Slider

ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്‌ !!!

0


അശ്വതിക്ക് കുറച്ചു നാളായി പരിഭവമാണ്. തൻ്റെ അമ്മ അവളെ വിളിക്കുന്നില്ലത്രേ. നീ അമ്മയെ അങ്ങോട്ട്‌ വിളിക്കെന്നു പറഞ്ഞാൽ അതും പറ്റില്ല. വാശി ! പെണ്ണല്ലേ വർഗം.പോരാത്തതിന് എതിർകക്ഷി ആരാ? എന്റെ അമ്മ അതായതു അവളുടെ അമ്മായിയമ്മ!
ഇനി എന്റെ അമ്മ അവളെ വിളിക്കാത്തതിനുള്ള കാരണം ന്താ അറിയോ? അമ്മ ഒരിക്കലെപ്പോഴോ വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തില്ലത്രേ , അവൾ പിന്നീട് തിരിച്ചു വിളിച്ചുമില്ല. സംശയിക്കണ്ട. അവിടേം വാശി തന്നെ.
അമ്മയുമായി താൻ സംസാരിക്കുമ്പോൾ അടുക്കളയിൽ പാത്രങ്ങൾ ഒച്ചയിടുന്നത് കേൾക്കാം. അശ്വതിയുടെ കാര്യമെന്തെങ്കിലും പറഞ്ഞാൽ അപ്പുറത്തെ തലയ്ക്കൽ അമ്മയും ജാഡയിടും.
അങ്ങനെ ദിവസങ്ങൾ മുന്നോട്ടു നീങ്ങി.
അപ്പോഴാണ്, എന്റെ സുഹൃത്ത്‌ മഹി നാട്ടിൽ പോവുന്നുവെന്നും, അമ്മയ്ക്കെന്തെങ്കിലും കൊണ്ട് കൊടുക്കാനുണ്ടെങ്കിൽ വ്യാഴാഴ്ച അവനെ ഏൽപ്പിച്ചാൽ മതിയെന്നും പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ ഹാഫ് ഡേ ലീവെടുത്തു ഞാൻ ഷോപ്പിങ്ങിന് പോയി. അമ്മയ്ക്ക് സ്വെറ്ററും, സാരിയും, കുറച്ച് ബദാമും പിസ്തയും മറ്റും വാങ്ങി. ഓഫീസിൽ ഉച്ചയോടെ എത്തി, സാധനങ്ങൾ മഹിയുടെ കയ്യിൽ ഏല്പിച്ചു.
**********************************
"സുധിയുടെ അമ്മയല്ലേ ? ",മഹി ചോദിച്ചു.
"അതേലോ, മോൻ ആരാ, എവിടുന്നാ?" ദേവകിയമ്മ ഉമ്മറപ്പടിയിൽ നിന്നുകൊണ്ടു ചോദിച്ചു.
"അമ്മേ ഇത്‌ ഞാനാ മഹി. സുധിയുടെ കൂട്ടുകാരനാ",മഹി പുഞ്ചിരിച്ചു.
"കയറി വായോ മോനെ. മോൻ വരുന്ന കാര്യം സുധി പറഞ്ഞുമില്ല. അവനെ രണ്ടീസായിട്ടു വിളിച്ചിട്ട് കിട്ടുന്നുമില്ല. വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടായോ? സോഫയിലേക്ക് ചൂണ്ടി മഹിയോട് ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് ദേവകിയമ്മ പറഞ്ഞു.
"ഇല്ലമ്മേ, സ്കൂളിനടുത്താണ് വീടെന്ന് അറിയാമായിരുന്നു. അവനു പെട്ടെന്ന് ന്തോ ട്രെയിനിങ് പ്രോഗ്രാം."
"മോനിരിക്കൂ, അമ്മ ചായ എടുക്കട്ടെ." ദേവകിയമ്മ അടുക്കളഭാഗത്തേക്ക്‌ തിരിഞ്ഞു.
"വേണ്ടമ്മേ, ഇന്നിപ്പോ അഞ്ചാറു വീടായി കയറിയിറങ്ങുന്നു. ഒന്നും വേണ്ട ട്ടോ."
' ദേ ഇത്‌ കുറച്ച് സാധനങ്ങൾ ഉണ്ട്. ഇതെല്ലാം അശ്വതി കൊടുത്തയച്ചതാ. സുധി ട്രെയിനിങ്ങും മറ്റുമായി തിരക്കിലായോണ്ട് അവനെ കാണാൻ കഴിഞ്ഞില്ല.അമ്മായിയമ്മമാരെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന മരുമക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം. എന്റെ വീട്ടിലുണ്ട് ഒരെണ്ണം. എപ്പോഴും വഴക്കാണ്. എന്റെ അമ്മയായിട്ട്." മഹി ഒരു പ്രത്യേകഭാവത്തിൽ പറഞ്ഞു. അവൻ സാധനങ്ങൾ കൊടുത്തതിനു ശേഷം ഇടംകണ്ണിട്ടു ദേവകിയമ്മയെ നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
സുധി പഠിപ്പിച്ചു തന്ന ഡയലോഗ് !! ശരിക്കും ഏറ്റുവെന്ന് തോന്നുന്നു.
"അതേ, വെറുതെയല്ല, ഞാനും അവളെ വേറിട്ടു കണ്ടിട്ടില്ല. ന്റെ മോളേ പോലെ തന്ന്യാ അവളെനിക്ക്." അതുപറയുമ്പോൾ അവരുടെ മുഖം തെളിഞ്ഞിരുന്നു.
****************************************
"ഹലോ, മോളേ, ന്തൊക്കെയുണ്ട് വിശേഷങ്ങൾ ? ജോലിത്തിരക്കുണ്ടോ ? അതേ നമ്മുടെ സീതയുടെ ആങ്ങളയുടെ കല്യാണ നിശ്ചയമാണ് ട്ടോ.. അടുത്ത മാസം...
ആണോ, അവൻ ഒരു കുട്ടീനായിട്ട് ഇഷ്ടാന്നൊക്കെ പറഞ്ഞിട്ട്.. അശ്വതി ചോദിച്ചു.
"അതന്യ ഇതേ"... മറുതലയ്ക്കൽ ദേവകിയമ്മ.
വീട്ടുകാരുടെയും, ബന്ധുക്കളുടെയും, എന്തിനേറെ, ആ പഞ്ചായത്തിലെ മുഴുവൻ വിശേഷങ്ങളും അങ്ങനെ ചർച്ച നടക്കുമ്പോൾ, അപ്പുറത്തെ മുറിയിലിരുന്നു സുധി പുഞ്ചിരിച്ചു, എന്നിട്ട് ആത്മഗതം കുറച്ച് ഉറക്കെ പറഞ്ഞു.
"പിന്നല്ല !! ദേ ദിത്രയേ ഉള്ളു ഈ പെണ്ണുങ്ങളുടെ കാര്യം ന്നേ !!!"

By Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo