എയർ കേരള ( ഒരു സ്വപ്ന പദ്ധതി )
* * * * * * * * *
ഇതു വായിച്ചിട്ടാരും എന്റെ മെക്കിട്ടു കയറാൻ വരരുത്.കാരണം കണ്ട കാര്യം തുറന്ന് പറയുകയെന്നത് എന്റെയൊരു ശീലമായിപ്പോയി.
നാമെല്ലാവരും കണ്ണിലെണ്ണയും ഓയിലുമൊക്കെയൊഴിച്ച് കാത്തിരുന്ന എയർ കേരള പദ്ധതിക്ക് തുടക്കം കുറിച്ചു.അതീവ രഹസ്യമായിട്ടായിരുന്നു ചടങ്ങുകളെല്ലാം. ഈയുള്ളവനും ചടങ്ങിൽ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി.
കാലിക്കറ്റ് എയർപോർട്ടിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു ചടങ്ങ്. ക്ഷണിക്കപ്പെട്ടവരും അല്ലാത്തവരുമായി കുറെ പേരുണ്ട്. ഉദ്ഘാടനത്തിനായി തയ്യാറാക്കിയ പന്തലിന്റെ പ്രത്യേകത എടുത്തു പറയേണ്ടതു തന്നെയാണ്. തേങ്ങോലകൾ കൊണ്ടലങ്കരിച്ച മനോഹരമായ പന്തലിൽ അവിടവിടെയായി ഇളം കാറ്റിൽ ചെന്തെങ്ങിൻ കുലകളാടുന്നത് കാണാം. വെട്ടിയെടുത്ത് കെട്ടിവെച്ചവയാണ്.
ആടിയാടി അവയെങ്ങാനും വന്ന് തലയിൽ വീഴുമോയെന്ന് പേടിച്ച് മുകളിലേക്ക് നോക്കി വായും പൊളിച്ചു നിൽക്കുന്ന കഷണ്ടിക്കാരായ അഥിതികളെയും കണ്ടു. തലയിൽ മുടിയുള്ളവർക്ക് പിന്നെ തലയിൽ തേങ്ങ വീണാലും ചക്ക വീണാലും കുഴപ്പമില്ലല്ലോ.
ചടങ്ങിന് മുഖ്യാതിഥി വരാൻ ഇനിയും സമയമെടുക്കുമത്രെ.ഞാൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് എയർ കേരളയുടെ കൗണ്ടറിനടുത്ത് ചുറ്റിപ്പറ്റി നിന്നു. കസവു സാരിയുമുടുത്ത് നിൽക്കുന്ന മൊഞ്ചത്തികളായ മലയാളി മങ്കമാരെ കണ്ടു നിൽക്കാൻ ഒരു പ്രത്യേക സുഖം. നമ്മൾ ശ്രദ്ധിക്കുന്നുണ്ടെന്നറിയുമ്പോൾ അവർക്ക് വേറെയൊരു സുഖം.
പെട്ടെന്നാണ് നീലയും ചുമപ്പും നിറങ്ങളിലുള്ള യൂണിഫോമും ധരിച്ച് തലേക്കെട്ടും കെട്ടിയ കുറെ തടിമാടന്മാർ അവിടേക്ക് കയറി വന്നത്.പല പല ചുമട്ടുതൊഴിലാളി യൂണിയനിൽപെട്ടവരാണ്. കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയർ കേരളയുടെ വിമാനത്തിലേക്ക് ലഗേജുകൾ കയറ്റുന്ന ജോലി തുടക്കം മുതൽക്ക് തന്നെ അവർക്ക് വിട്ടുകൊടുക്കണമെന്നാണവരുടെ ആവശ്യം.
തികച്ചും ന്യായമായ ആവശ്യം. അതു കൊണ്ട് തന്നെ ഞാൻ തരുണീമണികളുടെ വായിൽ നോക്കുന്നത് നിർത്തി അൽപം ദൂരേക്ക് മാറിനിന്നു, തടി കേടാവാത്ത വിധം സങ്ങതി വീക്ഷിക്കാനായി.
തരുണികൾ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവർക്ക് മനസിലാവില്ലല്ലോ... ഒച്ചയും ബഹളവുമായി.ആളുകൾ കൂടിത്തുടങ്ങി. തിരക്കിനിടയിൽ എവിടെയൊക്കെയോ പന്തലിൽ കെട്ടിയിട്ട ചെന്തെങ്ങിൽ കുലകൾ നിലത്തേക്ക് വീഴുന്നുണ്ട്.
തൊഴിലാളികൾ വിട്ടുകൊടുക്കുന്നില്ല. ലഗേജുകൾ കയറ്റാൻ സമ്മതിക്കുന്നില്ലെങ്കിൽ അവർക്ക് വാട്സപ്പ് ചാർജ് കിട്ടണമത്രെ. അതെന്താണപ്പാ ഈ വാട്സപ്പ് ചാർജ്. തരുണികൾ മുകളിലേക്ക് വിളിച്ചു. മുകളിൽ നിന്നും ഒരു തരുണൻ ഓടി വന്നു. എയർ കേരള എന്നു പ്രിൻറു ചെയ്ത ഒരു ബലൂൺ ടൈക്ക് പകരമായി കഴുത്തിൽ കെട്ടിയിരിക്കുന്നു അവൻ. കാണാൻ നല്ല രസം. പക്ഷേ ഇനിയും കൂടുതൽ ഭാരം വഹിക്കാൻ കഴിയാത്തതുകൊണ്ടാവാം മൊഞ്ചത്തികളുടെ കഴുത്തിൽ ബലൂണുകളൊന്നും കാണാനില്ല.
ഇത് ഒരു വിമാനക്കമ്പനിയുടെ ഓഫീസാണെന്നും ഇവിടെ ചരക്കുകൾ കയറ്റിയിക്കുന്നതിന് അതിനേറെതായ ജോലിക്കാരുണ്ടെന്നും തരുണൻ ആഗതരോട് പറഞ്ഞു.
അങ്ങിനെയാണെങ്കിൽ തങ്ങൾക്ക് വാട്സപ്പ് ചാർജ് കിട്ടണമെന്നായി ആഗതർ.
" വാട്സപ്പ് ചാർജോ... അതെന്താ..?"
"നിങ്ങൾ വിമാനത്തിലേക്ക് ലഗേജുകൾ കയറ്റുന്നതിന്റെ ചിത്രങ്ങളോ വീഡിയോകളോ എടുത്ത് ഞങ്ങളുടെ വാട്സപ്പ് നമ്പറിലേക്ക് അയക്കുക.ഞങ്ങളത് നോക്കി ഒരു ചാർജ് പറയും.അതായത് വാട്സപ് നോക്കുകൂലി.."
എന്റമ്മോ... കാലം പോയ പോക്കേ.. നോക്കുകൂലി വരെ കുപ്പായംമാറ്റി പുതിയ പേരിലിറങ്ങിത്തുടങ്ങിയിരിക്കുന്നു. എന്റെ കേരള മുത്തപ്പാ കാത്തോളണേ....
" അതിന് ഈ വിമാനത്തിൽ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ലഗേജുകളൊന്നുമില്ല.. ആളുകളുമില്ല."
" ഉദ്ഘാടനത്തിനടിച്ചിറക്കിയ നോട്ടീസിൽ പറയുന്നുണ്ടല്ലോ കോഴിക്കോടു നിന്ന് ദുബായിലേക്ക് പോകുന്ന എയർ കേരളയുടെ ആദ്യ സർവീസ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നുവെന്ന്.. അത് പിന്നെ ആളും ലഗേജുമൊന്നുമില്ലാതെങ്ങനാ പോവുന്നത്"
"നിങ്ങൾ എയർ കേരളയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എയർ കേരളക്ക് അനുമതി കിട്ടിയെങ്കിലും അതിനുള്ള വിമാനം നമ്മുടെയടുത്തില്ല. അതു കൊണ്ട് തൽക്കാലം നമ്മൾ കടലാസുകൊണ്ട് ഉണ്ടാക്കിയ ഒരു കൊച്ചു വിമാനം പറപ്പിച്ചു കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.."
തരുണൻ വളരെ പണിപ്പെട്ട് അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. പക്ഷേ പിന്നേയും ഒരുചോദ്യം ബാക്കി.
അപ്പോ ദുബായ്ക്ക് പോകുന്നുവെന്ന് പറഞ്ഞതോ."
"അതോ.. അത് റൺ വെയുടെ ഒരരികിൽ ദുബായ് എന്നെഴുതിയ ഒരു ബോർഡ് കുത്തിച്ചാരിവെച്ചിട്ടുണ്ട്. മന്ത്രി വന്നാൽ പേപ്പർ വിമാനമെടുത്ത് ദുബായ് എന്നെഴുതിയിടത്തേക്ക് പറത്തി വിടും.. അതോടെ എയർ കേരള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും.. ''
പ്രശ്നമുണ്ടാക്കാൻ വന്ന ചുമട്ടുതൊഴിലാളികളെല്ലാം സലിം കുമാർ പറഞ്ഞ പോലെ അയാം ദസോറി ....അയാം സോറി എന്നും പറഞ്ഞ് പന്തലിൽ നിന്നും പുറത്തേക്ക് പോയി.
"ശൊ പാവം എയർ കേരളയെ ഞങ്ങൾ.....വേണ്ടായിരുന്നു... "
അവരിൽ പലരും സങ്കടം കൊണ്ട് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.
* * * * * *
ഒരു സ്വപ്ന പദ്ധതിയെന്ന് തുടക്കത്തിൽ തന്നെ എഴുതിയത് കൊണ്ട് സ്വപ്നത്തിൽ കണ്ടതാണെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ...
_________________________
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക