നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹേമന്തം കാത്തിരുന്ന പൂമരക്കൊമ്പുകള്‍


ഹേമന്തം കാത്തിരുന്ന പൂമരക്കൊമ്പുകള്‍
********************************************
പ്ലസ് ടൂവിലെ അവസാനത്തെ പരീക്ഷ കഴിഞ്ഞ് സെമിനാരിയിലേക്ക് ബസ്സില്‍ മടങ്ങുമ്പോള്‍ റോബിന്‍ ബസ്സില്‍,ഒരു സൈഡ് സീറ്റ് നോക്കിയാണ് ഇരുന്നത്.അവനൊപ്പം ഉള്ള ബാക്കി പതിനൊന്ന് വൈദിക വിദ്യാര്‍ഥികളും പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയും,തമാശയും ഒക്കെയായി ബസ്സില്‍ സജീവമായപ്പോള്‍ അവന്‍ ,നിശബ്ദനായിരുന്നു.
ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ അവന്‍ ഷട്ടര്‍ ഉയര്‍ത്തി.വേനല്‍ മഴ കഴിഞ്ഞിരുന്നു.ഏതോ തോടിന്റെ കരക്ക്‌ നില്‍ക്കുന്ന കടമ്പു പൂത്തിരിക്കുന്നു.തോട്ടങ്ങളില്‍ ഓലപ്പുല്ല് വളര്‍ന്നു പച്ചപ്പ്‌ നാമ്പിട്ട് തുടങ്ങിയിരിക്കുന്നു.റബ്ബര്‍ തോട്ടങ്ങളില്‍ മേഞ്ഞു കൊണ്ടിരിക്കുന്ന പശുക്കളുടെ അരികില്‍ വെളുത്ത കൊക്കുകള്‍,കഴിഞ്ഞ ജന്മത്തെ ഓര്‍മ്മകള്‍ അയവിറക്കുന്നത് പോലെ ,ദൂരേക്ക് നോട്ടം ഉറപ്പിച്ചു അനങ്ങാതെ നില്‍ക്കുന്നു.
പത്താം ക്ലാസ് കഴിഞ്ഞാണ് റോബിന്‍ സെമിനാരിയില്‍ ചേര്‍ന്നത്‌. മാതാപിതാക്കൾ നേരത്തേ മരിച്ചതിനാൽ അവന്റെ അപ്പന്റെ അമ്മയാണ് അവനെ വളർത്തിയത്.അവന്റെ വലിയമ്മച്ചിക്ക് അവന്‍ വൈദികനാകണം എന്നത് വലിയ ആഗ്രഹമായിരുന്നു.അവന്‍ അതിനു എതിര് നിന്നില്ല.അവനു പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നുമില്ലായിരുന്നു.വലിയമ്മച്ചി അവനെ നിര്‍ബന്ധിച്ച് ദൈവവിളി ക്യാമ്പില്‍ വിട്ടു.ക്യാമ്പ് കഴിഞ്ഞു തിരികെ വന്നപ്പോള്‍ വലിയമ്മച്ചി തീരെ കിടപ്പിലായി കഴിഞ്ഞിരുന്നു.പിറ്റേന്ന് മഴയും വെയിലും ഒരുമിച്ചു തെളിഞ്ഞ വൈകുന്നേരത്ത്,ഉണക്കയിലകള്‍ പൊഴിഞ്ഞു കിടക്കുന്ന റബ്ബര്‍ തോട്ടത്തിലെ ഇടവഴിയിലൂടെ വലിയമ്മച്ചിക്ക് അന്ത്യകുദാശ കൊടുക്കാന്‍ അവന്‍ വികാരിയച്ചനെ കൊണ്ട് വന്നു.റോബിന് സെമിനാരിയില്‍ പഠിക്കാന്‍ യോഗ്യത ലഭിച്ചതായി വികാരിയച്ചന്‍ അവന്റെ വലിയമ്മയോട് പറഞ്ഞു.
അച്ചന്‍ പോയപ്പോള്‍ വലിയമ്മച്ചി അവനെ അടുത്ത് വിളിച്ചു.അവന്‍ മുട്ട്കുത്തി ,ചുളിവു വീണ വലിയമ്മച്ചിയുടെ മുഖത്ത് ഉമ്മ വച്ചു. ജനാലയുടെ മരയഴികള്‍ വഴി കടന്നു വന്ന ,പോക്കുവെയിലിന്റെ ചിറകുകള്‍ വലിയമ്മച്ചിയുടെ സ്വര്‍ണ്ണ കുണുക്കുകളില്‍ പൊതിഞ്ഞു തിളങ്ങുന്നത് അവന്‍ കണ്ടു.വെളുത്ത ഭിത്തിയിലെ ചെറിയ ക്രൂശിത രൂപത്തില്‍ കിടന്നു ക്രിസ്തു വലിയമ്മച്ചിയെയും കൊച്ചു മകനെയും നോക്കി.പിയാത്ത ശില്പത്തിലെ മാതാവിന്റെ കണ്ണുകള്‍ എന്നത് പോലെ അമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"നിനക്ക് എപ്പോഴേലും തീരെ പറ്റത്തില്ലാ എന്ന് തോന്നുകാണെങ്കില്‍ തിരിച്ചു പോരണം."
"എനിക്ക് തോന്നത്തില്ല അമ്മച്ചി."
"പതിനഞ്ചു കൊല്ലം എടുക്കും പട്ടം കിട്ടണേല്‍..."അമ്മച്ചി പറഞ്ഞു.
അതിനു പിറ്റേന്ന് വലിയമ്മച്ചി മരിച്ചു. തനിച്ചായ അവനെ അമ്മയുടെ വീട്ടുകാർ കൂട്ടിക്കൊണ്ട് പോയി.
മൈനര്‍ സെമിനാരിയില്‍ ആദ്യത്തെ രണ്ടു വര്‍ഷം പ്ലസ് ടൂ.അത് കഴിഞ്ഞാല്‍ ഏതെങ്കിലും മേജര്‍ സെമിനാരിയില്‍ തുടര്‍ പഠനം.ഒപ്പം തിയോളജിയില്‍ ഡിഗ്രി.റോബിന്‍ ഇപ്പോള്‍ ആദ്യ വര്‍ഷമാണ്‌.അവരുടെ ബാച്ചില്‍ പന്ത്രണ്ട് കുട്ടികള്‍ ഉണ്ട്.സെമിനാരിയില്‍ ,അധ്യാപകര്‍ വന്നു ക്ലാസുകള്‍ എടുക്കും.പക്ഷെ അവര്‍ക്ക് മാത്രമായി പരീക്ഷ സെന്റര്‍ ഇല്ല.അത് കൊണ്ട് സെമിനാരിയില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്കൂളില്‍ പോയി പരീക്ഷ എഴുതണം.
അവന്റെ ആദ്യത്തെ പരീക്ഷ തുടങ്ങിയ ദിവസമായിരുന്നു.
ക്ലാസില്‍ കയറി ഇരുന്നപ്പോഴാണ് മനസ്സിലായത്‌.അവന്റെ അടുത്തിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്.കൗതുകം നിറഞ്ഞ മിഴികളോടെ ,കാവി ജൂബയും പാന്റും ധരിച്ച അച്ചന്‍കുട്ടിയെ അവള്‍ നോക്കി.റോബിന്‍ മുഖം കുനിച്ചു.
"എത്രയും ദയയുള്ള മാതാവേ "എന്ന ജപം മനസ്സില്‍ ചൊല്ലി അവന്‍ ചോദ്യക്കടലാസ് വാങ്ങി.ഉത്തരം എഴുതാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലായത് പേന തെളിയുന്നില്ല.
മടിയോടെ അടുത്തിരുന്ന കുട്ടിയുടെ മുഖത്തേക്ക് അവന്‍ നോക്കി.അവള്‍ ഉത്തരങ്ങള്‍ എഴുതി തുടങ്ങിരിക്കുന്നു.അവന്‍ നോക്കുന്നത് അവള്‍ അറിഞ്ഞു.ചോദ്യഭാവവുമായി അവള്‍ മുഖം ഉയര്‍ത്തി അവനെ നോക്കി.
"ഒരു പേന തരാമോ..."അവന്‍ ചോദിച്ചു.
അവള്‍ ഉടനെ തന്നെ ബോക്സ് തുറന്നു ഒരു പേന അവനു കൊടുത്തു.തുറന്നു വച്ച കാമല്‍ ബോക്സിനുള്ളില്‍ ,കന്യാമാതാവിന്റെ ഒരു ചെറിയ ചിത്രം ഒട്ടിച്ചിരിക്കുന്നു.
അവന്‍ ഉത്തരങ്ങള്‍ എഴുതി തുടങ്ങി.തലച്ചോറിന്റെ ഒരു ഭാഗം ഉത്തരക്കടലാസില്‍ ചെലവഴിച്ചപ്പോള്‍ ആത്മാവിന്റെ ഒരു ഭാഗം ആ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു.തന്റെ ഹൃദയം തുടിക്കുന്നത് അവന്‍ ആദ്യമായി അറിഞ്ഞു.വിശുദ്ധമായ അവളുടെ കണ്ണുകളില്‍ തിളങ്ങുന്നത് എന്താണ്?
പരീക്ഷ കഴിഞ്ഞു അവന്‍ പേന തിരിച്ചു കൊടുത്തു.അവര്‍ പരിചയപ്പെട്ടു.അവളുടെ പേര് എമിലി എന്നായിരുന്നു.തലമുടി മാടിയൊതുക്കി അവള്‍ സ്കൂള്‍ വരാന്തയിലൂടെ കൂട്ടുകാരികള്‍ക്കൊപ്പം നടന്നു മറയുന്നത് അവന്‍ നോക്കി നിന്നു.
പിന്നെ രണ്ടു ദിവസം കഴിഞ്ഞായിരുന്നു അടുത്ത പരീക്ഷ.
കാരണമില്ലാതെ ഒരു വേദന അവന്റെ ഹൃദയത്തെ മഥിച്ചു.സെമിനാരിയില്‍ പുലര്‍ച്ചെ ഉണര്‍ന്നു ,പ്രാര്‍ഥനാ ഹാളിലേക്ക് നടക്കുമ്പോഴും ,ചാപ്പലില്‍ തനിയെ ഇരുന്നു പ്രാര്‍ത്ഥിക്കുമ്പോഴും ,മഞ്ഞു പോലെ മൃദുലമായ എന്തോ ഒന്ന് ഹൃദയത്തില്‍ നിക്ഷേപിക്കപ്പെട്ടതായി അവനു തോന്നി.
എമിലി.
ഒരുപാട് പ്രാവശ്യം പേന തരാനായി അവള്‍ മുഖം ഉയര്‍ത്തിയപ്പോള്‍ നോക്കിയ നോട്ടം അവന്റെ മനസ്സിലൂടെ കടന്നു പോയി.എന്തൊരു തിളക്കമാണ് അവളുടെ കണ്ണുകള്‍ക്ക്.ഓരോ തവണയും അവന്‍ ആ നോട്ടവും ചിന്തയും അവന്‍ മനസ്സില്‍ നിന്ന് മായിച്ചു കളയാന്‍ ശ്രമിച്ചു.താന്‍ പട്ടത്തിനു പടിക്കുന്നവനാണ്.യോഗ്യമല്ലാത്ത ചിന്തകള്‍ കാവല്‍ മാലാഖേ മനസ്സില്‍ നിന്ന് മായിച്ചു കളയുക.
അന്ന് രാത്രി റോബിന്‍ ഉറങ്ങാന്‍ കിടന്നു.ആരോ വിളിക്കുന്നത്‌ കേട്ട് അവന്‍ കണ്ണ് തുറന്നു.അവന്‍ ജനാല തുറന്നു.പുറത്തു നിലാവില്‍ മുങ്ങിക്കിടക്കുന്ന മരക്കൂട്ടങ്ങള്‍.ജനാലയുടെ അടുത്ത് ,പൂന്തോട്ടത്തില്‍ ,മുല്ലവള്ളികള്‍ പടര്‍ന്നു കയറിയ മരത്തിനു ചുവട്ടില്‍ ഒരു ബാലന്‍ നില്‍ക്കുന്നു.അവന്റെ അതേ പ്രായം.വെളുത്ത വസ്ത്രം.സുന്ദരമായ മുഖം.
അവന്‍ റോബിനെ കയ്യാട്ടി വിളിച്ചു.അവന്‍ വാതില്‍ തുറന്നു ബാലന്റെ അരികിലേക്ക് നടന്നു ചെന്നു.എല്ലായിടത്തും മുല്ലപ്പൂവിന്റെ സൗരഭ്യം പടര്‍ന്നിരിക്കുന്നു.
അവന്‍ റോബിന്റെ മുന്‍പിലേക്ക് പുഞ്ചിരിയോടെ കൈ നീട്ടി.അവന്റെ കയ്യില്‍ രണ്ടു പൂക്കള്‍ ഉണ്ടായിരുന്നു.പേരറിയാത്ത ആകര്‍ഷകമായ രണ്ടു പൂക്കള്‍.
"ഏതെങ്കിലും ഒന്നേ എടുക്കാന്‍ പറ്റൂ.." ബാലന്‍ പറഞ്ഞു.
അവന്‍ അത് തൊട്ട് നോക്കി.ഒന്നിന് ആകര്‍ഷകമായ ഗന്ധമാണ്.മറ്റേതിന് ആകര്‍ഷകമായ നിറവും രൂപവുമാണ്.
"ഉടനെ തീരുമാനിക്കണം.ഇനി അധികം സമയമില്ല."ബാലന്‍ പറഞ്ഞു.
"എതെടുക്കണം..?"
ആശയക്കുഴപ്പത്തില്‍ അവന്‍ ഞെട്ടി ഉണര്‍ന്നു.എല്ലായിടവും നിശബ്ദമാണ്.മനസ്സില്‍ നിന്ന് ആ സ്വപ്നം മായുന്നില്ല.എന്താണ് ആ രണ്ടു പൂക്കള്‍ ?ആരാണ് ആ ബാലന്‍?
സ്വപ്നങ്ങളില്‍ തന്റെ ആത്മാവ് അഭിരമിക്കാതിരിക്കട്ടെ.സമയത്തിന്റെ നീലക്കടല്‍ പോലെ പതിനഞ്ചു വര്‍ഷങ്ങള്‍ ഇനിയും തന്റെ മുന്നില്‍ നീണ്ടു കിടക്കുകയാണ്.
അടുത്ത പരീക്ഷക്ക് പോയപ്പോള്‍ അവന്‍ പേനകള്‍ തെളിയുമെന്ന് ഉറപ്പ് വരുത്തിയിരുന്നു.എമിലിയുടെ മുഖത്ത് നോക്കാതിരിക്കാന്‍ അവന്‍ ശ്രമിച്ചു.പരീക്ഷ കഴിഞ്ഞ്,അവന്‍ വേഗം പുറത്തിറങ്ങി.അപ്പോള്‍ പുറകില്‍ നിന്ന് ഒരു വിളി കേട്ടു.
"റോബിന്‍.."
അവന്‍ തിരിഞ്ഞു നോക്കി.
എമിലി.
അവള്‍ വേഗത്തില്‍ അവന്റെ അരികിലേക്ക് നടന്നു വന്നു.അവളുടെ സില്‍ക്ക് പോലെ മൃദുലമായ മുടിയിഴകള്‍ കാറ്റില്‍ പറന്നു.നാസികത്തുമ്പില്‍ വിയര്‍പ്പ് തുള്ളികള്‍ സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങി. നിലാവ് കൊണ്ട് എഴുതപ്പെട്ട കവിത പോലെ അവൾ സുന്ദരിയായിരിക്കുന്നു.
"കാരികുന്നത്താ റോബിന്റെ അമ്മവീട് അല്ലെ.ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് റോബിന്റെ അമ്മവീടിന്റെ അടുത്താ.കഴിഞ്ഞ ദിവസം റോബിന്റെ ആന്റിയെ കണ്ടിരുന്നു."
അവര്‍ അല്‍പ്പ നേരം കൂടി സംസാരിച്ചു.അവന്റെ മുഖത്ത് കൂടി വിയര്‍പ്പ് ചാലിട്ടൊഴുകി.കൈകള്‍ കീശയിലെക്ക് താഴ്ത്തി ,ജപമാലയില്‍ അവന്‍ തെരുപ്പിടിച്ചു.അവന്റെ നെഞ്ചു വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
പതുപതുത്ത മേഘങ്ങള്‍ക്കിടയിലൂടെ നടക്കുന്നത് പോലെ.അനന്തമായ ഒരു പുല്‍മേട്ടില്‍ ഒറ്റക്ക് നില്‍ക്കുന്നത് പോലെ.
അല്പം കഴിഞ്ഞു അവള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.അന്ന് തിരികെ സെമിനാരിയിലേക്ക് പോകുമ്പോള്‍ മരിക്കുന്നതിനു മുന്‍പ് അവന്റെ മനസ്സില്‍ വലിയമ്മച്ചിയുടെ തിളങ്ങുന്ന കുണുക്കുകള്‍ ആയിരുന്നു.
"പതിനഞ്ചു വര്‍ഷമാ പട്ടം."തൊട്ട് അടുത്തിരുന്നു വലിയമ്മച്ചി പറയുന്നത് പോലെ.
ഇനിയും മൂന്നു പരീക്ഷകള്‍ കൂടിയുണ്ട്.ഇനി ആ ചിന്ത തന്റെ മനസ്സിലൂടെ കടന്നു പോകില്ല എന്ന് അവന്‍ നിശ്ചയിച്ചു ഉറപ്പിച്ചു.
സെമിനാരിയില്‍ പുലര്‍ച്ചെ ആറു മണിക്ക് ഉണരണം.ആറരക്ക് പ്രഭാത പ്രാര്‍ത്ഥന.പിന്നെ അല്പം കഴിയുമ്പോള്‍ നിശബ്ദ ധ്യാനം.എഴേകാലിനു ദിവ്യ ബലി,പിന്നെ പ്രാതല്‍ .ഒന്‍പതു മണി മുതല്‍ പഠനവും ക്ലാസും തുടങ്ങുകയാണ്.അവന്‍ പതിവിലും ശക്തമായി ഓരോ പ്രവര്‍ത്തിയിലും മനസ്സുറപ്പിച്ചു.
ഒരു മഷിത്തണ്ട് കൊണ്ട് എന്നത് പോലെ മനസ്സിലെ സ്ലേറ്റില്‍ നിന്ന് അവന്‍ എമിലി എന്ന പേര് മായിക്കാന്‍ ശ്രമിക്കുകയാണ്.
ഉച്ച തിരിഞ്ഞു പള്ളിയുടെ കരിങ്കല്‍ ഭിത്തിയില്‍ ചാരി ഇരുന്നു അവന്‍ പഠിക്കാന്‍ പുസ്തകം തുറന്നു.അറിയാതെ അവന്റെ കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ന്നു.പഞ്ഞിത്തുവാലകള്‍ പോലെ പറക്കുന്ന മേഘങ്ങൾക്കിടയില്‍ തെളിയുന്ന നീലച്ച ആകാശം.
അവളുടെ ചുരിദാറിന്റെ നിറം.കടും നീല..എത്ര മറക്കാന്‍ ശ്രമിച്ചുവോ അത്ര ശക്തിയില്‍ അവളുടെ മുഖം മനസ്സില്‍ തെളിയുന്നു.
ചുറ്റും മുല്ലപ്പൂക്കളുടെ സൗരഭ്യം.
അവന്റെ അരികില്‍ പള്ളിനടയില്‍ ആ ബാലന്‍ ഇരിക്കുന്നു.കളിയായി ചിരിച്ചു കൊണ്ട് ആ ബാലന്‍ ചോദിക്കുന്നു.
"ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം..ഉടനെ വേണം..."
അവന്‍ ഞെട്ടി കണ്ണ് തുറന്നു.ചുറ്റും ആരുമില്ല.പരീക്ഷണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അവന്‍ മനസ്സില്‍ സുകൃത ജപങ്ങള്‍ ആവര്‍ത്തിച്ചു.പക്ഷെ...
അടുത്ത പരീക്ഷക്ക്‌ അവള്‍ വന്നില്ല.
തന്റെ മനസ്സില്‍ സങ്കടമാണോ അതോ ആശ്വാസമാണോ..അവനു മനസ്സിലായില്ല.
അവളെ കാണാതിരിക്കുമ്പോള്‍ മനസ്സില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശക്തമാവുകയാണ്.എന്തായിരിക്കും അവള്‍ വരാത്തത്...?ആരോടെങ്കിലും അന്വേഷിച്ചാല്‍...വേണ്ട...താന്‍ ഒരു സെമിനാരി വിദ്യാര്‍ഥിയാണ്.
പിന്നെയുള്ള പരീക്ഷകൾക്കും എമിലി എത്തിയില്ല.
ഒടുവില്‍ അവസാന പരീക്ഷയും ഇന്ന് കഴിഞ്ഞു.അവള്‍ വന്നില്ല.
ബസ്സില്‍ നിന്നിറങ്ങി അവര്‍ സെമിനാരിയിലെക്ക് നടന്നു.വൈകുന്നേരം സെമിനാരിയുടെ ഡയറക്ടർ അച്ചന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.
"നിങ്ങളുടെ പ്ലസ് ടൂ പരീക്ഷ ഇന്ന് അവസാനിച്ചു.നാളെ മുതല്‍ നിങ്ങള്‍ക്ക് ഒരാഴ്ച അവധിയാണ്.അതിനു ശേഷം ഒരു ഇന്റര്‍വ്യൂ കൂടി ഉണ്ടാകും.നിങ്ങളില്‍ ആര്‍ക്കെങ്കിലും ഈ സപര്യ തുടരാന്‍ കഴിയില്ല എന്ന് തോന്നുന്നുവെങ്കില്‍ ,ആ കാര്യം ഇന്റര്‍വ്യൂവില്‍ പറയാം.നിങ്ങളുടെ പ്ലസ് ടൂ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.പൂര്‍ണ്ണ മനസ്സോടെ വേണം വൈദിക പഠനം തുടരാന്‍.സ്വതന്ത്രമായ മനസ്സോടു കൂടി തീരുമാനം എടുക്കുക."
അവന്‍ പിറ്റേന്ന് തന്നെ അമ്മവീട്ടിലേക്ക് യാത്ര തിരിച്ചു. മനസ്സില്‍ ഒരു നിശബ്ദത ഉറഞ്ഞു കൂടിയിരിക്കുന്നു.
എമിലിക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചാലോ ?അവന്‍ ആ ആഗ്രഹം അടക്കി വച്ചു.കഴിയുന്നില്ല.ഒടുവില്‍ അവധി തീരുന്നതിന്റെ തലേന്ന് രാവിലെ അവിടുത്തെ ഇടവക പള്ളിയില്‍ പോയി കുര്‍ബാനയില്‍ കൂടിയതിനു ശേഷം ഒരു കൂട്ടുകാരനെ കാണാന്‍ ഉണ്ടെന്നു പറഞു അവന്‍ എമിലിയുടെ വീട് തിരഞ്ഞിറങ്ങി.ഒടുവില്‍ പണിപ്പെട്ട് അവളുടെ വീട് കണ്ടു പിടിച്ചു.വീടിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവന്‍ ഒരു നിമിഷം നിന്നു.താന്‍ എന്തിനാണ് അവളെ അന്വേഷിക്കുന്നത്..ഉള്ളില്‍ ആ ബാലന്റെ സ്വപ്നത്തിലെ സ്വരം...മുല്ലപ്പൂവിന്റെ ഗന്ധം..?തിരിച്ചു പോയാലോ...?
തിരിച്ചു നടക്കാന്‍ ഒരുങ്ങവേ അടുത്ത വീട്ടില്‍ നിന്ന് വൃദ്ധ ഇറങ്ങി വന്നു.
"ആ വീട്ടില്‍ ആരുമില്ല.എല്ലാവരും ആശുപത്രിയിലാ..എമിലിക്ക് അസുഖം കൂടി.."
അവന്‍ പിറ്റേന്നു ആശുപത്രിയില്‍ എത്തി.തലച്ചോറില്‍ രക്തം കട്ട പിടിക്കുന്ന അസുഖമാണ് അവള്‍ക്ക്.ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു.പക്ഷെ ഇപ്പോള്‍ വഷളായി..
അവന്‍ ആശുപത്രി കിടക്കയില്‍ അവളുടെ അരികില്‍ നിന്നു.അനേകം ട്യൂബുകളുടെ ഇടയില്‍,നീല ആശുപത്രി ഉടുപ്പ് ധരിച്ച് ഒരു പ്രാവിനെ പോലെ അവള്‍ മയങ്ങി കിടന്നു.
"അവള്‍ക്ക് പരീക്ഷ എഴുതാന്‍ വലിയ ആഗ്രഹമായിരുന്നു.പക്ഷെ..." അവളുടെ അമ്മയുടെ വിതുമ്പല്‍.
നാളെയാണ് സര്‍ജറി.രക്ഷപെടാന്‍ സാധ്യത വളരെ കുറവാണ്.എങ്കിലും മറ്റൊരു വഴിയുമില്ല.
അവന്‍ പിറ്റേന്ന് സെമിനാരിയില്‍ എത്തി.ഇന്ന് മേജര്‍ സെമിനാരിയില്‍ പ്രവേശനം നേടുന്നതിനു മുന്‍പ് ഉള്ള അഭിമുഖമാണ് അല്പം കഴിഞ്ഞാല്‍.തന്റെ അഭിമുഖം നടക്കുമ്പോള്‍ എമിലിയുടെ സര്‍ജറി നടക്കുകയായിരിക്കും.അവന്റെ മനസ്സ് കലങ്ങി മറിഞ്ഞു.
പള്ളിയുടെ കരിങ്കല്‍ഭിത്തിയുടെ തണുപ്പ് പറ്റി അവന്‍ ആകാശത്തേക്ക് നോക്കിയിരുന്നു.അവളുടെ കടുംനീല നിറം മങ്ങിയോ..?പട്ടുതുവാലകള്‍ പോലെയുള്ള വെള്ളി മേഘങ്ങള്‍ എവിടെ ?ദൂരെ നിന്ന് വരുന്നത് മഴ മേഘങ്ങള്‍ അല്ലെ..?"
"എന്ത് തീരുമാനിച്ചു?" അവന്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.പള്ളിയുടെ പടിക്കെട്ടുകളില്‍ ഇരുന്നു ഒരു വെള്ളപ്രാവിനെ ഓമനിച്ചു കൊണ്ട് തൂവെള്ള വസ്ത്രം ധരിച്ച ആ ബാലന്‍ അവനെ നോക്കി പുഞ്ചിരിച്ചു.
"എമിലി ജീവിക്കുമോ ?"അവന്‍ ആ ബാലനോട് ചോദിച്ചു.
മഴയുടെ ആദ്യ തുള്ളി വീണു.
"നീ തീരുമാനിക്കുന്നത്‌ പോലെ.നിനക്ക് മാത്രമേ ഇനി അവളെ രക്ഷിക്കാന്‍ കഴിയു.ത്യാഗത്തിന്റെ കടലിലേക്ക് നീ നടന്നാല്‍ അവള്‍ ജീവിതത്തിന്റെ തീരത്തിലേക്ക് തിരിച്ചു വരും."
റോബിന്റെ മുഖത്ത് ഒരു നിശ്ചയം രൂപപ്പെടുന്നത് ആ ബാലന്‍ കണ്ടു.മഴ തുടങ്ങിയിരുന്നു.അവന്‍ മഴയിലൂടെ ജീവിതം നിർണ്ണയിക്കുന്ന അഭിമുഖത്തിനു വേണ്ടി നടന്നു.
മഴ.
ഒരു മഴ ഒരിക്കല്‍ മാത്രമേ നനയാന്‍ കഴിയൂ.
ആ മഴയിലേക്ക് .അവന്‍ നടന്നു മറയുന്നത് നോക്കി ബാലന്‍ കയ്യില്‍ ഇരുന്ന വെളുത്ത പ്രാവിനെ ആകാശത്തേക്ക് പറത്തി വിട്ടു.
ആരുടെയോ സ്വപ്നത്തിലെ നീലാകാശത്തിലേക്ക്,പട്ടു തുവാലകള്‍ പോലെയുള്ള മേഘങ്ങളിലേക്ക് അത് പറന്നു പോയി.
(അവസാനിച്ചു)

By
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot