വിറ്റാമിന്‍ ഡി !!
സമയം വൈകീട്ട് ആറാറര ആയിക്കാണും...
അയല്‍പ്പക്കത്തെ ഡോക്ടറുടെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ സംസാരം കേട്ട് എത്തിനോക്കിയപ്പോൾ, ലക്ഷംവീട് കോളനിയിലെ രാമന്‍ കള്ളിന്‍പ്പൊറത്ത് നിക്കാണ്... “ഡോ, താനൊക്കെ ഏതു കോത്താഴത്തെ ഡാക്കിട്ടറാഡോ, എന്റളിയന് എന്തേലും പറ്റ്യാണ്ടല്ലോ, തന്നെ ഞാന്‍ വച്ചേക്കില്ല.....” ചിലരൊക്കെ ചേര്‍ന്നയാളെ ബലം പ്രയോഗിച്ച് അവിടന്ന്‍ കൊണ്ടുപോയി.
പിടിച്ചോണ്ട് പോവുമ്പോഴും അയാള്‍ പിറുപിറുക്കുന്നുണ്ടാര്‍ന്നു... “സുഖോല്ല്യാത്ത ആളോളെ വെയിലു കൊള്ളിക്കാന്‍ നടക്കണ ശവങ്ങള്‍, ഡാക്കിട്ടറാത്രേ, ഡാക്കിട്ടര്‍.... ഫ്ഫൂ....”
ആ എഴുന്നള്ളിപ്പിനു പിന്നിലായിട്ടു പോയിരുന്ന ഒരുത്തനോട് ഞാന്‍ കാര്യം തെരക്കി... “അറിയില്ല ചേട്ടാ, ന്നാലും ആ ഡോക്ടറ് ചെയ്തത് മഹാ തെണ്ടിത്തരമായിപ്പോയി...”
ഇതുകേട്ട് താനേ തൊറന്നുപോയ വായുമായി നിന്ന എന്നെ, സ്വന്തം നല്ലപാതിയുടെ കുയിൽ നാദം തട്ടിയുണര്‍ത്തുകയായിരുന്നു... “നിങ്ങളെന്തൂട്ടാ മനുഷ്യാ ഇങ്ങനെ കുന്തം വിഴുങ്ങ്യേ പോലെ നിക്കണത്, ഇന്ക്ട് പോന്നൂടെ ???”
“നീയാ ഷര്‍ട്ടിങ്ങെടുത്തേ, ഡോക്ടര്‍ സാറിന് എന്തോ കൈയബദ്ധം പറ്റീട്ട്ണ്ട്, അല്ലാണ്ടിത്രേം ഒച്ചപ്പാടുണ്ടാക്കോ അയാള്, ഞാന്‍ ഒന്ന്‍ തെരക്കീട്ടു വരാം....”
ഞാന്‍ പതിയെ ഡോക്ടറുടെ പടികടന്ന്‍ സിറ്റൌട്ടില്‍ എത്തി, കോളിംഗ്ബെല്ലടിച്ചു...
അകത്തുനിന്നും ഒരു ഇടറിയ സ്വരം, “ആരാ അത് ???”
“സാറേ, ഇത് ഞാനാ വടക്കേലെ സ്റ്റീഫന്‍....”
“ഓ, സ്റ്റീഫനാര്‍ന്നോ, ഞാന്‍ കരുതി അയാള് പിന്നേം വന്നൂന്ന്...”
കതകുതൊറന്ന് ഡോക്ടര്‍ പറഞ്ഞു, “താനിങ്ങു കേറിപ്പോരേ, വെളിയില്‍ നിക്കണ്ട, പേടിച്ചിട്ടൊന്നുമല്ല....” റാംജിറാവിലെ മത്തായിച്ചേട്ടനെ ഓര്‍മ്മിപ്പിക്കുംവിധം ഡോക്ടറതു പറഞ്ഞപ്പോ പൊട്ടാന്‍ വന്ന ചിരി, ഒട്ടും സന്ദർഭോചിതമല്ലാത്തതിനാൽ അങ്ങു വിഴുങ്ങി.... പിന്നെ അകത്തേക്ക് കയറിയപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഡോക്ടര്‍ കതക് വലിച്ചടച്ചു....
“എന്താണ്ടായേ അയാളായിട്ട്....??”
ഒരു ദീര്‍ഘനിശ്വാസത്തോടെ ഡോക്ടര്‍,
“ഹേയ്, ഇയാളായിട്ട് ഒരു വസ്തൂമില്ല... ഇയാടെ അളിയന്‍ ഇല്ലേ ശങ്കരന്‍, അയാളും ഭാര്യേം കൂടി കഴിഞ്ഞാഴ്ച്ച ഇവിടെ വന്നിരുന്നു, വല്ലാത്ത ക്ഷീണം ആണ്ന്നൊക്കെ പറഞ്ഞ്. പ്രത്യേകിച്ച് ഒരസുഖോം ഉള്ളതായി തോന്നീല്ല എങ്കിലും, ഞാന്‍ ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ കുറിച്ചു കൊടുത്തു, ക്ഷീണത്തിനു ഒരു ടോണിക്കും ഇവിടന്ന്‍ എടുത്ത് കൊടുത്തു. രണ്ടുദിവസം കഴിഞ്ഞ് റിപ്പോര്‍ട്ടും കൊണ്ടയാടെ ഭാര്യയാ വന്നത്, അയാക്ക് നടക്കാന്‍ വയ്യാന്നും പറഞ്ഞു. വിറ്റാമിന്‍ ഡി-ടെ ശകലം കൊറവ് ഒള്ളോണ്ടും വേറെ കാര്യായിട്ടുള്ള ഒരു തകരാറും ഇല്ലാത്തോണ്ടും, ഇനീപ്പോ ഈ പ്രായത്തില്‍ മരുന്നൊന്നും കൊടക്കണ്ടാന്നുവച്ച്, എന്‍റെ കഷ്ടകാലത്തിന് ആ ദുര്‍ബലനിമിഷത്തില്‍ ഞാന്‍ പറഞ്ഞു, ഇത് കൊഴപ്പൊന്നൂല്ല, നേരിയ വെയില്‍ ദിവസേന കൊണ്ടാല്‍ തീരാവുന്നതേ ഉള്ളൂ-ന്ന്.... അത് പറഞ്ഞപ്പോത്തന്നെ ആ പെണ്ണുമ്പിള്ള ഇവനാരെടാ എന്ന മട്ടില്‍ നോക്കിയെങ്കിലും, എന്‍റെ സ്റ്റീഫാ സത്യായിട്ടും എനിക്കപ്പോ യാതൊരു അപാകതേം തോന്നീല്ല. ഞാനറിഞ്ഞോ ഈ സാമദ്രോഹി പോയിട്ടീ റെക്കോര്‍ഡ് ചൂടുള്ളപ്പോ നട്ടുച്ചയ്ക്ക് വെയിലുകായാന്‍ പണ്ടാരമടങ്ങുംന്ന്... എന്നിട്ടിപ്പോ സൂര്യതാപം ഏറ്റ് ദേഹം മുഴോന്‍ പൊള്ളി ആശുപത്രീലാണത്രേ, കുറ്റം മുഴോന്‍ എനിക്കും....”
കരച്ചിലിന്‍റെ വക്കോളമെത്തിയ ഡോക്ടര്‍ക്ക് നേരെ, സഹതാപത്തോടെ നോക്കാനേ എനിക്ക് അപ്പോ കഴിഞ്ഞുള്ളൂ....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
#krishnacheratt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക