നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാറാക്കുട്ടി


സാറാക്കുട്ടി
ഭാര്യയെ അരികിലേക്ക് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ട് ജിമ്മിച്ചൻ ചോദിച്ചു.
എന്റെ സാറാക്കുട്ടിക്ക് ഇച്ചായനെന്താ വാങ്ങി തരേണ്ടത്.
അവളവനെ മുറുകെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു
എന്റെ ഇച്ചായന്റെ ഈ സ്നേഹമുള്ള വാക്കുകൾ തന്നെ എ്നിക്ക് തരേണ്ടത് തന്നു. എന്റിച്ചായന്റെ ഈ സ്നേഹം മാത്രം മതി ഈ സാറാക്കുട്ടിക്ക്. വേറൊന്നും വേണ്ട.
സ്നേഹത്തോടെയുള്ള ജിമ്മിച്ചന്റെ ആ ഒരൊറ്റ വാക്കിൽ ലോകം മുഴുവൻ കിട്ടിയപോലുള്ള സന്തോഷമായിരുന്ന് സാറാക്കുട്ടിക്ക്.
അതല്ലേലും നേരാ സ്നേഹിക്കുന്ന ഒരു ഭർത്താവുണ്ടേൽ ഭാര്യമാരുടെ മുഖം എന്നും പ്രസന്നമായിരിക്കും.
എടി സാറാക്കുട്ടി പെണ്ണേ...!
എന്നാ ഇച്ചായാ..!
അല്ല ഞാനാലോചിക്കുവാരുന്നു, നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴുണ്ടായ നിന്റെ ഒരു നാണം. ഇന്നത്തെ കാലത്തെ ഏതെങ്കിലും പെണ്ണിനുണ്ടോടി ഈ നാണം എന്ന സാധനം. ഒന്ന് കൂവിയാൽ രണ്ടിങ്ങോട്ട് കൂവുന്ന പെണ്ണുങ്ങളല്ലിയോ ഇപ്പോഴുള്ളത്.
അയ്യേ, എനിക്ക് നാണമോ. അത് കൊള്ളാം. അപ്പൊ എന്നെക്കുറിച്ച് എന്റിച്ചായന്‌ ഒന്നുമറിയില്ലെന്ന് ചുരുക്കം.
കോളേജിലെ ലേഡി ചട്ടമ്പിയായിരുന്നു ഞാൻ. ആണുങ്ങളൊക്കെ ഒന്നു കൂവിയാൽ രണ്ടല്ല പത്ത് കൂവി നാണം കെടുത്തിയ മുതലാ ഞാൻ.
കാഞ്ഞിരപ്പള്ളിയിൽ അവറാച്ചന്റെ രണ്ടാമത്തെ മകൾ സാറയെക്കുറിച്ച് കോട്ടയം സി എം സ് കോളേജിൽ പോയി മിസ്റ്റർ ജിമ്മിച്ചൻ ഒന്ന് ചോദിച്ച് നോക്ക്. അപ്പോഴറിയാം കാര്യങ്ങൾ. ചോദിച്ചിട്ട് പിന്നെ എന്നെ കോലേക്കേറി ഭാര്യയെന്ന് വിളിച്ചെക്കരുത് കേട്ടോ ഇച്ചായാ.
അമ്പടി, അപ്പൊ, നിന്റെ നാണം ലജ്ജ. നിന്നെ കണ്ടാൽ പറയില്ലലോ, എന്തൊരു പാവമായിരുന്നു പെണ്ണുകാണലിന് എനിക്ക് ചായ തന്നപ്പോൾ, സംസാരമൊക്കെ എന്തൊരു വിനയമായിരുന്നു.
അതൊക്കെ വിവാഹമെന്ന നാടകത്തിലെ രംഗങ്ങളല്ലേ ..ഹിഹി.
അമ്പടി കേമി സാറാക്കുട്ടി, നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്. നീ ആളു കൊള്ളാലൊ കാഞ്ഞിരപ്പിള്ളിയിൽ അവറാച്ചന്റെ രണ്ടാമത്തെ മകളെ, നിന്നെ ഞാൻ ഡിവോഴ്സ് ചെയ്തിരിക്കുന്നു.
ഉവ്വ ഉവ്വ ഇമ്മിണി പുളിക്കും, ഡൈവോഴ്‌സും കൊണ്ടു ഇങ്ങോട്ടേക്ക് വാ. ബാക്കി അന്നേരം പറയാം കാട്ടുമാക്കാനേ.
കർത്താവേ, ഈ കുരിശിനെയാണോ എന്റെ തലയിൽ കെട്ടി വച്ചത്
അതേലോ ജിമ്മി ഭക്ത വത്സലാ, ഇനി നീ ചുമന്നേ പറ്റൂ - കർത്താവിനു പകരം സാറാക്കുട്ടി മറുപടി പറഞ്ഞു
ശരി കർത്താവേ ഞാൻ ചുമന്നോളാം. ചുമ്മന്നല്ലേ പറ്റൂ.
ഇച്ചായാ, ഇച്ചായന്റെ സാറാക്കുട്ടി ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ
നീ പറയെന്റെ സാറാക്കുട്ടി
എനിക്കിനി പ്രസവിക്കാൻ പറ്റില്ലേ ഇച്ചായാ ?
അതൊന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. ദൈവം തമ്പുരാനല്ലേ. നമ്മൾ ചെയ്യാത്ത പരിശോധനകളില്ല. ആർക്കും കുഴപ്പമില്ലെന്നല്ലേ ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പറഞ്ഞത്. നമ്മുക്ക് കാത്തിരിക്കാം സാറാക്കുട്ടി.
ഞാൻ വേറൊരു കാര്യം പറഞ്ഞാൽ പറയട്ടെ ആരോടും ചോദിക്കാനൊന്നും പോകരുത്.
എന്തിനാ സാറാക്കുട്ടി നിനക്ക് പതിവില്ലാത്ത മുഖവുര. നീ പറ മോളെ.
നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ ആറാമത്തെ വർഷമല്ലേ. ഇച്ചായന്റെ ചില ബന്ധുക്കളും നാട്ടുകാരും അമ്മയോട് സാറാ ഇനി പ്രസവിക്കില്ലേ, അവൾക്കെന്തെങ്കിലും കുഴപ്പമുണ്ടോ, ഇനിയൊരു തലമുറ കാണാൻ പറ്റില്ലേ എന്നൊക്കെ സ്വകാര്യം ചോദിക്കുന്നത് കേട്ടു. ഞാൻ മച്ചിയാണെന്നൊക്കെ.
അതിനമ്മ എന്താ മറുപടി പറഞ്ഞത്?
അമ്മ കൂടുതലൊന്നും പറഞ്ഞില്ല. പരിശോധനയിൽ കുഴപ്പമില്ലെന്നും, വേറെ എന്തേലുമൊക്കെയാവും എന്നൊക്കെ പറഞ്ഞ് അവസാനിപ്പിച്ചു. എനിക്കെത്ര ആത്മ വിശ്വാസം ഉണ്ടേലും ഇങ്ങനൊക്കെ കേൾക്കുമ്പോൾ ഏതൊരു സ്ത്രീക്കും വിഷമമമുണ്ടാവില്ലേ. ചെറിയൊരു സങ്കടം തോന്നി.
ആഹാ അത്രേ ഉള്ളോ കാര്യം, സാറാകുട്ടി ഇനി നിന്റെ ഇച്ചായനൊരു കാര്യമങ്ങോട്ടു ചോദിക്കട്ടെ.
കാഞ്ഞിരപ്പള്ളിയിൽ അവറാച്ചന്റെ രണ്ടാമത്തെ മകളെ കെട്ടിയതാരാ !
പോറ്റുമനയിലെ ഉലഹന്നാന്റെ മൂത്ത പുത്രൻ ജിമ്മിച്ചൻ - സാറാക്കുട്ടി ഉടനെ മറുപടി പറഞ്ഞു
ആണല്ലോ, അങ്ങനെയെങ്കിൽ ജിമ്മിച്ചന്റെ ഭാര്യ പ്രസവിക്കുമോ ഇല്ലയോ എന്നതൊക്കെ ഈ ജിമ്മിച്ചന്റെയും ജിമ്മിച്ചന്റെ സഹധർമ്മിണി സാറാക്കുട്ടിയുടെയും മാത്രം സ്വകാര്യ സംഗതിയാ.
അതിലൊരാളും ഇടപെടേണ്ട. ഇനി ആരേലും എന്തേലും പറഞ്ഞാൽ ഇച്ചായൻ മറുപടി കൊടുത്തോളാം.
നാട്ടുകാരോടും ചൊറിച്ചിലുള്ള ചില ബന്ധുക്കളോടും, ഇനിയിപ്പോൾ സ്വന്തം വീട്ടുകാരാണേലും പോകാൻ പറ.
മനസ്സിലായോ എന്റെ സാറാക്കുട്ടിക്ക്
ഉം
എന്നാൽ സാറാക്കുട്ടി ഇങ്ങടുത്തേക്ക് വന്നേ ,
പോടാ കൊച്ചു കള്ളാ, നിന്റെ സൂത്രം എനിക്ക് മനസ്സിലായി, അങ്ങനിപ്പോ കെട്ടിപ്പിടിച്ച് സുഖിക്കണ്ട.
അയ്യടി പെണ്ണേ, നിന്നെയല്ലാതെ അപ്പുറത്തെ അഞ്ജലിയെ കെട്ടിപ്പിടിക്കാൻ പറ്റുമോ, അവളുടെ ആങ്ങളമാർ എടുത്തിട്ട് പെരുമാറില്ലേ.
പോടാ കള്ളാ തെമ്മാടി, വൃത്തികേട് മാത്രമേ ചിന്തിക്കു. അഞ്ജലിയെ സ്വപ്നത്തിൽ പോലും കെട്ടിപ്പിടിച്ചെന്നറിഞ്ഞാൽ ഉലഹന്നാന്റെ മകൻ ജിമ്മിച്ചന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും.
അങ്ങനെ നീ മുട്ട് കാലൊന്നും തല്ലിയൊടിക്കണ്ട, ഇങ്ങോട്ടേക്ക് വന്നേ.
ഞാൻ വരാം, അധിക നേരമൊന്നും കെട്ടിപ്പിടിക്കാൻ പറ്റില്ല, പെട്ടെന്ന് വിട്ടേക്കണം, എനിക്കടുക്കളയിൽ പണിയുള്ളതാ പറഞ്ഞേക്കാം.
അവളെ കെട്ടിപ്പിടിച്ച് ജിമ്മിച്ചൻ പറഞ്ഞു - എന്റെ സാറാക്കുട്ടിക്ക് നിന്റെ ഇച്ചായനില്ലേ. നാട്ടുകാരൊക്കെ എന്തേലും പറഞ്ഞോട്ടെ. എന്റെ കള്ളി പെണ്ണ് വിഷമിക്കണ്ട കേട്ടോ.
ഉം, എന്റിച്ചായൻ കൂടെയുള്ളപ്പോൾ ഈ സാറാക്കുട്ടി വിഷമിക്കില്ലാട്ടോ.
സാറാക്കുട്ടി അടുക്കളയിലെ പണികളൊക്കെ മറന്നു പോയി, എന്തോരും നേരം അങ്ങനെ കെട്ടിപിടിച്ച് ഓരോന്ന് പറഞ്ഞ് നിന്നെന്നറിയില്ല.
അതങ്ങനെയാണ്‌ സ്നേഹത്തിന്റെ മാസ്മരിക വലയത്തിൽ പെട്ടാൽ മറ്റൊന്നിനും ഒരു പ്രാധാന്യവുമുണ്ടാവില്ല.
കുറച്ച് കഴിഞ്ഞപ്പോൾ സാറാക്കുട്ടി ജിമ്മിച്ചന്റെ സ്നേഹ വലയമൊക്കെ ഭേദിച്ച് കൊണ്ട് പറഞ്ഞു.
എടാ ജിമ്മിക്കള്ളാ, തെമ്മാടി എന്റെ സമയം മുഴുവൻ പോയി, വന്നേ ഇന്ന് നമ്മൾ രണ്ടും പാചകം. പോയി വേഗം സാറാക്കുട്ടിക്ക് വേണ്ടി ആ പാത്രമൊക്കെ കഴുകിക്കെ
ഇതൊരു വല്ലാത്ത പണിയായി പോയി, കെട്ടി പിടിച്ചൊരു ഉമ്മ തന്നതിന് ഇത്രയും ശിക്ഷയോ.
പോടാ ഇച്ചായാ..!
അങ്ങനെ ജിമ്മിച്ചനും സാറാക്കുട്ടിയും കളികൾ പറഞ്ഞും, തമാശകൾ പറഞ്ഞും, ദേഷ്യപ്പെട്ടും, പിണങ്ങിയും, ഇണങ്ങിയും സ്നേഹത്തോടെ ജീവിക്കുന്നു.
ഭാര്യയുടെ സങ്കടങ്ങളിൽ അവൾക്കൊരു കൈത്താങ്ങൽ കൊടുക്കാൻ ഭർത്താക്കന്മാർക്ക് മാത്രമേ പറ്റൂ.
ഇവിടെ സാറാക്കുട്ടിയുടെ സങ്കടം പമ്പ കടക്കാൻ എന്തോരും നേരം വേണ്ടി വന്നു. ഒരു വാക്ക് പറയുന്ന സമയം. സ്നേഹമുള്ള ഇമ്പമുള്ള "നിനക്ക് ഞാനുണ്ട് സാറാക്കുട്ടി" എന്ന ഒറ്റ വാക്ക്. അല്ലേ!
ജിജോ പുത്തൻപുരയിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot