ പട്ടിയാണോ കാലന്റെ രൂപത്തിൽ വരുന്നതെന്നറിയാത്ത നിസ്സഹായരാണ് നമ്മൾ. സൂക്ഷിച്ചാൽ കൊള്ളാം. എല്ലാവരോടും കൂടിയാണ് പറയുന്നത്. "
അപ്പോഴാണ് കൂട്ടത്തിലെ മുതിർന്നവൾ സാലി അക്കാര്യം ചോദിച്ചത്.
" അല്ലച്ചായാ... നിങ്ങൾക്കിന്ന് അഖില പറമ്പ് കോഴി യൂണീറ്റിന്റെ മീറ്റിങ്ങ് ഉള്ളതല്ലേ പോകണ്ടേ "
" അയ്യോ ഞാനത് മറന്നു. ഓർമ്മിപ്പിച്ചത് നന്നായി...ആ എന്നാലും രണ്ട് വറ്റ് കൊത്തിതിന്നിട്ടു പോകാം. ഗോവിന്ദേട്ടന്റെ പറമ്പിലല്ലേ ... ഒറ്റ ഓട്ടത്തിന് അവിടെത്താം. "
മീറ്റിങ്ങ് വിശദാംശങ്ങളുമായി അടുത്ത പോസ്റ്റിൽ വരാം.
എല്ലാവരും വായിച്ചു കഴിഞ്ഞു എങ്കിൽ ആ സഞ്ജയ്ക്ക് വല്ല ലൈക്കോ കമന്റോ കൊടുത്തേക്ക് ട്ടോ... പാവം എഴുതി ക്ഷീണിച്ചു കാണും. ഇനിയും എഴുതേണ്ടതല്ലേ.
അയ്‌ ഇമ്മക്കോരോ പ്രചോദനം അങ്ങാട് കൊടുക്കാന്ന്.
അപ്പൊ അടുത്ത പോസ്റ്റിൽ കാണാം.
എന്ന്
വറീതേട്ടന്റെ വീട്ടിലെ
പൂവൻകോഴി
~~~~~~
എഴുതിയത് :-
മുകളിൽ പറഞ്ഞതൊന്നും അറിയാത്ത നിഷ്കളങ്കനായ
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot