Slider

പ്രമേഹവും ഈശ്വരനും

0

പ്രമേഹവും ഈശ്വരനും
കഥ
അമ്മായിയുടെ പ്രമേഹചികിത്സ പുലര്‍ച്ച മുതല്‍ അന്തിവരെ അനവരതം തുര്‍ന്നുകൊണ്ടിരിക്കും. ഡോക്ടര്‍ ഗോപിനാഥിന്റെ അലോപ്പതി ചികിത്സക്കൊപ്പം വെെദ്യരത്നം മൂസിന്റെ ആയുര്‍വ്വേദ രസായനങ്ങളും രാമന്‍ നായരുടെ ഹോമിയോപ്പതി ഗുളികയും പ്രകൃതിചികിത്സകന്‍ യോഗി നിത്യാനന്ദിന്റെ പച്ചയിലച്ചാറുകളും കൂടാതെ വയനാട്ടിലെ കാട്ടില്‍ തസ്സിരിക്കുന്ന ഒരു സിദ്ധന്റെ ഒറ്റമുലികയും ചികിത്സയുടെ ഭാഗമാണ്. തുല്യദുഖിതരായ ബന്ധുക്കളും അയല്‍ക്കാരും ഉപദേശിക്കുന്ന മഞ്ഞള്‍പ്പൊടി -കറിവെയ്പ്പിലപ്പൊടി മിശ്രിതവും എന്നും വെറും വയറ്റില്‍ കഴിക്കാറുണ്ട്.
ചികിത്സയെ ഔഷധസേവ എന്നൊണ് അമ്മായി പറയുക. ഇര്‍സുലിന്‍ കുത്തിവെക്കുമ്പോള്‍ ഉറക്കെ ചൊല്ലുന്ന 'ധന്വന്തര മൂര്‍ത്തീ ,രക്ഷിക്കണേ' എന്ന പ്രാര്‍ത്ഥന മറ്റെല്ലാ ഔഷധസേവക്കും ഒപ്പം അമ്മായി ആവര്‍ത്തിക്കും. (കൂത്തിവെപ്പിന്റെ നുള്ളുന്ന വേദന അറിയാതിരിക്കൊനുള്ള ഒരു കളിയാണ് ഇതെന്ന് നിഷേധികളായ കുട്ടികള്‍ കളിയാക്കുന്നത് അവര്‍ ചെവിക്കൊള്ളാറില്ല.)
ഔഷധസേവപോലെത്തന്നെ രാപ്പകല്‍ തുടരുന്ന ഈശ്വരസേവ അമ്മായിയുടെ മറ്റോരു ലഹരിയാണ്.അമ്മായിയുടെ മുത്തശ്ശിയും അമ്മയും ചെറിയമ്മയും അമ്മായിമാരും ബന്ധുക്കളും ജ്യോത്സ്യന്‍ ശൂലപാണിയും മനക്കലെ കുഞ്ഞാത്തോലും പലപ്പോഴായി ഉപദേശിച്ച ഭക്തിമാര്‍ഗ്ഗങ്ങള്‍ എല്ലാം ഊനം തട്ടാതെ പിന്‍തുടരാന്‍ അമ്മായി ശ്രദ്ധിക്കാറുണ്ട്. അമാവാസിമുതല്‍ അമാവാസി വരെയുള്ള ഇരുപത്തെട്ടു വിശേഷദിവസങ്ങളും മത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെയുള്ള നാളുകളും ഉപവസിച്ചും ജപിച്ചും തുടിച്ചും അവര്‍ ആചരിക്കുന്നു.
ഇങ്ങനെയെല്ലാം പ്രമേഹത്തേയും ഈശ്വരനേയും ഭജിച്ചിട്ടും രണ്ടും അമ്മായിയെ പ്രസാദിച്ചില്ല. പഞ്ചസാരയുടെ അളവ് മുന്നൂറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. വിളിച്ചാല്‍ വിളിപ്പുറത്തെന്നു പേരുകേട്ട ഈശ്വരന്മാര്‍ ഒരിക്കലും അനുഗ്രഹം നല്‍കാന്‍ പ്രത്യക്ഷപ്പെട്ടില്ല.
ഡയാലിസിസിന് ആസ്പത്രിയിലേക്കു പോകുമ്പോള്‍ അമ്മായി പറഞ്ഞത് കേട്ട് ചുറ്റുമുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചു '' ഈശ്വരസേവേം ഔഷധസേവേം ഞാന്‍ മൊടക്കീട്ടില്യ. നാരായണാ, നാരായണാ.....തൃപ്പാദത്തിങ്കല്‍ ചേര്‍ക്കണേ!'
'പ്രമേഹവും ഈശ്വരനും ഒരു പോലെയാണ്. ശരീരത്തില്‍ കേറ്യാ വിട്ടു പോവില്ലല ' അടുത്തുനിന്നവര്‍ ആരോ പിറുപിറുപിറുത്തത് അമ്മായി കേട്ടുവോ എന്തോ!

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo