Slider

ജാനകി ടീച്ചര് (ചെറുകഥ)

0

ജാനകി ടീച്ചര് (ചെറുകഥ)
**************************
മൂന്ന് ദിവസായി നാട്ടിലെത്തീട്ട്. ഈ വരവിന്റെ പ്രധാന ഉദ്ദേശം ടീച്ചറെ കാണുക എന്നതാണ്. എന്റെ ഇന്നത്തെ യാത്രയും അങ്ങോട്ട് തന്നെ, ടീച്ചറുടെ അടുത്തേക്ക്.
ഇപ്പോ നിങ്ങള് കരുതുന്നുണ്ടാകും ഏതാ ഈ ടീച്ചറെന്ന്.
നെല്ലിക്കല് ഹൈസ്കൂളില് പഠിക്കുന്നകാലത്ത് എന്റെ ക്ലാസ്സ് ടീച്ചറും മലയാളം അധ്യാപികയുമായിരുന്ന ജാനകിടീച്ചറ്.
ആ കാലത്ത് പഠന നിലവാരം നന്നേ കുറഞ്ഞ കുട്ടികളിലൊരാളായിരുന്നു ഞാന്. കുരുത്തംകെട്ടവന്, തല്ലുകൊള്ളി, തുടങ്ങിയ സ്ഥാന പേരുകള് എനിക്ക് വന്നുചേര്ന്നുകൊണ്ടിരിക്കുന്ന സമയം.
അങ്ങനെ ഞാന് ജാനകി ടീച്ചറുടെ സ്ഥിരം നോട്ടപുള്ളിയായി. ആയിടയ്ക്കാണ് എന്നെ നന്നാക്കുവാനുള്ള ഊര്ജിത ശ്രമങ്ങള്ക്ക് ടീച്ചര് തുടക്കം കുറിച്ചത്.
അതിന്റെ ആദ്യ പടിയായി അച്ഛനെ സ്കൂളില് വിളിപ്പിച്ചു. സ്കൂളിന്റെ അടുത്തായി അച്ഛനന്ന് പലചരക്ക് കടയുണ്ടായിരുന്നു.
എന്റെ ദൈനദിന വിവരങ്ങളും, അച്ഛനറിയാതെ ഞാന് ഒളിച്ചുവെച്ച പരീക്ഷയുടെ മാര്ക്കും ടീച്ചര് കൃത്യമായി അച്ഛനെ അറിയിച്ചു. അങ്ങനെ ടീച്ചര് എന്റെ പ്രധാന ശത്രുവു, ഞാന് കടുത്ത ഈശ്വര വിശ്വാസിയുമായി.
ടീച്ചര്ക്ക് സ്ഥലം മാറ്റം കിട്ടാനും പനിപിടിച്ച് കിടപ്പിലാവാനും ഞാന് നിരന്തരമായി പ്രാര്ത്ഥനകള് നടത്തി.
അങ്ങനെ എന്റെ പ്രാര്ത്ഥനയുടെ ഫലമെന്നോണം ടീച്ചര്ക്ക് ഒരപകടം പറ്റി. അതോടെ ടീച്ചര് സ്കൂളില് വരാതെയായി.
ആദ്യമൊക്കെ സന്തോഷം തോന്നിയെങ്കിലും പിന്നീടെപ്പോഴോ എന്റെ പിഞ്ചുമനസ്സ് വേദനിച്ചുതുടങ്ങി. എന്റെ ശക്തമായ പ്രാര്ത്ഥനയാവാം ടീച്ചറുടെ അപകടത്തിനു കാരണമെന്ന് ഞാന് വിശ്വസിച്ചു പോന്നു.
അങ്ങനെ ദീര്ഘ നാളത്തെ ആലോചനയ്ക്ക് ശേഷം ടീച്ചറെ നേരിട്ടുകാണാനും മാപ്പുചോദിക്കാനുമായി ഞാന് ടീച്ചറുടെ വീട്ടിലേക്കുപോയി.
ഒരു ചൂരല് പ്രയോഗം പ്രതീക്ഷിച്ചുപോയ എനിക്ക് ടീച്ചര് സമ്മാനിച്ചത് അമ്മ തരാതെപോയ വാത്സല്യം നിറഞ്ഞ ഒരു ചുംബനമായിരുന്നു. ജനിച്ചപ്പോഴേ അമ്മ നഷ്ടപ്പെട്ട എനിക്ക് കിട്ടിയ അദ്യത്തെ വാത്സല്യ ചുംബനം.
അന്നുമുതല് ജാനകി ടീച്ചര് എന്റെ ഇഷ്ടപ്പെട്ട ടീച്ചറും, മലയാളം എന്റെ ഇഷ്ട വിഷയവുമായി.
ക്ലാസുകഴിഞ്ഞാല് ടീച്ചറുടെ കൂടെ നേരെ വീട്ടിലേക്ക്. ടീച്ചറുണ്ടാക്കിയ ഉണ്ണിയപ്പവും, അച്ചപ്പവും കഴിച്ചാല് പിന്നീടുള്ള സമയങ്ങള് പഠനത്തിന്റെതാണ്. രാത്രി കട അടച്ച് അച്ഛന് വീട്ടിലേക്ക് പോകുമ്പോ ഞാനും കൂടെ പോവൂ.
ടീച്ചറുടെ ചിട്ടയായ ശിക്ഷണത്തിന്റെ ശ്രമമെന്നോണം ക്ലാസിലെ മികച്ച വിദ്യാര്ത്ഥികളുടെ പട്ടികയില് വൈകാതെ ഞാനും ഇടം നേടി.
ആ ഇടയ്ക്കാണ് ക്ലാസില് സ്കോളര് ഷിപ്പിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്തത്. അതില് അമ്മയുടെ പേരിന്റെ സ്ഥാനത്ത് ഞാന് ജാനകി ടീച്ചര് എന്നെഴുതി. അവിവാഹിതയായ ടീച്ചറുടെ പേര് അപേക്ഷാ ഫോമിലെഴുതിയത് അന്ന് സ്റ്റാഫ് റൂമില് വലിയ ചര്ച്ചയായി. സഹപാഠികള് കളിയാക്കി, അപ്പോഴും ടീച്ചര്
വിളമ്പിയ ഉണ്ണിയപ്പത്തിന്റെ സ്വാദും, അമ്മയുടെ സ്നേഹവും തെല്ലുപോലും കുറഞ്ഞില്ല. പതിന്മടങ്ങ് കൂടിയതെയുള്ളൂ.
ആ സംഭവത്തോടെ ഞാന് സ്കൂളിലും കുട്ടികളുടെ ഇടയിലും ജാനകിടീച്ചറുടെ മകനായി. ടീച്ചര് എനിക്കമ്മയും.
ഉന്നത വിജയത്തോടെ പത്താം ക്ലാസ് പരീക്ഷ പാസായപ്പോഴും. പ്രീഡിഗ്രി, ഡിഗ്രി പഠനകാലത്തും എന്റെ എല്ലാ കാര്യങ്ങളും ഒരമ്മയെ പോലെ ടീച്ചര് ചോദിച്ചറിഞ്ഞു. പ്രസവിച്ചതുകൊണ്ടുമാത്രം അമ്മയാവില്ലെന്നും പ്രസവിക്കാതെയും ഒരു സ് ത്രിക്ക് അമ്മയാവാമെന്നും എനിക്ക് മനസിലാക്കിതന്നത് ടീച്ചറാണ്.
ജോലികിട്ടി ഒാസ്ട്രേലിയയിലേക്ക് പോകുമ്പോള് ഏറ്റവും വലിയ ദുഃഖം ടീച്ചര് എനി കൂടെയുണ്ടാവില്ലല്ലോ എന്നതായിരുന്നു.
ഇടയ്ക്ക് ഞാന് ടീച്ചറെ വിളിക്കും. മിക്കപ്പോഴും ടീച്ചര് കത്തുകളെഴുതും, അതാ ടീച്ചര്ക്കിഷ്ടം. രണ്ട് വര്ഷങ്ങള്ക്കുമുമ്പ് ടീച്ചര് സര് വീസില് നിന്നും വിരമിച്ചു. ഇപ്പോള് വീട്ടില് തനിച്ചാണ്.
ഒരു മനുഷായുസ്സ് മുഴുവന് വിദ്യാര്ത്ഥികള്ക്കും, അധ്യാപനത്തിനും വേണ്ടി മാറ്റി വെച്ച സ് ത്രീ. അവര് എന്നും എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു.
കൊന്നപൂക്കള് വീണുകിടക്കുന്ന നടവഴിയിലൂടെ എന്റെ കാര് മുന്നോട്ട് നീങ്ങി. മൂവാണ്ടനും ആഞ്ഞിലിയും തണലൊരുക്കിയ മുറ്റത്ത് നിന്നും ഞാന് കോലായിലേക്ക് കയറി.
ഉമ്മറത്തെ ചുവരില് മികച്ച അധ്യാപികയ്ക്കുള്ള അവാര്ഡ് പ്രസിഡറ്റിന്റെ കൈയില് നിന്നും വാങ്ങുന്ന ടീച്ചറുടെ ഒരു ബ്ലേക്ക് ആന്റ് വൈറ്റ് ഫോട്ടോ. പിന്നെ ചില പഴയകാല ഗ്രൂപ്പ് ഫോട്ടോകളും.
ഞാന് നോക്കുമ്പോ പഴയ ആ ചാരുകസേരയിലിരുന്ന് അടുത്ത വീട്ടിലെ കുട്ടികള്ക്ക് കുഞ്ഞുണ്ണി മാഷിന്റെ കവിതകള് പാടികൊടുക്കുകയായിരുന്നു ടീച്ചര് .
വളരെ അപൂര് വ്വമായി മാത്രമേ ഞാന് ടീച്ചറെ തനിച്ചു കണ്ടിട്ടുള്ളൂ. മിക്കപ്പോഴും ഏതെങ്കിലുമൊക്കെ കുട്ടികളുണ്ടാവും ടീച്ചറുടെ ഒപ്പം.
എന്നെ കണ്ടതും
''ന്റെ കുട്ടീ........ന്നും'' വിളിച്ച് ടീച്ചര് അടുത്തേക്ക് വന്നു. ഒരു അഞ്ചുവയസ്സുകാരിയുടെ നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു അപ്പോള് ആ മുഖത്ത്.
മൂന്ന് വര്ഷങ്ങള്ക്കിപ്പുറം ടീച്ചര്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. നെറ്റിയിലെ ആ ചുവന്ന വട്ടപൊട്ടും, അതിനു മുകളിലെ ചന്ദന കുറിയും ഇന്നും മായാതെ അതുപോലെ തന്നെ അവിടെയുണ്ട്. ഒരു മുടിയിഴപോലും അധികമായി നരച്ചിട്ടില്ല.
ടീച്ചര്ക്ക് വേണ്ടി വാങ്ങിയ ആ ഇളം മഞ്ഞ പൂക്കളുള്ള സാരി ഞാന് ടീച്ചറുടെ കൈയില് കൊടുത്തു.
ടീച്ചര്ക്ക് ഒരു സമ്മാനം വാങ്ങണമെന്നാലോചിച്ചപ്പോ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു. പഠിച്ച് ഒരു ജോലി കിട്ടിയാല് ടീച്ചര്ക്ക് ഒരു സാരി വാങ്ങികൊടുക്കണമെന്നത്. അതും ഇളം മഞ്ഞപ്പൂക്കളുള്ളത്.
അച്ഛന്റെ മരപ്പെട്ടിയില് സൂക്ഷിച്ച, ഞാനിന്നുവരെ നേരിട്ടു കാണ്ടിട്ടില്ലാത്ത അമ്മയുടെ ഫോട്ടോയില് അമ്മ ചുറ്റിയതും അതെ ഇളം മഞ്ഞ പൂക്കളുള്ള സാരിയായിരുന്നു.
എന്റെ കൈയില്‌ നിന്നും ആ സമ്മാനം വാങ്ങുമ്പോള് ടീച്ചറുടെ കണ്ണുകള് നിറഞ്ഞിരുന്നു. ടീച്ചര് മുഖം അതിലേക്ക് ചേര്ത്തുവെച്ച് ഒരു നിമിഷം നിന്നു.
മുഖമുയര്ത്തി എന്നെ നോക്കുമ്പോള് ആ മഞ്ഞ പൂക്കള് കണ്ണുനീരുവീണ് നനഞ്ഞിരുന്നു. അവയ്ക്ക് അപ്പോള് കൂടുതല് ഭംഗിയും, സുഗന്ധവുമുണ്ടായിരുന്നു..... അമ്മയുടെ സ്നേഹത്തിന്റെ ഗന്ധം....
ടീച്ചറെ ചേര്ത്തുപിടിച്ച് ഞാന് ആ വീടിന്റെ അകത്തേക്ക് നടന്നു നീങ്ങി.
അതിനുള്ളിലെ ഇളം തണുപ്പും, മങ്ങിയ വെളിച്ചവും എന്റെ ആത്മാവിലെക്കരിച്ചുകയറുന്നതായി എനിക്ക് തോന്നി.
അപ്പോഴും ടീച്ചറോട് പറയാന് ഒരു സറ് പ്രൈസ് ഞാന് എന്റെ ബേഗില് കരുതിയിരുന്നു.........
ഒരു എയര്ടിക്കറ്റ്.
ഈ വേനലവധിക്ക് ടീച്ചര് എന്റെ കൂടെയാണ്, ഒാസ്ട്രേലിയയില്. ടീച്ചര് സമ്മതിച്ചാല് എനി ഈ ജന്മം മുഴുവനും....
✍🏽 (ദിനേനന്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo