നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രേമം

Two People Forming Heart Sign to Sun

സൂര്യൻ ഈ ലോകത്തോട് കാണിക്കുന്ന പതിവ് അനീതി കാണിച്ചതിന് ശേഷമാണ് അത് സംഭവിച്ചത്.
വൈകിട്ട് ടീവിയിലെ അവിഞ്ഞ ഏതോ സീരിയലിലെ കണ്ണീരൊഴുക്കുന്ന നായികയെ സപ്പോർട്ട് ചെയ്തു താടിക്കും കൈ കൊടുത്തിരിക്കുന്ന അമ്മ, അമ്മയുടെ ഓവർ സഹതാപം കണ്ട് ഇവളിത്രയും പാവമാണോ എന്ന് ചിന്തിച്ചിരിക്കുന്ന അച്ഛൻ, ഇവരെ രണ്ടുപേരെയും ടീവിയെയും മാറി മാറി നോക്കി കഴുത്തു വേദനയെടുത്തിരിക്കുന്ന ഞാൻ. ഇനിയും മൂന്ന് സീരിയൽ കൂടി കഴിഞ്ഞാലേ റിമോട്ട് നമ്മുടെ കയ്യിൽ കിട്ടൂ.
കഴിഞ്ഞ ജന്മത്തിൽ എന്തോ വലിയ പാപം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ സീരിയലുകൾ കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ വന്ന് ജനിക്കില്ലായിരുന്നു. അക്കാര്യത്തിൽ അച്ഛനെയാണോ അമ്മയെയാണോ ദൈവത്തെയാണോ കുറ്റം പറയേണ്ടത് എന്നറിയാത്തതിനാൽ മാത്രം ഞാൻ മൗനം പാലിച്ചു.
ക്ലോക്ക് ആണെങ്കിൽ മല കയറുന്ന ലൂണ സ്കൂട്ടറിന്റെ പോലെയാണ്. അതിന് നാക്കുണ്ടായിരുന്നെങ്കിൽ ' എന്തിനാടാ എപ്പോഴും എപ്പോഴും എന്നെ ഇങ്ങിനെ തുറിച്ചു നോക്കുന്നതെന്ന് ' ചോദിച്ചേനെ. അത്രയും അധികം ഞാനതിനെ നോക്കുന്നുണ്ട്. എന്റെ ഭാഗ്യം അത് ഊമയായത്. അങ്ങിനെ ആകെ ഭ്രാന്ത് പിടിച്ചിരിക്കുന്ന സമയത്താണ് നിഷാന്തിന്റെ ഫോൺ വരുന്നത്.
" ടാ നീ ഭക്ഷണം കഴിച്ചോ ? "
" ഇല്ലെടാ എന്തേ ? "
" എന്നാ വേഗം ഷർട്ട് എടുത്തിട്ടിട്ട് ഇമ്മടെ താവളത്തിലേക്ക് വാ. ഇന്ന് അരുണിന്റെ ചിലവാണ് "
" ആഹാ. അവന് ഇന്നെന്താ വിശേഷം "
" അവന് പ്രേമ നൈരാശ്യം. ഞാൻ വെയ്ക്കുവാ നീ വേഗം വാ "
ഹോ വന്നു വന്നു ഇപ്പൊ എന്തിനൊക്കെയ പാർട്ടി വെയ്ക്കുന്നതെന്നറിയാതെയായി. എന്തേലും ആവട്ടെ ' പശുവിന്റെ പാലും മാറും കാക്കയുടെ കാലും മാറും ' ( അങ്ങിനെ ഏതാണ്ടൊക്കെ പറയൂല്ലോ ) നമുക്കത് മതി.
" ഞാനിപ്പോ വരാം ഒരത്യാവശ്യ കാര്യമുണ്ട് " പറഞ്ഞിട്ട് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും പുറകിൽ നിന്ന് അമ്മയുടെ ആ മാസ്സ് ഡയലോഗ് കേട്ടു.
" കിടക്കുന്നതിന് മുമ്പ് വന്നാൽ ചോറുണ്ണാം അല്ലെങ്കിൽ കഞ്ഞി കുടിക്കേണ്ടി വരും. ചോറിൽ ഞാൻ വെള്ളമൊഴിച്ചിടും പറഞ്ഞേക്കാം "
" ആ "
അല്ല പിന്നെ... ഇവിടെ ഞാൻ കിടക്കുന്നതിന് മുമ്പ് വീട്ടിലെത്തുമോ അതോ അവിടെ തന്നെ കിടക്കുമോ എന്നുറപ്പില്ല അപ്പോഴാ അവര് കിടക്കുന്നതിന് മുമ്പ് എത്തുന്ന കാര്യം പറയുന്നത്.
' ചോറ് കട്ടിയാണുണ്ണി
കഞ്ഞിയല്ലോ സുഖപ്രദം..' എന്ന ആ മനോഹര മൂളിപ്പാട്ടും മൂളി ഞാൻ നേരെ നടന്നു.
താവളം കശുമാവിൻ തോപ്പിനകത്താണ്. അവിടെ എത്താറായപ്പോൾ തന്നെ കേട്ടു.
ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ
കൊമ്പത്തെ ചില്ലയിൽ കയറണേ...
പൂ പറിക്കാനല്ല ...
പൂർണ്ണ ചന്ദ്രനെ കാണാനല്ല...
പാതി രാവിലാ പാല മരത്തിൽ മൂങ്ങ
മൂന്ന് ചിലയ്ക്കുമ്പോൾ ....
കോർത്തു പിഞ്ചിയ കയറിൻ തുമ്പത്ത് തൂങ്ങി മരിക്കും ഞാൻ...
ആ... തൂങ്ങി മരിക്കും ഞാൻ...
കുഴഞ്ഞ ശബ്ദത്തോടെ അരുൺ പാടുന്നതിന്റെയൊപ്പം എങ്ങലടിച്ചു കരയുന്നുണ്ട്. താളം പിടിച്ച കൂട്ടുകാരും ആകെ കുഴയുന്നുണ്ട്.
പുല്ലന്മാർ തീരാറായപ്പോഴാണോ എന്നെ വിളിച്ചത്. കാര്യം എന്താ ഏതാ എന്നൊന്നും ചോദിക്കാൻ നിന്നില്ല. ചെന്ന വഴി മട മട എന്ന് രണ്ടെണ്ണം അകത്താക്കി.
( alchahol is injurious to health )
അപ്പോഴാ പാട്ടൊക്കെ ആസ്വദിക്കാൻ ഒരു മൂഡ് വന്നത്.
അരുൺ പാടി തീർന്നതും സുധീറിന്റെ വക അവന് ഫുൾ സപ്പോർ്ട്ട്.
" അങ്ങിനെ തന്നെ വേണമെടാ... കൊടു കൈ... മിടുക്കൻ. നീ ചാവണമെടാ തൂങ്ങി തന്നെ ചാവണം. നീ ധൈര്യമായിട്ടു പോയി തൂങ്ങിക്കോ ഞങ്ങളുണ്ട് നിന്നെ കുഴിച്ചിടാനും നിന്റെ അടിയന്തിരം നടത്താനും. ഇല്ലേ ബ്രോസ്.." സുധീർ ഒരു വിധത്തിൽ അത്രയും പറഞ്ഞിട്ട് എല്ലാവരെയും നോക്കി.
എനിക്കൊന്നും മനസ്സിലായില്ല ഇവനിപ്പോ എന്തിനായിരിക്കും ചാവുന്നത്. പെണ്ണ് തേച്ചു പോകുന്നതിന് ചാവുകയോ. അങ്ങിനെയെങ്കിൽ ഞാനോക്കെ ചത്ത് ചത്ത് മരിച്ചേനെ. സംഭവം ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും കൂട്ടത്തിലെ കാർന്നൊരു രവിയേട്ടൻ അത് ചോദിച്ചു.
" ചാവാനും മാത്രം എന്താ ഇപ്പൊ ഇണ്ടായെ കുരുപ്പേ "
" മിസ്റ്റർ രവിയേട്ടൻ. ഡോണ്ട് ശല്യം ദാറ്റ് ഗെയ്‌. ഹീ നീഡ് ആത്മഹത്യ. അല്ലോ ഹിം. പ്ലീസ് ചെയ്ഞ്ച് യുവർ വഴി " സുധീർ ആണ് മറുപടി കൊടുത്തത്.
" ഛീ മിണ്ടതിരിക്കെടാ പടുമുളേ... ചെക്കൻ സങ്കടം സഹിക്കാതെ കരയുമ്പോഴാണ് അവന്റെയൊരു... നീ വിഷമിക്കണ്ട മോനേ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നമുക്ക് സോൾവ് ചെയ്യാനുള്ള വഴിയുണ്ടാക്കാം. "
" എടാ രവിയേട്ടൻ അതും ഇതുമൊക്കെ പറയും പക്ഷേ നീ നിന്റെ തീരുമാനത്തിൽ നിന്നും പിന്മാറരുത്. ആണുങ്ങൾ ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കണം. നീ വെച്ച കാൽ പിന്നോട്ടെടുക്കരുത്. നീ ഇങ്ങിനെ അന്തരീക്ഷത്തിൽ തൂങ്ങിയാടണം എന്നിട്ട് എനിക്കതിന്റെ കൂടെ ഒരു സെൽഫി എടുത്ത് ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യണം. " സുധീർ വീണ്ടും പറഞ്ഞു.
" ശ്ശെടാ ഇവൻ ഇപ്പറഞ്ഞതു പോലെയാണല്ലോ. സുധീറേ നിനക്കൊന്ന് മിണ്ടതിരിക്കാൻ പറ്റുമോ ?. അരുണേ നീയിങ്ങ് വന്നേ ചോദിക്കട്ടെ "
രവി അരുണിനെ വിളിച്ചു മാറ്റി നിർത്തി.
" ടാ നീ ചാവാൻ മറക്കല്ലേ.. പോകുമ്പോ ജസ്റ്റ് മിസ്‌കാൾ മീ. ഐ വിൽ ബീ ദേർ.. " സുധീർ ഒന്നുകൂടി ഉറക്കെ വിളിച്ചു പറഞ്ഞു തല താഴ്ത്തി പിറുപിറുത്തു. " മനുഷ്യനെ മനസ്സമാധാനത്തോടെ ചാവാനും സമ്മതിക്കില്ലെന്നു വെച്ച് കഴിഞ്ഞാൽ എന്താ ചെയ്യാ... നീ ചാവട ചാവ് "
ബാക്കിയുള്ളവർ എല്ലാവരും കോഴി കഞ്ചവടിച്ചത് പോലെ കിറുങ്ങിയിരിക്കുകയായിരുന്നു. പെട്ടെന്ന് അക്കൂട്ടത്തിൽ നിന്നും സജീഷ് ചാടിയെഴുന്നേറ്റു പറഞ്ഞു.
" അടിക്കാനുള്ളവരൊക്കെ വേഗം അടിച്ചോട്ടോ. ചന്ദ്രേട്ടൻ വരാറായിട്ടുണ്ട്. പുള്ളി വരുന്നതിന് മുമ്പ് തീർക്കണം. "
കേട്ടവരൊക്കെ ഉഷാറായി. അരുണിനെയും വിളിച്ചോണ്ട് പോയ രവിയേട്ടൻ വരെ ഓടി വന്നു. ആകെ ബഹളമയം. എന്തിനധികം പറയണം. പത്ത് മിനിറ്റ് കുപ്പിയൊക്കെ കാലി. അവിടുണ്ടായിരുന്ന ടച്ചിങ്‌സ് ഒക്കെ എടുത്തു മാറ്റി. ഏരിയ ക്ളീൻ ആക്കി. ഞാൻ മാത്രം എനിക്കുള്ളത് ഗ്ലാസ്സിൽ ഒഴിച്ചു കയ്യിൽ മാറ്റി പിടിച്ചു വേറൊന്നുമല്ലെന്നെ എനിക്കീ ചടപട അടിക്കാൻ ഒക്കത്തില്ലെന്നെ. വാള് വെക്കും.
അപ്പോഴാണ് ആർക്കോ ഒരു ചിന്ത.
" അല്ലെടാ ആരാ ഈ ചന്ദ്രേട്ടൻ ? അയാളെന്തിനാ ഇങ്ങോട്ട് വരുന്നത് ? "
ആർക്കും ഉത്തരം അറിയില്ല. സജീഷിനോട് തന്നെ ചോദിച്ചു.
അവൻ ഒന്നും മിണ്ടതെ മുകളിലേക്ക് വിരൽ ചൂണ്ടി. കശുമാവിന്റെ മുകളിലെ കൊമ്പിലേക്ക് എല്ലാവരും നോക്കിയത് ഏകദേശം ഒരു സമയത്താണ്. അതാ അവിടെ...
അവിടെ ഒരു കിളി പോലുമില്ല. ഇല പോലും അനങ്ങുന്നില്ല
അവിടേക്ക് നോക്കിയ തലകൾ ഓരോന്നായി താഴ്ന്നു സജീഷിനെ നോക്കി.
" എന്തോന്നെടെ. ? ആരടെ ? എവിടെടേ ? "
" മോളില് ആകാശത്ത്... ഇമ്മടെ മൂണേട്ടൻ ടാ.... നിങ്ങക്കൊന്നും കുഴപ്പമില്ല. നിലാവെട്ടം വീണാൽ എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ ഇവിടെ നടക്കുന്നത് കൃത്യമായി കാണാം. എന്നും ചീത്ത വിളിയാണ്. എനിക്കും കല്യാണമൊക്കെ കഴിച്ചു ജീവിക്കണമെന്നുണ്ട്. വെറുതെ വീട്ടുകാരുടെ തല്ല് കൊണ്ട് നാട്ടുകാരുടെ ചീത്തപ്പേരും വാങ്ങി എന്തിനാ "
ഹോ സത്യം പറയാല്ലോ... ഒറ്റയടിക്ക് കൊല്ലാൻ തോന്നി അവനെ. ഇവിടെ അരുണിന്റെ വക പുര കത്തിക്കൽ നാടകം അതിന് സുധീറിന്റെ വക കാറ്റൂതൽ അതിന്റെയിടയ്ക്കാണ് ഇവന്റെ വാഴ വെട്ട്. എന്തുന്നാ പറയാ. അവന്റെ ഒരു കോപ്പിലെ ചന്ദ്രേട്ടൻ. എന്തായാലും ഒന്നുറപ്പാണ് ഇനി ജീവിതത്തിൽ അവൻ അവന്റെ ചന്ദ്രേട്ടനെ മുഖമുയർത്തി നോക്കില്ല. അമ്മാതിരി തെറിവിളി അല്ലേ കേട്ടത്.
മലയാളത്തിലെ അച്ചടിക്കാത്ത വാക്കുകൾ കൊണ്ട് പുഷ്പമഴ പൊഴിച്ചതിന്റെ ക്ഷീണം കാരണം കൂട്ടുകാരുടെ നോട്ടം എന്റെ കയ്യിലുള്ള ഗ്ലാസ്സിലെ ഇത്തിരിക്കോളം ഉള്ള ചുവന്ന ദ്രാവകത്തിലേക്ക് തിരിയുന്നത് കണ്ടപ്പോഴാണ് ഞാൻ അപകടം മണത്തത്. പോരാത്തതിന് കൊതിയുടേതായ ചില നാവ് നൊട്ടി നുണയ്ക്കലുകളും കൂടി കണ്ടപ്പോൾ ഒട്ടും മടിച്ചില്ല...
ഗള ഗള ഗള ഗ്ലും ഗ്ലാ...
അപ്പൊ അപ്പുറത്ത് ഒരുത്തൻ വാള് വെക്കാനുള്ള ശ്രമമാണ്. നല്ല രീതിയിൽ ഓക്കാനിക്കും എന്നിട്ട് പല്ലൊക്കെ കടിച്ചു പിടിച്ചു അതിന്റെ ഗ്യാപ്പിലൂടെ കുറച്ചു തുപ്പൽ മാത്രം പുറത്തേക്ക് തുപ്പും. എനിക്കത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല.
" ടാ നീ എന്താ ഈ കാണിക്കുന്നത്. പറ്റുന്നില്ലെങ്കിൽ വാള് വെച്ചു കളയെടാ. ഇതെന്താ ഈ കാണിക്കുന്നത്. "
" ഒന്നു പോയേട അവിടുന്നു... ഇങ്ങിനെ ആകുമ്പോ ഗ്രേവി മാത്രമേ പോകൂ ചിക്കൻ അകത്ത് കിടന്നോളും. കാശ് മുടക്കി വാങ്ങിച്ച ചിക്കൻ എന്തിനാ വെറുതെ കളയുന്നത്. "
അവന്റെ മറുപടി കേട്ട് എന്റെ വാ തുറന്നു പോയി. അല്ലെന്ന് ... അത് കേട്ടോ നിങ്ങൾ. ഹോ ഇങ്ങിനെയും ഓരോരോ ജന്മങ്ങൾ.
രവിയേട്ടൻ ഇത് ശ്രദ്ധിക്കാതെ അരുണിനോട് ചോദിക്കുന്നത് കേട്ടപ്പോൾ ഞാനും ശ്രദ്ധിച്ചു.
" എന്താ മച്ചു അതിനും മാത്രം ഉണ്ടായേ... നീയിങ്ങനെ സങ്കടപ്പെട്ടിട്ട് എന്താ കാര്യം. "
രവിയേട്ടൻ ചോദിച്ചു.
" ഇല്ല രവിയേട്ടാ എനിക്ക് അവളില്ലാതെ പറ്റില്ല. ഞാൻ ഇനി ജീവിക്കില്ല. എനിക്കിപ്പോ ചാവണം. " അരുൺ ഒരു ഭ്രാന്തനെപ്പോലെ കരഞ്ഞു കൊണ്ടു പറഞ്ഞു.
" മച്ചു ഒന്ന് മിണ്ടതിരുന്നെ... നമുക്കവളെ പൊക്കണോ ? നീ രവിയേട്ടനോട് പറയെടാ മോനേ. ആരാണ് മുതൽ ? മച്ചു പറയ്. മച്ചൂന്റെ വിഷമം നമ്മുടേം വിഷമമാണെന്നു. ദിപ്പൊ ഓൺ ദി സ്പോട്ടിൽ പൊക്കി മച്ചൂന്റെ മുമ്പിലാ ഇട്ട് തരും. അയ് അതിനുള്ള കുരുപ്പുകൾ ഇവിടുണ്ടെന്നു കൂട്ടിക്കോ. മച്ചു ടെൻഷൻ ആവണ്ടന്നു. " രവിയേട്ടൻ അവന്റെ തോളത്ത് തട്ടിക്കൊണ്ടു പറഞ്ഞു.
അരുൺ പിന്നെയും കരയുകയാണ്.
" ടാ അളിയാ... ചാവാൻ പോകുമ്പോ വിളിക്കണേ... മറക്കല്ലേ അളിയാ.. മിസ്സായിപ്പോകും " സുധീർ കിടന്ന കിടപ്പിൽ നിന്ന് തല പൊക്കിയെഴുന്നേറ്റ് കൊണ്ട് വിളിച്ചു പറഞ്ഞു. എന്നിട്ട് ഇരുന്ന ഇരിപ്പിൽ ഇരുന്നു പാടാൻ തുടങ്ങി
"ചാവാൻ പോണവരെ....
തൂങ്ങിചാവാൻ പോണവരേ...
നിങ്ങൾ... നിങ്ങൾ പോയി വരുമ്പോൾ
എന്ത് കൊണ്ടുവരും ... എന്ത് കൊണ്ടുവരും...
കൈ നിറയെ എല്ല് കൊണ്ടുവരുമോ...
കൈ നിറയെ മണ്ണ് കൊണ്ടുവരുമോ
പതിനാറാം നാളില് ...
അടിയന്തിരം നാളില്
പായസമുണ്ടാകുമോ....
പാലട പായസമുണ്ടാകുമോ...
പാലട... പായസമുണ്ടാകുമോ...
ഓ...ഓ...ഓ...
അയ്യോ രവിയേട്ടാ... ഒക്കെ തീർന്നോ...? എനിക്കൊരെണ്ണം കൂടി അടിക്കണം. "
" എണീച്ചു വീട്ടിൽ പോടാ " രവിയേട്ടൻ ദേഷ്യത്തോടെ പറഞ്ഞു.
" അയ് എന്താ രവിയേട്ടാ ഇങ്ങളിങ്ങനെ സ്നേഹമില്ലാത്തത് പോലെ....അതിനുള്ള സ്ഥലം എന്റെ വയറ്റിൽ ബാക്കിയുണ്ടെന്നു. സത്യായിട്ടും. "
സുധീർ ആടിയാടി അവരുടെ അടുത്തേക്ക് വന്നു. എന്നിട്ട് തല കുമ്പിട്ടിരിക്കുന്ന അരുണിന്റെ തോളത്ത് തട്ടിക്കൊണ്ടു വിളിച്ചു ചോദിച്ചു
" എന്തരപ്പി പോണില്ലേ ചാവാൻ... വേഗം പോടാ അത് കഴിഞ്ഞിട്ട് വേണം ഞങ്ങക്കൊക്കെ പോയി കിടന്നുറങ്ങാൻ...നാളെ നിന്റെ ശവമടക്കാനുള്ളതാണ്. ഉഷാറാവ് ഉഷാറാവ്.. ചിയർ അപ്പ് മാൻ ... കമോൺ യാ "
" ടാ കുരുപ്പേ നീ വാങ്ങും എന്റെ കയ്യിൽ നിന്ന് " രവിയേട്ടൻ സുധീറിന്റെ നേരെ കൈ ഓങ്ങിക്കൊണ്ടു പറഞ്ഞു.
" എന്റെ പൊന്നു രവിയേട്ടാ ഇങ്ങളെന്തറിഞ്ഞിട്ടാണ് ഈ തുള്ളുന്നത് ഈ മോൻ കാണിച്ചു വെച്ചതറിഞ്ഞാൽ നിങ്ങളാ ആദ്യം ഇവനെ തല്ലുക. എന്നിട്ട് അവൻ മൂന്ന് കുപ്പി ബ്രാണ്ടിയും വാങ്ങിക്കൊണ്ടു വന്നിരുന്നു മോങ്ങുന്നു... ആർക്ക് വേണമെടാ നിന്റെ മദ്യം .. എന്റെ പട്ടി കുടിക്കും... ശ്ശെ ശ്ശെ തെറ്റിപ്പോയി ആർക്ക് വേണമെടാ പുല്ലേ നിന്റെ സങ്കടം .. എന്റെ പട്ടി കരയും... "
സുധീർ ആടിയാടി നിന്ന് ഒന്ന് നിലത്തേക്ക് കാർക്കിച്ചു തുപ്പി ആ തുപ്പലിന്റെ ശക്തിയിൽ വീഴാൻ പോയ സുധീറിനെ രവി താങ്ങി.
" എന്താടാ സുധീ സംഭവം. നീയീ മത്തങ്ങയ്ക്ക് കുമ്പളങ്ങയുടെ കളർ അടിക്കാതെ കാര്യം പറയെന്നു. "
" മിസ്റ്റർ രവി മാമ്മൻ ഡോണ്ട് ടോക്ക് ബ്ലഡി വളിച്ച തമാശാസ് അണ്ടർസ്റ്റാണ്ട്. ഐ ആം ഫുൾ സീരിയസ്. ഫുൾട്ടി ഫുൾ സീരിയസ്. എന്നാലും ഈ പന്നൻ... രവിയേട്ടാ ഞാനിവനെ കൊന്നോട്ടെ. ഞാനിതെങ്ങിനെ സഹിക്കും... ഈ പട്ടിയുടെ പ്രേമഭാജനത്തോട് ഇഷ്ടമാണെന്ന് പറയാൻ ഞാനും കൂട്ട് പോയെന്റെ രവിയേട്ടോ " സുധീർ രവിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
രവി പന്തം കണ്ട പെരുച്ചാഴിയുടെ പോലെ സുധീറിനെയും താങ്ങി അരുണിനെയും നോക്കി ഒന്നും മനസ്സിലാകാതെ നിന്നു. അരുൺ നിലത്തു നിന്ന് ചെറിയ കല്ലുകൾ പെറുക്കി വെറുതെ എറിഞ്ഞോണ്ടിരുന്നു.
രവിയേട്ടൻ സുധീറിനെ ബലം പ്രയോഗിച്ചു നിർത്തി എന്നിട്ട് പറഞ്ഞു
" നോക്കിയേ രണ്ടെണ്ണത്തിനെയും ഞാൻ എടുത്തിട്ട് പൊതുക്കും. ഡാഷ്കളേ കുറെ നേരമായല്ലോ നീയൊക്കെകൂടി തുടങ്ങിയിട്ട്.. കാര്യം പറയെടാ... കാണാൻ കൊള്ളാത്ത പെണ്ണിനെന്താ ജീവിതം പാടില്ലെന്നുണ്ടോ.." രവി ഷർട്ടിന്റെ കൈ തെറുത്തു കയറ്റാൻ തുടങ്ങി.
" ആ അങ്ങിനെ മാനം മര്യാദയ്ക്ക് ഡീസന്റായി ചോദിക്ക് ...... എന്നാലല്ലേ പറയാൻ പറ്റൂ... ലുക്ക് മിസ്റ്റർ രവിയേട്ടൻ.. കാണാൻ കൊള്ളാത്തത് കൊള്ളുന്നത് മീ നോ പ്രോബ്ലം ഐ അയാം ഒപ്പം വിത്ത് ഹിം. ബട്ട് ദിസ് തെണ്ടി.... അതേ മിസ്റ്റർ താങ്കൾക്ക് ഇവൻ ഏത് പെണ്ണിനെ കിട്ടാത്തതിലാണ് ചാവാൻ ആഗ്രഹിക്കുന്നത് എന്നറിയാമോ... "
" അതല്ലേ പടപ്പേ നിന്നോട് ചോയ്ച്ചോണ്ടിരിക്കണത് "
" ഓക്കേ ഓക്കേ കൂൾ കൂൾ കുട്ടേട്ടാ അല്ല രവിയേട്ടാ... നമ്മുടെ കോളനിയിലെ വടക്കേ അറ്റത്തുള്ള വീടറിയില്ലേ രവിയേട്ടന്... "
" ഏത് നമ്മുടെ ആ തമിഴന്റെ വീടോ...
ആ മൂന്ന് പെണ്പിള്ളേരുള്ള... "
" അ...അ... ആ... അതന്നെ ...അതന്നെ... കൊച്ചു കള്ളൻ എത്ര പെട്ടെന്നാ മൂക്ക് വിടർന്നത്. അപ്പൊ ഈ പ്രായത്തിലും കണ്ണ് കോഴിക്കൂട്ടിൽ തന്നെയാ അല്ലേ... വെൽഡൻ മൈ ബോയ് കീപ്പ് ഇറ്റ് അപ്പ്. "
" നീ കാര്യം പറ അതിൽ ഏത് പെണ്ണിനെയാണ്... "
" ങ്ങേ... എന്ത്..... എന്തോ... എങ്ങിനെ"
" അതിൽ ഏത് പെണ്ണിനെയാണ് ഇവൻ നോക്കുന്നതെന്നു "
ഹ ഹ ഹ ഹ ഹ ഹ ഹ സുധീർ പെട്ടെന്നാണ് പൊട്ടിച്ചിരിച്ചത്.
" ഏത് പെങ്കൊച്ചിനെയെന്നോ.. എന്റെ രവിയേട്ടാ.. അതൊക്കെ നമ്മള് പുഷ്പം പുഷ്പം പോലെ ഡീൽ ചെയ്യില്ലേ... പക്ഷേ ഈ പന്നന് പ്രേമം അവരുടെ തള്ളയോടാണെന്നു....ഇവൻ ചാവാൻ പോണത് ആ പിള്ളേരുടെ തള്ള ഇവന്റെ പ്രേമം സ്വീകരിക്കാഞ്ഞിട്ടാണ്. ഇനി രവിയേട്ടൻ പറയ് ഇവൻ ചാവണോ വേണ്ടയോ.. അതോ കൊല്ലണോ വേണ്ടയോ... "
" നേരാണോടാ.. " രവിയേട്ടൻ അരുണിനെ നോക്കികൊണ്ടു ചോദിച്ചു.
" എന്ത് നേരാണോന്നു... ഇവൻ ആ പെണ്ണുമ്പിള്ളയുടെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാനോർത്തത് മോളെ ഇഷ്ടമാണ് കെട്ടിച്ചു തരണം എന്നു പറയാനായിരിക്കുമെന്നാണ്. അവിടെ എത്തിയപ്പോ. ചേച്ചീ എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ഐ ലൗ യു ചേച്ചീ... നമുക്കെവിടേക്കെങ്കിലും ഒളിച്ചോടി ഒന്നിച്ചു ജീവിക്കാം ചേച്ചീ എന്ന്. ഞാൻ ഞെട്ടിപ്പോയി. അവളാരത്തി പ്ഫാ നായിന്റെ മോനേ എന്നു വിളിക്കുന്നത് മാത്രമേ ഞാൻ കേട്ടുള്ളൂ. സത്യായിട്ടും ഞാനൊടി. നാണക്കേട് കേസ്. കുറച്ചു ദൂരം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോ ആ പെണ്ണുമ്പിള്ള പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. ഇവൻ നെഞ്ചിൽ കയ്യും കെട്ടി തലയും കുനിച്ചു വിനീതമായി എല്ലാം കേട്ടോണ്ടിരിക്കുന്നു. പുല്ലൻ... ഒറ്റ വെട്ടിന് കൊല്ലാനാ തോന്നിയത് പക്ഷേ കൂട്ടുകാരനായി പോയില്ലേ.എന്നിട്ടിപ്പൊ വന്നിരുന്നു മോങ്ങുന്നു. നീ പോയി ചാവട അതാ നല്ലത്. "
ആ മ്യാരക ദൃക്‌സാക്ഷി വിവരണത്തിൽ ഞങ്ങളൊക്കെ തരിച്ചു നിൽക്കുമ്പോൾ അരുൺ
" നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്കവളെ മറക്കാൻ പറ്റില്ല. അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല...ഞാൻ മരിക്കും..ഞാൻ മരിക്കും.. അല്ലേലും ആത്മാർത്ഥ സ്നേഹത്തിന്റെ വില നിങ്ങൾക്കറിയില്ല "
കുറച്ചു നേരത്തെ നിശബ്ദത. ആരാണ് ആദ്യം കൈ പൊക്കിയതെന്നോർമ്മയില്ല. എന്തായാലും എല്ലാവരും കൈ കാൽ തുടങ്ങിയവ പൊക്കുകയും താഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഞാനും. എനിക്ക് ഏറ്റവും ദേഷ്യം വന്നത് അവന്റെ ആത്മാർത്ഥ സ്നേഹം എന്ന വാക്കിലാണ്.
തബല , ചെണ്ട , മൃദംഗം ഇത്യാദി സാധനങ്ങളുടെ മൂസിക്ക് അവിടെ മുഴങ്ങി.
" ഡും ഡും ഡും ഡിഷ്യും ഡിഷ്യും ഡിഷ്യും ദും ദും ദും ഠേ ഠേ ഠേ "
തുടങ്ങിയ കുറച്ചു ശബ്ദങ്ങൾ അവസാനം അമ്മേ അമ്മച്ചിയെ വല്യമ്മച്ചിയെ വിളികളിൽ അവസാനിച്ചു.
------------------------------
മൂന്നു മാസത്തിന് ശേഷമുള്ള ഒരു പ്രഭാതം അരുൺ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന സമയത്താണ് രവിയും സുധീറും നടന്നു വരുന്നത് കണ്ടത്. കണ്ടപ്പോഴേ രവിയേട്ടൻ അവനോട് ചോദിച്ചു.
" നീ ഹോസ്പിറ്റലിൽ നിന്ന് എന്നാടാ വന്നത്. "
" മിനിഞ്ഞാന്ന് വന്നു രവിയേട്ടാ.. "
" ഇപ്പൊ നിന്റെ കയ്യിനും കാലിനും കുഴപ്പമൊന്നുമില്ലല്ലോ..."
" ഇല്ല രവിയേട്ടാ പ്ലാസ്റ്റർ ഒക്കെ വെട്ടിക്കഴിഞ്ഞു എക്‌സ്‌റേ എടുത്തു നോക്കി കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത്. "
രവി അരുണിന്റെ കവിളിൽ പതുക്കെ തട്ടി " ആ നോക്കി ഓടിച്ചു പോ കേട്ടോ.. "
" ശരി രവിയേട്ടാ... "
" അല്ല...എന്തായി നിന്റെ പ്രണയം "
" ഒന്ന് പോ രവിയേട്ടാ ... അതൊക്കെ ഓരോ പ്രാന്ത് അല്ലേ ഞാൻ അതൊക്കെ മറന്നു.. "
" മിടുക്കൻ.. ആ നീ വൈകുന്നേരം വരുമ്പോ രണ്ടു ഫുൾ വാങ്ങിയിട്ട് പോരെ. "
അപ്പോഴേക്കും വീടിന്റെ വാതിൽക്കൽ എവിടെ നിന്നാണെന്നറിയില്ല അരുണിന്റെ അമ്മയുടെ തല പ്രത്യക്ഷപ്പെട്ടു... അവർ രവിയേയും സുധീറിനെയും ഒന്ന് തീക്ഷ്‌ണമായി നോക്കി.. എന്നിട്ട് പറഞ്ഞു.
" മോനേ രവിയേ... പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്. അവൻ ഇനി മുതൽ അതിനൊന്നും നിങ്ങളുടെ കൂടെ വരില്ല.. അന്നാ ആക്‌സിഡന്റു ഉണ്ടായതിന് ശേഷം എന്റെ മോൻ ആകെ മാറി. അവനിനി മദ്യമൊന്നും കുടിക്കില്ല. എന്റെ തലയിൽ തൊട്ട് സത്യം ചെയ്തിട്ടുണ്ട്. നിങ്ങളായിട്ട് ഇനി അവനെ നിങ്ങളുടെ കൂട്ടത്തിൽ കൂട്ടി നശിപ്പിക്കരുത്.. നിങ്ങളുടെ കൂടെ കൂടിയതിനു ശേഷം അവൻ നശിച്ചിട്ടേ ഉള്ളൂ... ഇപ്പൊ ദൈവമായിട്ടാണ് എന്റെ മോന് ആ ആക്‌സിഡന്റു ഉണ്ടാക്കിയത്. അതോടെ അവന് നല്ല ബുദ്ധി വന്നു... ദൈവത്തെ ഓർത്തു ഇനിയും അവനെ നശിപ്പിക്കരുത്...
മക്കള് പോകാൻ നോക്കെടാ അരുണേ..."
രവിയും സുധീറും അവരുടെ പുറകിൽ ഉള്ള സർവ്വേക്കല്ലിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തത് പോലെ അറ്റൻഷനായി അസ്ത്രപ്രജ്ഞരായി നിന്ന് പോയി...
കുറച്ചു കഴിഞ്ഞപ്പോ സുധീർ പതുക്കെ രവിയോട് ചോദിച്ചു...
" അല്ല രവിയേട്ടാ...ആക്സിഡന്റോ...ഏത് ആക്‌സിഡന്റു... എപ്പോ ? "
" നീ മിണ്ടാതിരിക്ക് "
അരുൺ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്ന നോക്കി നിൽക്കുന്ന രവിയേട്ടനോട് സുധീർ വീണ്ടും ചോദിച്ചു
" അല്ല രവിയേട്ടാ ഒരു തല്ലിന് ആൾക്കാരെ ഇത്രയ്ക്ക് ഒക്കെ മാറ്റിയെടുക്കാൻ കഴിയുമോ. "
" കഴിയുമെടാ... കിട്ടേണ്ട സമയത്ത് നല്ല രണ്ടു തല്ല് കിട്ടിയാൽ പലരുടെയും സ്വഭാവം മാറും... അതിനാരും തയ്യാറാകാത്തത് കാരണമാണ് ഇന്നും നാട്ടിലെ പത്രങ്ങളും ചാനലുകളും ഒക്കെ ഒരുപാട് പുതിയ പുതിയ വാർത്തകൾ കൊണ്ട് നില നിന്ന് പോകുന്നത്... ആ അതൊക്കെ വിട്... നന്നാവുന്നവർ ഒക്കെ നന്നാവട്ടെ നീ വാ നമുക്ക് ഒന്നര അടിക്കാനുള്ള വകുപ്പ് നോക്കാം.."
രവിയും സുധീറും ആ റോഡിലൂടെ മുന്നോട്ട് നടന്നു പോയി...
കഥ തീർന്നു.
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot