Slider

..ഗപ്പി..

0

..ഗപ്പി..
..............
രാവിലെത്തന്നെ ഉറക്കമെഴുന്നേറ്റത് നല്ല ബഹളം കേട്ടുകൊണ്ടാണ്.. കിടപ്പുമുറി മുകളിലത്തെ നിലയിലായിരുന്നതിനാൽ ജനാലപ്പഴുതിലൂടെ താഴെ ബഹളം കേട്ട സ്ഥലത്തേക്ക് എത്തി നോക്കി...
വീടിനു പുറകുവശത്തെ കിണറിന്റെ ചുറ്റും കുറച്ചു പേർ കൂടി നിൽക്കുന്നു... കൂട്ടത്തിൽ കുടവയറുംതലോടിക്കൊണ്ട് അച്ഛനും നിൽക്കുന്നുണ്ട്.
ഓ... വല്ല പൂച്ചയും വീണു കാണും.. അതിന് ഇതിനു മാത്രം ബഹളം വയ്ക്കേണ്ട കാര്യം ഉണ്ടോ?
താഴെപ്പോയി കാര്യം തിരക്കാൻ തന്നെ തീരുമാനിച്ചു.മരപ്പലകയിൽ തീർത്ത വിശാലമായ കോണിപ്പടികൾ താഴേക്ക് നീണ്ടു കിടക്കുകയാണ്. ജാമ്പവാന്റെ കാലത്തെ നിർമ്മിതി ആയതിനാൽ വളരെ സൂക്ഷിച്ചാണ് താഴേക്ക് ഇറങ്ങിയത്. എങ്ങാനും ഒടിഞ്ഞു പോയാൽ തീർന്നു.
ഞാൻ പതുക്കെ കിണറ്റിൻകരയിലെത്തി. കിണറിനു ചുറ്റും മൊത്തം അഞ്ചു പേർ.. ആ കൂട്ടത്തിൽ അച്ഛനും കോയക്കയും തമ്മിലാണ് വഴക്ക് നടക്കുന്നത്..മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ച് അച്ഛൻ കോയക്കയെ ചീത്ത വിളിക്കുകയാണ്.
കോയക്ക ഞങ്ങളുടെ അയൽവാസിയാണ്. പോരാത്തതിന് ആയിഷയുടെ വാപ്പയും. എന്നിട്ടാണ് അച്ഛൻ അയാളോട് ഇങ്ങനെ പെരുമാറുന്നത്.
"എന്താണ് പ്രശ്നം ??"
ഞാൻ ആകാംഷയോടെ ചോദിച്ചു.
" ദേ... ഈ കിണറാണ് പ്രശ്നം "
ഇത്തവണ മറുപടി പറഞ്ഞത് രാമേട്ടനാണ്. രാമേട്ടൻ സ്ഥലത്തെ പ്രധാനഅലങ്കാരമത്സ്യകൃഷിക്കാരനാണ്.
"എന്ത് കിണറോ? കിണറ്റിൽ എന്താണ് പ്രശ്നം....? "
ഉടനെ വന്നു അച്ഛന്റെ ഉച്ചത്തിലുള്ള മറുപടി.
" ഈ കിണറു നിറയെ കുപ്പികളാണെടാ."
ഇതു കേട്ട രാമേട്ടൻ പൊട്ടിച്ചിരച്ചു കൊണ്ട് പറഞ്ഞു.
"കുപ്പിയല്ല ദാസേട്ടാ ഗപ്പിയാണ് ഗപ്പി..."
ഞാൻ : ഗപ്പിയോ ?അത് മീനല്ലേ??
രാമേട്ടൻ : അതെ. നല്ല ഒന്നൊന്നര തായ്‌ലന്റ് കാരൻ ഗപ്പി.. എന്റെ വർണ്ണമത്സ്യ ശേഖരത്തിൽ പോലുമില്ല ഈ ഇനങ്ങൾ.
ഞാൻ : അതെങ്ങനെ ഇവിടുത്തെ കിണറ്റിൽ എത്തി? അതിന് കോയക്കയെ എന്തിനാണ് അച്ഛൻ ചീത്ത വിളിക്കുന്നത്.?
അച്ഛൻ : ഡാ... ഈ കോയേന്റെ ഇളയ മകനുണ്ടല്ലോ ...അവനാടാ ഈ ഗപ്പിയെ നമ്മുടെ കിണറ്റിൽ കൊണ്ട് ഇട്ടത്.അതിപ്പോൾ പെറ്റുപെരുകി ലക്ഷക്കണക്കിന് മീൻ കുഞ്ഞുങ്ങളാ ഈ കിണറ്റിൽ ഇപ്പോൾ നീന്തിത്തുടിക്കുന്നത്.
ഞാൻ : ഏയ് അവൻ ആയിരിക്കില്ല. അവൻ ചെറിയ കുട്ടിയല്ലേ....?
രാമേട്ടൻ : ഒന്നു പോടാ ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതാ..... ആ ചെറുക്കൻ തന്നെയാ കിണറ്റിൽ ഗപ്പികളെ കൊണ്ടിട്ടത്.
ഞാൻ : പോട്ടെന്ന്.... ഇത് നമ്മൾ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കിണർ അല്ലല്ലോ..? കുടിക്കാനും മറ്റും വീടിന്റെ മുൻവശത്തെ കിണറിൽ നിന്നല്ലേ വെള്ളമെടുക്കുന്നത്.....
അച്ഛൻ : എന്ത് പോട്ടെന്ന്.... ആരാന്റെ വീട്ടിലെ കിണറ്റിലാണോ തോന്നിവാസം കാണിക്കുന്നത്?
ഡോ കോയേ താൻ മക്കളെ മര്യാദയ്ക്ക് വളർത്തണം..
ഞാൻ : ഹാ..... വിട്ടേക്ക് അച്ഛാ അവൻ കൊച്ചു കുട്ടിയല്ലേ '.... കോയക്കാ ങ്ങള് പോയ്ക്കോ......
മോനെ വഴക്കൊന്നും പറയണ്ട ട്ടാ......
കോയക്ക വ്യസനത്തോടെ വീട്ടിലേക്ക് പോയി..
ഞാൻ : വെള്ളത്തിൽ കുറച്ചു ബ്ലീച്ചിങ് പൗഡർ കലക്കി ഒഴിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ....
അച്ഛൻ :വെള്ളത്തിൽ മാത്രമാക്കേണ്ട കുറച്ച് എന്റെ വയറ്റിലേക്കും ഒഴിച്ചേക്ക്.
ഞാൻ : വയറ്റിലേക്കോ?
അച്ഛൻ : അതേടാ വയറ്റിലേക്ക് തന്നെ.. നിനക്കറിയാമോ എന്നും രാവിലെ ജോഗിങ്ങിന് പോയി മടങ്ങി വരുമ്പോൾ ഈ കിണറ്റിലെ വെള്ളമാടാ ഞാൻ കുടിച്ചോണ്ടിരുന്നത്.
ഇന്നും കുടിച്ചു, കുറെ വെള്ളം. ഒരു പത്തമ്പത് ഗപ്പിക്കുഞ്ഞുങ്ങളെ അകത്താക്കിയിട്ടാടാ ഞാനീ നിൽക്കുന്നത്.
പെട്ടെന്നാണ് അത് സംഭവിച്ചത്.കോയക്ക മകനെയും കൊണ്ട് ഓടി വന്നിരിക്കുന്നു. ഇത്തവണ ഉറഞ്ഞു തുള്ളിയുള്ള വരവാണ്.
കോയക്ക : ഡോ... ദാസാ കൊറച്ച് മുൻപ് ഇജ്ജ് ഞമ്മളോട് ഒരു വാക്ക് പറഞ്ഞീനും.. അത് ഞമ്മളിപ്പോ അന്നോട് തിരിച്ച് പറയാണ്.
" മക്കളെ മര്യാദയ്ക്ക് വളർത്തണം''
അച്ഛൻ : തോന്നിവാസം കാണിച്ചതും പോരാഞ്ഞിട്ട് ഡയലോഗ് പറയുന്നോ'?
കോയക്ക : തോന്നിവാസം കാണിച്ചത് ഞമ്മളെ മോനല്ല.....അന്റെ മോനാണ്.
ഞാൻ : ഞാനോ?
കോയക്ക : അതേ .ഇയ്യ് തന്നെ.ഇജ്ജല്ലേടോ ഞമ്മളെ മോന് ഈ........... പടച്ചോനേ മറന്നു പോയല്ലോ. എന്തേനും ആ മീനിന്റെ പേര് ?????
രാമേട്ടൻ : ഗപ്പി.......
കോയക്ക : അതന്നെ... ആ ഗപ്പിനെ ഞമ്മളെ മോന് മേടിച്ച് കൊടുത്തത് ഇജ്ജല്ലേടാ പഹയാ...
അച്ഛൻ : നേരാണോടാ ഇയാൾ ഈ പറയുന്നത്.
ഞാൻ : അങ്ങനെ ചോദിച്ചാൽ....
അച്ഛൻ : ഫാ!!!....... പഴയ പോലീസുകാരനാടാ ചോദിക്കുന്നത് സത്യം പറയെടാ, നീയാണോ ഈ ചെറുക്കന്ഗപ്പികളെവാങ്ങിക്കൊടുത്തത്??
ഞാൻ : അതെ..
അച്ഛൻ:എന്തിനാടാവാങ്ങിക്കൊടുത്തത്?
ഞാൻ : അത് പിന്നെ വർണ്ണമത്സ്യങ്ങൾ എന്നു പറഞ്ഞാൽ കോയക്കാന്റെ മോന്റെ ഒരു വീക്ക്നെസ് ആണ്..... അപ്പോ പിന്നെ അവന്റെ വീക്നെസിൽ തന്നെ കേറി പിടിക്കാമെന്ന് വച്ചു.
കോയക്ക : പടച്ചോനേ അതിന്റെ ഇടക്ക് അവിടെ കേറി പിടിക്കുകയും ചെയ്താ....... വന്ന് വന്ന് ഇന്നാട്ടിൽ ആൺപിള്ളേർക്കും വഴിനടക്കാൻ പറ്റാണ്ടായാ????
രാമേട്ടൻ : ഹാ.. താനൊന്ന് മിണ്ടാതിരിക്കെടോ കോയാ.. ഇത് താനുദ്ദേശിച്ച പിടുത്തം അല്ല.
അച്ഛൻ :സത്യം പറയെടാ എന്തിനാടാ നീയവന് ഗപ്പിയെ വാങ്ങിക്കൊടുത്തത് ?
ഞാൻ : അത്... കോയക്കന്റെ മൂത്ത മോളില്ലേ ... ആയിഷ . ഓളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
പറഞ്ഞ് തീർന്നതും അച്ഛന്റെ അഞ്ചുവിരലുകൾ എന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. നല്ല അഞ്ചിന്റെ പഞ്ച്.......
രാമേട്ടൻ : അതിന് നീ എന്തിനാടാ ഈ ചെറുക്കന്ഗപ്പികളെവാങ്ങിക്കൊടുത്തത്?
ഞാൻ : അതു പിന്നെ എനിക്ക് ഇഷ്ടമാണെന്ന കാര്യം അവളെ അറിയിക്കാൻ ഞാൻ ഇവനെയാണ് ഉപയോഗിച്ചത്... ഗപ്പികളെ വാങ്ങിക്കൊടുത്ത് ഇവനെ ഞാൻ പാട്ടിലാക്കി... ഇവൻ അവളടെ അടുത്ത് കാര്യം അവതരിപ്പിക്കുകയും ചെയ്തു.
ഇതറിഞ്ഞ ആയിഷ ചെറുക്കനെ പിടിച്ചു തല്ലി.അതിന്റെ ദേഷ്യം തീർക്കാനാ അവൻ ഗപ്പികളെ നമ്മുടെ കിണറ്റിൽ കൊണ്ടിട്ടത്.
കോയക്ക : അപ്പോ ഓൾക്ക് അന്നെ ഇഷ്ടല്ല ല്ലേ...?
ഞാൻ : അല്ല..
കോയക്ക : മതി .ഞമ്മക്ക് അത് കേട്ടാമതി.
"മക്കളെ മര്യാദയ്ക്ക് വളർത്തണം" എന്ന മഹത്തായ നിർവചനം ഒരിക്കൽ കൂടി അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞതിന് ശേഷം കോയക്ക ചെറുക്കനേം വിളിച്ചോണ്ട് സ്വന്തം വീട്ടിലേക്ക് പോയി..
ഈ പ്രശ്നം കാരണം രണ്ടു മൂന്ന് കാര്യങ്ങൾ നടന്നു.
ആദ്യത്തേത് എന്റെയും കോയക്കേടെയും വീടിന്റെ ഇടയിൽ വിശ്രമിച്ചുകൊണ്ടിരുന്ന മതിലിന്റെ ഉയരം കൂടി അഥവാ കൂട്ടി.
രണ്ടാമത്തേത് പതിനെട്ടാമത്തെ വയസ്സിൽത്തന്നെ കോയക്ക ആയിഷയുടെ കല്യാണം നടത്തി.
മൂന്നാമത്തേത് കേൾക്കാൻഅത്ര സുഖകരമല്ലാത്ത കാര്യമാണ്.
മറ്റൊന്നുമല്ല ഞമ്മളെ പേരിന്റെ മുന്നിൽ നാട്ടുകാര് ഗപ്പി എന്ന് ചേർത്ത് വിളിക്കാനും തുടങ്ങി.
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo