നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താമരയിതളുകൾ (ചെറുകഥ):


താമരയിതളുകൾ (ചെറുകഥ):
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
അവൻ ഓടിച്ചെല്ലുമ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ, അവന്റെ കളിക്കൂട്ടുകാരി അവളുടെ വീടിനു മുന്നിലുള്ള, ഒരു പാട് പടവുകളുള്ള വലിയ കുളത്തിന്റെ മുകളിലത്തെ പടവിൽ അവനെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
ആ കുളത്തിൽ മനോഹരമായി വിടർന്നു നിൽക്കുന്ന രണ്ട് മൂന്ന് താമരപ്പൂക്കളുണ്ട്. അവൻ വന്നാൽ അതിലൊരു പൂവ് സ്വന്തമാക്കണമെന്ന് അവൾ കരുതിയിരുന്നു. അവൾ ആവശ്യപ്പെടുമ്പോഴൊക്കെ എത്ര സാഹസപ്പെട്ടായാലും അവൻ പൂ പറിച്ച് നൽകാറുണ്ട്.
അൽപം നീളമുള്ള, കുളത്ത് കെട്ടിയ ഒരു കമ്പ് കൊണ്ട് പറിച്ചെടുക്കാറാണ് പതിവ്. കമ്പ് അവൾ കൊണ്ടു വച്ചിട്ടുണ്ട്. വെള്ളം തൊട്ടു കിടക്കുന്ന പടവിലേക്കിറങ്ങിയാലേ കമ്പുണ്ടെങ്കിലും പൂ പറിച്ചെടുക്കാൻ കഴിയുകയുള്ളൂ. അങ്ങോട്ടൊക്കെ ഇറങ്ങാൻ അവൾക്ക് പേടിയായിരുന്നു. അവൻ നിർബന്ധിക്കുമ്പോൾ ആ പടവ് വരെ ഇറങ്ങിച്ചെന്ന് വെള്ളം തൊടാറുണ്ട്. അവൻ കൂടെയുണ്ടാവുമ്പോൾ അവൾക്ക് കുറച്ചൊക്കെ ധൈര്യം ലഭിക്കുമായിരുന്നു.
ഒരു സ്കൂളിൽ തന്നെയായിരുന്നു അവർ രണ്ടു പേരും പഠിച്ചിരുന്നത്. അവനേക്കാളും ഒരു ക്ലാസിനു പുറകിലായിരുന്നു അവൾ. സ്കൂളിലേക്കുള്ള പോക്കും വരവും അവർ ഒരുമിച്ചായിരുന്നു. സ്കൂൾ വിട്ടു വന്നാലും അവധി ദിവസങ്ങളിലും കൂടുതൽ സമയവും അവർ കുളത്തിന്റെ പടവിലോ പരിസരത്തോ ഒരുമിച്ചുണ്ടാവും.
അവധി ദിവസമായ ഇന്ന് രാവിലെ കുറച്ചേറെ സമയം അവർ കുളത്തിന്റെ പടവിലിരുന്ന് പാമ്പും കോണിയും കളിച്ചതാണ്. അവളെ അമ്മ വിളിച്ചപ്പോൾ, ഇനി വൈകുന്നേരം എന്ന് പറഞ്ഞ് അവർ പിരിഞ്ഞതാണ്. ഇപ്പോൾ കുറച്ചേറെ നേരമായി അവൾ അവനെയും കാത്തിരിക്കുന്നു.
അവരുടെ സ്വന്തം നാട് ഇതല്ല. രണ്ട് പേരും അന്യ നാട്ടുകാരാണ്. അവരുടെ അച്ഛൻമാരുടെ ജോലി കാരണമാണ് അവർ ഇവിടെ വാടക വീടുകളിൽ താമസിക്കുന്നത്. അവന്റെ കുടുംബം ഇവിടെയെത്തിയിട്ട് അഞ്ച് വർഷവും അവളുടെ കുടുംബം എത്തിയിട്ട് മൂന്ന് വർഷവും കഴിഞ്ഞു.
അവരുടെ വീട്ടുകാർ അത്ര വലിയ സൗഹൃദത്തിലൊന്നുമല്ലായിരുന്നു. ഒരേ സംസ്ഥാനക്കാര്യം ഒരേ ഭാഷ സംസാരിക്കുന്നവരും ആണെന്ന ഒരു സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"എത്ര നേരായി രവീ..ഞാൻ നിന്നെ കാത്തിരിക്കുന്നു...ആദ്യം എനിക്കൊരു പൂ പറിച്ചുതാ...ഇതാ ഞാൻ കമ്പ് കൊണ്ടു വെച്ചിട്ടുണ്ട്.."
അവൻ വരാൻ വൈകിയതിൽ അൽപം പരിഭവമുണ്ടായിരുന്നിട്ടും അവനെ കണ്ടപ്പോൾ ഉൽസാഹത്തോടെ ചാടി എഴുന്നേറ്റ് അവൾ പറഞ്ഞു.
എന്നാൽ പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ അവൻ പടവിൽ ഇരിക്കുകയാണ് ചെയ്തത്.
അവൾ അവന്റെ മുഖം ശ്രദ്ധിച്ചു.
"എന്ത് പറ്റി രവി...? നിന്റ മുഖം വാടീറ്റുണ്ടല്ലോ.."
"അത്....അത്...നന്ദിനീ...നാളെ...നാളെ.. ഞങ്ങള് ഇവിടുന്ന് പോവുകാ... നാട്ടിലേക്ക്.. അച്ഛന് സ്ഥലം മാറി... "
അവന്റെ വാക്കുകൾക്ക് ഇടർച്ചയുണ്ടായിരുന്നു.
അവളുടെ മുഖവും വാടി. അവൾ അവന്റെയടുത്ത് വന്നിരുന്നു.
"രവീ... അച്ഛനോട് പറ ഇവിടെ തന്നെ മതി ജോലീന്ന്.... "
"അങ്ങനൊന്നും പറയാൻ കഴിയില്ല നന്ദിനീ... അച്ഛന്റെ കഷ്ടപ്പാടിന്റെയും ഒരുപാട് കാലത്തെ ശ്രമത്തിന്റെയും ഫലാത്രെ നാട്ടിലേക്ക് ജോലി ശരിയായത്.. അച്ഛനും അമ്മയുമൊക്കെ നല്ല സന്തോഷത്തിലാ നന്ദിനീ.... "
"അന്നേരം രവി പോയാ പിന്നെ എനിക്കാരാ താമരപ്പൂ പറിച്ച് തര്യാ.. ഞാനാരെ കൂടാ കളിക്ക്യാ...രവി പോണ്ട.. രവി പോണ്ട...രവീ ദേനോക്ക് എനിക്ക് വല്ലാതെ കരച്ചില് വരുന്നൂട്ടോ... എനിക്കാരുംണ്ടാവില്ല രവീ... "
അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ കവിളിലൂടെ ചാലിട്ടു. അവനും കരയുകയായിരുന്നു.എന്നിട്ടും അവൻ കൈകൊണ്ട് അവളുടെ കണ്ണീർ തുടച്ചു കൊണ്ട് സമാധാനിപ്പിക്കാൻ പറഞ്ഞു.
"കരയല്ല നന്ദിനീ... കരയല്ല... ഞാൻ വലിയ ആളായാ നിന്നെ കാണാൻ വരും... "
"അതിന് അന്നേരം ഞാൻ ഇവിടെണ്ടാവോ..?.. അച്ഛനും ജോലി നാട്ടിലേക്ക് കിട്ട്യാ..."
"എന്നാ ഞാൻ നാട്ടിലേക്ക് വരും.. "
"അതിന് എന്റെ നാട് രവിക്കറിയോ..?"
"ഞാൻ കണ്ടു പിടിക്കും... "
"എങ്ങിനെ..?"
"എങ്ങിനെങ്കിലും.. ഈ പെണ്ണിന് ഒന്നും അറീല്ല.. അപ്പോ ഞാൻ വല്ല്യ ആളായിരിക്കില്ലേ... നിന്റെ നാട് കണ്ടു പിടിക്കാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാവൂല..."
അവളുടെ മുഖത്ത് ചെറിയ ഒരു ചിരി വിടരുന്നുണ്ടായിരുന്നു.
"ഉറപ്പായിട്ടും... "
"എന്തിനാ സംശയം ഉറപ്പ്.. "
"എന്നാ എനിക്കൊരു പൂ പറിച്ചുതാ..."
"ഉം... " അവൻ എഴുന്നേറ്റ് കുളത്തിന്റെ പടവുകളിറങ്ങി.
സമയം സന്ധ്യയോടടുത്തിരുന്നു. അവളെ വീട്ടിൽ നിന്നും അമ്മ വിളിക്കുന്നുണ്ട്.
"നാളെ എപ്പോഴാ രവീ.. പോവ്യാ..."
"പുലർച്ചെ അഞ്ച് മണിക്കാത്രെ ട്രെയിൻ. ഇനി നന്ദിനിയെ കാണാൻ കഴിയില്ല..."
"രവീ...ഇനിയെനിക്ക് താമരപ്പൂ പറിച്ചു തരാൻ ആരും ഇല്ലാലോ...ഈ പൂവ് രവി വലിയ ആളായി എന്നെ കാണാൻ വരുന്നത് വരെ ഞാൻ സൂക്ഷിച്ച് വെക്കും.."
അവൾ കൈയ്യിലുള്ള പൂ കാട്ടിക്കൊണ്ട് പറഞ്ഞു. പിന്നീട് അവൾ അവളുടെ വീട്ടിലേക്കും അവൻ അവന്റെ വീട്ടിലേക്കും തീരെ ഉൽസാഹമില്ലാതെ നടന്നു.
വാൽക്കഷ്ണങ്ങൾ:
1:വർഷങ്ങൾക്കു മുമ്പ് ഒരു കാറപകടത്തിൽ ഒരച്ഛനും അമ്മയും മകനും മരണപ്പെട്ടിരുന്നു. മകൻ പതിമൂന്നു വയസ്സുകാരനായ രവീന്ദ്രൻ.
2: ഗ്രാമത്തിലെ ഒരു വീട്ടിൽ അവിവാഹിതയും നാൽപ്പത്തഞ്ച് വയസ്സുകാരിയുമായ ഒരധ്യാപിക
അവരുടെ മേശയിൽ, ഒരു ചെറിയ ഡപ്പിയിൽ ഇതളുകൾ കൊഴിഞ്ഞ് ഉണങ്ങിക്കരിഞ്ഞ്, പൊടിഞ്ഞു തുടങ്ങുന്ന ഒരു താമരപ്പൂ ഇന്നും നിധിപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
""""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot